സത്യാരാധകരുടെ ഒരു മഹാപുരുഷാരം—അവർ എവിടെനിന്നു വന്നിരിക്കുന്നു?
‘നോക്കൂ! സകല രാഷ്ട്രങ്ങളിലും ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും നിന്നുള്ളതായി . . . ഒരു മഹാപുരുഷാരം . . . സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നു.’—വെളിപാട് 7:9, NW.
1. വെളിപാടിലെ പ്രാവചനിക ദർശനങ്ങളിൽ നാം ഇന്ന് ഇത്ര തത്പരരായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവയുടെ ഉദ്ദേശ്യത്തോടുള്ള ബന്ധത്തിൽ മഹത്തായ സംഭവങ്ങൾ സംബന്ധിച്ച ദർശനങ്ങൾ പൊ.യു. (പൊതുയുഗം) ഒന്നാംനൂററാണ്ടിന്റെ അവസാനത്തോടെ അപ്പോസ്തലനായ യോഹന്നാൻ കാണുകയുണ്ടായി. അവൻ ദർശനത്തിൽ കണ്ട ചില കാര്യങ്ങൾ ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. മററുള്ളവ സമീപ ഭാവിയിൽ നിവൃത്തിയേറാനിരിക്കുന്നു. ഇവയെല്ലാം സകല സൃഷ്ടിക്കും മുമ്പാകെ തന്റെ നാമം വിശുദ്ധീകരിക്കാനുള്ള യഹോവയുടെ മഹത്തായ ഉദ്ദേശ്യത്തിനുചുററും കേന്ദ്രീകൃതമായിരിക്കുന്നു. (യെഹെസ്കേൽ 38:23; വെളിപ്പാടു 4:11; 5:13) കൂടാതെ, നമ്മുടെ ഓരോരുത്തരുടെയും ജീവന്റെ പ്രത്യാശയും അവയിൽ ഉൾപ്പെട്ടിരിക്കുന്നു. അതെങ്ങനെ?
2. (എ) അപ്പോസ്തലനായ യോഹന്നാൻ തന്റെ നാലാമത്തെ ദർശനത്തിൽ കണ്ടത് എന്ത്? (ബി) ഈ ദർശനത്തെപ്പററിയുള്ള ഏതു ചോദ്യങ്ങളാണു നാം പരിചിന്തിക്കാൻ പോകുന്നത്?
2 വെളിപാടിലെ ദർശനങ്ങളുടെ പരമ്പരയിൽ നാലാമത്തേതിൽ, “നമ്മുടെ ദൈവത്തിന്റെ ദാസൻമാ”രുടെ നെററിയിൽ മുദ്രയിട്ടു കഴിയുന്നതുവരെ നാശത്തിന്റെ കാററുകൾ ദൂതൻമാർ പിടിച്ചുവച്ചിരിക്കുന്നതായി യോഹന്നാൻ ദർശനത്തിൽ കണ്ടു. അതിനുശേഷം അവൻ അത്യന്തം ആവേശഭരിതമായ ഒരു സംഭവവികാസം കാണാനിടയായി—യഹോവയുടെ സത്യാരാധനയിൽ ഏകീകൃതരും അവന്റെ പുത്രനെ ആദരിക്കുന്നവരുമായി “സകല രാഷ്ട്രങ്ങളിലും ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ഒരു മനുഷ്യനും എണ്ണാൻ കഴിയാത്ത ഒരു മഹാപുരുഷാരം.” ഇവർ മഹോപദ്രവത്തെ അതിജീവിക്കുന്നവരാണെന്നു യോഹന്നാനോടു പറയുകയുണ്ടായി. (വെളിപാട് 7:1-17, NW) ‘നമ്മുടെ ദൈവത്തിന്റെ ദാസൻമാർ’ എന്നു വിശേഷിപ്പിച്ചിരിക്കുന്നവർ ആരാണ്? മഹോപദ്രവത്തെ അതിജീവിക്കുന്ന “മഹാപുരുഷാര”ത്തിൽ ആരെല്ലാം ഉൾപ്പെടും? നിങ്ങൾ അവരിൽ ഒരാളായിരിക്കുമോ?
‘നമ്മുടെ ദൈവത്തിന്റെ ദാസൻമാർ’ ആർ?
3. (എ) യോഹന്നാൻ 10:1-18-ൽ യേശു ശിഷ്യൻമാരുമായി തനിക്കുള്ള ബന്ധം എങ്ങനെയാണു ദൃഷ്ടാന്തീകരിച്ചിരിക്കുന്നത്? (ബി) തന്റെ ബലിമരണത്തിലൂടെ യേശു തന്റെ ചെമ്മരിയാടുകൾക്ക് എന്താണു ലഭ്യമാക്കിത്തീർത്തത്?
3 തന്റെ മരണത്തിനു നാലുമാസം മുമ്പ് യേശു തന്നെക്കുറിച്ചു “നല്ല ഇടയൻ” എന്നും തന്റെ ജീവൻ അർപ്പിക്കപ്പെടുന്ന അനുഗാമികളെ “ആടുകൾ” എന്നും പരാമർശിച്ചു. താൻ ഒരു ആലങ്കാരിക ആട്ടിൻതൊഴുത്തിൽ കണ്ടെത്തുന്ന, പ്രത്യേകം പരിരക്ഷണം നൽകുന്ന ആടുകളെക്കുറിച്ച് അവൻ പ്രത്യേകം സൂചിപ്പിച്ചു. (യോഹന്നാൻ 10:1-18)a സ്നേഹപുരസ്സരം യേശു തന്റെ ആടുകൾക്കുവേണ്ടി അവരെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കുന്നതിനാവശ്യമായ മറുവിലയായി തന്റെ ജീവൻ വെച്ചുകൊടുത്തു.
4. യേശു ഇവിടെ പറഞ്ഞതിനോടുള്ള ചേർച്ചയിൽ ആടുകളായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടവർ ആരെല്ലാമാണ്?
4 എന്നിരുന്നാലും, അതു ചെയ്യുന്നതിനു മുമ്പ് നല്ല ഇടയൻ എന്നനിലയിൽ യേശു വ്യക്തിപരമായി ശിഷ്യൻമാരെ കൂട്ടിച്ചേർത്തു. ആദ്യത്തെ ആടുകളെ അവനു പരിചയപ്പെടുത്തിക്കൊടുത്തതു യേശുവിന്റെ ദൃഷ്ടാന്തത്തിലെ “വാതിൽകാവൽക്കാര”നായിരുന്ന സ്നാപക യോഹന്നാൻ ആയിരുന്നു. യേശു, ‘അബ്രഹാമിന്റെ’ സംയുക്ത ‘സന്തതി’യുടെ ഭാഗമായിരിക്കുന്നതിനുള്ള അവസരത്തോടു പ്രതികരിക്കുന്നവരെ തിരയുകയായിരുന്നു. (ഉല്പത്തി 22:18; ഗലാത്യർ 3:16, 29) അവൻ അവരുടെ ഹൃദയങ്ങളിൽ സ്വർഗീയ രാജ്യത്തെപ്രതിയുള്ള വിലമതിപ്പു നട്ടുവളർത്തി, തന്റെ സ്വർഗീയ പിതാവിന്റെ ഭവനത്തിൽ അവർക്കുവേണ്ടി സ്ഥലം ഒരുക്കുവാൻ പോകുന്നുവെന്ന് അവൻ അവർക്ക് ഉറപ്പും നൽകി. (മത്തായി 13:44-46; യോഹന്നാൻ 14:2, 3) യഥോചിതമായി അവൻ ഇപ്രകാരം പറഞ്ഞു: “യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നു; ബലാല്ക്കാരികൾ അതിനെ പിടിച്ചടക്കുന്നു.” (മത്തായി 11:12) ആ ലക്ഷ്യം നേടിയെടുക്കാൻ അവനെ പിന്തുടർന്നവർ യേശു പറഞ്ഞ ആട്ടിൻതൊഴുത്തിലുള്ളവരാണെന്നു തെളിഞ്ഞു.
5. (എ) വെളിപ്പാടു 7:3-8-ൽ പരാമർശിച്ചിരിക്കുന്ന ‘നമ്മുടെ ദൈവത്തിന്റെ ദാസൻമാർ’ ആർ? (ബി) ആത്മീയ ഇസ്രായേല്യരോടൊപ്പം ആരാധനയിൽ അനേകർ വന്നുചേരുമെന്നു സൂചിപ്പിക്കുന്നതെന്ത്?
5 ആ സ്വർഗീയ ലക്ഷ്യം എത്തിപ്പിടിക്കാൻ വിജയപ്രദരായി മുന്നേറുന്നവരെ വെളിപാട് 7:3-8-ൽ ‘നമ്മുടെ ദൈവത്തിന്റെ ദാസൻമാർ’ എന്നു പരാമർശിച്ചിരിക്കുന്നു. (കാണുക: 1 പത്രൊസ് 2:9, 16) അവിടെ സൂചിപ്പിച്ചിരിക്കുന്ന 1,44,000 പേർ സ്വാഭാവിക യഹൂദൻമാർ മാത്രമാണോ? യേശുവിന്റെ ദൃഷ്ടാന്തത്തിലെ ആലങ്കാരിക ആട്ടിൻതൊഴുത്തിൽപ്പെട്ടവർ യഹൂദൻമാർ മാത്രമാണോ? തീർച്ചയായും അല്ല; അവർ ദൈവത്തിന്റെ ആത്മീയ ഇസ്രായേലിൽപ്പെട്ട അംഗങ്ങളാണ്, അവരെല്ലാം അബ്രഹാമിന്റെ ആത്മീയ സന്തതികളായി ക്രിസ്തുവിനോടൊപ്പം സഹവസിക്കുന്നു. (ഗലാത്യർ 3:28, 29; 6:16; വെളിപ്പാടു 14:1, 3) നിശ്ചിത സംഖ്യ തികയുന്ന സമയം തീർച്ചയായും വന്നെത്തും. അപ്പോൾ എന്തു സംഭവിക്കും? ബൈബിൾ മുൻകൂട്ടിപ്പറഞ്ഞപ്രകാരം—ഒരു മഹാപുരുഷാരം—യഹോവയെ ആരാധിക്കുന്നതിൽ ഈ ആത്മീയ ഇസ്രായേല്യരോടു ചേരും.—സെഖര്യാവു 8:23.
“വേറെ ആടുകൾ”—അവർ വിജാതീയ ക്രിസ്ത്യാനികളോ?
6. ഏതു സംഭവവികാസത്തിലേക്കാണു യോഹന്നാൻ 10:16 വിരൽചൂണ്ടുന്നത്?
6 യോഹന്നാൻ 10:7-15-ൽ ഒരു വിഭാഗത്തെക്കുറിച്ചു സൂചിപ്പിച്ചശേഷം യേശു ഇപ്രകാരം പറഞ്ഞുകൊണ്ടു മറെറാരു വിഭാഗത്തെ രംഗത്തേക്ക് ആനയിച്ചു: “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.” (യോഹന്നാൻ 10:16) ആ “വേറെ ആടുകൾ” ആരാണ്?
7, 8. (എ) വേറെ ആടുകൾ വിജാതീയ ക്രിസ്ത്യാനികളാണെന്ന ആശയം തെററായ അനുമാനത്തിൽ അധിഷ്ഠിതമായിരിക്കുന്നതിനു കാരണമെന്ത്? (ബി) വേറെ ആടുകൾ ആരാണെന്ന നമ്മുടെ ഗ്രാഹ്യത്തിന് ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം സംബന്ധിച്ച ഏതു വസ്തുതകളുമായി ബന്ധമുണ്ടായിരിക്കണം?
7 ഈ വേറെ ആടുകൾ വിജാതീയ ക്രിസ്ത്യാനികൾ ആണെന്നും ആട്ടിൻതൊഴുത്തിൽപ്പെട്ടതായി നേരത്തെ പരാമർശിച്ചവർ ന്യായപ്രമാണത്തിൻ കീഴിലുണ്ടായിരുന്ന യഹൂദൻമാർ ആണെന്നും ഈ രണ്ടുവിഭാഗവും സ്വർഗത്തിലേക്കു പോകുന്നുവെന്നുമാണ് ക്രൈസ്തവലോകത്തിലെ വ്യാഖ്യാതാക്കളുടെ പൊതുവേയുള്ള വീക്ഷണം. യേശു ഒരു യഹൂദനായി പിറന്നതുമൂലം ജൻമനാ ന്യായപ്രമാണ ഉടമ്പടിയുടെ അധീനതയിലായിരുന്നു. (ഗലാത്യർ 4:4) കൂടാതെ, സ്വർഗീയ ജീവൻ പ്രതിഫലമായി ലഭിക്കുന്ന വിജാതീയ ക്രിസ്ത്യാനികളെന്ന നിലയിൽ വേറെ ആടുകളെ വീക്ഷിക്കുന്നവർ ദൈവത്തിന്റെ ഒരു പ്രധാന ഉദ്ദേശ്യത്തെപ്പററി പരിചിന്തിക്കുന്നതിൽ പരാജയമടയുകയാണ്. യഹോവ ആദ്യ മനുഷ്യരെ സൃഷ്ടിച്ച് അവരെ ഏദെൻ തോട്ടത്തിൽ ആക്കിയപ്പോൾ അവൻ തന്റെ ഉദ്ദേശ്യം സ്പഷ്ടമാക്കി. അത് ഭൂമി അധിവസിക്കപ്പെടണമെന്നും അതു മുഴുവൻ ഒരു പറുദീസയായിത്തീരണമെന്നും അതിലെ മനുഷ്യ സംരക്ഷകർ എന്നെന്നേക്കും ജീവിതം ആസ്വദിക്കണമെന്നും ആയിരുന്നു—അവർ തങ്ങളുടെ സ്രഷ്ടാവിനെ ആദരിക്കയും അനുസരിക്കയും ചെയ്യുക എന്ന വ്യവസ്ഥയിൽ.—ഉല്പത്തി 1:26-28; 2:15-17; യെശയ്യാവു 45:18.
8 ആദാം പാപം ചെയ്തപ്പോൾ യഹോവയുടെ ഉദ്ദേശ്യം താറുമാറായില്ല. ആദാം വിലമതിക്കാൻ പരാജയപ്പെട്ടത് ആദാമിന്റെ സന്തതികൾ ആസ്വദിക്കേണ്ടതിന് യഹോവ സ്നേഹപുരസ്സരം ക്രമീകരണം ചെയ്തു. സകല ജനതകൾക്കും അനുഗ്രഹങ്ങൾ ലഭ്യമാക്കിത്തീർക്കുന്ന ഒരു രക്ഷകനെ, ഒരു സന്തതിയെ താൻ ഉയർത്തുമെന്നു യഹോവ മുൻകൂട്ടിപ്പറഞ്ഞു. (ഉല്പത്തി 3:15; 22:18) ഭൂമിയിലെ എല്ലാ നല്ലയാളുകളും സ്വർഗത്തിലേക്ക് എടുക്കപ്പെടുമെന്ന് ആ വാഗ്ദത്തം അർഥമാക്കിയില്ല. യേശു തന്റെ അനുഗാമികളെ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥിക്കാൻ പഠിപ്പിച്ചു. (മത്തായി 6:9, 10) ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിനുമാത്രമാണു തന്റെ പിതാവ് സ്വർഗീയ രാജ്യം നൽകാൻ അനുമതി നൽകിയിരിക്കുന്നത് എന്ന് തന്റെ ശിഷ്യൻമാരോടു പറഞ്ഞ് അധികം താമസിയാതെയാണു യേശു യോഹന്നാൻ 10:1-16-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൃഷ്ടാന്തം നൽകിയത്. (ലൂക്കൊസ് 12:32, 33) അതുകൊണ്ട് തന്റെ ആടുകൾക്കുവേണ്ടി ജീവൻ വെച്ചുകൊടുക്കുന്ന നല്ല ഇടയനായി തന്നെക്കുറിച്ചുതന്നെ ചിത്രീകരിക്കുന്ന യേശുവിന്റെ ദൃഷ്ടാന്തം നാം വായിക്കുമ്പോൾ യേശു തന്റെ സ്നേഹപുരസ്സരമായ സംരക്ഷണയിൽ കൊണ്ടുവരുന്ന, തന്റെ സ്വർഗീയ രാജ്യത്തിന്റെ ഭൗമിക പ്രജകളായിത്തീരുന്ന, ഭൂരിപക്ഷത്തെ ഒഴിവാക്കുന്നത് ഒരു പിശകായിരിക്കും.—യോഹന്നാൻ 3:16.
9. വേറെ ആടുകൾ ആരാണെന്നാണ് 1884-ൽ ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കിയിരുന്നത്?
9 ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിവർത്തിക്കുന്ന ചുററുപാടിൽ ഭൂമിയിൽ ജീവിക്കാൻ അവസരം നൽകപ്പെടുന്നവരാണു വേറെ ആടുകൾ എന്ന് 1884-ൽത്തന്നേ വീക്ഷാഗോപുരം തിരിച്ചറിയിച്ചു. യേശുവിന്റെ ഭൗമിക ശുശ്രൂഷക്കുമുമ്പു ജീവിച്ച് മരിച്ചുപോയ ചിലർ ഈ വേറെ ആടുകളിൽപ്പെട്ടവരാണെന്ന് ആ ആദിമ ബൈബിൾ വിദ്യാർഥികൾ തിരിച്ചറിഞ്ഞു. എന്നിരുന്നാലും, അവർ കൃത്യമായി തിരിച്ചറിയാഞ്ഞ ചില വിവരങ്ങളും ഉണ്ടായിരുന്നു; ദൃഷ്ടാന്തത്തിന്, വേറെ ആടുകളുടെ കൂട്ടിച്ചേർപ്പ് എല്ലാ അഭിഷിക്തരും തങ്ങളുടെ സ്വർഗീയ പ്രതിഫലം നേടിയശേഷമാണെന്ന് അവർ ധരിച്ചിരുന്നു. എങ്കിലും, വേറെ ആടുകൾ വിജാതീയ ക്രിസ്ത്യാനികൾ മാത്രമല്ല എന്ന് അവർ തീർച്ചയായും തിരിച്ചറിയുകതന്നെ ചെയ്തു. വേറെ ആടുകളിൽപ്പെട്ടവരായിത്തീരുന്നതിനുള്ള അവസരം യഹൂദൻമാർക്കും വിജാതീയർക്കും, സകല ജാതിയിലും വംശത്തിലുംപെട്ട ആളുകൾക്കുമായി തുറന്നിരിക്കുന്നു.—താരതമ്യം ചെയ്യുക: പ്രവൃത്തികൾ 10:34, 35.
10. നാം, യേശു തന്റെ വേറെ ആടുകളായി യഥാർഥത്തിൽ വീക്ഷിക്കുന്നവർ ആയിത്തീരേണ്ടതിന് നമ്മെ സംബന്ധിച്ചിടത്തോളം എന്തു ശരിയായിരിക്കണം?
10 യേശു നൽകിയ വിവരണത്തോട് ഒത്തുവരുന്നതിന് വേറെ ആടുകൾ വംശമോ വർഗമോ ഗണ്യമാക്കാതെ യേശുക്രിസ്തുവിനെ നല്ല ഇടയനായി അംഗീകരിക്കുന്നവർ ആയിരിക്കണം. അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? അവർ ആടുകളുടെ സ്വഭാവവിശേഷമായ സൗമ്യതയും നയിക്കപ്പെടുന്നതിനുള്ള മനസ്സൊരുക്കവുമെന്ന ഗുണങ്ങൾ പ്രകടിപ്പിക്കണം. (സങ്കീർത്തനം 37:11) ചെറിയ ആട്ടിൻകൂട്ടത്തിന്റെ കാര്യത്തിലെന്നപോലെ അവർ ‘[നല്ല ഇടയന്റെ] ശബ്ദം അറി’യുകയും അവരെ സ്വാധീനിച്ചേക്കാൻ അവസരം തേടുന്നവരാൽ നയിക്കപ്പെടാൻ തങ്ങളെത്തന്നെ അനുവദിക്കാതിരിക്കുകയും വേണം. (യോഹന്നാൻ 10:4; 2 യോഹന്നാൻ 9, 10) തന്റെ ആടുകൾക്കുവേണ്ടി ജീവൻ വെച്ചുകൊടുക്കുകവഴി യേശു ചെയ്തതിന്റെ പ്രാധാന്യത്തെ വിലമതിക്കുകയും ആ കരുതലിൽ പൂർണ വിശ്വാസം പ്രകടമാക്കുകയും വേണം. (പ്രവൃത്തികൾ 4:12) യഹോവക്കു മാത്രം വിശുദ്ധ സേവനം അർപ്പിക്കാനും മുമ്പേ ദൈവരാജ്യം അന്വേഷിച്ചുകൊണ്ടിരിക്കാനും ലോകത്തിൽനിന്നു വേറിട്ടുനിൽക്കാനും പരസ്പരം നിസ്വാർഥ സ്നേഹം കാണിക്കാനും നല്ല ഇടയൻ അവരെ ഉദ്ബോധിപ്പിക്കുമ്പോൾ അവർ അവന്റെ ശബ്ദം ‘കേൾക്കണം.’ (മത്തായി 4:10; 6:31-33; യോഹന്നാൻ 15:12, 13, 19) തന്റെ വേറെ ആടുകൾ എന്നു യേശു വീക്ഷിക്കുന്നവരെക്കുറിച്ചു നൽകിയിരിക്കുന്ന വർണനയുമായി നിങ്ങൾ അനുരൂപപ്പെടുന്നുവോ? നിങ്ങൾ അതിനാഗ്രഹിക്കുന്നുവോ? യഥാർഥത്തിൽ യേശുവിന്റെ വേറെ ആടുകളായിത്തീരുന്നവർക്ക് എന്തോരു വിലയേറിയ ബന്ധമാണു ലഭ്യമായിത്തീരുന്നത്!
രാജ്യ അധികാരത്തോട് ആദരവ്
11. (എ) തന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അടയാളത്തിൽ ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച് യേശു എന്തു പറഞ്ഞു? (ബി) യേശു പരാമർശിക്കുന്ന സഹോദരൻമാർ ആർ?
11 മുകളിൽ സൂചിപ്പിച്ച ദൃഷ്ടാന്തം നൽകി ഏതാനും മാസം കഴിഞ്ഞ് യേശു വീണ്ടും യെരുശലേമിലെത്തി. ആലയപ്രദേശം നിരീക്ഷിച്ചുകൊണ്ട് ഒലിവു മലയിലിരിക്കുമ്പോൾ അവൻ തന്റെ ശിഷ്യൻമാർക്ക് ‘അവന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാള’ത്തെപ്പററിയുള്ള വിശദീകരണം നൽകുകയുണ്ടായി. (മത്തായി 24:3, NW) ആടുകളെ കൂട്ടിച്ചേർക്കുന്നതിനെപ്പററി അവൻ വീണ്ടും സംസാരിച്ചു. മററു സംഗതികളോടൊപ്പം അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതൻമാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.” രാജാവിനാൽ ശ്രദ്ധിക്കപ്പെടുന്നവർ തന്റെ “സഹോദരൻമാ”രോട് എങ്ങനെ പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിൽ അവർ ന്യായം വിധിക്കപ്പെടുമെന്ന് യേശു ഈ ദൃഷ്ടാന്തത്തിൽ കാണിച്ചു. (മത്തായി 25:31-46) ആരാണ് ഈ സഹോദരൻമാർ? അവർ ആത്മാവിനാൽ ജനിപ്പിക്കപ്പെട്ട ‘ദൈവ പുത്രൻമാർ’ ആണ്. യേശു ദൈവത്തിന്റെ ആദ്യജാതനാണ്. തൻമൂലം, അവർ ക്രിസ്തുവിന്റെ സഹോദരൻമാരാണ്. അവർ വെളിപാട് 7:3-ൽ സൂചിപ്പിച്ചിരിക്കുന്ന ‘നമ്മുടെ ദൈവത്തിന്റെ ദാസൻമാർ’ ആണ്, ക്രിസ്തുവിനോടൊപ്പം അവന്റെ സ്വർഗീയ രാജ്യത്തിൽ പങ്കുപററുന്നതിനുവേണ്ടി മനുഷ്യവർഗത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവർ തന്നെ.—റോമർ 8:14-17.
12. ക്രിസ്തുവിന്റെ സഹോദരൻമാരുമായി ആളുകൾ ഇടപെടുന്ന വിധം സുപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 ഈ രാജ്യ അവകാശികളോടു മററുള്ളവർ ഇടപെടുന്ന വിധം ജീവത്പ്രധാനമാണ്. യേശുക്രിസ്തുവും യഹോവയും വീക്ഷിക്കുന്നപോലെ നിങ്ങൾ അവരെ വീക്ഷിക്കുന്നുവോ? (മത്തായി 24:45-47; 2 തെസ്സലൊനീക്യർ 2:13) അഭിഷിക്തരായ ഇവർക്കു നേരെയുള്ള ഒരു വ്യക്തിയുടെ മനോഭാവം അയാൾക്കു യേശുക്രിസ്തുവിനോടും സാർവത്രിക പരമാധികാരിയായ അവന്റെ പിതാവിനോടുമുള്ള മനോഭാവത്തെ പ്രകടമാക്കുന്നു.—മത്തായി 10:40; 25:34-46.
13. ചെമ്മരിയാടുകളെയും കോലാടുകളെയുംകുറിച്ചുള്ള ദൃഷ്ടാന്തം 1884-ൽ ബൈബിൾ വിദ്യാർഥികൾ എത്രത്തോളം മനസ്സിലാക്കിയിരുന്നു?
13 ഈ ദൃഷ്ടാന്തത്തിലെ “ആടുകൾ” ഭൂമിയിൽ പൂർണതയുള്ള ജീവിതം ആസ്വദിക്കുന്നതിനുള്ള പ്രത്യാശയുള്ളവരാണെന്ന് 1884 ആഗസ്ററിലെ വീക്ഷാഗോപുരം കൃത്യമായി സൂചിപ്പിച്ചു. ക്രിസ്തു തന്റെ മഹത്ത്വമുള്ള സ്വർഗീയ സിംഹാസനത്തിലിരുന്നു വാഴ്ച നടത്തുന്ന സമയത്ത് ഈ ദൃഷ്ടാന്തം ബാധകമാക്കപ്പെടണമെന്നും മനസ്സിലാക്കിയിരുന്നു. എങ്കിലും, അവിടെ വിവരിച്ചിരിക്കുന്ന വേർതിരിക്കൽ വേല അവൻ എന്നാണു തുടങ്ങുന്നതെന്നും അതിനുവേണ്ടി എത്ര സമയം എടുക്കുമെന്നും അവർ വ്യക്തമായി ഗ്രഹിച്ചിരുന്നില്ല.
14. യേശുവിന്റെ പ്രാവചനിക ദൃഷ്ടാന്തം നിവൃത്തിയാകാൻ പോകുന്നതെന്നാണെന്നതു സംബന്ധിച്ചു മനസ്സിലാക്കാൻ 1923-ലെ കൺവെൻഷൻ ബൈബിൾ വിദ്യാർഥികളെ സഹായിച്ചതെങ്ങനെ?
14 എന്നിരുന്നാലും 1923-ൽ ഒരു കൺവെൻഷൻ പ്രസംഗത്തിൽ വാച്ച് ടവർ സൊസൈററിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജെ. എഫ്. റതർഫോർഡ് ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ദൃഷ്ടാന്തം നിവർത്തിക്കുന്ന സമയം വ്യക്തമാക്കി. എന്തുകൊണ്ട്? ഒരു കാരണം, രാജാവിന്റെ സഹോദരൻമാർ—അവരിൽ കുറച്ചുപേരെങ്കിലും—ഭൂമിയിൽ ഉണ്ടായിരിക്കുമെന്നു ദൃഷ്ടാന്തം കാണിക്കുന്നു എന്നതുതന്നെ. മനുഷ്യരുടെ ഇടയിൽ ആത്മാവിനാൽ ജനിപ്പിക്കപ്പെട്ടവരെ മാത്രമേ അവന്റെ സഹോദരൻമാർ എന്നു വിളിക്കാനാവൂ. (എബ്രായർ 2:10-12) യേശു വിവരിച്ചപ്രകാരം അവർക്കു നൻമ ചെയ്യാൻ ആളുകൾക്ക് അവസരം പ്രദാനം ചെയ്തുകൊണ്ട് അവർ സഹസ്രാബ്ദവാഴ്ചക്കാലംമുഴുവൻ ഭൂമിയിൽ ഉണ്ടായിരിക്കയില്ല.—വെളിപ്പാടു 20:6.
15. (എ) യേശുവിന്റെ ദൃഷ്ടാന്തത്തിലെ ചെമ്മരിയാടുകളെ കൃത്യമായി തിരിച്ചറിയാൻ ഏതു സംഭവവികാസങ്ങൾ ബൈബിൾ വിദ്യാർഥികൾക്കു സഹായമേകി? (ബി) ചെമ്മരിയാടുകൾ രാജ്യത്തിനുവേണ്ടിയുള്ള വിലമതിപ്പിനു തെളിവു നൽകിയതെങ്ങനെ?
15 1923-ലെ ആ പ്രസംഗത്തിൽ കർത്താവിന്റെ വിവരണത്തിലുള്ള ചെമ്മരിയാടുകളെയും കോലാടുകളെയും തിരിച്ചറിയിക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നു. എങ്കിലും ദൃഷ്ടാന്തത്തിലെ മുഴു അർഥവും വ്യക്തമാകുന്നതിനുമുമ്പു മററു കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരുന്നു. പിന്നത്തെ വർഷങ്ങളിൽ യഹോവ ഈ സുപ്രധാന വിശദാംശങ്ങൾ ക്രമാനുഗതമായി തന്റെ ദാസൻമാരുടെ ശ്രദ്ധയിൽ കൊണ്ടുവരുകയുണ്ടായി. “വിശ്വസ്തനും വിവേകിയുമായ അടിമ” ആത്മാവിനാൽ ജനിപ്പിക്കപ്പെട്ട ഭൂമിയിലുള്ള ക്രിസ്ത്യാനികളുടെ മുഴു സംഘവുമാണ് എന്ന 1927-ലെ വ്യക്തമായ ഗ്രാഹ്യം ഇതിൽ ഉൾപ്പെടുന്നതാണ്; കൂടാതെ, 1932-ൽ, യേഹൂവിനോടൊപ്പം യോനാദാബ് എന്ന മാതിരി, യഹോവയുടെ അഭിഷിക്ത ദാസൻമാരോടൊപ്പം ഒരുവൻ നിർഭയം അടുത്തു സഹവസിക്കേണ്ടതിന്റെ ആവശ്യവും മനസ്സിലാക്കി. (മത്തായി 24:45, NW; 2 രാജാക്കൻമാർ 10:15) അക്കാലത്ത് വെളിപ്പാടു 22:17-ന്റെ അടിസ്ഥാനത്തിൽ രാജ്യസന്ദേശം മററുള്ളവർക്ക് എത്തിച്ചുകൊടുക്കുന്നതിൽ പങ്കുചേരേണ്ടതിനു ചെമ്മരിയാടുതുല്യരായ ഇവർ പ്രത്യേകിച്ചും പ്രോത്സാഹിപ്പിക്കപ്പെടുകയുണ്ടായി. മിശിഹായുടെ രാജ്യത്തോടുള്ള അവരുടെ വിലമതിപ്പ് കർത്താവിന്റെ അഭിഷിക്തരോടു മനുഷ്യത്വപരമായ ദയ കാണിക്കുന്നതിനു മാത്രമല്ല തങ്ങളുടെ ജീവൻ ക്രിസ്തു മുഖാന്തരം യഹോവക്കു സമർപ്പിക്കുന്നതിനും അവന്റെ അഭിഷിക്തർ ചെയ്യുന്ന വേലയിൽ പങ്കുപററിക്കൊണ്ട് അവരുമായി അടുത്തു സഹവസിക്കുന്നതിനും അവരെ പ്രേരിപ്പിക്കും. നിങ്ങൾ അതു ചെയ്യുന്നുണ്ടോ? അപ്രകാരം ചെയ്യുന്നവരോടു രാജാവ് അരുളിച്ചെയ്യും: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.” രാജ്യത്തിന്റെ ഭൗമിക മണ്ഡലത്തിൽ പൂർണതയിൽ നിത്യജീവൻ ആസ്വദിക്കുന്നതിനുള്ള പ്രത്യാശ അവർക്കു മുന്നിൽ ഉണ്ടായിരിക്കും.—മത്തായി 25:34, 46.
“മഹാപുരുഷാരം”—അവർ എവിടേക്കു പോകുന്നു?
16. (എ) വെളിപാട് 7:9-ൽ കൊടുത്തിരിക്കുന്ന മഹാസംഘത്തെ അഥവാ മഹാപുരുഷാരത്തെക്കുറിച്ച് ആദിമ ബൈബിൾ വിദ്യാർഥികൾക്കുണ്ടായ തെററിദ്ധാരണകൾ ഏവ? (ബി) അവരുടെ വീക്ഷണം എപ്പോൾ, എന്തിന്റെ അടിസ്ഥാനത്തിലാണ് തിരുത്തപ്പെട്ടത്?
16 വെളിപാട് 7:9, 10-ലെ മഹാസംഘം (അഥവാ മഹാപുരുഷാരം), യോഹന്നാൻ 10:16-ലെ വേറെ ആടുകളിൽനിന്നും മത്തായി 25:33-ലെ ചെമ്മരിയാടുകളിൽനിന്നും വ്യത്യസ്തരാണെന്നു യഹോവയുടെ ദാസൻമാർ കുറേ കാലത്തേക്കു ധരിച്ചിരുന്നു. അവർ ‘സിംഹാസനത്തിനു മുമ്പാകെ നിൽക്കുന്നു’ എന്നു ബൈബിൾ പറയുന്നതുകൊണ്ട് അവർ ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ സഹ അവകാശികളായി സിംഹാസനത്തിലിരിക്കുകയില്ല മറിച്ച്, സിംഹാസനത്തിനു മുന്നിൽ രണ്ടാമതൊരു സ്ഥാനത്തായിരിക്കും എന്നു ധരിച്ചിരുന്നു. കുറഞ്ഞ വിശ്വസ്തതയുള്ള, യഥാർഥ ആത്മത്യാഗത്തിന്റെ ആത്മാവു പ്രകടമാക്കാഞ്ഞ, ക്രിസ്ത്യാനികളായി അവർ വീക്ഷിക്കപ്പെട്ടു. 1935-ൽ ആ വീക്ഷണം തിരുത്തപ്പെട്ടു.b മത്തായി 25:31, 32 പോലുള്ള വാക്യങ്ങളുടെ വെളിച്ചത്തിൽ നടത്തിയ വെളിപാട് 7:9-ന്റെ പരിശോധന ഇവിടെ ഭൂമിയിൽ ആയിരിക്കുന്ന ജനങ്ങൾക്കും ‘സിംഹാസനത്തിനു മുമ്പാകെ’ നിൽക്കാൻ കഴിയുമെന്നു വ്യക്തമാക്കി. കൂടാതെ, ദൈവത്തിനു വിശ്വസ്തത സംബന്ധിച്ചു രണ്ടു പ്രമാണങ്ങളില്ല എന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. അവന്റെ അംഗീകാരം ലഭിക്കുന്ന സകലരും അവനോടുള്ള നിർമലത കാത്തുകൊള്ളണം.—മത്തായി 22:37, 38; ലൂക്കൊസ് 16:10.
17, 18. (എ) ഭൂമിയിൽ നിത്യജീവനായി നോക്കിപ്പാർത്തിരിക്കുന്നവരുടെ സംഖ്യയിൽ 1935 മുതലുണ്ടായ വലിയ വർധനവിനു കാരണമെന്ത്? (ബി) ഏതു ജീവത്പ്രധാന വേലയിലാണു മഹാപുരുഷാരത്തിൽപ്പെട്ടവർ തീക്ഷ്ണതയോടെ പങ്കെടുക്കുന്നത്?
17 അനേക വർഷങ്ങളോളം യഹോവയുടെ ജനം ഭൂമിയെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. 1920-ൽ നടക്കാൻ പ്രതീക്ഷിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല” എന്ന് അവർ പ്രഖ്യാപിച്ചു. എന്നാൽ ജീവനുവേണ്ടി ദൈവത്തിന്റെ കരുതൽ സ്വീകരിച്ച ലക്ഷക്കണക്കിനാളുകൾ അന്നില്ലായിരുന്നു. സത്യം സ്വീകരിച്ച ഭൂരിപക്ഷംപേരിലും പരിശുദ്ധാത്മാവ് സ്വർഗീയ ജീവന്റെ പ്രത്യാശ ഉളവാക്കി. എന്നിരുന്നാലും, പ്രത്യേകിച്ചും 1935-നുശേഷം ശ്രദ്ധേയമായ ഒരു മാററം സംഭവിച്ചു. ഭൂമിയിലുള്ള നിത്യജീവന്റെ പ്രത്യാശ വീക്ഷാഗോപുരം അവഗണിച്ചു എന്നല്ല. ദശകങ്ങളോളം യഹോവയുടെ ദാസൻമാർ ഇതേപ്പററി സംസാരിക്കുകയും ബൈബിളിന്റെ വിവരണവുമായി ഒത്തുവരുന്നവരെ തിരഞ്ഞുകൊണ്ടിരിക്കയുമായിരുന്നു. എന്നാൽ യഹോവയുടെ തക്കസമയത്ത് അവൻ കാര്യാദികളെ നയിക്കുകയും ഇവർ സ്വയം വെളിപ്പെടുത്താൻ ഇടയാക്കുകയും ചെയ്തു.
18 സ്മാരകത്തിൽ ഹാജരായവരിൽ മിക്കവരും അനേകവർഷക്കാലം ചിഹ്നങ്ങളിൽ പങ്കുപററിയിരുന്നുവെന്നാണു ലഭ്യമായ രേഖകൾ പ്രകടമാക്കുന്നത്. എന്നാൽ 1935-നുശേഷം 25 വർഷത്തിനുള്ളിൽ ക്രിസ്തുവിന്റെ മരണത്തിന്റെ വാർഷിക സ്മാരകത്തിൽ ഹാജരായവർ പങ്കുപററിയവരെക്കാൾ നൂറിരട്ടിയായി കുതിച്ചുയർന്നു. മററുള്ള ഇവർ ആരായിരുന്നു? മഹാപുരുഷാരത്തിലെ ഭാവി അംഗങ്ങൾ. അവരെ കൂട്ടിച്ചേർക്കുന്നതിനും തൊട്ടുമുന്നിലുള്ള മഹോപദ്രവത്തെ അതിജീവിക്കുന്നതിന് അവരെ ഒരുക്കുന്നതിനുമുള്ള യഹോവയുടെ സമയം സ്പഷ്ടമായും സമാഗതമായി. മുൻകൂട്ടിപ്പറഞ്ഞപ്രകാരം അവർ “സകല രാഷ്ട്രങ്ങളിലും ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും നിന്നു” വന്നവരാണ്. (വെളിപാട് 7:9, NW) “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്നു യേശു മുൻകൂട്ടിപ്പറഞ്ഞ വേലയിൽ അവർ തീക്ഷ്ണതയോടെ പങ്കെടുക്കുകയാണ്.—മത്തായി 24:14.
[അടിക്കുറിപ്പുകൾ]
a യോഹന്നാൻ 10-ാം അധ്യായത്തിലെ ആട്ടിൻതൊഴുത്തിനെപ്പററിയുള്ള സമഗ്രമായ, പുതുക്കിയ ചർച്ചയ്ക്കുവേണ്ടി 1984 ഫെബ്രുവരി 15-ലെ വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 10-20, 31 പേജുകൾ കാണുക.
b വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1935 ആഗസ്ററ് 1-ഉം 15-ഉം ലക്കങ്ങൾ.
നിങ്ങളുടെ അഭിപ്രായമെന്ത്?
◻ വെളിപാട് 7-ാം അധ്യായത്തിലെ ദർശനം പ്രത്യേക താത്പര്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
◻ യോഹന്നാൻ 10:16-ലെ വേറെ ആടുകൾ വിജാതീയ ക്രിസ്ത്യാനികളിൽ മാത്രം ഒതുങ്ങുന്നില്ലാത്തത് എന്തുകൊണ്ട്?
◻ വേറെ ആടുകളെപ്പററിയുള്ള ബൈബിളിന്റെ വിവരണത്തിനു ചേർച്ചയിലുള്ളവരെ സംബന്ധിച്ചിടത്തോളം എന്തു വാസ്തവമായിരിക്കണം?
◻ ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ചുള്ള ദൃഷ്ടാന്തം രാജ്യ അധികാരത്തോടുള്ള ആദരവിനെ പ്രദീപ്തമാക്കുന്നതെങ്ങനെ?
◻ വെളിപാട് 7:9-ലെ മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കാനുള്ള യഹോവയുടെ സമയം എപ്പോൾ വന്നുവെന്നു കാണിക്കുന്നതെന്ത്?