സ്വർഗ്ഗം
നിർവ്വചനം: യഹോവയാം ദൈവത്തിന്റെയും വിശ്വസ്ത ആത്മസൃഷ്ടികളുടെയും വാസസ്ഥലം; മാനുഷ നേത്രങ്ങൾക്ക് അദൃശ്യമായ ഒരു മണ്ഡലം. “സ്വർഗ്ഗങ്ങൾ” എന്ന പദം ബൈബിൾ മററു പല അർത്ഥങ്ങളിലും ഉപയോഗിക്കുന്നു; ഉദാഹരണമായി: ദൈവത്തെ തന്നെയും, വിശ്വസ്തരായ ആത്മസൃഷ്ടികളടങ്ങിയ അവന്റെ സ്ഥാപനത്തെയും, ദിവ്യപ്രീതിയുടെ ഒരു സ്ഥാനത്തെയും, ഭൂമിയിൽ നിന്ന് വ്യത്യസ്തമായ ഭൗതിക പ്രപഞ്ചത്തെയും, ഭൂഗ്രഹത്തെചുററിയുളള ആകാശത്തെയും, സാത്താന്റെ ഭരണത്തിൻ കീഴിലുളള മാനുഷ ഗവൺമെൻറുകളെയും, യേശുക്രിസ്തുവും അവന്റെ കൂട്ടവകാശികളും ഏതിൽ ഭരണം നടത്താൻ യഹോവയാൽ അധികാരപ്പെടുത്തപ്പെട്ടുവോ ആ പുതിയ സ്വർഗ്ഗീയ ഗവൺമെൻറിനെയും പ്രതിനിധാനം ചെയ്യാൻ.
മനുഷ്യരായുളള നമ്മുടെ ജനനത്തിന് മുൻപ് നാമെല്ലാം ആത്മമണ്ഡലത്തിൽ സ്ഥിതിചെയ്തിരുന്നുവോ?
യോഹ. 8:23: “[യേശുക്രിസ്തു പറഞ്ഞു:] ‘നിങ്ങൾ താഴത്തെ മണ്ഡലങ്ങളിൽ നിന്നുളളവർ; ഞാൻ മുകളിലത്തെ മണ്ഡലങ്ങളിൽ നിന്നുളളവനാണ്. നിങ്ങൾ ഈ ലോകത്തിൽ നിന്നുളളവരാണ്; ഞാൻ ഈ ലോകത്തിൽ നിന്നുളളവനല്ല’” (യേശു ആത്മമണ്ഡലത്തിൽ നിന്ന് വരിക തന്നെ ചെയ്തു. എന്നാൽ യേശു പറഞ്ഞതുപോലെ മററു മനുഷ്യർ അങ്ങനെ വന്നവരല്ല.)
റോമ. 9:10-12: “റിബെക്ക ഇരട്ടകളെ ഗർഭം ധരിച്ചു . . . കുട്ടികൾ ജനിക്കുകയോ ഗുണമാകട്ടെ ദോഷമാകട്ടെ എന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുന്നതിനു മുമ്പെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ദൈവോദ്ദേശ്യം പ്രവൃത്തികൾ നിമിത്തമല്ല വിളിക്കുന്നവന്റെ ഇഷ്ടം നിമിത്തം തന്നെ വരേണ്ടതിന്: ‘മൂത്തവൻ ഇളയവന്റെ അടിമയായിരിക്കും’ എന്ന് അവളോട് പറയപ്പെട്ടു.” (തീർച്ചയായും ഇരട്ടകളായ യാക്കോബും ഏശാവും മുമ്പേ ആത്മമണ്ഡലത്തിൽ ജീവിച്ചിരുന്നെങ്കിൽ അവിടത്തെ അവരുടെ പെരുമാററത്തിന്റെ അടിസ്ഥാനത്തിൽ ഒരു രേഖ പടുത്തുയർത്തിയിട്ടുണ്ടായിരിക്കുമായിരുന്നു, ഇല്ലേ? എന്നാൽ മനുഷ്യരെന്ന നിലയിലുളള അവരുടെ ജനനംവരെ അവർക്ക് അത്തരം രേഖയൊന്നുമില്ലായിരുന്നു.)
എല്ലാ നല്ലയാളുകളും സ്വർഗ്ഗത്തിൽ പോകുമോ?
പ്രവൃ. 2:34: “ദാവീദ് [‘യഹോവയുടെ ഹൃദയാഭിലാഷപ്രകാരമുളള മനുഷ്യനെന്ന്’ ബൈബിൾ അവനെപ്പററി പരാമർശിക്കുന്നു] സ്വർഗ്ഗത്തിലേക്ക് കയറിപ്പോയില്ല.”
മത്താ. 11:11: “സത്യമായും ഞാൻ നിങ്ങളോട് പറയുന്നു, സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവനില്ല; എന്നാൽ സ്വർഗ്ഗരാജ്യത്തിലെ ചെറിയവൻ അവനെക്കാൾ വലിയവനാണ്.” (അതുകൊണ്ട് യോഹന്നാൻ മരിച്ചപ്പോൾ അവൻ സ്വർഗ്ഗത്തിലേക്ക് പോയില്ല.)
സങ്കീ. 37:9, 11, 29: “ദുഷ്പ്രവൃത്തിക്കാർ തന്നെ ഛേദിക്കപ്പെടും, എന്നാൽ യഹോവയിൽ പ്രത്യാശിക്കുന്നവരായിരിക്കും ഭൂമിയെ കൈവശമാക്കുന്നത് . . . സൗമ്യതയുളളവർ തന്നെ ഭൂമിയെ കൈവശമാക്കും. അവർ വാസ്തവമായും സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും. നീതിമാൻമാർ തന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും.”
ആദാം പാപം ചെയ്തില്ലായിരുന്നെങ്കിൽ കാലക്രമത്തിൽ അവൻ സ്വർഗ്ഗത്തിലേക്ക് പോകുമായിരുന്നോ?
ഉൽപ. 1:26: “ദൈവം തുടർന്ന് ഇങ്ങനെ പറഞ്ഞു: ‘നമുക്ക് മനുഷ്യനെ നമ്മുടെ പ്രതിച്ഛായയിൽ നമ്മുടെ സാദൃശ്യപ്രകാരം, ഉണ്ടാക്കാം. അവർ സമുദ്രത്തിലെ മൽസ്യങ്ങളെയും ആകാശത്തിലെ പറവജാതികളെയും എല്ലാ വളർത്തു മൃഗങ്ങളെയും മുഴുഭൂമിയെയും ഭൂമിയിൽ ചരിക്കുന്ന എല്ലാ ജന്തുക്കളെയും അടക്കിവാഴട്ടെ.’” (അതുകൊണ്ട് ആദാമിനെ സംബന്ധിച്ചുളള ദൈവോദ്ദേശ്യം അവൻ ഭൂമിയുടെയും അതിലെ ജന്തുജീവന്റെയും സൂക്ഷിപ്പുകാരനായിരിക്കുക എന്നതായിരുന്നു. അവൻ സ്വർഗ്ഗത്തിൽ പോകുന്നതിനെപ്പററി യാതൊന്നും പറയപ്പെട്ടിട്ടില്ല.)
ഉൽപ. 2:16, 17: “യഹോവയായ ദൈവം മനുഷ്യനോട് ഇങ്ങനെയുംകൂടെ കൽപിച്ചു: ‘തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളിൽ നിന്നും നിനക്ക് തൃപ്തിയാകുവോളം ഭക്ഷിക്കാം. എന്നാൽ നൻമതിൻമകളുടെ തിരിച്ചറിവിന്റെ വൃക്ഷത്തെ സംബന്ധിച്ചാണെങ്കിൽ നീ അതിൽ നിന്ന് ഭക്ഷിക്കരുത്. എന്തുകൊണ്ടെന്നാൽ അതിൽ നിന്ന് ഭക്ഷിക്കുന്ന നാളിൽ നീ നിശ്ചയമായും മരിക്കും.’” (മനുഷ്യൻ എന്നെങ്കിലും മരിക്കണമെന്നുളളത് ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിൽപ്പെട്ടതായിരുന്നില്ല. ഇവിടെ ഉദ്ധരിക്കപ്പെട്ടിരിക്കുന്ന ദൈവ കൽപന കാണിക്കുന്നത് മരണത്തിലേക്ക് നയിക്കുന്ന ഗതിക്കെതിരെ അവൻ മുന്നറിയിപ്പ് നൽകിയെന്നാണ്. മരണം അനുസരണക്കേടിനുളള ശിക്ഷയായിരിക്കുമായിരുന്നു, അല്ലാതെ സ്വർഗ്ഗത്തിലെ കൂടുതൽ മെച്ചപ്പെട്ട ജീവനിലേക്കുളള ഒരു വാതിലായിരിക്കുമായിരുന്നില്ല. അനുസരണത്തിനുളള പ്രതിഫലം ദൈവം മനുഷ്യന് നൽകിയ പറുദീസായിലെ തുടർച്ചയായ ജീവൻ, നിത്യജീവൻ ആയിരിക്കുമായിരുന്നു. യെശയ്യാവ് 45:18 കൂടെ കാണുക.)
യഥാർത്ഥത്തിൽ സന്തുഷ്ടമായ ഒരു ഭാവി ഉണ്ടായിരിക്കുന്നതിന് ഒരു വ്യക്തി സ്വർഗ്ഗത്തിലേക്ക് പോകണമോ?
സങ്കീ. 37:11: “സൗമ്യതയുളളവർ തന്നെ ഭൂമിയെ കൈവശമാക്കും, അവർ വാസ്തവമായും സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.”
വെളി. 21:1-4: “ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു . . . സിംഹാസനത്തിൽ നിന്ന് ഒരു ഉറച്ച ശബ്ദം ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: ‘നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ, അവൻ അവരോടൊത്ത് വസിക്കും. അവർ അവന്റെ ജനമായിരിക്കുകയും ചെയ്യും. ദൈവം തന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. ദുഃഖവും മുറവിളിയും വേദനയും ഇനി ഉണ്ടായിരിക്കുകയില്ല. പൂർവ്വകാര്യങ്ങൾ കടന്നുപോയിരിക്കുന്നു.’”
മീഖാ 4:3, 4: “ജനത ജനതക്കു നേരെ വാൾ ഉയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല. അവർ യഥാർത്ഥത്തിൽ ഓരോരുത്തൻ താന്താന്റെ മുന്തിരിവളളിയിൻ കീഴിലും അത്തിവൃക്ഷത്തിൻകീഴിലും ഇരിക്കും, ആരും അവരെ ഭ്രമിപ്പിക്കുകയില്ല, എന്തുകൊണ്ടെന്നാൽ സൈന്യങ്ങളുടെ യഹോവയുടെ വായ് തന്നെ അത് അരുളിച്ചെയ്തിരിക്കുന്നു.”
തന്റെ സ്വന്തം മരണത്തിന് മുമ്പ് മരിച്ചവർക്കായി യേശു സ്വർഗ്ഗത്തിലേക്കുളള വഴി തുറന്നുവോ?
1 പത്രോസ് 3:19, 20 എന്താണ് അർത്ഥമാക്കുന്നത്? “ഈ അവസ്ഥയിൽ [തന്റെ പുനരുത്ഥാനത്തെ തുടർന്ന്, ആത്മാവിൽ] അവൻ [യേശു] പോയി പണ്ട് നോഹയുടെ നാളുകളിൽ പെട്ടകം ഒരുക്കുന്ന സമയത്ത് ദൈവം ക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുളള ആത്മാക്കളോട് പ്രസംഗിച്ചു. ആ പെട്ടകത്തിൽ ഏതാനും ആളുകൾ അതായത് എട്ട് ദേഹികൾ [“ദേഹികൾ,” KJ, Dy; “ആളുകൾ,” TEV, JB; “വ്യക്തികൾ,” RS] വെളളത്തിലൂടെ രക്ഷപ്രാപിച്ചു.” (“തടവിലുളള ഈ ആത്മാക്കൾ” പ്രളയത്തിന് മുൻപ് നോഹ പ്രസംഗിച്ചപ്പോൾ ശ്രദ്ധിക്കാൻ വിസമ്മതിച്ച മനുഷ്യരുടെ ദേഹികളായിരുന്നോ? ഇപ്പോൾ അവർക്ക് സ്വർഗ്ഗത്തിലേക്കുളള വാതിൽ തുറന്നുകിട്ടിയോ? 2 പത്രോസ് 2:4-ഉം യൂദാ 6-ഉം ഉൽപ്പത്തി 6:2-4 വരെയുളള വാക്യങ്ങളുമായി താരതമ്യം ചെയ്യുന്നതിനാൽ ഇവർ നോഹയുടെ നാളുകളിൽ ജഡശരീരം ധരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത, ദൈവത്തിന്റെ ദൂതപുത്രൻമാരാണെന്ന് കാണാൻ കഴിയും. 1 പത്രോസ് 3:19, 20-ൽ “ആത്മാക്കൾ” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ന്യൂമാസിൻ ആണ്. എന്നാൽ “ദേഹികൾ” എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം സൈക്കീ ആണ്. ഈ “ആത്മാക്കൾ” ശരീരം വെടിഞ്ഞ ദേഹികളായിരുന്നില്ല, മറിച്ച് അനുസരണംകെട്ട ദൂതൻമാരായിരുന്നു. അവിടെ പരാമർശിച്ചിരിക്കുന്ന “ദേഹികൾ” ജീവിക്കുന്ന മനുഷ്യരായിരുന്നു, നോഹയും അവന്റെ കുടുംബവും. അതുകൊണ്ട് “തടവിലുളള ആത്മാക്കളോട്” പ്രസംഗിക്കപ്പെട്ടത് ന്യായവിധിയുടെ ദൂത് ആയിരുന്നിരിക്കണം.)
1 പത്രോസ് 4:6 എന്താണ് അർത്ഥമാക്കുന്നത്? “വാസ്തവത്തിൽ ഇതിനായിട്ടല്ലോ മരിച്ചവരോടും സുവാർത്ത അറിയിച്ചത്. അവർ ജഡസംബന്ധമായി മനുഷ്യരുടെ വീക്ഷണത്തിൽ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദൈവത്തിന്റെ വീക്ഷണത്തിൽ ജീവിക്കുകയും ചെയ്യേണ്ടതിനു തന്നെ.” (ഈ “മരിച്ചവർ” യേശുക്രിസ്തുവിന്റെ മരണത്തിന് മുൻപ് മരിച്ചയാളുകളാണോ? മുകളിൽ കാണിച്ച പ്രകാരം മരിച്ചവർ “തടവിലുളള ആത്മാക്കൾ” അല്ല. ആ ആത്മാക്കൾ അനുസരണംകെട്ട ദൂതൻമാരായിരുന്നു. ശാരീരികമായി മരിച്ചുപോയവർക്ക് പ്രസംഗം കൊണ്ട് പ്രയോജനമൊന്നും ലഭിക്കുമായിരുന്നില്ല, കാരണം “അവർ യാതൊന്നും അറിയുന്നില്ല” എന്ന് സഭാപ്രസംഗി 9:5 പറയുന്നു. കൂടാതെ മരണത്തിങ്കൽ ഒരുവന്റെ “ചിന്തകൾ നശിക്കുന്നു” എന്ന് സങ്കീർത്തനം 146:4 കൂട്ടിച്ചേർക്കുന്നു. എന്നാൽ ആത്മീയമായി മരിച്ചവരായിരുന്നവരും സുവാർത്ത സ്വീകരിച്ചതിന്റെ ഫലമായി ആത്മീയമായി ജീവനിലേക്ക് വന്നവരുമായവരെ സംബന്ധിച്ച് എഫേസ്യർ 2:1-7, 17 പറയുകതന്നെ ചെയ്യുന്നു.)
“പുതിയ നിയമ”ത്തിൽ എല്ലാ ക്രിസ്ത്യാനികളുടെയും പ്രത്യാശയായി സ്വർഗ്ഗീയ ജീവൻ വയ്ക്കപ്പെട്ടിരിക്കുന്നുവോ?
യോഹ. 14:2, 3: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്. ഇല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളോട് പറയുമായിരുന്നു. എന്തുകൊണ്ടെന്നാൽ ഞാൻ നിങ്ങൾക്ക് ഒരു സ്ഥലം ഒരുക്കുവാൻ വേണ്ടി പോവുകയാണ്. ഞാൻ പോയി നിങ്ങൾക്കുവേണ്ടി ഒരു സ്ഥലം ഒരുക്കുന്നപക്ഷം ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെ എന്റെ അടുക്കൽ, ഭവനത്തിൽ സ്വീകരിക്കും.” (താൻ ആരോട് സംസാരിച്ചുവോ ആ വിശ്വസ്ത അപ്പോസ്തലൻമാർ കാലക്രമത്തിൽ യേശുവിനോടൊപ്പം സ്വർഗ്ഗത്തിൽ തന്റെ പിതാവിന്റെ “ഭവനത്തി”ലായിരിക്കുമെന്ന് യേശു ഇവിടെ കാണിച്ചു തരുന്നു. എന്നാൽ വേറെ എത്രപേർകൂടി സ്വർഗ്ഗത്തിലേക്ക് പോകുമെന്ന് അവൻ ഇവിടെ പറയുന്നില്ല.)
യോഹ. 1:12, 13: “അവനെ [യേശുവിനെ] കൈക്കൊണ്ടവർക്കെല്ലാം ദൈവമക്കൾ ആകുവാനുളള അധികാരം അവൻ നൽകി. എന്തുകൊണ്ടെന്നാൽ അവർ അവന്റെ നാമത്തിൽ വിശ്വാസം പ്രകടമാക്കുകയായിരുന്നു. അവർ രക്തത്തിൽ നിന്നോ ഒരു ജഡിക ഇഷ്ടത്തിൽ നിന്നോ പുരുഷന്റെ ഇഷ്ടത്തിൽ നിന്നോ അല്ല, പിന്നെയോ ദൈവത്തിൽ നിന്നത്രേ ജനിച്ചത്.” (11-ാം വാക്യത്തിന്റെ സന്ദർഭം യേശുവിന്റെ “സ്വന്തജനമായ” യഹൂദൻമാരെ പരാമർശിക്കുന്നു എന്നത് കുറിക്കൊളളുക. ഒന്നാം നൂററാണ്ടിൽ അവൻ അവരുടെ അടുത്തേക്ക് വന്നപ്പോൾ അവനെ സ്വീകരിച്ച എല്ലാവരും സ്വർഗ്ഗീയ ജീവന്റെ വീക്ഷണത്തോടെ ദൈവമക്കളായിത്തീർന്നു. ഈ വാക്യത്തിലെ ക്രിയ ഭൂതകാലത്തിലാണ്, അതുകൊണ്ട് ഈ വാക്യം പിൽക്കാലത്ത് ക്രിസ്ത്യാനികളായിത്തീർന്ന എല്ലാവരെയും പരാമർശിക്കുന്നില്ല.)
റോമ. 8:14, 16, 17: “ദൈവാത്മാവ് നടത്തുന്നവരെല്ലാവരും ദൈവത്തിന്റെ മക്കളാകുന്നു. നാം ദൈവത്തിന്റെ മക്കൾ ആകുന്നുവെന്ന് ആത്മാവ് തന്നെ നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. അപ്പോൾ നാം മക്കളാകുന്നുവെങ്കിൽ അവകാശികളുമാകുന്നു. ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും തന്നെ. നാം ഒരുമിച്ച് കഷ്ടം അനുഭവിക്കുന്നുവെങ്കിൽ ഒരുമിച്ച് മഹത്വീകരിക്കപ്പെടും.” (ഇത് എഴുതപ്പെട്ട സമയത്ത് ദൈവാത്മാവിനാൽ നയിക്കപ്പെട്ടവരെല്ലാം ദൈവമക്കളായിരുന്നു എന്നതും അവരുടെ പ്രത്യാശ ക്രിസ്തുവിനോടുകൂടെ മഹത്വീകരിക്കപ്പെടുക എന്നതായിരുന്നു എന്നതും സത്യമാണ്. എന്നാൽ ഇത് എന്നും സത്യമായിരുന്നിട്ടില്ല. സ്നാപകയോഹന്നാൻ പരിശുദ്ധാത്മാവിനാൽ നിറക്കപ്പെടുമെന്ന് ലൂക്കോസ് 1:15 പറയുന്നു. എന്നാൽ സ്വർഗ്ഗീയ രാജ്യത്തിന്റെ മഹത്വത്തിൽ അവൻ ഓഹരിക്കാരനായിരിക്കുകയില്ല എന്ന് മത്തായി 11:11 വ്യക്തമാക്കുന്നു. അതുപോലെതന്നെ സ്വർഗ്ഗീയ രാജ്യത്തിന്റെ അവകാശികളെ കൂട്ടിച്ചേർത്തശേഷം തന്റെ പുത്രന്റെ അനുഗാമികളെന്ന നിലയിൽ ദൈവത്തെ സേവിക്കുന്നവരും എന്നാൽ സ്വർഗ്ഗീയ മഹത്വത്തിൽ പങ്കാളികളാകയില്ലാത്തവരുമായ മററുളളവർ ഉണ്ടായിരിക്കും.)
ക്രിസ്ത്യാനികൾക്ക് ഭൂമിയിലെ നിത്യജീവൻ പ്രതിഫലമായി നൽകാനുളള കരുതലിനെ സംബന്ധിച്ച് “പുതിയ നിയമത്തിൽ” എന്ത് വ്യക്തമായ പരാമർശനങ്ങളാണുളളത്?
മത്താ. 5:5: “സൗമ്യതയുളളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും.”
മത്താ. 6:9, 10: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും നടക്കേണമേ.” (ഭൂമിയെ സംബന്ധിച്ചുളള ദൈവത്തിന്റെ ഇഷ്ടം എന്താണ്? ഉൽപത്തി 1:28-ഉം യെശയ്യാവ് 45:18-ഉം എന്താണ് സൂചിപ്പിക്കുന്നത്?)
മത്താ. 25:31-33, 40, 46: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധ ദൂതൻമാരുമായി വരുമ്പോൾ അവൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടിവരുത്തപ്പെടും. ഒരു ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിക്കുന്നതുപോലെ അവൻ അവരെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിർത്തും. . . . രാജാവ് അവരോട് [ചെമ്മരിയാടുകളോട്] പറയും, ‘എന്റെ ഈ ഏററം ചെറിയ സഹോദരൻമാരിൽ ഒരുത്തന് നിങ്ങൾ ചെയ്തേടത്തോളമെല്ലാം നിങ്ങൾ എനിക്കു ചെയ്തു എന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു.’ [കോലാടുകൾ] നിത്യഛേദനത്തിലേക്കും എന്നാൽ നീതിമാൻമാർ [ചെമ്മരിയാടുകൾ] നിത്യജീവനിലേക്കും പോകും.” (ഈ “ചെമ്മരിയാടുകളും” രാജാവിന്റെ “സ്വർഗ്ഗീയ വിളിക്ക് ഓഹരിക്കാരായ” സഹോദരൻമാരും ഒന്നല്ല എന്നത് കുറിക്കൊളളുക. [എബ്രാ. 2:10–3:1] എന്നാൽ ഈ ചെമ്മരിയാടുതുല്യരായ ആളുകൾ യേശു അവന്റെ സിംഹാസനത്തിലായിരുന്ന സമയത്തും അവന്റെ “സഹോദരൻമാരിൽ” ചിലർ ഭൂമിയിൽ കഷ്ടം അനുഭവിക്കുന്ന സമയത്തും ഇവിടെ ജീവനോടെ ഉണ്ടായിരിക്കും.)
യോഹ. 10:16: “ഈ തൊഴുത്തിൽപെടാത്ത വേറെ ആടുകളും എനിക്കുണ്ട്, ഞാൻ അവയെയും കൂട്ടിക്കൊണ്ടുവരേണ്ടതാകുന്നു, അവ എന്റെ ശബ്ദം കേൾക്കും, അവ ഒരു ആട്ടിൻകൂട്ടവും ഒരു ഇടയനും ആകുകയും ചെയ്യും.” (ഈ “വേറെ ആടുകൾ” ആരാണ്? അവർ നല്ലയിടയനായ യേശുക്രിസ്തുവിന്റെ അനുഗാമികളാണ്, എന്നാൽ അവർ “പുതിയ ഉടമ്പടി”യാകുന്ന തൊഴുത്തിൽപ്പെട്ട, സ്വർഗ്ഗീയ ജീവന്റെ പ്രത്യാശയുളളവരല്ല. എന്നാൽ അവർ ആ തൊഴുത്തിൽപ്പെട്ടവരുമായി അടുത്തു സഹവസിക്കാനിടയാകുന്നു.)
2 പത്രോ. 3:13: “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും ഉണ്ട്, അവയിൽ നീതി വസിക്കുന്നതായിരിക്കും.” (കൂടാതെ വെളിപ്പാട് 21:1-4)
വെളി. 7:9, 10: “ഇതിനു ശേഷം” [ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗീയ സീയോനിൽ ആയിരിക്കാനുളളവരായി “ഭൂമിയിൽ നിന്നും വിലക്കുവാങ്ങപ്പെട്ട” “മുദ്രയേററവരുടെ” പൂർണ്ണസംഖ്യ അപ്പോസ്തലനായ യോഹന്നാൻ കണ്ടശേഷം; വെളിപ്പാട് 7:3, 4; 14:1-3 കാണുക] നോക്കൂ! സകല രാഷ്ട്രങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഭാഷകളിൽ നിന്നുമുളളതായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാത്ത ഒരു മഹാപുരുഷാരം വെളളനിലയങ്കി ധരിച്ച് കൈയിൽ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. ‘രക്ഷക്ക് ഞങ്ങൾ സിംഹാസനത്തിലിരിക്കുന്നവനോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു’ എന്ന് അവർ ഉച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.”
ബൈബിൾ എത്രപേർക്കാണ് സ്വർഗ്ഗീയ ജീവന്റെ പ്രത്യാശ വച്ചുനീട്ടുന്നത്?
ലൂക്കോ. 12:32: “ചെറിയ ആട്ടിൻകൂട്ടമെ, ഭയപ്പെടേണ്ട, നിങ്ങൾക്ക് രാജ്യം തരുന്നത് പിതാവ് അംഗീകരിച്ചിരിക്കുന്നു.”
വെളി. 14:1-3: “നോക്കൂ! സീയോൻ മലയിൽ [സ്വർഗ്ഗത്തിൽ; എബ്രായർ 12:22-24 കാണുക], കുഞ്ഞാടും [യേശുക്രിസ്തു] അവനോടുകൂടെ നെററിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിട്ടുളള നൂററിനാൽപ്പത്തിനാലായിരം പേരും നിൽക്കുന്നതു ഞാൻ കണ്ടു. . . . അവർ പുതിയ ഒരു പാട്ട് എന്നപോലെ പാടുന്നു . . . ഭൂമിയിൽ നിന്ന് വിലക്കുവാങ്ങപ്പെട്ട നൂററിനാൽപ്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ട് നന്നായി പഠിക്കാൻ കഴിഞ്ഞില്ല.”
ഈ 1,44,000 പേർ സ്വാഭാവിക യഹൂദൻമാർ മാത്രമാണോ?
വെളി. 7:4-8: “മുദ്രയിടപ്പെട്ടവരുടെ എണ്ണം ഞാൻ കേട്ടു, യിസ്രായേൽ മക്കളുടെ സകല ഗോത്രത്തിൽ നിന്നുമായി മുദ്രയിടപ്പെട്ടവർ നൂററിനാൽപ്പത്തിനാലായിരം: . . . യൂദാ . . . രൂബേൻ . . . ഗാദ് . . . ആശേർ . . . നഫ്ത്താലി . . . മനശ്ശെ . . . ശിമയോൻ . . . ലേവി . . . യിസ്സാഖാർ . . . സെബുലൂൻ . . . ജോസഫ് . . . ബെന്യാമീൻ.” (ഇതു സ്വാഭാവിക യിസ്രായേലിലെ ഗോത്രങ്ങളായിരിക്കാവുന്നതല്ല, എന്തുകൊണ്ടെന്നാൽ ഒരിക്കലും ജോസഫിന്റെതായി ഒരു ഗോത്രമില്ലായിരുന്നു. മാത്രമല്ല ഈ ലിസ്ററിൽ എഫ്രയീമും ദാനും ഉൾപ്പെട്ടിട്ടില്ല. കൂടാതെ ലേവ്യർ ആലയത്തോട് ബന്ധപ്പെട്ട സേവനത്തിനായി വേർതിരിക്കപ്പെട്ടിരുന്നു, എന്നാൽ അവർ 12 ഗോത്രത്തിൽ ഒന്നായി എണ്ണപ്പെട്ടിരുന്നില്ല. സംഖ്യാപുസ്തകം 1:4-16 കാണുക.)
റോമ. 2:28, 29: “പുറമെ യഹൂദനായവൻ യഹൂദനല്ല. പുറമെ ജഡത്തിൻമേലുളളത് പരിച്ഛേദനയുമല്ല; അകമേ യഹൂദനായവനത്രേ യഹൂദൻ; അവന്റെ പരിച്ഛേദന എഴുതപ്പെട്ട നിയമത്താലുളളതല്ല ആത്മാവിനാൽ ഹൃദയത്തിലുളളതത്രേ.”
ഗലാ. 3:26-29: “വാസ്തവത്തിൽ ക്രിസ്തു യേശുവിലെ നിങ്ങളുടെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ പുത്രൻമാർ ആകുന്നു. . . . യഹൂദനും യവനനും എന്നില്ല; അടിമയും സ്വതന്ത്രനും എന്നില്ല; ആണും പെണ്ണുമെന്നില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒരു വ്യക്തിയത്രേ. കൂടാതെ നിങ്ങൾ ക്രിസ്തുവിനുളളവർ എങ്കിലോ നിങ്ങൾ വാസ്തവത്തിൽ അബ്രഹാമിന്റെ സന്തതി, ഒരു വാഗ്ദത്തം സംബന്ധിച്ച് അവകാശികൾ ആകുന്നു.”
നൂററിനാൽപ്പത്തിനാലായിരം എന്ന സംഖ്യ കേവലം പ്രതീകാത്മകമാണോ?
ഒരു നിശ്ചിത സംഖ്യയായ 1,44,000-ത്തെ പരാമർശിച്ചശേഷം വെളിപ്പാട് 7:9 “ഒരു മനുഷ്യനും എണ്ണാൻ കഴിയാത്ത ഒരു മഹാപുരുഷാര”ത്തെപ്പററി പറയുന്നു എന്ന വസ്തുതയാൽ അതിനുളള ഉത്തരം സൂചിപ്പിക്കപ്പെടുന്നു. നൂററിനാൽപ്പത്തിനാലായിരം എന്ന സംഖ്യ അക്ഷരീയമായി എടുക്കാനുളളതല്ലെങ്കിൽ “മഹാപുരുഷാര”ത്തോടുളള വിപരീത താരതമ്യത്തിൽ അതിന് യാതൊരു അർത്ഥവുമില്ല. ആ സംഖ്യയെ അക്ഷരീയമായി കണക്കാക്കുന്നത് സ്വർഗ്ഗങ്ങളിലെ രാജ്യത്തെ സംബന്ധിച്ച മത്തായി 22:14-ലെ യേശുവിന്റെ പ്രസ്താവനയോട് യോജിപ്പിലാണ്: “അനേകർ ക്ഷണിക്കപ്പെട്ടിരിക്കുന്നു, എന്നാൽ ചുരുക്കംപേർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.”
വെളിപ്പാട 7:9, 10-ൽ പരാമർശിച്ചിരിക്കുന്ന “മഹാപുരുഷാര”ത്തിൽപെട്ടവരും സ്വർഗ്ഗത്തിലേക്ക പോകുന്നുവോ?
വെളിപ്പാട് അവരെക്കുറിച്ച്, 1,44,000-ത്തെക്കുറിച്ച് പറയുന്നതുപോലെ, ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗീയ സീയോൻ മലയിൽ ആയിരിക്കാൻ “ഭൂമിയിൽ നിന്ന് വിലക്കു വാങ്ങപ്പെട്ടവർ” എന്ന് പറയുന്നില്ല.
അവർ “സിംഹാസനത്തിന്റെയും കുഞ്ഞാടിന്റെയും മുമ്പാകെ നിൽക്കുന്നു” എന്ന വിവരണം സൂചിപ്പിക്കുന്നത് അവശ്യം ഒരു സ്ഥാനത്തെയല്ല മറിച്ച് ഒരു അംഗീകൃത നിലയെയാണ്. (വെളിപ്പാട് 6:17; ലൂക്കോസ് 21:36 എന്നിവ താരതമ്യം ചെയ്യുക.) “സിംഹാസനത്തിന് മുമ്പാകെ” എന്ന പദപ്രയോഗം (ഗ്രീക്ക് എനോപ്പിയോൺ തോ ത്രോനൗ; അക്ഷരീയമായി, “സിംഹാസനത്തിന്റെ ദൃഷ്ടിയിൽ”) അവർ സ്വർഗ്ഗത്തിലായിരിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നില്ല. അവരുടെ സ്ഥാനം ദൈവത്തിന്റെ “ദൃഷ്ടിയിലാ”ണ്, ദൈവമാകട്ടെ സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യപുത്രൻമാരെ നോക്കുന്നു എന്ന് അവൻ പറയുന്നു.—സങ്കീ. 11:4; മത്തായി 25:31-33; ലൂക്കോസ് 1:74, 75; പ്രവൃത്തികൾ 10:33 എന്നിവ താരതമ്യം ചെയ്യുക.
വെളിപ്പാട് 19:1, 6-ൽ പരാമർശിച്ചിരിക്കുന്ന “സ്വർഗ്ഗത്തിലെ വലിയ പുരുഷാരവും” വെളിപ്പാട് 7:9-ലെ “മഹാപുരുഷാരവും” ഒന്നല്ല. സ്വർഗ്ഗത്തിലുളളവർ സകല ജനതകളിൽ നിന്നുമുളളവരായി വർണ്ണിക്കപ്പെട്ടിട്ടില്ല അല്ലെങ്കിൽ തങ്ങളുടെ രക്ഷ കുഞ്ഞാടിൽ നിന്നാണ് എന്ന് അവർ പറയുന്നില്ല; അവർ ദൂതൻമാരാണ്. “മഹാപുരുഷാരം” എന്ന പദപ്രയോഗം ബൈബിളിൽ പല സാഹചര്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.—മർക്കോ. 5:24; 6:34; 12:37.
സ്വർഗ്ഗത്തിൽ പോകുന്നവർ അവിടെ എന്തു ചെയ്യും?
വെളി. 20:6: “അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായിരിക്കുകയും അവനോടുകൂടെ രാജാക്കൻമാരായി ഒരായിരം വർഷം ഭരിക്കുകയും ചെയ്യും.” (കൂടാതെ ദാനിയേൽ 7:27)
1 കൊരി. 6:2: “വിശുദ്ധൻമാർ ലോകത്തെ ന്യായം വിധിക്കുമെന്ന് നിങ്ങൾ അറിയുന്നില്ലയോ?”
വെളി. 5:10: “നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതൻമാരുമാക്കി വച്ചിരിക്കുന്നു, അവർ രാജാക്കൻമാരെന്ന നിലയിൽ ഭൂമിയുടെമേൽ [“ഭൂമിയിൽ” RS, KJ, Dy; “ഭൂമിയുടെമേൽ” AT, Da, Kx, CC] ഭരണം നടത്തും.” (അതേ ഗ്രീക്ക് പദവും വ്യാകരണ ഘടനയുമാണ് വെളിപ്പാട് 11:6-ൽ കാണപ്പെടുന്നത്. അവിടെ RS, KJ, Dy മുതലായവ “മേൽ” എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്.)
സ്വർഗ്ഗത്തിൽ പോകാനുളളവരെ ആരാണ് തെരഞ്ഞെടുക്കുന്നത്?
2 തെസ്സ. 2:13, 14: “ഞങ്ങളോ യഹോവയാൽ സ്നേഹിക്കപ്പെടുന്ന സഹോദരൻമാരെ, ദൈവം നിങ്ങളെ ആത്മാവിനാൽ വിശുദ്ധീകരിച്ചതിനാലും സത്യത്തിലുളള നിങ്ങളുടെ വിശ്വാസത്താലും ആദിമുതൽ തെരഞ്ഞെടുത്തതിനാൽ നിങ്ങൾ നിമിത്തം ദൈവത്തിന് എല്ലായ്പ്പോഴും നന്ദികൊടുപ്പാൻ കടപ്പെട്ടിരിക്കുന്നു. ഇതിനായിട്ടല്ലോ ഞങ്ങൾ ഘോഷിക്കുന്ന സുവാർത്തയാൽ അവൻ നിങ്ങളെ വിളിച്ചത്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാൻ തന്നെ.”
റോമ. 9:6, 16: “ഇസ്രായേലിൽ നിന്ന് ഉൽഭവിക്കുന്നവരെല്ലാം വാസ്തവത്തിൽ ‘ഇസ്രായേല്യരല്ല.’ . . . അതുകൊണ്ട് ആഗ്രഹിക്കുന്നവനിലുമല്ല ഓടുന്നവനിലുമല്ല അത് കരുണയുളള ദൈവത്തിലത്രേ ആശ്രയിച്ചിരിക്കുന്നത്.”