ദൈവത്താലുള്ള ന്യായവിധിയുടെനാഴിക വന്നിരിക്കുന്നു
“ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വംകൊടുക്കുക, എന്തുകൊണ്ടെന്നാൽ അവനാലുള്ള ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.”—വെളിപ്പാട് 14:7
1. വെളിപ്പാടിലെ പ്രാരംഭ അദ്ധ്യായങ്ങളിൽ എന്തുൾപ്പെട്ടിരിക്കുന്നു?
വെളിപ്പാടുപുസ്തകത്തിൽ നമ്മുടെ നാളിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന പുളകപ്രദമായ പ്രവചനങ്ങൾ അടങ്ങിയിരിക്കുന്നു. മുൻലേഖനം ആറ് പ്രതീകാത്മകമുദ്രകളുടെ തുറക്കൽ ഉൾപ്പെടെ അവയിൽ ചിലത് പരിചിന്തിച്ചു. തുറക്കപ്പെട്ട ഈ മുദ്രകൾ ഈ “അന്ത്യനാളുകളിലെ” നാല് വെളിപ്പാടിൻകാല കുതിരക്കാരുടെ വിനാശകസവാരിയെ വെളിപ്പെടുത്തി. (2 തിമൊഥെയോസ് 3:1; വെളിപ്പാട് 6:1-8) അവ ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗത്തിൽ ഭരിക്കാനുള്ളവരെക്കുറിച്ചും ഭൂമിയിൽ എന്നേക്കും ജീവിക്കാൻ “മഹോപദ്രവത്തെ” അതിജീവിക്കുന്നവരെക്കുറിച്ചും പറയുകയുണ്ടായി. ഈ ആറു മുദ്രകൾ ന്യായവിധി നടത്താനുള്ള ദൈവത്തിന്റെ “നിയമിതസമയം” “സമീപിച്ചിരിക്കുന്നു”വെന്ന് പ്രകടമാക്കുന്നു.—വെളിപ്പാട് 1:3; 7:4, 9-17.
2. വെളിപ്പാട് 8-ാം അദ്ധ്യായത്തിലെ ഏഴ് പ്രതീകാത്മക കാഹളങ്ങൾ എങ്ങനെ ഉപയോഗിക്കേണ്ടതാണ്?
2 എന്നാൽ ഏഴാമത്തേതായി ഒരു മുദ്രകൂടെയുണ്ട്. അത് തുറക്കപ്പെടുമ്പോൾ എന്തു വെളിപ്പെടുന്നുവെന്ന് വെളിപ്പാട് 8:2 നമ്മോടു പറയുന്നു: “ദൈവമുമ്പാകെ നിൽക്കുന്ന ഏഴു ദൂതൻമാരെ ഞാൻ കണ്ടു, അവർക്ക് ഏഴ് കാഹളങ്ങൾ കൊടുക്കപ്പെട്ടു.” വെളിപ്പാട് 8: 6-ാം വാക്യം പറയുന്നു: “ഏഴു കാഹളങ്ങളോടുകൂടിയ ഏഴു ദൂതൻമാർ അവ ഊതാൻ ഒരുങ്ങി.” ബൈബിൾകാലങ്ങളിൽ പ്രധാനപ്പെട്ട സംഭവങ്ങളെ സൂചിപ്പിക്കാനാണ് കാഹളങ്ങൾ ഉപയോഗിക്കപ്പെട്ടത്. അതേവിധത്തിൽ, ഈ ഏഴ് കാഹളനാദങ്ങൾ നമ്മുടെ നാളിലെ ജീവൻമരണപ്രാധാന്യമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. ദൂതൻമാർ കാഹളങ്ങൾ ഊതുമ്പോൾ ഓരോ കാഹളനാദത്താലും ഘോഷിക്കപ്പെടുന്ന മർമ്മപ്രധാനമായ വാർത്തകളെ എല്ലായിടത്തും പരത്തിക്കൊണ്ട് ഭൂമിയിലെ മനുഷ്യ സാക്ഷികൾ പിൻതുടരുന്നു.
കാഹളനാദങ്ങൾ അർത്ഥമാക്കുന്നത്
3. ഏഴ് കാഹളനാദങ്ങളുടെ അർത്ഥമെന്ത്?
3 ഈ കാഹളനാദങ്ങൾ യഹോവ പുരാതന ഈജിപ്ററിൻമേൽ പകർന്ന ബാധകളെക്കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്നു. ആ ബാധകൾ ആ ഒന്നാം ലോകശക്തിയുടെയും അതിന്റെ വ്യാജമതത്തിന്റെയുംമേലുള്ള യഹോവയുടെ ന്യായവിധിപ്രകടനങ്ങളായിരുന്നു. എന്നാൽ അവ ദൈവജനത്തിന്റെ രക്ഷക്കുള്ള വഴിയും തുറന്നു. അതുപോലെതന്നെ, വെളിപ്പാടിലെ കാഹളനാദങ്ങൾ ആധുനികനാളിലെ ബാധകളാണ്, ഇപ്രാവശ്യം സാത്താന്റെ മുഴു ലോകത്തിൻമേലും അതിന്റെ വ്യാജമതത്തിൻമേലുംതന്നെ. എന്നിരുന്നാലും അവ അക്ഷരീയബാധകളല്ല, പിന്നെയോ യഹോവയുടെ ന്യായവിധികളുടെ നാശകരമായ ദൂതുകളാണ്. അവ ദൈവജനത്തിന് രക്ഷാമാർഗ്ഗവും നിർദ്ദേശിക്കുന്നു.
4. നമ്മുടെ നാളിൽ ഏഴുകാഹളനാദങ്ങൾക്ക് എങ്ങനെ നിവൃത്തിയുണ്ടായിരിക്കുന്നു?
4 ഈ ഏഴു കാഹളനാദങ്ങൾക്കു ചേർച്ചയായി 1922മുതൽ 1928വരെ നടന്ന യഹോവയുടെ സാക്ഷികളുടെ ഏഴു പ്രത്യേകവാർഷികകൺവെൻഷനുകളിൽ സാത്താന്റെ ലോകത്തിനെതിരെ ആഞ്ഞുപതിക്കുന്ന പ്രമേയങ്ങൾ വിശേഷവൽക്കരിക്കപ്പെട്ടു. പ്രമേയങ്ങളുടെ സഹസ്രലക്ഷക്കണക്കിനു പ്രതികൾ വിതരണംചെയ്യപ്പെട്ടു. എന്നിരുന്നാലും, ആ പൊള്ളിക്കുന്ന ദൂതുകളുടെ കാഹളംമുഴക്കൽ ആ വർഷങ്ങളിൽ മാത്രമായി ഒതുക്കിനിർത്തപ്പെട്ടില്ല, എന്നാൽ അത് അന്ത്യനാളുകളിലുടനീളം തുടരുകയാണ്. ഒന്നാം ലോകമഹായുദ്ധശേഷം ആരംഭത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്ന അഭിഷിക്തരുടെ ചെറുസംഘത്തോട് ദശലക്ഷങ്ങൾ വരുന്ന “മഹാപുരുഷാര”വും തങ്ങളുടെ ശബ്ദങ്ങൾ കൂട്ടിയതോടെ അവയുടെ ഘോഷണം ഇന്ന് പൂർവാധികം ശക്തമാണ്. (വെളിപ്പാട് 7:9) ഇപ്പോൾ ഓരോ വർഷവും വർദ്ധിച്ചുവരുന്ന ശക്തിയോടും സംഖ്യയിലും ഈ ദശലക്ഷങ്ങൾ സാത്താന്റെ ലോകം പൂർണ്ണമായും നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നു.
5. ആദ്യം പ്രതികൂലമായി ന്യായംവിധിക്കപ്പെടുന്നലോകത്തിന്റെ “മൂന്നിലൊന്ന്” എന്താണ്, എന്തുകൊണ്ട്?
5 വെളിപ്പാട് 8:6-12-ൽ ആദ്യത്തെ നാല് കാഹളങ്ങൾ മുഴങ്ങുന്നു. ലോകത്തിന്റെ “മൂന്നിലൊന്നിന്” വിനാശത്തിൽ കലാശിച്ചുകൊണ്ട് കൻമഴയും തീയും രക്തവും ചൊരിയപ്പെടുന്നു. ആദ്യം പ്രതികൂലന്യായവിധിക്കു പാത്രീഭൂതമാകുന്ന കുററംവഹിക്കുന്ന ലോകത്തിലെ ഭാഗമായി “മൂന്നിലൊന്ന്” പറയപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സാത്താന്റെ വ്യവസ്ഥിതിയാകെ ദൈവത്തിന് നിന്ദ്യമായിരിക്കെ, ഒരു ഭാഗം കൂടുതലായി അങ്ങനെയായിരിക്കുന്നു. ഏതു ഭാഗം? ക്രിസ്തുവിന്റെ പേർ സ്വീകരിച്ചിരിക്കുന്ന ഭാഗം—ക്രൈസ്തവലോകം. ഒന്നാം ലോകമഹായുദ്ധശേഷം ദൈവത്തിന്റെ ന്യായവിധിദൂതുകൾ അവൾക്കെതിരെ വന്നപ്പോൾ ആ കാലത്തെ ക്രൈസ്തവലോകമണ്ഡലം മനുഷ്യവർഗ്ഗത്തിന്റെ മൂന്നിലൊന്നിനെ ഉൾക്കൊണ്ടിരുന്നു.
6. യഹോവ ക്രൈസ്തവലോകത്തെ നാശത്തിന് ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നതെന്തുകൊണ്ട്?
6 ക്രൈസ്തവലോകത്തിന്റെ മതം യേശുക്രിസ്തുവും അവന്റെ ശിഷ്യൻമാരും മുൻകൂട്ടിപ്പറഞ്ഞ സത്യക്രിസ്ത്യാനിത്വത്തിൽനിന്നുള്ള 1,900 വർഷം പഴക്കമുള്ള വിശ്വാസത്യാഗത്തിന്റെ ഫലമാണ്. (മത്തായി 13:24-30; പ്രവൃത്തികൾ 20:29, 30) ക്രൈസ്തവലോകത്തിലെ വൈദികർ ക്രിസ്ത്യാനിത്വത്തിന്റെ ഉപദേഷ്ടാക്കളായി തങ്ങളെത്തന്നെ പ്രതിനിധാനംചെയ്യുന്നു, എന്നാൽ അവരുടെ ഉപദേശങ്ങൾ ബൈബിൾസത്യത്തിൽനിന്ന് വളരെ അകന്നിരിക്കുന്നു. അവരുടെ ദുഷിച്ച നടപടികൾ ദൈവനാമത്തെ തുടർച്ചയായി അപകീർത്തിപ്പെടുത്തുന്നു. ഈ ഇരുപതാം നൂററാണ്ടിലെ യുദ്ധങ്ങളെ പിന്താങ്ങിയതുനിമിത്തമുള്ള അവരുടെ രക്തപാതകം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ക്രൈസ്തവലോകം മുഴുവനായും സാത്താന്റെ വ്യവസ്ഥിതിയുടെ ഒരു ഭാഗമാണ്. അങ്ങനെ, അവൾക്ക് യഹോവയിൽനിന്ന് ശക്തമായ, ഉപ്രദവകരമായ ദൂതുകൾ ലഭിക്കുന്നു, അവൾ യാതൊരു ദിവ്യപ്രീതിയും അർഹിക്കുന്നില്ലെന്ന് അവ പ്രകടമാക്കുന്നു. യഹോവ ഒന്നാം നൂററാണ്ടിലെ യഹൂദഭവനത്തെ ഉപേക്ഷിച്ചതുപോലെതന്നെ തീർച്ചയായി ക്രൈസ്തവലോകഭവനത്തെയും നാശത്തിനു കൈവിട്ടിരിക്കുന്നു!—മത്തായി 23:38.
ആഗോള പ്രസംഗത്തിന് പുനരുജ്ജീവിപ്പിക്കപ്പെടുന്നു
7, 8. (എ) വെളിപ്പാട് 9-ാം അദ്ധ്യായത്തിൽ അഞ്ചാമത്തെ കാഹളനാദം എന്തു വെളിപ്പെടുത്തുന്നു? (ബി) വെട്ടുക്കിളികൾ ആരെ പ്രതീകപ്പെടുത്തുന്നു?
7 വെളിപ്പാട് 9:1-ൽ അഞ്ചാമത്തെ ദൂതൻ കാഹളമൂതുന്നു. ദർശനം ഒരു നക്ഷത്രം ഭൂമിയിലേക്കു വരുന്നതായി വെളിപ്പെടുത്തുന്നു. ഈ നക്ഷത്രത്തിന് തന്റെ കൈയിൽ ഒരു താക്കോൽ ഉണ്ട്. അവൻ വെട്ടുക്കിളികളുടെ ഒരു കൂട്ടത്തെ അടച്ചിട്ടിരുന്ന ഒരു കൂപത്തെ അതുപയോഗിച്ച് തുറക്കുന്നു. ആ നക്ഷത്രം പുതുതായി അവരോധിക്കപ്പെട്ട രാജാവായ യേശുക്രിസ്തുവാണ്. വെട്ടുക്കിളികൾ പീഡിപ്പിക്കപ്പെടുകയും 1918-ൽ തങ്ങളുടെ പ്രമുഖ നേതാക്കൻമാർ തടവിലാക്കപ്പെട്ടപ്പോൾ വഴിയിൽ നിന്ന് നീക്കപ്പെട്ടതായി തോന്നുകയുംചെയ്ത ദൈവദാസൻമാരാണ്. എന്നാൽ ഇപ്പോൾ സ്വർഗ്ഗത്തിൽ രാജ്യാധികാരത്തിലിരിക്കുന്ന ക്രിസ്തു അവർക്ക് തങ്ങളുടെ ആഗോള പരസ്യപ്രസംഗം പുനരാരംഭിക്കാൻകഴിയത്തക്കവണ്ണം അവരെ പുറത്തുവിടുന്നു. അത് അവരുടെ വേലയെ ഞെരിച്ചുകൊല്ലാൻ ഗൂഢാലോചന നടത്തിയ വൈദികരെ അധികമായി വിസ്മയിപ്പിക്കുന്നു.—മത്തായി 24:14.
8 വെട്ടുക്കിളികളെ വെളിപ്പാട് 9:7-ൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു: “വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിന് ചമയിച്ച കുതിരകളോട് സാദൃശ്യംവഹിക്കുന്നു; അവയുടെ തലകളിൽ സ്വർണ്ണംപോലുള്ള കിരീടങ്ങളായി തോന്നിയവ ഉണ്ടായിരുന്നു, അവയുടെ മുഖങ്ങൾ മനുഷ്യരുടെ മുഖങ്ങൾ പോലെയായിരുന്നു.” 10-ാം വാക്യം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “കൂടാതെ, അവയ്ക്ക് തേളുകളെപ്പോലെ വാലുകളും വിഷമുള്ളുകളുമുണ്ട്.” ഈ വെട്ടുക്കിളികൾ 1919 മുതൽ വീണ്ടും ആത്മീയയുദ്ധത്തിന് പുറപ്പെടുന്ന രാജ്യാവകാശികളുടെ പുനരുജ്ജീവിപ്പിക്കപ്പെട്ട ശേഷിപ്പിനെ നന്നായി ചിത്രീകരിക്കുന്നു. പുതുക്കപ്പെട്ട ഊർജ്ജത്തോടെ അവർ വിശേഷാൽ ദുഷിച്ച ക്രൈസ്തവലോകത്തിനെതിരെ ദൈവത്തിന്റെ കുത്തുന്ന ന്യായവിധിദൂതുകൾ പ്രഖ്യാപിച്ചു.
9, 10. (എ) ആറാമത്തെ കാഹളനാദം എന്തു വെളിപ്പെടുത്തുന്നു? (ബി) പതിനായിരക്കണക്കിന് ശക്തിയുള്ള കുതിരകളിൽ ആർ ഉൾപ്പെടുന്നു?
9 അടുത്തതായി, ആറാമത്തെ ദൂതൻ തന്റെ കാഹളമൂതുന്നു. (വെളിപ്പാട് 9:13) ഇത് കുതിരപ്പടകളെ ഇറക്കിവിടുന്നതിനെ വെളിപ്പെടുത്തുന്നു. അവയുടെ എണ്ണം “ഇരുപതിനായിരം പതിനായിരങ്ങൾ” ആണ്. അത് 200 ദശലക്ഷമാണ്! അവ 17ഉം 19ഉം വാക്യങ്ങളിൽ പിൻവരുന്നപ്രകാരം വർണ്ണിക്കപ്പെട്ടിരിക്കുന്നു: “കുതിരകളുടെ തലകൾ സിംഹങ്ങളുടെ തലകൾ പോലെയായിരുന്നു, അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും പുറപ്പെട്ടു. . . . അവയുടെ വാലുകൾ സർപ്പങ്ങൾ പോലെയാണ്.” ഈ സൈന്യങ്ങൾ രാജാവായ ക്രിസ്തുയേശുവിന്റെ നടത്തിപ്പിൽ ഇരച്ചുപായുന്നു. അവ എന്തോരു ഭയങ്കരകാഴ്ചയാണ്!
10 ഈ ശക്തിയുള്ള കുതിരകൾ എന്തിനെ പ്രതിനിധാനംചെയ്യുന്നു? അവയുടെ എണ്ണം ദശലക്ഷങ്ങളായതുകൊണ്ട് അവക്ക് അഭിഷിക്തശേഷിപ്പുമാത്രമായിരിക്കാൻകഴികയില്ല. അവരിൽപെട്ട ഏതാണ്ട് 8,800 പേർമാത്രമേ ഇപ്പോൾ ഭൂമിയിലുള്ളു. പതിനായിരങ്ങൾ വരുന്ന ഈ കുതിരകളിൽ വെളിപ്പാട് 7-ാം അദ്ധ്യായത്തിലെ “മഹാപുരുഷാരം ഉൾപ്പെടേണ്ടതാണ്, ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള പ്രത്യാശയുള്ളവർതന്നെ. ബൈബിളിൽ “മിര്യഡ്” എന്ന പദം മിക്കപ്പോഴും അനിശ്ചിതമായ ഒരു വലിയ സംഖ്യയെ പരാമർശിക്കുന്നു. അങ്ങനെ, ഈ പ്രതീകാത്മക കുതിരകളിൽ കുറഞ്ഞുവരുന്ന അഭിഷിക്തർ മാത്രമല്ല “വേറേ ആടുകളിലെ”ശക്തമായി സംസാരിക്കുന്ന വളർന്നുകൊണ്ടിരിക്കുന്ന “മഹാപുരുഷാര”വും ഉൾപ്പെടും. അവർ വെട്ടുക്കിളിതുല്യരായ അഭിഷിക്തശേഷിപ്പ് തുടങ്ങിയ പരസ്യവേല തുടരുകയാണ്.—യോഹന്നാൻ 10:16
11. “കുതിരകളുടെ അധികാരം അവയുടെ വായ്കളിലാണ്” എന്ന് പറയപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്, അവ ‘അവയുടെ വാലുകൾകൊണ്ട് ഉപ്രദവം ചെയ്യുന്നതെ’ങ്ങനെ?
11 വെളിപ്പാട് 9:19 ഇങ്ങനെ പ്രസ്താവിക്കുന്നു: “കുതിരകളുടെ അധികാരം അവയുടെ വായ്കളിലാണ്,” “[അവയുടെവാലുകൾ]കൊണ്ട് അവ ഉപ്രദവംചെയ്യുന്നു.” ഏതു വിധത്തിലാണ് അധികാരം അവയുടെ വായ്കളിലായിരിക്കുന്നത്? ദശാബ്ദങ്ങളായി ദിവ്യാധിപത്യശുശ്രൂഷാസ്കൂളും മററു മീററിംഗുകളും മുഖേന ദൈവദാസൻമാർ വാമൊഴിയായി അധികാരപൂർവം അവന്റെ ന്യായവിധിദൂതുകൾ പ്രസംഗിക്കാൻ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അവ വാലുകൾകൊണ്ട് ഏതു വിധത്തിൽ ഉപ്രദവംചെയ്യുന്നു? അവർ ശതകോടിക്കണക്കിന് ബൈബിളധിഷ്ഠിതപ്രസിദ്ധീകരണങ്ങൾ ലോകവ്യാപകമായി വിതരണംചെയ്യുകയും അങ്ങനെ സാത്താന്റെ ലോകത്തിനെതിരെ കുത്തുന്ന ദൂതുകൾ പിമ്പിൽ വിട്ടിട്ടു പോരുകയുംചെയ്തിരിക്കുന്നതിനാൽ. അവരുടെ എതിരാളികൾക്ക് ഈ കുതിരപ്പടകൾ യഥാർത്ഥത്തിൽ പതിനായിരങ്ങൾ പോലെ തോന്നുന്നു.
12. പ്രതീകാത്മക വെട്ടുക്കിളികളും കുതിരകളും എന്തു തുടർന്നുചെയ്യണം, എന്തു ഫലത്തോടെ?
12 അങ്ങനെ, പ്രതീകാത്മക വെട്ടുക്കിളികളും കുതിരകളും ദൈവത്തിന്റെ പ്രതികാരദിവസം അടുത്തുവരുമ്പോൾ അവന്റെ ന്യായവിധിദൂതുകൾ കൂടുതൽ വ്യക്തമായും ഉച്ചത്തിലും മുഴക്കേണ്ടതാണ്. പരമാർത്ഥഹൃദയമുള്ളവർക്ക് ആ ദൂതുകൾ ഭൂമിയിലെ ഏററം നല്ല വാർത്തകളാണ്. എന്നാൽ സാത്താന്റെ ലോകത്തെ കൂടുതലിഷ്ടപ്പെടുന്നവർക്ക് അവ ദുർവാർത്തയാണ്, എന്തുകൊണ്ടെന്നാൽ അവ അവരുടെ ലോകം പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടാനിരിക്കുകയാണെന്ന് അർത്ഥമാക്കുന്നു.
13. ഏഴാമത്തെ കാഹളനാദത്തോടു ബന്ധപ്പെട്ട “മൂന്നാമത്തെ കഷ്ട”ത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ത്, അത് ഒരു “കഷ്ട”മായിരിക്കുന്നതെങ്ങനെ?
13 ബാധയാൽ ഉപ്രദവിക്കുന്ന വെട്ടുക്കിളികളും കുതിരപ്പടകളും മൂന്ന് ദിവ്യനിശ്ചിത “കഷ്ടങ്ങളിൽ” ഒന്നാമത്തേതും രണ്ടാമത്തേതുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാട് 9:12; 11:14) “മൂന്നാമത്തെ കഷ്ടം” എന്താണ്? വെളിപ്പാട് 10:7-ൽ നമ്മോടു പറഞ്ഞിരിക്കുന്നു: “ഏഴാമത്തെ ദൂതന്റെ മുഴക്കലിന്റെ നാളുകളിൽ, . . . ദൈവം തന്റെ സ്വന്തം അടിമകളായ പ്രവാചകൻമാരോട് പ്രഖ്യാപിച്ച സുവാർത്തക്കനുസൃതമായ അവന്റെ പാവനരഹസ്യം തീർച്ചയായും പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നു.” ഈ പാവനരഹസ്യത്തിൽ ഏദനിൽവെച്ച് ആദ്യം വാഗ്ദത്തംചെയ്യപ്പെട്ട “സന്തതി” ഉൾപ്പെടുന്നു. (ഉൽപ്പത്തി 3:15) ആ “സന്തതി” മുഖ്യമായി യേശുവാണ്, എന്നാൽ അതിൽ സ്വർഗ്ഗത്തിൽ അവനോടുകൂടെ ഭരിക്കുന്ന അവന്റെ അഭിഷിക്തകൂട്ടാളികളും ഉൾപ്പെടുന്നു. അതുകൊണ്ട് പാവനരഹസ്യം സ്വർഗ്ഗീയദൈവരാജ്യത്തോട് ബന്ധപ്പെട്ടതാണ്. ഈ രാജ്യം മൂന്നാമത്തെ ദിവ്യനിർദ്ദിഷ്ട “കഷ്ടം” ആനയിക്കും, എന്തുകൊണ്ടെന്നാൽ അത് സാത്താന്റെ ലോകത്തിനെതിരായ ദൈവത്തിന്റെ ന്യായവിധികൾ സമ്പൂർണ്ണമായി നടപ്പിലാക്കും.
രാജ്യം സ്ഥാപിക്കപ്പെടുന്നു
14. വെളിപ്പാട് 11:15-ലെ ഏഴാമത്തെ കാഹളനാദം എന്തു പ്രഖ്യാപിക്കുന്നു?
14 അപ്പോഴാണ് അത് സംഭവിക്കുക! വെളിപ്പാട് 11:15 പറയുന്നു: “ഏഴാമത്തെ ദൂതൻ തന്റെ കാഹളമൂതി. സ്വർഗ്ഗത്തിൽ വലിയ ശബ്ദങ്ങൾ ഉണ്ടായി, ഇങ്ങനെ പറഞ്ഞുകൊണ്ട്: ‘ലോകരാജ്യം നമ്മുടെ കർത്താവിന്റെയും [യഹോവ] അവന്റെ ക്രിസ്തുവിന്റെയും രാജ്യമായിത്തീർന്നിരിക്കുന്നു, അവൻ എന്നുമെന്നേക്കും രാജാവായി ഭരിക്കും.’” അതെ ക്രിസ്തു മൂലമുള്ള ദൈവരാജ്യം 1914 എന്ന വർഷത്തിൽ സ്വർഗ്ഗത്തിൽ സ്ഥാപിതമായെന്ന് പ്രഖ്യാപിക്കപ്പെടുന്നു. ഒന്നാം ലോകമഹായുദ്ധശേഷം ശേഷിപ്പ് പുനരുജ്ജീവിപ്പിക്കപ്പെട്ടപ്പോൾ അവർ ഈ വാർത്തയെ മുൻപന്തിയിലേക്കു കൊണ്ടുവന്നു.
15. ഏതു സംഭവം 1922-ൽ രാജ്യപ്രസംഗത്തിൽ ഒരു മുന്നേററത്തിന് സിഗ്നൽ കൊടുത്തു?
15 യു.എസ്.എ. ഒഹായോ സിഡാർപോയിൻറിൽ 1922-ൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ ഹാജരായ ആയിരങ്ങൾ പുളകപ്രദമായ ഈ പ്രഖ്യാപനം കേട്ടു: “ഇത് സകല ദിവസങ്ങളുടെയും ദിവസമാണ്. നോക്കൂ, രാജാവ് വാഴുന്നു! നിങ്ങൾ അവന്റെ പ്രസിദ്ധീകരണ ഏജൻറൻമാരാണ് അതുകൊണ്ട് രാജാവിനെയും അവന്റെ രാജ്യത്തെയും പരസ്യപ്പെടുത്തുക, പരസ്യപ്പെടുത്തുക, പരസ്യപ്പെടുത്തുക.” അത് പരസ്യരാജ്യപ്രസംഗത്തിന്റെ വലിയ മുന്നേററത്തിന് തുടക്കംകുറിച്ചു, അതിൽ ഏഴ് ദൂതകാഹളമൂത്തുകാർ ഘോഷിച്ച ന്യായവിധികളും ഉൾപ്പെട്ടിരിക്കുന്നു. ഇന്ന്, ലോകത്തിലുടനീളമുള്ള യഹോവയുടെ 55,000-ത്തിൽപരം സഭകളിലെ മുപ്പത്തഞ്ചുലക്ഷത്തോളം ദാസൻമാർ ഈ ആഗോള രാജ്യപ്രസംഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു. തീർച്ചയായും പതിനായിരങ്ങൾതന്നെ!
16. വെളിപ്പാട് 12-ാം അദ്ധ്യായത്തിൽ, ആകാശവും ഭൂമിയും ഉൾപ്പെടുന്ന ഏത് കൂടുതലായ വികാസം ഏഴാമത്തെ കാഹളനാദം വെളിപ്പെടുത്തി?
16 എന്നാൽ ഏഴാമത്തെ ദൂതന് കൂടുതൽ വെളിപ്പെടുത്താനുണ്ട്. അപ്പോൾ “സ്വർഗ്ഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു”വെന്ന് വെളിപ്പാട് 12:7 പറയുന്നു. രാജാവായ ക്രിസ്തുവിന്റെ യുദ്ധപ്രവർത്തനത്തിന്റെ ഈ ഫലം വെളിപ്പാട് 12: 9-ാം വാക്യം നൽകുന്നു: “അങ്ങനെ, മുഴുനിവസിതഭൂമിയെയും വഴിതെററിച്ചുകൊണ്ടിരിക്കുന്ന പിശാചും സാത്താനുമെന്നു വിളിക്കപ്പെട്ട ആദ്യപാമ്പായ മഹാസർപ്പം താഴോട്ടു വലിച്ചെറിയപ്പെട്ടു; അവൻ ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു, അവന്റെ ദൂതൻമാർ അവനോടുകൂടെ വലിച്ചെറിയപ്പെട്ടു.” വെളിപ്പാട് 12: 12-ാം വാക്യം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ കാരണത്താൽ സ്വർഗ്ഗങ്ങളും അതിൽ വസിക്കുന്നവരുമേ, സന്തോഷിപ്പിൻ!” അതെ, സ്വർഗ്ഗങ്ങൾ സാത്താന്റെ സ്വാധീനത്തിൽനിന്ന് ശുദ്ധീകരിക്കപ്പെട്ടു, അത് വിശ്വസ്തദൂതൻമാരുടെ ഇടയിൽ വലിയ സന്തോഷത്തിനു കാരണമായിരുന്നു. എന്നാൽ മനുഷ്യവർഗ്ഗത്തിന് അത് എന്ത് അർത്ഥമാക്കുന്നു? അതേ വാക്യം ഉത്തരം നൽകുന്നു: “ഭൂമിക്കും സമുദ്രത്തിനും ഹാ കഷ്ടം, എന്തുകൊണ്ടെന്നാൽ തനിക്ക് അൽപ്പകാലഘട്ടമാണുള്ളതെന്നറിഞ്ഞുകൊണ്ട് പിശാച് മഹാകോപത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു.”
17. വെളിപ്പാട് 13-ാം അദ്ധ്യായത്തിൽ ലോകഗവൺമെൻറിനെ “ഒരു കാട്ടുമൃഗ”മായി വർണ്ണിച്ചിരിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
17 ‘ഏഴു തലയും പത്തു കൊമ്പുമുള്ള ഒരു മഹാസർപ്പ’മായിട്ടാണ് വെളിപ്പാട് 12:3 സാത്താനെ വർണ്ണിക്കുന്നത്—മൃഗതുല്യമായ ഒരു ഭീകര വിനാശകൻ. അവൻ വെളിപ്പാട് 13-ാം അദ്ധ്യായം വെളിപ്പാട് 13: 1ഉം 2ഉം വാക്യങ്ങളിൽ വർണ്ണിച്ചിരിക്കുന്ന ഭൗമിക രാഷ്ട്രീയ “കാട്ടുമൃഗ”ത്തിന്റെ സംവിധായകനാണെന്ന് ഇത് പ്രകടമാക്കുന്നു. ആ മൃഗത്തിനും സാത്താനെ അനുകരിച്ച് ഏഴു തലയും പത്തു കൊമ്പുമുണ്ട്. വെളിപ്പാട് 13: 2-ാം വാക്യം പറയുന്നു: “മഹാസർപ്പം [സാത്താൻ] മൃഗത്തിന് അതിന്റെ ശക്തിയും അതിന്റെ സിംഹാസനവും വലിയ അധികാരവും കൊടുത്തു.” രാഷ്ട്രീയഗവൺമെൻറുകളെ ഒരുകാട്ടുമൃഗമായി വർണ്ണിക്കുന്നത് തീർച്ചയായും ഉചിതമാണ്, എന്തുകൊണ്ടെന്നാൽ ഈ 20-ാംനൂററാണ്ടിൽത്തന്നെ പത്തുകോടിയിലധികം ആളുകൾ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
18. വെളിപ്പാട് 13:11-ലെ രണ്ടുകൊമ്പുള്ള മൃഗം എന്താണ്, അതിന്റെ പ്രവർത്തനങ്ങൾ അതിനെ തിരിച്ചറിയാൻ സഹായിക്കുന്നതെങ്ങനെ?
18 വെളിപ്പാട് 13-ലെ അടുത്ത രംഗം, വെളിപ്പാട് 13: 11-ാം വാക്യം പറയുന്നതുപോലെ, വെളിപ്പെടുത്തുന്നതനുസരിച്ച് “മറെറാരു കാട്ടുമൃഗം ഭൂമിയിൽനിന്ന് കയറിവരുന്നു, അതിന് ഒരു കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുണ്ടായിരുന്നു, എന്നാൽ അത് ഒരു മഹാസർപ്പത്തെപ്പോലെ സംസാരിച്ചുതുടങ്ങി.” രണ്ടു കൊമ്പുള്ള ഈ മൃഗം ആംഗ്ലോ അമേരിക്കൻ രാഷ്ട്രീയ സഖ്യമാണ്. അത് അത്യന്തം പ്രബുദ്ധഭരണരൂപമായി, നിർദ്ദോഷിയായി നടിക്കുന്നതിനാൽ കുഞ്ഞാടിനെപ്പോലെയാണ്. എന്നാൽ ഒരു മഹാസർപ്പത്തെപ്പോലെ, സാത്താനെപ്പോലെ, അത് സംസാരിക്കുന്നു. അതിന്റെ ഭരണപ്രവർത്തനങ്ങൾ മൃഗതുല്യമായിരിക്കുന്നതുകൊണ്ട് അത് “മറെറാരു കാട്ടുമൃഗം” എന്ന് വിളിക്കപ്പെടുന്നു. അതിന്റെ ഭരണവിധം സ്വീകരിക്കപ്പെടാത്തടത്തെല്ലാം അത് സമ്മർദ്ദംചെലുത്തുകയും ഭീഷണിപ്പെടുത്തുകയും അക്രമം പ്രയോഗിക്കുകയുംപോലുംചെയ്യുന്നു. അത് ദൈവരാജ്യത്തോടുള്ള കീഴ്പ്പെടലിനല്ല, പിന്നെയോ സാത്താന്റെ ലോകത്തോടുള്ള വിധേയത്വത്തിനാണ് പ്രോൽസാഹിപ്പിക്കുന്നത്. അതുകൊണ്ടാണ് “അത് ഭൂമിയിൽ വസിക്കുന്നവരെ വഴിതെററിക്കുന്നു”വെന്ന് വെളിപ്പാട് 13:14-ാം വാക്യം പറയുന്നത്.
19, 20. (എ) യഹോവയുടെ ദാസൻമാരുടെ നിർമ്മലത എന്തു പ്രകടമാക്കുന്നു? (ബി) അഭിഷിക്തശേഷിപ്പ് തീർച്ചയായും സാത്താന്റെ ലോകത്തിൻമേൽ ജയംകൊള്ളുമെന്ന് നാം എങ്ങനെ അറിയുന്നു?
19 സാത്താന്റെ ആധിപത്യത്തിൻകീഴിലുള്ള ഈ ലോകം സത്യക്രിസ്ത്യാനികളോടുള്ള യേശുവിന്റെ കൽപ്പനയനുസരിച്ച് ലോകത്തിന്റെ ഭാഗമായിരിക്കാത്തവർക്ക് ജീവിക്കാൻ പ്രയാസമുള്ള ഒരു സ്ഥലമാണ്. (യോഹന്നാൻ 17:16) അങ്ങനെ, ലോകത്തിലെങ്ങുമുള്ള യഹോവയുടെ ദാസൻമാർ ഇന്ന് നിർമ്മലത പാലിക്കുന്നതും അവനെയും അവന്റെ നീതിയുള്ള വഴികളെയും മഹിമപ്പെടുത്തുന്നതിൽ ഒററക്കെട്ടായി തുടരുന്നതും യഹോവയുടെ ശക്തിയുടെയും അനുഗ്രഹത്തിന്റെയും ഒരു മുന്തിയ പ്രകടനമാണ്. അവർ ഉഗ്രമായ എതിർപ്പിനെയും പീഡനത്തെയും മരണത്തെയും പോലും തൃണവൽഗണിച്ചുകൊണ്ടാണ് ഇതു ചെയ്യുന്നത്.
20 അഭിഷിക്തശേഷിപ്പ് ക്രിസ്തുവിനോടുകൂടെ സഹഭരണാധികാരികളായിരിക്കേണ്ടതാകയാൽ അവർ വിശേഷാൽ സാത്താന്റെ ലക്ത്യമായിരിക്കുന്നു. എന്നാൽ അവരുടെ പൂർണ്ണസംഖ്യയും, 1,44,000-വും, വിജയശാലികളായി ക്രിസ്തുവിനോടുകൂടെ രാജ്യാധികാരത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പാട് 14-ാം അദ്ധ്യായം പ്രകടമാക്കുന്നു. അവർ വിശ്വസ്തതയോടെ തങ്ങളുടെ യജമാനനോടു പററിനിന്നിരിക്കുന്നു, എന്തെന്നാൽ 4-ാം വാക്യം പറയുന്നതുപോലെ: “കുഞ്ഞാട് എവിടെ പോയാലും അവനെ അനുഗമിച്ചുകൊണ്ടിരിക്കുന്നവർ ഇവരാണ്”—സാത്താൻ അവരുടെമേൽ വരുത്തിയിരിക്കുന്ന ക്രൂര പീഡനം ഗണ്യമാക്കാതെതന്നെ.
ദൈവത്തിന്റെ ന്യായവിധികൾ ആദ്യംഏററവാങ്ങുന്നു
21, 22. (എ) വെളിപ്പാട് 14:7, 8-ൽ ദൂതൻമാർ ഏതു പ്രഖ്യാപനങ്ങൾ നടത്തുന്നു? (ബി) മതമഹാബാബിലോൻ സ്ഥിതിചെയ്യുമ്പോൾത്തന്നെ ഒരു ദൂതൻ അവളുടെ വീഴ്ചയെ പ്രഖ്യാപിക്കുന്നതെന്തുകൊണ്ട്?
21 വെളിപ്പാട് 14:7-ൽ ഒരു ദൂതൻ വിളിച്ചുപറയുന്നു: “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുക്കുക, എന്തുകൊണ്ടെന്നാൽ അവനാലുള്ള ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു, തന്നിമിത്തം ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവുകളെയും ഉണ്ടാക്കിയവനെ ആരാധിക്കുക.” ദൈവത്തിന്റെ പ്രതികൂലന്യായവിധി ആദ്യം ഏററുവാങ്ങുന്നതാരാണ്? 8-ാം വാക്യം ഉത്തരം നൽകുന്നു: “മറെറാരുവൻ, രണ്ടാമതൊരു ദൂതൻ പിന്തുടർന്നുകൊണ്ടു പറഞ്ഞു: ‘അവൾ വീണിരിക്കുന്നു! തന്റെ ദുർവൃത്തിയുടെ കോപവീഞ്ഞ് സകല ജനതകളെയും കുടിപ്പിച്ച മഹാബാബിലോൻ വീണിരിക്കുന്നു!’” ഇവിടെ ആദ്യമായി, വെളിപ്പാട് വ്യാജമതത്തിന്റെ ആഗോളസാമ്രാജ്യമായ “മഹാബാബിലോനെ”ക്കുറിച്ച് പറയുന്നു, എന്നാൽ അവസാനമായിട്ടല്ല.
22 മതം ഇപ്പോഴും ഭൂമിയുടെ വിവിധഭാഗങ്ങളിൽ സ്വാധീനംപ്രയോഗിക്കുന്നതുകൊണ്ട് മഹാബാബിലോൻ ഇപ്പോഴേ വീണിരിക്കുന്നതായി ദൂതൻ പ്രഖ്യാപിക്കുന്നതെന്തുകൊണ്ട്? ശരി, ക്രി. മു. 539-ൽ പുരാതനബാബിലോൻ വീണെങ്കിലും പൂർണ്ണമായി നശിപ്പിക്കപ്പെടാഞ്ഞപ്പോൾ എന്തു ഫലമുണ്ടായി? യഹോവയുടെ ബന്ദികളായിരുന്ന ദാസൻമാർ രണ്ടുവർഷംകഴിഞ്ഞ് തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങുകയും സത്യാരാധന പുനഃസ്ഥാപിക്കുകയുംചെയ്തു! അതേവിധത്തിൽ, 1919-ൽ തുടങ്ങിയ പുതുക്കപ്പെട്ട പ്രവർത്തനത്തിലേക്കും ആത്മീയാഭിവൃദ്ധിയിലേക്കുമുള്ള ദൈവദാസൻമാരുടെ പുനഃസ്ഥിതീകരണം അന്ന്, 1919-ൽ മഹാബാബിലോന് യഹോവയാൽ വീക്ഷിക്കപ്പെടുന്നപ്രകാരം ഒരു മറിയൽ അനുഭവപ്പെട്ടുവെന്നതിന്റെ വ്യക്തമായ തെളിവാകുന്നു. അവിടെ അവൻ അവളെ പിൽക്കാലനിർമ്മൂലനാശത്തിന് കുററംവിധിച്ചു.
23. (എ) മഹാബാബിലോന്റെ നാശത്തിന് വഴിയൊരുക്കപ്പെട്ടുകൊണ്ടിരിക്കുന്നതെങ്ങനെ? (ബി) വീക്ഷാഗോപുരത്തിന്റെ അടുത്ത ലക്കത്തിൽ കൂടുതലായ എന്തു പ്രവചനങ്ങൾ പരിചിന്തിക്കപ്പെടും?
23 അവളുടെ അടുത്തുവരുന്ന നിർമ്മൂലനാശത്തിന്റെ ഒരു നാന്ദിയായി ആധുനികബാബിലോൻ ഇപ്പോൾത്തന്നെ ആഴമായ കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണ്. അവളുടെ ദുഷിപ്പും കടുത്ത ദുർമ്മാർഗ്ഗവും വഞ്ചനയും രാഷ്ട്രീയ ഇടപെടലും എല്ലായിടത്തും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. യൂറോപ്പിൽ മിക്കടത്തും മേലാൽ പള്ളിയിൽപോകുന്നവർ ഏറെയില്ല. അനേകം സോഷ്യലിസ്ററ്രാജ്യങ്ങളിൽ, മതം “മനുഷ്യരെ മയക്കുന്ന കറുപ്പാ”യി വീക്ഷിക്കപ്പെടുന്നു. കൂടാതെ, ആധുനികബാബിലോൻ ദൈവത്തിന്റെ സത്യവചനത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും ദൃഷ്ടിയിൽ അവമാനിതയാണ്. അതുകൊണ്ട് അവൾ തനിക്കർഹമായ വധവും കാത്ത് അണിയിൽ നിൽക്കുകയാണ്. അതെ, ലോകത്തെ പിടിച്ചുകുലുക്കുന്ന സംഭവവികാസങ്ങൾക്കുള്ള “നിയമിതസമയം സമീപിച്ചിരിക്കുന്നു”! അടുത്ത വീക്ഷാഗോപുരലക്കത്തിൽകൂടുതലായ അദ്ധ്യയനലേഖനങ്ങൾ മത“വേശ്യ”യുടെയും സാത്താന്റെ മുഴുവ്യവസ്ഥിതിയുടെയും വരാനിരിക്കുന്ന നാശത്തെസംബന്ധിച്ച വെളിപ്പാടിലെ പ്രവചനങ്ങൾ ചർച്ചചെയ്യും. (w89 4/1)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ വെളിപ്പാട് 8-ാം അദ്ധ്യായത്തിൽ തുടങ്ങുന്ന ഏഴു കാഹളനാദങ്ങൾ നമ്മുടെ നാളിലേക്ക് എന്തർത്ഥമാക്കുന്നു?
□ ക്രൈസ്തവലോകം ആദ്യമായി പ്രതികൂല ന്യായവിധിക്ക് വിധേയമാകുന്നതെന്തുകൊണ്ട്?
□ വെളിപ്പാട് 9-ാം അദ്ധ്യായത്തിൽ അഭിഷിക്തശേഷിപ്പിന്റെയും “മഹാപുരുഷാര”ത്തിന്റെയും പ്രസംഗവേല എങ്ങനെ വർണ്ണിക്കപ്പെട്ടിരിക്കുന്നു?
□ വെളിപ്പാട് 11:15-ലെ പ്രഖ്യാപനം സ്വർഗ്ഗത്തിനും ഭൂമിക്കും എന്തർത്ഥമാക്കി?
□ വെളിപ്പാട് 14:8-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്നപ്രകാരം മതബാബിലോൻ 1919-ൽ വീണതെങ്ങനെ, ഇത് അവൾക്ക് എന്തർത്ഥമാക്കുന്നു?