അധ്യായം 30
“മഹാബാബിലോൻ വീണിരിക്കുന്നു!”
1. രണ്ടാം ദൂതൻ എന്തു പ്രഖ്യാപിക്കുന്നു, മഹാബാബിലോൻ ആരാണ്?
ഇതു ദൈവത്തിന്റെ ന്യായവിധിയുടെ നാഴികയാകുന്നു! അപ്പോൾ ദിവ്യസന്ദേശം ശ്രദ്ധിക്കൂ: “രണ്ടാമതു വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.” (വെളിപ്പാടു 14:8) അവസാനമായിട്ടല്ല, ആദ്യമായിട്ട് വെളിപാട് മഹാബാബിലോനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിന്നീട് 17-ാം അധ്യായം അവളെ ഭോഗാസക്തയായ ഒരു വേശ്യയായി വർണിക്കും. അവൾ ആരാണ്? നാം കാണാൻ പോകുന്നതുപോലെ അവൾ ഒരു ആഗോളസാമ്രാജ്യമാണ്, അവൾ മതപരമാണ്, അവൾ സ്ത്രീയുടെ സന്തതിക്കെതിരെ യുദ്ധംചെയ്യാൻ സാത്താൻ ഉപയോഗിക്കുന്ന അവന്റെ കളള വ്യവസ്ഥിതിയാണ്. (വെളിപ്പാടു 12:17) മഹാബാബിലോൻ വ്യാജമതത്തിന്റെ മുഴുലോകസാമ്രാജ്യവുമാണ്. പുരാതനബാബിലോന്റെ മതോപദേശങ്ങളും ആചാരങ്ങളും കാത്തുസൂക്ഷിക്കുകയും അവളുടെ ആത്മാവു പ്രത്യക്ഷമാക്കുകയും ചെയ്യുന്ന എല്ലാ മതങ്ങളും അവളിൽ ഉൾപ്പെടുന്നു.
2. (എ) ബാബിലോന്യ മതം ഭൂമിയുടെ എല്ലാ ഭാഗത്തേക്കും ചിതറിക്കപ്പെട്ടതെങ്ങനെ? (ബി) മഹാബാബിലോന്റെ ഏററവും പ്രമുഖഘടകം എന്താണ്, ഒരു പ്രബലസ്ഥാപനമായി അതു പ്രത്യക്ഷപ്പെട്ടതെപ്പോൾ?
2 യഹോവ 4,000-ത്തിലധികം വർഷംമുമ്പു ബാബേൽ ഗോപുരം പണിയാൻ തുനിഞ്ഞവരുടെ ഭാഷ കലക്കിക്കളഞ്ഞതു ബാബിലോനിലായിരുന്നു. വ്യത്യസ്ത ഭാഷാക്കൂട്ടങ്ങൾ ഭൂമിയുടെ അററങ്ങളോളം ചിതറിക്കപ്പെട്ടു, ഇന്നുവരെ മിക്ക മതങ്ങളുടെയും അടിസ്ഥാനമായിരിക്കുന്ന വിപരീത വിശ്വാസങ്ങളും ആചാരങ്ങളും അവരോടുകൂടെ കൊണ്ടുപോകുകയും ചെയ്തു. (ഉല്പത്തി 11:1-9) മഹാബാബിലോൻ സാത്താന്റെ സ്ഥാപനത്തിന്റെ മതഭാഗമാണ്. (താരതമ്യം ചെയ്യുക: യോഹന്നാൻ 8:43-47.) ഇന്ന് അവളുടെ ഏററവും പ്രമുഖ ഘടകം വിശ്വാസത്യാഗിയായ ക്രൈസ്തവലോകമാണ്, ബൈബിളിൽനിന്നല്ല പിന്നെയോ ഏറെയും ബാബിലോന്യ മതത്തിൽനിന്നു വികസിപ്പിച്ചെടുത്ത വിശ്വാസങ്ങളും ആചാരങ്ങളും സഹിതം പ്രബലമായ ഒരു നിയമരഹിത സ്ഥാപനമായി അതു ക്രിസ്തുവിനുശേഷം 4-ാം നൂററാണ്ടിൽ പ്രത്യക്ഷപ്പെട്ടു.—2 തെസ്സലൊനീക്യർ 2:3-12.
3. മഹാബാബിലോൻ വീണിരിക്കുന്നുവെന്ന് എങ്ങനെ പറയാൻ കഴിയും?
3 ‘മതം ഇപ്പോഴും ഭൂമിയിൽ വലിയ സ്വാധീനം പ്രയോഗിക്കുന്നതുകൊണ്ട്, മഹാബാബിലോൻ വീണിരിക്കുന്നുവെന്നു ദൂതൻ പ്രഖ്യാപിക്കുന്നതെന്തുകൊണ്ട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. കൊളളാം, പുരാതന ബാബിലോൻ വീണപ്പോൾ, പൊ.യു.മു. 539-നു ശേഷം എന്തു സംഭവിച്ചു? സ്വദേശത്തേക്കു തിരിച്ചുപോകാനും അവിടെ സത്യാരാധന പുനഃസ്ഥാപിക്കാനും ഇസ്രായേല്യർ സ്വതന്ത്രരാക്കപ്പെട്ടു! അതുകൊണ്ട് ഇന്നുവരെ തുടരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ, ഒരു ഉജ്ജ്വല ആത്മീയ സമൃദ്ധിയിലേക്കുളള ആത്മീയ ഇസ്രായേലിന്റെ 1919-ലെ പുനഃസ്ഥിതീകരണം, ആ വർഷത്തിൽ മഹാബാബിലോൻ വീണുവെന്നതിന്റെ തെളിവാണ്. അവൾക്കു മേലാൽ ദൈവജനങ്ങളുടെമേൽ നിയന്ത്രണശക്തിയില്ല. അതിലുപരി, അവളുടെ സ്വന്തം അണികളിൽ അവൾ ആഴമായ പ്രതിസന്ധിയിലാണ്. അവളുടെ അഴിമതിയും വഞ്ചനയും ദുർമാർഗവും 1919 മുതൽ വ്യാപകമായി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. യൂറോപ്പിൽ മിക്കയിടത്തും ഏതാനും ആളുകളേ മേലാൽ പളളിയിൽ പോകുന്നുളളൂ, ചില സോഷ്യലിസ്ററു രാജ്യങ്ങളിൽ “മതം മനുഷ്യനെ മയക്കുന്ന കറുപ്പ്” ആയി പരിഗണിക്കപ്പെടുന്നു. ദൈവത്തിന്റെ സത്യവചനത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും ദൃഷ്ടിയിൽ നിന്ദിതയായി മഹാബാബിലോൻ ഇപ്പോൾ തന്റെമേൽ യഹോവയുടെ നീതിയുളള ന്യായവിധിനിർവഹണത്തിനായി മരണനിരയിൽ കാത്തുനിൽക്കുകയാണ്.
ബാബിലോന്റെ അപമാനകരമായ വീഴ്ച
4-6. മഹാബാബിലോൻ “തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പി”ച്ചിരിക്കുന്നതെങ്ങനെ?
4 മഹാബാബിലോന്റെ അപമാനകരമായ വീഴ്ചയെ ചുററിപ്പററിയുളള സാഹചര്യങ്ങൾ നമുക്കു കൂടുതൽ വിശദമായി പരിശോധിക്കാം. മഹാബാബിലോൻ “തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച”തായി ദൂതൻ ഇവിടെ നമ്മോടു പറയുന്നു. ഇത് എന്തർഥമാക്കുന്നു? അത് ജയിച്ചടക്കലിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, യഹോവ യിരെമ്യാവിനോടു പറഞ്ഞു: “ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്റെ കയ്യിൽനിന്നു വാങ്ങി ഞാൻ നിന്നെ അയക്കുന്ന ജാതികളെ ഒക്കെയും കുടിപ്പിക്ക. അവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തൻമാരായിത്തീരും.” (യിരെമ്യാവു 25:15, 16) പൊ.യു.മു. ആറും ഏഴും നൂററാണ്ടുകളിൽ തന്റെ സ്വന്തം ജനം പോലും പ്രവാസത്തിലേക്കു പോകത്തക്കവണ്ണം വിശ്വാസത്യാഗിയായ യഹൂദ ഉൾപ്പെടെ പലജനതകളും കുടിക്കേണ്ടതിന് ഉപദ്രവത്തിന്റെ പ്രതീകാത്മക പാനപാത്രം ഒഴിക്കാൻ യഹോവ പുരാതന ബാബിലോനെ ഉപയോഗിച്ചു. പിന്നീട്, തന്റെ അവസരം വന്നപ്പോൾ ബാബിലോൻ വീണു, അവളുടെ രാജാവ് “സ്വർഗത്തിലെ കർത്താവായ” യഹോവക്കെതിരെ തന്നെത്താൻ ഉയർത്തിയതുകൊണ്ടുതന്നെ.—ദാനിയേൽ 5:23, NW.
5 മഹാബാബിലോനും ജയിച്ചടക്കലുകൾ നടത്തിയിട്ടുണ്ട്, എന്നാൽ ഇവയിൽ അധികഭാഗവും കൂടുതൽ കുടിലമായിരുന്നു. ഒരു വേശ്യയുടെ ഉപായങ്ങൾ പ്രയോഗിച്ചുകൊണ്ട് അവരോടൊത്തു മതദുർവൃത്തിയിൽ ഏർപ്പെട്ടതിനാൽ അവൾ “സകലജാതികളെയും കുടിപ്പി”ച്ചിരിക്കുന്നു. രാഷ്ട്രീയ ഭരണാധികാരികളെ തന്നോടുളള കൂട്ടുകെട്ടുകളിലേക്കും സൗഹൃദത്തിലേക്കും അവൾ വശീകരിച്ചിരിക്കുന്നു. മതപരമായ പ്രലോഭനങ്ങളിലൂടെ അവൾ രാഷ്ട്രീയവും വ്യാപാരപരവും ധനപരവുമായ ഞെരുക്കലിന് ആസൂത്രണം ചെയ്തിട്ടുണ്ട്. അവൾ മതപീഡനത്തെയും മതയുദ്ധങ്ങളെയും കുരിശുയുദ്ധങ്ങളെയും അതുപോലെതന്നെ തികച്ചും രാഷ്ട്രീയവും വ്യാവസായികവുമായ കാരണങ്ങളാൽ ദേശീയയുദ്ധങ്ങളെയും ഇളക്കിവിട്ടിട്ടുണ്ട്. അവ ദൈവേഷ്ടമാണെന്നു പറഞ്ഞുകൊണ്ട് അവൾ ഈ യുദ്ധങ്ങളെ വിശുദ്ധീകരിച്ചിരിക്കുന്നു.
6 ഈ 20-ാം നൂററാണ്ടിൽ യുദ്ധങ്ങളിലും രാഷ്ട്രീയത്തിലുമുളള മതത്തിന്റെ ഉൾപ്പെടൽ പൊതുവേ അറിവുളളതാണ്—ഷിന്റോ ജപ്പാനിലും ഹൈന്ദവ ഇന്ത്യയിലും ബൗദ്ധ വിയററ്നാമിലും “ക്രൈസ്തവ” ഉത്തരഅയർലണ്ടിലും ലാററിൻ അമേരിക്കയിലും അതുപോലെ മററു സ്ഥലങ്ങളിലും നടന്നതുപോലുളളവ—രണ്ടു ലോകയുദ്ധങ്ങളിൽ ഇരുപക്ഷത്തും അന്യോന്യം കൊന്നൊടുക്കാൻ യുവാക്കളെ പ്രേരിപ്പിച്ച സൈനിക പുരോഹിതന്റെ പങ്ക് അവഗണിക്കാൻ കഴിയില്ല. മഹാബാബിലോന്റെ വിലസലിന്റെ ഒരു മുന്തിയ ദൃഷ്ടാന്തം 1936-39-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ അവൾക്കുണ്ടായിരുന്ന പങ്കാണ്, അതിൽ ചുരുങ്ങിയത് 6,00,000 ആളുകൾ കൊല്ലപ്പെട്ടു. ഈ രക്തച്ചൊരിച്ചിലിനു പ്രകോപനം ഉണ്ടാക്കിയതു കത്തോലിക്കാ വൈദികരുടെയും അവരുടെ ചങ്ങാതിമാരുടെയും പിന്തുണക്കാരാണ്, സ്പെയിനിലെ നിയമാധിഷ്ഠിത ഗവൺമെൻറ് സഭയുടെ ധനത്തെയും സ്ഥാനത്തെയും ഭീഷണിപ്പെടുത്തിയതാണു ഭാഗികമായ കാരണം.
7. മഹാബാബിലോന്റെ മുഖ്യലക്ഷ്യം ആരായിരിക്കുന്നു, ഈ ലക്ഷ്യത്തിനെതിരെ അവൾ ഏതു മാർഗങ്ങൾ ഉപയോഗിച്ചിരിക്കുന്നു?
7 മഹാബാബിലോൻ സാത്താന്റെ സന്തതിയുടെ മതഭാഗമായതുകൊണ്ട് അവൾ എല്ലായ്പോഴും യഹോവയുടെ ‘സ്ത്രീയെ’, ‘മീതെയുളള യെരുശലേമിനെ’ അവളുടെ മുഖ്യലക്ഷ്യമാക്കിയിരിക്കുന്നു. ഒന്നാം നൂററാണ്ടിൽ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ സ്ത്രീയുടെ സന്തതിയായി വ്യക്തമായി തിരിച്ചറിയിക്കപ്പെട്ടു. (ഉല്പത്തി 3:15; ഗലാത്യർ 3:29; 4:26) ആ നിർമല സഭയെ മതദുർവൃത്തിയിൽ ഏർപ്പെടുന്നതിലേക്കു വശീകരിച്ചുകൊണ്ട് അതിനെ കീഴടക്കാൻ മഹാബാബിലോൻ കഠിനശ്രമം ചെയ്തു. അനേകരും വഴിപ്പെടുമെന്നും അതിന്റെ ഫലമായി വലിയൊരു വിശ്വാസത്യാഗം ഉണ്ടാകുമെന്നും അപ്പോസ്തലൻമാരായ പൗലോസും പത്രോസും മുന്നറിയിപ്പു നൽകി. (പ്രവൃത്തികൾ 20:29, 30; 2 പത്രൊസ് 2:1-3) യോഹന്നാന്റെ ജീവിതകാലം അവസാനിക്കാറായപ്പോഴേക്കും ദുഷിപ്പിക്കാനുളള തന്റെ ശ്രമങ്ങളിൽ മഹാബാബിലോൻ ഒരളവിൽ പുരോഗതി നേടുകയാണെന്ന് ഏഴു സഭകൾക്കുളള യേശുവിന്റെ സന്ദേശങ്ങൾ സൂചിപ്പിച്ചു. (വെളിപ്പാടു 2:6, 14, 15, 20-23) എന്നാൽ അവൾ എത്രത്തോളം പോകാൻ അനുവദിക്കപ്പെടുമെന്ന് യേശു കാണിച്ചുതന്നിട്ടുണ്ടായിരുന്നു.
ഗോതമ്പും കളകളും
8, 9. (എ) യേശുവിന്റെ ഗോതമ്പിന്റെയും കളകളുടെയും ഉപമ എന്തു സൂചിപ്പിച്ചു? (ബി) “മനുഷ്യർ ഉറങ്ങുമ്പോൾ” എന്തു സംഭവിച്ചു?
8 ഗോതമ്പിന്റെയും കളകളുടെയും ഉപമയിൽ യേശു ഒരു വയലിൽ നല്ല വിത്തു വിതച്ച ഒരു മനുഷ്യനെക്കുറിച്ചു സംസാരിച്ചു. എന്നാൽ “മനുഷ്യർ ഉറങ്ങുമ്പോൾ” ഒരു ശത്രു വന്നു കളകൾ വിതച്ചു. അതുകൊണ്ടു കളകൾ ഗോതമ്പിനെ മറച്ചുകളഞ്ഞു. യേശു ഈ വാക്കുകളിൽ തന്റെ ഉപമ വിശദീകരിച്ചു: “നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ല വിത്തു രാജ്യത്തിന്റെ പുത്രൻമാർ; കള ദുഷ്ടന്റെ പുത്രൻമാർ; അതു വിതെച്ച ശത്രു പിശാച്.” “ലോകാവസാനത്തിൽ” ദൂതൻമാർ പ്രതീകാത്മക കളകളെ ‘കൂട്ടിച്ചേർക്കു’ന്നതുവരെ ഗോതമ്പും കളകളും ഒരുമിച്ചു വളരുവാൻ അനുവദിക്കപ്പെടുമെന്ന് അവൻ തുടർന്നു പ്രകടമാക്കി.—മത്തായി 13:24-30, 36-43.
9 യേശുവും അപ്പോസ്തലൻമാരായ പൗലോസും പത്രോസും മുന്നറിയിപ്പു നൽകിയതു സംഭവിച്ചു. “മനുഷ്യർ ഉറങ്ങുമ്പോൾ,” ഒന്നുകിൽ അപ്പോസ്തലൻമാർ മരണത്തിൽ നിദ്രപ്രാപിച്ച ശേഷം, അല്ലെങ്കിൽ ആട്ടിൻകൂട്ടത്തെ സൂക്ഷിക്കുന്നതിൽ ക്രിസ്തീയമേൽവിചാരകൻമാർ മാന്ദ്യമുളളവരായിത്തീർന്നപ്പോൾ ബാബിലോന്യ വിശ്വാസത്യാഗം ക്രിസ്തീയസഭയ്ക്കുളളിൽത്തന്നെ മുളച്ചുവന്നു. (പ്രവൃത്തികൾ 20:31) പെട്ടെന്നുതന്നെ കളകൾ ഗോതമ്പിനെക്കാൾ എണ്ണത്തിൽ വർധിക്കുകയും അതിനെ കാഴ്ചയിൽനിന്നു മറയ്ക്കുകയും ചെയ്തു. പല നൂററാണ്ടുകളോളം സ്ത്രീയുടെ സന്തതി മഹാബാബിലോന്റെ വിശാലമായ അങ്കികളാൽ പൂർണമായി ഗ്രസിക്കപ്പെട്ടിരുന്നതായി തോന്നിയിരിക്കാം.
10. 1870-കളിൽ എന്തു സംഭവിച്ചു, മഹാബാബിലോൻ ഇതിനോട് എങ്ങനെ പ്രതികരിച്ചു?
10 അഭിഷിക്ത ക്രിസ്ത്യാനികൾ 1870-കളിൽ മഹാബാബിലോന്റെ ദുർമാർഗവഴികളിൽനിന്നു തങ്ങളെത്തന്നെ വേർപെടുത്താൻ സുനിശ്ചിതമായ പടികൾ സ്വീകരിച്ചുതുടങ്ങി. പുറജാതി മതത്തിൽനിന്നു ക്രൈസ്തവലോകം കൊണ്ടുവന്ന വ്യാജോപദേശങ്ങൾ അവർ ഉപേക്ഷിച്ചു, 1914-ൽ ജാതികളുടെ കാലം അവസാനിക്കുമെന്നു പ്രസംഗിക്കുന്നതിൽ അവർ ധീരമായി ബൈബിൾ ഉപയോഗിക്കുകയും ചെയ്തു. മഹാബാബിലോന്റെ മുഖ്യ ഉപകരണമായ, ക്രൈസ്തവലോകത്തിലെ വൈദികർ സത്യാരാധനയുടെ പുനഃസ്ഥാപനത്തിന്റെ ഈ ഉത്തേജനങ്ങളെ എതിർത്തു. ഒന്നാം ലോകമഹായുദ്ധകാലത്ത്, വിശ്വസ്തക്രിസ്ത്യാനികളുടെ ആ ചെറുസംഘത്തെ ഇല്ലായ്മചെയ്യാൻ അവർ യുദ്ധഭ്രാന്തിനെ മുതലെടുത്തു. അവരുടെ പ്രവർത്തനങ്ങൾ 1918-ൽ മിക്കവാറും പൂർണമായി അടിച്ചമർത്തപ്പെട്ടപ്പോൾ മഹാബാബിലോൻ വിജയിച്ചതായി തോന്നി. അവൾ അവരുടെമേൽ വിജയംവരിച്ചതായി തോന്നി.
11. പുരാതന ബാബിലോന്റെ വീഴ്ചയിൽനിന്ന് എന്തു ഫലമുണ്ടായി?
11 നാം മുമ്പു കണ്ടതുപോലെ, അഹങ്കാരിയായ ബാബിലോൻനഗരം പൊ.യു.മു. 539-ൽ അധികാരത്തിൽനിന്നു വിനാശകരമായ ഒരു വീഴ്ച അനുഭവിച്ചു. അപ്പോൾ ഈ ഉദ്ഘോഷം കേട്ടു: “വീണു, ബാബേൽ വീണു!” ലോകസാമ്രാജ്യത്തിന്റെ മഹത്തായ ആസ്ഥാനം മഹാനായ കോരേശിന്റെ നേതൃത്വത്തിലുളള മേദോ-പേർഷ്യൻ ശത്രുസൈന്യങ്ങൾക്കു മുമ്പിൽ വീണിരുന്നു. നഗരം ജയിച്ചടക്കലിനെ അതിജീവിച്ചെങ്കിലും അധികാരത്തിൽനിന്നുളള അവളുടെ വീഴ്ച യഥാർഥമായിരുന്നു, അത് അവളുടെ യഹൂദ തടവുകാരുടെ മോചനത്തിൽ കലാശിക്കുകയും ചെയ്തു. അവർ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നതിന് യെരുശലേമിലേക്കു തിരിച്ചുവന്നു.—യെശയ്യാവു 21:9; 2 ദിനവൃത്താന്തം 36:22, 23; യിരെമ്യാവു 51:7, 8.
12. (എ) നമ്മുടെ നൂററാണ്ടിൽ മഹാബാബിലോൻ വീണിരിക്കുന്നുവെന്ന് എങ്ങനെ പറയാൻ കഴിയും? (ബി) ക്രൈസ്തവലോകത്തെ യഹോവ പൂർണമായി തളളിക്കളഞ്ഞിരിക്കുന്നുവെന്ന് എന്തു തെളിയിക്കുന്നു?
12 നമ്മുടെ നൂററാണ്ടിലും മഹാബാബിലോൻ വീണിരിക്കുന്നു എന്ന ഉദ്ഘോഷം കേട്ടിരിക്കുന്നു! ബാബിലോന്യ ക്രൈസ്തവലോകത്തിന്റെ 1918-ലെ താത്കാലിക ജയം 1919-ൽ അഭിഷിക്ത ശേഷിപ്പ്, യോഹന്നാൻവർഗം, ഒരു ആത്മീയ പുനരുത്ഥാനത്താൽ പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ നേരേ തിരിഞ്ഞു. ദൈവജനത്തിൻമേൽ ഏതെങ്കിലും ദാസീകരണ പിടി ഉണ്ടായിരിക്കുന്നതു സംബന്ധിച്ചു മഹാബാബിലോൻ വീണിരിക്കുന്നു. വെട്ടുക്കിളികളെപ്പോലെ പ്രവർത്തനസജ്ജരായി ക്രിസ്തുവിന്റെ അഭിഷിക്തസഹോദരൻമാർ അഗാധത്തിൽനിന്നു കൂട്ടമായി പുറത്തുവന്നു. (വെളിപ്പാടു 9:1-3; 11:11, 12) അവർ ആധുനികകാലത്തെ “വിശ്വസ്തനും വിവേകിയുമായ അടിമ” ആയിരുന്നു, യജമാനൻ അവരെ ഭൂമിയിലുളള തന്റെ എല്ലാ സ്വത്തുക്കളുടെമേലും നിയമിക്കുകയും ചെയ്തു. (മത്തായി 24:45-47) അവർ ഈ വിധത്തിൽ ഉപയോഗിക്കപ്പെടുന്നത്, താൻ ഭൂമിയിലെ യഹോവയുടെ പ്രതിനിധിയാണെന്നുളള ക്രൈസ്തവലോകത്തിന്റെ അവകാശവാദം ഗണ്യമാക്കാതെ, യഹോവ അവളെ പൂർണമായി തളളിക്കളഞ്ഞിരിക്കുന്നുവെന്നു തെളിയിച്ചു. ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെട്ടു, 1,44,000-ത്തിന്റെ ശേഷിപ്പിനെ മുദ്രയിടാനുളള വേല പൂർത്തീകരിക്കാൻ വഴിതുറക്കുകയും ചെയ്തു—മഹാബാബിലോന്റെ ദീർഘകാലശത്രുവായ സ്ത്രീയുടെ സന്തതിയിൽ ശേഷിപ്പുളളവരെത്തന്നെ. ഇതെല്ലാം ആ സാത്താന്യ മതസംഘടനക്ക് ഒരു തികഞ്ഞ പരാജയത്തിന്റെ മുന്നറിയിപ്പുനൽകി.
വിശുദ്ധൻമാർക്കു സഹിഷ്ണുത
13. (എ) മൂന്നാമത്തെ ദൂതൻ എന്തു പ്രഖ്യാപിക്കുന്നു? (ബി) കാട്ടുമൃഗത്തിന്റെ മുദ്രയേൽക്കുന്നവരെ സംബന്ധിച്ച് യഹോവ എന്തു വിധിനടത്തുന്നു?
13 ഇപ്പോൾ മൂന്നാമത്തെ ദൂതൻ സംസാരിക്കുന്നു. ശ്രദ്ധിക്കുക! “മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെററിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും.” (വെളിപ്പാടു 14:9, 10എ) കർത്താവിന്റെ ദിവസത്തിൽ കാട്ടുമൃഗത്തിന്റെ പ്രതിമയെ ആരാധിക്കാത്തവർ കഷ്ടതയനുഭവിക്കും—കൊല്ലപ്പെടുകപോലും ചെയ്യും—എന്നു വെളിപ്പാടു 13:16, 17-ൽ വെളിപ്പെടുത്തപ്പെട്ടു. “മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുളള”വരെ വിധിക്കാൻ യഹോവ തീരുമാനമെടുത്തിരിക്കുന്നുവെന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നു. അവർ യഹോവയുടെ കോപത്തിന്റെ കയ്പേറിയ ഒരു ‘ക്രോധപാത്രം’ കുടിക്കാൻ നിർബന്ധിതരാകും. ഇത് അവരെ സംബന്ധിച്ച് എന്തർഥമാക്കും? പൊ.യു.മു. 607-ൽ യഹോവ യെരുശലേമിനെ “അവന്റെ ക്രോധത്തിന്റെ പാനപാത്രം” കുടിപ്പിച്ചപ്പോൾ നഗരം ബാബിലോന്യരുടെ കയ്യാൽ “ശൂന്യവും നാശവും ക്ഷാമവും വാളും” അനുഭവിച്ചു. (യെശയ്യാവു 51:17, 19) അതുപോലെതന്നെ ഭൂമിയിലെ രാഷ്ട്രീയ ശക്തികളെയും അവയുടെ പ്രതിമയായ ഐക്യരാഷ്ട്രങ്ങളെയും വിഗ്രഹമാക്കുന്നവർ യഹോവയുടെ ക്രോധപാത്രം കുടിക്കേണ്ടിവരുമ്പോൾ ഫലം അവർക്കു നാശം ആയിരിക്കും. (യിരെമ്യാവു 25:17, 32, 33) അവർ തീർത്തും നശിപ്പിക്കപ്പെടും.
14. കാട്ടുമൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവരുടെ നാശത്തിനുമുമ്പുപോലും അത്തരക്കാർ എന്തിനു വിധേയരാകണം, യോഹന്നാൻ ഇതു വർണിക്കുന്നതെങ്ങനെ?
14 എന്നിരുന്നാലും, അതു സംഭവിക്കുന്നതിനുമുമ്പുപോലും, മൃഗത്തിന്റെ അടയാളമുളളവർ യഹോവയുടെ അപ്രീതിയുടെ ദണ്ഡിപ്പിക്കുന്ന ഫലങ്ങൾക്കു വിധേയരാകേണ്ടിയിരിക്കുന്നു. കാട്ടുമൃഗത്തിന്റെയും അതിന്റെ പ്രതിമയുടെയും ആരാധകനെ സംബന്ധിച്ചു സംസാരിച്ചുകൊണ്ടു ദൂതൻ യോഹന്നാനെ അറിയിക്കുന്നു: “[അവൻ] വിശുദ്ധദൂതൻമാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും. അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.”—വെളിപ്പാടു 14:10ബി, 11.
15, 16. വെളിപാട് 14:10-ൽ “തീയും ഗന്ധകവും” എന്ന പദങ്ങളുടെ പൊരുൾ എന്താണ്?
15 ഇവിടെ അഗ്നിഗന്ധകം (“തീയും ഗന്ധകവും” NW) എന്ന പരാമർശം ഒരു തീനരകത്തിന്റെ അസ്തിത്വത്തിനുളള തെളിവായി ചിലർ വീക്ഷിച്ചിരിക്കുന്നു. എന്നാൽ സമാനമായ ഒരു പ്രവചനത്തിലേക്കുളള ഒരു ഹ്രസ്വവീക്ഷണം ഈ സന്ദർഭത്തിൽ, ആ വാക്കുകളുടെ യഥാർഥ പൊരുൾ കാണിച്ചുതരുന്നു. പണ്ട് യെശയ്യാവിന്റെ നാളിൽ, ഇസ്രായേലിനോടുളള ഏദോമിന്റെ ശത്രുതനിമിത്തം അവർ ശിക്ഷിക്കപ്പെടുമെന്ന് യഹോവ ആ ജനതക്കു മുന്നറിയിപ്പു നൽകി. അവൻ പറഞ്ഞു: “അവിടത്തെ തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും. രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽക്കൂടി കടന്നുപോകയുമില്ല.”—യെശയ്യാവു 34:9, 10.
16 ഏദോം എന്നേക്കും ദഹിപ്പിക്കപ്പെടുന്നതിന് ഒരു കാല്പനിക അഗ്നിനരകത്തിലേക്ക് എറിയപ്പെട്ടോ? തീർച്ചയായും ഇല്ല. പകരം ജനത ലോകരംഗത്തുനിന്നു പൂർണമായി അപ്രത്യക്ഷമായി, തീയും ഗന്ധകവുംകൊണ്ട് അവൾ പൂർണമായി ദഹിപ്പിക്കപ്പെട്ടാലെന്നപോലെതന്നെ. ശിക്ഷയുടെ അന്തിമഫലം നിത്യദണ്ഡനമല്ലായിരുന്നു, പിന്നെയോ ‘പാഴും ശൂന്യവും നാസ്തിത്വവും’ ആയിരുന്നു. (യെശയ്യാവു 34:11, 12) ‘അനിശ്ചിതകാലത്തോളം ഉയരുന്ന’ പുക ഇതു സ്പഷ്ടമായി ചിത്രീകരിക്കുന്നു. ഒരു വീട് കത്തിയമരുമ്പോൾ ജ്വാല നിന്നശേഷവും കുറച്ചുസമയത്തേക്കു ചാരത്തിൽനിന്നു പുക ഉയരുന്നു, വിനാശകരമായ ഒരു തീപിടുത്തമുണ്ടായി എന്നുളളതിനു നിരീക്ഷകർക്കു തെളിവു നൽകിക്കൊണ്ടുതന്നെ. ഇന്നുപോലും ദൈവത്തിന്റെ ജനം ഏദോമിന്റെ നാശത്തിൽനിന്നു പഠിക്കേണ്ട പാഠം ഓർക്കുന്നു. ഈ വിധത്തിൽ ‘അവളുടെ ദഹനത്തിന്റെ പുക’ ഒരു പ്രതീകാത്മക വിധത്തിൽ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നു.
17, 18. (എ) കാട്ടുമൃഗത്തിന്റെ മുദ്ര സ്വീകരിക്കുന്നവർക്ക് അന്തിമഫലം എന്താണ്? (ബി) കാട്ടുമൃഗത്തിന്റെ ആരാധകർ ദണ്ഡിപ്പിക്കപ്പെടുന്നത് ഏതു വിധത്തിലാണ്? (സി) “അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും” ഉയരുന്നത് എങ്ങനെ?
17 കാട്ടുമൃഗത്തിന്റെ മുദ്രയുളളവരും തീയാലെന്നപോലെ പൂർണമായി നശിപ്പിക്കപ്പെടും. പ്രവചനം പിന്നീടു വെളിപ്പെടുത്തുന്നതുപോലെ അവരുടെ ശവശരീരങ്ങൾ മൃഗങ്ങൾക്കും പക്ഷികൾക്കും തിന്നാനായി മറവുചെയ്യാതെ വിട്ടേക്കും. (വെളിപ്പാടു 19:17, 18) അതുകൊണ്ട്, വ്യക്തമായും, അവർ എന്നേക്കും അക്ഷരീയമായി ദണ്ഡിപ്പിക്കപ്പെടുന്നില്ല! അവർ ‘തീയും ഗന്ധകവുംകൊണ്ടു ദണ്ഡിപ്പിക്ക’പ്പെടുന്നതെങ്ങനെ? സത്യത്തിന്റെ പ്രഘോഷണം അവരെ തുറന്നുകാട്ടുകയും ദൈവത്തിന്റെ വരാൻപോകുന്ന ന്യായവിധിയെക്കുറിച്ച് അവർക്കു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നതിനാൽ. അതുകൊണ്ട് അവർ ദൈവജനത്തെ അപകീർത്തിപ്പെടുത്തുകയും സാധ്യമാകുന്നിടത്ത് യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കാൻ മാത്രമല്ല കൊല്ലുവാൻപോലും രാഷ്ട്രീയകാട്ടുമൃഗത്തെ തന്ത്രപൂർവം പ്രേരിപ്പിക്കുകയും ചെയ്യുന്നു. പാരമ്യമായി, ഈ എതിരാളികൾ തീയും ഗന്ധകവും കൊണ്ടെന്നപോലെ നശിപ്പിക്കപ്പെടും. അവർക്കുളള ദൈവത്തിന്റെ ന്യായവിധി, ഇനിയും എന്നെങ്കിലും യഹോവയുടെ ഉചിതമായ പരമാധികാരം വെല്ലുവിളിക്കപ്പെടുന്നെങ്കിൽ ഒരു ഉരകല്ലായി ഉതകും എന്നതിനാൽ “അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങു”ന്നു. സകല നിത്യതയിലേക്കുമായി ആ വിവാദവിഷയം പരിഹരിക്കപ്പെട്ടിരിക്കും.
18 ഇന്ന് ആരാണു ദണ്ഡിപ്പിക്കുന്ന സന്ദേശം പ്രസ്താവിക്കുന്നത്? പ്രതീകാത്മക വെട്ടുക്കിളികൾക്ക്, തങ്ങളുടെ നെററികളിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെ ദണ്ഡിപ്പിക്കാനുളള അധികാരമുണ്ടെന്ന് ഓർക്കുക. (വെളിപ്പാടു 9:5) തെളിവനുസരിച്ച്, ദൂതമാർഗനിർദേശത്തിൻകീഴിലുളള ഇവരാണു ദണ്ഡിപ്പിക്കുന്നവർ. “മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാ”യിരിക്കാതവണ്ണമാണു പ്രതീകാത്മക വെട്ടുക്കിളികളുടെ സ്ഥിരപ്രവർത്തനം. ഒടുവിൽ, അവരുടെ നാശത്തിനുശേഷം യഹോവയുടെ പരമാധികാരം സംസ്ഥാപിച്ചതിന്റെ സ്മാരകസാക്ഷ്യം, “അവരുടെ ദണ്ഡനത്തിന്റെ പുക” എന്നെന്നേക്കും ഉയരും. ആ സംസ്ഥാപനം പൂർത്തിയാകുന്നതുവരെ യോഹന്നാൻവർഗം സഹിച്ചുനിൽക്കാൻ ഇടയാകട്ടെ! ദൂതൻ ഉപസംഹരിക്കുന്നതുപോലെ: “ദൈവകല്പനയും യേശുവിങ്കലുളള വിശ്വാസവും കാത്തുകൊളളുന്ന വിശുദ്ധൻമാരുടെ സഹിഷ്ണുതകൊണ്ടു ഇവിടെ ആവശ്യം.”—വെളിപ്പാടു 14:12.
19. വിശുദ്ധൻമാരുടെ ഭാഗത്തു സഹിഷ്ണുത ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്, അവരെ ബലിഷ്ഠരാക്കുന്ന എന്ത് യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു?
19 അതെ, “വിശുദ്ധൻമാരുടെ സഹിഷ്ണുത” അവർ യേശുക്രിസ്തുമുഖാന്തരം അനന്യഭക്തിയിൽ യഹോവയെ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ അർഥമാക്കുന്നു. അവരുടെ ദൂതു ജനസമ്മിതിയുളളതല്ല. അത് എതിർപ്പിലേക്കും പീഡനത്തിലേക്കും രക്തസാക്ഷിമരണത്തിലേക്കുപോലും നയിക്കുന്നു. എന്നാൽ യോഹന്നാൻ അടുത്തതായി റിപ്പോർട്ടുചെയ്യുന്നതിനാൽ അവർ ബലിഷ്ഠരാക്കപ്പെടുന്നു: “ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം കേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതൻമാർ ഭാഗ്യവാൻമാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.”—വെളിപ്പാടു 14:13.
20. (എ) യോഹന്നാൻ റിപ്പോർട്ടുചെയ്ത വാഗ്ദത്തം യേശുവിന്റെ സാന്നിധ്യം സംബന്ധിച്ച പൗലോസിന്റെ പ്രവചനവുമായി എങ്ങനെ യോജിക്കുന്നു? (ബി) സ്വർഗത്തിൽനിന്നുളള സാത്താന്റെ ബഹിഷ്കരണത്തിനുശേഷം മരിക്കുന്ന അഭിഷിക്തർക്ക് ഏതു പ്രത്യേകപദവി വാഗ്ദത്തം ചെയ്തിരിക്കുന്നു?
20 ഈ വാഗ്ദത്തം യേശുവിന്റെ സാന്നിധ്യം സംബന്ധിച്ച പൗലോസിന്റെ പ്രവചനത്തോടു നന്നായി യോജിക്കുന്നു: “ക്രിസ്തുവിനോടുളള ഐക്യത്തിൽ മരിക്കുന്നവർ ആദ്യം ഉയിർക്കും. അതിനുശേഷം അതിജീവിക്കുന്നവരായ ജീവനുളള നാം [കർത്താവിന്റെ ദിവസത്തിലേക്ക് അതിജീവിക്കുന്ന അഭിഷിക്തർ] അവരോടുകൂടെ വായുവിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും.” (1 തെസലോനിക്യർ 4:15-17, NW) സ്വർഗത്തിൽനിന്നുളള സാത്താന്റെ ബഹിഷ്കരണത്തിനുശേഷം ക്രിസ്തുവിനോടുളള ഐക്യത്തിൽ മരിച്ചവർ ആദ്യം ഉയിർത്തു. (താരതമ്യം ചെയ്യുക: വെളിപ്പാടു 6:9-11.) അതിനുശേഷം കർത്താവിന്റെ ദിവസത്തിൽ മരിക്കുന്ന അഭിഷിക്തർക്ക് ഒരു പ്രത്യേക പദവി വാഗ്ദത്തം ചെയ്യുന്നു. സ്വർഗത്തിലെ ആത്മജീവനിലേക്കുളള അവരുടെ പുനരുത്ഥാനം പൊടുന്നനേ, “കണ്ണിമെക്കുന്നതിനിടയിൽ” ആണ്. (1 കൊരിന്ത്യർ 15:52) ഇത് എത്ര അത്ഭുതകരമാണ്! അവരുടെ നീതിപ്രവൃത്തികൾ സ്വർഗീയമണ്ഡലത്തിൽ ഇടമുറിയാതെ തുടരുന്നു.
ഭൂമിയിലെ വിളവ്
21. ‘ഭൂമിയിലെ വിളവിനെ’ സംബന്ധിച്ച് യോഹന്നാൻ നമ്മോട് എന്തു പറയുന്നു?
21 യോഹന്നാൻ നമ്മോടു തുടർന്നു പറയുന്നതുപോലെ മററുളളവരും ഈ ന്യായവിധിദിവസത്തിൽനിന്നു പ്രയോജനം അനുഭവിക്കാനിരിക്കുന്നു: “പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിൻമേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുളള അരിവാളുമായി ഇരിക്കുന്നതും കണ്ടു. മറെറാരു ദൂതൻ [നാലാമൻ] ദൈവാലയത്തിൽനിന്നു പുറപ്പെട്ടു, മേഘത്തിൻമേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. മേഘത്തിൻമേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തുനടന്നു.”—വെളിപ്പാടു 14:14-16.
22. (എ) പൊൻകിരീടം ധരിച്ചു വെളളമേഘത്തിൻമേൽ ഇരിക്കുന്നവൻ ആരാണ്? (ബി) കൊയ്ത്തിന്റെ പാരമ്യം എപ്പോൾ സംഭവിക്കുന്നു, എങ്ങനെ?
22 വെളളമേഘത്തിൻമേൽ ഇരിക്കുന്നവന്റെ താദാത്മ്യം സംബന്ധിച്ചു സംശയമില്ല. ഒരു വെളളമേഘത്തിൻമേൽ ഇരിക്കുന്നവനും മനുഷ്യപുത്രനെപ്പോലുളളവനും ഒരു പൊൻകിരീടം ധരിച്ചവനും എന്നനിലയിൽ അവൻ ദർശനത്തിൽ ദാനിയേലും കണ്ട മിശിഹൈക രാജാവായ യേശു ആണെന്നു വ്യക്തമാണ്. (ദാനീയേൽ 7:13, 14; മർക്കൊസ് 14:61, 62) എന്നാൽ ഇവിടെ പ്രവചിച്ചിരിക്കുന്ന കൊയ്ത്ത് എന്താണ്? യേശു ഭൂമിയിലായിരുന്നപ്പോൾ ശിഷ്യരാക്കൽവേലയെ മനുഷ്യവർഗത്തിന്റെ ലോകവയലിന്റെ കൊയ്ത്തിനോട് ഉപമിച്ചു. (മത്തായി 9:37, 38; യോഹന്നാൻ 4:35, 36) ഈ കൊയ്ത്തിന്റെ പാരമ്യം കർത്താവിന്റെ ദിവസത്തിൽ യേശു രാജാവായി കിരീടം ധരിക്കുകയും തന്റെ പിതാവിനുവേണ്ടി ന്യായവിധി നടത്തുകയും ചെയ്യുമ്പോൾ സംഭവിക്കുന്നു. അങ്ങനെ, 1914-നു ശേഷമുളള അവന്റെ ഭരണകാലം വിളവു ശേഖരിക്കാനുളള സന്തോഷകരമായ കാലം കൂടെയാണ്.—താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 16:13-15.
23. (എ) കൊയ്ത്തു തുടങ്ങാനുളള ആജ്ഞ ആരിൽനിന്നു വരുന്നു? (ബി) 1919 മുതൽ ഇന്നുവരെ ഏതു കൊയ്ത്തു നടന്നിരിക്കുന്നു?
23 യേശു രാജാവും ന്യായാധിപനും ആണെങ്കിലും അവൻ കൊയ്ത്തു തുടങ്ങുന്നതിനു മുമ്പ് തന്റെ ദൈവമായ യഹോവയിൽനിന്നുളള ആജ്ഞക്കായി കാത്തിരിക്കുന്നു. ആ ആജ്ഞ “ദൈവാലയത്തിൽനിന്നു” ഒരു ദൂതൻ മുഖാന്തരം ലഭിക്കുന്നു. ഉടൻ യേശു അനുസരിക്കുന്നു. ആദ്യം, 1919 മുതൽ അവൻ 1,44,000-ത്തിന്റെ കൊയ്ത്തു പൂർത്തിയാക്കാൻ തന്റെ ദൂതൻമാരെ ഉപയോഗിക്കുന്നു. (മത്തായി 13:39, 43; യോഹന്നാൻ 15:1, 5, 16) അടുത്തതായി, വേറെ ആടുകളുടെ മഹാപുരുഷാരത്തിന്റെ ഫലശേഖരണം നടക്കുന്നു. (മത്തായി 25:31-33; യോഹന്നാൻ 10:16; വെളിപ്പാടു 7:9) ഈ വേറെ ആടുകളുടെ ഒരു നല്ല സംഖ്യ 1931-നും 1935-നും ഇടയ്ക്കു പ്രത്യക്ഷപ്പെടാൻ തുടങ്ങിയെന്നു ചരിത്രം പ്രകടമാക്കുന്നു. യഹോവ 1935-ൽ വെളിപ്പാടു 7:9-17-ലെ മഹാപുരുഷാരത്തിന്റെ യഥാർഥ താദാത്മ്യം യോഹന്നാൻവർഗത്തിന്റെ ഗ്രാഹ്യത്തിലേക്കു തുറന്നുകൊടുത്തു. അന്നുമുതൽ ഈ കൂട്ടത്തിന്റെ ശേഖരണത്തിനു വലിയ ഊന്നൽ നൽകപ്പെട്ടു. അതിന്റെ എണ്ണം 1993 ആയപ്പോഴേക്കും നാല്പതുലക്ഷത്തിൽ കവിഞ്ഞിരിക്കുന്നു, അത് ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു. തീർച്ചയായും, മനുഷ്യപുത്രനോടു സദൃശനായവൻ ഈ അന്ത്യകാലത്തു സമൃദ്ധവും സന്തോഷകരവുമായ ഒരു വിളവു കൊയ്തിരിക്കുന്നു.—താരതമ്യം ചെയ്യുക: പുറപ്പാടു 23:16; 34:22.
ഭൂമിയുടെ മുന്തിരി മെതിക്കൽ
24. അഞ്ചാമത്തെ ദൂതന്റെ കയ്യിൽ എന്താണ്, ആറാമത്തെ ദൂതൻ എന്തു വിളിച്ചുപറയുന്നു?
24 രക്ഷയുടെ കൊയ്ത്തു പൂർത്തിയാകുന്നതോടെ മറെറാരു കൊയ്ത്തിനുളള സമയമാകുന്നു. യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “മറെറാരു ദൂതൻ [അഞ്ചാമൻ] സ്വർഗ്ഗത്തിലെ ആലയത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുളേളാരു കോങ്കത്തി [അരിവാൾ, NW] പിടിച്ചിരുന്നു. തീയുടെമേൽ അധികാരമുളള വേറൊരു ദൂതൻ [ആറാമൻ] യാഗപീഠത്തിങ്കൽനിന്നു പുറപ്പെട്ടു, മൂർച്ചയുളള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുളള കോങ്കത്തി അയച്ചു മുന്തിരിവളളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.” (വെളിപ്പാടു 14:17, 18) കർത്താവിന്റെ ദിവസത്തിൽ കൊളളരുതാത്തവരിൽനിന്നു നല്ലവരെ വേർതിരിച്ചുകൊണ്ടു വളരെയധികം കൊയ്ത്തു നടത്തുന്നതിനു ദൂതഗണങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു!
25. (എ) അഞ്ചാമത്തെ ദൂതൻ ആലയമന്ദിരത്തിൽനിന്നു വന്നുവെന്ന വസ്തുത എന്തിനെ സൂചിപ്പിക്കുന്നു? (ബി) കൊയ്ത്തു തുടങ്ങാനുളള ആജ്ഞ “യാഗപീഠത്തിങ്കൽനിന്നു പുറപ്പെട്ട” ഒരു ദൂതനിൽനിന്നു വരുന്നുവെന്നത് ഉചിതമായിരുന്നതെന്തുകൊണ്ട്?
25 അഞ്ചാമത്തെ ദൂതൻ ആലയമന്ദിരത്തിൽ യഹോവയുടെ സന്നിധിയിൽനിന്നു വരുന്നു; അതുകൊണ്ട് അന്തിമകൊയ്ത്തും യഹോവയുടെ ഇഷ്ടപ്രകാരം നടക്കുന്നു. ‘യാഗപീഠത്തിങ്കൽനിന്നു പുറപ്പെട്ട’ മറെറാരു ദൂതനിലൂടെ അറിയിക്കപ്പെട്ട ഒരു സന്ദേശം മുഖാന്തരം ദൂതനു തന്റെ വേല തുടങ്ങാൻ ആജ്ഞ ലഭിക്കുന്നു. “വിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും” എന്നു വിശ്വസ്തരായ യാഗപീഠത്തിൻ കീഴിലെ ദേഹികൾ ചോദിച്ചിരുന്നതുകൊണ്ട് ഈ വസ്തുത അത്യന്തം പ്രാധാന്യമർഹിക്കുന്നതാണ്. (വെളിപ്പാടു 6:9, 10) ഭൂമിയുടെ മുന്തിരിക്കൊയ്ത്തോടെ പ്രതികാരത്തിനായുളള ഈ നിലവിളി തൃപ്തിപ്പെടുത്തപ്പെടും.
26. ‘ഭൂമിയിലെ മുന്തിരിവളളി’ എന്താണ്?
26 എന്നാൽ ‘ഭൂമിയിലെ മുന്തിരിവളളി’ എന്താണ്? എബ്രായതിരുവെഴുത്തുകളിൽ, യഹൂദജനതയെ യഹോവയുടെ മുന്തിരിത്തോട്ടം എന്നു പറഞ്ഞു. (യെശയ്യാവു 5:7; യിരെമ്യാവു 2:21) അതുപോലെതന്നെ യേശുക്രിസ്തുവും ദൈവരാജ്യത്തിൽ അവനോടുകൂടെ സേവിക്കുന്നവരും ഒരു മുന്തിരിവളളിയായി പറയപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 15:1-8) ഈ പശ്ചാത്തലത്തിൽ ഒരു മുന്തിരിവളളിയുടെ പ്രത്യേകസ്വഭാവം അതു ഫലം ഉത്പാദിപ്പിക്കുന്നു എന്നതാണ്, സത്യക്രിസ്തീയ മുന്തിരിവളളി യഹോവയുടെ സ്തുതിക്കായി സമൃദ്ധമായ ഫലം ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. (മത്തായി 21:43) ‘ഭൂമിയിലെ മുന്തിരിവളളി’ അതുകൊണ്ട് ഈ യഥാർഥമുന്തിരിവളളി അല്ലായിരിക്കണം, പിന്നെയോ അതു സാത്താന്റെ അനുകരണം ആയിരിക്കണം, മനുഷ്യവർഗത്തിൻമേലുളള അവന്റെ ദുഷിച്ച ദൃശ്യ ഭരണസംവിധാനവും കഴിഞ്ഞ നൂററാണ്ടുകളിൽ അത് ഉത്പാദിപ്പിച്ച ഭൂതഫലത്തിന്റെ വിവിധ ‘കുലകളും’ തന്നെ. വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വം വളരെ പ്രമുഖസ്ഥാനം വഹിക്കുന്ന മഹാബാബിലോൻ ഈ വിഷമുന്തിരിവളളിയുടെമേൽ വലിയ സ്വാധീനം പ്രയോഗിച്ചിരിക്കുന്നു.—താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 32:32-35.
27. (എ) ദൂതൻ അരിവാൾകൊണ്ടു ഭൂമിയിലെ മുന്തിരി ശേഖരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? (ബി) എബ്രായതിരുവെഴുത്തുകളിലെ ഏതു പ്രവചനങ്ങൾ കൊയ്ത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നു?
27 ന്യായവിധി നടപ്പാക്കപ്പെടണം! “ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക [ആയിരത്തറുന്നൂറു ഫർലോങ്, NW] ദൂരത്തോളം ഒഴുകി.” (വെളിപ്പാടു 14:19, 20) ഈ മുന്തിരിവളളിക്കെതിരെ യഹോവയുടെ കോപം ദീർഘകാലം മുമ്പുമുതൽ പ്രഖ്യാപിച്ചിരുന്നു. (സെഫന്യാവു 3:8) മുന്തിരിച്ചക്കു മെതിക്കുമ്പോൾ എല്ലാ ജനതകളും നശിപ്പിക്കപ്പെടുമെന്ന് യെശയ്യാപുസ്തകത്തിലെ ഒരു പ്രവചനം സംശയാതീതമായി പറയുന്നു. (യെശയ്യാവു 63:3-6) “വിധിയുടെ താഴ്വര”യിലെ ‘മുന്തിരിച്ചക്കിൽ’ വലിയ ‘സമൂഹങ്ങൾ,’ എല്ലാ ജനതകളും നാശത്തിലേക്കു മെതിക്കപ്പെടുമെന്ന് യോവേലും പ്രവചിച്ചു. (യോവേൽ 3:12-14) സത്യമായും, വീണ്ടും ഒരിക്കലും സംഭവിക്കാത്ത തരത്തിലുളള ഒരു വമ്പിച്ച കൊയ്ത്ത്! യോഹന്നാന്റെ ദർശനം പറയുന്നപ്രകാരം, മുന്തിരിപ്പഴം മാത്രമല്ല കൊയ്തെടുക്കുന്നത്, പിന്നെയോ പ്രതീകാത്മക മുന്തിരിവളളി മുഴുവനോടെ മുറിച്ച്, മെതിക്കുന്നതിനു മുന്തിരിച്ചക്കിലേക്ക് എറിയുന്നു. അതുകൊണ്ട്, ഭൂമിയിലെ മുന്തിരിവളളി വീണ്ടും ഒരിക്കലും വളരാൻ കഴിയാതവണ്ണം ചവിട്ടിമെതിക്കപ്പെടും.
28. ഭൂമിയിലെ മുന്തിരി മെതിക്കുന്നതാര്, മുന്തിരിച്ചക്കു “നഗരത്തിന്നു പുറത്തുവെച്ചു മെതി”ക്കുന്നത് എന്തിനെ അർഥമാക്കുന്നു?
28 ദാർശനിക മെതിക്കൽ കുതിരകളാണ് നടത്തുന്നത്, എന്തെന്നാൽ മുന്തിരിയിൽനിന്നു പുറത്തുചാടിയ രക്തം “കുതിരകളുടെ കടിവാളങ്ങളോളം” എത്തുന്നു. സാധാരണമായി, ‘കുതിരകൾ’ എന്ന പദം യുദ്ധപ്രവർത്തനത്തെ പരാമർശിക്കുന്നതുകൊണ്ട് ഇതൊരു യുദ്ധകാലം ആയിരിക്കണം. സാത്താന്റെ വ്യവസ്ഥിതിക്കെതിരെയുളള അന്തിമയുദ്ധത്തിൽ യേശുവിനെ അനുഗമിക്കുന്ന സ്വർഗത്തിലെ സൈന്യം “സർവ്വശക്തിയുളള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു” മെതിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 19:11-16) വ്യക്തമായും ഭൂമിയിലെ മുന്തിരി മെതിക്കുന്നവർ ഇവരാണ്. മുന്തിരിച്ചക്കു “നഗരത്തിന്നു പുറത്തുവെച്ചു” മെതിക്കപ്പെടുന്നു, അതായതു സ്വർഗീയ സീയോനു വെളിയിൽ. വാസ്തവത്തിൽ, ഭൂമിയിലെ മുന്തിരി ഭൂമിയിൽവെച്ചുതന്നെ മെതിക്കപ്പെടുന്നത് ഉചിതമാണ്. എന്നാൽ അതു “നഗരത്തിന്നു പുറത്തുവെച്ചു മെതി”ക്കപ്പെടുകയും ചെയ്യും, ഭൂമിയിൽ സ്വർഗീയ സീയോനെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീയുടെ സന്തതിയിൽ ശേഷിപ്പുളളവർക്ക് യാതൊരു ഹാനിയും ഭവിക്കുകയില്ല എന്ന അർഥത്തിൽത്തന്നെ. ഇവർ മഹാപുരുഷാരത്തോടുകൂടെ യഹോവയുടെ ഭൗമിക സ്ഥാപനക്രമീകരണത്തിനുളളിൽ ഭദ്രമായി മറയ്ക്കപ്പെട്ടിരിക്കും.—യെശയ്യാവു 26:20, 21.
29. മുന്തിരിച്ചക്കിൽനിന്നുളള രക്തം എത്ര ആഴമുളളതാണ്, അത് എത്ര ദൂരത്തിൽ വ്യാപിക്കുന്നു, ഇതെല്ലാം എന്തു സൂചിപ്പിക്കുന്നു?
29 സുവ്യക്തമായ ഈ ദർശനത്തിന്, ദാനീയേൽ 2:34, 44-ൽ വർണിച്ചിരിക്കുന്ന രാജ്യകല്ലിനാലുളള ഭൂമിയിലെ രാജത്വങ്ങളുടെ തകർക്കലിനോട് ഒരു സമാന്തരത്വം ഉണ്ട്. ഒരു നിർമൂലമാക്കൽ ഉണ്ടായിരിക്കും. മുന്തിരിച്ചക്കിൽനിന്നുളള രക്തനദി കുതിരകളുടെ കടിവാളങ്ങളോളം വളരെ ആഴമുളളതാണ്, 1,600 ഫർലോങ്a ദൂരം നീണ്ടുകിടക്കുകയും ചെയ്യുന്നു. നാലിന്റെ പെരുക്കത്തെ പത്തിന്റെ പെരുക്കംകൊണ്ടു ഗുണിക്കുമ്പോൾ (4 x 4 x 10 x 10) ലഭിക്കുന്ന ഈ വലിയ സംഖ്യ, നാശത്തിന്റെ തെളിവു മുഴുഭൂമിയെയും ഉൾപ്പെടുത്തുമെന്നുളള ആശയം ദൃഢമായി നൽകുന്നു. (യെശയ്യാവു 66:15, 16) നാശം പൂർണവും സ്ഥിരവും ആയിരിക്കും. ഒരിക്കലും, അതെ വീണ്ടും ഒരിക്കലും ഭൂമിയിലെ സാത്താന്റെ മുന്തിരിവളളി വേരുപിടിക്കുകയില്ല!—സങ്കീർത്തനം 83:17, 18.
30. സാത്താന്റെ മുന്തിരിവളളിയുടെ ഫലങ്ങൾ എന്താണ്, നമ്മുടെ തീരുമാനം എന്തായിരിക്കണം?
30 നാം അന്ത്യകാലത്ത് ആഴത്തിലെത്തി ജീവിക്കുന്നതുകൊണ്ടു രണ്ടു കൊയ്ത്തുകൾ സംബന്ധിച്ച ഈ ദർശനം വളരെ അർഥവത്താണ്. സാത്താന്റെ മുന്തിരിവളളിയുടെ ഫലങ്ങൾ കാണാൻ നാം ചുററുമൊന്നു കണ്ണോടിച്ചാൽ മതി. ഗർഭച്ഛിദ്രങ്ങളും കൊലപാതകത്തിന്റെ മററു രൂപങ്ങളും; സ്വവർഗരതിയും വ്യഭിചാരവും ദുർമാർഗത്തിന്റെ മററുരൂപങ്ങളും; സത്യസന്ധതയില്ലായ്മയും സ്വാഭാവികപ്രിയത്തിന്റെ അഭാവവും—അത്തരം കാര്യങ്ങളെല്ലാം യഹോവയുടെ ദൃഷ്ടിയിൽ ഈ ലോകത്തെ ദുഷിച്ചതാക്കുന്നു. സാത്താന്റെ മുന്തിരിവളളി “നഞ്ചും കൈപ്പുമുളള ഫലം” വഹിക്കുന്നു. അതിന്റെ നാശകരമായ വിഗ്രഹാരാധനാഗതി മനുഷ്യവർഗത്തിന്റെ മഹാനായ സ്രഷ്ടാവിനെ അപമാനിക്കുന്നു. (ആവർത്തനപുസ്തകം 29:17; 32:5; യെശയ്യാവു 42:5, 8) യഹോവയുടെ സ്തുതിക്കായി യേശു കൊണ്ടുവരുന്ന ആരോഗ്യകരമായ ഫലത്തിന്റെ കൊയ്ത്തിൽ യോഹന്നാൻവർഗത്തോടു സജീവമായി സഹകരിക്കുന്നത് എന്തൊരു പദവിയാണ്! (ലൂക്കൊസ് 10:2) നാം ഒരിക്കലും ഈ ലോകത്തിന്റെ മുന്തിരിവളളിയാൽ കളങ്കപ്പെടുകയില്ലെന്നു നമുക്കെല്ലാം ദൃഢനിശ്ചയമുളളവരായിരിക്കാം, അങ്ങനെ യഹോവയുടെ പ്രതികൂല ന്യായവിധി നടപ്പാക്കപ്പെടുമ്പോൾ ഭൂമിയിലെ മുന്തിരിയോടുകൂടെ മെതിക്കപ്പെടുന്നതു നമുക്ക് ഒഴിവാക്കാം.
[അടിക്കുറിപ്പുകൾ]
a 1,600 ഫർലോങ് ഏകദേശം 300 കിലോമീററർ അഥവാ 180 മൈൽ ആണ്.—വെളിപാട് 14:20, ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
[208-ാം പേജിലെ ചതുരം]
‘അവളുടെ ദുർന്നടപ്പിന്റെ മദ്യം’
മഹാബാബിലോന്റെ ഒരു പ്രമുഖഭാഗം റോമൻ കത്തോലിക്കാ സഭയാണ്. സഭ റോമിലെ പാപ്പായാൽ ഭരിക്കപ്പെടുന്നു, ഓരോ പാപ്പായും അപ്പോസ്തലനായ പത്രോസിന്റെ ഒരു പിൻഗാമിയാണെന്ന് അവകാശപ്പെടുന്നു. പിൻവരുന്നവ, പിൻഗാമികളെന്നു പറയപ്പെടുന്നവരെസംബന്ധിച്ചു പ്രസിദ്ധീകരിക്കപ്പെട്ട ചില വസ്തുതകളാണ്:
ഫൊർമോസസ് (891-96): “അയാളുടെ മരണത്തിന് ഒമ്പതുമാസത്തിനുശേഷം ഫൊർമോസസിന്റെ ശരീരം പാപ്പായുടെ ശവക്കുഴിയിൽനിന്നു പുറത്തെടുക്കുകയും ഒരു ‘കാഡവറിക്’ സമിതിയുടെ മുമ്പാകെ വിചാരണക്കായി കുററം ചുമത്തപ്പെടുകയും ചെയ്തു, അതിൽ [പുതിയ പാപ്പായായ] സ്ററീഫൻ അധ്യക്ഷത വഹിച്ചു. മരിച്ചുപോയ പാപ്പ പാപ്പായുടെ സ്ഥാനത്തിനായി ക്രമാതീതമായ ആഗ്രഹം പുലർത്തിയതായി ആരോപിക്കപ്പെടുകയും അയാളുടെ പ്രവർത്തനങ്ങളെല്ലാം റദ്ദാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. . . . ശവത്തിൽനിന്നു പാപ്പായുടെ അങ്കികൾ അഴിച്ചുമാററപ്പെട്ടു; വലതു കയ്യുടെ വിരലുകൾ മുറിച്ചുകളയപ്പെട്ടു.”—ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ.
സ്ററീഫൻ VI-ാമൻ (896-97): “[ഫൊർമോസസിന്റെ ശവം വിചാരണചെയ്ത്] ഏതാനും മാസങ്ങൾക്കുളളിൽ ഒരു അക്രമാസക്ത പ്രതികരണം സ്ററീഫൻ പാപ്പായുടെ പാപ്പാസ്ഥാനം തെറിപ്പിച്ചു; അയാളിൽനിന്നു പാപ്പായുടെ പദവിമുദ്രകൾ നീക്കംചെയ്തു തടവിലാക്കുകയും അയാളെ കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു.”—ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ.
സെർഗിയസ് III-ാമൻ (904-11): “അയാളുടെ തൊട്ടുമുമ്പുളള രണ്ടു പാപ്പാമാർ . . . ജയിലിൽ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടു. . . . റോമിൽ തെയോഫെലാക്ററസിന്റെ കുടുംബം അയാളെ പിന്താങ്ങി, അയാളുടെ പെൺമക്കളിൽ ഒരാളായിരുന്ന മറോസിയായിൽ അയാൾക്ക് ഒരു മകൻ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു (പിന്നീട് ജോൺ XI-ാമൻ പാപ്പായായി).”—ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ.
സ്ററീഫൻ VII-ാമൻ (928-31): “ജോൺ X-ാമൻ പാപ്പായുടെ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ . . . റോമിലെ ഡോണാ സെനാട്രിക്സായ മറോസിയായുടെ ക്രോധത്തിന് പാത്രമായി അയാൾ തടവിലാവുകയും വധിക്കപ്പെടുകയും ചെയ്തു. തുടർന്നു മറോസിയ ലിയോ VI-ാമനെ പാപ്പായായി അവരോധിച്ചു, അയാൾ 6 1⁄2 മാസം സ്ഥാനം വഹിച്ചശേഷം മരിച്ചു. സാധ്യതയനുസരിച്ചു മറോസിയായുടെ സ്വാധീനത്തിലൂടെ സ്ററീഫൻ VII-ാമൻ അയാളുടെ പിൻഗാമിയായി. . . . പാപ്പാ എന്നനിലയിലുളള അയാളുടെ രണ്ടു വർഷക്കാലം അയാൾ മറോസിയായുടെ ആധിപത്യത്തിൻകീഴിൽ അശക്തനായിരുന്നു.”—ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ.
ജോൺ XI-ാമൻ (931-35): “സ്ററീഫൻ VII-ാമന്റെ മരണാനന്തരം തെയോഫെലാക്ററസിന്റെ കുടുംബത്തിലെ മറോസിയ തന്റെ മകനായ ജോണിന് പാപ്പാസ്ഥാനം തരപ്പെടുത്തി, തന്റെ 20-കളുടെ ആരംഭത്തിലുളള ഒരു യുവാവിനുതന്നെ. . . . ഒരു പാപ്പായെന്നനിലയിൽ ജോണിന്റെമേൽ അയാളുടെ അമ്മ ആധിപത്യം പുലർത്തിയിരുന്നു.”—ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ.
ജോൺ XII-ാമൻ (955-64): “അയാൾക്ക് പതിനെട്ട് വയസ്സായിരുന്നില്ല, ആത്മീയ കാര്യങ്ങളിലുളള അയാളുടെ താത്പര്യമില്ലായ്മയും പ്രാകൃത ഉല്ലാസങ്ങളിലുളള ആസക്തിയും അനിയന്ത്രിതമായി ദുഷിച്ച ജീവിതവും സംബന്ധിച്ച് ആനുകാലിക റിപ്പോർട്ടുകൾ യോജിക്കുന്നു.”—ദി ഓക്സ്ഫോർഡ് ഡിക്ഷ്നറി ഓഫ് പോപ്സ്.
ബനഡിക്ട് IX-ാമൻ (1032-44; 1045; 1047-48): “അയാൾ തന്റെ പാപ്പാസ്ഥാനം തന്റെ തലതൊട്ടപ്പനു വിററതിലും പിന്നീട് രണ്ടു പ്രാവശ്യം വീണ്ടും സ്ഥാനം അവകാശപ്പെട്ടതിലും കുപ്രസിദ്ധനായി.”—ദി ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.
അങ്ങനെ, വിശ്വസ്തനായിരുന്ന പത്രോസിന്റെ ദൃഷ്ടാന്തം പിൻപററുന്നതിനു പകരം ഇവരും മററു പാപ്പാമാരും ഒരു ദുഷിച്ച സ്വാധീനമായിരുന്നു. അവർ ഭരണം നടത്തിയിരുന്ന സഭയെ ദുഷിപ്പിക്കുന്നതിന് രക്തപാതകത്തെയും ആത്മീയവും ശാരീരികവുമായ ദുർവൃത്തിയെയും അതുപോലെതന്നെ ഈസബേൽ സ്വാധീനത്തെയും അനുവദിച്ചു. (യാക്കോബ് 4:4) വാച്ച് ടവർ സൊസൈററിയുടെ പൂർത്തിയായ മർമ്മം (ഇംഗ്ലീഷ്) എന്ന പുസ്തകം 1917-ൽ ഈ വസ്തുതകൾ വിശദമായി പ്രതിപാദിച്ചു. ആ നാളുകളിൽ ബൈബിൾ വിദ്യാർഥികൾ ‘സകലതരം ബാധയാലും ഭൂമിയെ ദണ്ഡിപ്പിച്ച’ ഒരു വിധം ഇതായിരുന്നു.—വെളിപ്പാടു 11:6; 14:8; 17:1, 2, 5.
[206-ാം പേജിലെ ചിത്രം]
സിംഹാസനസ്ഥനായ ക്രിസ്തു ദൂതപിന്തുണയോടെ ന്യായവിധി നടത്തുന്നു
[207-ാം പേജിലെ ചിത്രം]
ബാബിലോൻ പൊ.യു.മു. 539-ൽ വീണശേഷം അവളുടെ ബന്ദികൾ മോചിപ്പിക്കപ്പെട്ടു