യഹോവ ആരാണ്?
ബൈബിളിന്റെ ഉത്തരം
ബൈബിൾ പറയുന്ന സത്യദൈവമാണ് യഹോവ, എല്ലാത്തിന്റെയും സ്രഷ്ടാവ്. (വെളിപാട് 4:11) പ്രവാചകന്മാരായ അബ്രാഹാമും മോശയും അതുപോലെ യേശുവും ആരാധിച്ച ദൈവം. (ഉൽപത്തി 24:27; പുറപ്പാട് 15:1, 2; യോഹന്നാൻ 20:17) ഏതെങ്കിലും ഒരുകൂട്ടം ആളുകളുടെ മാത്രമല്ല ‘ഭൂമിയിലുള്ള സകലരുടെയും’ ദൈവമാണ് യഹോവ.—സങ്കീർത്തനങ്ങൾ 47:2.
ബൈബിൾ വെളിപ്പെടുത്തിത്തരുന്ന, ദൈവത്തിന്റെ അനന്യമായ പേരാണ് അത്. (പുറപ്പാട് 3:15; സങ്കീർത്തനങ്ങൾ 83:18) “ആയിത്തീരുക” എന്ന് അർഥമുള്ള ഒരു എബ്രായക്രിയാപദത്തിൽനിന്നാണ് ആ പേര് വരുന്നത്. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്ന അർഥമാണ് ഇതിനുള്ളതെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നവനും എല്ലാത്തിന്റെയും സ്രഷ്ടാവും ആയതുകൊണ്ട് ഈ നിർവചനം യഹോവയ്ക്ക് എന്തുകൊണ്ടും ചേരുന്നതാണ്. (യശയ്യ 55:10, 11) യഹോവ എന്ന പേരിനു പിന്നിലെ വ്യക്തിയെക്കുറിച്ചും വിശേഷിച്ച് യഹോവയുടെ പ്രമുഖഗുണമായ സ്നേഹത്തെക്കുറിച്ചും മനസ്സിലാക്കാൻ ബൈബിൾ നമ്മളെ സഹായിക്കുന്നു.—പുറപ്പാട് 34:5-7; ലൂക്കോസ് 6:35; 1 യോഹന്നാൻ 4:8.
ദൈവത്തിന്റെ എബ്രായ ഭാഷയിലുള്ള പേരിന്റെ—ചതുരക്ഷരി എന്ന് അറിയപ്പെടുന്ന יהוה (യ്ഹ്വ്ഹ്) നാല് അക്ഷരങ്ങൾ ചേർന്നത്—ഇംഗ്ലീഷിലുള്ള പരിഭാഷയാണു ജെഹോവ എന്ന പേര്. പുരാതന എബ്രായ ഭാഷയിലുള്ള ദിവ്യനാമത്തിന്റെ കൃത്യമായ ഉച്ചാരണം അറിയില്ല. എന്നാൽ, ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തിൽ വളരെക്കാലമായി നിലനിൽക്കുന്ന ഒരു രൂപമാണു “ജെഹോവ.” വില്യം ടിൻഡെയ്ലിന്റെ ബൈബിൾ ഭാഷാന്തരത്തിലാണ് (1530-ൽ പുറത്തിറങ്ങിയത്) ഇത് ആദ്യമായി ഈ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.a
എബ്രായ ഭാഷയിലുള്ള ദൈവനാമത്തിന്റെ ഉച്ചാരണം അറിയാത്തത് എന്തുകൊണ്ട്?
പുരാതന എബ്രായ ഭാഷ എഴുതിയിരുന്നതു സ്വരാക്ഷരങ്ങൾ കൂടാതെ വ്യഞ്ജനങ്ങൾ മാത്രം ഉപയോഗിച്ചായിരുന്നു. ഒരു എബ്രായഭാഷക്കാരൻ വ്യഞ്ജനങ്ങൾക്ക് ഉചിതമായ സ്വരങ്ങൾ ചേർത്ത് വായിക്കുകയായിരുന്നു പതിവ്. എന്നാൽ, എബ്രായ തിരുവെഴുത്തുകൾ (പഴയനിയമം) പൂർത്തിയായ ശേഷം ചില യഹൂദന്മാർ അന്ധവിശ്വാസത്തിന്റെ പേരിൽ, ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉച്ചരിക്കുന്നത് ഒരു തെറ്റായി കാണാൻതുടങ്ങി. ഒരു തിരുവെഴുത്തു വായിക്കുമ്പോൾ അവർ ദൈവനാമത്തിനു പകരമായി, “കർത്താവ്” എന്നോ “ദൈവം” എന്നോ ഉള്ള പദങ്ങൾ ഉപയോഗിച്ചു. നൂറ്റാണ്ടുകൾ കടന്നുപോകവെ, ഈ അന്ധവിശ്വാസം പരക്കുകയും പുരാതന ഉച്ചാരണം നഷ്ടമാകുകയും ചെയ്തു.b
ദിവ്യനാമത്തിന്റെ ഉച്ചാരണം “യാഹ്വെ” എന്നു ചിലർ വിചാരിക്കുമ്പോൾ വേറെ ചിലർ മറ്റു സാധ്യതകൾ മുന്നോട്ടു വെക്കുന്നു. ഗ്രീക്ക് ഭാഷയിലുള്ള ലേവ്യപുസ്തകത്തിന്റെ ചാവുകടൽച്ചുരുളുകളിൽ ദിവ്യനാമം Iao (യാവൊ) എന്നു ലിപ്യന്തരണം ചെയ്തിരിക്കുന്നു. ആദ്യകാല ഗ്രീക്ക് എഴുത്തുകാർ Iae (യായെ), I·a·beʹ (യാബീ), I·a·ou·eʹ (യാവൂവെ) എന്നീ ഉച്ചാരണങ്ങൾ നിർദേശിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പുരാതന എബ്രായയിലെ കൃത്യമായ ഉച്ചാരണമാണെന്നു പറയാനാകില്ല.c
ബൈബിളിലെ ദൈവനാമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: “യഹോവ” എന്ന പദം ഉള്ള പരിഭാഷകളിൽ ആ പേര് കൂട്ടിച്ചേർത്തതാണ്.
വസ്തുത: ദൈവനാമത്തിനുള്ള എബ്രായപദം ചതുരക്ഷരിരൂപത്തിൽ 7,000-ത്തോളം പ്രാവശ്യം ബൈബിളിലുണ്ട്.d എന്നാൽ, മിക്ക പരിഭാഷകരും ദൈവനാമം മനഃപൂർവം നീക്കംചെയ്യുകയും പകരം “കർത്താവ്” എന്നതുപോലുള്ള പദവിനാമങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു.
തെറ്റിദ്ധാരണ: സർവശക്തനായ ദൈവത്തിനു പ്രത്യേകിച്ച് ഒരു പേര് ആവശ്യമില്ല.
വസ്തുത: തന്റെ പേര് ആയിരക്കണക്കിനു പ്രാവശ്യം ഉപയോഗിക്കാൻ ദൈവംതന്നെ ബൈബിളിന്റെ എഴുത്തുകാരെ നിശ്വസ്തരാക്കുകയും ആരാധനയിൽ ആ പേര് ഉപയോഗിക്കാൻ നിർദേശിക്കുകയും ചെയ്തു. (യശയ്യ 42:8; യോവേൽ 2:32; മലാഖി 3:16; റോമർ 10:13) വാസ്തവത്തിൽ, ആളുകൾ ദൈവനാമം മറക്കണമെന്ന ഉദ്ദേശ്യത്തിൽ പ്രവർത്തിച്ച വ്യാജപ്രവാചകന്മാരെ ദൈവം കുറ്റം വിധിക്കുകയാണു ചെയ്തത്.—യിരെമ്യ 23:27.
തെറ്റിദ്ധാരണ: യഹൂദന്മാരുടെ പാരമ്പര്യമനുസരിച്ച്, ദൈവത്തിന്റെ പേര് ബൈബിളിൽനിന്ന് നീക്കുകതന്നെ വേണം.
വസ്തുത: ചില യഹൂദശാസ്ത്രിമാർ ദൈവനാമം ഉച്ചരിക്കാൻ വിസമ്മതിച്ചു എന്നുള്ളതു ശരിതന്നെ. എന്നാൽ, അവരുടെ ബൈബിൾപ്രതികളിൽനിന്ന് അവർ ആ പേര് നീക്കിക്കളഞ്ഞിരുന്നില്ല. എന്തായിരുന്നാലും, തന്റെ കല്പനകളിൽനിന്ന് വ്യതിചലിക്കുന്ന മാനുഷികപാരമ്പര്യങ്ങളൊന്നും നമ്മൾ പിൻപറ്റാൻ ദൈവം പ്രതീക്ഷിക്കുന്നില്ല.—മത്തായി 15:1-3.
തെറ്റിദ്ധാരണ: എബ്രായഭാഷയിൽ ദൈവനാമം കൃത്യമായി എങ്ങനെ ഉച്ചരിക്കുമെന്ന് അറിയില്ലാത്തതിനാൽ ആ നാമം ബൈബിളിൽ ഉപയോഗിക്കേണ്ടതില്ല.
വസ്തുത: ഈ വാദഗതി അനുസരിച്ചാണെങ്കിൽ വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവർ ദൈവനാമം ഒരേപോലെ ഉച്ചരിക്കണമെന്നു ദൈവം പ്രതീക്ഷിക്കുന്നു എന്നു വരും. എന്നാൽ, വിവിധഭാഷകൾ സംസാരിച്ചിരുന്ന ദൈവത്തിന്റെ മുൻകാല ആരാധകർ പേരുകൾ പലതും ഒരേ രീതിയിലല്ല ഉച്ചരിച്ചിരുന്നത്.
ഉദാഹരണത്തിന്, ഇസ്രായേല്യ ന്യായാധിപനായിരുന്ന യോശുവയുടെ കാര്യമെടുക്കാം. യോശുവ എന്ന പേര് ഒന്നാം നൂറ്റാണ്ടിൽ, എബ്രായഭാഷ സംസാരിച്ചിരുന്ന ക്രിസ്ത്യാനികൾ യെഹോശുവ (Yehoh·shuʹaʽ) എന്നും, ഗ്രീക്ക് സംസാരിച്ചിരുന്ന ക്രിസ്ത്യാനികൾ യീസോസ് (I·e·sousʹ) എന്നും ആയിരിക്കാം ഉച്ചരിച്ചിരുന്നത്. ബൈബിളിൽ യോശുവയുടെ എബ്രായ പേരിന്റെ ഗ്രീക്ക് പരിഭാഷയായ യീസോസ് ഉപയോഗിച്ചെന്ന വസ്തുത കാണിക്കുന്നതു ക്രിസ്ത്യാനികൾ ആളുകളുടെ പേരുകൾ തങ്ങളുടെ ഭാഷയ്ക്ക് ഇണങ്ങുന്ന വിധത്തിൽ ഉപയോഗിക്കുന്ന രീതി സ്വീകരിച്ചെന്നാണ്.—പ്രവൃത്തികൾ 7:45; എബ്രായർ 4:8.
ഇതേ തത്ത്വം ദിവ്യനാമത്തിന്റെ പരിഭാഷയിലും സ്വീകരിക്കാവുന്നതാണ്. ആ പേരിന്റെ ശരിയായ ഉച്ചാരണത്തിനുവേണ്ടി ശഠിക്കുന്നതിനെക്കാൾ ഏറെ പ്രധാനം ബൈബിളിൽ ദൈവനാമം വരുന്ന ഇടങ്ങളിലെല്ലാം അതു കൃത്യമായി ചേർക്കുക എന്നതാണ്.
a ടിൻഡെയ്ലിന്റെ പരിഭാഷയിൽ ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളിൽ “യെഹൗവാ” (Iehouah) എന്ന രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. കാലാന്തരത്തിൽ, ഇംഗ്ലീഷ് ഭാഷയ്ക്കു മാറ്റം വന്നപ്പോൾ ദിവ്യനാമം എഴുതുന്ന രീതിയും പരിഷ്കരിക്കപ്പെട്ടു. ഉദാഹരണത്തിന്, 1612-ൽ ഹെൻട്രി എയ്ൻസ്വർത്ത് സങ്കീർത്തനപ്പുസ്തകത്തിന്റെ പരിഭാഷയിലുടനീളം “യെഹോവ” (Iehovah) എന്ന് ഉപയോഗിച്ചു. എന്നാൽ, 1639-ലെ പരിഷ്കരിച്ച പതിപ്പിൽ അദ്ദേഹം “ജെഹോവ” (Jehovah) എന്ന രൂപമാണ് ഉപയോഗിച്ചത്. അതുപോലെ, 1901-ൽ പ്രസിദ്ധീകരിച്ച അമേരിക്കൻ പ്രമാണ ഭാഷാന്തരത്തിന്റെ പരിഭാഷകരും എബ്രായപാഠത്തിൽ ദൈവനാമം ഉള്ളിടത്തെല്ലാം “ജെഹോവ” (Jehovah) എന്ന രൂപമാണ് ഉപയോഗിച്ചത്.
b പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്), രണ്ടാം പതിപ്പ്, 14-ാം വാല്യം, 883-884 പേജുകളിൽ ഇങ്ങനെ പറയുന്നു: “പ്രവാസത്തിനു ശേഷമുള്ള കാലഘട്ടത്തിൽ എപ്പോഴോ യാഹ്വെ എന്ന പേര് പ്രത്യേക ആദരവോടെ കാണാൻതുടങ്ങി. അതോടെ ദൈവനാമത്തിന്റെ സ്ഥാനത്ത് അഡോനായി എന്നോ എലോഹിം എന്നോ പകരം വെക്കുന്ന രീതിയും നിലവിൽ വന്നു.”
c കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദൈവവചനത്തിന് ഒരു പഠനസഹായി എന്ന ചെറുപുസ്തകം അധ്യായം 1 കാണുക.
d പഴയനിയമത്തിന്റെ ദൈവശാസ്ത്രനിഘണ്ടു (ഇംഗ്ലീഷ്) വാല്യം 2, പേജ് 523-524 കാണുക.