രോഗശാന്തി
നിർവ്വചനം: ശാരീരികമായോ മാനസികമായോ ആത്മീയമായോ രോഗിയായിരിക്കുന്ന ഒരാൾ നല്ല ആരോഗ്യം വീണ്ടെടുക്കാൻ ഇടയാക്കൽ. ക്രിസ്തീയ കാലത്തിന് മുമ്പത്തെ ചില എബ്രായ പ്രവാചകൻമാർക്കും യേശുക്രിസ്തുവിനും ആദിമ ക്രിസ്തീയ സഭയിലെ ചില അംഗങ്ങൾക്കും ദൈവാത്മാവിനാൽ അത്ഭുതകരമായ രോഗശാന്തി കൈവരുത്താൻ കഴിഞ്ഞിരുന്നു.
നമ്മുടെ നാളിൽ അത്ഭുതകരമായ രോഗശാന്തി ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലാണോ നിർവ്വഹിക്കപ്പെടുന്നത്?
സത്യദൈവമല്ലാത്ത മറെറാരു ഉറവിൽനിന്ന് അത്ഭുതങ്ങൾ ചെയ്യാനുളള പ്രാപ്തി വരുമോ?
യഹോവക്ക് ബലികളർപ്പിക്കാൻ ഇസ്രായേല്യരെ മരുഭൂമിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മോശയും അഹരോനും ഈജിപ്ററിലെ ഫറവോന്റെ മുമ്പാകെ ഹാജരായി. ദിവ്യപിന്തുണയുടെ തെളിവെന്ന നിലയിൽ തന്റെ വടി താഴെയിടാൻ മോശ അഹരോനോട് നിർദ്ദേശിക്കുകയും അത് ഒരു വലിയ പാമ്പായിത്തീരുകയും ചെയ്തു. ആ അത്ഭുതം ദൈവശക്തിയാലായിരുന്നു ചെയ്യപ്പെട്ടത്. എന്നാൽ അപ്പോൾ ഈജിപ്ററിലെ മന്ത്രവാദികളായ പുരോഹിതൻമാരും അവരുടെ വടികൾ നിലത്തിടുകയും അവയും വലിയ പാമ്പുകളായിത്തീരുകയും ചെയ്തു. (പുറ. 7:8-12) ആരുടെ ശക്തി ഉപയോഗിച്ചുകൊണ്ടാണ് അവർ ആ അത്ഭുതങ്ങൾ ചെയ്തത്?—ആവർത്തനം 18:10-12 താരതമ്യം ചെയ്യുക.
ഇരുപതാം നൂററാണ്ടിൽ ക്രൈസ്തവലോകത്തിലെ പുരോഹിതൻമാർ നടത്തുന്ന മതപരമായ ചടങ്ങുകളിൽ ചിലപ്പോൾ അത്ഭുത രോഗശാന്തികൾ നടത്തപ്പെടുന്നുണ്ട്. അക്രൈസ്തവമതങ്ങളിൽ വൂഡു പുരോഹിതൻമാരും മന്ത്രവാദി ഡോക്ടർമാരും വൈദ്യൻമാരും മററുളളവരും രോഗശാന്തി വരുത്തുന്നു. അവർ അതിന് മിക്കപ്പോഴും മന്ത്രവിദ്യയും ആഭിചാരവും ഉപയോഗിക്കുന്നു. ചില “മനോരോഗ ചികിൽസകർ” തങ്ങളുടെ സൗഖ്യമാക്കലിന് മതവുമായി യാതൊരു ബന്ധവുമില്ല എന്ന് പറയുന്നു. ഇതിലെല്ലാം സൗഖ്യമാക്കലിന്റെ ശക്തി സത്യദൈവത്തിൽ നിന്നുളളതാണോ?
മത്താ. 24:24: “കളളക്രിസ്തുക്കളും കളളപ്രവാചകൻമാരും എഴുന്നേററ് കഴിയുമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടെ വഴിതെററിക്കാൻ തക്കവണ്ണം വലിയ അടയാളങ്ങളും [“അത്ഭുതങ്ങളും,” TEV] അതിശയങ്ങളും കാണിക്കും.”
മത്താ. 7:15-23: “കളളപ്രവാചകൻമാരെ സൂക്ഷിച്ചുകൊൾവിൻ . . . ‘കർത്താവെ, കർത്താവെ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും, നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും അനേകം വീര്യപ്രവൃത്തികൾ [“അത്ഭുതങ്ങൾ,” JB, NE, TEV] പ്രവൃത്തിക്കുകയും ചെയ്തില്ലയോ?’ എന്ന് പലരും ആ നാളിൽ എന്നോട് പറയും. എന്നാൽ ഞാൻ അവരോട് പറയും: ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിൻ.”
ഇന്നത്തെ വൈകാരികമായ സൗഖ്യമാക്കലുകൾ നിർവ്വഹിക്കപ്പെടുന്നത യേശുവും അവന്റെ ആദിമ ശിഷ്യൻമാരും വരുത്തിയ അത്ഭുതകരമായ രോഗശാന്തികൾപോലെ തന്നെയാണോ?
അത്തരം സേവനത്തിന്റെ ചെലവ്: “രോഗികളെ സൗഖ്യമാക്കുവിൻ, മരിച്ചവരെ ഉയർപ്പിപ്പിൻ, കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ, ഭൂതങ്ങളെ പുറത്താക്കുവിൻ. നിങ്ങൾക്കു സൗജന്യമായി ലഭിച്ചു സൗജന്യമായി കൊടുക്കുക.” (മത്താ. 10:8) (ഇന്ന് രോഗശാന്തി വരുത്തുന്നവർ അതാണോ ചെയ്യുന്നത്—യേശു കൽപിച്ചതുപോലെ സൗജന്യമായി കൊടുക്കുന്നുണ്ടോ?)
വിജയ നിരക്ക്: “അവനിൽ [യേശുവിൽ] നിന്ന് ശക്തി പുറപ്പെട്ട് അവരെല്ലാവരെയും സൗഖ്യമാക്കുകയാൽ ജനക്കൂട്ടം മുഴുവൻ അവനെ തൊടുവാൻ ശ്രമിച്ചു.” (ലൂക്കോ. 6:19) “അവർ രോഗികളെ വഴികളിലേക്കു കൊണ്ടുവന്ന് പത്രോസ് കടന്നു പോകുമ്പോൾ അവന്റെ നിഴൽ എങ്കിലും വല്ലവരുടെയും മേൽ വീഴേണ്ടതിന് അവിടെ ചെറിയ കിടക്കമേലും കട്ടിലിൻമേലും കിടത്തി. അതുകൂടാതെ യെരൂശലേമിന് ചുററുമുളള പട്ടണങ്ങളിൽ നിന്നുളള ജനക്കൂട്ടങ്ങൾ വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്തു. (പ്രവൃ. 5:15, 16) (നമ്മുടെ നാളിൽ ഇത്തരം രോഗശാന്തിക്കാരുടെ അടുത്തേയ്ക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുന്ന എല്ലാവരും സൗഖ്യം പ്രാപിക്കുന്നുണ്ടോ?)
ഇത്തരം “രോഗ ശാന്തിക്കാരും” കൂടെ ഒരു ഭാഗമായിരിക്കുന്ന മതസ്ഥാപനങ്ങളിലെ അംഗങ്ങളുടെ ജീവിതരീതി അവർക്ക് ദൈവത്തിന്റെ ആത്മാവുണ്ടെന്ന് തെളിവ് നൽകുന്നുണ്ടോ?
ഒരു സംഘമെന്ന നിലയിൽ അവർ ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, ദീർഘക്ഷമ, സൗമ്യത, ആത്മനിയന്ത്രണം എന്നിവ ശ്രദ്ധേയമായ വിധത്തിൽ പ്രകടമാക്കുന്നുണ്ടോ?—ഗലാ. 5:22, 23.
ലോകരാഷ്ട്രീയ കാര്യാദികളിൽ ഉൾപ്പെടുന്നത് ഒഴിവാക്കിക്കൊണ്ട് അവർ യഥാർത്ഥത്തിൽ “ലോകത്തിന്റെ ഭാഗ”മല്ലാതിരിക്കുന്നുണ്ടോ? യുദ്ധകാലഘട്ടങ്ങളിൽ അവർ രക്തപാതകത്തിൽ നിന്ന് ഒഴിവായി നിന്നിട്ടുണ്ടോ? ലോകത്തിന്റെ അധാർമ്മിക നടത്ത ഒഴിവാക്കുന്നതിനാൽ അവർക്ക് ഒരു നല്ല പേരുണ്ടോ?—യോഹ. 17:16; യെശ. 2:4; 1 തെസ്സ. 4:3-8.
ഇന്ന് യഥാർത്ഥ ക്രിസ്ത്യാനികൾ അത്ഭുത രോഗശാന്തി കൈവരുത്താനുളള പ്രാപ്തിയാലാണോ തിരിച്ചറിയപ്പെടുന്നത്?
യോഹ. 13:35: “നിങ്ങളുടെയിടയിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് എല്ലാവരും അറിയും.” (ഇതാണ് യേശു പറഞ്ഞത്. നാം യഥാർത്ഥത്തിൽ അവനെ വിശ്വസിക്കുന്നുവെങ്കിൽ സത്യക്രിസ്ത്യാനിത്വത്തിന്റെ തെളിവായി നാം അത്ഭുതരോഗശാന്തിക്കുവേണ്ടിയല്ല മറിച്ച് സ്നേഹത്തിനുവേണ്ടി നോക്കും.)
പ്രവൃ. 1:8: “പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കുകയും . . . ഭൂമിയുടെ അതിവിദൂരഭാഗത്തോളം എന്റെ സാക്ഷികളായിരിക്കുകയും ചെയ്യും.” (സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോകുന്നതിന് തന്റെ അപ്പോസ്തലൻമാരിൽ നിന്ന് പിരിയുന്നതിനു മുമ്പായി, സൗഖ്യമാക്കലല്ല മറിച്ച് ഇതായിരിക്കും അവർ ചെയ്യേണ്ട ജീവൽപ്രധാനമായ വേലയെന്ന് യേശു അവരോട് പറഞ്ഞു. മത്തായി 24:14; 28:19, 20 കൂടെ കാണുക.)
1 കൊരി. 12:28-30: “ദൈവം സഭയിൽ ഒന്നാമത് അപ്പോസ്തലൻമാർ, രണ്ടാമത് പ്രവാചകൻമാർ, മൂന്നാമത് ഉപദേഷ്ടാക്കൻമാർ ഇങ്ങനെ യഥാക്രമത്തിലുളളവരെ നിയമിച്ചിരിക്കുന്നു; പിന്നെ വീര്യപ്രവൃത്തികൾ; പിന്നെ രോഗശാന്തികളുടെ വരങ്ങൾ; സഹായകമായ സേവനങ്ങൾ, നയിക്കാനുളള പ്രാപ്തികൾ, വിവിധ ഭാഷകൾ. എല്ലാവരും അപ്പോസ്തലൻമാരല്ല, ആണോ? എല്ലാവരും പ്രവാചകൻമാരല്ല, ആണോ? എല്ലാവരും ഉപദേഷ്ടാക്കൻമാരല്ല, ആണോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരല്ല, ആണോ? എല്ലാവർക്കും രോഗശാന്തി വരങ്ങളില്ല, ഉണ്ടോ?” (അതുകൊണ്ട് എല്ലാ സത്യക്രിസ്ത്യാനികൾക്കും രോഗശാന്തിവരം ഉണ്ടായിരിക്കുകയില്ലെന്ന് ബൈബിൾ വ്യക്തമായി കാണിക്കുന്നു.)
രോഗികളെ സൗഖ്യമാക്കാനുളള പ്രാപ്തി വിശ്വാസികളെ തിരിച്ചറിയിക്കുന്ന ഒരടയാളമായിരിക്കുമെന്ന് മർക്കോസ് 16:17, 18 കാണിച്ചു തരുന്നില്ലേ?
മർക്കോ. 16:17, 18, KJ: “വിശ്വസിക്കുന്നവരെ ഈ അടയാളങ്ങൾ പിന്തുടരും; എന്റെ നാമത്തിൽ അവർ പിശാചുക്കളെ പുറത്താക്കും, അവർ പുതുഭാഷകളിൽ സംസാരിക്കും; അവർ സർപ്പങ്ങളെ പിടിച്ചെടുക്കും, മരണകരമായ എന്തെങ്കിലും കുടിച്ചാലും അവർക്ക് ഹാനി സംഭവിക്കുകയില്ല; രോഗികളുടെ മേൽ കൈവച്ചാൽ അവർക്ക് സൗഖ്യം വരും.”
ഈ വാക്യങ്ങൾ പൊ. യു. അഞ്ചും ആറും നൂററാണ്ടുകളിലെ ചില ബൈബിൾ കൈയ്യെഴുത്തു പ്രതികളിലും ഭാഷാന്തരങ്ങളിലും കാണപ്പെടുന്നു. എന്നാൽ അതിലും പഴക്കമുളള ഗ്രീക്കു കൈയ്യെഴുത്തു പ്രതികളായ നാലാം നൂററാണ്ടിലെ സിനാററിക്കസ്, വത്തിക്കാൻ MS. 1209 എന്നിവയിൽ കാണപ്പെടുന്നില്ല. ബൈബിൾ കൈയ്യെഴുത്തു പ്രതികൾ സംബന്ധിച്ച് ഒരു വിദഗ്ധനായ ഡോക്ടർ ബി. എഫ്. വെസ്ററ്കോട്ട് പറഞ്ഞിരിക്കുന്നത് “ഈ വാക്യങ്ങൾ . . . മൂലവിവരണത്തിന്റെ ഒരു ഭാഗമല്ല, ഒരു കൂട്ടിച്ചേർപ്പാണെ”ന്നാണ്. (സുവിശേഷ പഠനങ്ങൾക്ക് ഒരു ആമുഖം [ഇംഗ്ലീഷ്], ലണ്ടൻ 1881, പേ. 338) അഞ്ചാം നൂററാണ്ടിൽ ബൈബിൾ ഭാഷാന്തരക്കാരനായ ജെറോം പറഞ്ഞത് “മിക്കവാറും എല്ലാ ഗ്രീക്കു കൈയ്യെഴുത്തു പ്രതികളിലും ഈ ഭാഗം ഇല്ല” എന്നാണ്. (മർക്കോസിന്റെ സുവിശേഷത്തിലെ അവസാനത്തെ പന്ത്രണ്ട് വാക്യങ്ങൾ, [ഇംഗ്ലീഷ്] ലണ്ടൻ, 1871, ജെ. ഡബ്ളിയു. ബർഗൺ, പേ. 53) ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ (1967) ഇപ്രകാരം പറയുന്നു: “അതിലെ വാക്കുകളും അതിന്റെ ശൈലിയും ആ സുവിശേഷത്തിന്റെ ശേഷം ഭാഗത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുകയാൽ മർക്കോസ് തന്നെ അത് [അതായത് 9-20 വാക്യങ്ങൾ] എഴുതിയിരിക്കാൻ ഒട്ടും സാദ്ധ്യതയില്ല.” (വാല്യം IX, പേ. 240) തങ്ങൾ വിശ്വാസികളാണെന്ന് തെളിയിക്കാൻ ആദിമ ക്രിസ്ത്യാനികൾ വിഷം കുടിക്കുകയോ സർപ്പങ്ങളെ പിടിക്കുകയോ ചെയ്തതായ യാതൊരു രേഖയുമില്ല.
അത്ഭുത രോഗശാന്തി വരുത്താനുളള പ്രാപ്തി പോലെയുളള വരങ്ങൾ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾക്കു നൽകപ്പെട്ടത് എന്തിനുവേണ്ടിയായിരുന്നു?
എബ്രാ. 2:3, 4: “നമ്മുടെ കർത്താവിലൂടെ പറഞ്ഞു തുടങ്ങിയതും അവനെ കേട്ടവർ നമുക്ക് ഉറപ്പിച്ചു തന്നതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ടും സാക്ഷ്യം വഹിച്ചതുമായ ഇത്ര വലിയ രക്ഷ ഗണ്യമാക്കാതെ പോയാൽ നാം എങ്ങനെ രക്ഷപ്പെടും?” (അന്നു പുതുതായി ആരംഭിച്ച ക്രിസ്തീയ സഭ യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നുളളതാണ് എന്നതിന് ബോദ്ധ്യം വരുത്തുന്ന തെളിവായിരുന്നു അത്. എന്നാൽ ഒരിക്കൽ അത് പൂർണ്ണമായും സ്ഥാപിച്ചു കഴിയുമ്പോൾ അത് വീണ്ടും വീണ്ടും തെളിയിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?)
1 കൊരി. 12:29, 30; 13:8, 13: “എല്ലാവരും പ്രവാചകൻമാരല്ല, ആണോ? . . . എല്ലാവർക്കും രോഗശാന്തി വരങ്ങളില്ല, ഉണ്ടോ? . . . എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നില്ല, ഉണ്ടോ? . . . സ്നേഹം ഒരുനാളും നിലച്ചുപോകുന്നില്ല. പ്രവചനവരമുണ്ടെങ്കിൽ അതു നീങ്ങിപ്പോകും; ഭാഷാവരമുണ്ടെങ്കിൽ അത് നിലച്ചുപോകും. . . . എന്നിരുന്നാലും ഇപ്പോൾ വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു; എന്നാൽ ഇവയിൽ ഏററവും വലിയതോ സ്നേഹം തന്നെ.” (അവയുടെ ഉദ്ദേശ്യം സാധിച്ചു കഴിഞ്ഞപ്പോൾ ആ അത്ഭുതവരങ്ങൾ നിന്നുപോകുമായിരുന്നു. എന്നാൽ ദൈവാത്മാവിന്റെ ഫലങ്ങളായ വിലതീരാത്ത ഗുണങ്ങൾ സത്യക്രിസ്ത്യാനികളുടെ ജീവിതത്തിൽ തുടർന്നും പ്രകടമാക്കപ്പെടുമായിരുന്നു.)
ഒരു വ്യക്തി സൗഖ്യമാക്കപ്പെടുന്നുവെങ്കിൽ അതെങ്ങനെയാണ് എന്നത് വാസ്തവത്തിൽ പ്രധാനമാണോ?
2 തെസ്സ. 2:9, 10: “അധർമ്മ മനുഷ്യന്റെ സാന്നിദ്ധ്യം നശിച്ചുപോകുന്നവർക്ക് സാത്താന്റെ പ്രവർത്തനത്തിനൊത്തവണ്ണം എല്ലാ വീര്യപ്രവൃത്തികളോടും [“എല്ലാത്തരം അത്ഭുതങ്ങളോടും,” JB] വ്യാജമായ അടയാളങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെയായിരിക്കും. രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തോടുളള സ്നേഹം അവർ സ്വീകരിക്കായ്കയാൽ അവർക്ക് അങ്ങനെ സംഭവിക്കുന്നു.”
ലൂക്കോ. 9:24, 25: “തന്റെ ദേഹിയെ [“ജീവനെ,” RS, JB, TEV] രക്ഷിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും അത് നഷ്ടമാക്കും; എന്നാൽ എന്നെപ്രതി അത് നഷ്ടമാക്കുന്ന ഏതൊരാളും അതിനെ രക്ഷപ്പെടുത്തും. വാസ്തവത്തിൽ ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടമാക്കുന്നെങ്കിൽ അല്ലെങ്കിൽ നശിച്ചു പോകുന്നെങ്കിൽ അയാൾക്ക് എന്തു പ്രയോജനം?”
എല്ലാ രോഗങ്ങളിൽനിന്നുമുളള യഥാർത്ഥ സൗഖ്യമാക്കൽ സംബന്ധിച്ച് എന്ത് പ്രത്യാശയാണുളളത്?
വെളി. 21:1-4: “ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു; എന്തുകൊണ്ടെന്നാൽ മുമ്പത്തെ ആകാശവും മുമ്പത്തെ ഭൂമിയും നീങ്ങിപ്പോയിരുന്നു . . . ‘അവൻ [ദൈവം] അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചു കളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, ദുഃഖമോ മുറവിളിയോ വേദനയോ മേലാൽ ഉണ്ടായിരിക്കുകയില്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.’”
യെശ. 25:8: “അവൻ മരണത്തെ സദാകാലത്തേക്കും യഥാർത്ഥമായി വിഴുങ്ങിക്കളയും, പരമാധികാരിയാം കർത്താവായ യഹോവ തീർച്ചയായും എല്ലാ മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടച്ചുകളയും.” (കൂടാതെ വെളിപ്പാട് 22:1, 2)
യെശ. 33:24: “യാതൊരു നിവാസിയും ‘എനിക്ക് രോഗം’ എന്നു പറയുകയില്ല.”
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘നിങ്ങൾ രോഗശാന്തിയിൽ വിശ്വസിക്കുന്നുണ്ടോ?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘രോഗം സൗഖ്യമാക്കാൻ ദൈവത്തിന് കഴിവുണ്ട് എന്ന് വിശ്വസിക്കാത്ത ആരും ബൈബിളിൽ വിശ്വസിക്കുന്നില്ല. എന്നാൽ ഇന്ന് ആളുകൾ ചെയ്യുന്ന രീതി ശരിയാണോ എന്ന് സംശയിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ഞാൻ ഒരു തിരുവെഴുത്ത് വായിക്കട്ടെ, ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു രീതി ഇന്ന് കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. (മത്താ. 10:7, 8) . . . തന്റെ ശിഷ്യൻമാർക്ക് ചെയ്യാൻ കഴിയുമെന്ന് യേശു പറഞ്ഞതും ഇന്നത്തെ രോഗശാന്തിക്കാർക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതി നിങ്ങൾ ശ്രദ്ധിച്ചോ? (അവർക്ക് മരിച്ചവരെ ഉയർപ്പിക്കാൻ കഴിയുന്നില്ല.)’ (2) ‘നാം മററുളളവരെ വിധിക്കേണ്ടയാവശ്യമില്ല, എന്നാൽ നാം സൂക്ഷിക്കേണ്ടതായ ഒരു സംഗതി മത്തായി 24:24-ൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധാർഹമാണ്.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘സൗഖ്യമാക്കൽ സംബന്ധിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്നു ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. എന്നാൽ ഈ വ്യവസ്ഥിതിയിലെ ഏതു സൗഖ്യമാക്കലും താൽക്കാലിക ആശ്വാസമേ കൈവരുത്തുന്നുളളു, അല്ലേ? അവസാനം നാം എല്ലാവരും മരിക്കുന്നു. ജീവിച്ചിരിക്കുന്ന എല്ലാവരും നല്ല ആരോഗ്യം ആസ്വദിക്കുകയും ഒരിക്കലും മരിക്കേണ്ടയാവശ്യമില്ലാതിരിക്കുകയും ചെയ്യുന്ന ഒരു കാലം എന്നെങ്കിലും ഉണ്ടായിരിക്കുമോ? (വെളി. 21:3, 4)’