ദൈവികഭക്തിയുടെ പാവനരഹസ്യം പഠിക്കൽ
“തന്റെ കാൽചുവടുകൾ അടുത്തു പിന്തുടരാൻ നിങ്ങൾക്ക് ഒരു മാതൃക നൽകിക്കൊണ്ട് ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ടു.”—1 പത്രോസ് 2:21.
1. ‘ദൈവികഭക്തിയുടെ പാവനരഹസ്യം’ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യമെന്താണ്?
ഈ ദൈവികഭക്തിയുടെ പാവനരഹസ്യം മേലാൽ ഒരു രഹസ്യമല്ല! (1 തിമൊഥെയോസ് 3:16) രഹസ്യമായി നിലനിൽക്കുന്ന നിഗൂഢത്രിത്വം പോലുള്ള വ്യാജമതരഹസ്യങ്ങളിൽനിന്ന് അത് എത്ര വ്യത്യസ്തമാണ്! ആ രഹസ്യങ്ങൾ ആർക്കും മനസ്സിലാക്കാൻ കഴിയുകയില്ല. എന്നാൽ, യേശുക്രിസ്തു എന്ന വ്യക്തിയിൽ വെളിപ്പെടുത്തപ്പെട്ട പാവനരഹസ്യത്തിന് സാദ്ധ്യമാകുന്നിടത്തോളം വിപുലമായ പ്രസിദ്ധി കൊടുക്കപ്പെടണമെന്ന് യഹോവ ഉദ്ദേശിച്ചിരിക്കുന്നു. യേശുതന്നെ ദൈവരാജ്യത്തിന്റെ ഒരു തീക്ഷ്ണതയുള്ള ഘോഷകന്റെ മുന്തിയ ദൃഷ്ടാന്തമായിത്തീർന്നു. നാം ഇപ്പോൾ കാണാൻ പോകുന്നതുപോലെ, അവന്റെ സന്ദേശത്തിൽനിന്നും പ്രസംഗരീതിയിൽനിന്നും നമുക്ക് വളരെയധികം പഠിക്കാൻകഴിയും.
2. യേശുവിന്റെ ശുശ്രൂഷിക്കൽ മറുവിലക്കു മുമ്പിൽ വെക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്? (മത്തായി 20:28)
2 അപ്പോൾ, നമുക്ക് “യേശു ജഡത്തിൽ പ്രത്യക്ഷനാക്കപ്പെട്ട”തിനെസംബന്ധിച്ച് കൂടുതലായി പരിചിന്തിക്കാം. (1 തിമൊഥെയോസ് 3:16) യേശു “ശുശ്രൂഷിക്കപ്പെടാനല്ല, പിന്നെയോ ശുശ്രൂഷിക്കാനും തന്റെ ദേഹിയെ അനേകർക്കുവേണ്ടി ഒരു മറുവിലയായി കൊടുക്കാനും വന്നു”വെന്ന് മത്തായി 20:28-ൽ നാം വായിക്കുന്നു. ഇത് അവന്റെ ശുശ്രൂഷയെ അവന്റെ മറുവിലക്കു മുമ്പുപോലും വെക്കുന്നു. എന്തുകൊണ്ട്? ശരി, പണ്ട് ഏദനിൽവെച്ച് തന്ത്രശാലിയായ സർപ്പം മനുഷ്യവർഗ്ഗത്തിൻമേലുള്ള യഹോവയുടെ നീതിയുക്തമായ പരമാധികാരത്തെ ചോദ്യംചെയ്യുകയും ദൈവത്തിന്റെ സൃഷ്ടിക്കു പിശകുണ്ടെന്നും പരിശോധിക്കപ്പെടുന്ന പക്ഷം യാതൊരു മനുഷ്യനും അത്യുന്നതനോടു നിർമ്മലത പാലിക്കാൻ കഴിയുകയില്ലെന്നും സൂചിപ്പിക്കുകയും ചെയ്തു. (ഇയ്യോബ് 1:6-12; 2:1-10 താരതമ്യപ്പെടുത്തുക.) ഒരു പൂർണ്ണമനുഷ്യനായ “ഒടുക്കത്തെ ആദാ”മെന്ന നിലയിലുള്ള യേശുവിന്റെ അന്യൂനമായ ശുശ്രൂഷ, വെല്ലുവിളിച്ച സാത്താൻ ഒരു ദുഷ്ട ഭോഷ്ക്കാളിയാണെന്ന് പ്രകടമാക്കി. (1 കൊരിന്ത്യർ 15:45) കൂടാതെ, ദൈവത്തിന്റെ “മുഖ്യകാര്യസ്ഥനും രക്ഷകനു”മായി സേവിക്കുന്നതിനും യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനാർത്ഥം “നിവസിതഭൂമിയെ നീതിയിൽ ന്യായംവിധിക്കുന്നതിനു”മുള്ള തന്റെ യോഗ്യതകൾ യേശു പൂർണ്ണമായി തെളിയിച്ചു.—പ്രവൃത്തികൾ 5:31; 17:31.
3. യേശു സാത്താന്റെ വെല്ലുവിളിയെ പൂർണ്ണമായും ഖണ്ഡിച്ചതെങ്ങനെ?
3 സാത്താന്റെ പരിഹാസപൂർവകമായ വെല്ലുവിളിയെ യേശു പൂർണ്ണമായും ഖണ്ഡിച്ചു! സകല ചരിത്രത്തിലും ഭൂമിയിലെ യാതൊരു മനുഷ്യനും ഇത്ര ഭക്തിയോടെ ദൈവത്തെ സേവിച്ചിട്ടില്ല—പരിഹാസങ്ങളും ചമ്മട്ടിപ്രഹരങ്ങളും ശാരീരികവും മാനസികവുമായ ദണ്ഡനങ്ങളും ഉണ്ടായിരുന്നിട്ടും. ദൈവപുത്രനെന്ന നിലയിൽ ക്രിസ്തു ദൈവദൂഷണപരമായ നിന്ദകൾ സഹിക്കേണ്ടിയിരുന്നു. അവൻ അതിലെല്ലാം—ക്രൂരവും ലജ്ജാകരവുമായ മരണംവരെയും—തന്റെ പിതാവിനോടുള്ള വിശ്വസ്തതയിൽ ഇളക്കമില്ലാത്തവനായി ഉറച്ചുനിന്നു. യേശു ‘മരണത്തോളം, അതെ, ദണ്ഡനസ്തംഭത്തിലെ മരണത്തോളം,’ അനുസരണമുള്ളവനായിരുന്നതുകൊണ്ട് ‘ദൈവം അവനെ ഉയർത്തുകയും മററ് ഏതു നാമത്തിനും മേലായ നാമം കൊടുക്കുകയുംചെയ്തു’വെന്ന് പൗലോസ് ഫിലിപ്പിയർ 2:8, 9-ൽ എഴുതുന്നു. യേശു സാത്താനെ വിഷം വമിക്കുന്ന നുണയൻ എന്ന നിലയിൽ തുറന്നുകാട്ടി!
4. സത്യത്തിനു സാക്ഷ്യം വഹിക്കാനാണ് താൻ ലോകത്തിലേക്കു വന്നിരിക്കുന്നതെന്ന് യേശുവിന് പീലാത്തോസിനോടു പറയാൻ കഴിഞ്ഞതെന്തുകൊണ്ട്?
4 അങ്ങനെ, വെറും ചുരുക്കം ചില വർഷങ്ങളിലെ തീവ്രമായ പ്രസംഗത്തിന്റെ സമാപനത്തിൽ യേശുവിന് സധീരം പൊന്തിയോസ് പീലാത്തോസിനോട് ഇങ്ങനെ സാക്ഷ്യംപറയാൻ കഴിഞ്ഞു: “ഞാൻ ഒരു രാജാവാണെന്ന് നീതന്നെ പറയുന്നു. ഇതിനായി ഞാൻ ജനിച്ചിരിക്കുന്നു, ഇതിനായി ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നു, ഞാൻ സത്യത്തിന് സാക്ഷ്യംവഹിക്കേണ്ടതിനുതന്നെ. സത്യത്തിന്റെ പക്ഷത്തുള്ള ഏവനും എന്റെ ശബ്ദം ശ്രദ്ധിക്കുന്നു.” (യോഹന്നാൻ 18:37) പലസ്തീനിലുടനീളം ദൈവരാജ്യസത്യം ഘോഷിക്കുന്നതിൽ യേശു അതിവിശിഷ്ട ദൈവികഭക്തി പ്രകടമാക്കിയിരുന്നു. അവൻ തന്റെ ശിഷ്യൻമാരെ തീക്ഷ്ണതയുള്ള പ്രസംഗകരായിരിക്കാൻ പരിശീലിപ്പിക്കുകയുംചെയ്തു. അവന്റെ മാതൃക ഇന്ന് അവന്റെ കാൽചുവടുകൾ പിന്തുടരാൻ നമ്മെ എത്ര പ്രചോദിപ്പിക്കുന്നു!
നമ്മുടെ മാതൃകാപുരുഷനിൽനിന്നു പഠിക്കൽ
5. യേശുവിലേക്ക് ഏകാഗ്രമായി നോക്കുന്നതിനാൽ നമുക്ക് ദൈവികഭക്തിസംബന്ധിച്ച് എന്തു പഠിക്കാൻ കഴിയും?
5 യഹോവയുടെ ഇഷ്ടംചെയ്യുന്നതിലുള്ള നമ്മുടെ ദൈവികഭക്തിയാൽ നമുക്കും സാത്താൻ നുണയനാണെന്നു തെളിയിക്കാവുന്നതാണ്. നമുക്ക് എന്തെല്ലാം പീഡാനുഭവങ്ങൾ നേരിട്ടാലും, അതിലൊന്നും യേശുവിന് അനുഭവപ്പെട്ട വേദനകളോടും അപമര്യാദകളോടും തുല്യമാകയില്ല. അപ്പോൾ, നമുക്ക് നമ്മുടെ മാതൃകാപുരുഷനിൽനിന്നു പഠിക്കാം. എബ്രായർ 12:1, 2 നമ്മെ പ്രോൽസാഹിപ്പിക്കുന്നതുപോലെ, “മുഖ്യകാര്യസ്ഥനും നമ്മുടെ വിശ്വാസത്തെ പൂർത്തീകരിക്കുന്നവനുമായ യേശുവിനെ നാം ഏകാഗ്രമായി നോക്കവേ” നമുക്ക് സഹനശക്തിയോടെ ഓട്ടം ഓടാം. ദൈവികഭക്തി സംബന്ധിച്ച് പരിശോധിക്കപ്പെട്ടപ്പോൾ പരാജയപ്പെട്ട ആദാമിൽനിന്നു വ്യത്യസ്തമായി യേശു സകല പരിശോധനകളെയും പൂർണ്ണമായി നേരിട്ട ഭൂമിയിലെ ഏകമനുഷ്യനായിത്തീർന്നു. അവൻ മരണത്തോളം “വിശ്വസ്തനും നിഷ്ക്കളങ്കനും നിർമ്മലനും പാപികളിൽനിന്നു വേർപെട്ടവനു”മെന്നു തെളിയിച്ചു. (എബ്രായർ 7:26) അവന് അന്യൂനമായ നിർമ്മലതയോടെ അവന്റെ ശത്രുക്കളോട് “നിങ്ങളിലാർ എന്നെ പാപം സംബന്ധിച്ചു കുററപ്പെടുത്തുന്നു?”വെന്ന് പറയാൻകഴിഞ്ഞു. “ലോകത്തിന്റെ ഭരണാധിപന്. . . എന്റെമേൽ സ്വാധീനമില്ല” എന്നു പ്രഖ്യാപിച്ചുകൊണ്ട് യേശു സാത്താന്റെ വെല്ലുവിളിയെ തിരികെ വലിച്ചെറിഞ്ഞു. തന്റെ ഒററിക്കൊടുക്കലിനും അറസ്ററിനും മുമ്പ് തന്റെ ശിഷ്യൻമാരോടുചെയ്ത അന്തിമപ്രസംഗത്തെ ഉപസംഹരിപ്പിച്ചപ്പോൾ അവൻ അവരോട്: “ധൈര്യപ്പെടുക! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു”വെന്നു പറഞ്ഞു.—യോഹന്നാൻ 8:46; 14:30; 16:33.
6. (എ) മനുഷ്യവർഗ്ഗത്തിന് ഏതു തരം നവോൻമേഷമാണാവശ്യമെന്ന് യേശുവിന് അറിയാവുന്നതെന്തുകൊണ്ട്? (ബി) യേശു എത്രത്തോളം ദൈവികഭയം പ്രകടമാക്കി?
6 ഇവിടെ ഭൂമിയിലെ ജഡവാസകാലത്ത്, യേശുവിന് “ദൂതൻമാരെക്കാൾ അല്പം താണ” അവസ്ഥ അനുഭവപ്പെട്ടു. (എബ്രായർ 2:7) അവൻ മാനുഷികദൗർബല്യങ്ങളോടു പരിചയപ്പെട്ടു, തന്നിമിത്തം അവൻ ഒരു ആയിരം വർഷത്തേക്ക് മനുഷ്യവർഗ്ഗത്തിന്റെ രാജാവും ന്യായാധിപനുമായി സേവിക്കാൻ സുസജ്ജനായി. “അദ്ധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്ന സകലരുമേ, എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്കു നവോൻമേഷം നൽകും” എന്നു പറഞ്ഞ ഈ ദൈവപുത്രന് ഏതു തരം നവോൻമേഷമാണ് മനുഷ്യവർഗ്ഗത്തിന് ആവശ്യമെന്ന് അറിയാം. (മത്തായി 11:28) എബ്രായർ 5:7-9 നമ്മോടു പറയുന്നു: “ക്രിസ്തു തന്റെ ജഡനാളുകളിൽ മരണത്തിൽനിന്നു തന്നെ രക്ഷിക്കാൻ കഴിയുന്നവനോട് ശക്തമായ നിലവിളികളോടും കണ്ണുനീരോടുംകൂടെ പ്രാർത്ഥനകളും അപേക്ഷകളും കഴിച്ചു, അവന്റെ ദൈവികഭയം നിമിത്തം അവന് അനുകൂലമായ ഉത്തരംകിട്ടി. അവൻ ഒരു പുത്രനായിരുന്നുവെങ്കിലും, അവൻ അനുഭവിച്ച കാര്യങ്ങളിൽനിന്ന് അവൻ അനുസരണം പഠിച്ചു; അവൻ [അനുസരണത്തിൽ] പൂർണ്ണനാക്കപ്പെട്ടശേഷം അവൻ തന്നെ അനുസരിക്കുന്ന സകലർക്കുമുള്ള നിത്യരക്ഷക്ക് ഉത്തരവാദിയായിത്തീർന്നു.” പക നിറഞ്ഞ സർപ്പത്തിൽനിന്നുള്ള ‘കുതികാൽമുറിവു’ കിട്ടിയതിൽ മനുഷ്യമരണത്തിന്റെ വിഷമുള്ള് അനുഭവപ്പെടുന്ന ഘട്ടത്തോളം സഹിക്കേണ്ടിവന്നെങ്കിലും യേശു പതറിയില്ല. (ഉല്പത്തി 3:15) യേശുവിനെപ്പോലെ, നമുക്ക്, ആവശ്യമെങ്കിൽ മരണത്തോളം പോലും, എപ്പോഴും ദൈവികഭയം പ്രകടമാക്കാം, യഹോവയാം ദൈവം നമ്മുടെ പ്രാർത്ഥനകൾ കേൾക്കുമെന്നും നമുക്കു രക്ഷ നൽകുമെന്നുമുള്ള ദൃഢവിശ്വാസത്തോടെതന്നെ.
‘നീതിക്കായി ജീവിക്കൽ’
7. ഒന്നു പത്രോസ് 2:21-24 അനുസരിച്ച് ക്രിസ്തു നമുക്കുവേണ്ടി എന്തു മാതൃക വെച്ചു, ഈ ഗതി നമ്മെ എങ്ങനെ ബാധിക്കണം?
7 ജഡത്തിൽ പ്രത്യക്ഷനായപ്പോൾ യേശു വിശ്വസ്തതയോടെ ദൈവികഭക്തിയുടെ പാവനരഹസ്യത്തിന്റെ മറനീക്കി. നാം 1 പത്രോസ് 2:21—24-ൽ ഇങ്ങനെ വായിക്കുന്നു: “തന്റെ കാൽചുവടുകൾ അടുത്തു പിന്തുടരാൻ നിങ്ങൾക്ക് ഒരു മാതൃക നൽകിക്കൊണ്ട് ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ടു. അവൻ പാപംചെയ്തില്ല, അവന്റെ വായിൽ വഞ്ചന കാണപ്പെട്ടുമില്ല. അവൻ അധിക്ഷേപിക്കപ്പെട്ടപ്പോൾ അവൻ തിരിച്ച് അധിക്ഷേപിച്ചില്ല. അവൻ കഷ്ടപ്പെട്ടപ്പോൾ അവൻ ഭീഷണിപ്പെടുത്തിയില്ല, എന്നാൽ നീതിപൂർവം വിധിക്കുന്നവങ്കൽ അവൻ തന്നേത്തന്നെ ഭരമേൽപ്പിച്ചുകൊണ്ടിരുന്നു. നാം പാപവിമുക്തരാകേണ്ടതിനും നീതിക്കായി ജീവിക്കേണ്ടതിനുമായി അവൻതന്നെ സ്തംഭത്തിൻമേൽ സ്വന്തശരീരത്തിൽ നമ്മുടെ പാപങ്ങൾ വഹിച്ചു.” നാം യേശുവിന്റെ ഗതിയെക്കുറിച്ചു ധ്യാനിക്കുമ്പോൾ ദൈവികഭക്തി പിന്തുടരുന്നതിനും നിർമ്മലത പാലിക്കുന്നതിനും അവനെപ്പോലെ നീതിക്കായി ജീവിക്കുന്നതിനും നമ്മെ അത് എത്ര പ്രോൽസാഹിപ്പിക്കുന്നു!
8. യേശുവിനെപ്പോലെ നമുക്ക് നീതിക്കായി എങ്ങനെ ജീവിക്കാൻ കഴിയും?
8 യേശു സത്യമായി നീതിക്കായി ജീവിച്ചു. അവനെസംബന്ധിച്ച് സങ്കീർത്തനം 45:7 ഇങ്ങനെ പ്രവചിച്ചു: “നീ നീതിയെ സ്നേഹിച്ചിരിക്കുന്നു, നീ ദുഷ്ടതയെ വെറുക്കുന്നു.” ആ വാക്കുകൾ യേശുവിനു ബാധകമാക്കിക്കൊണ്ട് അപ്പോസ്തലനായ പൗലോസ് എബ്രായർ 1:9-ൽ ഇങ്ങനെ പറഞ്ഞു: “നീ നീതിയെ സ്നേഹിച്ചു, നീ അധർമ്മത്തെ വെറുത്തു.” ഈ ദൈവികഭക്തിയുടെ പാവനരഹസ്യത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന്റെ വെളിച്ചത്തിൽ നമുക്ക് യേശുവിനെപ്പോലെ എല്ലായ്പ്പോഴും നീതിയെ സ്നേഹിക്കുകയും വഷളത്വത്തെ വെറുക്കുകയും ചെയ്യാം. സാത്താന്റെ ലോകത്താൽ വളരെ ഉഗ്രമായി ആക്രമിക്കപ്പെടുന്ന ക്രിസ്തീയ സൻമാർഗ്ഗങ്ങളിലും ദൈവസ്ഥാപനത്തിന് അകത്തും പുറത്തുമുള്ളവരോടുള്ള നമ്മുടെ സകല ഇടപെടലുകളിലും യഹോവയുടെ നീതിപ്രമാണങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് നീതിക്കായി ജീവിക്കാൻ നമുക്ക് തീരുമാനംചെയ്യാം. പിശാചിനോടും അവന്റെ തന്ത്രങ്ങളോടും എതിർത്തുനിൽക്കുന്നതിന് അത്യന്താപേക്ഷിതമായിരിക്കുന്ന ദൈവികമായ ഉൾക്കാഴ്ചക്കുവേണ്ടി നമുക്ക് തുടർച്ചയായി ദൈവവചനം ഭക്ഷിക്കാം!
9. ശുശ്രൂഷയിലെ യേശുവിന്റെ തീക്ഷ്ണത വർദ്ധിപ്പിച്ചതെന്ത്, വ്യാജമത ഇടയൻമാരെ സംബന്ധിച്ച് ഇതിൽ എന്തുൾപ്പെട്ടിരുന്നു?
9 തന്റെ ശുശ്രൂഷയിൽ തീക്ഷ്ണതയുള്ളവനായിരിക്കാൻ യേശുവിനെ മറെറാന്നുകൂടെ പ്രേരിപ്പിച്ചു. അതെന്തായിരുന്നു? മത്തായി 9:36-ൽ നാം വായിക്കുന്നു: “ജനസമൂഹങ്ങളെ കണ്ടപ്പോൾ അവന് അവരോടു അനുകമ്പതോന്നി, എന്തുകൊണ്ടെന്നാൽ അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ തൊലിയുരിയപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്തിരുന്നു.” അതുകൊണ്ട് യേശു “അവരെ പലതും പഠിപ്പിച്ചുതുടങ്ങി.” (മർക്കോസ് 6:34) അത്യന്താപേക്ഷിതമായി, ഇതിൽ വ്യാജമത ഇടയൻമാരുടെ ദുഷ്ടതയെയും അധർമ്മത്തെയും തുറന്നുകാട്ടുന്നത് ഉൾപ്പെട്ടിരുന്നു. മത്തായി 15:7-9 അനുസരിച്ച് ഇവരിൽ ചിലരോട് യേശു ഇങ്ങനെ പറഞ്ഞു: “കപടഭക്തരേ, ‘ഈ ജനം തങ്ങളുടെ അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നിരുന്നാലും അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകന്നിരിക്കുന്നു. അവർ ഉപദേശങ്ങളായി മനുഷ്യരുടെ കല്പനകൾ പഠിപ്പക്കുന്നതുകൊണ്ട് അവർ എന്നെ ആരാധിക്കുന്നതു വ്യർത്ഥമായിട്ടാണ്’ എന്ന് യെശയ്യാവ് പറഞ്ഞപ്പോൾ അവൻ നിങ്ങളെക്കുറിച്ച് ഉചിതമായി പ്രവചിച്ചു.”
അപലപനീയമായ ഒരു മർമ്മം
10. ഇന്ന്, “ഈ അധർമ്മത്തിന്റെ മർമ്മം” ആരിൽ കേന്ദ്രീകരിക്കുന്നു, അവർ എന്തു സംബന്ധിച്ച് കുററക്കാരാണ്?
10 യേശു വ്യാജമതനേതാക്കൻമാർക്കെതിരെ തുറന്നുസംസാരിച്ചതുപോലെ, നാം ഇന്ന് ദൈവികഭക്തിയുടെ പാവനരഹസ്യത്തിനു കടകവിരുദ്ധമായി മുന്തിനിൽക്കുന്ന ഒരു മർമ്മത്തെ അപലപിക്കുന്നു. പൗലോസ് 2 തെസ്സലോനീക്യർ 2:7-ൽ അതിനെ “ഈ അധർമ്മത്തിന്റെ മർമ്മം” എന്നു വിളിച്ചു. അത് ക്രി. വ. ഒന്നാം നൂററാണ്ടിൽ ഒരു മർമ്മമായിരുന്നു, എന്തുകൊണ്ടെന്നാൽ അത് അപ്പോസ്തലൻമാരുടെ മരണശേഷം ദീർഘനാളാകാതെ അനാച്ഛാദനംചെയ്യപ്പെടുകയില്ലായിരുന്നു. ഇന്ന്, അത് ദൈവത്തിന്റെ നീതിയുള്ള രാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുന്നതിനെക്കാളധികം രാഷ്ട്രീയത്തിൽ തല്പരരായിരിക്കുന്ന ക്രൈസ്തവലോകത്തിലെ വൈദികരിൽ കേന്ദ്രീകരിക്കുന്നു. അവരുടെ അണികളിൽ കപടഭക്തി ധാരാളമാണ്. ക്രൈസ്തവലോകത്തിലെ പ്രോട്ടസ്ററൻറ് മതവിഭാഗങ്ങളിൽപെട്ട റെറലിവിഷൻ സുവിശേഷകർ ഒരു സ്പഷ്ടമായ ദൃഷ്ടാന്തമാണ്. തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ കവർച്ചചെയ്യുന്ന വഞ്ചകർ കോടിക്കണക്കിനു ഡോളറുകളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുകയും വേശ്യകളുമായി സഹവസിക്കുകയും തുറന്നുകാട്ടപ്പെടുമ്പോൾ മുതലക്കണ്ണീർ പൊഴിക്കുകയും എല്ലായ്പ്പോഴും കൂടുതൽ കൂടുതൽ പണത്തിനുവേണ്ടി യാചിക്കുകയുംചെയ്യുന്നു. റോമൻകത്തോലിക്കാമതത്തിന്റെ വത്തിക്കാൻ അതിന്റെ തത്വഹീനമായ രാഷ്ട്രീയബന്ധങ്ങളും ബാഹ്യാഡംബരവും, അഴിമതിനിറഞ്ഞ ബാങ്കിംഗ്നടപടികളും നിമിത്തം സമാനമായി അഹിതകരമായ ഒരു ചിത്രമാണ് കാഴ്ചവെക്കുന്നത്.
11. ക്രൈസ്തവലോകത്തിലെ വൈദികർക്കും മുഴു മഹാബാബിലോനും എന്തു സംഭവിക്കും?
11 ക്രൈസ്തവലോകത്തിലെ വൈദികവർഗ്ഗത്തെ “അധർമ്മമനുഷ്യ”നായി തിരിച്ചറിയാൻ കഴിയുന്നത് അതിശയമല്ല! (2 തെസ്സലോനീക്യർ 2:3) വേശ്യാസമാനമായ മഹാബാബിലോന്റെ ഈ പ്രമുഖഭാഗം വ്യാജമതത്തിന്റെ ശേഷിച്ച സകലഭാഗത്തോടുംകൂടെ പൂർണ്ണമായും തുറന്നുകാട്ടപ്പെടുകയും ശൂന്യമാക്കപ്പെടുകയും ചെയ്യും. നാം വെളിപ്പാട് 18:9-17-ൽ വായിക്കുന്നതുപോലെ, രാജ്യതന്ത്രജ്ഞൻമാരും വ്യാപാരികളും (അവരുടെ ബാങ്കുനടത്തിപ്പുകാരും) അന്ന് ഇങ്ങനെ വിലപിക്കും: “മഹാനഗരമേ, മഹാമോശം, മഹാമോശം!” മഹാബാബിലോനും അവളുടെ മർമ്മങ്ങളും തുറന്നുകാട്ടപ്പെടും, ദൈവികഭക്തിയുടെ പാവനരഹസ്യത്തെ പ്രകാശിതമാക്കുന്ന സകലത്തിനും വിരുദ്ധമായിത്തന്നെ.
12. യേശുവിന്റെ നീതിസ്നേഹം എന്തു ചെയ്യുന്നതിലേക്ക് അവനെ നയിച്ചു?
12 നീതിയോടുള്ള യേശുവിന്റെ സ്നേഹവും അധർമ്മത്തോടുള്ള വെറുപ്പും സത്യാരാധനക്കുവേണ്ടി തികച്ചും തീവ്രയത്നം ചെയ്യുന്നതിലേക്ക് അവനെ നയിച്ചു. ദൈവത്തിന്റെ അഭിഷിക്ത പുത്രനായി ക്രിസ്തു യെരുശലേമിലേക്ക് ആദ്യം നടത്തിയ സന്ദർശനത്തിൽ അവൻ വ്യാപാരികളെയും നാണയ ബ്രോക്കർമാരെയും ആലയത്തിൽനിന്നു തുരത്തിക്കൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു: “ഇവ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകുക! എന്റെ പിതാവിന്റെ ഭവനത്തെ വ്യാപാരശാലയാക്കുന്നതു നിർത്തുക!” (യോഹന്നാൻ 2:13-17) ആലയത്തിലേക്ക് പിന്നീടു നടത്തിയ ഒരു സന്ദർശനത്തിൽ എതിരാളികളായ യഹൂദൻമാരോട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവരാകുന്നു, നിങ്ങൾ നിങ്ങളുടെ പിതാവിന്റെ മോഹങ്ങൾ ചെയ്യാനിച്ഛിക്കുന്നു. ആ ഒരുവൻ തുടങ്ങിയപ്പോഴേ ഒരു മനുഷ്യഘാതകനായിരുന്നു, അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല, എന്തുകൊണ്ടെന്നാൽ സത്യം അവനിലില്ല. അവൻ വ്യാജം പറയുമ്പോൾ അവൻ തന്റെ സ്വഭാവമനുസരിച്ചു സംസാരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ വ്യാജംപറയുന്നവനും വ്യാജത്തിന്റെ പിതാവുമാകുന്നു.” (യോഹന്നാൻ 8:44) ആ മതഭക്തരോട് അവരുടെ മുഖത്തുനോക്കി അവർ നുണയൻമാരും പിശാചിന്റെ പുത്രൻമാരുമാണെന്നു പറയാൻ യേശു എത്ര ധൈര്യം പ്രകടമാക്കി!
13. (എ) അധർമ്മത്തോടുള്ള യേശുവിന്റെ വെറുപ്പ് വിശേഷിച്ച് എവിടെ പ്രകടമായി? (ബി) അധർമ്മികളായ വൈദികർ ശാസ്ത്രിമാരുടെമേലും പരീശൻമാരുടെമേലും യേശു ഉച്ചരിച്ചതിനോടു സമാനമായ ന്യായവിധി അർഹിക്കുന്നതെന്തുകൊണ്ട്?
13 അധർമ്മത്തോടുള്ള യേശുവിന്റെ വെറുപ്പ് മത്തായി 23-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം അണലിതുല്യരായ ശാസ്ത്രിമാരെയും പരീശൻമാരെയും കുത്തിവേദനിപ്പിക്കുന്നവിധം അവൻ നടത്തിയ അപലപനത്തിലേതിനെക്കാൾ മെച്ചമായി മറെറാരിടത്തും പ്രകടമാക്കപ്പെട്ടിട്ടില്ല. അവിടെ അവൻ അവരെ ‘സകലതരം അശുദ്ധിയും കപടഭക്തിയും അധർമ്മവും നിറഞ്ഞ വെള്ളതേച്ച ശവക്കല്ലറകളോട്’ താരതമ്യപ്പെടുത്തിക്കൊണ്ട് ഏഴു മടങ്ങായ “കഷ്ടം” ഉച്ചരിക്കുന്നു. മർദ്ദിതജനത്തെ ആ അധർമ്മത്തിൽനിന്നു വിടുവിക്കാൻ യേശു എത്ര ആകാംക്ഷയുള്ളവനായിരുന്നു! അവൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “യെരുശലേമേ, യെരുശലേമേ, ഒരു കോഴി അതിന്റെ ചിറകുകളിൻകീഴിൽ അതിന്റെ കുഞ്ഞുങ്ങളെ ചേർക്കുംപോലെ നിന്റെ മക്കളെ കൂട്ടിച്ചേർക്കാൻ ഞാൻ എത്ര കൂടെക്കൂടെ ആഗ്രഹിച്ചു! എന്നാൽ നിങ്ങൾ അതാഗ്രഹിച്ചില്ല. നോക്കൂ! നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.” (വാക്യങ്ങൾ 37, 38) നമ്മുടെ നാളിലെ അധർമ്മികളായ വൈദികർ സമാനമായ ന്യായവിധി അർഹിക്കുന്നു, എന്തുകൊണ്ടെന്നാൽ 2 തെസ്സലോനീക്യർ 2:12-ലെ വാക്കുകളിൽ പറഞ്ഞാൽ ‘അവർ സത്യം വിശ്വസിക്കാതെ, അനീതിയിൽ സന്തോഷിക്കുന്നു.’ അവരുടെ അധർമ്മം യേശു ഇവിടെ ഭൂമിയിലായിരുന്നപ്പോൾ വളരെ വിശ്വസ്തമായി പ്രകടമാക്കിയ ദൈവികഭക്തിക്കു കടകവിരുദ്ധമാണ്.
ദൈവത്തിന്റെ ന്യായവിധികൾ ഘോഷിക്കൽ
14. ദൈവികഭക്തിയുടെ പാവനരഹസ്യത്തോടുള്ള വിലമതിപ്പ് എന്തുചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്?
14 ദൈവികഭക്തിയുടെ പാവനരഹസ്യത്തോടുള്ള നമ്മുടെ വിലമതിപ്പ് എല്ലായ്പ്പോഴും യേശുവിന്റെ ചുവടുകളെ അടുത്തു പിന്തുടരുന്നതിലേക്ക് നമ്മെ നയിക്കേണ്ടതാണ്. അവനെപ്പോലെ, യെശയ്യാവ് 61:2 “യഹോവയുടെ ഭാഗത്തെ സൻമനസ്സിന്റെ വർഷവും നമ്മുടെ ദൈവത്തിന്റെ ഭാഗത്തെ പ്രതികാരദിവസവും” എന്നു വർണ്ണിക്കുന്നതിനെ ഘോഷിക്കുന്നതിൽ നാം തീക്ഷ്ണതയുള്ളവരായിരിക്കേണ്ടതാണ്. നമുക്ക് “ദുഃഖിക്കുന്ന സകലരെയും ആശ്വസിപ്പിക്കാൻ” തീക്ഷ്ണതയോടെ നമ്മുടെ പങ്കു നിറവേററാം. യേശു ഭൂമിയിലായിരുന്നപ്പോഴെന്നപോലെ, തുറന്നുപറയുന്ന വീക്ഷാഗോപുര ലേഖനങ്ങളിലെയും വെളിപ്പാട—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിലെയും ശക്തമായ സന്ദേശങ്ങളുൾപ്പെടെയുള്ള യഹോവയുടെ ന്യായവിധികൾ ഘോഷിക്കാൻ നമുക്ക് ഇന്ന് ധൈര്യമാവശ്യമാണ്. നാം ധൈര്യപൂർവകവും നയപൂർവകവും പ്രസംഗിക്കേണ്ടതാണ്, നമ്മുടെ മൊഴികൾ നീതിയോടു ചായ്വുള്ളവർക്ക് രുചിക്കുന്നതായിരിക്കാൻ “ഉപ്പിനാൽ രുചിവരുത്തിയ”വയായിരിക്കണം. (കൊലോസ്യർ 4:6) ദൈവികഭക്തിസംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു പഠിച്ച സ്ഥിതിക്ക് യഹോവ നമുക്കു തന്ന വേല നാം പൂർത്തീകരിച്ചിരിക്കുന്നുവെന്ന് തക്ക സമയത്ത് റിപ്പോർട്ടുചെയ്യാൻ നാം പ്രാപ്തരായിരിക്കട്ടെ.—മത്തായി 24:14; യോഹന്നാൻ 17:4.
15. ദൈവത്തിന്റെ പാവനരഹസ്യംസംബന്ധിച്ച് 1914 മുതൽ എന്തു സംഭവിച്ചിരിക്കുന്നു?
15 യേശു ജഡത്തിലായിരുന്നപ്പോൾ എന്തോരു വിശിഷ്ട മാതൃകാപുരുഷനായിരുന്നു! അവനിൽ എത്ര വ്യക്തമായി ദൈവികഭക്തിയുടെ പാവനരഹസ്യം നിവർത്തിക്കപ്പെട്ടു! അവൻ എത്ര ധീരമായി യഹോവയുടെ നാമത്തെ മഹിമപ്പെടുത്തി! അവന്റെ നിർമ്മലതാപാലനഗതി നിമിത്തം അവന്റെ പിതാവ് എത്ര അത്ഭുതകരമായി അവനു പ്രതിഫലം കൊടുത്തു! എന്നാൽ ദൈവത്തിന്റെ പാവനരഹസ്യത്തിൽ ഇതിലധികം ഉൾക്കൊണ്ടിരിക്കുന്നു. 1914 മുതൽ നാം “കർത്താവിന്റെ നാളി”ലാണ് ജീവിക്കുന്നത്. (വെളിപ്പാട് 1:10) വെളിപ്പാട് 10:7 പ്രസ്താവിക്കുന്നതുപോലെ, ‘സുവാർത്തക്കനുസൃതമായ ദൈവത്തിന്റെ പാവനരഹസ്യം പൂർത്തിയാക്കപ്പെടേണ്ട’ സമയമാണിത്. സ്വർഗ്ഗീയശബ്ദങ്ങൾ ഇപ്പോൾ ഇങ്ങനെ ഘോഷിച്ചിരിക്കുന്നു: “ലോകരാജ്യം നമ്മുടെ കർത്താവിന്റെയും [യഹോവ] അവന്റെ ക്രിസ്തുവിന്റെയും രാജ്യമായിത്തീർന്നിരിക്കുന്നു, അവൻ എന്നുമെന്നേക്കും രാജാവായി ഭരിക്കും.” (വെളിപ്പാട് 11:15) യഹോവ മശിഹൈകരാജാവായ യേശുക്രിസ്തുവിനെ തന്റെ സഹഭരണാധികാരിയായിരിക്കാൻ തന്റെ മഹത്വമുള്ള സിംഹാസനത്തിൽ അവരോധിച്ചിരിക്കുന്നു!
16. പുതുതായി സിംഹാസനസ്ഥനായ രാജാവായ യേശുക്രിസ്തു പെട്ടെന്ന് സ്വർഗ്ഗത്തിൽ ദൈവികഭക്തിയോടുള്ള ആദരവു പ്രകടമാക്കിയതെങ്ങനെ?
16 നവജാതരാജ്യത്തിൽ ദൈവത്തിന്റെ സഹഭരണാധികാരിയെന്ന നിലയിൽ യേശു മീഖായേൽ (അർത്ഥം “ദൈവത്തെപ്പോലെ ആരുള്ളു?”) എന്നും വിളിക്കപ്പെട്ടിരിക്കുന്നു. യാതൊരു മത്സരിയും ദൈവത്തെപ്പോലെയാകുന്നതിൽ ഒരിക്കലും വിജയിക്കുകയില്ല, പുതുതായി സിംഹാസനസ്ഥനാക്കപ്പെട്ട രാജാവ് ആദ്യ പാമ്പായ സാത്താനെയും അവന്റെ ദൂതൻമാരെയും ഭൂമിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് പെട്ടെന്ന് ഇത് പ്രകടമാക്കി. (വെളിപ്പാട് 12:7-9) അതെ, യേശു ഭൂമിയിലായിരുന്നപ്പോൾ ദൈവികഭക്തി പ്രകടമാക്കിയതുപോലെ, സ്വർഗ്ഗത്തിലും അവന് ദൈവികഭക്തിയോട് ആദരവുണ്ട്. വ്യാജമതത്തെ നിർമ്മൂലമാക്കുകയും ദൃശ്യവും അദൃശ്യവുമായ സാത്താന്റെ സ്ഥാപനത്തെ പൂർണ്ണമായും തുടച്ചുനീക്കുകയും ചെയ്യുന്നതുവരെ മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തു വിശ്രമിക്കുകയില്ല.
17. ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലുമുതൽ മത്തായി 25:31-33-ന്റെ നിവൃത്തിയായി എന്തു സംഭവിച്ചുകൊണ്ടാണിരിക്കുന്നത്?
17 ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലുമുതൽ മത്തായി 25:31-33-ലെ യേശുവിന്റെ സ്വന്തം പ്രവചനത്തിന്റെ നിവൃത്തി ദൈവത്തിന്റെ പാവനരഹസ്യത്തെ ഉജ്ജ്വലമായി പ്രകാശിതമാക്കിയിരിക്കുന്നു. അവിടെ യേശു ഇങ്ങനെ പ്രഖ്യാപിക്കുന്നു: “മനുഷ്യപുത്രൻ സകല ദൂതൻമാരുമായി തന്റെ മഹത്വത്തിൽ വന്നെത്തുമ്പോൾ അവൻ തന്റെ മഹത്വമുള്ള സിംഹാസനത്തിൽ ഇരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടിച്ചേർക്കപ്പെടും, ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്നു വേർതിരിക്കുന്നതുപോലെ, അവൻ ജനത്തെ തമ്മിൽ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിർത്തും.” ഈ മഹത്വമുള്ള രാജാവും ന്യായാധിപനും ദൈവികഭക്തിയുടെ വക്താവുമായവൻ സ്വർഗ്ഗത്തിലെ ഈ അനുകൂല സ്ഥാനത്തുനിന്ന് ആദ്യമായി അധർമ്മമനുഷ്യന്റെമേലും മഹാബാബിലോന്റെ മററു ഘടകങ്ങളുടെമേലും പിന്നീട് സാത്താന്റെ ദുഷ്ടഭൗമികസ്ഥാപനത്തിന്റെ ശേഷിച്ച സകല ഘടകങ്ങളിൻമേലും കോലാടുതുല്യരായ പിന്തുണക്കാരുടെമേലും പ്രതികാരം നടത്തും. അനന്തരം സാത്താൻ അഗാധത്തിലടക്കപ്പെടും. (വെളിപ്പാട് 20:1-3) എന്നാൽ ചെമ്മരിയാടുതുല്യരായ “നീതിമാൻമാർ” നിത്യജീവനിലേക്കു പോകും. (മത്തായി 25:46) നിങ്ങളുടെ ദൈവികഭക്തിയുടെ പിന്തുടരൽ നിങ്ങളെ ആ നേരുള്ളവരുടെ കൂട്ടത്തിലാക്കിത്തീർക്കട്ടെ!
18. ദൈവികഭക്തിയുടെ പാവനരഹസ്യത്തോടുള്ള ബന്ധത്തിൽ നമുക്ക് എന്ത് സന്തോഷകരമായ പദവിയുണ്ട്?
18 “ദൈവത്തെ ആരാധിക്കാൻ” വെളിപ്പാട് 19:10 നമ്മെ പ്രോൽസാഹിപ്പിക്കുന്നു. എന്തുകൊണ്ട്? തിരുവെഴുത്തു തുടരുന്നു: “എന്തെന്നാൽ യേശുവിനു സാക്ഷ്യം വഹിക്കലാണ് പ്രവചിക്കലിനെ നിശ്വസിക്കുന്നത്.” അതുകൊണ്ട് പുരാതനകാലങ്ങളിലെ നിശ്വസ്തമായ പ്രവചനങ്ങളിലനേകവും യേശുവിനു സാക്ഷ്യം വഹിച്ചു! ഈ പ്രവചനങ്ങൾ നിവർത്തിക്കപ്പെട്ടതോടെ ദൈവത്തിന്റെ പാവനരഹസ്യം പളുങ്കുപോലെ തെളിമയുള്ളതായിത്തീർന്നിരിക്കുന്നു. അതുകൊണ്ട് ഈ ദൈവികഭക്തിയുടെ പാവനരഹസ്യം യേശുവിൽ മൂർത്തീകരിക്കാനിടയായെന്നറിയുന്നതിൽ നാം സന്തോഷിക്കുന്നു. ദൈവരാജ്യത്തിന്റെ വിനീതശുശ്രൂഷകരെന്ന നിലയിൽ അവന്റെ കാൽചുവടുകളെ പിന്തുടരാനുള്ള അത്ഭുതപദവി നമുക്കുണ്ട്. അതെ, സുവാർത്തക്കനുസൃതമായ ദൈവത്തിന്റെ മുഴുപാവനരഹസ്യവും ഗ്രഹിക്കുന്നതിലും പ്രഘോഷിക്കുന്നതിലും പങ്കെടുക്കുന്നതിൽ നാം ബഹുമാനിതരായിരിക്കുന്നു! (w90 1/15)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ ദൈവികഭക്തി സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
◻ ക്രിസ്തു ചെയ്തതുപോലെ നമുക്ക് നീതിക്കായി എങ്ങനെ ജീവിക്കാൻകഴിയും?
◻ ദൈവികഭക്തിയുടെ പാവനരഹസ്യത്തിനു കടകവിരുദ്ധമായി ഏതു അപലപനീയമായ മർമ്മം മുന്തിനിൽക്കുന്നു?
◻ ദൈവികഭക്തിയുടെ പാവനരഹസ്യത്തോടുള്ള നമ്മുടെ വിലമതിപ്പ് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്?
[20-ാം പേജിലെ ചിത്രം]
ദൈവികഭക്തിയുടെ ഒരു വക്താവും തീക്ഷ്ണതയുള്ള ഒരു രാജ്യപ്രഘോഷകനുമെന്ന നിലയിൽ യേശുവിന് “ഇതിനായി ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നു, ഞാൻ സത്യത്തിനു സാക്ഷ്യം വഹിക്കേണ്ടതിനുതന്നെ” എന്നു പറയാൻ കഴിഞ്ഞു
[22-ാം പേജിലെ ചിത്രം]
യേശു ശാസ്ത്രിമാരെയും പരീശൻമാരെയും അപലപിച്ചപ്പോൾ അവന്റെ ദൈവികഭക്തി പ്രകടമാക്കപ്പെട്ടു