3 വ്യായാമം പതിവാക്കുക
“വ്യായാമം ഗുളികരൂപത്തിൽ വാങ്ങാൻ കിട്ടുമെങ്കിൽ ഡോക്ടർമാർ ഏറ്റവുമധികം കുറിച്ചുകൊടുക്കുന്ന ഒരു ഔഷധമായിരിക്കും അത്.” (എമറി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ) ആരോഗ്യപരിപാലനത്തിന് വ്യായാമത്തോളം ഫലപ്രദമായ ഒരു ചികിത്സാവിധി ഇല്ലെന്നുതന്നെ പറയാം.
കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുക. ശരീരം അനങ്ങി ജോലിചെയ്യുന്നതിന്റെയും വ്യായാമം ചെയ്യുന്നതിന്റെയും പ്രയോജനങ്ങൾ പലതാണ്. അത് മനസ്സിനു സന്തോഷം പകരും, നേരാംവണ്ണം ചിന്തിക്കാൻ സഹായിക്കും, ഊർജസ്വലത നൽകും, കാര്യക്ഷമത വർധിപ്പിക്കും. ഇനി, വ്യായാമത്തോടൊപ്പം ഭക്ഷണനിയന്ത്രണം കൂടെയുണ്ടെങ്കിൽ തൂക്കം വർധിക്കാതെ നോക്കാം. കടുത്ത വ്യായാമമുറകൾ ആവശ്യമില്ല. ചിട്ടയോടെ ആഴ്ചയിൽ പലതവണ വ്യായാമം ചെയ്താൽ നല്ല ആരോഗ്യം ഉറപ്പാക്കാം.
ജോഗിങ്, നടത്തം, സൈക്ലിങ്, സ്പോർട്സ് തുടങ്ങിയവ പ്രതിരോധശേഷി വർധിപ്പിക്കും, ഹൃദയാഘാതവും മസ്തിഷ്കാഘാതവും തടയും. വിയർക്കുന്നതുവരെ വ്യായാമം ചെയ്യുന്നതാണ് ഗുണകരം. ഇത്തരം എയ്റോബിക് വ്യായാമങ്ങളോടൊപ്പം എല്ലുകളെയും പേശികളെയും ബലപ്പെടുത്തുന്ന മറ്റു ലഘുവ്യായാമങ്ങളും ചെയ്യാം. ഈ വ്യായാമമുറകൾ ഉപാപചയ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനാൽ ശരീരത്തിന്റെ തൂക്കം നിയന്ത്രിച്ചുനിറുത്താൻ സഹായകമാണ്.
വ്യായാമം ആസ്വാദ്യമാക്കാം
കഴിയുന്നതും നടക്കാൻ നോക്കുക. ഏതു പ്രായക്കാർക്കും വ്യായാമം ഗുണംചെയ്യും. ജിംനേഷ്യത്തിൽ പോയാലേ വ്യായാമം ചെയ്യാനാകൂ എന്നില്ല. നടന്നു പോകാവുന്നിടത്തൊക്കെ നടന്നുതന്നെ പോകുക. ആരോഗ്യത്തിനു ഗുണകരമാണെന്നു മാത്രമല്ല, ചിലപ്പോൾ ഉദ്ദേശിച്ചതിലും നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്താനും അതായിരിക്കും നല്ലത്. അതുപോലെ, ലിഫ്റ്റിനുപകരം ഗോവണി ഉപയോഗിക്കുക. വീടിനു വെളിയിൽ ഓടിച്ചാടി കളിക്കാൻ മാതാപിതാക്കൾ കുട്ടികളെ അനുവദിക്കണം. അത് അവരുടെ പേശീബലം വർധിപ്പിക്കും. ശരീരഭാഗങ്ങളുടെ ഏകോപനം സാധ്യമാക്കുന്നതിലും അതിനു വലിയൊരു പങ്കുണ്ട്. വീഡിയോ ഗെയിംപോലെ എവിടെയെങ്കിലും ചടഞ്ഞിരുന്നുള്ള കളികളിലൂടെ ഈ പ്രയോജനങ്ങൾ ലഭിക്കുകയില്ല.
വ്യായാമത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് ഓർക്കുക. മിതമായ വ്യായാമം വലിയ പ്രയോജനം ചെയ്യും. പ്രായമായവരും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും വ്യായാമം തുടങ്ങാൻ തീരുമാനിക്കുന്നതിനുമുമ്പ് ഡോക്ടറോടു സംസാരിക്കണം. പക്ഷേ വ്യായാമം വേണ്ടെന്നുവെക്കരുത്. കുറേശ്ശെയായിട്ടാണ് വ്യായാമം ചെയ്തുതുടങ്ങേണ്ടത്. അത് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. അങ്ങനെയായാൽ എത്ര പ്രായമായവർക്കും പേശീബലവും അസ്ഥിബലവും കാത്തുസൂക്ഷിക്കാനാകും. അതാകട്ടെ, വീഴ്ചകൾ ഒഴിവാക്കാൻ സഹായിക്കും.
ആദ്യലേഖനത്തിൽ പരിചയപ്പെട്ട റുസ്റ്റത്തെ സഹായിച്ചത് വ്യായാമമാണ്. ഏഴുവർഷംമുമ്പ് അദ്ദേഹവും ഭാര്യയും രാവിലെ ചെറിയ തോതിൽ ജോഗിങ് ചെയ്യാൻ തുടങ്ങി, ആഴ്ചയിൽ അഞ്ചുദിവസം. “ആദ്യമൊക്കെ ഓരോരോ കാരണങ്ങൾ കണ്ടെത്തി പോകാതിരിക്കാൻ നോക്കുമായിരുന്നു.” റുസ്റ്റം പറയുന്നു. “പക്ഷേ കൂടെ ഒരാൾ ഉണ്ടെങ്കിൽ തനിച്ചുപോകുന്നതിനെക്കാൾ ഉത്സാഹം തോന്നും. ഇപ്പോൾ ജോഗിങ്ങിനു പോകാൻ ഞങ്ങൾക്ക് ഇഷ്ടമാണ്.” (g11-E 03)