നാൾ അടുത്തുവരവേ അന്യോന്യം പ്രോൽസാഹിപ്പിക്കുക
“അന്യോന്യം പ്രോൽസാഹിപ്പി[ക്കാം] . . ., നാൾ അടുത്തുവരുന്നതായി നിങ്ങൾ കാണുമ്പോൾ പൂർവാധികംതന്നെ.”—എബ്രായർ 10:25.
1, 2. ഏതു ദിവസമാണ് അടുത്തുവരുന്നത്, യഹോവയുടെ ജനത്തിന്റെ മനോഭാവമെന്തായിരിക്കണം?
‘വന്ന് ജീവജലം ആസ്വദിക്കുക’ എന്ന് പറയുന്നതിൽ ഇന്നു പങ്കെടുക്കുന്നവർ തങ്ങളെത്തന്നെ ഒററപ്പെടുത്തുന്നില്ല. യഹോവയുടെ മഹത്തായ വിജയദിനം അടുത്തുവരുമ്പോൾ അവർ ഈ ബൈബിൾബുദ്ധിയുപദേശം ബാധകമാക്കുന്നു: “ചിലർക്കുള്ള പതിവുപോലെ, നമ്മുടെ കൂടിവരവ് ഉപേക്ഷിക്കാതെ, അന്യോന്യം പ്രോൽസാഹിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദിപ്പിക്കാൻ നമുക്ക് അന്യോന്യം പരിഗണിക്കാം, നാൾ അടുത്തുവരുന്നതായി നിങ്ങൾ കാണുമ്പോൾ പൂർവാധികംതന്നെ.”—എബ്രായർ 10:24, 25.
2 തിരുവെഴുത്തുകൾ ആ “നാളി”നെക്കുറിച്ച് “യഹോവയുടെ ദിവസം” എന്നാണ് പ്രവചിക്കുന്നത്. (2 പത്രോസ് 3:10) യഹോവ അത്യുന്നതനും സർവശക്തനുമായ ദൈവമായതുകൊണ്ട് യാതൊരു ദിവസത്തിനും അവന്റെ ദിവസത്തേക്കാൾ ശോഭിക്കാൻ കഴികയില്ല. (പ്രവൃത്തികൾ 2:20) അതിന്റെ അർത്ഥം സർവ അഖിലാണ്ഡത്തിൻമേലുമുള്ള ദൈവമെന്ന നിലയിലുള്ള അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനമെന്നാണ്. സമാന്തരമില്ലാത്ത പ്രാധാന്യത്തോടുകൂടിയ ആ ദിവസം അടുത്തുവരുകയാണ്.
3. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾക്ക് യഹോവയുടെ ദിവസം അടുത്തുവന്നുകൊണ്ടിരുന്നതെങ്ങനെ, ഇന്നു നമ്മേസംബന്ധിച്ചെന്ത്?
3 യഹോവയുടെ ദിവസം അടുത്തുവരുകയാണെന്ന് നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളോട് അപ്പോസ്തലനായ പൗലോസ് പറയുകയുണ്ടായി. ആ ദിവസത്തിന്റെ വരവിനുവേണ്ടി അവർ നോക്കിപ്പാർത്തിരുന്നു, എന്നാൽ അന്ന് ആ ദിവസം 1,900ൽപരം വർഷം അകലെയായിരുന്നു. (2 തെസ്സലോനീക്യർ 2:1-3) ആ വസ്തുത ഗണ്യമാക്കാതെ, ആ ദിവസം തീർച്ചയായും വരേണ്ടതുതന്നെയായിരുന്നതുകൊണ്ട്, അവർ പ്രോൽസാഹിപ്പിക്കപ്പെടണമായിരുന്നു, ക്രിസ്ത്യാനികൾ ആ വിശ്വാസത്തിൽ സ്ഥിരമായി മുന്നേറുകയാണെങ്കിൽ അവർ ആ അനുഗൃഹീത ദിവസത്തിൽ പ്രവേശിക്കുമായിരുന്നു. (2 തിമൊഥെയോസ് 4:8) അന്ന് ആ ദിവസം അടുത്തുവരുന്നതായി കാണപ്പെട്ടു. ഇന്നത്തെ നമ്മേ സംബന്ധിച്ചാണെങ്കിൽ, യഹോവയുടെ ദിവസം തീർച്ചയായും അടുത്തിരിക്കുന്നു. ബൈബിൾ പ്രവചനങ്ങളുടെ അത്ഭുതകരമായ സകല നിവൃത്തികളും സന്തോഷപ്രചോദകമായ ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു. പെട്ടെന്നുതന്നെ, നമ്മുടെ ദൈവമായ യഹോവയുടെ നാമം സകല നിത്യതയിലേക്കുമായി വിശുദ്ധീകരിക്കപ്പെടും.—ലൂക്കോസ് 11:2.
ദിവ്യനാമത്താൽ പ്രോൽസാഹിതർ
4. വെളിപ്പാട് 19:6 അനുസരിച്ച്, ആർ രാജാവായിത്തീരേണ്ടതാണ്, അവന്റെ നാമം എങ്ങനെ തിരിച്ചറിയപ്പെടുന്നു?
4 ദിവ്യനാമം മുഴു മനുഷ്യകുടുംബത്തിനും താത്പര്യമുള്ള ഒരു സംഗതിയായിരിക്കണം. ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ദൈവത്തെ സ്തുതിക്കുക! എന്തെന്നാൽ നമ്മുടെ സർവശക്തനായ ദൈവമായ കർത്താവ് രാജാവാകുന്നു!” (വെളിപ്പാട് 19:6) 20-ാം നൂററാണ്ടിലെ ആ ബൈബിൾഭാഷാന്തരമനുസരിച്ച് അവൻ സർവശക്തനായ ദൈവമായ കർത്താവാണ്. ആ ഭാഷാന്തരവും അതുപോലെതന്നെ മററനേകം ആധുനിക ഭാഷാന്തരങ്ങളും രാജാവായി ഭരിക്കാൻ തുടങ്ങുന്ന ദിവ്യനായവന്റെ പേർ നൽകുന്നില്ല. എന്നിരുന്നാലും, റിവൈസ്ഡ് സ്ററാൻഡേർഡ് വേർഷനിലും ദി ന്യൂ ഇൻറർനാഷനൽ വേർഷനിലും മോഫററിന്റെ ഭാഷാന്തരത്തിലും വെളിപ്പാട് 19:6-ൽ കാണപ്പെടുന്ന “ഹല്ലേലുയ്യാ!” (“യാഹിനെ സ്തുതിക്കുക” അല്ലെങ്കിൽ “യഹോവയെ സ്തുതിക്കുക”) എന്ന ഉദ്ഘോഷത്തിൽ ദിവ്യനാമം ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. നമ്മുടെ പൊതുയുഗത്തിന്റെ അധികഭാഗത്തും ദിവ്യനാമം അടിസ്ഥാനപരമായി ബൈബിൾഭാഷാന്തരങ്ങളിൽനിന്ന് മറക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, നാം കാണാൻപോകുന്നതുപോലെ, പുരാതനകാലത്തും ആധുനികകാലത്തും ആ നാമം ദൈവജനത്തിന് വലിയ പ്രോൽസാഹനമായിരുന്നിട്ടുണ്ട്.
5, 6. (എ) താൻ പ്രതിനിധാനംചെയ്ത ദൈവത്തിന്റെ പേർ മോശ അറിയേണ്ടിയിരുന്നതെന്തുകൊണ്ട്? (ബി) മോശ ദിവ്യ നാമത്തെ ഊന്നിപ്പറഞ്ഞപ്പോൾ ഇസ്രായേല്യരുടെമേലുണ്ടായ ഫലമെന്തായിരിക്കണം?
5 ഈജിപ്ററ്ദേശത്ത് അടിമകളാക്കപ്പെട്ടിരുന്ന ഇസ്രായേൽജനത്തിന്റെ അടുക്കലേക്ക് അത്യുന്നതനായ ദൈവം മോശയെ അയച്ചപ്പോൾ അവരുടെ മനസ്സിൽ ആരാണ് മോശയെ അയച്ചതെന്ന ചോദ്യം പൊന്തിവന്നു. താൻ പ്രതിനിധാനംചെയ്യുന്ന ദൈവത്തിന്റെ പേരെന്താണെന്ന് ദുരിതമനുഭവിക്കുന്ന യഹൂദജനം അറിയാനാഗ്രഹിക്കുമെന്ന് മോശ പ്രതീക്ഷിച്ചു. ഈ സംഗതിസംബന്ധിച്ച് നാം പുറപ്പാട് 3:15-ൽ ഇങ്ങനെ വായിക്കുന്നു: “ദൈവം ഒരിക്കൽകൂടെ മോശയോട് ഇങ്ങനെ പറഞ്ഞു: ‘നീ ഇസ്രായേൽപുത്രൻമാരോട് പറയേണ്ടത് ഇതാണ്, “അബ്രാഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പൂർവപിതാക്കൻമാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.”’ ഇത് അനിശ്ചിതകാലത്തോളം എന്റെ നാമമാകുന്നു, ഇത് തലമുറതലമുറയായി എന്റെ ജ്ഞാപകമാകുന്നു.”
6 ഈ വിവരം ഇസ്രായേല്യരോട് ഊന്നിപ്പറയപ്പെട്ടപ്പോൾ, അവർ വളരെ പ്രോൽസാഹിതരായിത്തീർന്നിരിക്കണം. ഏക സത്യദൈവമായ യഹോവയാൽ അവരുടെ വിടുതലിന് ഉറപ്പു ലഭിച്ചിരുന്നു. ഉദ്ധതമായി തന്നേത്തന്നെ ഒററപ്പെടുത്താതെ ദൈവം തന്റെ വ്യക്തിപരമായ പേരിന്റെ അർത്ഥം പ്രകടമാക്കുമ്പോൾ അവനുമായി പരിചയപ്പെടുന്നതിന്റെ പ്രതീക്ഷ ഉണ്ടായിരിക്കുന്നത് എത്ര പ്രോൽസാഹകമായിരുന്നിരിക്കണം!—പുറപ്പാട് 3:13; 4:29-31.
7. (എ) യേശുവിന്റെ ശിഷ്യൻമാർക്ക് ദിവ്യനാമം പരിചിതമായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു? (ബി) ദൈവനാമം എങ്ങനെ പിന്തള്ളപ്പെട്ടു?
7 കർത്താവായ യേശുക്രിസ്തുവിന്റെ ശിഷ്യൻമാരും യഹോവ എന്ന ദിവ്യനാമത്താലും അതു പ്രതിനിധാനംചെയ്ത സംഗതിയാലും അതിയായി പ്രോൽസാഹിതരായി. (യോഹന്നാൻ 17:6, 26) യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത് അവൻ തീർച്ചയായും ദിവ്യനാമത്തെ പിന്തള്ളിയില്ലായിരുന്നു. യേശു എന്ന തന്റെ സ്വന്തം നാമത്തെ പ്രമുഖമാക്കുകയെന്നത് അവന്റെ ഉദ്ദേശ്യമല്ലായിരുന്നു. മുൻകൂട്ടിപ്പറയപ്പെട്ട, സത്യക്രിസ്തീയ വിശ്വാസത്തിൽനിന്നുള്ള വിശ്വാസത്യാഗത്തിന്റെ തുടക്കത്തിനുശേഷം മാത്രമേ ദിവ്യനാമം പിന്തള്ളപ്പെട്ടുള്ളു, അതെ, പരസ്പര ക്രിസ്തീയസംഭാഷണത്തിൽനിന്ന് പ്രായോഗികമായി തുടച്ചുനീക്കപ്പെട്ടുള്ളു. (പ്രവൃത്തികൾ 20:29, 30) പിതാവിന്റെ നാമത്തിൻമേൽ നിഴൽവീഴ്ത്തിക്കൊണ്ട് ദൈവപുത്രന്റെ നാമത്തിന് ഏറെ പ്രാമുഖ്യത കൊടുത്തുതുടങ്ങുമ്പോൾ ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവർ തങ്ങളുടെ പിതാവാരാധന വർദ്ധിതമായി അമൂർത്തവും കുടുംബപരമായ അടുപ്പമില്ലാത്തതും തന്നിമിത്തം വളരെ പ്രോൽസാഹജനകമല്ലാത്തതുമായി കാണുമായിരുന്നു.
8. യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചതിന് ദൈവജനത്തിൻമേൽ തുടരെയുണ്ടായ ഫലമെന്താണ്?
8 അതുകൊണ്ട്, വാച്ച്ററവർ സൊസൈററിയോടു ബന്ധപ്പെട്ട അന്തർദ്ദേശീയ ബൈബിൾവിദ്യാർത്ഥികൾ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചപ്പോൾ അത് അവർണ്ണനീയമായ സന്തോഷത്തിനുള്ള കാരണമായിരുന്നു. അത് സന്തോഷജനകമായിരുന്നുവെന്നു മാത്രമല്ല, അത്യന്തം പ്രോൽസാഹജനകവുമായിരുന്നു. ഈ കാരണത്താൽ, പുതുതായി നാമകരണംചെയ്യപ്പെട്ട ബൈബിൾവിദ്യാർത്ഥികൾക്ക് അന്യോന്യം പ്രോൽസാഹിപ്പിക്കാൻ കഴിയുമായിരുന്നു.—യെശയ്യാവ് 43:12 താരതമ്യപ്പെടുത്തുക.
9. തങ്ങൾ ആരുടെ സാക്ഷികളായിരിക്കുന്നുവോ അവനെക്കുറിച്ച് സത്യക്രിസ്ത്യാനികൾ എന്തു വിചാരിക്കുന്നു?
9 തത്ഫലമായി, സത്യക്രിസ്ത്യാനികൾ ഇന്ന് ആരുടെ മുൻകൂട്ടിപ്പറയപ്പെട്ട സാക്ഷികളായിരിക്കുന്നുവോ അവനെ തിരിച്ചറിയിക്കുന്നത് ഉചിതമാണെന്ന് കണ്ടെത്തുന്നു, അവരുടെ നേതാവായ യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ ചെയ്തതുപോലെതന്നെ. (വെളിപ്പാട് 1:1, 2) അതെ, യഹോവ എന്നു നാമമുള്ള ഏകനായി അവർ അവനെ തിരിച്ചറിയിക്കുന്നു.—സങ്കീർത്തനം 83:18.
സന്തോഷവും പരിശുദ്ധാത്മാവും കൊണ്ടു നിറഞ്ഞു
10-12. (എ) യേശുവിന്റെ അനുഗാമികളുടെമേലുള്ള പ്രവർത്തനനിരതമായ ശക്തിയുടെ ഫലമെന്തായിരിക്കും? (ബി) യഹോവയുടെ സന്തോഷപ്രചോദിതരായ സാക്ഷികൾ അന്യോന്യം എങ്ങനെ കരുതാൻ ആഗ്രഹിക്കുന്നു?
10 തന്റെ അപ്പോസ്തലൻമാരോടുള്ള വിടവാങ്ങൽവാക്കുകളിൽ യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “ആകയാൽ പോയി ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജനതകളിലെയും ആളുകളെ പഠിപ്പിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാപനപ്പെടുത്തി ശിഷ്യരാക്കുക. നോക്കൂ! വ്യവസ്ഥിതിയുടെ സമാപനംവരെ എല്ലാ നാളും ഞാൻ നിങ്ങളോടുകൂടെയുണ്ട്.”—മത്തായി 28:19, 20.
11 പുതുതായി പഠിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾ പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്നാപനപ്പെടുത്തപ്പെടണമായിരുന്നുവെന്ന് കുറിക്കൊള്ളുക. ഈ പരിശുദ്ധാത്മാവ് ഒരു ആളല്ല, പിന്നെയോ യഹോവയാം ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്, അവൻ യേശുക്രിസ്തുമുഖേന അതിനെ വിനിയോഗിക്കുന്നു. പെന്തെക്കോസ്തിൽ യഹോവയാം ദൈവം യേശു മുഖേന ഈ പ്രവർത്തനനിരതമായ ശക്തിയെ യേശുക്രിസ്തുവിന്റെ സമർപ്പിതാനുഗാമികളുടെമേൽ പകർന്നു. (പ്രവർത്തികൾ 2:33) അവർ ഈ പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു. പരിശുദ്ധാത്മാവിന്റെ പ്രകടനങ്ങളിൽ അഥവാ ഫലങ്ങളിലൊന്ന് സന്തോഷമാണ്. (ഗലാത്യർ 5:22, 23; എഫേസ്യർ 5:18-20) സന്തോഷം ഉത്തേജകമായ ഒരു ഗുണമാണ്. ശിഷ്യൻമാർ പരിശുദ്ധാത്മാവിന്റെ സന്തോഷംകൊണ്ടു നിറയേണ്ടതാണ്. അപ്പോസ്തലനായ പൗലോസിന്റെ വാചകത്തിലുള്ള പ്രാർത്ഥന അത്യന്തം ഉചിതമാണ്: “പ്രത്യാശ നൽകുന്ന ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷത്താലും സമാധാനത്താലും നിങ്ങളെ നിറക്കട്ടെ, നിങ്ങൾ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പ്രത്യാശയിൽ പെരുകിവരേണ്ടതിനുതന്നെ.”—റോമർ 15:13.
12 ഈ സന്തോഷപ്രചോദകമായ ആത്മാവിനാൽ നിറഞ്ഞ്, “മഹാപരുഷാരം” ഉൾപ്പെടെയുള്ള ഇന്നത്തെ യഹോവയുടെ സാക്ഷികൾ ഈ സൗഹൃദമില്ലാത്ത വ്യവസ്ഥിതിയിൻമദ്ധ്യേ അന്യോന്യം പ്രോൽസാഹിപ്പിക്കാൻ ആഗ്രഹിക്കും, അതെ, അതിനു പ്രേരിപ്പിക്കപ്പെടും. അതനുസരിച്ച്, അപ്പോസ്തലനായ പൗലോസ് “പ്രോൽസാഹനത്തിന്റെ ഒരു പരസ്പര കൈമാററ”ത്തെക്കുറിച്ച് പ്രസ്താവിച്ചു.—വെളിപ്പാട് 7:9, 10; റോമർ 1:12; 14:17.
പ്രോൽസാഹിതരാകാൻ സകല കാരണവും
13. പ്രോൽസാഹിപ്പിക്കപ്പെടുന്നതിനും അന്യോന്യം പ്രോൽസാഹിപ്പിക്കുന്നതിനും നമുക്ക് എന്തു കാരണങ്ങളുണ്ട്?
13 നീതിയായ സകലത്തിന്റെയും എതിരാളി ഭരണാധികാരിയായിരിക്കുന്ന, അതെ, ദൈവംപോലുമായിരിക്കുന്ന ഈ വ്യവസ്ഥിതിയുടെ മദ്ധ്യേ ആയിരിക്കുന്നതിനാൽ ക്രിസ്ത്യാനികൾ ലോകവ്യാപകക്രിസ്തീയസഭക്കുള്ളിൽ അന്യോന്യം പ്രോൽസാഹിപ്പിക്കാൻ ആഗ്രഹിക്കും, ആ സഭയിൽ യഹോവയാം ദൈവത്തിന്റെ പരിശുദ്ധാത്മാവ് വ്യാപരിക്കുന്നുണ്ട്. (എബ്രായർ 10:24, 25; പ്രവൃത്തികൾ 20:28) പ്രോൽസാഹിതരാകാൻ നമുക്കു സകല കാരണവുമുണ്ട്. അതെ, നമുക്ക് യഹോവയെയും അവന്റെ പുത്രനെയും അവർ ഉപയോഗിക്കുന്ന പ്രവർത്തനനിരതമായ ശക്തിയെയും, അതായത്, പരിശുദ്ധാത്മാവിനെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം ലഭിച്ചിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്! അവർ നൽകുന്ന പ്രത്യാശക്ക് നാം എത്ര നന്ദിയുള്ളവരാണ്! അങ്ങനെ നമ്മുടെ ആരാധനയിൽ സന്തോഷം നിറഞ്ഞിരിക്കുന്നു. അപ്പോസ്തലനായ പൗലോസ് സംബോധനചെയ്ത് ലേഖനമെഴുതിയ ക്രിസ്ത്യാനികളോട് അവർ അന്യോന്യം പ്രോൽസാഹിപ്പിക്കണമെന്നും തങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തിൽ അന്യോന്യം കെട്ടുപണിചെയ്യണമെന്നും അവൻ പറഞ്ഞു. ‘നാൾ അടുത്തുവരുന്നത് അവർ ആലങ്കാരികമായി കണ്ടപ്പോൾ പൂർവാധികം അങ്ങനെതന്നെ ചെയ്യണ’മായിരുന്നു. തന്നെയുമല്ല, ഭൂമിയിലെ രാഷ്ട്രീയശക്തികൾ നാമധേയക്രിസ്ത്യാനിത്വത്തെ മറെറല്ലാ വ്യാജമതങ്ങളോടുംകൂടെ തുടച്ചുനീക്കുമ്പോൾ, നാം പൂർവാധികം അന്യോന്യം പ്രോൽസാഹിപ്പിക്കാൻ സാഹചര്യം ആവശ്യപ്പെടും.
14. ആർ അന്യോന്യം പ്രോൽസാഹിപ്പിക്കണം, എങ്ങനെ?
14 മൂപ്പൻമാർ തങ്ങളുടെ ഓരോ സഭയിലെയും ആട്ടിൻകൂട്ടത്തെ പ്രോൽസാഹിപ്പിക്കുന്നതിൽ മുൻകൈ എടുക്കുന്നുവെന്നിരിക്കെ, സകല ക്രിസ്ത്യാനികളും അന്യോന്യം പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്. അങ്ങനെയാണല്ലോ എബ്രായർ 10:25 ബുദ്ധിയുപദേശിക്കുന്നത്. യഥാർത്ഥത്തിൽ, ഇത് ഒരു ക്രിസ്തീയ വ്യവസ്ഥയാണ്. നിങ്ങൾ ഒരു സഭയിലെ അംഗമാണെങ്കിൽ നിങ്ങൾ ഈ പ്രോൽസാഹനം കൊടുക്കുന്നുണ്ടോ? ‘എനിക്ക് എങ്ങനെ കഴിയും? എനിക്ക് എന്തു ചെയ്യാൻ കഴിയും?’ എന്നറിയാൻ നിങ്ങളാഗ്രഹിച്ചേക്കാം. ഒന്നാമത്, യോഗങ്ങളിലെ നിങ്ങളുടെതന്നെ സാന്നിദ്ധ്യത്താലും ക്രിസ്തീയക്രമീകരണത്തിനുള്ള നിങ്ങളുടെ പിന്തുണയാലും മറെറല്ലാ സഹോദരീസഹോദരൻമാരും പ്രോൽസാഹിപ്പിക്കപ്പെടുന്നില്ലേ, മററുള്ളവർ വിശ്വസ്തമായി സഭാമീററിംഗുകൾക്ക് ഹാജരാകുന്നതു കാണുമ്പോൾ നിങ്ങൾതന്നെ പ്രോൽസാഹിപ്പിക്കപ്പെടാനിടയുള്ളതുപോലെതന്നെ. നിങ്ങളുടെ വിശ്വസ്തസഹനത്തിന്റെ ദൃഷ്ടാന്തത്താൽ അവർക്കും പ്രോൽസാഹിതരാകാൻ കഴിയും. ജീവിതപ്രശ്നങ്ങളും പ്രയാസങ്ങളും ഗണ്യമാക്കാതെ ഒരിക്കലും മടുത്തുപോകാതെ നിങ്ങൾ ക്രിസ്തീയഗതിയിൽ തുടരുന്നതിനാൽ, നിങ്ങൾക്ക് പ്രചോദകമായ ദൃഷ്ടാന്തം വെക്കാൻ കഴിയും.
പിശാചിൽനിന്നുള്ള നിരുൽസാഹത്തെ ചെറുത്തുനിൽക്കുക
15. പിശാചിന് “മഹാക്രോധം” ഉള്ളതെന്തുകൊണ്ട്, ആർക്കെതിരെ?
15 യഹോവയുടെ നാൾ സമീപിച്ചിരിക്കുന്നുവെന്ന് അറിയുന്നവർ നമ്മൾ മാത്രമല്ല. പിശാ ചായ സാത്താനുമറിയാം. “പിശാച് തനിക്ക് അല്പകാലഘട്ടമാണുള്ളതെന്നറിഞ്ഞുകൊണ്ട് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു”വെന്ന് വെളിപ്പാട് 12:12 നമ്മോടു പറയുന്നു. വെളിപ്പാട് 12:17 സൂചിപ്പിക്കുന്നതുപോലെ, അവന്റെ മഹാക്രോധം തിരിച്ചുവിട്ടിരിക്കുന്നത് “ദൈവത്തിന്റെ കല്പനകൾ അനുഷ്ഠിക്കുന്നവരും യേശുവിനു സാക്ഷ്യംവഹിക്കുന്ന വേലയുള്ളവരുമായ”വർക്കെതിരെയാണ്. അതുസംബന്ധിച്ചു സംശയമില്ല—പിശാച് നമ്മെ നിരുത്സാഹപ്പെടുത്താനാഗ്രഹിക്കുന്നു! അതു ചെയ്യാൻ ശ്രമിക്കേണ്ടതെങ്ങനെയെന്ന് അവനറിയാം. നമ്മുടെ ദൗർബ്ബല്യങ്ങളും പ്രശ്നങ്ങളും അവനറിയാം, അവൻ അവയെ ചൂഷണംചെയ്യുന്നു.
16. സാത്താൻ ഒരു ആയുധമായി നിരുത്സാഹത്തെ ഉപയോഗിക്കുന്നതെന്തുകൊണ്ട്?
16 പിശാച് എന്തുകൊണ്ടാണ് നിരുത്സാഹത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നത്? എന്തുകൊണ്ടെന്നാൽ അത് മിക്കപ്പോഴും പ്രാവർത്തികമാകുന്നു. നേരിട്ടുള്ള എതിർപ്പും പീഡനവും സഹിച്ചുനിന്നിട്ടുള്ള ഒരാൾ പോലും നിരുത്സാഹത്തിന് ഇരയായേക്കാം. യഹോവയാം ദൈവത്തെ പരിഹസിക്കാനും അവനെ സേവിക്കുന്നതിൽനിന്ന് ആളുകളെ തിരിച്ചുകളയാൻ തനിക്കു കഴിയുമെന്നു തെളിയിക്കാൻ ശ്രമിക്കുന്നതിനും സാത്താനാഗ്രഹിക്കുന്നു. (സദൃശവാക്യങ്ങൾ 27:11; ഇയ്യോബ് 2:4, 5 താരതമ്യപ്പെടുത്തുക; വെളിപ്പാട് 12:10) അവനു നിങ്ങളെ നിരുത്സാഹപ്പെടുത്താൻ കഴിയുമെങ്കിൽ, നിങ്ങളുടെ ദൈവസേവനത്തിൽ നിങ്ങൾ മന്ദീഭവിക്കാൻ അവൻ ഇടയാക്കിയേക്കാം; വേല നിർത്താൻ, രാജ്യസുവാർത്താപ്രസംഗത്തിൽ നിഷ്ക്രിയനാകാൻപോലും, അവൻ ഇടയാക്കിയേക്കാം.—2 കൊരിന്ത്യർ 2:10, 11; എഫേസ്യർ 6:11; 1 പത്രോസ് 5:8.
17. മോശയുടെ നാളിൽ നിരുത്സാഹത്തിന്റെ നിഷേധാത്മകഫലങ്ങൾ എങ്ങനെ പ്രകടമായിരുന്നു?
17 നിരുത്സാഹത്തിന്റെ നിഷേധാത്മകഫലങ്ങൾ പുരാതന ഈജിപ്ററിലെ ഇസ്രായേലിന്റെ കാര്യത്തിൽ ശ്രദ്ധിക്കാൻ കഴിയും. മോശ ഫറവോനോടു സംസാരിച്ച ശേഷം, ആ ക്രൂരഭരണാധികാരി അവരുടെ ഭാരങ്ങളും അവരെയുള്ള ഞെരുക്കലും അതിയായി വർദ്ധിപ്പിച്ചു. താൻ തീർച്ചയായും അവരെ വിടുവിക്കുമെന്നും അവരെ തന്റെ ജനമാക്കുമെന്നും അവർക്കു രക്ഷ കൈവരുത്തുമെന്നും അവരെ വാഗ്ദത്തദേശത്തേക്കു കൊണ്ടുവരുമെന്നും ഇസ്രായേല്യർക്ക് ഉറപ്പുകൊടുക്കാൻ ദൈവം മോശയോടു പറഞ്ഞു. മോശ ഈ ഫലത്തിൽ ഇസ്രായേൽപുത്രൻമാരോടു സംസാരിച്ചു. എന്നാൽ പുറപ്പാട് 6:9 ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “അവർ നിരുത്സാഹത്തിൽനിന്നും കഠിനമായ അടിമത്തം നിമിത്തവും മോശയെ ശ്രദ്ധിച്ചില്ല.” യഹോവ മോശക്ക് ബോധ്യംവരുത്തുകയും പ്രോൽസാഹനംകൊടുക്കുകയും ചെയ്യുന്നതുവരെ, തന്നോടു കല്പിച്ചതുപോലെ ഫറവോനോടു സംസാരിക്കാനാഗ്രഹിക്കുന്നതിൽനിന്ന് ഈ പ്രതികരണം മോശയെപ്പോലും നിരുത്സാഹപ്പെടുത്തി.—പുറപ്പാട് 6:10-13.
18. പിശാച് വരുത്തുന്ന നിരുത്സാഹത്തെ ദൈവജനം ചെറുത്തുനിൽക്കേണ്ടതിന്റെ വലിയ ആവശ്യമുള്ളതെന്തുകൊണ്ട്?
18 നിരുത്സാഹത്തിന് ഒരു ദൈവദാസന്റെമേലുണ്ടാകാവുന്ന നിഷേധാത്മകഫലം പിശാചായ സാത്താന് നന്നായി അറിയാം. സദൃശവാക്യങ്ങൾ 24:10 പറയുന്നതുപോലെ, “അരിഷ്ടനാളിൽ നീ നിരുത്സാഹിതനെന്നു പ്രകടമാക്കിയിരിക്കുന്നുവോ? നിന്റെ ശക്തി തുച്ഛമായിരിക്കും.” നാം അന്ത്യകാലത്ത് വളരെ ആഴത്തിലെത്തി ജീവിക്കുന്നതിനാൽ നാം ആത്മീയമായി ശക്തരും കരുത്തരുമായിരിക്കേണ്ടതുണ്ട്. നമ്മെ പിന്നോക്കം നിർത്തുന്ന നമ്മുടെ അപൂർണ്ണതകളോടും ദൗർബല്യങ്ങളോടും തെററുകളോടും നാം പോരാടേണ്ടിയിരിക്കുന്നതുതന്നെ മോശമാണ്; എന്നാൽ സാത്താൻ ഈ കുഴപ്പങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ട് നമുക്ക് സഹായം ആവശ്യമാണ്.
ക്രിസ്തുവിന്റെ ബലിയിൽ ദൃഢമായി ആശ്രയിക്കുക
19. നിരുത്സാഹത്തെ ചെറുത്തുനിൽക്കാൻ നമ്മെ എന്തു സഹായിക്കും, എന്തുകൊണ്ട്?
19 ഈ കാര്യത്തിലെ ഒരു വലിയ സഹായം യേശുക്രിസ്തുമുഖേന യഹോവ സാദ്ധ്യമാക്കിയിരിക്കുന്ന മറുവിലയുടെ കരുതലാണ്. മറുവിലയിൽ ദൃഢമായി ആശ്രയിക്കുന്നതിനാൽ നമുക്ക് ജയശാലികളാകാൻ കഴിയും. ഈ കരുതലിനെ ചെറുതാക്കിക്കാണുന്നത് അപകടകരമാണ്. അതെ, നാം അപൂർണ്ണരായിരിക്കുന്നിടത്തോളം കാലം നാം തെററ് അല്ലെങ്കിൽ പാപം ചെയ്യും. നാം ആശയില്ലെന്ന് വിചാരിച്ച് നിരുത്സാഹിതരായി വിട്ടുപോകേണ്ടതില്ല, അങ്ങനെ സാത്താന്റെ കുരുക്കിൽ വീഴേണ്ടതില്ല. പാപത്തിനുവേണ്ടി നമുക്ക് ഒരു പൂർണ്ണബലിയുണ്ടെന്ന് നമുക്കറിയാം. മറുവിലക്ക് പാപങ്ങളെ നീക്കാൻ കഴിയും. നാം “മഹാപുരുഷാര”ത്തിൽപെട്ടവരാണെങ്കിൽ, നമുക്ക് നമ്മുടെ അങ്കികൾ കുഞ്ഞാടിന്റെ രക്തത്തിൽ അലക്കിവെളുപ്പിക്കാൻ കഴിയുമെന്നുള്ള പൂർണ്ണവിശ്വാസവും ഉറപ്പും ഉണ്ടായിരിക്കണം.—വെളിപ്പാട് 7:9, 14.
20. വലിയ നിരുത്സാഹജനകനായ പിശാചിനെ ജയിച്ചടക്കാമെന്ന് വെളിപ്പാട് 12:11 സൂചിപ്പിക്കുന്നതെങ്ങനെ?
20 “നമ്മുടെ സഹോദരൻമാരെ നമ്മുടെ ദൈവമുമ്പാകെ അഹോരാത്രം കുററപ്പെടുത്തുന്ന അപവാദി”യെന്നാണ് വെളിപ്പാട് 12:10-ൽ സാത്താൻ വർണ്ണിക്കപ്പെട്ടിരിക്കുന്നത്. നമുക്ക് അങ്ങനെയുള്ള ഒരു ദുഷ്ട അപവാദിയെയും പൈശാചികനിരുത്സാഹജനകനെയും എങ്ങനെ ജയിച്ചടക്കാൻ കഴിയും? ആ അദ്ധ്യായത്തിന്റെ 11-ാം വാക്യം ഉത്തരം നൽകുന്നു: “കുഞ്ഞാടിന്റെ രക്തം നിമിത്തവും തങ്ങളുടെ സാക്ഷ്യവചനം നിമിത്തവും അവർ അവനെ ജയിച്ചടക്കി, മരണഭീഷണിയിൽപോലും അവർ തങ്ങളുടെ ദേഹികളെ സ്നേഹിച്ചില്ല.” അതുകൊണ്ട് യഹോവയുടെ ജനം മറുവിലയാഗത്തിൽ, കുഞ്ഞാടിന്റെ രക്തത്തിൽ, പൂർണ്ണവിശ്വാസം പുലർത്തേണ്ടതുണ്ട്. സാക്ഷീകരണത്തിൽനിന്ന്, സാദ്ധ്യമാകുന്ന ഏവർക്കും ദൈവരാജ്യസുവാർത്ത ക്രമമായി പങ്കുവെക്കുന്നതിൽനിന്ന്, വരുന്ന പ്രോൽസാഹനത്തെ ബലിഷ്ഠമാക്കിനിർത്തുക.
21. നമ്മുടെ സഹോദരൻമാരെ നിരുത്സാഹപ്പെടുത്തുന്ന പിശാചിന്റെ വേലയിൽ നാം അറിയാതെതന്നെ പങ്കുചേർന്നേക്കാവുന്നതെങ്ങനെ?
21 ചിലപ്പോൾ, അറിയാതെപോലും, നാം നമ്മുടെ സഹോദരൻമാരെ നിരുത്സാഹപ്പെടുത്തുന്ന പിശാചിന്റെ വേലയിൽ പങ്കുചേർന്നേക്കാം. എങ്ങനെ? വളരെ വിമർശകസ്വഭാവമുള്ളവരും വളരെയധികം ആവശ്യപ്പെടുന്നവരും അല്ലെങ്കിൽ അതിനീതിമാൻമാരും ആയിരിക്കുന്നതിനാൽ. (സഭാപ്രസംഗി 7:16) നമുക്കെല്ലാം കുറവുകളും ദൗർബല്യങ്ങളുമുണ്ട്. പിശാചിനെപ്പോലെ നമുക്ക് അവയെ ചൂഷണംചെയ്യാതിരിക്കാം. എന്നാൽ നമുക്ക് നമ്മുടെ സഹോദരൻമാരെക്കുറിച്ചും ഒരു സംഘടിതസമൂഹമെന്ന നിലയിൽ യഹോവയുടെ ജനത്തെക്കുറിച്ചും പ്രോൽസാഹജനകമായി സംസാരിക്കാം. നാം അന്യോന്യം പ്രോൽസാഹിപ്പിക്കുന്നതിൽ തുടരാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അന്യോന്യം നിരുത്സാഹപ്പെടുത്തുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാം.
നാൾ സമീപിക്കുമ്പോൾ പ്രോൽസാഹിപ്പിക്കൽ
22, 23. (എ) പ്രോൽസാഹനത്തിന്റെ ഉറവായിരിക്കുകയെന്ന സംഗതി നാം മൂപ്പൻമാർക്കു മാത്രമായി വിടരുതാത്തതെന്തുകൊണ്ട്? (ബി) ക്രിസ്തീയ സഭയിലെ മേൽവിചാരകൻമാർക്ക് എങ്ങനെ പ്രോൽസാഹിപ്പിക്കപ്പെടാൻ കഴിയും?
22 നാൾ സമീപിക്കുമ്പോൾ എല്ലായ്പ്പോഴും അന്യോന്യം പ്രോൽസാഹിപ്പിക്കാൻ നാം ദൃഢനിശ്ചയമുള്ളവരായിരിക്കേണ്ടതാണ്. നിങ്ങളുടെ വിശ്വസ്തദൃഷ്ടാന്തത്താലും ആശ്വാസവചനങ്ങളാലും മററുള്ളവരെ പ്രോൽസാഹിപ്പിക്കുക. ഈ കാര്യത്തിൽ യഹോവയെയും കർത്താവായ യേശുക്രിസ്തുവിനെയും അനുകരിക്കുക. പ്രോൽസാഹനത്തിന്റെ ഉറവായിരിക്കുന്ന സംഗതി സഭാമൂപ്പൻമാർക്കു മാത്രമായി വിടരുത്. എന്തിന്, മൂപ്പൻമാർക്കുതന്നെ പ്രോൽസാഹനമാവശ്യമാണ്. ആട്ടിൻകൂട്ടത്തിലെ ശേഷിച്ചവരെപ്പോലെതന്നെ അവർക്കും ദൗർബല്യങ്ങളും തളർച്ചകളുമുണ്ട്. ഒരു ദുഷിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി കരുതുന്നതിലെ ഒരേ പ്രശ്നങ്ങളെ അവരും നേരിടേണ്ടതുണ്ട്. അതിനുപുറമേ, അവർക്കു പൗലോസ് വർണ്ണിച്ച സഭകളേക്കുറിച്ചുള്ള ഉൽക്കണ്ഠയുണ്ട്. (2 കൊരിന്ത്യർ 11:28, 29) കഠിനവേല ചെയ്യാനുണ്ട്—അവർക്ക് പ്രോൽസാഹനമാവശ്യമാണ്.
23 ക്രിസ്തീയസഭയിൽ മേൽവിചാരകസ്ഥാനങ്ങളുള്ളവരോട് സഹകരിക്കുന്നതിനാൽ നിങ്ങൾക്ക് അവരെ അതിയായി പ്രോൽസാഹിപ്പിക്കാൻ കഴിയും. അപ്പോൾ നിങ്ങൾ എബ്രായർ 13:17ലെ ബുദ്ധിയുപദേശം അനുസരിക്കുന്നതായിരിക്കും: “നിങ്ങളുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരോട് അനുസരണമുള്ളവരായിരിക്കുകയും അവർക്കു കീഴ്പെട്ടിരിക്കുകയുംചെയ്യുക, എന്തുകൊണ്ടെന്നാൽ അവർ കണക്കുബോധിപ്പിക്കുന്നവർ എന്ന നിലയിൽ നിങ്ങളുടെ ദേഹികളെ കാവൽചെയ്യുകയാണ്; അവർ സന്തോഷത്തോടെ ഇതു ചെയ്യേണ്ടതിനുതന്നെ, ഞരങ്ങിക്കൊണ്ടല്ല, എന്തുകൊണ്ടെന്നാൽ അത് നിങ്ങൾക്ക് ഹാനികരമായിരിക്കും.”
24. നിരുത്സാഹത്തിന്റെ ഈ നാളിൽ നാം എന്തു ചെയ്തുകൊണ്ടിരിക്കണം, എന്തുകൊണ്ട്?
24 നാം നിരുത്സാഹത്തിന്റെ ഒരു നാളിലാണ് ജീവിക്കുന്നത്. മനുഷ്യരുടെ ഹൃദയങ്ങൾ, യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, നിവസിതഭൂമിമേൽ വരുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയത്താലും പ്രതീക്ഷയാലും തീർച്ചയായും ദുർബലമായിത്തീരുകയാണ്. (ലൂക്കോസ് 21:25, 26) വിഷാദമഗ്നരും അധീരരുമാക്കാൻ ചായ്വുള്ള വളരെയധികം കാര്യങ്ങളുള്ളതിനാൽ “അന്യോന്യം പ്രോൽസാഹിപ്പിക്കുക, നാൾ അടുത്തുവരുന്നതു നിങ്ങൾ കാണുമ്പോൾ പൂർവാധികം അങ്ങനെതന്നെ.” അപ്പോസ്തലനായ പൗലോസിന്റെ 1 തെസ്സലോനീക്യർ 5:11ലെ നല്ല ബുദ്ധിയുപദേശം അനുസരിക്കുക: “നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നതുപോലെ, അന്യോന്യം ആശ്വസിപ്പിച്ചുകൊണ്ടും അന്യോന്യം കെട്ടുപണിചെയ്തുകൊണ്ടുമിരിക്കുക.” (w90 12⁄15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ക്രിസ്ത്യാനികൾ മുമ്പത്തേതിലുമധികമായി അന്യോന്യം പ്രോൽസാഹിപ്പിക്കേണ്ടതെന്തുകൊണ്ട്?
◻ ദിവ്യനാമത്തെക്കുറിച്ചുള്ള അറിവ് യഹോവയുടെ ജനത്തിന് പ്രോൽസാഹകമായിരുന്നിട്ടുള്ളതെങ്ങനെ?
◻ നമുക്ക് വ്യക്തിപരമായി ഏതു വിധങ്ങളിൽ അന്യോന്യം പ്രോൽസാഹിപ്പിക്കാൻ കഴിയും?
◻ നമ്മുടെ സഹോദരൻമാരെ നിരുത്സാഹപ്പെടുത്തുന്ന പിശാചിന്റെ വേലയിൽ പങ്കുചേരുന്നതിനെ നാം ഒഴിവാക്കേണ്ടതെന്തുകൊണ്ട്?
[17-ാം പേജിലെ ചിത്രം]
മൂപ്പൻമാർ തങ്ങളുടെ സഭകളിലെ ആട്ടിൻകൂട്ടത്തെ പ്രോൽസാഹിപ്പിക്കുന്നതിൽ നേതൃത്വംവഹിക്കുന്നു