അധ്യായം 12
സംഘടിതരായി ‘സമാധാനത്തിന്റെ ദൈവത്തെ’ സേവിക്കുന്നു
1, 2. 1895 ജനുവരിയിൽ സീയോന്റെ വീക്ഷാഗോപുരത്തിന് എന്തു മാറ്റം വന്നു, സഹോദരങ്ങളുടെ പ്രതികരണം എന്തായിരുന്നു?
തീക്ഷ്ണതയുള്ള ഒരു ബൈബിൾവിദ്യാർഥിയായിരുന്നു ജോൺ എ. ബോനറ്റ്. 1895 ജനുവരി ലക്കം സീയോന്റെ വീക്ഷാഗോപുരം കൈയിൽ കിട്ടിയപ്പോൾ അദ്ദേഹം ആകെ കോരിത്തരിച്ചുപോയി. അത്ര ആകർഷകമായിരുന്നു അതിന്റെ പുതിയ പുറംതാളിലെ ചിത്രം. കൊടുങ്കാറ്റിൽ ഇളകിമറിയുന്ന കടലും അതിന്റെ പശ്ചാത്തലത്തിൽ ഉയർന്നുനിൽക്കുന്ന ഒരു ദീപസ്തംഭവും. ഇരുണ്ട ആകാശത്തെ കീറിമുറിച്ചുകൊണ്ട് അതിൽനിന്ന് പ്രകാശകിരണങ്ങൾ പുറപ്പെടുന്നുണ്ടായിരുന്നു. ഈ പുതിയ രൂപകല്പനയെക്കുറിച്ച് ആ മാസികയിലുണ്ടായിരുന്ന അറിയിപ്പിന്റെ തലക്കെട്ട്, “നമ്മുടെ പുത്തൻ കുപ്പായം” എന്നായിരുന്നു.
2 ആ മാസിക കണ്ട് വലിയ മതിപ്പു തോന്നിയ ബോനറ്റ് സഹോദരൻ, റസ്സൽ സഹോദരന് ഒരു കത്ത് അയച്ചു. “പുതിയ കുപ്പായം ഇട്ട വീക്ഷാഗോപുരം കാണാൻ നല്ല ഭംഗിയുണ്ട്, വളരെ മനോഹരം” എന്ന് അദ്ദേഹം എഴുതി. ജോൺ എച്ച്. ബ്രൗൺ എന്ന വിശ്വസ്തനായ മറ്റൊരു ബൈബിൾവിദ്യാർഥിയുടെ അഭിപ്രായം ഇതായിരുന്നു: “അത് ആരുടെയും ശ്രദ്ധ പിടിച്ചെടുക്കും. തിരമാലകളും കൊടുങ്കാറ്റും ആഞ്ഞടിച്ചിട്ടും ആ ഗോപുരത്തിന്റെ അടിത്തറയ്ക്ക് എന്തൊരു ഉറപ്പാണ്!” ആ വർഷം നമ്മുടെ സഹോദരങ്ങൾ കണ്ട ആദ്യത്തെ മാറ്റമായിരുന്നു അത്. പക്ഷേ ഇനിയും മാറ്റങ്ങൾ വരാനിരിക്കുകയായിരുന്നു. നവംബർ മാസത്തിൽ അവർ മറ്റൊരു പ്രധാനമാറ്റത്തെക്കുറിച്ച് അറിഞ്ഞു. രസകരമെന്നു പറയട്ടെ, ആ മാറ്റത്തിനും ഇളകിമറിയുന്ന ഒരു കടലുമായി ബന്ധമുണ്ടായിരുന്നു.
3, 4. 1895 നവംബർ 15 ലക്കം വീക്ഷാഗോപുരം ഏതു പ്രശ്നം ചർച്ച ചെയ്തു, ഏതു മാറ്റമാണ് ആ ലേഖനത്തിലൂടെ പ്രഖ്യാപിച്ചത്?
3 1895 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിൽ, ബൈബിൾവിദ്യാർഥികളുടെ സംഘടനയിലെ സമാധാനത്തിനു തുരങ്കംവെക്കുന്ന ഒരു പ്രശ്നം വളരെ വിശദമായി ചർച്ച ചെയ്യുന്ന ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. കൊടുങ്കാറ്റിൽ ആഞ്ഞടിക്കുന്ന തിരമാലകൾപോലെ ആ പ്രശ്നം സംഘടനയെ ബാധിച്ചിരുന്നു. പ്രാദേശികസഭകളിൽ ആരായിരിക്കണം നേതാവ് എന്നതിനെക്കുറിച്ചുള്ള തർക്കങ്ങൾ സഹോദരങ്ങൾക്കിടയിൽ വർധിച്ചുവരുന്നുണ്ടായിരുന്നു. ചേരിതിരിവുണ്ടാക്കുന്ന ഈ മത്സരമനോഭാവം തിരുത്താൻ ആ ലേഖനം സഹോദരങ്ങളെ സഹായിച്ചു. അതു സംഘടനയെ ഒരു കപ്പലിനോടു താരതമ്യപ്പെടുത്തി. അന്നു സംഘടനയ്ക്കു നേതൃത്വമെടുത്തിരുന്നവർ ഒരു കാര്യത്തിൽ പരാജയപ്പെട്ടെന്ന് ആ ലേഖനം തുറന്ന് സമ്മതിച്ചു. കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയെ നേരിടാൻ കപ്പൽസമാനമായ ആ സംഘടനയെ അവർ ഒരുക്കിയിട്ടില്ലായിരുന്നു. പക്ഷേ എന്താണു ചെയ്യേണ്ടിയിരുന്നത്?
4 കപ്പലിൽ ജീവൻരക്ഷാസാമഗ്രികളുണ്ടെന്നും ഒരു കൊടുങ്കാറ്റു വന്നാൽ കപ്പലിന്റെ മുകൾത്തട്ടിലെ വാതിലുകളെല്ലാം അടയ്ക്കാൻ കപ്പൽജോലിക്കാർ സജ്ജരാണെന്നും സമർഥനായ ഒരു കപ്പിത്താൻ ഉറപ്പുവരുത്തുമെന്ന് ആ ലേഖനം ചൂണ്ടിക്കാണിച്ചു. അതുപോലെ, എല്ലാ സഭകളും കൊടുങ്കാറ്റുസമാനമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന്, സംഘടനയെ നയിക്കുന്നവരും ഉറപ്പുവരുത്തേണ്ടിയിരുന്നു. അതിനു സഹായിക്കുന്ന വലിയൊരു മാറ്റം ആ ലേഖനത്തിലൂടെ പ്രഖ്യാപിച്ചു. “ആട്ടിൻകൂട്ടത്തിനു ‘മേൽവിചാരണ നടത്തുക’” എന്ന ലക്ഷ്യത്തിൽ എത്രയും പെട്ടെന്ന് “ഓരോ സഭയിലും മൂപ്പന്മാരെ തെരഞ്ഞെടുക്കാൻ” ആ ലേഖനം നിർദേശിച്ചു.—പ്രവൃ. 20:28.
5. (എ) സഭകളിൽ മൂപ്പന്മാരുണ്ടായിരിക്കാനുള്ള പുതിയ ക്രമീകരണം സമയോചിതമായ ഒരു കാൽവെപ്പായിരുന്നത് എന്തുകൊണ്ട്? (ബി) ഏതെല്ലാം ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?
5 സഭകളിൽ മൂപ്പന്മാരുണ്ടായിരിക്കാനുള്ള ആ പുതിയ ക്രമീകരണം, സ്ഥിരതയുള്ള ഒരു സഭാഘടന ഉണ്ടാക്കിയെടുക്കുന്നതിലെ സമയോചിതമായ ഒരു കാൽവെപ്പായിരുന്നെന്നു തെളിഞ്ഞു. ഒന്നാം ലോകമഹായുദ്ധം ഇളക്കിവിട്ട ശക്തമായ തിരമാലകൾക്കിടയിലൂടെ മുന്നോട്ടു നീങ്ങാൻ അതു നമ്മുടെ സഹോദരങ്ങളെ സഹായിച്ചു. പിന്നീടു വന്ന ദശകങ്ങളിൽ സംഘടനാപരമായ പല കാര്യങ്ങളിലും മെച്ചപ്പെടുത്തലുകളുണ്ടായി. യഹോവയെ സേവിക്കുന്നതിനു കൂടുതൽ സജ്ജരായിത്തീരാൻ ദൈവജനത്തെ ഇതു സഹായിച്ചു. ഈ സംഭവവികാസത്തെക്കുറിച്ച് ഏതു ബൈബിൾപ്രവചനമാണു മുൻകൂട്ടിപ്പറഞ്ഞിരുന്നത്? സംഘടനാപരമായ ഏതെല്ലാം മാറ്റങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്? അതിൽനിന്ന് നിങ്ങൾക്കു പ്രയോജനം കിട്ടിയിരിക്കുന്നത് എങ്ങനെയാണ്?
‘ഞാൻ സമാധാനത്തെ നിന്റെ മേൽനോട്ടക്കാരായി നിയമിക്കും’
6, 7. (എ) യശയ്യ 60: 17-ന്റെ അർഥം എന്താണ്? (ബി) ‘മേൽനോട്ടക്കാർ’, ‘മേധാവികൾ’ എന്നിവരെക്കുറിച്ചുള്ള പരാമർശം എന്തു സൂചിപ്പിക്കുന്നു?
6 ഒൻപതാമത്തെ അധ്യായത്തിൽ നമ്മൾ കണ്ടതുപോലെ, തന്റെ ജനത്തിന്റെ എണ്ണം വർധിപ്പിച്ചുകൊണ്ട് യഹോവ അവരെ അനുഗ്രഹിക്കുമെന്ന് യശയ്യ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശ. 60:22) എന്നാൽ അതിൽക്കൂടുതലും ചെയ്യുമെന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. അതേ പ്രവചനത്തിൽ യഹോവ ഇങ്ങനെയും പറയുന്നു: “ഞാൻ ചെമ്പിനു പകരം സ്വർണം കൊണ്ടുവരും, ഇരുമ്പിനു പകരം വെള്ളിയും തടിക്കു പകരം ചെമ്പും കല്ലിനു പകരം ഇരുമ്പും കൊണ്ടുവരും; ഞാൻ സമാധാനത്തെ നിന്റെ മേൽനോട്ടക്കാരും നീതിയെ നിന്റെ മേധാവികളും ആയി നിയമിക്കും.” (യശ. 60:17) ആ പ്രവചനത്തിന്റെ അർഥം എന്താണ്? അതു നമുക്ക് ഇന്നു ബാധകമാകുന്നത് എങ്ങനെ?
അതു പക്ഷേ, മോശമായതിന്റെ സ്ഥാനത്ത് നല്ലതു വരുന്ന ഒരു മാറ്റമല്ല മറിച്ച് നല്ലതിന്റെ സ്ഥാനത്ത് കുറെക്കൂടെ നല്ലതു വരുന്ന ഒരു മാറ്റമാണ്
7 ഒരു വസ്തുവിനു പകരം മറ്റൊരു വസ്തു വരുമെന്നാണ് യശയ്യ പ്രവചനം പറയുന്നത്. അതു പക്ഷേ, മോശമായതിന്റെ സ്ഥാനത്ത് നല്ലതു വരുന്ന ഒരു മാറ്റമല്ല മറിച്ച് നല്ലതിന്റെ സ്ഥാനത്ത് കുറെക്കൂടെ നല്ലതു വരുന്ന ഒരു മാറ്റമാണ് എന്നതു ശ്രദ്ധിക്കുക. ചെമ്പിനു പകരം സ്വർണം ഉപയോഗിക്കുന്നത് ഒരു മെച്ചപ്പെടുത്തലാണ്. ഇവിടെ പറയുന്ന മറ്റു വസ്തുക്കളുടെ കാര്യവും അങ്ങനെതന്നെ. അതുകൊണ്ട്, തന്റെ ജനത്തിന്റെ അവസ്ഥ പടിപടിയായി മെച്ചപ്പെടുമെന്നാണ് ഈ വാങ്മയചിത്രത്തിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ ഏതു കാര്യത്തിലുള്ള മെച്ചപ്പെടുത്തലിനെക്കുറിച്ചാണ് ആ പ്രവചനം പറയുന്നത്? ‘മേൽനോട്ടക്കാർ’ അഥവാ മേൽവിചാരകന്മാർ, ‘മേധാവികൾ’ എന്നിവരെക്കുറിച്ചുള്ള പരാമർശത്തിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം. തന്റെ ജനം പരിപാലിക്കപ്പെടുകയും സംഘടിപ്പിക്കപ്പെടുകയും ചെയ്യുന്ന രീതിക്കു ക്രമേണ മെച്ചപ്പെടുത്തലുകൾ വരുമെന്നാണ് അതിലൂടെ യഹോവ സൂചിപ്പിച്ചത്.
8. (എ) യശയ്യ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന മെച്ചപ്പെടുത്തലുകൾക്കു പിന്നിൽ ആരാണ്? (ബി) ഈ മെച്ചപ്പെടുത്തലുകൾ നമുക്കു പ്രയോജനപ്പെടുന്നത് എങ്ങനെയാണ്? (“അദ്ദേഹം താഴ്മയോടെ തിരുത്തൽ സ്വീകരിച്ചു” എന്ന ചതുരവും കാണുക.)
8 സംഘടനാപരമായ ഈ പുരോഗതിക്കു പിന്നിൽ ആരാണ്? “ഞാൻ . . . സ്വർണം കൊണ്ടുവരും, . . . ഞാൻ സമാധാനത്തെ . . . നിയമിക്കും” എന്നു പറയുന്നത് യഹോവയാണ്. അതെ, സഭയെ സംഘടിപ്പിച്ചിരിക്കുന്ന രീതി മെച്ചപ്പെട്ടിരിക്കുന്നതു മനുഷ്യരുടെ ശ്രമങ്ങൾകൊണ്ടല്ല, അതിനു പിന്നിൽ പ്രവർത്തിച്ചത് യഹോവതന്നെയാണ്. യേശു രാജാവായി സ്ഥാനമേറ്റശേഷമോ? തുടർന്ന്, ഈ പുത്രനിലൂടെ യഹോവ അത്തരം മെച്ചപ്പെടുത്തലുകളെല്ലാം വരുത്തിയിരിക്കുന്നു. ആ മാറ്റങ്ങൾ നമുക്കു പ്രയോജനപ്പെടുന്നത് എങ്ങനെയാണ്? അത്തരം മെച്ചപ്പെടുത്തലുകൾ ‘സമാധാനത്തിനും’ ‘നീതിക്കും’ കാരണമാകുമെന്ന് അതേ തിരുവെഴുത്തു പറയുന്നു. അതെ, നമ്മൾ ദൈവത്തിന്റെ മാർഗനിർദേശം സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമ്പോൾ നമ്മുടെ ഇടയിൽ സമാധാനമുണ്ടായിരിക്കും. ഇനി നമുക്കു നീതിയോടു സ്നേഹമുണ്ടെങ്കിലോ? പൗലോസ് അപ്പോസ്തലൻ, “സമാധാനത്തിന്റെ ദൈവം” എന്നു വിശേഷിപ്പിച്ച യഹോവയെ സേവിക്കാൻ, നീതിയോടുള്ള സ്നേഹം നമ്മളെ പ്രേരിപ്പിക്കും.—ഫിലി. 4:9.
9. സഭയിലെ ക്രമത്തിന്റെയും ഐക്യത്തിന്റെയും ശരിയായ അടിസ്ഥാനം എന്താണ്, എന്തുകൊണ്ട്?
9 യഹോവയെക്കുറിച്ച് പൗലോസ് ഇങ്ങനെയും എഴുതി: “ദൈവം സമാധാനത്തിന്റെ ദൈവമാണ്, കുഴഞ്ഞുമറിഞ്ഞ അവസ്ഥയുടെ ദൈവമല്ല.” (1 കൊരി. 14:33) കുഴഞ്ഞുമറിഞ്ഞ അവസ്ഥയ്ക്കു വിപരീതമായി പൗലോസ് ഉപയോഗിച്ച പദം ക്രമം അഥവാ ചിട്ട എന്നതല്ല, മറിച്ച് സമാധാനം എന്നതാണ്. എന്തായിരിക്കും അതിനു കാരണം? ഇതെക്കുറിച്ച് ഒന്നു ചിന്തിക്കൂ: നല്ല ക്രമം അഥവാ ചിട്ട ഉള്ളതുകൊണ്ടുമാത്രം സമാധാനമുണ്ടാകണമെന്നില്ല. ഉദാഹരണത്തിന്, ഒരു കൂട്ടം പട്ടാളക്കാർ നല്ല ചിട്ടയോടെ യുദ്ധമുന്നണിയിലേക്കു നടന്നുനീങ്ങിയേക്കാം. പക്ഷേ ചിട്ടയോടെയുള്ള ആ മുന്നേറ്റം സമാധാനത്തിലല്ല യുദ്ധത്തിലാണു കലാശിക്കാറുള്ളത്. അതുകൊണ്ട് ക്രിസ്ത്യാനികളായ നമ്മൾ സുപ്രധാനമായ ഒരു വസ്തുത എപ്പോഴും ഓർക്കണം: ഏതൊരു സംവിധാനവും കെട്ടിപ്പൊക്കിയിരിക്കുന്നതു സമാധാനം എന്ന അടിത്തറയിലല്ലെങ്കിൽ, അതിന് എത്ര ചിട്ടയും ക്രമവും ഉണ്ടായാലും ഒരുനാൾ അതു നിലംപൊത്തും. നേരെ മറിച്ച്, ദൈവികസമാധാനമാണ് ആ ക്രമത്തിന്റെ അടിസ്ഥാനമെങ്കിൽ അതിനു യാതൊരു കുഴപ്പവും വരില്ല. അതുകൊണ്ടുതന്നെ, “സമാധാനം തരുന്ന ദൈവം” നമ്മുടെ സംഘടനയെ നയിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! (റോമ. 15:33) ലോകമെമ്പാടുമുള്ള നമ്മുടെ സഭകളിൽ നമ്മൾ ആസ്വദിക്കുന്ന, നമ്മൾ വളരെയേറെ വിലമതിക്കുന്ന ക്രമത്തിന്റെയും ഐക്യത്തിന്റെയും അടിസ്ഥാനം ദൈവം നൽകുന്ന സമാധാനമാണ്. ആ ക്രമം എത്ര വലിയൊരു നേട്ടമാണ്, ആ ഐക്യം എത്ര ഹൃദയസ്പർശിയാണ്!—സങ്കീ. 29:11.
10. (എ) മുൻകാലങ്ങളിൽ നമ്മുടെ സംഘടനയിൽ വന്ന ചില മാറ്റങ്ങൾ ഏതെല്ലാം? (“മേൽവിചാരണ നടത്തുന്ന രീതിക്കു വന്ന മാറ്റങ്ങൾ” എന്ന ചതുരം കാണുക.) (ബി) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
10 മുൻകാലങ്ങളിൽ നമ്മുടെ സംഘടനയിൽ ക്രമീകൃതമായ രീതിയിൽ വരുത്തിയ ചില മാറ്റങ്ങളുടെ ഒരു രത്നച്ചുരുക്കം, “മേൽവിചാരണ നടത്തുന്ന രീതിക്കു വന്ന മാറ്റങ്ങൾ” എന്ന ചതുരത്തിലുണ്ട്. വളരെ പ്രയോജനം ചെയ്ത ചില മാറ്റങ്ങളായിരുന്നു അവ. എന്നാൽ കുറെക്കൂടെ അടുത്ത കാലത്ത്, യഹോവ നമ്മുടെ രാജാവിലൂടെ മറ്റു ചില മാറ്റങ്ങൾ നടപ്പാക്കി. “ചെമ്പിനു പകരം സ്വർണം” കൊണ്ടുവരുന്നതുപോലുള്ള ആ മാറ്റങ്ങൾ ഏതെല്ലാമായിരുന്നു? മേൽവിചാരണയിൽ വരുത്തിയ ആ മാറ്റങ്ങൾ ലോകമെങ്ങുമുള്ള സഭകളിലെ സമാധാനവും ഐക്യവും ശക്തിപ്പെടുത്തിയിരിക്കുന്നത് എങ്ങനെ? ‘സമാധാനത്തിന്റെ ദൈവത്തെ’ സേവിക്കാൻ ആ മാറ്റങ്ങൾ നിങ്ങളെ വ്യക്തിപരമായി സഹായിക്കുന്നത് എങ്ങനെയാണ്?
ക്രിസ്തു സഭയെ നയിക്കുന്ന വിധം
11. (എ) തിരുവെഴുത്തുകളുടെ ഒരു പഠനം നടത്തിയപ്പോൾ നമ്മുടെ ഗ്രാഹ്യത്തിന് എന്തു മാറ്റം വന്നു? (ബി) ഭരണസംഘത്തിലെ സഹോദരന്മാർ ഏതു കാര്യം ചെയ്യാൻ ദൃഢനിശ്ചയമുള്ളവരായിരുന്നു?
11 1964 മുതൽ 1971 വരെയുള്ള കാലത്ത് ഭരണസംഘത്തിന്റെ മേൽനോട്ടത്തിനു കീഴിൽ ഒരു വിശദമായ ബൈബിൾപഠനപ്രോജക്ട് നടത്തുകയുണ്ടായി. പല വിഷയങ്ങളുടെയും കൂട്ടത്തിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭ പ്രവർത്തിച്ച വിധവും അവർ പഠനവിധേയമാക്കി.a അതിന്റെ സംഘടനാപരമായ ഘടനയെപ്പറ്റി പഠിച്ചപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി. ഒന്നാം നൂറ്റാണ്ടിൽ സഭകളിൽ മേൽവിചാരണ നടത്തിയിരുന്നത് ഒരു മൂപ്പൻ അഥവാ മേൽവിചാരകൻ തനിച്ചായിരുന്നില്ല, അതിനു മൂപ്പന്മാരുടെ ഒരു സംഘംതന്നെയുണ്ടായിരുന്നു. (ഫിലിപ്പിയർ 1:1; 1 തിമൊഥെയൊസ് 4:14 വായിക്കുക.) ഇക്കാര്യം നന്നായി മനസ്സിലായപ്പോൾ, ദൈവജനത്തിന്റെ സംഘടനാപരമായ ഘടനയിൽ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിലേക്കു രാജാവായ യേശു തങ്ങളെ നയിക്കുകയാണെന്നു ഭരണസംഘം തിരിച്ചറിഞ്ഞു. രാജാവിന്റെ നിർദേശങ്ങൾക്കു കീഴ്പെടാൻ ദൃഢനിശ്ചയമുള്ളവരായിരുന്നു ഭരണസംഘത്തിലെ ആ സഹോദരന്മാർ. മൂപ്പന്മാരുടെ ക്രമീകരണത്തെപ്പറ്റി തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങൾ അതേപടി സംഘടനയിൽ നടപ്പാക്കാൻ ആവശ്യമായ മാറ്റങ്ങൾ ഉടൻതന്നെ അവർ വരുത്തി. 1970-കളുടെ തുടക്കത്തിൽ വരുത്തിയ അത്തരം ചില മാറ്റങ്ങൾ ഏതൊക്കെയായിരുന്നു?
12. (എ) ഭരണസംഘത്തിനുള്ളിൽ എന്തു മാറ്റമാണു വരുത്തിയത്? (ബി) ഭരണസംഘത്തെ ഇക്കാലത്ത് എങ്ങനെയാണു സംഘടിപ്പിച്ചിരിക്കുന്നതെന്നു വിവരിക്കുക. (“ഭരണസംഘം ദൈവരാജ്യകാര്യങ്ങൾ നോക്കിനടത്തുന്ന വിധം” എന്ന ചതുരം കാണുക.)
12 മാറ്റം ആദ്യം ഭരണസംഘത്തിൽനിന്നുതന്നെ തുടങ്ങി. ആ സമയംവരെ, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയ എന്ന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിലെ ഏഴ് അഭിഷിക്ത അംഗങ്ങളും ചേർന്നതായിരുന്നു ഭരണസംഘം. എന്നാൽ 1971-ൽ ഭരണസംഘത്തിന്റെ അംഗസംഖ്യ 7-ൽനിന്ന് 11 ആയി വർധിപ്പിച്ചു. അപ്പോൾമുതൽ ഭരണസംഘത്തെയും ഡയറക്ടർ ബോർഡിനെയും രണ്ടായി കാണാൻ തുടങ്ങി. ഭരണസംഘത്തിലെ അംഗങ്ങൾ പരസ്പരം തുല്യരായാണു കണക്കാക്കിയത്. വർഷംതോറും അതിന്റെ അധ്യക്ഷസ്ഥാനത്ത് അവർ ഓരോരുത്തരും അക്ഷരമാലാക്രമത്തിൽ മാറിമാറി വരാനും തുടങ്ങി.
13. (എ) 40 വർഷത്തോളം ഏതു ക്രമീകരണമാണു നിലവിലിരുന്നത്? (ബി) 1972-ൽ ഭരണസംഘം എന്തു ചെയ്തു?
13 തുടർന്ന് വന്ന മാറ്റം ഓരോ സഭയെയും ബാധിച്ചു. എങ്ങനെ? 1932 മുതൽ 1972 വരെയുള്ള കാലത്ത് പ്രധാനമായും ഒരു സഹോദരൻ മാത്രമാണു സഭയുടെ മേൽനോട്ടം നടത്തിയിരുന്നത്. 1936 വരെ ആ നിയമിതസഹോദരനെ സേവന ഡയറക്ടർ എന്നാണു വിളിച്ചിരുന്നത്. ആ പേര് പിന്നീടു കമ്പനി ദാസൻ എന്നും തുടർന്ന് സഭാദാസൻ എന്നും ഒടുവിൽ സഭാമേൽവിചാരകൻ എന്നും മാറ്റുകയുണ്ടായി. ആ നിയമിതസഹോദരന്മാർ ആട്ടിൻകൂട്ടത്തിന്റെ ആത്മീയക്ഷേമത്തിനുവേണ്ടി തീക്ഷ്ണതയോടെ പ്രവർത്തിച്ചു. സാധാരണയായി, സഭാമേൽവിചാരകൻ സഭയുടെ കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നത് സഭയിലെ മറ്റു നിയമിതദാസന്മാരുമായി കൂടിയാലോചിക്കാതെയായിരുന്നു. എന്നാൽ 1972-ൽ ഭരണസംഘം ചരിത്രപ്രധാനമായ ഒരു മാറ്റത്തിനു വഴി തുറന്നു. എന്തായിരുന്നു ആ മാറ്റം?
14. (എ) 1972 ഒക്ടോബർ 1-ന് ഏതു പുതിയ ക്രമീകരണം നിലവിൽ വന്നു? (ബി) മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ ഫിലിപ്പിയർ 2:3-ലെ ഉപദേശം എങ്ങനെയാണു ബാധകമാക്കുന്നത്?
14 ഓരോ സഭയിലും ഒരു സഹോദരൻ മാത്രം സഭാമേൽവിചാരകനായി സേവിക്കുന്ന ക്രമീകരണത്തിനു പകരം, തിരുവെഴുത്തുയോഗ്യതയുള്ള മറ്റു സഹോദരന്മാരെയും ദിവ്യാധിപത്യരീതിയിൽ ക്രിസ്തീയമൂപ്പന്മാരായി നിയമിക്കാനായിരുന്നു തീരുമാനം. അവർ ഒരുമിച്ച് മൂപ്പന്മാരുടെ ഒരു സംഘമെന്ന നിലയിൽ പ്രാദേശികസഭയുടെ മേൽവിചാരണ നടത്തുമായിരുന്നു. ഈ പുതിയ ക്രമീകരണം 1972 ഒക്ടോബർ 1-നു നിലവിൽ വന്നു. ഇന്നു മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ തന്നെത്തന്നെ കാണുന്നതു സമന്മാരിൽ ഒന്നാമനായല്ല, മറിച്ച് ഒരു ‘ചെറിയവനായാണ്.’ (ലൂക്കോ. 9:48) ലോകവ്യാപക സഹോദരകുടുംബത്തിന്, താഴ്മയുള്ള ഈ സഹോദരന്മാർ എത്ര വലിയൊരു അനുഗ്രഹമാണ്!—ഫിലി. 2:3.
നമ്മുടെ രാജാവ് ദീർഘവീക്ഷണത്തോടെയാണു കാര്യങ്ങൾ ചെയ്തതെന്നു വ്യക്തം. തന്റെ അനുഗാമികൾക്ക് ആവശ്യമായ ഇടയന്മാരെ രാജാവ് തന്നതു തക്കസമയത്തു തന്നെയാണ്
15. (എ) സഭകളിൽ മൂപ്പന്മാരുടെ ഒരു സംഘമുണ്ടായിരിക്കാനുള്ള ക്രമീകരണത്തിലൂടെ എന്തെല്ലാം പ്രയോജനങ്ങളുണ്ടായിരിക്കുന്നു? (ബി) നമ്മുടെ രാജാവ് ദീർഘവീക്ഷണത്തോടെയാണു കാര്യങ്ങൾ ചെയ്തതെന്ന് എന്തു തെളിയിക്കുന്നു?
15 മൂപ്പന്മാരുടെ സംഘത്തിലെ എല്ലാ അംഗങ്ങളും ചേർന്ന് സഭയുടെ ഉത്തരവാദിത്വം വഹിക്കുന്ന ക്രമീകരണം ഒരു വലിയ മെച്ചപ്പെടലാണെന്നു തെളിഞ്ഞിരിക്കുന്നു. അതിനു മൂന്നു പ്രയോജനങ്ങളുണ്ട്. ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും ആയ പ്രയോജനം ഇതാണ്: മൂപ്പന്മാർ സഭയിൽ എത്ര ഘനമേറിയ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരായാലും, യേശുവാണു സഭയുടെ തല എന്ന കാര്യം എപ്പോഴും ഓർക്കാൻ ഈ ക്രമീകരണം അവരെ സഹായിക്കുന്നു. (എഫെ. 5:23) രണ്ടാമതായി, സുഭാഷിതങ്ങൾ 11:14 പറയുന്നതുപോലെ, “ധാരാളം ഉപദേശകരുള്ളപ്പോൾ വിജയം നേടാനാകുന്നു.” മൂപ്പന്മാർ സഭയുടെ ആത്മീയക്ഷേമത്തെ ബാധിക്കുന്ന കാര്യങ്ങൾ ഒരുമിച്ചുകൂടി ആലോചിക്കുകയും ഓരോരുത്തരും മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ പരിഗണിക്കുകയും ചെയ്യുമ്പോൾ തിരുവെഴുത്തുതത്ത്വങ്ങൾക്കു ചേർച്ചയിലുള്ള തീരുമാനങ്ങളിലെത്താൻ അവർക്കു സാധിക്കുന്നു. (സുഭാ. 27:17) അങ്ങനെയുള്ള തീരുമാനങ്ങളെ യഹോവ അനുഗ്രഹിക്കുന്നു, അവ വിജയിക്കുകയും ചെയ്യുന്നു. മൂന്നാമതായി, കൂടുതൽ സഹോദരന്മാർ യോഗ്യത നേടി മൂപ്പന്മാരായി സേവിക്കുന്നതുകൊണ്ട് സംഘടനയ്ക്ക് ഒരു പ്രയോജനമുണ്ട്. മേൽവിചാരണ നടത്തുക, ഇടയവേല ചെയ്യുക എന്നീ കാര്യങ്ങളിൽ സഭകളിലെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ സംഘടനയ്ക്കു കഴിഞ്ഞിരിക്കുന്നു. (യശ. 60:3-5) ഒന്നു ചിന്തിച്ചുനോക്കൂ! 1971-ൽ ലോകവ്യാപകമായി 27,000 സഭകളുണ്ടായിരുന്ന സ്ഥാനത്ത് 2013-ൽ അത് 1,13,000 ആയി വർധിച്ചു! നമ്മുടെ രാജാവ് ദീർഘവീക്ഷണത്തോടെയാണു കാര്യങ്ങൾ ചെയ്തതെന്നു വ്യക്തം. തന്റെ അനുഗാമികൾക്ക് ആവശ്യമായ ഇടയന്മാരെ രാജാവ് തന്നതു തക്കസമയത്തുതന്നെയാണ്!—മീഖ 5:5.
‘ആട്ടിൻപറ്റത്തിനു മാതൃകകളായി’
16. (എ) മൂപ്പന്മാർക്ക് എന്ത് ഉത്തരവാദിത്വമുണ്ട്? (ബി) ‘കുഞ്ഞാടുകളെ മേയ്ക്കാനുള്ള’ യേശുവിന്റെ ഉപദേശത്തെ ബൈബിൾവിദ്യാർഥികൾ എങ്ങനെയാണു കണ്ടത്?
16 സഹവിശ്വാസികളെ ദൈവസേവകരായി തുടരാൻ സഹായിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്ന് ആദ്യകാല ബൈബിൾവിദ്യാർഥികളുടെ കാലത്തുതന്നെ മൂപ്പന്മാർ മനസ്സിലാക്കിയിരുന്നു. (ഗലാത്യർ 6:10 വായിക്കുക.) 1908-ൽ വീക്ഷാഗോപുരത്തിൽ വന്ന ഒരു ലേഖനം, “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക” എന്ന യേശുവിന്റെ ഉപദേശത്തെക്കുറിച്ച് ചർച്ച ചെയ്തു. (യോഹ. 21:15-17) ആ ലേഖനം മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞു: “ആട്ടിൻപറ്റത്തിന്റെ കാര്യത്തിൽ യജമാനൻ തന്ന നിയോഗത്തിനു നമ്മുടെ ഹൃദയങ്ങളിൽ ഒരു പ്രമുഖസ്ഥാനമുണ്ടായിരിക്കണം. കർത്താവിന്റെ അനുഗാമികളെ തീറ്റുന്നതും പോറ്റുന്നതും ഒരു വലിയ പദവിയായിത്തന്നെ നമ്മൾ കാണണം. ഇതിന്റെ പ്രാധാന്യം കുറച്ചുകാണരുത്.” 1925-ലെ ഒരു വീക്ഷാഗോപുരം ഇടയന്മാരായി സേവിക്കുന്നതിന്റെ പ്രാധാന്യം വീണ്ടും ഊന്നിപ്പറഞ്ഞു. അതു മൂപ്പന്മാർക്ക് ഇങ്ങനെയൊരു ഓർമിപ്പിക്കൽ നൽകി: “സഭ ദൈവത്തിന്റേതാണ് . . . സഹോദരങ്ങളെ സേവിക്കാനുള്ള പദവി ലഭിച്ച എല്ലാവരും അതിന്റെ പേരിൽ ദൈവമുമ്പാകെ ഉത്തരം പറയേണ്ടിവരും.”
17. പ്രാപ്തരായ ഇടയന്മാരായിത്തീരാൻ മേൽവിചാരകന്മാർക്ക് എന്തു സഹായം ലഭിച്ചിട്ടുണ്ട്?
17 ഇടയവേല ചെയ്യാനുള്ള വൈദഗ്ധ്യങ്ങൾ മെച്ചപ്പെടുത്തി ‘ഇരുമ്പിനു പകരം വെള്ളി’ കൊണ്ടുവരാൻ യഹോവയുടെ സംഘടന മൂപ്പന്മാരെ സഹായിച്ചിരിക്കുന്നത് എങ്ങനെ? അതിനുള്ള പരിശീലനം കൊടുത്തുകൊണ്ട്. 1959-ൽ ആദ്യമായി മേൽവിചാരകന്മാർക്കുവേണ്ടി രാജ്യശുശ്രൂഷാസ്കൂൾ നടത്തി. “വ്യക്തിപരമായ ശ്രദ്ധ കൊടുക്കുക” എന്നതായിരുന്നു അതിലെ ഒരു ഭാഗത്തിന്റെ വിഷയം. “പ്രചാരകരെ അവരുടെ വീടുകളിൽ പോയി കാണാനുള്ള ഒരു പട്ടിക തയ്യാറാക്കാൻ” അതിലൂടെ മൂപ്പന്മാരെ പ്രോത്സാഹിപ്പിച്ചു. അത്തരം സന്ദർശനങ്ങൾ സഹോദരങ്ങൾക്കു നവോന്മേഷം പകരുന്ന രീതിയിൽ നടത്താനുള്ള പല മാർഗങ്ങളും അതിൽ ചർച്ച ചെയ്തു. 1966 മുതലുള്ള രാജ്യശുശ്രൂഷാസ്കൂളിനു മുമ്പത്തേതിൽനിന്ന് ചില മാറ്റങ്ങളുണ്ടായിരുന്നു. “ഇടയവേലയുടെ പ്രാധാന്യം” എന്നൊരു ഭാഗം അതിൽ ഉൾപ്പെടുത്തിയിരുന്നു. അതിലെ മുഖ്യമായ ആശയം എന്തായിരുന്നു? നേതൃത്വമെടുക്കുന്നവർ “ദൈവത്തിന്റെ ആട്ടിൻപറ്റത്തെ സ്നേഹത്തോടെ പരിപാലിക്കേണ്ടതുണ്ട്. അതേസമയം അവർ സ്വന്തം കുടുംബത്തിന് ആവശ്യമായ ശ്രദ്ധ കൊടുക്കാൻ മറക്കരുത്. വയൽസേവനത്തിനും അർഹിക്കുന്ന പ്രാധാന്യം അവർ കൊടുക്കണം.” സമീപവർഷങ്ങളിൽ മൂപ്പന്മാർക്കുവേണ്ടി അത്തരം ധാരാളം സ്കൂളുകൾ നടത്തിയിട്ടുണ്ട്. യഹോവയുടെ സംഘടന നൽകിയിട്ടുള്ള തുടർച്ചയായ പരിശീലനപരിപാടികൊണ്ട് എന്തു പ്രയോജനമുണ്ടായി? ഇന്നു ക്രിസ്തീയസഭയിൽ യോഗ്യതയുള്ള ആയിരക്കണക്കിനു സഹോദരന്മാർ ആത്മീയ ഇടയന്മാരായി സേവിക്കുന്നുണ്ട്.
18. (എ) മൂപ്പന്മാരെ ഏതു ഭാരിച്ച ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുണ്ട്? (ബി) യഹോവയും യേശുവും കഠിനാധ്വാനികളായ മൂപ്പന്മാരെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?
18 യഹോവ, നമ്മുടെ രാജാവായ യേശുവിലൂടെ ക്രിസ്തീയമൂപ്പന്മാരെ നിയമിച്ചിരിക്കുന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വം വഹിക്കാനാണ്. അത് എന്താണ്? ദൈവത്തിന്റെ ആടുകളെ മനുഷ്യചരിത്രത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടത്തിലൂടെ നയിച്ചുകൊണ്ടുപോകുക എന്നതാണ് അത്. (എഫെ. 4:11, 12; 2 തിമൊ. 3:1) യഹോവയ്ക്കും യേശുവിനും കഠിനാധ്വാനികളായ മൂപ്പന്മാരെ വലിയ ഇഷ്ടമാണ്. കാരണം ഈ സഹോദരന്മാർ പിൻവരുന്ന തിരുവെഴുത്തുപദേശം അനുസരിക്കുന്നു: “നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക. . . . മനസ്സോടെയും . . . അതീവതാത്പര്യത്തോടെയും . . . ആട്ടിൻപറ്റത്തിനു മാതൃകകളായിക്കൊണ്ടും അതു ചെയ്യുക.” (1 പത്രോ. 5:2, 3) ക്രിസ്തീയ ഇടയന്മാർ പല വിധങ്ങളിൽ ആട്ടിൻപറ്റത്തിനു മാതൃകകളാകുകയും സഭയുടെ സമാധാനത്തിനും സന്തോഷത്തിനും വലിയ സംഭാവന നൽകുകയും ചെയ്യുന്നുണ്ട്. അതിൽ രണ്ടെണ്ണം നമുക്ക് ഇപ്പോൾ നോക്കാം.
ഇന്നു മൂപ്പന്മാർ ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുന്ന വിധം
19. നമ്മുടെകൂടെ വയൽശുശ്രൂഷയ്ക്കു വരുന്ന മൂപ്പന്മാരെക്കുറിച്ച് നമുക്ക് എന്താണു തോന്നാറുള്ളത്?
19 ഒന്നാമതായി, മൂപ്പന്മാർ സഭയിലുള്ളവരുടെകൂടെ പ്രവർത്തിക്കാൻ ശ്രദ്ധിക്കുന്നു. സുവിശേഷവിവരണത്തിൽ ലൂക്കോസ് യേശുവിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “യേശു ഒരു പ്രസംഗപര്യടനം ആരംഭിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ട് പന്ത്രണ്ടു പേരോടൊപ്പം യേശു നഗരംതോറും ഗ്രാമംതോറും സഞ്ചരിച്ചു.” (ലൂക്കോ. 8:1) യേശു അപ്പോസ്തലന്മാരോടൊപ്പം പ്രസംഗപ്രവർത്തനം നടത്തിയതുപോലെ മാതൃകായോഗ്യരായ മൂപ്പന്മാരും ഇന്നു സഹവിശ്വാസികളോടൊപ്പം പ്രസംഗപ്രവർത്തനത്തിനു പോകുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ തങ്ങൾ മുഴുസഭയുടെയും സന്തോഷവും ഉത്സാഹവും എത്രമാത്രം വർധിപ്പിക്കുന്നുണ്ടെന്ന് അവർക്ക് അറിയാം. സഭയിലെ സഹോദരങ്ങൾക്ക് അങ്ങനെയുള്ള മൂപ്പന്മാരെക്കുറിച്ച് എന്തു തോന്നും? 90-ന് അടുത്ത് പ്രായമുള്ള ഴാനിൻ എന്നൊരു സഹോദരി പറയുന്നു: “ഒരു മൂപ്പന്റെകൂടെ വയൽസേവനത്തിനു പോകുന്നത് അദ്ദേഹത്തോടു സംസാരിക്കാനും അദ്ദേഹത്തെ അടുത്തറിയാനും ഉള്ള നല്ലൊരു അവസരമാണ്.” 30-കളുടെ മധ്യത്തിലുള്ള സ്റ്റേവൻ പറയുന്നു: “ഒരു മൂപ്പൻ വീടുതോറുമുള്ള ശുശ്രൂഷയ്ക്ക് എന്റെകൂടെ വരുമ്പോൾ, എന്നെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഞാൻ തിരിച്ചറിയാറുണ്ട്. അങ്ങനെയൊരു സഹായം കിട്ടുന്നത് എനിക്ക് എത്ര സന്തോഷമാണെന്നോ!”
20, 21. മൂപ്പന്മാർക്കു യേശുവിന്റെ ദൃഷ്ടാന്തകഥയിലെ ഇടയനെ എങ്ങനെ അനുകരിക്കാനാകും? ഒരു ഉദാഹരണം പറയുക. (“ആഴ്ചതോറും ചെന്നതു ഫലം ചെയ്തു” എന്ന ചതുരവും കാണുക.)
20 രണ്ടാമതായി, സഭയുമായുള്ള ബന്ധം നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ താത്പര്യമെടുക്കാൻ യഹോവയുടെ സംഘടന മൂപ്പന്മാരെ പരിശീലിപ്പിച്ചിരിക്കുന്നു. (എബ്രാ. 12:12) ആത്മീയമായി ദുർബലരായ അത്തരക്കാരെ മൂപ്പന്മാർ സഹായിക്കേണ്ട ആവശ്യം എന്താണ്? അവർ അത് എങ്ങനെയാണു ചെയ്യേണ്ടത്? അതിനുള്ള ഉത്തരം യേശു പറഞ്ഞ ഇടയന്റെയും കാണാതെപോയ ആടിന്റെയും ദൃഷ്ടാന്തകഥയിലുണ്ട്. (ലൂക്കോസ് 15:4-7 വായിക്കുക.) ഒരു ആടിനെ കാണാതെപോയ കാര്യം ശ്രദ്ധയിൽപ്പെടുമ്പോൾ ആ ഇടയൻ അതിനെ തേടിയിറങ്ങുന്നു. അതിനെ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം കണ്ടാൽ ഇടയന് ആകെ ആ ഒരു ആടു മാത്രമേ ഉള്ളൂ എന്നു തോന്നിപ്പോകും. ആ ഇടയന്റെ മാതൃക ഇന്നു ക്രിസ്തീയസഭയിലെ മൂപ്പന്മാർ അനുകരിക്കുന്നത് എങ്ങനെയാണ്? കാണാതെപോയ ആട് അപ്പോഴും ഇടയനു പ്രിയപ്പെട്ടതായിരിക്കുന്നതുപോലെ ദൈവജനവുമായുള്ള ബന്ധം നഷ്ടപ്പെട്ടവരെ മൂപ്പന്മാരും വളരെ വിലപ്പെട്ടവരായാണു കാണുന്നത്. ആത്മീയമായി ദുർബലനായ ഒരാളെ അവർ കാണുന്നതു കാണാതെപോയ ഒരു ആടായിട്ടാണ്, അല്ലാതെ എഴുതിത്തള്ളേണ്ട ഒരു കേസായിട്ടല്ല. ഇനി, ആ ഇടയൻ, ‘കാണാതെപോയതിനെ കണ്ടെത്തുന്നതുവരെ (അതിനെ) തിരഞ്ഞുനടക്കുന്നതു’പോലെ മൂപ്പന്മാർ ആത്മീയമായി ദുർബലരായവരെ കണ്ടെത്താനും സഹായിക്കാനും മുൻകൈയെടുക്കുന്നു.
21 ആടിനെ കണ്ടുകിട്ടുമ്പോൾ ദൃഷ്ടാന്തകഥയിലെ ഇടയൻ എന്താണു ചെയ്യുന്നതെന്നു ശ്രദ്ധിച്ചോ? അദ്ദേഹം മെല്ലെ, ശ്രദ്ധയോടെ അതിനെ എടുത്ത് “തോളത്ത് വെച്ച്” മറ്റ് ആടുകളുടെ കൂട്ടത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്നു. ഇതുപോലെതന്നെ, ആത്മീയമായി ദുർബലനായ വ്യക്തിയോടുള്ള താത്പര്യം വെളിപ്പെടുത്തുന്ന, ആത്മാർഥമായ വാക്കുകൾ പറയുമ്പോൾ ഒരു മൂപ്പൻ ആ വ്യക്തിയെ മെല്ലെ, ശ്രദ്ധയോടെ എടുത്തുയർത്തുകയാണെന്നു പറയാം. അതു സഭയിലേക്കു മടങ്ങിവരാൻ അദ്ദേഹത്തെ സഹായിച്ചേക്കാം. ആഫ്രിക്കയിലുള്ള വിക്ടർ എന്ന സഹോദരന്റെ ജീവിതത്തിലും ഇതുതന്നെയാണു സംഭവിച്ചത്. സഭയുമായുള്ള സഹവാസം വിക്ടർ നിറുത്തിക്കളഞ്ഞു. അതെക്കുറിച്ച് അദ്ദേഹം പറയുന്നു: “എട്ടു വർഷം ഞാൻ നിഷ്ക്രിയനായിരുന്നു. അക്കാലം മുഴുവൻ മൂപ്പന്മാർ എന്നെ സഹായിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.” വിക്ടറിനെ ഏറ്റവുമധികം സ്പർശിച്ച കാര്യം എന്തായിരുന്നു? അദ്ദേഹം പറയുന്നു: “ഒരു ദിവസം ജോൺ എന്നൊരു മൂപ്പൻ എന്നെ കാണാൻ വന്നു. ഞങ്ങൾ രണ്ടു പേരും മുമ്പ് മുൻനിരസേവനസ്കൂളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുള്ളവരായിരുന്നു. ആ ക്ലാസിന് ഇടയ്ക്കുവെച്ച് അദ്ദേഹം എടുത്ത ഞങ്ങളുടെ ചില ഫോട്ടോകളും അന്ന് എന്നെ കാണിച്ചു. മധുരമുള്ള കുറെ ഓർമകൾ അപ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി. യഹോവയെ സേവിച്ചിരുന്നപ്പോഴത്തെ ആ സന്തോഷത്തിനുവേണ്ടി എന്റെ ഹൃദയം വീണ്ടും കൊതിച്ചുതുടങ്ങി.” ജോൺ സഹോദരന്റെ സന്ദർശനത്തെത്തുടർന്ന് അധികം വൈകാതെ വിക്ടർ സഹോദരൻ സഭയിലേക്കു മടങ്ങിവന്നു. ഇന്ന് അദ്ദേഹം വീണ്ടും ഒരു മുൻനിരസേവകനായി പ്രവർത്തിക്കുന്നു. നമ്മുടെ കാര്യത്തിൽ ചിന്തയുള്ള ക്രിസ്തീയമൂപ്പന്മാരുള്ളതു നമ്മളെ എത്രമാത്രം സന്തോഷിപ്പിക്കുന്നു, അല്ലേ?—2 കൊരി. 1:24.b
മേൽവിചാരണയിൽ വന്ന മാറ്റങ്ങൾ ദൈവജനത്തിന്റെ ഐക്യം വളർത്തുന്നു
22. നീതിയും സമാധാനവും ക്രിസ്തീയസഭയുടെ ഐക്യം ശക്തിപ്പെടുത്തുന്നത് എങ്ങനെയാണ്? (“ഞങ്ങൾ അമ്പരന്നുപോയി” എന്ന ചതുരവും കാണുക.)
22 ദൈവജനത്തിന് ഇടയിൽ നീതിയും സമാധാനവും വർധിച്ചുകൊണ്ടേയിരിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞതായി നമ്മൾ കണ്ടിരുന്നല്ലോ. (യശ. 60:17) ഈ രണ്ടു ഗുണങ്ങളും സഭകളുടെ ഐക്യം ബലപ്പെടുത്തുന്ന ഘടകങ്ങളാണ്. അത് എങ്ങനെ? നീതിയുടെ കാര്യമെടുത്താൽ, “നമ്മുടെ ദൈവമായ യഹോവ, ഒരുവനേ ഉള്ളൂ” എന്നു തിരുവെഴുത്തുകൾ പറയുന്നു. (ആവ. 6:4) ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾ ലോകമെങ്ങുമുള്ള എല്ലാ സഭകളിലും ഒരുപോലെയാണ്, രാജ്യാതിർത്തികൾക്ക് അതീതമാണ് അത്. അതെ, ശരിതെറ്റുകളെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങൾ ഒന്നേ ഉള്ളൂ. ‘വിശുദ്ധരുടെ എല്ലാ സഭകൾക്കും’ അത് ഒന്നുതന്നെയാണ്. (1 കൊരി. 14:33) അതുകൊണ്ടുതന്നെ, ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച് കാര്യങ്ങൾ ചെയ്യുന്ന സഭകൾക്കു മാത്രമേ പുരോഗതിയുണ്ടാകുകയുള്ളൂ. ഇനി, സമാധാനത്തിന്റെ കാര്യം. നമ്മൾ സഭയിലെ സമാധാനം ആസ്വദിക്കുന്നവർ മാത്രമായിരിക്കാതെ ‘സമാധാനം ഉണ്ടാക്കുന്നവരും’ ആയിരിക്കണമെന്നാണു നമ്മുടെ രാജാവ് ആഗ്രഹിക്കുന്നത്. (മത്താ. 5:9) അതുകൊണ്ട്, നമ്മൾ ‘സമാധാനം ഉണ്ടാക്കാൻ . . . നമ്മളാലാകുന്നതെല്ലാം ചെയ്യുന്നു.’ ഇടയ്ക്കൊക്കെ നമ്മുടെ ഇടയിലുണ്ടായേക്കാവുന്ന ചില അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ നമ്മൾതന്നെ മുൻകൈയെടുക്കുന്നു. (റോമ. 14:19) അതുവഴി, വാസ്തവത്തിൽ സഭയുടെ സമാധാനത്തിനും ഐക്യത്തിനും നമ്മൾ സംഭാവന ചെയ്യുകയാണ്.—യശ. 60:18.
23. യഹോവയുടെ സേവകരായ നമ്മൾ ഇക്കാലത്ത് എന്ത് ആസ്വദിക്കുന്നു?
23 സഭകളിൽ മൂപ്പന്മാരുണ്ടായിരിക്കാനുള്ള പുതിയൊരു ക്രമീകരണം പ്രഖ്യാപിച്ച 1895 നവംബറിലെ വീക്ഷാഗോപുരത്തിൽ, ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ തങ്ങളുടെ ആത്മാർഥമായ ഒരു ആഗ്രഹം വെളിപ്പെടുത്തി. എന്തായിരുന്നു അത്? ഈ പുതിയ സംഘടനാക്രമീകരണം, “പെട്ടെന്നുതന്നെ വിശ്വാസത്തിൽ ഐക്യം നേടാൻ” ദൈവജനത്തെ സഹായിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. അതായിരുന്നു അവരുടെ ആഗ്രഹവും പ്രാർഥനയും. കഴിഞ്ഞുപോയ പതിറ്റാണ്ടുകളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ യഹോവ നമ്മുടെ രാജാവിലൂടെ ക്രമാനുഗതമായി വരുത്തിയ മെച്ചപ്പെടുത്തലുകൾ നമ്മുടെ ശ്രദ്ധയിൽപ്പെടും. മേൽവിചാരണ നടത്തുന്ന രീതിയിൽ വരുത്തിയ ആ മാറ്റങ്ങൾ ആരാധനയിലെ നമ്മുടെ ഐക്യം വർധിപ്പിച്ചതിൽ നമ്മൾ നന്ദിയുള്ളവരാണ്. (സങ്കീ. 99:4) അത്തരമൊരു ഐക്യമുള്ളതുകൊണ്ട് ഇന്നു ലോകമെങ്ങുമുള്ള യഹോവയുടെ ജനത്തിന് ‘ഒരേ മനോഭാവത്തോടെ,’ ‘ഒരേ പാതയിൽ’ നടക്കാനാകുന്നു. നമുക്കു ‘തോളോടുതോൾ ചേർന്ന്’ ‘സമാധാനത്തിന്റെ ദൈവത്തെ സേവിക്കാനുമാകുന്നു.’ അതിൽ നമ്മളെല്ലാവരും എത്ര സന്തോഷിക്കുന്നു!—2 കൊരി. 12:18; സെഫന്യ 3:9 വായിക്കുക.
a അന്നു നടത്തിയ വിശദമായ ആ പഠനത്തിന്റെ ഫലങ്ങൾ ബൈബിൾ ഗ്രാഹ്യ സഹായി (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
b 2013 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിലെ “ക്രിസ്തീയ മൂപ്പന്മാർ, ‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാർ’” എന്ന ലേഖനം കാണുക.