സമയം ഒട്ടുമില്ലാത്തത് എന്തുകൊണ്ട്?
സമയം. ആ വാക്ക് കൃത്യമായി നിർവചിക്കാൻ പ്രയാസമാണെന്നു നാം കണ്ടെത്തിയേക്കാം. എന്നാൽ ഒരു സംഗതി തീർച്ചയാണ്, വേണ്ടത്ര സമയം ഉള്ളതായി നമുക്ക് ഒരിക്കലും തോന്നാറില്ല. അതു പെട്ടെന്നു കടന്നുപോകുന്നുവെന്നും നമുക്ക് അറിയാം. “സമയം പറന്നു പോകുന്നു” എന്ന് നാം മിക്കപ്പോഴും വിലപിക്കാറുണ്ട്.
എന്നാൽ, ആംഗലേയ കവിയായ ഓസ്റ്റിൻ ഡോബ്സന്റെ 1877-ലെ പിൻവരുന്ന അഭിപ്രായ പ്രകടനം കുറെക്കൂടെ കൃത്യമാണ്: “സമയം പോകുന്നു എന്നാണോ നിങ്ങൾ പറയുന്നത്? ഏയ്, ഇല്ല! സമയം നിലനിൽക്കുന്നു, നാം പോകുന്നു.” 1921-ൽ മരണമടഞ്ഞ ഡോബ്സൻ പോയിട്ട് ഏകദേശം 80 വർഷമായി; സമയമോ നിലനിന്നിരിക്കുന്നു.
സമയം സുലഭം
മനുഷ്യവർഗത്തിന്റെ സ്രഷ്ടാവിനെ കുറിച്ച് ബൈബിൾ നമ്മോടു പറയുന്നു: “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീർത്തനം 90:2) അല്ലെങ്കിൽ പുതിയ യെരൂശലേം ബൈബിൾ പരിഭാഷപ്പെടുത്തുന്നതുപോലെ, “നിത്യത മുതൽ നിത്യത വരെ നീ ദൈവമാണ്.” അതുകൊണ്ട്, ദൈവം ഉണ്ടായിരിക്കുന്നിടത്തോളം കാലം സമയവും ഉണ്ടായിരിക്കും—അതേ, എന്നുമെന്നേക്കും!
സമയം നിത്യമായുള്ള ദൈവത്തിന് നേർ വിപരീതമായി, മനുഷ്യരെ കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “ഞങ്ങളുടെ നാളുകളൊക്കെയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു. ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.”—സങ്കീർത്തനം 90:9, 10.
മനുഷ്യൻ എന്നേക്കും ജീവിക്കുക എന്നത് ദൈവോദ്ദേശ്യമാണെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നുവെങ്കിലും ഇന്നു ജീവിതം വളരെ ഹ്രസ്വം ആയിരിക്കുന്നത് എന്തുകൊണ്ട്? (ഉല്പത്തി 1:27, 28; സങ്കീർത്തനം 37:29) ദൈവം ഉദ്ദേശിച്ചതുപോലെ ആയുഷ്കാലം അപരിമിതം ആയിരിക്കുന്നതിനു പകരം, ഏറ്റവും അനുകൂലമായ ചുറ്റുപാടിൽ പോലും മനുഷ്യന്റെ ആയുസ്സ് ശരാശരി 30,000 ദിവസത്തിൽ കുറവായിരിക്കുന്നത് എന്തുകൊണ്ട്? മനുഷ്യർക്ക് സമയം ഇത്ര കുറവായിരിക്കുന്നത് എന്തുകൊണ്ട്? ദുഃഖകരമായ ഈ സാഹചര്യത്തിനു കാരണം ആര് അല്ലെങ്കിൽ എന്ത് ആണ്? വ്യക്തവും തൃപ്തികരവുമായ ഉത്തരങ്ങൾ ബൈബിൾ നൽകുന്നു.a
സമയം കുറഞ്ഞു കുറഞ്ഞു വരുന്നു
ഈ കഴിഞ്ഞ ദശകങ്ങളിൽ ജീവിതത്തിന്റെ ഗതിവേഗം വർധിച്ചിരിക്കുന്നുവെന്നു പഴമക്കാർ സാക്ഷ്യപ്പെടുത്തും. കഴിഞ്ഞ 200 വർഷംകൊണ്ട്, ഒരു ആഴ്ചയിലെ തൊഴിൽ സമയം 80 മണിക്കൂറിൽനിന്ന് 38 മണിക്കൂറായി കുറഞ്ഞു. “എങ്കിലും അത് നമ്മുടെ പരാതിക്ക് അറുതി വരുത്തിയിട്ടില്ല” എന്ന് പത്രപ്രവർത്തകയായ ഡോ. സിബിലെ ഫ്രിച്ച് ചൂണ്ടിക്കാട്ടി. അവർ ഇങ്ങനെ വിശദീകരിച്ചു: “തീരെ സമയമില്ല; സമയം അമൂല്യമാണ്; ശ്വാസം വിടാൻ സമയമില്ല; തിരക്കു പിടിച്ച ജീവിതം.”
പുതിയ കണ്ടുപിടുത്തങ്ങൾ, മുൻകാല തലമുറകൾ ഒരിക്കലും സ്വപ്നം കണ്ടിട്ടുപോലും ഇല്ലാത്ത അവസരങ്ങളുടെയും സാധ്യതകളുടെയും കവാടം തുറന്നിരിക്കുന്നു. എന്നാൽ ഒട്ടനേകം പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത വർധിക്കുന്തോറും അവയിലെല്ലാം ഏർപ്പെടാൻ സമയം തികയാതെ വരുന്നതിൽനിന്ന് ഉളവാകുന്ന ഇച്ഛാഭംഗവും വർധിക്കുന്നു. ഇക്കാലത്ത് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ആളുകൾ ഘടികാരത്തിൽ നോക്കിയാണ് ജീവിക്കുന്നത്. അവർ സമയബന്ധിതമായ ഒരു പ്രവർത്തനത്തിൽനിന്ന് മറ്റൊന്നിലേക്ക് തിരക്കിട്ട് നീങ്ങുന്നു. ഡാഡിക്ക് രാവിലെ 7-ന് ജോലിക്കു പോകണം, മമ്മിക്ക് 8.30-ഓടെ കുട്ടികളെ സ്കൂളിൽ എത്തിക്കണം, മുത്തച്ഛന് 9.40-ന് ഡോക്ടറെ കാണണം, സന്ധ്യയ്ക്ക് 7.30-ന് ഒരു പ്രധാനപ്പെട്ട യോഗത്തിൽ സംബന്ധിക്കാൻ എല്ലാവരും ഒരുങ്ങേണ്ടതുണ്ട്. സമയബന്ധിതമായ ഒരു പ്രവർത്തനത്തിൽനിന്ന് മറ്റൊന്നിലേക്ക് തിടുക്കം കൂട്ടി ഓടവെ, വിശ്രമത്തിന് ഒട്ടുംതന്നെ സമയം ഇല്ല. വിരസമായ, മടുപ്പിക്കുന്ന അനുദിന പ്രവർത്തനങ്ങളെ കുറിച്ച് നാം പരാതിപ്പെടുന്നു.
സമയക്കുറവ് നമുക്കു മാത്രമല്ല
മനുഷ്യവർഗത്തിന്റെ ആയുഷ്കാലം വെട്ടിച്ചുരുക്കപ്പെടാൻ പദ്ധതിയിണക്കിയ, ദൈവത്തിന്റെ ശത്രുവായ പിശാചായ സാത്താൻ ഇപ്പോൾ സ്വന്തം ദുഷ്ടതയുടെ ഫലം അനുഭവിക്കുകയാണ്. (ഗലാത്യർ 6:7, 8 താരതമ്യം ചെയ്യുക.) മിശിഹൈക രാജ്യത്തിന്റെ ജനനത്തെ കുറിച്ചു പറഞ്ഞുകൊണ്ട് വെളിപ്പാടു 12:12 നമുക്കു പ്രത്യാശയ്ക്കു വക നൽകുന്നു: “ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”—ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.
വിശ്വാസയോഗ്യമായ ബൈബിൾ കാലഗണനയും ബൈബിൾ പ്രവചന നിവൃത്തിയും അനുസരിച്ച്, നാം ഇപ്പോൾ ആ ‘അൽപ്പകാലത്തിന്റെ’ അന്ത്യത്തിലാണു ജീവിക്കുന്നത്. സാത്താന് അനുവദിച്ചിരിക്കുന്ന സ്വതന്ത്രമായ സമയം പെട്ടെന്നുതന്നെ പൂർണമായും അവസാനിക്കാൻ പോകുകയാണെന്ന് അറിയുന്നത് എത്ര സന്തോഷകരമാണ്! അവനെ നീക്കം ചെയ്താൽപ്പിന്നെ, അനുസരണമുള്ള മനുഷ്യർ പൂർണരാക്കപ്പെടും. ആരംഭത്തിൽ യഹോവ അവർക്കു വേണ്ടി ഉദ്ദേശിച്ചിരുന്ന നിത്യജീവൻ അവർക്കു നേടാനാകും. (വെളിപ്പാടു 21:1-5) സമയമില്ലായ്മ പിന്നീട് ഒരിക്കലും ഒരു പ്രശ്നം ആയിരിക്കില്ല.
നിത്യജീവൻ അഥവാ എന്നേക്കും ജീവിക്കൽ—അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് നിങ്ങൾക്കു വിഭാവന ചെയ്യാനാകുമോ? ചെയ്യാതെ വിടേണ്ടിവന്ന കാര്യങ്ങൾ വീണ്ടും ഒരിക്കലും നിങ്ങളെ പൊറുതിമുട്ടിക്കുകയില്ല. നിങ്ങൾക്കു കൂടുതൽ സമയം ആവശ്യമാണെങ്കിൽ, നാളെയുണ്ട്, അല്ലെങ്കിൽ അടുത്ത ആഴ്ചയുണ്ട്, അതുമല്ലെങ്കിൽ അടുത്ത വർഷമുണ്ട്—അതേ, നിങ്ങളുടെ മുമ്പാകെ അതിവിശാലമായ നിത്യതയുണ്ട്!
ഇപ്പോഴുള്ള സമയം ജ്ഞാനപൂർവം ഉപയോഗിക്കൽ
മനുഷ്യരെ സ്വാധീനിക്കാനുള്ള തന്റെ സമയം പരിമിതമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് സാത്താൻ, ദൈവത്തിന്റെ സ്ഥാപിത രാജ്യത്തിന്റെ സുവാർത്ത ശ്രദ്ധിക്കാൻ ആളുകൾക്കു സമയം ലഭിക്കാത്തവണ്ണം അവരെ വളരെ തിരക്കിലാക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് നാം പിൻവരുന്ന ദിവ്യ ബുദ്ധിയുപദേശം ചെവിക്കൊള്ളുന്നതു പ്രധാനമാണ്: “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.”—എഫെസ്യർ 5:15-17.
നിലനിൽക്കുന്ന യാതൊരു പ്രയോജനവും കൈവരുത്താത്ത നിഷ്ഫലമായ കാര്യങ്ങളിൽ നമ്മുടെ സമയം പാഴാക്കാതെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങൾക്കായി സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നത് എത്ര പ്രധാനമാണ്! ഹൃദയംഗമമായ പിൻവരുന്ന വാക്കുകളിൽ യഹോവയോട് അപേക്ഷിച്ചപ്പോൾ മോശെക്ക് ഉണ്ടായിരുന്ന അതേ മനോഭാവം നാം നട്ടുവളർത്തണം: “ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.”—സങ്കീർത്തനം 90:12.
ഇന്നത്തെ ലോകത്തിൽ എല്ലാവരും തിരക്കിലാണെന്നതു ശരിതന്നെ. എന്നിരുന്നാലും, ദൈവരാജ്യ ഭരണത്തിൻ കീഴിൽ നിത്യജീവൻ നേടുന്നതിനുള്ള ദൈവിക നിബന്ധനകളെ കുറിച്ചു പഠിക്കാൻ നിങ്ങളുടെ വിലയേറിയ സമയത്തിൽ കുറച്ചു ചെലവഴിക്കാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ശക്തമായി ഉദ്ബോധിപ്പിക്കുകയാണ്. “കർത്താവിന്റെ [“യഹോവയുടെ,” NW] ഇഷ്ടം ഇന്നതെന്നു ഗ്രഹി”ക്കാനായി ബൈബിൾ ക്രമീകൃതമായി പഠിച്ചുകൊണ്ട് ആഴ്ചയിൽ ഒരു മണിക്കൂർ ചെലവിടുന്നത് പിൻവരുന്ന വാക്കുകളുടെ നിവൃത്തി വ്യക്തിപരമായി അനുഭവിക്കാൻ നിങ്ങളെ പ്രാപ്തരാക്കും: “ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:27, 29.
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തിന്റെ 6-ാം അധ്യായം കാണുക.