യഹോവയുടെ വചനത്തിൽ ഉല്ലാസം കണ്ടെത്തുന്നു
“യഹോവയുടെ നിയമത്തിൽ പ്രമോദമുള്ള മനുഷ്യൻ . . . സന്തുഷ്ടനാകുന്നു.”—സങ്കീർത്തനം 1:1, 2
1. യഹോവയാൽ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” മററുള്ളവരെ പഠിപ്പിക്കുന്നതിന് ആർ നിയമിക്കപ്പെട്ടിരിക്കുന്നു?
“വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” നമ്മുടെ രക്ഷക്ക് ജീവൽ പ്രധാനമാകയാൽ, യഹോവ മിക്കപ്പോഴും ഉത്തരവാദിത്തമുള്ളവരെ വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെ ഉപദേഷ്ടാക്കളായി നിയോഗിച്ചിട്ടുണ്ട്. (ആവർത്തനം 29:29) യിസ്രായേലിൽ പുരോഹിതൻമാരും ലേവ്യരുമായിരുന്നു ഈ ധർമ്മം നിറവേററിയത്. (ലേവ്യപുസ്തകം 10:8-11; 2 ദിനവൃത്താന്തം 35:3) യിസ്രായേല്യ മാതാപിതാക്കളും സ്വന്തം മക്കളെ പഠിപ്പിച്ചിരുന്നു. (ആവർത്തനം 11:19; സദൃശവാക്യങ്ങൾ 6:20) ക്രി. വ. ഒന്നാം നൂററാണ്ടിൽ യഥാവിധി നിയമിതരായ മൂപ്പൻമാർ അഭിഷിക്തക്രിസ്ത്യാനികളുടെ സഭയിൽ ഉപദേഷ്ടാക്കൻമാരായി സേവിച്ചു. ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രബോധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു. (എഫേസ്യർ 6:4; 1 തിമൊഥെയോസ് 3:2; 2 തിമൊഥെയോസ് 2:2) മാത്രവുമല്ല, ക്രിസ്തീയസഭയ്ക്കു പുറത്തുള്ളവരോട് യഹോവയുടെ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ അറിയിക്കാനുള്ള ഉത്തരവാദിത്തം ഓരോ ക്രിസ്ത്യാനിക്കും ഉണ്ടായിരുന്നു.—പ്രവൃത്തികൾ 1:8.
2. യഹോവയുടെ വചനം നമ്മെ പഠിപ്പിക്കുന്നതിന് മററുള്ളവരെ ആശ്രയിക്കുന്നതു മതിയാകുമോ? വിശദീകരിക്കുക.
2 എന്നാൽ നമ്മെ ദൈവവചനം പഠിപ്പിക്കാൻ മററുള്ളവരെ ആശ്രയിക്കുന്നതു മതിയാകുമോ? ഇല്ല. നമ്മിൽ ഓരോരുത്തരും യഹോവയാൽ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” പഠിക്കാൻ വ്യക്തിപരമായി ഉത്തരവാദിത്തമുള്ളവരാണ്. തന്നിമിത്തം, “യഹോവയുടെ നിയമത്തിൽ പ്രമോദമുള്ള മനുഷ്യർ . . . സന്തുഷ്ടനാകുന്നു, അവൻ പകലും രാവും അവന്റെ നിയമം ഒരു മന്ദസ്വരത്തിൽ വായിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ സഹയിസ്രായേല്യർക്ക് എഴുതി. (സങ്കീർത്തനം 1:1, 2) അപ്പോസ്തലനായ പത്രോസും സഹാരാധകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇങ്ങനെ എഴുതി: “വചനത്തിന്റേതായ മായം ചേർക്കാത്ത പാലിനുവേണ്ടി ഒരു അഭിവാഞ്ഛ ഉളവാക്കുക, അതിലൂടെ നിങ്ങൾ രക്ഷയിലേക്കു വളരേണ്ടതിനുതന്നെ.”—1 പത്രോസ് 2:2.
3. പഠനം സംബന്ധിച്ച അനേകരുടെ സ്വാഭാവിക ചായ്വ് എന്ത് ആവശ്യമാക്കിത്തീർക്കുന്നു?
3 നിങ്ങൾ ബൈബിൾ പഠനത്തെ എങ്ങനെ വീക്ഷിക്കുന്നു? നിങ്ങൾ ക്രമമായി ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരാകുന്നുവെങ്കിൽ നിങ്ങൾ നല്ല അനേകം ബൈബിളധിഷ്ഠിത ചർച്ചകൾ കേൾക്കുമെന്നുള്ളതിനു സംശയമില്ല. ചിലർ പറയുന്നതുപോലെ, നിങ്ങൾ ‘സത്യത്തിൽ വളർത്തപ്പെട്ടിരിക്കുന്നു’വെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ യഹോവയാൽ “വെളിപ്പെടുത്തപ്പെട്ട” അനേകം “കാര്യങ്ങൾ” നിങ്ങളെ പഠിപ്പിച്ചിരിക്കുമെന്നതിനു സംശയമില്ല. എന്നാൽ അതിനു പുറമേ, നിങ്ങൾ വ്യക്തിപരമായി ബൈബിൾ പഠിക്കുന്നുണ്ടോ? സങ്കീർത്തനക്കാരൻ അത്തരം പഠനം ആസ്വദിച്ചിരുന്നുവെന്നും തെളിവുണ്ട്, എന്നാൽ ഒരു പക്ഷെ അത് എളുപ്പമാണെന്ന് നിങ്ങൾ കണ്ടെത്തുന്നില്ലായിരിക്കാം. അങ്ങനെയെങ്കിൽ നിങ്ങൾ ഒററയ്ക്കല്ല. ‘വചനത്തിനുവേണ്ടി ഒരു അഭിവാഞ്ഛ ഉളവാക്കാൻ’ സഹ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിന് പത്രോസ് നിശ്വസ്തനാക്കപ്പെട്ടുവെന്ന വസ്തുത, അനേകർക്കും വ്യക്തിപരമായ പഠനം സ്വാഭാവികമായി സിദ്ധമാകുന്നില്ലെന്നു സൂചിപ്പിക്കുന്നു. എന്നാൽ അത് ആസ്വദിക്കാൻ നമുക്കു പഠിക്കാവുന്നതാണ്. എങ്ങനെ?
4. വ്യക്തിപരമായ പഠനം കൂടുതൽ ആകർഷകമാക്കിത്തീർക്കാൻ കഴിയുമെന്ന് ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു?
4 ശരി, നിലത്ത് ആഴമുള്ള ഒരു കുഴി കുഴിക്കാൻ നിങ്ങളോട് പറഞ്ഞുവെന്നിരിക്കട്ടെ. കഠിനമായ ദേഹാദ്ധ്വാനം ചെയ്യാൻ നിങ്ങൾക്ക് ഒരു സ്വാഭാവിക ചായ്വില്ലാത്തപക്ഷം നിങ്ങൾ ആ ജോലിക്കുവേണ്ടി നോക്കിപ്പാർത്തിരിക്കുകയില്ല. എന്നാൽ നിലത്ത് നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് നിങ്ങളോടു പറയുന്നുവെന്നിരിക്കട്ടെ. അപ്പോൾ കുഴിക്കൽ വളരെ ആയാസകരമെന്നു തോന്നുകയില്ല! കുഴിച്ചിട്ടിരിക്കുന്ന നിധി പുറത്തെടുക്കുന്നതിലുള്ള ആകാംക്ഷയാൽ അത് ആവേശകരം പോലുമായിരിക്കാം. അതുപോലെതന്നെ, സ്വാഭാവികമായി നിങ്ങൾക്ക് പഠനശീലമില്ലെങ്കിൽപോലും, നിങ്ങൾക്ക് ശരിയായ മനോഭാവമുണ്ടെങ്കിൽ പഠനം രസകരവും ആവേശകരം പോലുമായിരിക്കാൻ കഴിയും. ഈ മനോഭാവം വളർത്തിയെടുക്കുന്നതിന് വഴികളുണ്ട്.
ശരിയായ മനോഭാവം വളർത്തിയെടുക്കുക
5, 6. യഹോവയുടെ വെളിപ്പെടുത്തപ്പെട്ട വചനത്തിലൂടെ നമുക്കു ലഭിക്കുന്ന അതുല്യമായ ചില അനുഗ്രഹങ്ങൾ വർണ്ണിക്കുക.
5 ഒന്നാമതായി, ബൈബിളിൽ നമുക്ക് എന്തോരു നിക്ഷേപമാണു ലഭിച്ചിരിക്കുന്നതെന്ന് നാം നിരന്തരം വിചിന്തനം ചെയ്യണം. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ഉദ്ഘോഷിച്ചു: “ഹാ, ദൈവത്തിന്റെ ധനത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം!” (റോമർ 11:33) ആയിരക്കണക്കിനു വർഷങ്ങൾകൊണ്ട് ക്രമേണ വെളിപ്പെടുത്തപ്പെട്ട യഹോവയുടെ ഉദ്ദേശ്യങ്ങൾ ഭയാവഹമാണ്, അവ അതിശയകരവും സുനിശ്ചിതവുമായ ഒരു പ്രത്യാശ നമുക്കു തുറന്നുതരുന്നു. ജീവിതം സംബന്ധിച്ച് യഹോവ ബൈബിളിൽ രേഖപ്പെടുത്തിച്ചിട്ടുള്ള ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ എല്ലായ്പ്പോഴും വിജയം കൈവരും. (2 തിമൊഥെയോസ് 3:16) “നിന്റെ വചനങ്ങളുടെ വെളിപ്പെടുത്തൽതന്നെ പരിചയഹീനരെ ഗ്രഹിപ്പിക്കുന്ന വെളിച്ചം നൽകുന്നു” എന്ന് സങ്കീർത്തനക്കാരൻ പാടിയത് അതിശയമല്ല!—സങ്കീർത്തനം 119:130.
6 തന്നെയുമല്ല, ബൈബിളിൽ ദൈവത്തിന്റെ ചിന്തകൾ അടങ്ങിയിരിക്കുന്നു; ഈ ചിന്തകൾ ഉൾക്കൊള്ളുന്നതിനാൽ നാം അവനോടു കൂടുതൽ അടുക്കുന്നു. (യാക്കോബ് 4:8) കൂടാതെ, യേശുവിന്റെ ശിഷ്യരായിരിക്കാൻ മററുള്ളവരെ പഠിപ്പിക്കുന്നതിന് നാം നിയോഗിക്കപ്പെട്ടിരിക്കുന്നു. (മത്തായി 28:19, 20) ഈ വേലയ്ക്കുള്ള നമ്മുടെ മുഖ്യ പണിയായുധം ബൈബിളായിരിക്കുന്നതുകൊണ്ട് അത് നന്നായി ഉപയോഗിക്കാൻ നാം അതു പഠിക്കേണ്ടതുണ്ട്. (എഫേസ്യർ 6:17; 2 തിമൊഥെയോസ് 2:15) ഒടുവിൽ, ബൈബിളധിഷ്ഠിത ആശയങ്ങൾ കൊണ്ട് നമ്മുടെ മനസ്സിനെ നിറയ്ക്കുന്നത് നമ്മെ സംരക്ഷിക്കുകയും നിർമ്മലതയിൽ നടക്കുന്നതിനും വിശ്വാസത്തെ ദുർബ്ബലപ്പെടുത്തുന്ന സംശയങ്ങളും തെററായ ആശയങ്ങളും ഒഴിവാക്കുന്നതിനും നമ്മെ സഹായിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 4:5, 6; 20:7; ഫിലിപ്യർ 4:8.
7, 8. “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” സംബന്ധിച്ച് നാം ഇന്ന് കഴിഞ്ഞുപോയ കാലങ്ങളിലെ ദൈവദാസൻമാരെക്കാൾ കൂടുതൽ അനുഗൃഹീതരായിരിക്കുന്നതെന്തുകൊണ്ട്?
7 ഇന്ന് നമുക്ക്, കഴിഞ്ഞ കാലത്ത് ദൈവദാസൻമാർക്കു സാധിക്കാഞ്ഞ ഒരു വിധത്തിൽ സത്യത്തിന്റെ “വീതിയും നീളവും ഉയരവും സകല വിശുദ്ധൻമാരോടും കൂടെ മാനസികമായി ഗ്രഹിക്കാൻ” കഴിയുന്നുവെന്നതും പരിചിന്തിക്കുക. (എഫേസ്യർ 3:14-18) എന്നാൽ ദൈവിക വാഗ്ദത്തങ്ങളുടെ നിവൃത്തി തന്റെ ആയുസ്സിൽ ഒരിക്കലും കാണുക സാദ്ധ്യമായിരുന്നില്ലെങ്കിൽ അബ്രാഹാം തന്റെ സ്വന്ത നഗരം ഉപേക്ഷിച്ച് കൂടാരങ്ങളിൽ പാർത്തുവെന്നോർക്കുക. (എബ്രായർ 11:8-10) ദാനിയേൽ താൻ നേരിൽ കണ്ട ദർശനങ്ങളുടെ ഗ്രാഹ്യം ലഭിക്കണമെന്നപേക്ഷിച്ചിട്ടും “ഈ വചനങ്ങൾ അന്ത്യകാലത്തേക്ക് രഹസ്യമാക്കി മുദ്രയിടുന്നു”വെന്ന് അവനോടു പറയപ്പെട്ടു. (ദാനിയേൽ 12:8, 9) ഇന്ന്, അബ്രാഹാം നോക്കിപ്പാർത്തിരുന്ന സന്തതി പണ്ടേ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇപ്പോൾ, ദാനിയേൽ കണ്ടതിൽ അധികത്തിന്റെയും അർത്ഥം “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തോടു കൂട്ടപ്പെട്ടിരിക്കുന്ന “അന്ത്യകാല”ത്താണ് നാം ജീവിക്കുന്നത്.
8 അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “നിങ്ങൾക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന അനർഹദയയെക്കുറിച്ചു പ്രവചിച്ച പ്രവാചകൻമാർ ഈ രക്ഷയെക്കുറിച്ചുതന്നെ ഉത്സുകമായ അന്വേഷണവും ശ്രദ്ധാപൂർവ്വകമായ തെരച്ചിലും നടത്തി. ഇപ്പോൾ നിങ്ങളോടു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ അവർ ശുശ്രൂഷിച്ചത് തങ്ങൾക്കായിട്ടല്ല, നിങ്ങൾക്കായിട്ടാണെന്ന് അവർക്കു വെളിപ്പെടുത്തപ്പെട്ടു . . . ഈ കാര്യങ്ങളിലേക്കുതന്നെ ഉററുനോക്കാൻ ദൂതൻമാർ ആഗ്രഹിക്കുന്നു.” (1 പത്രോസ് 1:10, 12) ആ ആദിമ പ്രവാചകൻമാർ അറിയാൻ കാംക്ഷിച്ചിരുന്ന ഒട്ടേറെ കാര്യങ്ങളിൻമേൽ യഹോവ ഇപ്പോൾ വെളിച്ചം വീശിയിരിക്കുന്നതുകൊണ്ട് നമുക്ക് യഥാർത്ഥമായി ഈ കാര്യങ്ങളെ വിലമതിക്കാം, അവയെ അഗണ്യമായി കരുതാതിരിക്കാം.
9, 10. വ്യക്തിപരമായ ബൈബിൾ പഠനത്തിലേർപ്പെടുന്നതിന് നമ്മിൽ മിക്കവർക്കുമുള്ള സ്വാതന്ത്ര്യത്തെ നാം വിലമതിക്കുന്നതിന് ഏതു ദൃഷ്ടാന്തങ്ങൾ ഇടയാക്കേണ്ടതാണ്?
9 ശരിയായ മനോഭാവം ലഭിക്കുന്നതിന്, ബൈബിൾ പഠിക്കാൻ ചിലർ എത്ര കഠിനപോരാട്ടം നടത്തേണ്ടിവന്നിട്ടുണ്ടെന്ന് നാം വിലമതിക്കണം. വില്യം ററിൻഡേയ്ലിന്റെ നാളിൽ ഏതെങ്കിലും ഇംഗ്ലീഷുകാരൻ സ്വന്തം ഭാഷയിലുള്ള ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു പരിഭാഷ വിൽക്കുകയോ വാങ്ങുകയോ വായിക്കുകയോ ചെയ്യുന്നത് കുററകരമായിരുന്നു. ഒരു പ്രൊട്ടസ്ററൻറ് പുതുവിശ്വാസി കുറെ ബൈബിളുകൾ സ്പെയിനിലേക്കു ഒളിച്ചുകടത്തിയപ്പോൾ എന്തു സംഭവിച്ചുവെന്ന് 16-ാം നൂററാണ്ടിലെ പ്യൂരിററൻ പ്രസംഗകനായിരുന്ന ജോൺ ഫോക്സ് റിപ്പോർട്ടുചെയ്തു. അയാളെ ഒററിക്കൊടുക്കുകയും സ്തംഭത്തിൽ ദഹിപ്പിക്കുകയും ചെയ്തു. ബൈബിൾ വാങ്ങിയ 800 പേർ അറസ്ററു ചെയ്യപ്പെട്ടു. ഇരുപതുപേർ കമ്പികളിൽ കുത്തി വറുക്കപ്പെട്ടു. മററു ചിലർ ആജീവനാന്തം തുറുങ്കിലടയ്ക്കപ്പെടുകയോ ചാട്ടവാറിനടിക്കപ്പെടുകയോ കഴുമരത്തിലേററപ്പെടുകയോ ചെയ്തു. ഒരു ചുരുങ്ങിയ കൂട്ടം വെറുതെ വിടപ്പെട്ടു.
10 ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളും ഗുരുതരമായ അപകടങ്ങൾ തൃണവൽഗണിച്ചുകൊണ്ട് ബൈബിൾ പഠിക്കേണ്ടി വന്നിട്ടുണ്ട്. തടങ്കൽപാളയങ്ങളിലോ തടവുകളിലോ വച്ച് ശിക്ഷയുടെയോ മരണത്തിന്റെയോ അപകടം വരിച്ചിട്ടുണ്ട്. തന്റെ വിശ്വാസം നിമിത്തം ഏകാന്തത്തടവിലാക്കപ്പെട്ട ഒരു മിഷനറി തനിക്ക് ഓർമ്മിക്കാൻ കഴിഞ്ഞ സകല തിരുവെഴുത്തുകളും എഴുതിയിടുകയും അനന്തരം വർത്തമാനപ്പത്രങ്ങളിലെ “മത” പംക്തികളിൽ പ്രത്യക്ഷപ്പെടുന്ന ഒററപ്പെട്ട ബൈബിൾ വാക്യങ്ങൾക്കുവേണ്ടി പരതുകയും ചെയ്തു. വർഷങ്ങളിൽ അദ്ദേഹത്തിന് ലഭ്യമായ ബൈബിൾ അതുമാത്രമായിരുന്നു. അതെ, ബൈബിൾ നിരോധിക്കപ്പെടുമ്പോൾ, ക്രിസ്ത്യാനികൾ അതു വായിക്കാൻ തീവ്രശ്രമം നടത്തുന്നു. മിക്കപ്പോഴും, ഒരു ബുക്ക് ഷെൽഫിൽ നിന്ന് കൈനീട്ടി എടുക്കേണ്ട ആവശ്യം മാത്രമുള്ളപ്പോൾ നാം കുറഞ്ഞ ഉത്സാഹം പ്രകടമാക്കിയാൽ മതിയോ?
11. ചില വിവരങ്ങൾ ആവർത്തിച്ചു ചർച്ച ചെയ്യുന്നുണ്ടെന്നുള്ള വസ്തുത ബൈബിൾ പഠനം സംബന്ധിച്ച് നമ്മിൽ താൽപ്പര്യക്കുറവുണ്ടാക്കേണ്ടതുണ്ടോ?
11 ചില വിവരങ്ങൾ ആവർത്തിക്കുന്നതുകൊണ്ട് തങ്ങൾക്ക് വളരെയധികം പ്രയാസം കൂടാതെ വീക്ഷാഗോപുര മാസികയിലെ ചോദ്യങ്ങളുടെ ഉത്തരം പറയാൻ കഴിയുമെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവർ വ്യക്തിപരമായ പഠനത്തിന്റെ ആവശ്യം കാണുന്നില്ല. അങ്ങനെയുള്ളവർ ആവർത്തനത്തിന്റെ മൂല്യത്തെ താഴ്ത്തി മതിക്കുകയാണ്. സങ്കീർത്തനക്കാരൻ യഹോവയുടെ ഓർമ്മിപ്പിക്കലുകളെ ഇഷ്ടപ്പെട്ടു, നാമും അങ്ങനെയായിരിക്കണം. (സങ്കീർത്തനം 119:119) ലോകം അധാർമ്മികവും ധനാസക്തവുമായ ഒരേ പ്രചാരണത്താൽ നമ്മെ നിമജ്ജനം ചെയ്തുകൊണ്ടിരിക്കുന്നുവെന്നോർക്കുക. തന്നിമിത്തം ആവർത്തിച്ചുള്ള ബൈബിളോർമ്മിപ്പിക്കലുകളാൽ നാം നമ്മുടെ മനസ്സുകളെ അതിനെതിരെ ബലപ്പെടുത്തേണ്ടതുണ്ട്.
പ്രശ്നങ്ങൾ തരണം ചെയ്യാൻ ശ്രമിക്കുക
12. ബൈബിൾ പഠനത്തിന് സമയം കണ്ടെത്തുന്നതിലുള്ള പ്രശ്നത്തെ തരണം ചെയ്യുന്നതിനുള്ള ചില പ്രായോഗിക നിർദ്ദേശങ്ങൾ നൽകുക.
12 ബൈബിൾ പഠനം സംബന്ധിച്ച ശരിയായ മനോഭാവമുള്ള ഒരു വ്യക്തി സാധാരണയായി പഠിക്കാനുള്ള ഒരു മാർഗ്ഗം കണ്ടെത്തും. എന്നാൽ അത് എളുപ്പമല്ലായിരിക്കാം. പ്രശ്നങ്ങൾ തരണം ചെയ്യേണ്ടതുണ്ടായിരിക്കാം. ദൃഷ്ടാന്തമായി, ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ നാം വ്യക്തിപരമായ പഠനത്തിന് എവിടെ സമയം കണ്ടെത്താനാണ്? ഈ പ്രശ്നം പരിഹരിക്കുന്നതിലുള്ള ആദ്യ നടപടി ബൈബിൾ പഠനം വയൽശുശ്രൂഷയും യോഗഹാജരും പോലെ അത്യാവശ്യമാണെന്ന് തിരിച്ചറിയുകയാണ്. (1 തിമൊഥെയോസ് 4:15) അനന്തരം അതിന് ഇടം കണ്ടെത്താൻ നമുക്ക് നമ്മുടെ ദിനചര്യയെ പരിശോധിക്കാൻ കഴിയും. ചിലർ പൊതുവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പഠിക്കുന്നു. ചിലർ വാഹനമോടിക്കുമ്പോൾ ബൈബിൾ വായനാ റെക്കോർഡുകൾ ശ്രദ്ധിക്കുന്നു. അല്ലെങ്കിൽ വീട്ടുജോലിയുടെ സമയത്ത് ശ്രദ്ധിക്കുന്നു. ജോലിസ്ഥലത്തെ ഭക്ഷണവേളയിൽ പഠിക്കുന്നവരുണ്ട്. മററു ചിലർ രാവിലെ അല്പം നേരത്തെ എഴുന്നേൽക്കുകയും ദിവസത്തെ പതിവുജോലി തുടങ്ങുന്നതിനു മുൻപ് പഠിക്കുകയും ചെയ്യുന്നു, അല്ലെങ്കിൽ കുട്ടികൾ ഉറങ്ങിയശേഷം വൈകുന്നേരങ്ങളിൽ പഠനത്തിന് സമയം ചെലവഴിക്കുന്നു. മിക്കപ്പോഴും നമുക്ക് പഠനത്തിനായി മററു പ്രവർത്തനങ്ങളിൽനിന്ന്—ഒരുപക്ഷേ വിശ്രമവേളകളിൽനിന്നുപോലും—സമയം വിലയ്ക്കുവാങ്ങേണ്ടതുണ്ട്. (കൊലോസ്യർ 4:5) എന്നാൽ പഠനം തന്നെ തങ്ങൾക്ക് വിശ്രമം നൽകുന്നതുകൊണ്ട് വളരെയധികം മററു വിശ്രമങ്ങൾ ആവശ്യമില്ലെന്ന് അനേകർ പെട്ടെന്നു കണ്ടെത്തുന്നു.
13. നമ്മുടെ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് നമുക്ക് എങ്ങനെ സഹായിക്കപ്പെടാൻ കഴിയും?
13 ചിലർക്ക് ശ്രദ്ധാകേന്ദ്രീകരണം ഒരു പ്രശ്നമാണ്. അവർക്ക് തങ്ങളുടെ ദൈനംദിന പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്തനിർത്തിയിട്ട് ബൈബിൾപഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതു പ്രയാസമാണ്. ഇതിനെ തരണം ചെയ്യാൻ പ്രാർത്ഥനക്കു സഹായിക്കാൻ കഴിയും. പഠിക്കാൻ തുടങ്ങുന്നതിനു മുൻപ്, യഹോവ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾക്കുവേണ്ടി നന്ദി പറയാൻ പാടില്ലയോ? അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയുടെ മൂല്യം വിവേചിക്കാൻ അവന്റെ സഹായമപേക്ഷിക്കാനും പാടില്ലയോ? (ഫിലിപ്യർ 4:6; 2 തിമൊഥെയോസ് 2:7) അങ്ങനെയുള്ള പ്രാർത്ഥന നമ്മേ സംബന്ധിച്ചുള്ള യഹോവയുടെ ഇഷ്ടത്തോടു പൂർണ്ണയോജിപ്പിലാണ്. (1 യോഹന്നാൻ 5:14) ആത്മനിയന്ത്രണവും അനുപേക്ഷണീയമാണ്, വിശേഷിച്ച് ആദ്യം. (1 കൊരിന്ത്യർ 9:25) ബെരോവക്കാർ ദൈവവചനം അനുദിനം പരിശോധിച്ചു. (പ്രവൃത്തികൾ 17:10, 11) അവരുടേത് നല്ല ദൃഷ്ടാന്തമാണ്. ക്രമമായ പഠനം പെട്ടെന്നു രസകരമായിത്തീരും, അതു ചെയ്യാൻ നിങ്ങളെ നിർബന്ധിക്കേണ്ടതില്ലാതെ അതിനായി നിങ്ങൾ നോക്കിപ്പാർത്തിരിക്കാനിടയുണ്ട്.
14. നാം വ്യക്തിപരമായ പഠനത്തിൽ ഏർപ്പെടുമ്പോൾ പ്രശാന്തമായ ഒരു ചുററുപാട് അഭികാമ്യമായിരിക്കുന്നതെന്തുകൊണ്ട്?
14 ഒരു സമുചിതമായ ചുററുപാട് ശ്രദ്ധാകേന്ദ്രീകരണത്തെ സഹായിക്കുകയും ചെയ്യുന്നു. യിസഹാക്ക് ധ്യാനിക്കാനാഗ്രഹിച്ചപ്പോൾ അവൻ കൂടാരങ്ങളിലെ ബഹളങ്ങളിൽനിന്ന് അകന്ന് വയലുകളിലേക്കു പോയി. (ഉല്പത്തി 24:63) നമ്മിൽ എല്ലാവർക്കും തുറസ്സായ ഒരു വയൽപോലെ ശല്യങ്ങളിൽനിന്നു വിമുക്തമായ ഒരു സ്ഥലം കണ്ടെത്താൻ കഴികയില്ലെന്നുള്ളതു സത്യംതന്നെ, എന്നാൽ നമുക്കു സാധാരണയായി ശല്യങ്ങൾ കുറയ്ക്കാൻ കഴിയും. ഓൺ ചെയ്തിരിക്കുന്ന ഒരു റെറലിവിഷന്റെ മുമ്പിലോ, പിമ്പിൽ ശബ്ദായമാനമായ സ്ററീരിയോ വെച്ചുകൊണ്ടോ പഠിക്കുന്നത് കൂടുതൽ പ്രശാന്തമായ ഒരു സ്ഥലത്ത് പഠിക്കുന്നതിനോളം ഫലപ്രദമായിരിക്കുകയില്ല, അല്ലെങ്കിൽ രസകരമായിരിക്കുകയില്ല. നമുക്ക് എല്ലായ്പ്പോഴും ശല്യങ്ങൾ ഒഴിവാക്കാൻ കഴികയില്ല, എന്നാൽ നമ്മിൽ മിക്കവർക്കും തീർച്ചയായും പഠനത്തിന് താരതമ്യേന ശാന്തമായ ഒരു ഇടം കണ്ടെത്താൻ കഴിയും.
15. ബൈബിൾ പരിജ്ഞാനം സമ്പാദിക്കുന്നതിനുള്ള ചില അനൗപചാരിക മാർഗ്ഗങ്ങളേവ?
15 മറെറാരു പ്രശ്നം ഉണ്ടായിരിക്കാം. ചിലർക്ക് എങ്ങനെ പഠിക്കണമെന്ന് അറിയാൻ പാടില്ലായിരിക്കാം. വിശേഷിച്ച് ഈ നാളുകളിൽ കുട്ടികൾ സ്കൂളിൽ പഠിക്കേണ്ടതെങ്ങനെയെന്ന് പഠിക്കുന്നുണ്ടെന്ന് സങ്കൽപ്പിക്കാവുന്നതല്ല. കുറേനാൾ മുമ്പ് സ്കൂൾ വിട്ടവർക്ക് പഠനശീലം നഷ്ടപ്പെട്ടിരിക്കാം. എന്നാൽ പഠനം യഥാർത്ഥത്തിൽ അത്രപ്രയാസമല്ല. അത് ബൈബിൾ ഗ്രാഹ്യസഹായിയിൽ നിങ്ങൾക്കു താൽപര്യമുള്ള ലേഖനങ്ങൾ വായിക്കുന്നതുപോലെയോ പുതിയ ലോകഭാഷാന്തരം സംശോധക ബൈബിൾ വായിക്കുന്നതുപോലെയോ ലളിതമായിരിക്കാൻ കഴിയും. കാസററ് റേറപ്പുകളിലെ ബൈബിൾ റെക്കോർഡിംഗുകൾ ശ്രദ്ധിക്കുന്നത് അല്ലെങ്കിൽ വ്യക്തിപരമായ ഗവേഷണ പദ്ധതികൾ പിന്തുടരുന്നത് പഠനത്തിനുള്ള മററു മാർഗ്ഗങ്ങളാണ്. വീക്ഷാഗോപുരത്തിന്റെയോ ഉണരുക! മാസികയുടെയോ പഴയ ലക്കങ്ങൾ ഓടിച്ചുനോക്കി നിങ്ങളുടെ ശ്രദ്ധ പിടിച്ചുപററുന്ന ലേഖനങ്ങൾ വായിക്കുന്നത് പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ഇത് ഗാഢമായ പഠനമല്ലെന്നുള്ളതു സത്യംതന്നെ, എന്നാൽ അത് യഹോവയുടെ വചനത്തിലുള്ള നിങ്ങളുടെ പ്രമോദത്തെ പരിപുഷ്ടിപ്പെടുത്താൻ സഹായിക്കും.
16. പ്രതിവാര വീക്ഷാഗോപുരാദ്ധ്യയനത്തിന് പഠിക്കുന്നതിലുള്ള നമ്മുടെ ഉദ്ദേശ്യം എന്തായിരിക്കണം?
16 എന്നാൽ കൂടുതൽ ഔപചാരികമായ പഠനത്തെ സംബന്ധിച്ച് എന്ത്? ദൃഷ്ടാന്തമായി പ്രതിവാര വീക്ഷാഗോപുരാദ്ധ്യയനത്തിന്റെ തയ്യാറാകൽ. അങ്ങനെയുള്ള പഠനത്തിന് അദ്ധ്യേതാവിന് മനസ്സിൽ ഒരു ലക്ഷ്യമുണ്ടായിരിക്കേണ്ടതുണ്ട്. ഏതു തരം ലക്ഷ്യം? വീക്ഷാഗോപുരാദ്ധ്യയനത്തിന് തയ്യാറാകുന്ന കാര്യത്തിൽ, “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന “തക്ക സമയത്തെ ആഹാര”ത്തിൽ നിന്ന് ഏററവുമധികം പ്രയോജനം നേടാൻ അയാൾ ആഗ്രഹിക്കണം. യോഗങ്ങളിലെ തന്റെ അഭിപ്രായങ്ങളാൽ മററുള്ളവരെ സഹായിക്കാനും അയാൾ ആഗ്രഹിക്കണം. (മത്തായി 24:45) അയാൾക്ക് എങ്ങനെ മുന്നോട്ടു നീങ്ങാം? ചട്ടങ്ങളില്ല, എന്നാൽ ഒരു നിർദ്ദേശമിതാ:
17, 18. (എ) ഒരു വിദ്യാർത്ഥിക്ക് പ്രതിവാര വീക്ഷാഗോപുരാദ്ധ്യയനത്തിന് തയ്യാറാകാൻ എങ്ങനെ കഴിയുമെന്ന് ചില നിർദ്ദേശങ്ങൾ നൽകുക. (ബി) വ്യക്തിപരമായ പഠനത്തിന് സഹായകമെന്ന് നിങ്ങൾ കണ്ടെത്തിയിട്ടുള്ള മററു നിർദ്ദേശങ്ങൾ നൽകുക. (അടിക്കുറിപ്പു കാണുക.)
17 ആദ്യമായി, മുഴു ലേഖനവും വായിച്ചുതീർക്കുക, ഒരുപക്ഷേ വീക്ഷാഗോപുരത്തിന്റെ പ്രതി കിട്ടിയശേഷം ഉടനെ. അങ്ങനെയുള്ള ഒരു പ്രാഥമിക വായനക്ക് 20 മിനിറേറ എടുക്കുകയുള്ളായിരിക്കാം. എന്നാൽ അത് നിങ്ങൾക്ക് മുഖ്യപോയിൻറുകളുടെ ഒരു പൊതുധാരണയും ലേഖനത്തിന്റെ ലക്ഷ്യവും നൽകും. ലേഖനം ഉത്സുകമായി പഠിക്കാനുള്ള സമയം വരുമ്പോൾ ഒരു ബൈബിളും ഒരു പേനയും അല്ലെങ്കിൽ അടയാളപ്പെടുത്താനുള്ള എന്തെങ്കിലുമായി ഇരിക്കുക. പിന്നീട്, വാദങ്ങളും ആശയങ്ങളുടെ ആവിഷ്ക്കരണ രീതിയും ശ്രദ്ധിച്ചുകൊണ്ട് ഒന്നാമത്തെ ഖണ്ഡിക ശ്രദ്ധാപൂർവ്വം വായിക്കുക ഖണ്ഡികയിൽ സൂചിപ്പിച്ചിരിക്കുന്നതും ഉദ്ധരിച്ചിട്ടില്ലാത്തതുമായ ഏതു തിരുവെഴുത്തുകളും എടുത്തുനോക്കുകയും അവ അവിടെ ചേർത്തിരിക്കുന്നതെന്തിനെന്ന് മനസ്സിലാക്കാൻ കഴിയുമോയെന്ന് നോക്കുകയും ചെയ്യുക. അടുത്തതായി ഖണ്ഡികയുടെ ചോദ്യം വായിക്കുകയും ഉത്തരം അറിയാമോയെന്നു നോക്കുകയും ചെയ്യുക. ഉത്തരം തിരിച്ചറിഞ്ഞു കഴിയുമ്പോൾ, നിങ്ങൾ വീക്ഷാഗോപുരാദ്ധ്യയനത്തിന് ഹാജരാകുമ്പോൾ നിങ്ങളെ ഉത്തരം ഓർമ്മിപ്പിക്കുന്നവിധം ഖണ്ഡികയിലെ ചുരുക്കം ചില വാക്കുകളുടെ അടിയിൽ വരയ്ക്കുക. നിങ്ങൾ എടുത്തുനോക്കിയ തിരുവെഴുത്തുകളെക്കുറിച്ച് ചുരുങ്ങിയ കുറിപ്പുകളും കൂടുതൽ ഗവേഷണം ചെയ്യാനാഗ്രഹിക്കുന്ന പോയിൻറുകളും മററും മാർജിനിൽ കുറിച്ചിടാനും നിങ്ങളാഗ്രഹിച്ചേക്കാം.
18 ഈ വിധത്തിൽ മുഴു ലേഖനവും പൂർത്തിയാക്കിയശേഷം, ലേഖനത്തിന്റെ ഒടുവിലുള്ള പഠിപ്പിക്കൽ ചതുരത്തിലെ ചോദ്യങ്ങൾ നോക്കുകയും മുഖ്യാശയങ്ങൾ മനസ്സിലാക്കിയോ എന്നു കാണുകയും ചെയ്യുക. നിങ്ങൾക്ക് ഉത്തരം പറയാൻ കഴിയാത്ത ഏതെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ സ്വയം ഉത്തരം കണ്ടുപിടിക്കാൻ ലേഖനം പുനഃപരിശോധന ചെയ്യുക. നിങ്ങൾ പ്രതിവാര വീക്ഷാഗോപുരാദ്ധ്യയനത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതു ചെയ്യുന്നതെങ്കിൽ വിവരങ്ങൾ സംബന്ധിച്ച് ഓർമ്മ പുതുക്കുന്നതിന് അദ്ധ്യയന ദിവസം ലേഖനം ഓടിച്ചുവായിക്കുന്നതു നല്ലതാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം.a
ധ്യാനിക്കേണ്ടതിന്റെ ആവശ്യകത
19. ധ്യാനത്തിന് യഹോവയുടെ വചനത്തോടുള്ള സ്നേഹം കെട്ടുപണി ചെയ്യുന്നതിന് എങ്ങനെ സഹായിക്കാൻ കഴിയും?
19 പഠനത്തിൽ ധ്യാനം ഉൾപ്പെടുത്തണമെന്നോർക്കുക. ധ്യാനം കൂടാതെയുള്ള പഠനം ദഹനം കൂടാതെയുള്ള തീററിപോലെയാണ്. തന്നിമിത്തം, നിങ്ങൾ പഠിക്കുന്നതിനെക്കുറിച്ച് വിചിന്തനം ചെയ്യുക. നിങ്ങൾക്കറിയാവുന്ന മററു കാര്യങ്ങളോട് അതിനെ ബന്ധിപ്പിക്കാൻ ശ്രമിക്കുക. അതു നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? മററുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് അത് എങ്ങനെ ഉപയോഗിക്കാൻ കഴിയും? (സദൃശവാക്യങ്ങൾ 15:28) വിശദാംശങ്ങൾക്കു ശ്രദ്ധകൊടുക്കാൻ പഠിക്കുക. നിങ്ങൾ പഠിക്കുന്നതിനെക്കുറിച്ചു മററുള്ളവരോടു സംസാരിക്കുക. നിങ്ങളുടെ പുതിയ കണ്ടുപിടുത്തങ്ങൾ പങ്കുവെക്കുക. (സദൃശവാക്യങ്ങൾ 27:17) ഇതും നിങ്ങൾ ബൈബിളിൽ കണ്ടെത്തുന്ന സന്തോഷത്തെ പരിപുഷ്ടിപ്പെടുത്തും.
20. യഹോവയുടെ വെളിപ്പെടുത്തപ്പെട്ട വചനത്തോട് ദാവീദു രാജാവിനുണ്ടായിരുന്ന ആഴമായ വിലമതിപ്പ് വർണ്ണിക്കുക.
20 ദാവീദുരാജാവിന് യഹോവയുടെ വചനത്തെക്കുറിച്ച് മുന്തിയ വിലമതിപ്പുണ്ടായിരുന്നു. അവൻ ഇങ്ങനെ എഴുതി: “യഹോവയുടെ നിയമം പൂർണ്ണതയുള്ളതാകുന്നു, ദേഹിയെ തിരികെ വരുത്തുന്നതുതന്നെ. യഹോവയുടെ ഓർമ്മിപ്പിക്കൽ ആശ്രയയോഗ്യമാകുന്നു, പരിചയഹീനനെ ജ്ഞാനിയാക്കുന്നതുതന്നെ. യഹോവയിൽനിന്നുള്ള ആജ്ഞകൾ നേരുള്ളവയാകുന്നു, ഹൃദയത്തെ സന്തോഷിപ്പിക്കുന്നതുതന്നെ; യഹോവയുടെ കല്പന നിർമ്മലമാകുന്നു, കണ്ണുകളെ പ്രകാശിപ്പിക്കുന്നതുതന്നെ. യഹോവാഭയം ശുദ്ധമാകുന്നു, എന്നേക്കും നിൽക്കുന്നതു തന്നെ. യഹോവയുടെ ന്യായത്തീർപ്പുകൾ സത്യമാകുന്നു; അവ തികച്ചും നീതിനിഷ്ഠമെന്നു തെളിഞ്ഞിരിക്കുന്നു. അവ സ്വർണ്ണത്തെക്കാൾ, അതെ, ശുദ്ധി ചെയ്ത വളരെയധികം സ്വർണ്ണത്തെക്കാൾ അഭിലഷണീയമാകുന്നു; തേനിനെക്കാളും ഒഴുകുന്ന തേൻകട്ടയെക്കാളും മധുരമുള്ളതുതന്നെ.”—സങ്കീർത്തനം 19:7-10.
21. യഹോവയാൽ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളോട്” നാം യഥാർത്ഥസ്നേഹം വളർത്തുന്നുവെങ്കിൽ നാം ഏത് അനുഗ്രഹങ്ങൾ കൊയ്യും?
21 ഒന്നാം സങ്കീർത്തനത്തിലെ ബുദ്ധിയുപദേശം അനുസരിക്കുന്നതിനാലും ക്രമമായ അടിസ്ഥാനത്തിൽ ബൈബിൾ പഠിക്കുന്നതിനാലും നിങ്ങളും യഹോവയാൽ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളോട് ഇത്തരം വിലമതിപ്പു വളർത്തിയെടുക്കും. ക്രമത്തിൽ, ഇത് യഹോവയുടെ വചനത്തിൽ പ്രമോദിക്കുന്നവന് ആ സങ്കീർത്തനം വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹം നിങ്ങൾ ആസ്വദിക്കുന്നതിലേക്കു നയിക്കും. “അവൻ തീർച്ചയായും വെള്ളത്തിന്നരികെ നട്ടിരിക്കുന്നതായി തക്കകാലത്ത് അതിന്റെതന്നെ ഫലം നൽകുന്നതും ഇല വാടാത്തതുമായ ഒരു വൃക്ഷംപോലെയായിത്തീരും, അവൻ ചെയ്യുന്നതെല്ലാം വിജയിക്കും . . . യഹോവ നീതിമാൻമാരുടെ വഴി അറിയുന്നു.”—സങ്കീർത്തനം 1:3, 6. (w86 5/15)
[അടിക്കുറിപ്പുകൾ]
a പഠനത്തിന്റെ മററു വശങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾക്കും പ്രസംഗങ്ങൾ തയ്യാറാകുന്നതിനുള്ള മാർഗ്ഗം സംബന്ധിച്ചും വാച്ച്ററവർ പ്രസിദ്ധീകരണമായ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ് ബുക്ക് കാണുക.
നിങ്ങൾ എങ്ങനെ വിശദീകരിക്കും?
◻ ദൈവവചനം നമ്മെ പഠിപ്പിക്കാൻ കേവലം മററുള്ളവരെ ആശ്രയിക്കുന്നതു മതിയാകാത്തതെന്തുകൊണ്ട്?
◻ ബൈബിൾ പഠിക്കുന്നതിൽനിന്ന് നമുക്ക് എന്ത് അനുഗ്രഹങ്ങൾ ലഭിക്കും?
◻ ബൈബിൾ പഠിക്കുന്നതിന് എങ്ങനെ സമയം കണ്ടെത്താൻ കഴിയും?
◻ നാം പഠിക്കുമ്പോൾ ശ്രദ്ധാകേന്ദ്രീകരണത്തിനുള്ള ചില സഹായങ്ങളേവ?
◻ വീക്ഷാഗോപുരാദ്ധ്യയനത്തിനു തയ്യാറാകുമ്പോഴത്തെ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം?
[12-ാം പേജിലെ ചിത്രം]
ബൈബിൾ വായിച്ചതു നിമിത്തം ആളുകൾ മരിക്കേണ്ടിവന്നിട്ടുണ്ട്
[13-ാം പേജിലെ ചിത്രം]
നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ എവിടെയെങ്കിലും ദൈവവചനം പരിചിന്തിക്കുന്നതിന് നാം സമയം കണ്ടെത്തണം