ഉണർന്നിരിക്കുന്നവർ സന്തുഷ്ടർ!
“ഇതാ! ഞാൻ കള്ളനെപ്പോലെ വരുന്നു. ഉണർന്നിരുന്നു തന്റെ മേലങ്കി സൂക്ഷിച്ചുകൊള്ളുന്നവൻ സന്തുഷ്ടനാകുന്നു.”—വെളിപ്പാടു 16:15, NW.
1. യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നതുകൊണ്ട്, നമുക്ക് എന്തു പ്രതീക്ഷിക്കാനാകും?
യഹോവയുടെ മഹാദിവസം സമീപിച്ചിരിക്കുന്നു, അതിന്റെ അർഥം യുദ്ധം എന്നാണ്! ദർശനത്തിൽ തവളയെപ്പോലെയുള്ള “ഭൂതനിശ്വസ്ത മൊഴികൾ” ഭൂമിയിലെ എല്ലാ “രാജാക്കന്മാ”രുടെയും അഥവാ ഭരണാധിപന്മാരുടെയും അടുക്കലേക്കു “പുറപ്പെടുന്നതു” യോഹന്നാൻ അപ്പോസ്തലൻ കണ്ടു. എന്തു ചെയ്യുന്നതിന്? “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി അവരെ കൂട്ടിച്ചേർപ്പാൻ!” യോഹന്നാൻ തുടർന്നുപറഞ്ഞു: “അവ അവരെ എബ്രായഭാഷയിൽ ഹാർമഗെദോൻ എന്നു പേരുള്ള സ്ഥലത്തു കൂട്ടിച്ചേർത്തു.”—വെളിപ്പാടു 16:13-16, NW.
2. മാഗോഗിലെ ഗോഗ് ആരാണ്, അവൻ യഹോവയുടെ ജനത്തെ ആക്രമിക്കുമ്പോൾ എന്തു സംഭവിക്കും?
2 ഉടനെതന്നെ യഹോവ, വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോനെ നശിപ്പിക്കാൻ ഈ വ്യവസ്ഥിതിയിലെ രാഷ്ട്രീയ ശക്തികളെ പ്രേരിപ്പിക്കും. (വെളിപ്പാടു 17:1-5, 15-17) പിന്നെ, ഭൂമിയുടെ പരിസരത്തേക്കു താഴ്ത്തപ്പെട്ടിരിക്കുന്ന പിശാചായ സാത്താൻ എന്ന മാഗോഗിലെ ഗോഗ് തന്റെ പടയെ അണിനിരത്തി യഹോവയുടെ സമാധാനപ്രേമികളായ, പ്രതിരോധരഹിതരായി കാണപ്പെടുന്ന ജനത്തിനുനേരെ സർവശക്തിയോടുംകൂടെ ആഞ്ഞടിക്കും. (യെഹെസ്കേൽ 38:1-12) എന്നാൽ ദൈവം തന്റെ ജനത്തിന്റെ രക്ഷയ്ക്കെത്തും. അതായിരിക്കും “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ”ത്തിനു നാന്ദി കുറിക്കുക.—യോവേൽ 2:31; യെഹെസ്കേൽ 38:18-20.
3. യെഹെസ്കേൽ 38:21-23-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സംഭവവികാസങ്ങളെ നിങ്ങൾ എങ്ങനെ വർണിക്കും?
3 അതേ, നാം ഹാർമഗെദോൻ അല്ലെങ്കിൽ അർമഗെദോൻ എന്ന ലോകാവസ്ഥയിൽ എത്തുമ്പോൾ യഹോവ തന്റെ ജനത്തെ രക്ഷിക്കുകയും അതോടൊപ്പം സാത്താന്റെ വ്യവസ്ഥിതിയുടെ തരിമ്പുപോലും ശേഷിപ്പിക്കാതെ നശിപ്പിക്കുകയും ചെയ്യും. യെഹെസ്കേൽ 38:21-23-ലെ പ്രാവചനിക വാക്കുകൾ വായിച്ച് ആ രംഗം ഭാവനയിൽ കാണുക. യഹോവ തന്റെ ശക്തി ഉപയോഗിച്ച് കോരിച്ചൊരിയുന്ന പെരുമഴയും നാശം വിതയ്ക്കുന്ന ആലിപ്പഴവർഷവും ആളിപ്പടരുന്ന അഗ്നിയും മാരകമായ മഹാമാരിയും വരുത്തുന്നു. ഗോഗിന്റെ പട ആശയക്കുഴപ്പത്തിലാക്കപ്പെട്ടു പരസ്പരം പൊരുതുമ്പോൾ എവിടെയും പരിഭ്രാന്തിതന്നെ. തന്റെ ദാസന്മാരെ രക്ഷപ്പെടുത്താൻ യഹോവ പ്രകൃത്യാതീത മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ സർവശക്തനായ ദൈവത്തിന്റെ അവശേഷിക്കുന്ന ശത്രുക്കളെല്ലാം നശിപ്പി ക്കപ്പെടും. മുൻകൂട്ടിപ്പറയപ്പെട്ട “മഹോപദ്രവം” പൂർത്തിയാകുമ്പോൾ, സാത്താന്റെ ഭക്തികെട്ട വ്യവസ്ഥിതിയുടെ തരിമ്പുപോലും അവശേഷിക്കുകയില്ല. (മത്തായി 24:21, NW) എന്നാൽ പ്രാണവേദന അനുഭവിക്കുന്നതിനിടയിൽ തങ്ങൾക്കു ഭവിച്ച ദുരന്തത്തിന് ഉത്തരവാദി ആരാണെന്ന് ആ ദുഷ്ടന്മാർ മനസ്സിലാക്കും. നമ്മുടെ വിജയശ്രീലാളിതനായ ദൈവംതന്നെ പറയുന്നു: “ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.” ഈ അസാധാരണ സംഭവങ്ങൾ നമ്മുടെ നാളിൽ, യേശുവിന്റെ സാന്നിധ്യ കാലത്തു സംഭവിക്കും.
കള്ളനെപ്പോലെ വരുന്നു
4. ഏതു വിധത്തിലാണ് യേശു ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കാൻ വരുന്നത്?
4 മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു പറഞ്ഞു: “ഇതാ! ഞാൻ കള്ളനെപ്പോലെ വരുന്നു.” കള്ളനെപ്പോലെയുള്ള വരവ് പ്രതീക്ഷിക്കാത്ത നേരത്ത്, മിക്കവരും ഉറക്കത്തിലായിരിക്കുമ്പോൾ പെട്ടെന്നായിരിക്കും. ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കാൻ യേശു കള്ളനെപ്പോലെ വരുമ്പോൾ, ശരിക്കും ഉണർന്നിരിക്കുന്നവരെ അവൻ പരിരക്ഷിക്കും. അവൻ യോഹന്നാനോടു പറഞ്ഞു: “നഗ്നനായി ആളുകളുടെ മുമ്പിൽ ലജ്ജിതനായിത്തീരാതിരിക്കാൻ ഉണർന്നിരുന്നു തന്റെ മേലങ്കി സൂക്ഷിച്ചുകൊള്ളുന്നവൻ സന്തുഷ്ടനാകുന്നു.” (വെളിപ്പാടു 16:15, NW) ആ വാക്കുകളുടെ അർഥമെന്ത്? നമുക്കെങ്ങനെ ആത്മീയമായി ഉണർന്നിരിക്കാനാകും?
5. യേശു ഭൂമിയിലായിരുന്നപ്പോൾ ആലയ സേവനത്തിനുള്ള എന്തു ക്രമീകരണം നിലനിന്നിരുന്നു?
5 സാധാരണഗതിയിൽ ജോലിസമയത്ത് ഉറങ്ങുന്ന ഒരു കാവൽക്കാരനെ വസ്ത്രാക്ഷേപം നടത്താറില്ല. എന്നാൽ യേശു ഭൂമിയിലായിരുന്ന സമയത്ത്, യെരൂശലേമിലെ ആലയത്തിൽ പുരോഹിത, ലേവ്യ ഗണങ്ങൾ സേവിച്ചിരുന്ന സമയത്ത് യെരൂശലേമിലെ ആലയത്തിൽ അതു സംഭവിച്ചിരുന്നു. പൊ.യു.മു. 11-ാം നൂറ്റാണ്ടിലായിരുന്നു ദാവീദ് രാജാവ് ഇസ്രായേലിലെ നൂറുകണക്കിനു പുരോഹിതന്മാരെയും അവരുടെ ആയിരക്കണക്കിനു ലേവ്യ സഹായികളെയും 24 ഗണങ്ങളായി തിരിച്ചത്. (1 ദിനവൃത്താന്തം 24:1-18) പരിശീലനം ലഭിച്ച ആയിരത്തിലധികം ജോലിക്കാരുടെ ഓരോ ഗണവും ഊഴമനുസരിച്ച് ആലയത്തിലെ വ്യത്യസ്ത സേവനങ്ങളിൽ ഏർപ്പെട്ടിരുന്നു. മുഴുവാരവും നീണ്ടുനിൽക്കുന്ന പ്രസ്തുത വേല അവർക്കു വർഷത്തിൽ ചുരുങ്ങിയത് രണ്ടു പ്രാവശ്യം ലഭിച്ചിരുന്നു. എന്നാൽ കൂടാരപ്പെരുന്നാൾ സമയത്ത് 24 ഗണവും ജോലിക്കു സന്നിഹിതരാകുമായിരുന്നു. പെസഹാ പെരുന്നാളിലും കൂടുതലായ സഹായം ആവശ്യമായിരുന്നു.
6. “ഉണർന്നിരുന്നു തന്റെ മേലങ്കി കാത്തുകൊള്ളുന്നവൻ സന്തുഷ്ടനാകുന്നു” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായിരിക്കാം?
6 “ഉണർന്നിരുന്നു തന്റെ മേലങ്കി സൂക്ഷിച്ചുകൊള്ളുന്നവൻ സന്തുഷ്ടനാകുന്നു” എന്നു യേശു പറഞ്ഞപ്പോൾ, അവന്റെ മനസ്സിലുണ്ടായിരുന്നത് ആലയ കാവൽക്കാരന്റെ ചുമതലയുമായി ബന്ധപ്പെട്ട് അന്നു പിൻപറ്റിയിരുന്ന ഒരു നടപടിക്രമമായിരിക്കാം. യഹൂദ മിഷ്നാ പറയുന്നു: “പുരോഹിതന്മാർ ആലയത്തിൽ കാവൽ നിന്നിരുന്നതു മൂന്നിടങ്ങളിലായിരുന്നു: അബ്റ്റിനാസ് മണ്ഡപത്തിലും അഗ്നിജ്വാലാ മണ്ഡപത്തിലും അഗ്നികുണ്ഡ മണ്ഡപത്തിലും; ലേവ്യർ ഇരുപത്തൊന്നിടങ്ങളിലുണ്ടായിരുന്നു: ആലയഗിരിയുടെ അഞ്ചു കവാടങ്ങളിലായി അഞ്ചുപേർ, നാല് ഉൾമൂലകളിലായി നാലുപേർ, ആലയപ്രാകാര കവാടങ്ങളിൽ അഞ്ചെണ്ണത്തിലായി അഞ്ചുപേർ, നാലു പുറംമൂലകളിലായി നാലുപേർ, കാഴ്ചയർപ്പണ മണ്ഡപത്തിൽ ഒരാൾ, തിരശ്ശീല മണ്ഡപത്തിൽ ഒരാൾ, കരുണാവേദികസ്ഥലത്തിനു [അതിവിശുദ്ധത്തിന്റെ പിൻമതിലിനു പുറത്ത്] പിന്നിലായി ഒരാൾ. ആലയഗിരിയുടെ അധികാരി തീപ്പന്തവുമേന്തി ഓരോ കാവൽക്കാരന്റെ അടുക്കലും പോകുക പതിവായിരുന്നു. ഏതെങ്കിലും ഒരു കാവൽക്കാരൻ എഴുന്നേറ്റുനിന്ന് അയാളോട് ‘ആലയഗിരി അധികാരിയേ, താങ്കൾക്കു സമാധാനം!’ എന്നു പറയുന്നില്ലെങ്കിൽ അയാൾ ഉറക്കത്തിലാണെന്നു വ്യക്തമായതുകൊണ്ട് അയാളെ വടികൊണ്ട് അടിക്കുമായിരുന്നു. കൂടാതെ അയാളുടെ വസ്ത്രങ്ങൾ കത്തിച്ചുകളയാനുള്ള അധികാരവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.”—മിഷ്നാ, മിഡോത്ത് (“അളവുകൾ”), 1, ഖണ്ഡികകൾ 1-2, ഹെർബർട്ട് ഡാൻബിയുടെ പരിഭാഷ.
7. ആലയത്തിൽ കാവൽ നോക്കാൻ ചുമതലയുണ്ടായിരുന്ന പുരോഹിതന്മാരും ലേവ്യരും ഉണർന്നിരിക്കണമായിരുന്നത് എന്തുകൊണ്ട്?
7 നിരീക്ഷണം നടത്തുന്നതിനും ഏതെങ്കിലും അശുദ്ധൻ ആലയ പ്രാകാരങ്ങളിൽ കയറിക്കൂടുന്നതു തടയുന്നതിനുംവേണ്ടി സേവക ഗണത്തിൽപ്പെട്ട അനേകം ലേവ്യരും പുരോഹിതന്മാരും രാത്രിമുഴുവൻ ഉണർന്നിരിക്കുമായിരുന്നു. “ആലയഗിരി അധികാരി” അല്ലെങ്കിൽ ‘ദേവാലയപടനായകൻ’ രാത്രിയാമങ്ങളിൽ 24 സ്ഥലങ്ങളിലും ഇടയ്ക്കിടയ്ക്കു സന്ദർശിച്ചിരുന്നതുകൊണ്ട്, കൃത്യവിലോപത്തിനു പിടിക്കപ്പെടാതിരിക്കാൻ ആഗ്രഹിക്കുന്ന ഓരോ കാവൽക്കാരനും ഉണർന്നിരിക്കണമായിരുന്നു.—പ്രവൃത്തികൾ 4:1.
8. ക്രിസ്ത്യാനിയുടെ ആലങ്കാരിക മേലങ്കികൾ ഏവ?
8 അഭിഷിക്ത ക്രിസ്ത്യാനികളും അവരുടെ കൂട്ടുദാസന്മാരും ആത്മീയമായി ഉണർന്നിരിക്കുകയും തങ്ങളുടെ ആലങ്കാരിക മേലങ്കികൾ കാത്തുകൊള്ളുകയും ചെയ്യേണ്ടതുണ്ട്. അവ യഹോവയുടെ ആത്മീയ ആലയത്തിൽ നമുക്കുള്ള ശുശ്രൂഷാ നിയമനത്തിന്റെ ബാഹ്യ തെളിവുകളാണ്. അത് അംഗീകരിച്ചുകൊണ്ടു നമ്മുടെ കടമകൾ നിറവേറ്റി രാജ്യപ്രഘോഷകർ എന്നനിലയിലുള്ള നമ്മുടെ ചുമതലകൾ നിർവഹിക്കുന്നതിനു നമുക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ സഹായമുണ്ട്. ദൈവശുശ്രൂഷകർ എന്നനിലയിലുള്ള നമ്മുടെ കർത്തവ്യനിർവഹണ സമയത്ത് ഉറങ്ങുന്നത് അപകടമാണ്, കാരണം വലിയ ആത്മീയ ആലയത്തിന്റെ മേധാവിയായ യേശു അതു കണ്ടുപിടിക്കും. ആ സമയത്തു നാം ആത്മീയ ഉറക്കത്തിലാണെങ്കിൽ, പ്രതീകാത്മകമായി വസ്ത്രമുരിഞ്ഞുമാറ്റി നമ്മെ നഗ്നരാക്കി നമ്മുടെ പ്രതീകാത്മക മേലങ്കികൾ കത്തിച്ചുകളയും. അതുകൊണ്ടു ആത്മീയമായി ഉണർന്നിരിക്കാൻ നമുക്കെങ്ങനെ കഴിയും?
നമുക്ക് ഉണർന്നിരിക്കാവുന്ന വിധം
9. ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു ബൈബിൾ പഠിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു ശുഷ്കാന്തിയോടെ തിരുവെഴുത്തുകൾ പഠിക്കുന്നത് ആത്മീയമായി ഉണർന്നിരിക്കുന്നതിനുള്ള ഒരു പ്രേരകഘടകമാണ്. അത്തരം പഠനം ശുശ്രൂഷയ്ക്കായി നമ്മെ സജ്ജരാക്കും, പ്രതിസന്ധികൾ നേരിടാൻ നമ്മെ സഹായിക്കും, നമുക്കു ശ്വാശ്വത സന്തുഷ്ടിക്കുള്ള മാർഗം കാട്ടിത്തരും. (സദൃശവാക്യങ്ങൾ 8:34, 35; യാക്കോബ് 1:5-8) നമ്മുടെ പഠനം പൂർണവും പുരോഗമനാത്മകവും ആയിരിക്കണം. (എബ്രായർ 5:14–6:3) നല്ല ഭക്ഷണപദാർഥങ്ങൾ ക്രമമായി കഴിക്കുന്നത് ഉണർന്നിരിക്കുന്നതിനും ജാഗരൂകരായിരിക്കുന്നതിനും നമ്മെ സഹായിക്കും. അതു വികലപോഷണത്തിന്റെ ഒരു ലക്ഷണമായ മന്ദത തടയും. ആത്മീയമായി വികലപോഷിതരും മാന്ദ്യമുള്ളവരും ആയിരിക്കുന്നതിനു നമുക്ക് ഒരു കാരണവുമില്ല, എന്തെന്നാൽ “വിശ്വസ്തനും വിവേകിയുമായ” അഭിഷിക്ത “അടിമ”യിലൂടെ ആത്മീയ ഭക്ഷണത്തിനു സമൃദ്ധമായ കരുതലുകളാണ് ദൈവം ചെയ്യുന്നത്. (മത്തായി 24:45-47, NW) വ്യക്തിപരവും കുടുംബപരവുമായ പഠനത്തിലൂടെ നിരന്തരം ആത്മീയ ഭക്ഷണം കഴിക്കുന്നത് ഉണർന്നിരിക്കാനും “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി”ത്തീരാനുമുള്ള ഒരു മാർഗമാണ്.—തീത്തൊസ് 1:13.
10. ക്രിസ്തീയ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവ ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
10 ക്രിസ്തീയ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവ ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നു. അവ ‘സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും അന്യോന്യം ഉത്സാഹം വർദ്ധിപ്പി’ക്കുന്നതിനുള്ള പ്രോത്സാഹനവും അവസരങ്ങളും പ്രദാനം ചെയ്യുന്നു. “നാൾ സമീപിക്കുന്നു എന്നു കാണുംതോറും” നാം വിശേഷിച്ചും ക്രമമായി കൂടിവരണം. ആ ദിവസം ഇപ്പോൾ നിശ്ചയമായും സമീപിച്ചിരിക്കുകയാണ്. അതു തന്റെ പരമാധികാരം സംസ്ഥാപിക്കുന്ന “യഹോവയുടെ ദിവസ”മാണ്. ആ ദിവസം നമുക്കു യഥാർഥത്തിൽ പ്രധാനമാണെങ്കിൽ—പ്രധാനമായിരുന്നേ മതിയാകൂ—നാം ‘നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കുകയില്ല.’—എബ്രായർ 10:24, 25; 2 പത്രൊസ് 3:10.
11. ആത്മീയ ഉണർവിനു ക്രിസ്തീയ ശുശ്രൂഷ അത്യന്താപേക്ഷിതമാണെന്നു പറയുന്നത് എന്തുകൊണ്ട്?
11 ക്രിസ്തീയ ശുശ്രൂഷയിൽ മുഴുഹൃദയത്തോടെയുള്ള പങ്കുപറ്റൽ ആത്മീയ ഉണർവിന് അത്യന്താപേക്ഷിതമാണ്. തീക്ഷ്ണതയോടെ ക്രമമായി സുവാർത്താ പ്രസംഗത്തിൽ ഏർപ്പെടുന്നതു നമ്മെ ഉണർന്നിരിക്കുന്നവരാക്കും. ദൈവത്തിന്റെ വചനത്തെയും അവന്റെ രാജ്യത്തെയും ഉദ്ദേശ്യത്തെയും കുറിച്ച് ആളുകളോടു സംസാരിക്കാൻ നമ്മുടെ ശുശ്രൂഷ നമുക്ക് അനേകം അവസരങ്ങൾ തരുന്നു. വീടുതോറും സാക്ഷീകരിക്കുന്നതും മടക്കസന്ദർശനങ്ങൾ നടത്തുന്നതും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പോലുള്ള പുസ്തകങ്ങൾ ഉപയോഗിച്ചു ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതും സംതൃപ്തിദായകമായ കാര്യമാണ്. പൗലൊസ് തങ്ങളെ “പരസ്യമായും വീടുതോറും” പഠിപ്പിച്ചിരുന്നുവെന്ന് പുരാതന എഫെസൊസിലെ മൂപ്പന്മാർക്കു സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞു. (പ്രവൃത്തികൾ 20:20, 21) യഹോവയുടെ ചില വിശ്വസ്ത സാക്ഷികൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളത് അവരുടെ ശുശ്രൂഷയ്ക്ക് ഏതാണ്ടു തടസ്സമാകുന്നുണ്ടെന്നതു ശരിതന്നെ. എന്നാൽ യഹോവയെയും അവന്റെ രാജ്യത്തെയും കുറിച്ചു മറ്റുള്ളവരോടു പറയാൻ അവർ മറ്റു മാർഗങ്ങൾ കണ്ടെത്തി വലിയ സന്തോഷം അനുഭവിക്കുന്നുണ്ട്.—സങ്കീർത്തനം 145:10-14.
12, 13. എന്തു കാരണങ്ങളാൽ അമിതഭോജനവും അമിതമദ്യപാനവും നാം ഒഴിവാക്കണം?
12 അമിതഭോജനം ഒഴിവാക്കുന്നത് ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ സഹായിക്കും. തന്റെ സാന്നിധ്യത്തെക്കുറിച്ചു സംസാരിച്ചപ്പോൾ, യേശു അപ്പോസ്തലന്മാരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ [“കെണിപോലെ,” പി.ഒ.സി. ബൈബിൾ] വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും.” (ലൂക്കൊസ് 21:7, 34, 35) അമിതഭോജനവും മദ്യാസക്തിയും ബൈബിൾ തത്ത്വങ്ങൾക്കു നിരക്കുന്നതല്ല. (ആവർത്തനപുസ്തകം 21:18-21) സദൃശവാക്യങ്ങൾ 23:20, 21 പറയുന്നു: “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു. കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.”—സദൃശവാക്യങ്ങൾ 28:7 താരതമ്യം ചെയ്യുക.
13 എന്നിരുന്നാലും, അമിതഭോജനവും അമിതമദ്യപാനവും ആ ഘട്ടത്തോളം എത്തിയിട്ടില്ലെങ്കിൽപ്പോലും അവയ്ക്ക് ഒരു വ്യക്തിയെ മാന്ദ്യമുള്ളവനും ദൈവേഷ്ടം ചെയ്യുന്നതിൽ അലസനും ഉദാസീനനും ആക്കാനാകും. സ്വാഭാവികമായും കുടുംബജീവിതം, ആരോഗ്യം തുടങ്ങികാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠയുണ്ടാകും. എന്നാൽ, ജീവിതത്തിൽ നാം രാജ്യതാത്പര്യങ്ങൾ ഒന്നാം സ്ഥാനത്തു വെക്കുകയും നമ്മുടെ സ്വർഗീയ പിതാവു നമുക്കുവേണ്ടി കരുതുമെന്ന ഉറപ്പുണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ നാം സന്തുഷ്ടരായിരിക്കും. (മത്തായി 6:25-34) അല്ലെന്നുവരികിൽ, “ആ ദിവസം” ഒരു “കെണി”യായി, ഒരുപക്ഷേ ജാഗരൂകരല്ലാത്ത നമ്മെ വീഴ്ത്തുന്ന, മറഞ്ഞിരിക്കുന്ന ഒരു കെണിയായി അല്ലെങ്കിൽ സംശയം തോന്നാത്ത മൃഗങ്ങളെ ആകർഷിച്ചു പിടിക്കുന്നതുപോലുള്ള ഇരകൊളുത്തിയ കെണിയായി, നമ്മുടെമേൽ വരും. നാം ഉണർന്നിരിക്കുന്നെങ്കിൽ, നാം “അന്ത്യകാലത്താ”ണു ജീവിക്കുന്നത് എന്ന പൂർണബോധമുണ്ടെങ്കിൽ, ഇതു സംഭവിക്കുകയില്ല.—ദാനീയേൽ 12:4.
14. നാം ആത്മാർഥമായ പ്രാർഥനയിൽ ഏർപ്പെടേണ്ടത് എന്തുകൊണ്ട്?
14 ആത്മീയ ഉണർവിനുള്ള മറ്റൊരു സഹായം ആത്മാർഥമായ പ്രാർഥനയാണ്. തന്റെ മഹത്തായ പ്രവചനത്തിൽ, യേശു പിന്നെയും ഉദ്ബോധിപ്പിച്ചു: “ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാററിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.” (ലൂക്കൊ. 21:36) അതേ, നാം എന്നും യഹോവയുടെ പക്ഷത്തുണ്ടായിരിക്കുന്നതിനും മനുഷ്യപുത്രനായ യേശു ഈ ദുഷ്ടവ്യവസ്ഥിതി നശിപ്പിക്കാൻ വരുമ്പോൾ നമുക്ക് ഒരു അംഗീകൃത നിലയുണ്ടായിരിക്കുന്നതിനും നമുക്കു പ്രാർഥിക്കാം. നമ്മുടെയും നാം പ്രാർഥിക്കുന്ന സഹവിശ്വാസികളുടെയും പ്രയോജനത്തിനുവേണ്ടി, ‘പ്രാർത്ഥനയിൽ ഉറ്റിരി’ക്കേണ്ടതുണ്ട്.—കൊലൊസ്സ്യർ 4:2; എഫെസ്യർ 6:18-20.
സമയം തീരുകയാണ്
15. നീതിപ്രസംഗകർ എന്നനിലയിലുള്ള നമ്മുടെ സേവനത്താൽ എന്തു നേട്ടമുണ്ടാകുന്നു?
15 നാം യഹോവയുടെ മഹാദിവസത്തിനായി കാത്തിരിക്കവെ, അവന്റെ സേവനത്തിൽ ആവതു ചെയ്യാൻ നാം നിസ്സംശയമായും ആഗ്രഹിക്കുന്നു. നാം ഇതു സംബന്ധിച്ച് അവനോട് ആത്മാർഥമായി പ്രാർഥിക്കുന്നെങ്കിൽ, “പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു വലിയ വാതിൽ” നമുക്കു തുറന്നുകിട്ടിയേക്കാം. (1 കൊരിന്ത്യർ 16:8, 9, NW) ദൈവത്തിന്റെ നിയമിത സമയത്ത്, യേശു ന്യായവിധി നടത്തി നിത്യനാശത്തിനു യോഗ്യരായ ഭക്തികെട്ട “കോലാടുകളി”ൽനിന്നു നിത്യജീവനു യോഗ്യരായ, നീതിനിഷ്ഠരായ “ചെമ്മരിയടുകളെ” വേർതിരിക്കും. (യോഹന്നാൻ 5:22) കോലാടുകളിൽനിന്നു ചെമ്മരിയാടുകളെ വേർതിരിക്കുന്നത് നാമല്ല. എന്നാൽ ഇപ്പോൾ നീതിപ്രസംഗകരായുള്ള നമ്മുടെ സേവനം ആളുകൾക്കു ദൈവസേവനത്തിന്റേതായ ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള അവസരവും യേശു ‘തന്റെ തേജസ്സോടെ വരുമ്പോൾ’ ജീവനിലേക്കു വേർതിരിക്കപ്പെടുന്നതിനുള്ള പ്രത്യാശയും വെച്ചുനീട്ടുന്നുണ്ട്. ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിനു ശേഷിക്കുന്ന സമയം തീർന്നുകൊണ്ടിരിക്കുകയാണ്. ഇത് “നിത്യജീവനായി ശരിയായ മനോനിലയുള്ള”വരെ തിരയുന്നതിനു മുഴുഹൃദയത്തോടെയുള്ള നമ്മുടെ പ്രവർത്തനത്തെ ഊർജിതപ്പെടുത്തേണ്ടത് ആവശ്യമാക്കുന്നു.—മത്തായി 25:31-46; പ്രവൃത്തികൾ 13:48, NW.
16. നാം തീക്ഷ്ണതയുള്ള രാജ്യപ്രഘോഷകർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
16 നോഹയുടെ നാളിലെ ലോകത്തിനുള്ള സമയം തീർന്നു, ഈ വ്യവസ്ഥിതിയുടെ സമയവും ഉടൻ തീരും. അതുകൊണ്ടു നമുക്കു തീക്ഷ്ണതയുള്ള രാജ്യപ്രഘോഷകരായിരിക്കാം. നമ്മുടെ പ്രസംഗവേല തഴയ്ക്കുകയാണ്. കാരണം ദൈവത്തോടുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി ലക്ഷക്കണക്കിനാളുകളാണു വർഷംതോറും സ്നാപനമേൽക്കുന്നത്. അവർ യഹോവയുടെ അനുഗൃഹീത സ്ഥാപനത്തിന്റെ—‘അവന്റെ ജനത്തിന്റെയും അവൻ മേയിക്കുന്ന ആടുകളുടെയും’—ഭാഗമായിത്തീരുകയാണ്. (സങ്കീർത്തനം 100:3) “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ”ത്തിനുമുമ്പ് അനേകർക്കു പ്രത്യാശ കൈവരുത്തുന്ന രാജ്യപ്രസംഗവേലയിൽ ഒരു പങ്കുണ്ടായിരിക്കുന്നത് എന്തൊരു സന്തോഷമാണ്!
17, 18. (എ) നാം പ്രസംഗിക്കുമ്പോൾ ചിലരിൽനിന്നു നാം എന്തു പ്രതികരണം പ്രതീക്ഷിക്കണം? (ബി) പരിഹാസികളെ തീർച്ചയായും എന്തു നശിപ്പിക്കും?
17 നോഹയെപ്പോലെ, നമുക്കു ദൈവത്തിന്റെ പിൻബലവും സംരക്ഷണവുമുണ്ട്. അതേ, ആളുകളും മൂർത്തീകരിച്ച ദൂതന്മാരും നെഫെലിമുകളും നോഹയുടെ സന്ദേശം പരിഹസിച്ചുതള്ളിയിരിക്കാം, എന്നാൽ അതുകൊണ്ടൊന്നും നോഹ പിന്മാറിയില്ല. നാം “അന്ത്യകാല”ത്താണു ജീവിക്കുന്നത് എന്നതിനുള്ള അതിശക്തമായ തെളിവുകൾ നിരത്തുമ്പോൾ ഇന്നും ചിലർ പരിഹസിക്കുന്നു. (2 തിമൊഥെയൊസ് 3:1-5) അത്തരം പരിഹാസവും ക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയാണ്, കാരണം പത്രൊസ് എഴുതി: “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—2 പത്രൊസ് 1:16; 3:3, 4.
18 ഇന്നത്തെ പരിഹാസികൾ ചിന്തിച്ചേക്കാം: ‘സൃഷ്ടിമുതൽ യാതൊരു മാറ്റവും വന്നിട്ടില്ല. ആളുകൾ തിന്നുന്നു, കുടിക്കുന്നു, വിവാഹം കഴിക്കുന്നു, കുട്ടികളെ ജനിപ്പിക്കുന്നു, ജീവിതമങ്ങനെ തുടർന്നുപോകുന്നു. യേശു സാന്നിധ്യവാനാണെങ്കിൽതന്നെ, എന്റെ നാളിലൊന്നും അവൻ ന്യായവിധി നിർവഹിക്കില്ല.’ അവർക്ക് എത്ര തെറ്റിയിരിക്കുന്നു! അതിനിടയിൽ അവർ മറ്റു കാരണങ്ങളാൽ മരിക്കുന്നില്ലെങ്കിൽ, യഹോവയുടെ ഭയങ്കര ദിവസം അവരെ തീർച്ചയായും നശിപ്പിക്കും. പ്രളയംകൊണ്ടുള്ള നാശത്തിലൂടെ നോഹയുടെ നാളിലെ ദുഷ്ടതലമുറയ്ക്ക് അന്ത്യം വരുത്തിയതുപോലെതന്നെ ആയിരിക്കും അത്.—മത്തായി 24:34.
ഏതുവിധേനയും ഉണർന്നിരിപ്പിൻ!
19. നമ്മുടെ ശിഷ്യരാക്കൽവേലയെ നാമെങ്ങനെ വീക്ഷിക്കണം?
19 നാം യഹോവയ്ക്കു സമർപ്പിതരാണെങ്കിൽ, അനുചിതമായ ന്യായവാദത്താൽ നമുക്ക് ഒരിക്കലും മയങ്ങിപ്പോകാതിരിക്കാം. ഇത് ഉണർന്നിരിക്കാനും ദിവ്യപ്രവചനത്തിൽ വിശ്വാസം പ്രകടമാക്കാനും “സകലജാതികളെയും ശിഷ്യരാ”ക്കാനുമുള്ള നിയോഗം നിറവേറ്റാനുമുള്ള സമയമാണ്. (മത്തായി 28:19, 20) ഈ വ്യവസ്ഥിതി അതിന്റെ അന്ത്യത്തിന്റെ അവസാനഘട്ടത്തെ അഭിമുഖീകരിക്കവെ, യേശുക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ യഹോവയാം ദൈവത്തെ സേവിക്കുകയും അന്ത്യം വരുന്നതിനുമുമ്പ് “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കുന്ന ലോകവ്യാപക വേലയിൽ പങ്കെടുക്കുകയും ചെയ്യുന്നതിനെക്കാൾ വലിയ വേറൊരു പദവിയുമില്ല.—മത്തായി 24:14; മർക്കൊസ് 13:10.
20. കാലേബും യോശുവയും എന്തു ദൃഷ്ടാന്തം വെച്ചു, അവരുടെ ജീവിതഗതി നമ്മെ എന്തു പഠിപ്പിക്കുന്നു?
20 യഹോവയുടെ ജനത്തിൽ ചിലർ പതിറ്റാണ്ടുകളായി അവനെ സേവിക്കുന്നു, ആജീവനാന്തം സേവിച്ചുകൊണ്ടിരിക്കുന്നവരുമുണ്ട്. നാം കുറെക്കൂടെ അടുത്തകാലത്താണു സത്യാരാധന സ്വീകരിച്ചതെങ്കിൽപോലും, നമുക്ക് ഇസ്രായേല്യനായ കാലേബിനെപ്പോലെ ആയിത്തീരാം, അവൻ ‘യഹോവയെ പൂർണ്ണമായി പററിനിന്നു.’ (ആവർത്തനപുസ്തകം 1:34-36) ഈജിപ്തിലെ ബന്ധനത്തിൽനിന്ന് ഇസ്രായേൽ വിമോചിതരായി താമസിയാതെ വാഗ്ദത്ത ദേശത്തു പ്രവേശിക്കാൻ അവനും യോശുവയും ശരിക്കും തയ്യാറെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയായ ഇസ്രായേല്യർക്കു പൊതുവേ വിശ്വാസമുണ്ടായിരുന്നില്ല. അവർക്ക് 40 വർഷം മരുഭൂമിയിൽ ചെലവഴിച്ച് അവിടെവെച്ചുതന്നെ മരിക്കേണ്ടിവന്നു. കാലേബും യോശുവയും അക്കാലമത്രയും അവരോടൊപ്പം പ്രയാസങ്ങൾ സഹിച്ചുനിന്നു, എന്നാൽ അവസാനം ആ രണ്ടു പുരുഷന്മാരും വാഗ്ദത്ത ദേശത്തു പ്രവേശിച്ചു. (സംഖ്യാപുസ്തകം 14:30-34; യോശുവ 14:6-15) നാം ‘യഹോവയോടു പൂർണ്ണമായി പററിനിന്നുകൊണ്ട്’ ആത്മീയമായി ഉണർന്നിരിക്കുന്നെങ്കിൽ, ദൈവത്തിന്റെ വാഗ്ദത്ത പുതിയ ലോകത്തു പ്രവേശിക്കുന്നതിന്റെ സന്തോഷം നമുക്കു ലഭിക്കും.
21. നാം ആത്മീയമായി ഉണർന്നിരിക്കുന്നെങ്കിൽ എന്തായിരിക്കും നമുക്കുണ്ടാകുന്ന അനുഭവം?
21 നാം അന്ത്യകാലത്താണു ജീവിക്കുന്നതെന്നും യഹോവയുടെ വലിയ ദിവസം അടുത്തിരിക്കുന്നുവെന്നും തെളിവുകൾ വ്യക്തമായി പ്രകടമാക്കുന്നു. ഉറങ്ങുന്നതിനും ദിവ്യഹിതം നിവർത്തിക്കുന്നതിൽ ഉദാസീനരാകുന്നതിനുമുള്ള സമയമല്ല ഇത്. നാം ആത്മീയമായി ഉണർന്നിരിക്കുകയും ക്രിസ്തീയ ശുശ്രൂഷകരും യഹോവയുടെ ദാസന്മാരും എന്നനിലയിലുള്ള നമ്മുടെ തിരിച്ചറിയൽ അങ്കികൾ കാത്തുകൊള്ളുകയും ചെയ്യുന്നെങ്കിൽ മാത്രമേ നാം അനുഗ്രഹിക്കപ്പെടുകയുള്ളൂ. നമുക്ക് ‘ഉണർന്നിരിക്കാനും വിശ്വാസത്തിൽ നിലനിൽക്കാനും പുരുഷത്വം കാണിപ്പാനും ശക്തിപ്പെടുവാനും’ ദൃഢനിശ്ചയം ചെയ്യാം. (1 കൊരിന്ത്യർ 16:13) യഹോവയുടെ ദാസന്മാർ എന്നനിലയിൽ, നാം ഓരോരുത്തരും അചഞ്ചലരും ധൈര്യശാലികളും ആയിത്തീരുമാറാകട്ടെ. അപ്പോൾ, യഹോവയുടെ വലിയ ദിവസം ആഞ്ഞടിക്കുമ്പോൾ വിശ്വസ്തതയോടെ സേവിച്ചു സജ്ജരും ഉണർന്നിരിക്കുന്നവരുമായ സന്തോഷവാന്മാരുടെ അണികളിൽ നാമും ഉണ്ടായിരിക്കും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ നമ്മുടെ ആലങ്കാരിക മേലങ്കികളെ നിങ്ങൾ എങ്ങനെ നിർവചിക്കും, നമുക്കെങ്ങനെ അവ കാത്തുകൊള്ളാൻ കഴിയും?
◻ ആത്മീയമായി ഉണർന്നിരിക്കാനുള്ള ചില മാർഗങ്ങൾ ഏവ?
◻ പരിഹാസികൾ ഉണ്ടായിരിക്കുമെന്നു നാം പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്, നാം അവരെ എങ്ങനെ വീക്ഷിക്കണം?
◻ ഈ അവസാന നാളുകളിൽ നമ്മുടെ ശിഷ്യരാക്കൽവേലയെ നാം എങ്ങനെ വീക്ഷിക്കണം?
[16-ാം പേജിലെ ആകർഷകവാക്യം]
ഉണർന്നിരുന്നു തങ്ങളുടെ കടമകൾ നിറവേറ്റുന്നതിനു ക്രിസ്ത്യാനികൾക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായമുണ്ട്
[15-ാം പേജിലെ ചിത്രം]
ആത്മീയമായി ഉണർന്നിരുന്നു നിങ്ങളുടെ ആലങ്കാരിക മേലങ്കികൾ കാത്തുകൊള്ളാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവോ?