വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഓരോ സഭയിലും മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കുന്നത് എങ്ങനെയാണ്?
എ.ഡി. ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്തലനായ പൗലോസ് എഫെസൊസ് സഭയിലെ മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളെക്കുറിച്ചും ദൈവം സ്വപുത്രന്റെ രക്തത്താൽ വിലയ്ക്കുവാങ്ങിയ തന്റെ സഭയെ മേയ്ക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകന്മാർ ആക്കിവെച്ച മുഴു ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുവിൻ.” (പ്രവൃ. 20:28) മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കുന്നതിൽ ഇന്ന് പരിശുദ്ധാത്മാവ് ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്?
ഒന്നാമതായി, മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ഉണ്ടായിരിക്കേണ്ട യോഗ്യതകൾ രേഖപ്പെടുത്താൻ പരിശുദ്ധാത്മാവാണ് ബൈബിളെഴുത്തുകാരെ പ്രചോദിപ്പിച്ചത്. 1 തിമൊഥെയൊസ് 3:1-7-ൽ മൂപ്പന്മാർക്കുണ്ടായിരിക്കേണ്ട 16-ഓളം യോഗ്യതകൾ പട്ടികപ്പെടുത്തിയിരിക്കുന്നു. മറ്റുചില യോഗ്യതകൾ തീത്തൊസ് 1:5-9; യാക്കോബ് 3:17, 18 എന്നീ തിരുവെഴുത്തുകളിൽ കാണാം. ശുശ്രൂഷാദാസന്മാർക്കുവേണ്ട യോഗ്യതകളെക്കുറിച്ച് 1 തിമൊഥെയൊസ് 3:8-10, 12, 13 എന്നീ വാക്യങ്ങളിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. രണ്ടാമതായി, ഒരു സഹോദരൻ തിരുവെഴുത്തു യോഗ്യതകളിൽ ന്യായമായ അളവിൽ എത്തിച്ചേർന്നിട്ടുണ്ടോ എന്നു പരിഗണിക്കുമ്പോൾ, ശുപാർശ ചെയ്യുന്നവരും നിയമിക്കുന്നവരും അക്കാര്യത്തിൽ യഹോവയുടെ ആത്മാവിന്റെ മാർഗനിർദേശത്തിനായി പ്രത്യേകം പ്രാർഥിക്കുന്നു. മൂന്നാമതായി, ശുപാർശ ചെയ്യപ്പെടുന്ന വ്യക്തി തന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നുണ്ടായിരിക്കണം. (ഗലാ. 5:22, 23) അതുകൊണ്ട്, നിയമനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൈവത്തിന്റെ ആത്മാവ് ഉൾപ്പെട്ടിരിക്കുന്നു.
എന്നാൽ ആരാണ് യഥാർഥത്തിൽ നിയമനങ്ങൾ നടത്തുന്നത്? മുമ്പ്, മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും നിയമനത്തോടു ബന്ധപ്പെട്ട ശുപാർശകളെല്ലാം ബ്രാഞ്ചോഫീസിലേക്ക് അയയ്ക്കുമായിരുന്നു. അവിടെ, ഭരണസംഘം നിയമിച്ച സഹോദരന്മാർ ഈ ശുപാർശകൾ പരിശോധിച്ച് അനുയോജ്യമായ നിയമനങ്ങൾ നടത്തും. തുടർന്ന്, ബ്രാഞ്ചോഫീസ് നിയമനങ്ങൾ മൂപ്പന്മാരുടെ സംഘത്തെ അറിയിക്കും. നിയമിതരായ ഈ സഹോദരന്മാരെ മൂപ്പന്മാർ അവരുടെ നിയമനത്തെക്കുറിച്ച് അറിയിക്കുകയും അവർ അത് സ്വീകരിക്കാൻ തയ്യാറാണോയെന്നും അവർ അതിന് യോഗ്യരാണോയെന്നും ചോദിച്ചറിയുകയും ചെയ്യും. ഒടുവിൽ സഭയിൽ അറിയിപ്പു നടത്തും.
എന്നാൽ ഒന്നാം നൂറ്റാണ്ടിൽ എങ്ങനെയായിരുന്നു ഇത്തരം നിയമനങ്ങൾ നടത്തിയിരുന്നത്? ചിലപ്പോഴൊക്കെ, ചില പ്രത്യേക നിയമനങ്ങൾ അപ്പൊസ്തലന്മാർ നടത്തിയിരുന്നു. ഉദാഹരണത്തിന്, വിധവമാർക്ക് ഭക്ഷണം വിതരണം ചെയ്യാനായി ഏഴു പുരുഷന്മാരെ അവരാണ് നിയമിച്ചത്. (പ്രവൃ. 6:1-6) എങ്കിലും, ഈ നിയമനം ലഭിക്കുന്നതിനു മുമ്പുതന്നെ ഇവർ മൂപ്പന്മാരായി സേവിച്ചിരുന്നിരിക്കാം.
അന്ന് ഓരോ നിയമനവും നടത്തിയിരുന്നത് എങ്ങനെയാണെന്ന് തിരുവെഴുത്തുകൾ വ്യക്തമായി വിശദീകരിക്കുന്നില്ല. എങ്കിലും അതിന്റെ ചില സൂചനകൾ തിരുവെഴുത്തുകളിലുണ്ട്. പൗലോസും ബർന്നബാസും തങ്ങളുടെ ആദ്യത്തെ മിഷനറി പര്യടനം കഴിഞ്ഞ് സ്വദേശത്തേക്കു മടങ്ങവെ, “സഭതോറും . . . മൂപ്പന്മാരെ നിയമിക്കുകയും ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ട്, അവർ വിശ്വസിച്ച യഹോവയിങ്കൽ അവരെ ഭരമേൽപ്പിക്കുകയും ചെയ്തു” എന്ന് നാം വായിക്കുന്നു. (പ്രവൃ. 14:23) വർഷങ്ങൾക്കു ശേഷം, തന്റെ സഞ്ചാരകൂട്ടാളിയായിരുന്ന തീത്തൊസിന് പൗലോസ് ഇങ്ങനെ എഴുതി: “ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത് ശേഷിച്ച കാര്യങ്ങൾ ക്രമപ്പെടുത്താനും എന്റെ നിർദേശങ്ങൾക്ക് അനുസൃതമായി പട്ടണന്തോറും മൂപ്പന്മാരെ നിയമിക്കാനും ആയിരുന്നല്ലോ.” (തീത്തൊ. 1:5) അതുപോലെ, അപ്പൊസ്തലനായ പൗലോസിനോടൊപ്പം അനേകം യാത്രകൾ നടത്തിയ തിമൊഥെയൊസിനും സമാനമായ അധികാരം നൽകിയിരുന്നതായി തോന്നുന്നു. (1 തിമൊ. 5:22) ഇതു വ്യക്തമാക്കുന്നത് അന്ന് ഈ നിയമനങ്ങൾ നടത്തിയിരുന്നത് യെരുശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും ആയിരുന്നില്ല, സഞ്ചാര മേൽവിചാരകന്മാരായിരുന്നു എന്നാണ്.
ഈ തിരുവെഴുത്തു കീഴ്വഴക്കം മനസ്സിൽപ്പിടിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. 2014 സെപ്റ്റംബർ 1 മുതൽ പിൻവരുന്ന പ്രകാരമായിരിക്കും നിയമനങ്ങൾ നടത്തുക: ഓരോ സർക്കിട്ട് മേൽവിചാരകനും തന്റെ സർക്കിട്ടിൽനിന്നു ലഭിക്കുന്ന ശുപാർശകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നു. സഭകൾ സന്ദർശിക്കുമ്പോൾ, ശുപാർശ ചെയ്യപ്പെട്ടവരെ അടുത്തറിയുക എന്ന ലക്ഷ്യത്തിൽ അവരോടൊപ്പം ശുശ്രൂഷയിൽ പ്രവർത്തിക്കാൻ സാധ്യമായിടത്തോളം അദ്ദേഹം ശ്രമിക്കുന്നു. മൂപ്പന്മാരുടെ സംഘവുമായി ശുപാർശകളെക്കുറിച്ച് ചർച്ച ചെയ്ത് സഭകളിൽ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കാനുള്ള ഉത്തരവാദിത്വം സർക്കിട്ട് മേൽവിചാരകനാണ്. അങ്ങനെ ഈ ക്രമീകരണം ഒന്നാം നൂറ്റാണ്ടിലെ മാതൃകയുമായി കൂടുതൽ ചേർച്ചയിലാകുന്നു.
ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന വ്യത്യസ്തധർമങ്ങൾ നിർവഹിക്കുന്നത് ആരൊക്കെയാണ്? “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ പ്രാഥമിക ഉത്തരവാദിത്വം വീട്ടുകാർക്ക് തക്കസമയത്ത് ഭക്ഷണം കൊടുക്കുക എന്നതാണ്. (മത്താ. 24:45-47) ആത്മാവിന്റെ സഹായത്താൽ തിരുവെഴുത്തുകൾ പരിശോധിച്ച്, ലോകവ്യാപക സഭയുടെ സംഘാടനവുമായി ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു. സർക്കിട്ട് മേൽവിചാരകന്മാരെയും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെയും നിയമിക്കുന്നതും വിശ്വസ്തനും വിവേകിയുമായ അടിമതന്നെയാണ്. ഭരണസംഘത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള പ്രായോഗിക സഹായം ബ്രാഞ്ചോഫീസുകൾ നൽകുന്നു. ഓരോ സഭയിലെയും മൂപ്പന്മാരുടെ സംഘത്തിനാണ് തങ്ങൾ ശുപാർശ ചെയ്യുന്ന വ്യക്തികളുടെ തിരുവെഴുത്തു യോഗ്യതകളെക്കുറിച്ച് വിശദമായി പരിചിന്തിക്കാനുള്ള ഉത്തരവാദിത്വം. ഓരോ സർക്കിട്ട് മേൽവിചാരകനും, ശുപാർശകൾ ശ്രദ്ധയോടെ, പ്രാർഥനാപൂർവം പരിചിന്തിക്കുകയും യോഗ്യരായവരെ നിയമിക്കുകയും ചെയ്യാനുള്ള ഗൗരവാവഹമായ ഉത്തരവാദിത്വമുണ്ട്.
നിയമനങ്ങൾ എങ്ങനെ നടത്തുന്നുവെന്ന് നാം മനസ്സിലാക്കുമ്പോൾ ഈ ക്രമീകരണത്തിൽ പരിശുദ്ധാത്മാവ് വഹിക്കുന്ന പങ്ക് ഏറെ മെച്ചമായി മനസ്സിലാക്കാനും വിലമതിക്കാനും നമുക്കാകും. അങ്ങനെയാകുമ്പോൾ, ക്രിസ്തീയസഭയിൽ നിയമിതരാകുന്ന വ്യക്തികളിൽ കൂടുതലായി വിശ്വാസം അർപ്പിക്കാനും അവരെ ആദരിക്കാനും നമുക്കു കഴിയും.—എബ്രാ. 13:7, 17.
വെളിപാട് 11-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന രണ്ടു സാക്ഷികൾ ആരാണ്?
വെളിപാട് 11:3-ൽ, 1,260 ദിവസം പ്രവചിക്കുന്ന രണ്ടു സാക്ഷികളെക്കുറിച്ച് പറയുന്നു. തുടർന്ന് കാട്ടുമൃഗം “അവരെ കീഴടക്കി കൊന്നുകളയും” എന്ന് വിവരണം പറയുന്നു. എന്നാൽ കണ്ടുനിൽക്കുന്നവരെ ഒക്കെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, “മൂന്നരദിവസം” കഴിഞ്ഞ് ഈ രണ്ടു സാക്ഷികൾ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നു.—വെളി. 11:7, 11.
ആരാണ് ഈ രണ്ടു സാക്ഷികൾ? വിവരണത്തിലെ വിശദാംശങ്ങൾ അവരെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. ഒന്നാമതായി, “രണ്ട് ഒലിവുവൃക്ഷങ്ങളും രണ്ടു നിലവിളക്കുകളും ഇവരെയത്രേ പ്രതീകപ്പെടുത്തുന്നത്” എന്ന് നാം വായിക്കുന്നു. (വെളി. 11:4) ഇത് സെഖര്യാവിന്റെ പ്രവചനത്തിൽ വർണിച്ചിട്ടുള്ള വിളക്കുതണ്ടിനെയും രണ്ട് ഒലിവു മരങ്ങളെയും നമ്മുടെ ഓർമയിലേക്ക് കൊണ്ടുവരുന്നു. “സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാ”രെയാണ് ആ ഒലിവു വൃക്ഷങ്ങൾ ചിത്രീകരിക്കുന്നതെന്ന് പ്രവചനം പറയുന്നു. ഗവർണറായിരുന്ന സെരുബ്ബാബേലും മഹാപുരോഹിതനായിരുന്ന യോശുവയും ആണ് ആ രണ്ടുപേർ. (സെഖ. 4:1-3, 14) രണ്ടാമതായി, മോശയും ഏലിയാവും ചെയ്തതിനു സമാനമായ അടയാളങ്ങൾ ഈ രണ്ട് സാക്ഷികളും ചെയ്യുന്നതായി വിവരണം പറയുന്നു.—വെളിപാട് 11:5, 6-നെ സംഖ്യാപുസ്തകം 16:1-7, 28-35; 1 രാജാക്കന്മാർ 17:1; 18: 41-45 എന്നീ തിരുവെഴുത്തുകളുമായി താരതമ്യം ചെയ്യുക.
എന്താണ് വെളിപാടിലെയും സെഖര്യാവിന്റെ പ്രവചനത്തിലെയും മേൽപ്പറഞ്ഞ രണ്ടു പരാമർശങ്ങളിലുമുള്ള പൊതുവായ സവിശേഷത? പരിശോധനയുടെ ദുർഘടമായ ഒരു കാലഘട്ടത്തിൽ നേതൃത്വമെടുത്ത, ദൈവത്തിന്റെ അഭിഷിക്ത പ്രതിനിധികളിലേക്കാണ് ഈ രണ്ടു സന്ദർഭങ്ങളിലും വിവരണം വിരൽചൂണ്ടുന്നത്. അതുകൊണ്ട് വെളിപാട് 11-ാം അധ്യായത്തിലെ പ്രവചനം നിവർത്തിച്ചുകൊണ്ട്, 1914-ൽ ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായ സമയത്ത് ഭൂമിയിൽ നേതൃത്വമെടുത്തിരുന്ന അഭിഷിക്ത സഹോദരന്മാർ മൂന്നര വർഷം “രട്ടുടുത്ത്” പ്രസംഗിച്ചു.
രട്ടുടുത്തുള്ള ആ പ്രസംഗവേലയുടെ അവസാനത്തിൽ, താരതമ്യേന ചുരുങ്ങിയ ഒരു കാലഘട്ടം അതായത് പ്രതീകാത്മകമായ മൂന്നര ദിവസം, ഈ അഭിഷിക്തർ തടവിലാക്കപ്പെട്ടപ്പോൾ ആലങ്കാരികമായ അർഥത്തിൽ അവർ കൊല്ലപ്പെട്ടു. ദൈവജനത്തിന്റെ വേല നിലച്ചുപോയതു നിമിത്തം ശത്രുക്കളുടെ ദൃഷ്ടിയിൽ ദൈവജനം കൊല്ലപ്പെട്ടതുപോലെയായിരുന്നു. എതിരാളികൾ സന്തോഷിച്ചാനന്ദിച്ചു.—വെളി. 11:8-10.
എന്നിരുന്നാലും, പ്രവചനത്തിലെ വാക്കുകൾക്ക് ചേർച്ചയിൽ മൂന്നര ദിവസത്തിന് ഒടുവിൽ ദൈവം ആ രണ്ടു സാക്ഷികളെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു. ഈ അഭിഷിക്തർ ജയിൽമോചിതരായി എന്നു മാത്രമല്ല വിശ്വസ്തരായി നിലനിന്നവർക്ക് അവരുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിൽനിന്ന് സവിശേഷമായ ഒരു നിയമനവും ലഭിച്ചു. അന്ത്യനാളുകളിൽ ദൈവജനത്തിന്റെ ആത്മീയാവശ്യങ്ങൾക്കായി കരുതുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ”യായി 1919-ൽ ക്രിസ്തു നിയമിച്ചവരിൽ അവർ ഉൾപ്പെട്ടിരുന്നു.—മത്താ. 24:45-47; വെളി. 11:11, 12.
ഈ സംഭവങ്ങളെ ആത്മീയാലയം അളക്കുന്ന അഥവാ വിലയിരുത്തുന്ന ഒരു കാലയളവുമായി വെളിപാട് 11:1, 2 ബന്ധപ്പെടുത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ആത്മീയാലയത്തിന്റെ സമാനമായ ഒരു പരിശോധനയെയും തുടർന്നുള്ള ഒരു ശുദ്ധീകരണകാലഘട്ടത്തെയും കുറിച്ച് മലാഖി 3-ാം അധ്യായം പരാമർശിക്കുന്നുണ്ട്. (മലാ. 3:1-4) ഈ പരിശോധനയും ശുദ്ധീകരണവേലയും എത്ര കാലം നീണ്ടുനിൽക്കുമായിരുന്നു? 1914 മുതൽ 1919-ന്റെ പ്രാരംഭഭാഗം വരെ. വെളിപാട് 11-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന 1,260 ദിവസവും (42 മാസം) ആലങ്കാരികമായ മൂന്നര ദിവസവും ഉൾപ്പെടുന്നതാണ് ഈ കാലഘട്ടം.
‘സത്പ്രവൃത്തികൾക്കായി ഒരു (സവിശേഷ)ജനത്തെ ശുദ്ധീകരിച്ചെടുക്കേണ്ടതിന്’ യഹോവ ഈ ആത്മീയ ശുദ്ധീകരണവേല നടത്തിയതിൽ നാം എത്ര ധന്യരാണ്! (തീത്തൊ. 2:14) കൂടാതെ, പരിശോധനയുടെ ആ നാളുകളിൽ നേതൃത്വമെടുത്തുകൊണ്ട് ആലങ്കാരിക അർഥത്തിൽ ‘രണ്ടു സാക്ഷികൾ’ ആയി സേവിച്ച വിശ്വസ്തരായ ആ അഭിഷിക്തരുടെ മാതൃക നാം അത്യധികം വിലമതിക്കുകയും ചെയ്യുന്നു.a
a കൂടുതൽ വിവരങ്ങൾക്കായി 2013 ജൂലൈ 15 വീക്ഷാഗോപുരം പേജ് 22, ഖണ്ഡിക 12 കാണുക.