അധ്യായം 31
യഹോവയുടെ പ്രവൃത്തികൾ—വലുതും അത്ഭുതകരവും
ദർശനം 10—വെളിപ്പാടു 15:1–16:21
വിഷയം: യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ; അവന്റെ ഏഴു ക്രോധകലശങ്ങൾ ഭൂമിയിലേക്ക് ഒഴിക്കപ്പെടുന്നു
നിവൃത്തിയുടെ കാലം: 1919 മുതൽ അർമഗെദോൻ വരെ
1, 2. (എ) യോഹന്നാൻ മൂന്നാമത്തെ ഏതടയാളം റിപ്പോർട്ടുചെയ്യുന്നു? (ബി) ദൂതൻമാരുടെ ഏതു പങ്ക് യഹോവയുടെ ദാസൻമാർ ദീർഘകാലമായി അറിഞ്ഞിരുന്നു?
ഒരു സ്ത്രീ ഒരു ആൺകുട്ടിയെ പ്രസവിക്കുന്നു! ഒരു മഹാസർപ്പം ആ കുട്ടിയെ വിഴുങ്ങാൻ ശ്രമിക്കുന്നു! വെളിപ്പാടു 12-ാം അധ്യായത്തിൽ വളരെ വ്യക്തമായി വരച്ചുകാട്ടിയിരിക്കുന്ന ആ രണ്ടു സ്വർഗീയ അടയാളങ്ങൾ, ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയും സാത്താനും അവന്റെ ഭൂതസന്തതിയും ഉൾപ്പെടുന്ന ദീർഘകാല വിവാദം അതിന്റെ പാരമ്യത്തിൽ എത്തുകയാണെന്നു നമ്മെ ധരിപ്പിച്ചു. ഈ പ്രതീകങ്ങളെ പ്രദീപ്തമാക്കുമ്പോൾ യോഹന്നാൻ പറയുന്നു: “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി . . . മറെറാരു അടയാളം കാണായി”. (വെളിപ്പാടു 12:1, 3, 7-12) ഇപ്പോൾ യോഹന്നാൻ മൂന്നാമതൊരു അടയാളം റിപ്പോർട്ടുചെയ്യുന്നു: “ഞാൻ വലുതും അത്ഭുതവുമായ മറെറാരു അടയാളം സ്വർഗ്ഗത്തിൽ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുളള ഏഴു ദൂതൻമാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീർന്നു.” (വെളിപ്പാടു 15:1) ഈ മൂന്നാമത്തെ അടയാളത്തിനും യഹോവയുടെ ദാസൻമാരെ സംബന്ധിച്ചടത്തോളം ജീവൽപ്രധാനമായ അർഥമുണ്ട്.
2 വീണ്ടും, ദൈവേഷ്ടം നടപ്പാക്കുന്നതിൽ ദൂതൻമാർക്കുളള പ്രധാനപങ്കു കുറിക്കൊളളുക. ഈ വസ്തുത ദീർഘകാലമായി യഹോവയുടെ ദാസൻമാർക്ക് അറിവുളളതാണ്. എന്തിന്, പുരാതന സങ്കീർത്തനക്കാരൻ നിശ്വസ്തതയിൽ അത്തരം ദൂതൻമാരോടു സംസാരിക്കുകപോലും ചെയ്തു, ഇങ്ങനെ പ്രേരിപ്പിച്ചുകൊണ്ട്: “അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരൻമാരായി അവന്റെ ദൂതൻമാരായുളേളാരേ, യഹോവയെ വാഴ്ത്തുവിൻ”! (സങ്കീർത്തനം 103:20) ഇപ്പോൾ ഈ പുതിയ രംഗത്തിൽ ഏഴ് അന്തിമബാധകൾ ഒഴിക്കാൻ ദൂതൻമാർ നിയമിക്കപ്പെടുന്നു.
3. ഏഴു ബാധകൾ എന്താണ്, അവയുടെ ഒഴിക്കൽ എന്തു സൂചിപ്പിക്കുന്നു?
3 ഈ ബാധകൾ എന്താണ്? ഏഴു കാഹളങ്ങളെപ്പോലെ, അവ ഈ ലോകത്തിന്റെ വിവിധ വശങ്ങളോടുളള യഹോവയുടെ വീക്ഷണം പ്രസിദ്ധമാക്കുന്നതും അവന്റെ ന്യായത്തീർപ്പുകളുടെ അന്തിമഫലം സംബന്ധിച്ചു മുന്നറിയിപ്പു നൽകുന്നതുമായ പൊളളിക്കുന്ന ന്യായവിധി പ്രഖ്യാപനങ്ങളാണ്. (വെളിപ്പാടു 8:1–9:21) അവയുടെ ഒഴിക്കൽ, യഹോവയുടെ ഉഗ്രകോപത്തിന്റെ നാളിൽ അവന്റെ ക്രോധലക്ഷ്യങ്ങൾ നശിപ്പിക്കപ്പെടുമ്പോഴത്തെ ആ ന്യായവിധികളുടെ നിർവഹണത്തിലേക്കു വിരൽചൂണ്ടുന്നു. (യെശയ്യാവു 13:9-13; വെളിപ്പാടു 6:16, 17) അങ്ങനെ, അവ മുഖാന്തരം “ദൈവകോപം ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നു.” [NW] എന്നാൽ ബാധകളുടെ ഒഴിക്കൽ വർണിക്കുന്നതിനു മുമ്പ് അവ പ്രതികൂലമായി ബാധിക്കുകയില്ലാത്ത ചില മനുഷ്യരെ സംബന്ധിച്ച് യോഹന്നാൻ നമ്മോടു പറയുന്നു. കാട്ടുമൃഗത്തിന്റെ അടയാളം നിരസിച്ച് ഈ വിശ്വസ്തർ അവന്റെ പ്രതികാരദിവസം ഘോഷിക്കവേ യഹോവക്കു സ്തുതിഗീതം ആലപിക്കുന്നു.—വെളിപ്പാടു 13:15-17.
മോശയുടെയും കുഞ്ഞാടിന്റെയും ഗീതം
4. ഇപ്പോൾ യോഹന്നാന്റെ വീക്ഷണത്തിലേക്ക് എന്തു വരുന്നു?
4 ഒരു ശ്രദ്ധേയമായ വിശാലദൃശ്യം ഇപ്പോൾ യോഹന്നാന്റെ വീക്ഷണത്തിലേക്കു വരുന്നു: “തീ കലർന്ന പളുങ്കുകടൽപോലെ ഒന്നും മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്റെ വീണകൾ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നില്ക്കുന്നതും ഞാൻ കണ്ടു.”—വെളിപ്പാടു 15:2.
5. “തീ കലർന്ന പളുങ്കുകടൽ” എന്തിനെ ചിത്രീകരിക്കുന്നു?
5 ‘പളുങ്കുകടൽ’ ദൈവസിംഹാസനത്തിനു മുമ്പിൽ സ്ഥിതിചെയ്യുന്നതായി യോഹന്നാൻ മുമ്പൊരിക്കൽ കണ്ടതുതന്നെയാണ്. (വെളിപ്പാടു 4:6) അതു തങ്ങളെത്തന്നെ ശുദ്ധമാക്കാൻ പുരോഹിതൻമാർക്കു വെളളം ലഭ്യമാക്കിയ ശലോമോന്റെ ആലയത്തിലെ ‘വാർപ്പുകടലിനു’ (ജലസംഭരണി) സമാനമാണ്. (1 രാജാക്കൻമാർ 7:23, NW) യേശു അഭിഷിക്ത ക്രിസ്ത്യാനികളുടെ പുരോഹിതസഭയെ ശുദ്ധീകരിക്കുന്ന “ജലസ്നാന”ത്തിന്റെ, അതായതു ദൈവവചനത്തിന്റെ ഉത്തമമായ ഒരു പ്രതിനിധാനമാണത്. (എഫെസ്യർ 5:25, 26; എബ്രായർ 10:22) ഈ പളുങ്കുകടൽ “തീ കലർന്ന”താണ്, ഈ അഭിഷിക്തർ അവരുടെ മുമ്പാകെ വെച്ചിരിക്കുന്ന ഉയർന്ന പ്രമാണം അനുസരിക്കുമ്പോൾ അവരെ പരിശോധിച്ചു ശുദ്ധരാക്കുന്നതിനെ സൂചിപ്പിക്കുന്നതുതന്നെ. കൂടാതെ, ദൈവവചനത്തിൽ അവന്റെ ശത്രുക്കൾക്കെതിരെയുളള അഗ്നിമയമായ ന്യായവിധി പ്രകടനങ്ങളും അടങ്ങിയിരിക്കുന്നു എന്ന് അതു നമ്മെ അനുസ്മരിപ്പിക്കുന്നു. (ആവർത്തനപുസ്തകം 9:3; സെഫന്യാവു 3:8) ഒഴിക്കാൻ പോകുന്ന ഏഴ് അന്തിമബാധകളിൽ ഈ അഗ്നിമയമായ ന്യായവിധികളിൽ ചിലത് പ്രകടമാക്കപ്പെടുന്നു.
6. (എ) സ്വർഗീയ പളുങ്കുകടലിനു മുമ്പിൽ നിൽക്കുന്ന ഗായകർ ആരാണ്, നാം എങ്ങനെ അറിയുന്നു? (ബി) അവർ ‘ജയിച്ചു’ വന്നിരിക്കുന്നത് ഏതു വിധത്തിൽ?
6 ശലോമോന്റെ ആലയത്തിലെ വാർപ്പുകടൽ പുരോഹിതൻമാരുടെ ഉപയോഗത്തിനുളളതായിരുന്നുവെന്ന വസ്തുത, സ്വർഗീയ പളുങ്കുകടലിന്റെ മുമ്പാകെ നിൽക്കുന്ന ഗായകർ ഒരു പുരോഹിതവർഗമാണെന്നു സൂചിപ്പിക്കുന്നു. അവർക്കു “ദൈവത്തിന്റെ വീണ”യുണ്ട്. അതുകൊണ്ടു നാം അവരെ 24 മൂപ്പൻമാരോടും 1,44,000-ത്തോടും ബന്ധിപ്പിക്കുന്നു, കാരണം ഈ സംഘങ്ങളും ഒരു വീണയുടെ പിന്നണിയോടെ പാടുന്നു. (വെളിപ്പാടു 5:8; 14:2) യോഹന്നാൻ കാണുന്ന ഗായകർ “മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ” ആണ്. അതുകൊണ്ട് അവർ അന്ത്യനാളുകളിൽ ഭൂമിയിൽ ജീവിക്കുന്ന 1,44,000-ത്തിൽ പെടുന്നവരായിരിക്കണം. വാസ്തവത്തിൽ ഒരു സംഘം എന്നനിലയിൽ അവർ വിജയിച്ചുവരുന്നു. അവർ 1919 മുതൽ ഏതാണ്ട് 70 വർഷമായി കാട്ടുമൃഗത്തിന്റെ അടയാളം സ്വീകരിക്കാനോ സമാധാനത്തിനുളള മമനുഷ്യന്റെ ഏകപ്രത്യാശയെന്ന നിലയിൽ അതിന്റെ പ്രതിമയിലേക്കു നോക്കാനോ വിസമ്മതിച്ചിരിക്കുന്നു. അവരിൽ പലരും ഇതിനകം മരണത്തോളം വിശ്വസ്തരായി സഹിച്ചുനിന്നിരിക്കുന്നു, ഇപ്പോൾ സ്വർഗത്തിലുളള ഇവർ നിസ്സംശയമായും പ്രത്യേക സന്തോഷത്തോടെ ഇപ്പോഴും ഭൂമിയിലുളള അവരുടെ സഹോദരൻമാരുടെ പാട്ടിനൊപ്പം പാടുന്നു.—വെളിപ്പാടു 14:11-13.
7. പുരാതന ഇസ്രായേലിൽ വീണ എങ്ങനെ ഉപയോഗിക്കപ്പെട്ടു, യോഹന്നാന്റെ ദർശനത്തിൽ ദൈവത്തിന്റെ വീണകളുടെ സാന്നിധ്യം നമ്മെ എങ്ങനെ ബാധിക്കണം?
7 വിശ്വസ്തരായ ഈ ജയശാലികൾക്കു ദൈവത്തിന്റെ വീണകൾ ഉണ്ട്. ഈ കാര്യത്തിൽ, അവർ വീണയുടെ അകമ്പടിയോടെ പാടി യഹോവയെ ആരാധിച്ച പുരാതനകാലത്തെ ആലയലേവ്യരെപ്പോലെയാണ്. വീണയുടെ അകമ്പടിയോടെ ചിലർ പ്രവചിക്കുകയും ചെയ്തു. (1 ദിനവൃത്താന്തം 15:16; 25:1-3) വീണയുടെ മധുരമായ ശബ്ദം ഇസ്രായേലിന്റെ സന്തോഷ ഗീതങ്ങളെയും യഹോവക്കുളള സ്തുതികളുടെയും നന്ദിപ്രകടനങ്ങളുടെയും പ്രാർഥനകളെയും അലങ്കരിച്ചിരുന്നു. (1 ദിനവൃത്താന്തം 13:8; സങ്കീർത്തനം 33:2; 43:4; 57:7, 8) വിഷാദത്തിന്റെയോ പ്രവാസത്തിന്റെയോ കാലങ്ങളിൽ വീണസ്വരം കേട്ടിരുന്നില്ല. (സങ്കീർത്തനം 137:2) ഈ ദർശനത്തിൽ ദൈവത്തിന്റെ വീണകളുടെ സാന്നിധ്യം നമ്മുടെ ദൈവത്തിനുളള നന്ദിയുടെയും സ്തുതിയുടെയും വിജയാഹ്ലാദഗീതത്തിനായുളള നമ്മുടെ ആകാംക്ഷയെ ഉത്തേജിപ്പിക്കേണ്ടതാണ്.a
8. ഏതു പാട്ട് ആലപിക്കപ്പെടുന്നു, അതിലെ വാക്കുകൾ ഏവ?
8 അതാണ് യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നത്: “അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുളള ദൈവമായ കർത്താവേ, [യഹോവേ, NW] നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും [നിത്യതയുടെ, NW] രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുളളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.”—വെളിപ്പാടു 15:3, 4.
9. പാട്ട്, ഭാഗികമായി, ‘മോശയുടെ പാട്ട്’ എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്?
9 ഈ വിജയികൾ “മോശെയുടെ പാട്ടു” പാടുന്നു, അതായത് അതുപോലുളള സാഹചര്യങ്ങളിൽ മോശ പാടിയതിനു സമാനമായ ഒരു പാട്ടു തന്നെ. ഇസ്രായേല്യർ ഈജിപ്തിൽ പത്തുബാധകളും ചെങ്കടലിലെ ഈജിപ്ഷ്യൻ സൈന്യത്തിന്റെ നാശവും ദർശിച്ചശേഷം യഹോവക്ക് അത്തരം ഒരു ജയോത്സവ സ്തുതിഗീതത്തിൽ മോശ അവരെ നയിച്ചു, ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ട്: “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറപ്പാടു 15:1-19) കാട്ടുമൃഗത്തിൽനിന്നു ജയശാലികളായി വരുന്നവരും അന്തിമമായ ഏഴു ബാധകൾ പ്രഖ്യാപിക്കുന്നതിൽ പങ്കെടുക്കുന്നവരും ആയ യോഹന്നാന്റെ ദർശനത്തിലെ ഗായകർകൂടെ ‘നിത്യതയുടെ രാജാവിനെ’ പാടി സ്തുതിക്കുന്നത് എത്ര ഉചിതമാണ്!—1 തിമൊഥെയൊസ് 1:17.
10. മോശ മറേറതു പാട്ടും രചിച്ചു, അതിന്റെ അവസാന വാചകം ഇന്നത്തെ മഹാപുരുഷാരത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
10 കനാൻ പിടിച്ചടക്കാൻ ഇസ്രായേൽ ഒരുങ്ങുമ്പോൾ രചിച്ച മറെറാരു പാട്ടിൽ വയോധികനായ മോശ ജനതയോട് ഇപ്രകാരം പറഞ്ഞു: “ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.” ഈ പാട്ടിന്റെ അവസാനത്തെ വാചകം ഇസ്രായേല്യേതരർക്കും പ്രോത്സാഹനം നൽകി, മോശയുടെ നിശ്വസ്ത വചനങ്ങൾ ഇന്നത്തെ മഹാപുരുഷാരത്തോളം എത്തുന്നു: “ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ.” അവർ എന്തുകൊണ്ട് ഉല്ലസിക്കണം? എന്തുകൊണ്ടെന്നാൽ യഹോവ ഇപ്പോൾ “സ്വദാസൻമാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും.” ഈ നീതിയുളള വിധിനിർവഹണം യഹോവയിൽ പ്രത്യാശിക്കുന്ന ഏവർക്കും വിജയാഹ്ലാദം കൈവരുത്തും.—ആവർത്തനപുസ്തകം 32:3, 43; റോമർ 15:10-13; വെളിപ്പാടു 7:9.
11. യോഹന്നാൻ കേട്ട ഗീതത്തിന് ഒരു നിവൃത്തി ഉണ്ടായിക്കൊണ്ടിരിക്കുന്നതെങ്ങനെ?
11 ഇപ്പോൾ കർത്താവിന്റെ ദിവസത്തിൽ ആയിരിക്കുന്നതിലും സ്വർഗീയ ഗണത്തോടുകൂടെ പിൻവരുന്നപ്രകാരം പാടുന്നതിലും മോശതന്നെ എത്ര സന്തോഷിക്കുമായിരുന്നു: “സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” ദർശനത്തിൽ മാത്രമല്ല, പിന്നെയോ ജീവിക്കുന്ന ഒരു യാഥാർഥ്യമായി ഇപ്പോൾ യഹോവയുടെ ഭൗമികസ്ഥാപനത്തിലേക്കു സന്തോഷപൂർവം കൂടിവരുന്ന ‘ജനതകളിൽ’ നിന്നുളള ലക്ഷങ്ങളെ നാം ഇന്നു കാണുമ്പോൾ ആ അത്യുൽകൃഷ്ട ഗീതത്തിന് അത്ഭുതകരമായ നിവൃത്തിയുണ്ടായിക്കൊണ്ടിരിക്കുന്നു.
12. വിജയികളുടെ പാട്ട്, ‘കുഞ്ഞാടിന്റെ പാട്ട്’ എന്നും വിളിക്കപ്പെടുന്നത് എന്തുകൊണ്ട്?
12 എന്നുവരികിലും, ഈ പാട്ടു മോശയുടേതു മാത്രമല്ല, പിന്നെയോ ‘കുഞ്ഞാടിന്റേതും’ കൂടെയാണ്. അപ്രകാരമായിരിക്കുന്നതെങ്ങനെ? മോശ ഇസ്രായേലിൽ യഹോവയുടെ പ്രവാചകനായിരുന്നു, എന്നാൽ തന്നെപ്പോലെ ഒരു പ്രവാചകനെ യഹോവ എഴുന്നേൽപ്പിക്കുമെന്നു മോശതന്നെ പ്രവചിച്ചു. ഈ ഒരുവൻ കുഞ്ഞാടായ യേശുക്രിസ്തുവാണെന്നു തെളിഞ്ഞു. മോശ “ദൈവത്തിന്റെ ദാസനാ”യിരിക്കെ, യേശു ദൈവത്തിന്റെ പുത്രൻ, ഫലത്തിൽ മോശയെക്കാൾ വലിയവൻ ആയിരുന്നു. (ആവർത്തനപുസ്തകം 18:15-19; പ്രവൃത്തികൾ 3:22, 23; എബ്രായർ 3:5, 6) അതുകൊണ്ടു ഗായകർ “കുഞ്ഞാടിന്റെ പാട്ടും” പാടുന്നു.
13. (എ) യേശു മോശയെക്കാൾ വലിയവനെങ്കിലും അവനെപ്പോലെ ആയിരിക്കുന്നതെങ്ങനെ? (ബി) നമുക്ക് എങ്ങനെ ഗായകരോടു ചേരാവുന്നതാണ്?
13 മോശയെപ്പോലെ, യേശു പരസ്യമായി ദൈവത്തിനു സ്തുതിപാടുകയും സകല ശത്രുക്കളുടെയും മേലുളള അവന്റെ വിജയം സംബന്ധിച്ചു പ്രവചിക്കുകയും ചെയ്തു. (മത്തായി 24:21, 22; 26:30; ലൂക്കൊസ് 19:41-44) യഹോവയെ സ്തുതിക്കാൻ ജനതകൾ വരുന്ന കാലത്തിനായി യേശുവും നോക്കിപ്പാർത്തിരുന്നു, ആത്മത്യാഗിയായ “ദൈവത്തിന്റെ കുഞ്ഞാടു” എന്നനിലയിൽ യേശു ഇതു സാധ്യമാക്കുന്നതിനു തന്റെ മനുഷ്യജീവൻ വെച്ചുകൊടുക്കുകപോലും ചെയ്തു. (യോഹന്നാൻ 1:29; വെളിപ്പാടു 7:9; താരതമ്യം ചെയ്യുക: യെശയ്യാവു 2:2-4; സെഖര്യാവു 8:23.) മോശ യഹോവയെന്ന ദൈവനാമം വിലമതിക്കുകയും ആ നാമത്തെ സ്തുതിക്കുകയും ചെയ്തതുപോലെ യേശുവും ദൈവനാമം വെളിപ്പെടുത്തി. (പുറപ്പാടു 6:2, 3; സങ്കീർത്തനം 90:1, 17; യോഹന്നാൻ 17:6) യഹോവ വിശ്വസ്തനായതുകൊണ്ട് അവന്റെ മഹത്തായ വാഗ്ദത്തങ്ങൾ നിവൃത്തിയേറുമെന്നതു തീർച്ചയാണ്. അപ്പോൾ തീർച്ചയായും, “യഹോവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും?” എന്ന ഗീതത്തിലെ വചനങ്ങളെ പിന്താങ്ങുന്നതിൽ നാം ഈ വിശ്വസ്തഗായകരോടും കുഞ്ഞാടിനോടും മോശയോടും യോജിപ്പിലാണ്.
കലശങ്ങളുമായി ദൂതൻമാർ
14. വിശുദ്ധമന്ദിരത്തിൽനിന്ന് ആർ പുറപ്പെട്ടുവരുന്നത് യോഹന്നാൻ കാണുന്നു, അവർക്ക് എന്തു നൽകപ്പെടുന്നു?
14 നാം ഈ അഭിഷിക്തജേതാക്കളുടെ പാട്ടു കേൾക്കുന്നത് ഉചിതമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ ദൈവകോപം നിറഞ്ഞ കലശങ്ങളിൽ അടങ്ങിയിരിക്കുന്ന ന്യായവിധികൾ ഭൂമിയിൽ പ്രസിദ്ധമാക്കിയിരിക്കുന്നു. എന്നാൽ യോഹന്നാൻ തുടർന്നു പ്രകടമാക്കുന്നതുപോലെ ഈ കലശങ്ങളുടെ ഒഴിക്കലിൽ വെറും മനുഷ്യരിലും അധികം ഉൾപ്പെടുന്നു: “ഇതിന്റെശേഷം സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം [വിശുദ്ധമന്ദിരം, NW] തുറന്നതു ഞാൻ കണ്ടു. ഏഴു ബാധയുളള ഏഴു ദൂതൻമാരും ശുദ്ധവും ശുഭ്രവുമായുളള ശണവസ്ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടിയുംകൊണ്ടു ദൈവാലയത്തിൽനിന്നു പുറപ്പെട്ടുവന്നു. അപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു ദൂതൻമാർക്കു കൊടുത്തു.”—വെളിപ്പാടു 15:5-7.
15. ഏഴു ദൂതൻമാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടുവരുന്നത് ആശ്ചര്യമല്ലാത്തതെന്തുകൊണ്ട്?
15 സ്വർഗീയകാര്യങ്ങളുടെ മാതൃകകൾ അടങ്ങിയ ഇസ്രായേല്യ ആലയത്തെ സംബന്ധിച്ചാണെങ്കിൽ, ഇവിടെ “വിശുദ്ധമന്ദിരം” എന്നു വിളിച്ചിരിക്കുന്ന അതിവിശുദ്ധത്തിൽ മഹാപുരോഹിതനുമാത്രമേ പ്രവേശിക്കാൻ കഴിയുമായിരുന്നുളളൂ. (എബ്രായർ 9:3, 7) അതു സ്വർഗത്തിൽ യഹോവയുടെ സന്നിധാനത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നിരുന്നാലും, സ്വർഗത്തിൽ മഹാപുരോഹിതനായ യേശുക്രിസ്തുവിനു മാത്രമല്ല ദൈവമുമ്പാകെ പ്രവേശിക്കാൻ പദവിയുളളത്, പിന്നെയോ ദൂതൻമാർക്കും ആ പദവിയുണ്ട്. (മത്തായി 18:10; എബ്രായർ 9:24-26) അപ്പോൾ ഏഴു ദൂതൻമാർ സ്വർഗത്തിലെ വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തുവരുന്നതായി കാണപ്പെടുന്നത് അതിശയമല്ല. അവർക്ക് യഹോവയാം ദൈവത്തിൽ നിന്നുതന്നെ ഒരു നിയോഗം ഉണ്ട്: ദൈവകോപം നിറഞ്ഞ കലശങ്ങൾ ഒഴിക്കുക എന്നതു തന്നെ.—വെളിപ്പാടു 16:1.
16. (എ) ഏഴു ദൂതൻമാർ അവരുടെ വേലക്കു നന്നായി യോഗ്യരാണെന്ന് എന്തു പ്രകടമാക്കുന്നു? (ബി) പ്രതീകാത്മക കലശങ്ങൾ ഒഴിക്കുന്ന മഹത്തായ വേലയിൽ മററുളളവരും ഉൾപ്പെട്ടിരിക്കുന്നതായി എന്തു സൂചിപ്പിക്കുന്നു?
16 ഈ ദൂതൻമാർ ഈ വേലക്കു നന്നായി യോഗ്യരാണ്. അവർ വൃത്തിയുളള ശുഭ്രവസ്ത്രം ധരിച്ചിരിക്കുന്നു, അവർ ആത്മീയമായി വൃത്തിയും ശുദ്ധിയുമുളളവരും യഹോവയുടെ ദൃഷ്ടിയിൽ നീതിയുളളവരും ആണെന്നു അതു പ്രകടമാക്കുന്നു. കൂടാതെ, അവർ പൊൻകച്ച ധരിച്ചിരിക്കുന്നു. ഒരു വ്യക്തി ഏതെങ്കിലും ജോലിചെയ്യാൻ തന്നേത്തന്നെ സജ്ജനാക്കുമ്പോഴാണു സാധാരണമായി കച്ചകൾ ഉപയോഗിക്കുന്നത്. (ലേവ്യപുസ്തകം 8:7, 13; 1 ശമൂവേൽ 2:18; ലൂക്കൊസ് 12:37; യോഹന്നാൻ 13:4, 5) അതുകൊണ്ട് ഒരു നിയമനം നടപ്പാക്കുന്നതിനു ദൂതൻമാർ കച്ചകെട്ടിയിരിക്കുന്നു. അതുമാത്രമല്ല അവരുടെ കച്ച പൊന്നുകൊണ്ടുളളതാണ്. പുരാതന സമാഗമനകൂടാരത്തിൽ ദിവ്യമായ, സ്വർഗീയമായ കാര്യങ്ങളെ പ്രതിനിധാനം ചെയ്യാൻ സ്വർണം ഉപയോഗിക്കപ്പെട്ടു. (എബ്രായർ 9:4, 11, 12) ഈ ദൂതൻമാർക്കു നിർവഹിക്കാനായി സേവനത്തിന്റെ വിലപ്പെട്ട ഒരു ദിവ്യനിയോഗം ഉണ്ടെന്ന് അതർഥമാക്കുന്നു. ഈ വലിയ വേലയിൽ മററുളളവരും ഉൾപ്പെട്ടിരിക്കുന്നു. നാലു ജീവികളിൽ ഒന്ന് യഥാർഥ കലശങ്ങൾ അവർക്കു കൈമാറുന്നു. നിസ്സംശയമായും, ഇത് ഒരു സിംഹത്തെപ്പോലിരുന്ന ഒന്നാം ജീവിയാണ്, യഹോവയുടെ ന്യായവിധികൾ ഘോഷിക്കാൻ ആവശ്യമായിരുന്ന ധൈര്യത്തെയും അജയ്യമായ ധീരതയെയും പ്രതീകവൽക്കരിക്കുന്നതു തന്നെ.—വെളിപ്പാടു 4:7.
യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ
17. യോഹന്നാൻ വിശുദ്ധമന്ദിരത്തെക്കുറിച്ചു നമ്മോട് എന്തു പറയുന്നു, അതു പുരാതന ഇസ്രായേലിലെ മന്ദിരം നമ്മെ അനുസ്മരിപ്പിക്കുന്നത് എങ്ങനെ?
17 ഒടുവിൽ ദർശനത്തിന്റെ ഈ ഭാഗം പൂർത്തിയാക്കിക്കൊണ്ട് യോഹന്നാൻ നമ്മോടു പറയുന്നു: “ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതൻമാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തിൽ കടപ്പാൻ ആർക്കും കഴിഞ്ഞില്ല.” (വെളിപ്പാടു 15:8) ഇസ്രായേലിന്റെ ചരിത്രത്തിൽ ഒരു മേഘം അക്ഷരീയ വിശുദ്ധമന്ദിരത്തെ മൂടിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, യഹോവയുടെ മഹത്ത്വത്തിന്റെ ഈ പ്രകടനം അവിടെ പ്രവേശിക്കുന്നതിൽനിന്നു പുരോഹിതൻമാരെ തടഞ്ഞു. (1 രാജാക്കൻമാർ 8:10, 11; 2 ദിനവൃത്താന്തം 5:13, 14; താരതമ്യം ചെയ്യുക: യെശയ്യാവു 6:4, 5.) ഇത് ഭൂമിയിലെ വികാസങ്ങളിൽ യഹോവ സജീവമായി ഉൾപ്പെട്ട സമയങ്ങളായിരുന്നു.
18. ഏഴു ദൂതൻമാർ യഹോവക്ക് ഒരു റിപ്പോർട്ടു നൽകുന്നതിന് എപ്പോൾ തിരിച്ചുപോകും?
18 ഇപ്പോൾ ഭൂമിയിൽ സംഭവിക്കുന്ന കാര്യങ്ങളിലും യഹോവ അഗാധതാത്പര്യമുളളവനാണ്. ഏഴു ദൂതൻമാർ അവരുടെ നിയമനം പൂർത്തിയാക്കാൻ അവൻ ആഗ്രഹിക്കുന്നു. സങ്കീർത്തനം 11:4-6-ൽ വർണിച്ചിരിക്കുന്നപ്രകാരം അതു ന്യായവിധിയുടെ ഒരു പരകോടീയ സമയമാണ്: “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രൻമാരെ ശോധന ചെയ്യുന്നു. യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉളളം വെറുക്കുന്നു. ദുഷ്ടൻമാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാററും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.” ഈ ഏഴു ബാധകൾ ദുഷ്ടൻമാരുടെ മേൽ ഒഴിച്ചുകഴിയുന്നതുവരെ ഏഴു ദൂതൻമാർ യഹോവയുടെ ഉന്നത സന്നിധിയിലേക്കു തിരിച്ചുപോവുകയില്ല.
19. (എ) ഏത് ആജ്ഞ പുറപ്പെടുന്നു, ആരാൽ? (ബി) പ്രതീകാത്മക കലശങ്ങളുടെ ഒഴിക്കൽ എപ്പോൾ തുടങ്ങിയിരിക്കണം?
19 ഭയജനകമായ ആജ്ഞ മുഴങ്ങുന്നു: “നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതൻമാരോടും പറയുന്നതു ഞാൻ കേട്ടു.” (വെളിപ്പാടു 16:1) ഈ ആജ്ഞ പുറപ്പെടുവിക്കുന്നത് ആരാണ്? അത് യഹോവതന്നെ ആയിരിക്കണം, എന്തുകൊണ്ടെന്നാൽ അവന്റെ മഹത്ത്വത്തിന്റെയും ശക്തിയുടെയും പ്രഭ മന്ദിരത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ഏതൊരുവനെയും തടഞ്ഞിരുന്നു. യഹോവ 1918-ൽ ന്യായവിധിക്കായി അവന്റെ ആത്മീയ ആലയത്തിലേക്കു വന്നു. (മലാഖി 3:1-5) അപ്പോൾ ദൈവകോപത്തിന്റെ കലശങ്ങൾ ഒഴിക്കാൻ അവൻ ആജ്ഞ നൽകിയത് ആ തീയതിക്കുശേഷം ഉടനെ ആയിരിക്കണം. വാസ്തവത്തിൽ പ്രതീകാത്മക കലശങ്ങളിൽ അടങ്ങിയിരുന്ന ന്യായവിധികൾ 1922-ൽ തീവ്രമായി ഘോഷിച്ചുതുടങ്ങി. അവയുടെ പ്രഘോഷണം ഇന്നു ക്രമമായി വർധിക്കുകയാണ്.
കലശങ്ങളും കാഹളനാദങ്ങളും
20. യഹോവയുടെ ക്രോധകലശങ്ങൾ എന്തു വെളിപ്പെടുത്തുകയും മുന്നറിയിക്കുകയും ചെയ്യുന്നു, അവ എങ്ങനെ ഒഴിക്കപ്പെടുന്നു?
20 യഹോവയുടെ ക്രോധകലശങ്ങൾ യഹോവ വീക്ഷിക്കുന്നപ്രകാരം ലോകരംഗത്തിന്റെ സവിശേഷതകളെ വെളിപ്പെടുത്തുന്നു, യഹോവ നടപ്പാക്കാനിരിക്കുന്ന ന്യായവിധികളെക്കുറിച്ചു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. മോശയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടുന്നവരായ ഭൂമിയിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയാകുന്ന സരണിയിലൂടെ ദൂതൻമാർ കലശങ്ങൾ ഒഴിക്കുന്നു. സുവാർത്തയെന്ന നിലയിൽ രാജ്യം ഘോഷിക്കുമ്പോൾ യോഹന്നാൻവർഗം ഈ ക്രോധകലശങ്ങളുടെ ഉളളടക്കം ധീരമായി വെളിപ്പെടുത്തിയിട്ടുണ്ട്. (മത്തായി 24:14; വെളിപ്പാടു 14:6, 7) അങ്ങനെ അവരുടെ ദ്വിമുഖമായ സന്ദേശം മനുഷ്യവർഗത്തിനു സ്വാതന്ത്ര്യം ഘോഷിക്കുന്നതിൽ സമാധാനപരമായിരുന്നു, എന്നാൽ ‘നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസം’ സംബന്ധിച്ചു മുന്നറിയിപ്പു മുഴക്കുന്നതിൽ യുദ്ധസൂചകമായിരുന്നു.—യെശയ്യാവു 61:1, 2.
21. ദൈവക്രോധത്തിന്റെ ആദ്യത്തെ നാലു കലശങ്ങളുടെ ലക്ഷ്യങ്ങൾ ആദ്യത്തെ നാലു കാഹളം മുഴക്കലിന്റേതിനോട് യോജിക്കുന്നതെങ്ങനെ, എവിടെ അവ വ്യത്യസ്തമായിരിക്കുന്നു?
21 ദൈവക്രോധത്തിന്റെ ആദ്യത്തെ നാലു കലശങ്ങളുടെ ലക്ഷ്യങ്ങൾ ആദ്യത്തെ നാലു കാഹളം മുഴക്കലിനോടു സമമാണ്, അതായതു ഭൂമിയും, സമുദ്രവും, നദികളും നീരുറവകളും, സ്വർഗീയ പ്രകാശസ്രോതസ്സുകളും തന്നെ. (വെളിപ്പാടു 8:1-12) എന്നാൽ കാഹളങ്ങൾ ‘മൂന്നിലൊന്നിനു’ ബാധയറിയിച്ചു, അതേസമയം ദൈവക്രോധത്തിന്റെ കലശങ്ങൾ ഒഴിക്കുന്നതിനാൽ മൊത്തം ബാധിക്കപ്പെടുന്നു. അങ്ങനെ, കർത്താവിന്റെ ദിവസത്തിൽ “മൂന്നിലൊന്നു” എന്നനിലയിൽ ക്രൈസ്തവലോകത്തിന് ആദ്യം ശ്രദ്ധലഭിച്ചുവെന്നിരിക്കെ, യഹോവയുടെ പ്രകോപനപരമായ ന്യായവിധിദൂതുകളാലും അവ കൈവരുത്തുന്ന സങ്കടത്താലും ബാധിക്കപ്പെടുന്നതിൽനിന്നു സാത്താന്റെ വ്യവസ്ഥിതിയുടെ ഒരു ഭാഗവും ഒഴിവാക്കപ്പെട്ടിട്ടില്ല.
22. അവസാനത്തെ മൂന്നു കാഹളം മുഴക്കൽ വ്യത്യസ്തമായിരിക്കുന്നതെങ്ങനെ, യഹോവയുടെ ക്രോധത്തിന്റെ അവസാനത്തെ മൂന്നു കലശങ്ങളോട് അവ ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
22 അവസാനത്തെ മൂന്നു കാഹളം മുഴക്കലുകൾ വ്യത്യസ്തമായിരുന്നു, എന്തെന്നാൽ അവ കഷ്ടങ്ങൾ എന്നു വിളിക്കപ്പെട്ടു. (വെളിപ്പാടു 8:13; 9:12) ഇവയിൽ ആദ്യത്തെ രണ്ടെണ്ണം വിശേഷാൽ വെട്ടുക്കിളികളും കുതിരപ്പടയും ഉൾപ്പെട്ടതായിരുന്നു, അതേസമയം മൂന്നാമത്തേത് യഹോവയുടെ രാജ്യത്തിന്റെ ജനനത്തെ അവതരിപ്പിച്ചു. (വെളിപ്പാടു 9:1-21; 11:15-19) നാം കാണാൻ പോകുന്ന പ്രകാരം അവന്റെ ക്രോധത്തിന്റെ അവസാനത്തെ മൂന്നു കലശങ്ങളും ഈ വശങ്ങളിൽ ചിലത് ഉൾക്കൊളളുന്നു, എന്നാൽ അവ മൂന്നു കഷ്ടങ്ങളിൽനിന്ന് ഏതാണ്ടു വ്യത്യസ്തവുമാണ്. നമുക്ക് ഇപ്പോൾ യഹോവയുടെ ക്രോധകലശങ്ങൾ ഒഴിക്കുന്നതിൽ നിന്നുണ്ടാകുന്ന നാടകീയ വെളിപ്പെടുത്തലുകൾ അടുത്തു ശ്രദ്ധിക്കാം.
[അടിക്കുറിപ്പുകൾ]
a രസാവഹമായി, 1921-ൽ യോഹന്നാൻവർഗം ദൈവത്തിന്റെ കിന്നരം എന്ന ബൈബിൾ പഠനസഹായി പ്രസിദ്ധീകരിച്ചു, അതിന് 20-ലധികം ഭാഷകളിലായി 50 ലക്ഷത്തിലധികം പ്രതികളുടെ വിതരണം ഉണ്ടായി. കൂടുതൽ അഭിഷിക്ത ഗായകരെ കൂട്ടിവരുത്താൻ അതു സഹായിച്ചു.