എ5
ദൈവനാമം ഗ്രീക്കുതിരുവെഴുത്തുകളിൽ
പഴയ നിയമം എന്ന് അറിയപ്പെടുന്ന എബ്രായതിരുവെഴുത്തുകളുടെ മൂലപാഠത്തിൽ ദൈവത്തിന്റെ പേര് ഏതാണ്ട് 7,000 പ്രാവശ്യം ചതുരക്ഷരി (יהוה) ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നു ബൈബിൾപണ്ഡിതന്മാർ അംഗീകരിക്കുന്നു. എന്നാൽ ഗ്രീക്കുതിരുവെഴുത്തുകളുടെ മൂലപാഠത്തിൽ ദൈവനാമമില്ലെന്നാണു പലരും കരുതുന്നത്. ഇക്കാരണംകൊണ്ട്, പുതിയ നിയമം എന്ന് അറിയപ്പെടുന്ന ഈ തിരുവെഴുത്തുഭാഗം പരിഭാഷ ചെയ്യുമ്പോൾ മിക്ക ആധുനികബൈബിളുകളും യഹോവ എന്ന പേര് ഉപയോഗിക്കുന്നില്ല. ചതുരക്ഷരി കാണുന്ന എബ്രായതിരുവെഴുത്തുകളിലെ ഉദ്ധരണികൾ പരിഭാഷപ്പെടുത്തുമ്പോൾപ്പോലും മിക്ക വിവർത്തകരും ദൈവത്തിന്റെ പേരിനു പകരം “കർത്താവ്” എന്ന് എഴുതുകയാണു പതിവ്.
എന്നാൽ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ഈ രീതി പിൻപറ്റുന്നില്ല. പകരം അതിൽ യഹോവ എന്ന പേര് ഗ്രീക്കുതിരുവെഴുത്തുകളിൽ മൊത്തം 237 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അതിന്റെ വിവർത്തകർ ഇപ്രകാരം ചെയ്യാൻ തീരുമാനിച്ചതു രണ്ടു പ്രധാന വസ്തുതകൾ പരിഗണിച്ചിട്ടാണ്: (1) ഇന്നു നമ്മുടെ കൈവശമുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികൾ മൂലപാഠങ്ങളല്ല. ഇപ്പോൾ നിലവിലുള്ള ആയിരക്കണക്കിനു പകർപ്പുകളിൽ മിക്കതും മൂലപാഠങ്ങൾ രചിക്കപ്പെട്ടതിനു ശേഷം രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞുള്ളവയാണ്. (2) ആ സമയമായപ്പോഴേക്കും, കൈയെഴുത്തുപ്രതികൾ പകർത്തിയവർ ചതുരക്ഷരിയുടെ സ്ഥാനത്ത് “കർത്താവ്” എന്നതിന്റെ ഗ്രീക്കുപദമായ കിരിയോസ് എന്ന പദം ഉപയോഗിക്കുകയോ ചതുരക്ഷരി നീക്കം ചെയ്ത കൈയെഴുത്തുപ്രതികളിൽനിന്ന് പകർപ്പുകളെടുക്കുകയോ ആണ് ചെയ്തിരുന്നത്.
മൂലഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ചതുരക്ഷരിയുണ്ടായിരുന്നെന്നു പുതിയ ലോക ബൈബിൾ ഭാഷാന്തരക്കമ്മിറ്റി തീർച്ചപ്പെടുത്തിയതു ശക്തമായ ചില തെളിവുകളുടെ പിൻബലത്തിലാണ്. പിൻവരുന്നവയാണ് ആ തെളിവുകൾ:
യേശുവിന്റെയും അപ്പോസ്തലന്മാരുടെയും കാലത്ത് ഉപയോഗിച്ചിരുന്ന എബ്രായതിരുവെഴുത്തുകളുടെ പകർപ്പുകളിലുടനീളം ചതുരക്ഷരിയുണ്ടായിരുന്നു. ഇതു സത്യമല്ലെന്നു കഴിഞ്ഞ കാലങ്ങളിൽ ചില ആളുകൾ വാദിച്ചിരുന്നു. എന്നാൽ ഖുംറാനിൽനിന്ന് എബ്രായതിരുവെഴുത്തുകളുടെ ഒന്നാം നൂറ്റാണ്ടിലെ പകർപ്പുകൾ കിട്ടിയതോടെ ഈ വസ്തുത സംശയാതീതമായി തെളിഞ്ഞു.
യേശുവിന്റെയും അപ്പോസ്തലന്മാരുടെയും കാലത്ത് എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്കുപരിഭാഷകളിൽ ചതുരക്ഷരിയുണ്ടായിരുന്നു. എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്കുപരിഭാഷയായ സെപ്റ്റുവജിന്റിന്റെ കൈയെഴുത്തുപ്രതികളിൽ ചതുരക്ഷരിയില്ലായിരുന്നെന്നാണു നൂറ്റാണ്ടുകളോളം പണ്ഡിതന്മാർ കരുതിപ്പോന്നത്. അങ്ങനെയിരിക്കെ 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, യേശുവിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റുവജിന്റ് ഭാഷാന്തരത്തിന്റെ വളരെ പഴക്കംചെന്ന ശകലങ്ങൾ പണ്ഡിതന്മാരുടെ ശ്രദ്ധയിൽപ്പെട്ടു. ആ ശകലങ്ങളിൽ എബ്രായലിപികളിൽ എഴുതിയ ദൈവനാമമുണ്ടായിരുന്നു! യേശുവിന്റെ കാലത്ത് എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്കുപരിഭാഷകളിൽ ദൈവനാമമുണ്ടായിരുന്നെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. പക്ഷേ നാലാം നൂറ്റാണ്ടായപ്പോഴേക്കും ഗ്രീക്ക് സെപ്റ്റുവജിന്റിന്റെ മുഖ്യകൈയെഴുത്തുപ്രതികളായ കോഡക്സ് വത്തിക്കാനസും കോഡക്സ് സൈനാറ്റിക്കസും പോലുള്ള പകർപ്പുകളിലെ ഉൽപത്തിമുതൽ മലാഖിവരെയുള്ള പുസ്തകങ്ങളിൽ ദൈവനാമമില്ലാതായി. (അതിനു മുമ്പുള്ള പകർപ്പുകളിൽ ദൈവനാമമുണ്ടായിരുന്നുതാനും.) അതുകൊണ്ടുതന്നെ ഈ കാലയളവുമുതലുള്ള ഗ്രീക്കുതിരുവെഴുത്തുകളുടെ (പുതിയ നിയമം എന്ന് അറിയപ്പെടുന്നു.) കൈയെഴുത്തുപ്രതികളിലും ദൈവനാമമില്ലാത്തതിൽ അതിശയിക്കാനില്ല.
യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു.” കൂടാതെ താൻ ചെയ്ത പ്രവൃത്തികൾ “പിതാവിന്റെ നാമത്തിൽ” ചെയ്തവയാണെന്നും യേശു ഊന്നിപ്പറഞ്ഞു
യേശു ദൈവനാമം കൂടെക്കൂടെ പരാമർശിക്കുകയും അതു മറ്റുള്ളവരെ അറിയിക്കുകയും ചെയ്തിരുന്നെന്നു ഗ്രീക്കുതിരുവെഴുത്തുകൾതന്നെ പറയുന്നു. (യോഹന്നാൻ 17:6, 11, 12, 26) യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു.” കൂടാതെ താൻ ചെയ്ത പ്രവൃത്തികൾ “പിതാവിന്റെ നാമത്തിൽ” ചെയ്തവയാണെന്നും യേശു ഊന്നിപ്പറഞ്ഞു.—യോഹന്നാൻ 5:43; 10:25.
വിശുദ്ധ എബ്രായതിരുവെഴുത്തുകളുടെ തുടർച്ചയായി ദൈവപ്രചോദിതമായി എഴുതിയതാണു ഗ്രീക്കുതിരുവെഴുത്തുകളും. അതുകൊണ്ട് ഗ്രീക്കുപാഠങ്ങളിൽ യഹോവയുടെ നാമം പെട്ടെന്ന് അപ്രത്യക്ഷമാകുന്നതിൽ പൊരുത്തക്കേടു തോന്നുന്നു. ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തോട് അടുത്ത് ശിഷ്യനായ യാക്കോബ് യരുശലേമിലെ മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞു: “ജനതകളിൽപ്പെട്ടവരിൽനിന്ന് തന്റെ പേരിനായി ഒരു ജനത്തെ എടുക്കാൻ ദൈവം ആദ്യമായി അവരിലേക്കു ശ്രദ്ധതിരിച്ചതിനെക്കുറിച്ച് ശിമ്യോൻ നന്നായി വിവരിച്ചല്ലോ.” (പ്രവൃത്തികൾ 15:14) ഒന്നാം നൂറ്റാണ്ടിൽ ആരും ദൈവനാമം അറിയുകയോ ഉപയോഗിക്കുകയോ ചെയ്തില്ലായിരുന്നെങ്കിൽ യാക്കോബിന്റെ ഈ പ്രസ്താവന തികച്ചും യുക്തിരഹിതമാകുമായിരുന്നു.
ഗ്രീക്കുതിരുവെഴുത്തുകളിൽ ദൈവനാമം ചുരുക്കരൂപത്തിൽ കാണുന്നു. വെളിപാട് 19:1, 3, 4, 6 എന്നീ വാക്യങ്ങളിൽ “ഹല്ലേലൂയ” എന്ന വാക്കിൽ ദൈവനാമം ഉൾച്ചേർന്നിരിക്കുന്നു. “യാഹിനെ സ്തുതിപ്പിൻ” എന്ന് അർഥമുള്ള ഒരു എബ്രായപ്രയോഗത്തിൽനിന്നാണ് ഇതു വന്നത്. “യാഹ്” എന്നത് യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്. ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന നിരവധി പേരുകൾ ദൈവനാമത്തിൽനിന്ന് വന്നതാണ്. വാസ്തവത്തിൽ യേശു എന്ന പേരിന്റെ അർഥം “യഹോവ രക്ഷയാണ്” എന്നാണെന്നു പരാമർശകൃതികൾ വ്യക്തമാക്കുന്നു.
ജൂതക്രിസ്ത്യാനികൾ അവരുടെ ലിഖിതങ്ങളിൽ ദൈവനാമം ഉപയോഗിച്ചിരുന്നെന്ന് ആദ്യകാലത്തെ ജൂതകൃതികൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ശബത്തിൽ ക്രിസ്തീയലിഖിതങ്ങൾ കത്തിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വാചാനിയമങ്ങളുടെ ശേഖരമായ ടോസെഫ്റ്റാ (ഏകദേശം എ.ഡി. 300-ൽ എഴുത്തു പൂർത്തിയായത്.) പറയുന്നു: “സുവിശേഷകരുടെയും മിനിമുകളുടെയും (ജൂതക്രിസ്ത്യാനികളെന്നു കരുതപ്പെടുന്നു.) പുസ്തകങ്ങൾ അവർ തീയിൽനിന്ന് എടുത്തുമാറ്റാറില്ല. അവയിൽ ദൈവനാമം രേഖപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ എല്ലാം അവിടെക്കിടന്ന് എരിഞ്ഞുതീരാൻ വിടുന്നു.” ഇതേ ഉറവിടം എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ഗലീലക്കാരനായ യോസേ റബ്ബിയുടെ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. ശബത്തിലല്ലാതെ മറ്റ് ഏതെങ്കിലും ദിവസമാണു കത്തിക്കുന്നതെങ്കിൽ “അതിൽനിന്ന് (ക്രിസ്തീയലിഖിതങ്ങളായിരിക്കാം.) ദൈവനാമമുള്ള ഭാഗങ്ങൾ വെട്ടിയെടുത്ത് സൂക്ഷിക്കുന്നു, എന്നിട്ട് ബാക്കിയുള്ളവ കത്തിക്കുന്നു.”
ഗ്രീക്കുതിരുവെഴുത്തുകളിൽ കാണുന്ന എബ്രായതിരുവെഴുത്തുദ്ധരണികളിൽ ദൈവനാമം ഉണ്ടായിരുന്നിരിക്കാം എന്നു ചില ബൈബിൾപണ്ഡിതന്മാർ അംഗീകരിക്കുന്നു. “ചതുരക്ഷരി പുതിയ നിയമത്തിൽ” എന്ന ശീർഷകത്തിൻകീഴിൽ ഒരു ബൈബിൾനിഘണ്ടു (The Anchor Bible Dictionary) ഇങ്ങനെ പറയുന്നു: “പുതിയ നിയമം ആദ്യം എഴുതിയപ്പോൾ പഴയ നിയമത്തിൽനിന്ന് ഉദ്ധരിച്ചിരിക്കുന്ന ചിലയിടങ്ങളിൽ അല്ലെങ്കിൽ എല്ലായിടത്തുംതന്നെ യാഹ്വെ എന്ന ദൈവനാമത്തിന്റെ ചതുരക്ഷരി ഉണ്ടായിരുന്നെന്നു തെളിവുകൾ സൂചിപ്പിക്കുന്നു.” പണ്ഡിതനായ ജോർജ് ഹൊവാർഡ് പറയുന്നു: “ആദിമസഭ ഉപയോഗിച്ചിരുന്ന ഗ്രീക്കുബൈബിളിന്റെ (സെപ്റ്റുവജിന്റ്) കോപ്പികളിൽ ചതുരക്ഷരി ഉണ്ടായിരുന്നതിനാൽ പുതിയ നിയമ എഴുത്തുകാർ തിരുവെഴുത്തുകൾ ഉദ്ധരിച്ചപ്പോൾ ബൈബിൾപാഠത്തിൽ ചതുരക്ഷരി നിലനിറുത്തിയെന്നു വിശ്വസിക്കുന്നതു ന്യായമാണ്.”
സുസമ്മതരായ ബൈബിൾവിവർത്തകർ ഗ്രീക്കുതിരുവെഴുത്തുകളിൽ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. ഈ വിവർത്തകരിൽ ചിലർ പുതിയ ലോക ഭാഷാന്തരം (ഇംഗ്ലീഷ്) പുറത്തിറങ്ങുന്നതിനു വളരെ മുമ്പുതന്നെയാണ് അപ്രകാരം ചെയ്തിട്ടുള്ളത്. ആ വിവർത്തനങ്ങളുടെയും വിവർത്തകരുടെയും പേരുകൾ താഴെ കൊടുത്തിരിക്കുന്നു: പുതിയ നിയമത്തിന് ഒരു പദാനുപദ പരിഭാഷ ... വത്തിക്കാൻ കൈയെഴുത്തുപ്രതി ആധാരമാക്കിയുള്ളത് (ഇംഗ്ലീഷ്), ഹെർമൻ ഹെയ്ൻഫെറ്റർ (1863); ദി എംഫാറ്റിക് ഡയഗ്ലട്ട്, ബഞ്ചമിൻ വിൽസൺ (1864); ആധുനിക ഇംഗ്ലീഷിലുള്ള പൗലോസിന്റെ ലേഖനങ്ങൾ (ഇംഗ്ലീഷ്), ജോർജ് ബാർക്കർ സ്റ്റീവൻസ് (1898); വിശുദ്ധ പൗലോസിന്റെ റോമർക്കുള്ള ലേഖനം (ഇംഗ്ലീഷ്), ഡബ്ല്യൂ. ജി. റഥർഫോർഡ് (1900); പുതിയ നിയമ ലേഖനങ്ങൾ (ഇംഗ്ലീഷ്), ലണ്ടനിലെ ബിഷപ്പായിരുന്ന ജെ. ഡബ്ല്യൂ. സി. വാൻഡ് (1946). കൂടാതെ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുള്ള ഒരു സ്പാനിഷ് പരിഭാഷയിൽ വിവർത്തകനായ പാബ്ലോ ബസൻ, ലൂക്കോസ് 2:15-ലും യൂദ 14-ലും യഹോവ (“Jehová”) എന്ന് ഉപയോഗിച്ചു. മാത്രമല്ല പാഠഭാഗത്ത് വരേണ്ടതു ദൈവനാമമായിരുന്നെന്ന് അദ്ദേഹത്തിന്റെ വിവർത്തനത്തിൽ കാണുന്ന അടിക്കുറിപ്പുകളിൽ 100-ലധികം തവണ വ്യക്തമാക്കുന്നുണ്ട്. ഈ ഭാഷാന്തരങ്ങൾക്കെല്ലാം വളരെ മുമ്പേ, അതായത് 16-ാം നൂറ്റാണ്ടുമുതൽതന്നെ, ഗ്രീക്കുതിരുവെഴുത്തുകളുടെ എബ്രായവിവർത്തനങ്ങളിൽ പലയിടങ്ങളിലും ചതുരക്ഷരി ഉപയോഗിച്ചുപോന്നിട്ടുണ്ട്. ജർമൻ ഭാഷയിൽ മാത്രം ഏറ്റവും കുറഞ്ഞത് 11 ഭാഷാന്തരങ്ങളെങ്കിലും യഹോവ എന്ന് (അല്ലെങ്കിൽ എബ്രായയിലെ “യാഹ്വെ” എന്നതിന്റെ ലിപ്യന്തരണം) ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. നാലു ഭാഷാന്തരങ്ങൾ “കർത്താവ്” എന്നു പരിഭാഷപ്പെടുത്തിയശേഷം വലയങ്ങളിൽ ദൈവനാമം ചേർത്തിരിക്കുന്നു. 70-ലേറെ ജർമൻ ഭാഷാന്തരങ്ങൾ അടിക്കുറിപ്പുകളിലോ കുറിപ്പുകളിലോ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്.
ബൈബിളിന്റെ നൂറിലേറെ ഭാഷകളിലുള്ള വിവർത്തനങ്ങൾ ഗ്രീക്കുതിരുവെഴുത്തുകളിൽ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. പല ആഫ്രിക്കൻ, ഏഷ്യൻ, യൂറോപ്യൻ ഭാഷകളിലും അമേരിക്കൻ നാട്ടുഭാഷകളിലും പസിഫിക് ദ്വീപിലെ ഭാഷകളിലും ഉള്ള ബൈബിളുകളിൽ ദൈവനാമം യഥേഷ്ടം ഉപയോഗിച്ചിരിക്കുന്നു. ഈ ഭാഷാന്തരങ്ങളുടെയെല്ലാം വിവർത്തകർ ദൈവനാമം ഉപയോഗിക്കാൻ തീരുമാനിച്ചതു നമ്മൾ ഇതുവരെ കണ്ടതുപോലുള്ള കാരണങ്ങളാലാണ്. ഈ ഭാഷകളിൽ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില പരിഭാഷകളിലും ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് റോട്ടുമൻ ബൈബിൾ (1999) 48 വാക്യങ്ങളിലായി യഹോവ (“Jihova”) എന്ന് 51 പ്രാവശ്യവും ഇന്തൊനീഷ്യയിലെ ബടക് (റ്റോബ) ഭാഷാന്തരത്തിലുള്ള ബൈബിളിൽ (1989) യഹോവ (“Jahowa”) എന്ന് 110 പ്രാവശ്യവും ഉപയോഗിച്ചിരിക്കുന്നു.
ഒരു സംശയവുമില്ല, ഗ്രീക്കുതിരുവെഴുത്തുകളിൽ യഹോവ എന്ന ദൈവനാമം പുനഃസ്ഥാപിക്കാൻ ശക്തമായ അടിസ്ഥാനമുണ്ട്. പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ വിവർത്തകർ അതുതന്നെയാണു ചെയ്തിരിക്കുന്നത്. അവർക്കു ദൈവനാമത്തോട് ആഴമായ ആദരവുണ്ട്; മൂലപാഠത്തിലുള്ള എന്തെങ്കിലും നീക്കം ചെയ്യാൻ അവർക്കു ഭയമാണ്.—വെളിപാട് 22:18, 19.