അധ്യായം മൂന്ന്
പരിശോധിക്കപ്പെട്ടെങ്കിലും യഹോവയോടു വിശ്വസ്തർ!
1, 2. ദാനീയേൽ പുസ്തകത്തിലെ വിവരണത്തിന് ആമുഖമായി ഉതകിയ സുപ്രധാന സംഭവങ്ങൾ ഏവ?
സാർവദേശീയ രംഗത്തെ സുപ്രധാന മാറ്റങ്ങളുടെ ഒരു സമയത്താണ് ദാനീയേലിന്റെ പ്രാവചനിക പുസ്തകത്തിന്റെ തിരശ്ശീല ഉയരുന്നത്. അസീറിയയ്ക്ക് അതിന്റെ തലസ്ഥാനമായ നീനെവേ നഷ്ടപ്പെട്ടു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഈജിപ്ത് യഹൂദാ ദേശത്തിന്റെ തെക്കായി, വലിയ പ്രാധാന്യമൊന്നും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് ഒതുക്കപ്പെട്ടിരുന്നു. ലോകഭരണാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ബാബിലോൺ മുഖ്യ ശക്തിയായി അതിവേഗം കുതിച്ചുയരുക ആയിരുന്നു.
2 ബാബിലോന്റെ തെക്കോട്ടുള്ള വികസനത്തിനു തടയിടാൻ പൊ.യു.മു. 625-ൽ, ഈജിപ്തിലെ ഫറവോൻ നെഖോ ഒരു അവസാന ശ്രമം നടത്തി. ആ ലക്ഷ്യത്തിൽ, അദ്ദേഹം തന്റെ സൈന്യത്തെ വടക്കൻ ഫ്രാത്ത് (യൂഫ്രട്ടീസ്) നദീതീരത്തുള്ള കർക്കെമീശിലേക്കു നയിച്ചു. കർക്കെമീശ് യുദ്ധം എന്നു വിളിക്കപ്പെടാനിടയായ ഈ യുദ്ധം ഒരു നിർണായക ചരിത്ര സംഭവം ആയിരുന്നു. കിരീടാവകാശിയായ നെബൂഖദ്നേസർ രാജകുമാരൻ നയിച്ച ബാബിലോണിയൻ സൈന്യം ഫറവോൻ നെഖോയുടെ സൈന്യത്തിനു മാരകമായ പ്രഹരം ഏൽപ്പിച്ചു. (യിരെമ്യാവു 46:2) വിജയാവേശത്തോടെയുള്ള തന്റെ തേരോട്ടത്തിൽ നെബൂഖദ്നേസർ സിറിയയും പാലസ്തീനും പൂർണമായി പിടിച്ചടക്കുകയും ആ പ്രദേശത്ത് ഈജിപ്തിന് ഉണ്ടായിരുന്ന അധീശത്വം പരിപൂർണമായും അവസാനിപ്പിക്കുകയും ചെയ്തു. പിതാവായ നെബോപോളസ്സറിന്റെ മരണം മാത്രമാണ് അവന്റെ സൈനിക മുന്നേറ്റത്തിനു താത്കാലിക വിരാമം കുറിച്ചത്.
3. യെരൂശലേമിന് എതിരെയുള്ള നെബൂഖദ്നേസരിന്റെ ആദ്യത്തെ സൈനിക നടപടിയുടെ ഫലം എന്തായിരുന്നു?
3 പിറ്റേ വർഷം, ബാബിലോൺ രാജാവ് എന്ന നിലയിൽ സിംഹാസനസ്ഥനായി കഴിഞ്ഞിരുന്ന നെബൂഖദ്നേസർ സിറിയയിലെയും പാലസ്തീനിലെയും തന്റെ സൈനിക പ്രവർത്തനങ്ങളിലേക്ക് ഒരിക്കൽക്കൂടി ശ്രദ്ധതിരിച്ചു. അപ്പോഴാണ് ആദ്യമായി അവൻ യെരൂശലേമിലേക്കു വന്നത്. ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു: “അവന്റെ കാലത്തു ബാബേൽരാജാവായ നെബൂഖദ്നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവൻ തിരിഞ്ഞു അവനോടു മത്സരിച്ചു.”—2 രാജാക്കന്മാർ 24:1.
നെബൂഖദ്നേസർ യെരൂശലേമിൽ
4. ദാനീയേൽ 1:1-ലെ, “യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ” എന്ന പ്രയോഗം നാം എങ്ങനെ മനസ്സിലാക്കണം?
4 “മൂന്നു സംവത്സരം” എന്ന പ്രയോഗം നമ്മുടെ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. കാരണം ദാനീയേൽ പുസ്തകത്തിലെ പ്രാരംഭ വാക്കുകൾ ഇങ്ങനെ വായിക്കുന്നു: “യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.” (ദാനീയേൽ 1:1) പൊ.യു.മു. 628 മുതൽ 618 വരെ വാഴ്ച നടത്തിയ യെഹോയാക്കീമിന്റെ സമ്പൂർണമായ രാജത്വത്തിന്റെ മൂന്നാം ആണ്ടിൽ നെബൂഖദ്നേസർ “ബാബേൽ രാജാവാ”യിരുന്നില്ല, മറിച്ച് അന്ന് അവൻ കിരീടാവകാശി ആയിരുന്നു. പൊ.യു.മു. 620-ൽ, തനിക്കു കപ്പം നൽകാൻ നെബൂഖദ്നേസർ യെഹോയാക്കീമിനെ നിർബന്ധിതനാക്കി. എന്നാൽ ഏകദേശം മൂന്നു വർഷം കഴിഞ്ഞപ്പോൾ യെഹോയാക്കീം മത്സരിച്ചു. അതുകൊണ്ട് നെബൂഖദ്നേസർ രാജാവ് മത്സരിയായ യെഹോയാക്കീമിനെ ശിക്ഷിക്കാൻ രണ്ടാം പ്രാവശ്യം യെരൂശലേമിലേക്കു വന്നതു പൊ.യു.മു. 618-ൽ, അതായത് ബാബിലോന്റെ സാമന്ത രാജാവ് എന്ന നിലയിലുള്ള യെഹോയാക്കീമിന്റെ രാജത്വത്തിന്റെ മൂന്നാം ആണ്ടിൽ ആയിരുന്നു.
5. യെരൂശലേമിന് എതിരെയുള്ള നെബൂഖദ്നേസരിന്റെ രണ്ടാമത്തെ സൈനിക നടപടിയുടെ ഫലം എന്തായിരുന്നു?
5 “കർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു” എന്നതായിരുന്നു ഈ ഉപരോധത്തിന്റെ പരിണത ഫലം. (ദാനീയേൽ 1:2) സാധ്യതയനുസരിച്ച്, ഉപരോധത്തിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ യെഹോയാക്കീം വധിക്കപ്പെടുകയോ ഒരു വിപ്ലവത്തിൽ മരണമടയുകയോ ചെയ്തു. (യിരെമ്യാവു 22:18, 19) അവന്റെ 18 വയസ്സുള്ള പുത്രൻ യെഹോയാഖീൻ പൊ.യു.മു. 618-ൽ അവനു പകരം രാജാവായി. എന്നാൽ യെഹോയാഖീന്റെ ഭരണം മൂന്നു മാസവും പത്തു ദിവസവും മാത്രമേ ദീർഘിച്ചുള്ളൂ. പൊ.യു.മു. 617-ൽ അവൻ കീഴടങ്ങി.—2 രാജാക്കന്മാർ 24:10-15 താരതമ്യം ചെയ്യുക.
6. യെരൂശലേം ദേവാലയത്തിലെ പവിത്ര പാത്രങ്ങൾകൊണ്ടു നെബൂഖദ്നേസർ എന്തു ചെയ്തു?
6 നെബൂഖദ്നേസർ യെരൂശലേം ദേവാലയത്തിലെ പവിത്ര പാത്രങ്ങൾ കൊള്ളയടിച്ച് “ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.” എബ്രായയിൽ മേരോദാക് എന്നു വിളിക്കപ്പെടുന്ന മർദൂക്ക് ആയിരുന്നു ആ ദേവൻ. (ദാനീയേൽ 1:2; യിരെമ്യാവു 50:2) കണ്ടെടുക്കപ്പെട്ട ഒരു ബാബിലോണിയൻ ശിലാലിഖിതത്തിൽ മർദൂക്കിന്റെ ക്ഷേത്രത്തെക്കുറിച്ചു നെബൂഖദ്നേസർ പിൻവരുന്ന പ്രകാരം പറയുന്നതായി ചിത്രീകരിച്ചിരിക്കുന്നു: “ഞാൻ അതിനുള്ളിൽ വെള്ളിയും സ്വർണവും അമൂല്യ രത്നങ്ങളും ശേഖരിച്ചുവെച്ചു, . . . എന്റെ രാജ്യത്തിന്റെ ഭണ്ഡാരഗൃഹം ഞാൻ അവിടെ സ്ഥാപിച്ചു.” ബേൽശസ്സർ രാജാവിന്റെ കാലത്തെ കുറിച്ചുള്ള വിവരണത്തിൽ നാം ഒരിക്കൽക്കൂടെ ഈ പവിത്ര പാത്രങ്ങളെപ്പറ്റി വായിക്കും.—ദാനീയേൽ 5:1-4.
യെരൂശലേം യുവാക്കളിൽ ശ്രേഷ്ഠർ
7, 8. ദാനീയേൽ 1:3, 4, 6 വാക്യങ്ങളിൽനിന്ന് ദാനീയേലിന്റെയും അവന്റെ മൂന്നു കൂട്ടാളികളുടെയും പശ്ചാത്തലത്തെ കുറിച്ചു നമുക്ക് എന്തു നിഗമനം ചെയ്യാവുന്നതാണ്?
7 യഹോവയുടെ ആലയത്തിലെ നിക്ഷേപങ്ങൾ മാത്രമല്ല ബാബിലോണിലേക്കു കൊണ്ടുപോയത്. വിവരണം ഇങ്ങനെ പറയുന്നു: “അനന്തരം രാജാവു തന്റെ ഷണ്ഡന്മാരിൽ [“കൊട്ടാര ഉദ്യോഗസ്ഥന്മാരിൽ,” NW] പ്രധാനിയായ അശ്പെനാസിനോടു: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു അംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തു”ക.—ദാനീയേൽ 1:3, 4.
8 തിരഞ്ഞെടുക്കപ്പെട്ടത് ആരായിരുന്നു? നമ്മോട് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: “അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവു, മീശായേൽ, അസര്യാവു എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു.” (ദാനീയേൽ 1:6) ഇതു ദാനീയേലിന്റെയും കൂട്ടാളികളുടെയും മറ്റു വിധങ്ങളിൽ അവ്യക്തമായ പശ്ചാത്തലത്തിന്മേൽ കുറെ വെളിച്ചം വീശുന്നു. ദൃഷ്ടാന്തത്തിന്, അവർ “യെഹൂദാപുത്രന്മാർ,” അഥവാ രാജഗോത്രത്തിൽ പെട്ടവർ ആയിരുന്നുവെന്നു നാം മനസ്സിലാക്കുന്നു. രാജകുടുംബത്തിൽ പെട്ടവർ ആയിരുന്നാലും അല്ലെങ്കിലും, അവർ കുറഞ്ഞപക്ഷം നല്ല പ്രാധാന്യവും സ്വാധീനവുമുള്ള കുടുംബങ്ങളിൽ നിന്നുള്ളവർ ആയിരുന്നെന്നു ന്യായമായും കരുതാനാകും. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും പുറമേ, അവർക്കു ജ്ഞാനവും നൈപുണ്യവും അറിവും വിവേകവും ഉണ്ടായിരുന്നു. അതെല്ലാം ഉണ്ടായിരുന്നതോ, ‘ബാലന്മാർ’ എന്നു വിളിക്കപ്പെടാവുന്നത്ര ചെറു പ്രായത്തിൽ, ഒരുപക്ഷേ അവരുടെ കൗമാര ആരംഭത്തിൽ. ദാനീയേലും കൂട്ടാളികളും യെരൂശലേം യുവാക്കളിൽ മുന്തിനിന്നവർ—ശ്രേഷ്ഠർ—ആയിരുന്നിരിക്കണം.
9. ദാനീയേലിന്റെയും അവന്റെ മൂന്നു കൂട്ടാളികളുടെയും മാതാപിതാക്കൾ ദൈവഭയം ഉള്ളവർ ആയിരുന്നുവെന്ന് ഉറപ്പു തോന്നുന്നത് എന്തുകൊണ്ട്?
9 ഈ ചെറുപ്പക്കാരുടെ മാതാപിതാക്കൾ ആരായിരുന്നെന്നു വിവരണം പറയുന്നില്ല. എന്നിരുന്നാലും, മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങൾ ഗൗരവമായി എടുത്തിരുന്ന, ദൈവഭയമുള്ള വ്യക്തികൾ ആയിരുന്നു അവർ എന്നു മിക്കവാറും ഉറപ്പാണ്. അക്കാലത്തു യെരൂശലേമിൽ, വിശേഷിച്ച് “രാജസന്തതിയിലും കുലീനന്മാരിലും,” സർവസാധാരണമായിരുന്ന ധാർമികവും ആത്മീയവുമായ അധഃപതനം പരിഗണിക്കുമ്പോൾ, ദാനീയേലിലും അവന്റെ മൂന്നു കൂട്ടാളികളിലും കാണപ്പെട്ട അത്യുത്തമ ഗുണങ്ങൾ യാദൃച്ഛികമായി ഉണ്ടായതല്ലെന്നു വ്യക്തമാണ്. തങ്ങളുടെ പുത്രന്മാരെ ഒരു വിദൂര ദേശത്തേക്കു പിടിച്ചുകൊണ്ടു പോയതു സ്വാഭാവികമായും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകം ആയിരുന്നിരിക്കണം. എന്നാൽ അതിന്റെ അന്തിമ ഫലം അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അവർ എത്രമാത്രം അഭിമാനം കൊള്ളുമായിരുന്നു! മാതാപിതാക്കൾ മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടു”വരേണ്ടത് എത്ര പ്രധാനമാണ്!—എഫെസ്യർ 6:4, NW.
മനസ്സിനു വേണ്ടിയുള്ള പോരാട്ടം
10. യുവ എബ്രായരെ എന്തു പഠിപ്പിച്ചു, എന്ത് ഉദ്ദേശ്യത്തിൽ?
10 ഈ പ്രവാസികളുടെ ഇളം മനസ്സിനു വേണ്ടിയുള്ള ഒരു പോരാട്ടം പെട്ടെന്നുതന്നെ ആരംഭിച്ചു. ഈ എബ്രായ കുമാരന്മാർ ബാബിലോണിയൻ വ്യവസ്ഥയ്ക്കു യോജിക്കും വിധം വാർത്തെടുക്കപ്പെടും എന്ന് ഉറപ്പുവരുത്താൻ “അവരെ കല്ദയരുടെ വിദ്യയും [“എഴുത്തും,” NW] ഭാഷയും അഭ്യസിപ്പി”ക്കാൻ നെബൂഖദ്നേസർ തന്റെ ഉദ്യോഗസ്ഥന്മാരോടു കൽപ്പിച്ചു. (ദാനീയേൽ 1:4) അതു സാധാരണ വിദ്യാഭ്യാസം അല്ലായിരുന്നു. അതിൽ “സുമേറിയൻ, അക്കാഡിയൻ, അരമായ . . . തുടങ്ങിയ ഭാഷകളുടെയും ആ ഭാഷകളിലുള്ള വിപുലമായ സാഹിത്യങ്ങളുടെയും പഠനം ഉൾപ്പെട്ടിരുന്നു” എന്ന് ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു. “വിപുലമായ സാഹിത്യ”ത്തിൽ ചരിത്രം, ഗണിതശാസ്ത്രം, ജ്യോതിശ്ശാസ്ത്രം മുതലായവ ഉൾപ്പെട്ടിരുന്നു. എന്നാൽ, “ശകുനവും ജ്യോതിഷവും ഉൾപ്പെട്ട മത പാഠങ്ങൾക്ക് . . . ഒരു വലിയ സ്ഥാനം ഉണ്ടായിരുന്നു.”
11. എബ്രായ യുവാക്കൾ ബാബിലോണിയൻ കൊട്ടാര ജീവിതത്തോട് ഇഴുകിച്ചേരുമെന്ന് ഉറപ്പുവരുത്താനായി എന്തു നടപടികൾ സ്വീകരിച്ചു?
11 ഈ എബ്രായ യുവാക്കൾക്കു ബാബിലോണിയൻ കൊട്ടാര ജീവിതത്തിലെ ആചാരങ്ങളും സംസ്കാരവും പൂർണമായി ഉൾക്കൊള്ളാൻ കഴിയേണ്ടതിന് “രാജാവു അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നില്ക്കേണം എന്നു കല്പിച്ചു.” (ദാനീയേൽ 1:5) അതിനു പുറമേ, “ഷണ്ഡാധിപൻ അവർക്കു പേരിട്ടു; ദാനീയേലിന്നു അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന്നു ശദ്രക് എന്നും മീശായേലിന്നു മേശക് എന്നും അസര്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.” (ദാനീയേൽ 1:7) ജീവിതത്തിലെ ഒരു സുപ്രധാന സംഭവത്തെ കുറിക്കാനായി ഒരുവനു പുതിയ പേരു നൽകുന്നതു ബൈബിൾ കാലങ്ങളിൽ ഒരു സാധാരണ നടപടി ആയിരുന്നു. ദൃഷ്ടാന്തത്തിന്, യഹോവ അബ്രാമിന്റെയും സാറായിയുടെയും പേരുകൾ യഥാക്രമം അബ്രാഹാം എന്നും സാറാ എന്നും ആക്കി. (ഉല്പത്തി 17:5, 15, 16) ഒരുവൻ മറ്റൊരുവന്റെ പേരു മാറ്റുന്നത് അധികാരത്തിന്റെയോ മേധാവിത്വത്തിന്റെയോ ഒരു വ്യക്തമായ തെളിവാണ്. യോസേഫ് ഈജിപ്തിലെ ഭക്ഷ്യമേൽവിചാരകൻ ആയപ്പോൾ ഫറവോൻ അവന് “സാപ്നത്ത് പനേഹ്” എന്നു പേരിട്ടു.—ഉല്പത്തി 41:44, 45; 2 രാജാക്കന്മാർ 23:34-ഉം 24:17-ഉം താരതമ്യം ചെയ്യുക.
12, 13. എബ്രായ യുവാക്കളുടെ പേരു മാറ്റിയത് അവരുടെ വിശ്വാസത്തെ തകർക്കാനുള്ള ഒരു ശ്രമം ആയിരുന്നുവെന്നു പറയാവുന്നത് എന്തുകൊണ്ട്?
12 ദാനീയേലിന്റെയും അവന്റെ മൂന്ന് എബ്രായ കൂട്ടാളികളുടെയും കാര്യത്തിൽ പേരുമാറ്റം പ്രാധാന്യം അർഹിക്കുന്നത് ആയിരുന്നു. യഹോവയുടെ ആരാധനയോടു ചേർച്ചയിലുള്ള പേരുകൾ ആയിരുന്നു മാതാപിതാക്കൾ അവർക്കു നൽകിയത്. “ദാനീയേൽ” എന്നതിന്റെ അർഥം “എന്റെ ന്യായാധിപൻ ദൈവം ആകുന്നു” എന്നാണ്. “ഹനന്യാവ്” എന്നതിന് “യഹോവ പ്രീതി കാട്ടിയിരിക്കുന്നു” എന്നാണ് അർഥം. സാധ്യതയനുസരിച്ച്, “മീശായേൽ” എന്നതിന്റെ അർഥം “ദൈവത്തെപ്പോലെ ആരുണ്ട്?” എന്നാണ്. “അസര്യാവ്” എന്നതിന്റെ അർഥം “യഹോവ സഹായിച്ചിരിക്കുന്നു” എന്നാണ്. തങ്ങളുടെ പുത്രന്മാർ യഹോവയാം ദൈവത്തിന്റെ മാർഗനിർദേശത്തിൻ കീഴിൽ അവന്റെ വിശ്വസ്തരും സത്യസന്ധരുമായ ദാസന്മാരായി വളരണം എന്നത് ആ മാതാപിതാക്കളുടെ ഉത്കടമായ ആഗ്രഹമായിരുന്നു എന്നതിൽ തെല്ലും സംശയമില്ല.
13 എന്നാൽ, ആ നാല് എബ്രായർക്കു നൽകിയ പുതിയ പേരുകൾ വ്യാജ ദേവന്മാരുടെ പേരുകളുമായി അടുത്തു ബന്ധമുള്ളവ ആയിരുന്നു. ആ ദേവീദേവന്മാർ സത്യദൈവത്തെ കീഴടക്കി എന്നായിരുന്നു അതിന്റെ സൂചന. ആ യുവാക്കളുടെ വിശ്വാസത്തെ തകർക്കാനുള്ള എന്തൊരു വഞ്ചകമായ ശ്രമം!
14. ദാനീയേലിനും അവന്റെ മൂന്നു കൂട്ടാളികൾക്കും നൽകിയ പുതിയ പേരുകളുടെ അർഥമെന്ത്?
14 ദാനീയേലിന്റെ പേര്, “രാജാവിന്റെ ജീവൻ രക്ഷിക്കുക” എന്ന് അർഥമുള്ള ബേൽത്ത്ശസ്സർ എന്നാക്കി. മുഖ്യ ബാബിലോണിയൻ ദേവനായ മർദൂക്കിനോട് അഥവാ ബേലിനോടുള്ള സഹായാഭ്യർഥനയുടെ ഒരു ഹ്രസ്വ രൂപമായിരുന്നു അതെന്നു വ്യക്തമാണ്. ദാനീയേലിന് ഈ പേരു നൽകിയതിൽ നെബൂഖദ്നേസറിനു കയ്യുണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും അതു തന്റെ “ദേവന്റെ നാമധേയപ്രകാര”മുള്ള പേരാണെന്നു പറയുന്നതിൽ അവൻ അഭിമാനംകൊണ്ടിരുന്നു. (ദാനീയേൽ 4:8) ഹനന്യാവിനു ശദ്രക് എന്ന പുതിയ പേരു നൽകി. “അക്കുവിന്റെ കൽപ്പന” എന്ന് അർഥമുള്ള ഒരു സംയുക്ത പേരാണ് അതെന്നു ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഒരു സുമേറിയൻ ദേവന്റെ പേരായിരുന്നു അക്കു എന്നതു രസാവഹമാണ്. മീശായേലിന്റെ പേര് മേശക് (സാധ്യതയനുസരിച്ച്, മിശാക്കു) എന്നാക്കി. “അക്കുവിനു തുല്യനായി ആരുണ്ട്” എന്ന് അർഥം വരുന്ന ഈ പേര് വ്യക്തമായും “ദൈവത്തെപ്പോലെ ആരുണ്ട്” എന്നതിന്റെ കൗശലപൂർവമായ ഒരു വളച്ചൊടിക്കൽ ആയിരുന്നു. സാധ്യതയനുസരിച്ച്, അസര്യാവിന്റെ ബാബിലോണിയൻ പേര് “നെഗോയുടെ ദാസൻ” എന്ന് അർഥമുള്ള അബേദ്-നെഗോ എന്നായിരുന്നു. “നെഗോ” എന്നത് “നെബോ” എന്ന ദേവന്റെ പേരിന്റെ ഒരു വകഭേദമായിരുന്നു. പല ബാബിലോണിയൻ രാജാക്കന്മാർക്കും ഈ ദേവന്റെ പേരിട്ടിരുന്നു.
യഹോവയോടു വിശ്വസ്തരായിരിക്കാൻ ദൃഢനിശ്ചയമുള്ളവർ
15, 16. ദാനീയേലും അവന്റെ മൂന്നു കൂട്ടാളികളും ഇപ്പോൾ ഏത് അപകടത്തെ അഭിമുഖീകരിച്ചു, അവരുടെ പ്രതികരണം എന്തായിരുന്നു?
15 ബാബിലോണിയൻ പേരുകൾ, പുനർവിദ്യാഭ്യാസ പരിപാടി, വിശിഷ്ട ഭോജനം എന്നിവയെല്ലാം ദാനീയേലിനെയും മൂന്ന് എബ്രായ യുവാക്കളെയും ബാബിലോണിയൻ ജീവിത രീതിയോട് അനുരൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മാത്രമായിരുന്നില്ല, മറിച്ച് അവരെ അവരുടെ ദൈവമായ യഹോവയിൽനിന്നും അവരുടെ മതപരമായ പരിശീലനം, പശ്ചാത്തലം എന്നിവയിൽനിന്നും അന്യപ്പെടുത്താനുംകൂടി ആയിരുന്നു. ഈ സമ്മർദങ്ങളുടെയും പ്രലോഭനങ്ങളുടെയും എല്ലാം മധ്യേ ഈ യുവാക്കൾ എന്തു ചെയ്യുമായിരുന്നു?
16 നിശ്വസ്ത വിവരണം പറയുന്നു: “രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു.” (ദാനീയേൽ 1:8എ) ദാനീയേലിനെ മാത്രമാണ് പേരെടുത്ത് പറഞ്ഞിരിക്കുന്നത് എങ്കിലും അവന്റെ മൂന്നു കൂട്ടാളികളും അവന്റെ തീരുമാനത്തെ പിന്താങ്ങിയെന്നു തുടർന്നുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നു. “ഹൃദയത്തിൽ നിശ്ചയിച്ചു” എന്ന പ്രയോഗം, സ്വന്തം നാട്ടിൽവെച്ച് ദാനീയേലിന്റെ മാതാപിതാക്കളും മറ്റുള്ളവരും നൽകിയ പ്രബോധനം അവന്റെ ഹൃദയത്തിൽ എത്തിച്ചേർന്നിരുന്നു എന്നു പ്രകടമാക്കുന്നു. തങ്ങൾ എടുത്ത തീരുമാനത്തിന്റെ കാര്യത്തിൽ സമാനമായ പരിശീലനം മറ്റു മൂന്ന് എബ്രായരെയും വഴിനയിച്ചു എന്നതിൽ സംശയത്തിന് ഇടമില്ല. ഗ്രഹിക്കാൻ തക്ക പ്രായമായിട്ടില്ലെന്നു തോന്നിയേക്കാവുന്ന കാലത്തുപോലും കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇതു വളരെ നന്നായി ചിത്രീകരിക്കുന്നു.—സദൃശവാക്യങ്ങൾ 22:6; 2 തിമൊഥെയൊസ് 3:14, 15.
17. ദാനീയേലും കൂട്ടാളികളും മറ്റു ക്രമീകരണങ്ങളോടൊന്നും എതിർപ്പു പ്രകടിപ്പിക്കാതെ പ്രതിദിന രാജഭോജനത്തോടു മാത്രം എതിർപ്പു പ്രകടിപ്പിച്ചത് എന്തുകൊണ്ട്?
17 ആ എബ്രായ യുവാക്കൾ മറ്റു ക്രമീകരണങ്ങളോടൊന്നും എതിർപ്പു പ്രകടിപ്പിക്കാതെ രാജഭോജനത്തോടും വീഞ്ഞിനോടും മാത്രം എതിർപ്പു പ്രകടിപ്പിച്ചത് എന്തുകൊണ്ടായിരുന്നു? അത് എന്തുകൊണ്ടെന്നു ദാനീയേലിന്റെ ന്യായവാദം വ്യക്തമായി സൂചിപ്പിക്കുന്നു: അവൻ “തന്നെത്താൻ അശുദ്ധമാക്കു”മായിരുന്നില്ല. “കല്ദയരുടെ വിദ്യയും ഭാഷയും” പഠിക്കുന്നതും ബാബിലോണിയൻ പേരു നൽകപ്പെട്ടതും അനിഷ്ടകരം ആയിരുന്നെങ്കിലും അത് ഒരു വ്യക്തിയെ അവശ്യം അശുദ്ധൻ ആക്കുമായിരുന്നില്ല. അന്നേക്ക് ഏതാണ്ട് 1,000 വർഷം മുമ്പു ജീവിച്ചിരുന്ന മോശെയുടെ ദൃഷ്ടാന്തം പരിഗണിക്കുക. “മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു”വെങ്കിലും അവൻ യഹോവയോടു വിശ്വസ്തനായി നിലകൊണ്ടു. സ്വന്തം മാതാപിതാക്കൾ നൽകിയ ബാല്യകാല പരിശീലനം അവന് ഒരു ഉറച്ച അടിസ്ഥാനം പ്രദാനം ചെയ്തു. തത്ഫലമായി, ‘വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തല്ക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും ചെയ്തു.’—പ്രവൃത്തികൾ 7:22; എബ്രായർ 11:24, 25.
18. രാജഭോജനം ആ എബ്രായ യുവാക്കളെ ഏതു വിധങ്ങളിൽ അശുദ്ധർ ആക്കുമായിരുന്നു?
18 ബാബിലോണിലെ രാജഭോജനം ആ യുവാക്കളെ ഏതു വിധത്തിൽ അശുദ്ധർ ആക്കുമായിരുന്നു? ഒന്നാമതായി, രാജഭോജനത്തിൽ മോശൈക ന്യായപ്രമാണം വിലക്കിയിരുന്ന ആഹാരം ഉണ്ടായിരുന്നിരിക്കാം. ഉദാഹരണത്തിന്, ന്യായപ്രമാണത്തിൻ കീഴിൽ ഇസ്രായേല്യർക്കു വിലക്കപ്പെട്ടിരുന്ന അശുദ്ധ മൃഗങ്ങളെ ബാബിലോണിയർ ഭക്ഷിച്ചിരുന്നു. (ലേവ്യപുസ്തകം 11:1-31; 20:24-26; ആവർത്തനപുസ്തകം 14:3-20) രണ്ടാമതായി, മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിനു മുമ്പു രക്തം ഒഴുക്കിക്കളയുന്ന ശീലം ബാബിലോണിയർക്ക് ഇല്ലായിരുന്നു. രക്തം ഒഴുക്കിക്കളയാത്ത മാംസം ഭക്ഷിക്കുന്നതു രക്തം സംബന്ധിച്ചുള്ള യഹോവയുടെ നിയമത്തിന്റെ നേരിട്ടുള്ള ലംഘനം ആയിരിക്കുമായിരുന്നു. (ഉല്പത്തി 9:1, 3, 4; ലേവ്യപുസ്തകം 17:10-12; ആവർത്തനപുസ്തകം 12:23-25) മൂന്നാമതായി, വ്യാജ ദേവന്മാരുടെ ആരാധകർ സമൂഹ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആചാരപരമായി അതു വിഗ്രഹങ്ങൾക്ക് അർപ്പിച്ചിരുന്നു. യഹോവയുടെ ദാസന്മാർ അവയിലൊന്നും ഏർപ്പെടുമായിരുന്നില്ല! (1 കൊരിന്ത്യർ 10:20-22 താരതമ്യം ചെയ്യുക.) അവസാനമായി, കൊഴുപ്പു നിറഞ്ഞ ഭക്ഷണവും മദ്യവും ദിവസേന അമിതമായി കഴിക്കുന്നത് ഏതു പ്രായക്കാർക്കും ആരോഗ്യപ്രദമല്ല, കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അതൊട്ടു പറയാനുമില്ല.
19. എബ്രായ യുവാക്കൾക്കു ന്യായീകരണങ്ങൾ കണ്ടെത്താൻ കഴിയുമായിരുന്നത് എങ്ങനെ, എന്നാൽ ശരിയായ നിഗമനത്തിൽ എത്തിച്ചേരാൻ അവരെ സഹായിച്ചത് എന്ത്?
19 ചെയ്യേണ്ടത് എന്താണെന്ന് അറിയുന്നത് ഒരു സംഗതിയും, സമ്മർദമോ പ്രലോഭനമോ നേരിടുമ്പോൾ അതു ചെയ്യാൻ ധൈര്യം ഉണ്ടായിരിക്കുന്നതു തികച്ചും വ്യത്യസ്തമായ മറ്റൊരു സംഗതിയുമാണ്. മാതാപിതാക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും വളരെ ദൂരെ ആയിരുന്നതിനാൽ തങ്ങൾ ചെയ്യുന്നത് അവർ അറിയുകയില്ലെന്നു ദാനീയേലിനും അവന്റെ മൂന്നു സ്നേഹിതന്മാർക്കും ന്യായവാദം ചെയ്യാമായിരുന്നു. ഇതു രാജകൽപ്പന ആയതിനാൽ മറ്റൊരു പോംവഴിയും ഉള്ളതായി തോന്നുന്നില്ലെന്നും അവർക്കു വാദിക്കാമായിരുന്നു. കൂടാതെ, മറ്റു യുവാക്കൾ ആ ക്രമീകരണങ്ങളെ സത്വരം സ്വീകരിക്കുകയും അതിൽ പങ്കുപറ്റുന്നതിനെ ബുദ്ധിമുട്ടായിട്ടല്ല, മറിച്ച് ഒരു പദവിയായി കണക്കാക്കുകയും ചെയ്തു എന്നതിനു സംശയമില്ല. എന്നാൽ അത്തരം തെറ്റായ ചിന്താഗതി, അനേകം യുവജനങ്ങളുടെയും കാര്യത്തിൽ ഒരു കെണിയായിരിക്കുന്ന, രഹസ്യപാപം എന്ന അപകടത്തിലേക്ക് എളുപ്പം നയിക്കുമായിരുന്നു. ‘യഹോവയുടെ കണ്ണ് എല്ലായിടത്തും ഉണ്ടെ’ന്നും “ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകലരഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തു”മെന്നും ആ എബ്രായ യുവാക്കൾക്ക് അറിയാമായിരുന്നു. (സദൃശവാക്യങ്ങൾ 15:3; സഭാപ്രസംഗി 12:14) ഈ വിശ്വസ്ത യുവജനങ്ങളുടെ പ്രവർത്തന ഗതിയിൽനിന്നു നമുക്ക് എല്ലാവർക്കും ഒരു പാഠം ഉൾക്കൊള്ളാം.
ധൈര്യവും സ്ഥിരോത്സാഹവും പ്രതിഫലദായകം ആയിരുന്നു
20, 21. ദാനീയേൽ എന്തു നടപടി സ്വീകരിച്ചു, അതിന്റെ ഫലം എന്തായിരുന്നു?
20 ദുഷിപ്പിക്കുന്ന സ്വാധീനങ്ങളെ ചെറുക്കാൻ ഹൃദയത്തിൽ നിശ്ചയിച്ചുറച്ച ദാനീയേൽ തന്റെ തീരുമാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ തുടങ്ങി. “തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു [അവൻ] ഷണ്ഡാധിപനോടു അപേക്ഷിച്ചു [“അപേക്ഷിച്ചുകൊണ്ടിരുന്നു,” NW].” (ദാനീയേൽ 1:8ബി) “അപേക്ഷിച്ചുകൊണ്ടിരുന്നു” എന്നതു ശ്രദ്ധാർഹമായ ഒരു പദപ്രയോഗമാണ്. പ്രലോഭനങ്ങളെ ചെറുത്തു നിൽക്കുന്നതിലോ ദൗർബല്യങ്ങളെ കീഴടക്കുന്നതിലോ വിജയംവരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, ഒട്ടുമിക്കപ്പോഴും തുടർച്ചയായ ശ്രമം ആവശ്യമാണ്.—ഗലാത്യർ 6:9.
21 ദാനീയേലിന്റെ കാര്യത്തിൽ സ്ഥിരോത്സാഹം ഫലമുളവാക്കി. “ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി.” (ദാനീയേൽ 1:9) കാര്യങ്ങൾ ഒടുവിൽ ദാനീയേലിനും കൂട്ടാളികൾക്കും അനുകൂലമായി തിരിഞ്ഞത് അവർ സുമുഖരും ബുദ്ധിമാന്മാരും ആയിരുന്നതുകൊണ്ടല്ല, മറിച്ച്, യഹോവയുടെ അനുഗ്രഹംകൊണ്ട് ആയിരുന്നു. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും” എന്ന എബ്രായ ജ്ഞാനമൊഴി ദാനീയേൽ നിസ്സംശയമായും ഓർത്തിരുന്നു. (സദൃശവാക്യങ്ങൾ 3:5, 6) ആ ബുദ്ധിയുപദേശം പിൻപറ്റിയതു തീർച്ചയായും പ്രതിഫലദായകം ആയിരുന്നു.
22. മുഖ്യ കൊട്ടാര ഉദ്യോഗസ്ഥൻ ഏതു ന്യായമായ എതിർപ്പ് ഉന്നയിച്ചു?
22 മുഖ്യ കൊട്ടാര ഉദ്യോഗസ്ഥൻ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ആദ്യം എതിർപ്പു പ്രകടിപ്പിച്ചു: “നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാൽ മെലിഞ്ഞുകാണുന്നതു എന്തിനു? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലെക്കു അപകടം വരുത്തും.” (ദാനീയേൽ 1:10) ആ എതിർപ്പും ഭയവും ന്യായമായിരുന്നു. അനുസരണക്കേടു വെച്ചുപൊറുപ്പിക്കുന്നവൻ ആയിരുന്നില്ല നെബൂഖദ്നേസർ രാജാവ്. രാജാവിന്റെ നിർദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ തന്റെ “തല” അപകടത്തിൽ ആകുമെന്ന് ആ ഉദ്യോഗസ്ഥന് അറിയാമായിരുന്നു. ആ സ്ഥിതിക്ക് ദാനീയേൽ എന്തു ചെയ്യുമായിരുന്നു?
23. ദാനീയേൽ തന്റെ പ്രവർത്തന ഗതിയിലൂടെ ഉൾക്കാഴ്ചയും ജ്ഞാനവും പ്രകടമാക്കിയത് എങ്ങനെ?
23 ഇവിടെ ആയിരുന്നു ഉൾക്കാഴ്ചയും ജ്ഞാനവും രംഗപ്രവേശം ചെയ്തത്. യുവാവായ ദാനീയേൽ പിൻവരുന്ന ജ്ഞാനമൊഴി ഓർമിച്ചിരിക്കണം: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:1) തന്റെ അപേക്ഷ അനുവദിക്കണമെന്നു നിരന്തരം ശാഠ്യംപിടിക്കുകയും സാധ്യതയനുസരിച്ച് തന്നെ ഒരു രക്തസാക്ഷിയാക്കാൻ തക്കവണ്ണം മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നതിനു പകരം ദാനീയേൽ കാര്യം അവിടെ അവസാനിപ്പിച്ചു. തുടർന്ന്, രാജാവിനോടു നേരിട്ടു കണക്കു ബോധിപ്പിക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ അൽപ്പം ഇളവു ചെയ്യാൻ കൂടുതൽ സാധ്യതയുണ്ടായിരുന്ന ‘വിചാരകനെ’ അവൻ തക്കസമയത്തു സമീപിച്ചു.—ദാനീയേൽ 1:11.
ദശദിന പരീക്ഷണം നിർദേശിക്കപ്പെട്ടു
24. ദാനീയേൽ നിർദേശിച്ച പരീക്ഷണം എന്തായിരുന്നു?
24 ഒരു പരീക്ഷണം നടത്തി നോക്കാൻ ദാനീയേൽ വിചാരകനോടു നിർദേശിച്ചു. അവൻ പറഞ്ഞു: “അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും [“സസ്യാഹാരവും,” NW] കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തുനോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക.”—ദാനീയേൽ 1:12, 13.
25. ദാനീയേലിനും അവന്റെ മൂന്നു സുഹൃത്തുക്കൾക്കും നൽകിയ “സസ്യാഹാര”ത്തിൽ എന്തെല്ലാം ഉൾപ്പെട്ടിരുന്നിരിക്കാം?
25 പത്തു ദിവസത്തേക്ക് ‘സസ്യാഹാരവും പച്ചവെള്ളവും’ മാത്രം—മറ്റുള്ളവരോടുള്ള താരതമ്യത്തിൽ അവർ “മെലിഞ്ഞുകാണ”പ്പെടുമായിരുന്നോ? “സസ്യാഹാരം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അടിസ്ഥാനപരമായ അർഥം “വിത്തുകൾ” എന്നാണ്. ചില ബൈബിൾ ഭാഷാന്തരങ്ങൾ അതിനെ ‘പയറുമണികൾ’ എന്നു പരിഭാഷപ്പെടുത്തുന്നു. പയർ, പട്ടാണിപ്പയർ, ബീൻസ് എന്നിങ്ങനെയുള്ള ഭക്ഷ്യയോഗ്യമായ വ്യത്യസ്ത തരം പയറുവർഗ വിളകളെ അതു പരാമർശിക്കുന്നു. ആ ആഹാരക്രമത്തിൽ ഭക്ഷ്യയോഗ്യമായ വിത്തുകൾ മാത്രമല്ല ഉൾപ്പെട്ടിരുന്നത് എന്നു സന്ദർഭം സൂചിപ്പിക്കുന്നുവെന്നു ചില പണ്ഡിതന്മാർ കരുതുന്നു. ഒരു സംശോധകഗ്രന്ഥം പറയുന്നു: “രാജമേശയിലെ കൊഴുപ്പു നിറഞ്ഞ മാംസാഹാരത്തിനു പകരം, സാധാരണ ജനങ്ങൾ കഴിക്കുന്ന സസ്യാഹാരം ആയിരുന്നു ദാനീയേലും കൂട്ടാളികളും അപേക്ഷിച്ചത്.” അതുകൊണ്ട്, ചുവന്നുള്ളി, പയറുകൾ, മത്തങ്ങ, ലീക്ക് ഉള്ളി, വെളുത്തുള്ളി, വെള്ളരിക്ക എന്നിവ ഉപയോഗിച്ചു തയ്യാറാക്കിയ പോഷകസമൃദ്ധമായ വിഭവങ്ങളും വ്യത്യസ്ത ധാന്യങ്ങൾ കൊണ്ടുള്ള റൊട്ടിയും ആ ആഹാരക്രമത്തിൽ ഉൾപ്പെട്ടിരുന്നിരിക്കാം. തീർച്ചയായും, അതിനെ ഒരു പട്ടിണി ആഹാരമായി ആരും കരുതുമായിരുന്നില്ല. വിചാരകനു കാര്യം പിടികിട്ടിയെന്നു വ്യക്തമാണ്. “അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷകേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.” (ദാനീയേൽ 1:14) ഫലമോ?
26. ദശദിന പരീക്ഷണത്തിന്റെ ഫലം എന്തായിരുന്നു, കാര്യങ്ങൾ ആ വിധത്തിൽ പരിണമിച്ചത് എന്തുകൊണ്ട്?
26 “പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.” (ദാനീയേൽ 1:15) കൊഴുപ്പ് അടങ്ങിയ മാംസാഹാരത്തെക്കാൾ സസ്യാഹാരം ശ്രേഷ്ഠമാണ് എന്നതിനുള്ള തെളിവായി ഇതിനെ കണക്കാക്കാവുന്നതല്ല. പത്തു ദിവസംകൊണ്ടു തികച്ചും ശ്രദ്ധേയമായ ഒരു മാറ്റം ഉളവാക്കാൻ ഒരു ആഹാരക്രമത്തിനും സാധിക്കില്ല. എന്നാൽ യഹോവയ്ക്കു തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ ആ പരിമിത സമയം ധാരാളംമതി. “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല” എന്ന് അവന്റെ വചനം പറയുന്നു. (സദൃശവാക്യങ്ങൾ 10:22) ആ നാല് എബ്രായ യുവാക്കൾ തങ്ങളുടെ വിശ്വാസവും ആശ്രയവും യഹോവയിൽ അർപ്പിച്ചു. അവൻ അവരെ കൈവിട്ടതുമില്ല. നൂറ്റാണ്ടുകൾക്കു ശേഷം യേശുക്രിസ്തു 40 ദിവസം ഭക്ഷണം കൂടാതെ ജീവിച്ചു. അതിനോടുള്ള ബന്ധത്തിൽ അവൻ ആവർത്തനപുസ്തകം 8:3-ൽ കാണുന്ന വാക്കുകൾ ഉദ്ധരിച്ചു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” ഇതിന്റെ ഒരു മകുടോദാഹരണമാണു ദാനീയേലിന്റെയും സുഹൃത്തുക്കളുടെയും അനുഭവം.
രാജഭോജനത്തിന്റെയും വീഞ്ഞിന്റെയും സ്ഥാനത്ത് ഉൾക്കാഴ്ചയും ജ്ഞാനവും
27, 28. ദാനീയേലും അവന്റെ മൂന്നു സുഹൃത്തുക്കളും സ്വയം സ്വീകരിച്ച ഭക്ഷണക്രമം ഭാവിയിൽ സംഭവിക്കാനിരുന്ന കാര്യങ്ങൾക്കായുള്ള ഒരു ഒരുക്കമായിരുന്നത് ഏതു വിധങ്ങളിൽ?
27 ആ പത്തു ദിവസത്തേക്ക് ഒരു പരീക്ഷണം മാത്രമായിരുന്നു. എന്നാൽ അതിന്റെ ഫലങ്ങൾ ഏറ്റവും ബോധ്യം വരുത്തുന്നവ ആയിരുന്നു. “അങ്ങനെ മെൽസർ [വിചാരകൻ] അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു.” (ദാനീയേൽ 1:16) പരിശീലന പരിപാടിയിൽ ഉൾപ്പെട്ട മറ്റു യുവാക്കൾ ദാനീയേലിനെയും കൂട്ടാളികളെയും കുറിച്ച് എന്തു വിചാരിച്ചെന്നു വിഭാവന ചെയ്യാൻ ബുദ്ധിമുട്ടില്ല. ദിവസവും സസ്യാഹാരം കഴിക്കാനായി രാജസദ്യ നിരസിക്കുന്നതു വലിയ ഭോഷത്തമായി അവർക്കു തോന്നിയിരിക്കണം. എന്നാൽ ആ എബ്രായ യുവാക്കൾക്കു നേടിയെടുക്കാൻ കഴിയുമായിരുന്ന സകല ജാഗ്രതയും സമചിത്തതയും ആവശ്യമാക്കിത്തീർക്കുമായിരുന്ന വലിയ പരിശോധനകളുടെയും പരീക്ഷണങ്ങളുടെയും കാർമേഘം ചക്രവാളത്തിൽ ഉരുണ്ടുകൂടുകയായിരുന്നു. എല്ലാറ്റിലും ഉപരി, വിശ്വാസത്തിന്റെ പരിശോധനകളെ അതിജീവിക്കാൻ അവരെ സഹായിക്കുമായിരുന്നതു യഹോവയിലുള്ള അവരുടെ വിശ്വാസവും ആശ്രയവും ആയിരുന്നു.—യോശുവ 1:7 താരതമ്യം ചെയ്യുക.
28 യഹോവ ആ യുവാക്കളോടൊപ്പം ഉണ്ടായിരുന്നു എന്നതിന്റെ തെളിവു തുടർന്നുള്ള വാക്കുകളിൽ കാണാം: “ഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നിപുണതയും സാമർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.” (ദാനീയേൽ 1:17) ആഗതമായിക്കൊണ്ടിരുന്ന പ്രയാസ സാഹചര്യങ്ങളെ നേരിടാൻ അവർക്കു ശാരീരിക ശക്തിയും നല്ല ആരോഗ്യവും മാത്രം പോരായിരുന്നു. “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.” (സദൃശവാക്യങ്ങൾ 2:10-12) ഭാവിയിൽ സംഭവിക്കാനിരുന്ന കാര്യങ്ങൾക്കായി ആ നാലു വിശ്വസ്ത യുവാക്കളെ സജ്ജരാക്കാൻ യഹോവ അവർക്കു നൽകിയതു കൃത്യമായും അതുതന്നെയാണ്.
29. ‘സകലതരം ദർശനങ്ങളും സ്വപ്നങ്ങളും’ ഗ്രഹിക്കാൻ ദാനീയേലിനു കഴിഞ്ഞത് എന്തുകൊണ്ട്?
29 “ദാനീയേൽ സകലദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു” എന്നു പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അവൻ അതീന്ദ്രിയശക്തി ഉള്ളവൻ ആയിത്തീർന്നു എന്നല്ല അതിന്റെ അർഥം. രസാവഹമായി, ശ്രേഷ്ഠരായ എബ്രായ പ്രവാചകന്മാരിൽ ഒരുവനായി ദാനീയേൽ പരിഗണിക്കപ്പെടുന്നു എങ്കിലും, “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു”എന്നോ “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നോ പോലുള്ള പ്രഖ്യാപനങ്ങൾ ഘോഷിക്കാൻ അവൻ ഒരിക്കലും നിശ്വസ്തൻ ആക്കപ്പെട്ടില്ല. (യെശയ്യാവു 28:16; യിരെമ്യാവു 6:9) എന്നാൽ, യഹോവയുടെ ഉദ്ദേശ്യം വെളിപ്പെടുത്തിയ ദർശനങ്ങളും സ്വപ്നങ്ങളും ഗ്രഹിക്കാനും വ്യാഖ്യാനിക്കാനും ദാനീയേലിനു കഴിഞ്ഞത് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്താൽ മാത്രമായിരുന്നു.
ഒടുവിൽ ഒരു നിർണായക പരിശോധന
30, 31. ദാനീയേലും കൂട്ടാളികളും തിരഞ്ഞെടുത്ത ഗതി പ്രയോജനപ്രദമെന്നു തെളിഞ്ഞത് എങ്ങനെ?
30 ത്രിവത്സര പുനർവിദ്യാഭ്യാസ പരിപാടിക്കും പരിചരണത്തിനും തിരശ്ശീല വീണു. അടുത്തത് ഒരു നിർണായക പരിശോധന ആയിരുന്നു—രാജാവുമായുള്ള വ്യക്തിപരമായ അഭിമുഖം. “അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു.” (ദാനീയേൽ 1:18) ആ നാലു യുവാക്കൾ തങ്ങളെക്കുറിച്ചുതന്നെ കണക്കു ബോധിപ്പിക്കേണ്ട സമയമായിരുന്നു അത്. ബാബിലോണിയൻ രീതികൾക്കു വഴങ്ങിക്കൊടുക്കാതെ യഹോവയുടെ നിയമങ്ങളോടു പറ്റിനിന്നതു പ്രയോജനപ്രദമെന്നു തെളിയുമായിരുന്നോ?
31 “രാജാവു അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വെച്ചു ദാനീയേൽ, ഹനന്യാവു, മീശായേൽ, അസര്യാവു എന്നിവർക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷെക്കു നിന്നു.” (ദാനീയേൽ 1:19) മൂന്നു വർഷത്തെ അവരുടെ പ്രവർത്തന ഗതിയുടെ എന്തൊരു സമ്പൂർണമായ സംസ്ഥാപനം! അവരുടെ വിശ്വാസവും മനസ്സാക്ഷിയും അനുശാസിച്ച ഒരു ആഹാര ക്രമത്തോടു പറ്റിനിന്നതു ഭോഷത്തം ആയിരുന്നില്ല. നിസ്സാരമെന്നു തോന്നാമായിരുന്ന കാര്യങ്ങളിൽ വിശ്വസ്തരായി നിലനിന്നതു വഴി ദാനീയേലും സുഹൃത്തുക്കളും വലിയ കാര്യങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു. പരിശീലന പരിപാടിയിൽ പങ്കെടുത്ത എല്ലാ യുവാക്കളുടെയും സ്വപ്നമായിരുന്നു ‘രാജസന്നിധിയിൽ ശുശ്രൂഷയ്ക്കു നിൽക്കാ’നുള്ള പദവി. തിരഞ്ഞെടുക്കപ്പെട്ടത് ആ നാല് എബ്രായ യുവാക്കൾ മാത്രമായിരുന്നോ എന്നു ബൈബിൾ പറയുന്നില്ല. എന്തുതന്നെ ആയിരുന്നാലും അവരുടെ വിശ്വസ്ത ഗതി തീർച്ചയായും “വളരെ പ്രതിഫലം” കൈവരുത്തുകതന്നെ ചെയ്തു.—സങ്കീർത്തനം 19:11.
32. ദാനീയേലും ഹനന്യാവും മീശായേലും അസര്യാവും രാജസദസ്സിൽ ആയിരിക്കുന്നതിനെക്കാൾ വലിയ ഒരു പദവി ആസ്വദിച്ചെന്നു പറയാവുന്നത് എന്തുകൊണ്ട്?
32 “പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും” എന്നു തിരുവെഴുത്തുകൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:29) അങ്ങനെ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരെ തന്റെ മുമ്പാകെ നിൽക്കാൻ, അതായത് രാജസദസ്സിന്റെ ഭാഗമായിരിക്കാൻ നെബൂഖദ്നേസർ തിരഞ്ഞെടുത്തു. ദിവ്യ ഉദ്ദേശ്യത്തിന്റെ സുപ്രധാന വശങ്ങൾ ഈ യുവാക്കളിലൂടെ, പ്രത്യേകിച്ചും ദാനീയേലിലൂടെ, വെളിപ്പെടുത്താൻ തക്കവിധം യഹോവയുടെ കരങ്ങൾ കാര്യാദികൾ സമർഥമായി കൈകാര്യം ചെയ്യുന്നത് ഇവയിലെല്ലാം നമുക്കു കാണാൻ കഴിയും. നെബൂഖദ്നേസരിന്റെ രാജസദസ്സിന്റെ ഭാഗമായിരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നത് ഒരു ബഹുമതി ആയിരുന്നെങ്കിലും, അഖിലാണ്ഡ രാജാവായ യഹോവയാൽ അത്ര അതിശയകരമായ ഒരു വിധത്തിൽ ഉപയോഗിക്കപ്പെടുന്നതു വളരെ മഹത്തായ ഒരു ബഹുമതി ആയിരുന്നു.
33, 34. (എ) യുവ എബ്രായരിൽ രാജാവിനു മതിപ്പുളവായത് എന്തുകൊണ്ട്? (ബി) നാല് എബ്രായരുടെ അനുഭവത്തിൽനിന്നു നമുക്ക് എന്തു പാഠം ഉൾക്കൊള്ളാവുന്നതാണ്?
33 ആ നാല് എബ്രായ യുവാക്കൾക്കു യഹോവ കൊടുത്തിരുന്ന ജ്ഞാനവും ഉൾക്കാഴ്ചയും തന്റെ രാജസദസ്സിലുള്ള സകല ഉപദേഷ്ടാക്കന്മാരുടെയും വിദ്വാന്മാരുടെയും ജ്ഞാനത്തെക്കാൾ വളരെയേറെ ശ്രേഷ്ഠമായിരുന്നെന്ന് നെബൂഖദ്നേസർ ഉടൻതന്നെ തിരിച്ചറിഞ്ഞു. “രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതിൽ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.” (ദാനീയേൽ 1:20) അത് എങ്ങനെ മറിച്ചായിരിക്കാൻ കഴിയുമായിരുന്നു? കാരണം, “മന്ത്രവാദി”കളുടെയും “ആഭിചാരകന്മാ”രുടെയും ആശ്രയം “ബാബിലോണിലെ ഭൗതികവും അന്ധവിശ്വാസപരവുമായ വിദ്യാഭ്യാസത്തിലായിരുന്നു. അതേസമയം, ദാനീയേലും സുഹൃത്തുക്കളും ആകട്ടെ, ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിൽ ആശ്രയിച്ചു. അതുകൊണ്ട് ഒരു താരതമ്യപ്പെടുത്തലിന്റെയോ മത്സരത്തിന്റെയോ പ്രശ്നമേ ഉദിക്കുന്നില്ല!
34 യുഗങ്ങൾ കടന്നുപോയെങ്കിലും ഇക്കാര്യത്തിൽ മാറ്റമില്ല. ഗ്രീക്കു തത്ത്വചിന്തയും റോമൻ നിയമവ്യവസ്ഥയും ജനരഞ്ജകമായിരുന്ന പൊ.യു. ഒന്നാം നൂറ്റാണ്ടിൽ പിൻവരുന്ന പ്രകാരം എഴുതാൻ പൗലൊസ് അപ്പൊസ്തലൻ നിശ്വസ്തനാക്കപ്പെട്ടു: “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. ‘അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു’ എന്നും ‘കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു’ എന്നും എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ.” (1 കൊരിന്ത്യർ 3:19-21) ലോകത്തിന്റെ പകിട്ടും പ്രതാപവും കണ്ടു ചഞ്ചലപ്പെടാതെ യഹോവ നമ്മെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ നാമിന്നു മുറുകെ പിടിക്കേണ്ടതുണ്ട്.—1 യോഹന്നാൻ 2:15-17.
അവസാനത്തോളം വിശ്വസ്തർ
35. ദാനീയേലിന്റെ കൂട്ടാളികളെ കുറിച്ചു നമ്മോട് എത്രമാത്രം കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു?
35 നെബൂഖദ്നേസർ ദൂരാ സമഭൂമിയിൽ നിർത്തിയ സ്വർണ ബിംബത്തോടും തീച്ചൂളയിലെ പരിശോധനയോടും ഉള്ള ബന്ധത്തിൽ ദാനീയേൽ 3-ാം അധ്യായത്തിൽ ഹനന്യാവിന്റെയും മീശായേലിന്റെയും അസര്യാവിന്റെയും ശക്തമായ വിശ്വാസം വിസ്മയാവഹമാം വിധം ചിത്രീകരിച്ചിരിക്കുന്നു. ദൈവഭയം ഉണ്ടായിരുന്ന ആ എബ്രായർ തങ്ങളുടെ മരണംവരെ യഹോവയോടു വിശ്വസ്തരായി തുടർന്നു എന്നതിൽ തെല്ലും സംശയമില്ല. “വിശ്വാസത്താൽ. . . തീയുടെ ബലം കെടുത്ത”വരെ കുറിച്ച് എഴുതിയപ്പോൾ പൗലൊസ് അപ്പൊസ്തലൻ പരാമർശിച്ചത് നിസ്സംശയമായും അവരെ ആണെന്നുള്ള വസ്തുതയിൽനിന്നാണ് നാം അതു മനസ്സിലാക്കുന്നത്. (എബ്രായർ 11:33, 34) ചെറുപ്പക്കാരും പ്രായമുള്ളവരുമായ യഹോവയുടെ ദാസന്മാർക്ക് അവർ ഒരു മുന്തിയ ദൃഷ്ടാന്തമാണ്.
36.ദാനീയേലിന് ഏതു ശ്രദ്ധേയമായ ജീവിതവൃത്തി ഉണ്ടായിരുന്നു?
36 ദാനീയേലിനെ കുറിച്ച് ഒന്നാം അധ്യായത്തിന്റെ അവസാന വാക്യം ഇങ്ങനെ പറയുന്നു: “ദാനീയേലോ കോരെശ്രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.” പൊ.യു.മു. 539-ൽ ഒറ്റ രാത്രികൊണ്ടു കോരെശ് ബാബിലോനെ മറിച്ചിട്ടെന്നു ചരിത്രം വെളിപ്പെടുത്തുന്നു. തെളിവനുസരിച്ച്, തന്റെ ഖ്യാതിയും സ്ഥാനവും നിമിത്തം ദാനീയേൽ കോരെശിന്റെ രാജസദസ്സിൽ സേവനം തുടർന്നു. യഥാർഥത്തിൽ “പാർസിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ” യഹോവ ദാനീയേലിനു ശ്രദ്ധാർഹമായ ഒരു കാര്യം വെളിപ്പെടുത്തിയെന്നു ദാനീയേൽ 10:1 നമ്മോടു പറയുന്നു. പൊ.യു.മു. 617-ൽ ബാബിലോണിലേക്കു കൊണ്ടുവരപ്പെട്ടപ്പോൾ അവൻ ഒരു കൗമാര പ്രായക്കാരൻ ആയിരുന്നെങ്കിൽ, ആ അവസാന ദർശനം ലഭിച്ചപ്പോൾ അവന് ഏകദേശം 100 വയസ്സ് ഉണ്ടായിരുന്നിരിക്കണം. യഹോവയ്ക്കുള്ള വിശ്വസ്ത സേവനത്തിന്റെ എത്ര ദീർഘവും അനുഗൃഹീതവുമായ ഒരു ജീവിതവൃത്തി!
37. ദാനീയേൽ പുസ്തകം 1-ാം അധ്യായം പരിചിന്തിക്കുന്നതിൽനിന്നു നമുക്ക് എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?
37 നാലു വിശ്വസ്ത യുവാക്കൾ വിശ്വാസത്തിന്റെ പരിശോധനകളെ വിജയകരമായി നേരിട്ടതിന്റെ കഥ മാത്രമല്ല ദാനീയേൽ പുസ്തകത്തിന്റെ പ്രാരംഭ അധ്യായം പറയുന്നത്. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനായി താൻ ആഗ്രഹിക്കുന്ന ഏതൊരുവനെയും യഹോവയ്ക്ക് ഉപയോഗിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് അതു നമുക്കു കാണിച്ചു തരുന്നു. യഹോവ അനുവദിക്കുന്നെങ്കിൽ, ഒരു ദുരന്തം എന്നു തോന്നിയേക്കാവുന്ന കാര്യം പ്രയോജനകരമായ ഒരു ഉദ്ദേശ്യത്തിന് ഉപകരിക്കാവുന്നതാണെന്ന് ആ വിവരണം തെളിയിക്കുന്നു. മാത്രമല്ല, ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ പ്രതിഫലം കൈവരുത്തുന്നുവെന്നും അതു നമ്മോടു പറയുന്നു.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• ദാനീയേലിന്റെയും അവന്റെ മൂന്നു യുവ സുഹൃത്തുക്കളുടെയും പശ്ചാത്തലം സംബന്ധിച്ച് എന്തു പറയാവുന്നതാണ്?
• നാല് എബ്രായ യുവാക്കൾക്ക് ബാല്യകാലത്തു ലഭിച്ച ഉത്തമ പരിശീലനം ബാബിലോണിൽവെച്ചു പരിശോധിക്കപ്പെട്ടത് എങ്ങനെ?
• തങ്ങളുടെ ധീരമായ നിലപാടിന് ആ നാല് എബ്രായർക്കു യഹോവ പ്രതിഫലം നൽകിയത് എങ്ങനെ?
• യഹോവയുടെ ഇന്നത്തെ ദാസന്മാർക്കു ദാനീയേലിൽനിന്നും അവന്റെ മൂന്നു കൂട്ടാളികളിൽനിന്നും എന്തു പാഠങ്ങൾ പഠിക്കാവുന്നതാണ്?
[30-ാം പേജ് നിറയെയുള്ള ചിത്രം]