അധ്യായം എട്ട്
ദൈവരാജ്യം എന്താണ്?
1. പരിചിതമായ ഏതു പ്രാർഥനയെപ്പറ്റി നമ്മൾ ഇപ്പോൾ ചിന്തിക്കും?
‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥന കോടിക്കണക്കിന് ആളുകൾക്കു പരിചിതമാണ്. കർത്താവിന്റെ പ്രാർഥന എന്നും ഇത് അറിയപ്പെടുന്നു. എങ്ങനെ പ്രാർഥിക്കണം എന്നു ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഈ പ്രാർഥന ഉപയോഗിച്ചു. ആ പ്രാർഥനയിൽ യേശു എന്താണ് അപേക്ഷിച്ചത്? ഇന്നു നമുക്ക് അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
2. പ്രധാനപ്പെട്ട ഏതു മൂന്നു കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാനാണു യേശു നമ്മളെ പഠിപ്പിച്ചത്?
2 യേശു പറഞ്ഞു: “നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.’” (മത്തായി 6:9-13 വായിക്കുക.) ഈ മൂന്നു കാര്യങ്ങൾക്കുവേണ്ടി നമ്മൾ പ്രാർഥിക്കണമെന്നു യേശു പഠിപ്പിച്ചത് എന്തുകൊണ്ടാണ്?—പിൻകുറിപ്പ് 20 കാണുക.
3. ദൈവരാജ്യത്തെക്കുറിച്ച് നമ്മൾ എന്തെല്ലാം അറിയണം?
3 ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു നമ്മൾ പഠിച്ചു. മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള യഹോവയുടെ ഇഷ്ടം എന്താണെന്നും നമ്മൾ ചർച്ച ചെയ്തു. എന്നാൽ “അങ്ങയുടെ രാജ്യം (ദൈവരാജ്യം) വരേണമേ” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? എന്താണു ദൈവരാജ്യം? അത് എന്തു ചെയ്യും? ദൈവരാജ്യം ദൈവത്തിന്റെ പേര് പരിശുദ്ധമാക്കുന്നത് എങ്ങനെയാണ്? നമുക്കു നോക്കാം.
ദൈവരാജ്യം എന്താണ്?
4. എന്താണു ദൈവരാജ്യം, ആരാണ് അതിന്റെ രാജാവ്?
4 യഹോവ ഒരു സ്വർഗീയഗവൺമെന്റ് സ്ഥാപിച്ച് അതിന്റെ രാജാവായി യേശുവിനെ തിരഞ്ഞെടുത്തു. ഈ ഗവൺമെന്റിനെയാണു ബൈബിൾ ദൈവരാജ്യം എന്നു വിളിക്കുന്നത്. യേശു “രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും” ആണ്. (1 തിമൊഥെയൊസ് 6:15) മനുഷ്യഭരണാധികാരികളിൽ ആർക്കും ഒരിക്കലും പറ്റാത്ത നല്ല കാര്യങ്ങൾ ചെയ്യാൻ യേശുവിനാകും. എല്ലാ ഭരണാധികാരികളുടെയും ശക്തി ഒരുമിച്ച് ചേർത്താലും യേശുവിന്റെ ശക്തിയുടെ അടുത്തെങ്ങും എത്തില്ല.
5. ദൈവത്തിന്റെ ഗവൺമെന്റ് എവിടെനിന്ന് ഭരണം നടത്തും? ഭരണപ്രദേശം ഏതായിരിക്കും?
5 പുനരുത്ഥാനം പ്രാപിച്ച് 40 ദിവസം കഴിഞ്ഞ് യേശു സ്വർഗത്തിലേക്കു തിരികെ പോയി. പിന്നീട് യഹോവ യേശുവിനെ ദൈവരാജ്യത്തിന്റെ രാജാവായി നിയമിച്ചു. (പ്രവൃത്തികൾ 2:33) ദൈവത്തിന്റെ ഗവൺമെന്റ് സ്വർഗത്തിൽനിന്ന് ഭൂമിയെ ഭരിക്കും. (വെളിപാട് 11:15) അതുകൊണ്ടാണു ബൈബിൾ ദൈവരാജ്യത്തെ ‘സ്വർഗീയരാജ്യം’ എന്നു വിളിക്കുന്നത്.—2 തിമൊഥെയൊസ് 4:18.
6, 7. യേശു ഏതു മനുഷ്യരാജാവിനെക്കാളും ശ്രേഷ്ഠനായിരിക്കുന്നത് എന്തുകൊണ്ട്?
6 ഏതു മനുഷ്യരാജാവിനെക്കാളും ശ്രേഷ്ഠനാണ് യേശു; കാരണം യേശു “അമർത്യതയുള്ള ഒരേ ഒരുവ”നാണെന്ന് ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 6:16) മനുഷ്യഭരണാധികാരികളെല്ലാം കുറച്ച് കാലം കഴിയുമ്പോൾ മരിക്കും. പക്ഷേ യേശു ഒരിക്കലും മരിക്കില്ല. യേശു നമുക്കുവേണ്ടി ചെയ്യാൻപോകുന്ന എല്ലാ നല്ല കാര്യങ്ങളും എന്നും നിലനിൽക്കും.
7 ന്യായത്തോടെ കാര്യങ്ങൾ ചെയ്യുന്ന, ദയയുള്ള രാജാവായിരിക്കും യേശുവെന്നു ബൈബിൾപ്രവചനം പറയുന്നു: “യഹോവയുടെ ആത്മാവ് അവന്റെ മേൽ വസിക്കും, ജ്ഞാനത്തിന്റെയും ഗ്രാഹ്യത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും യഹോവഭയത്തിന്റെയും ആത്മാവ്. യഹോവയെ ഭയപ്പെടുന്നതിൽ അവൻ ആനന്ദിക്കും. കണ്ണുകൊണ്ട് കാണുന്നതനുസരിച്ച് അവൻ വിധി കല്പിക്കില്ല, ചെവികൊണ്ട് കേൾക്കുന്നതനുസരിച്ച് ശാസിക്കുകയുമില്ല (അഥവാ, ബുദ്ധിയുപദേശം കൊടുക്കില്ല). പാവപ്പെട്ടവരെ അവൻ ന്യായത്തോടെ വിധിക്കും.” (യശയ്യ 11:2-4) നിങ്ങളെ ഭരിക്കുന്ന വ്യക്തി അങ്ങനെയായിരിക്കാനല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്?
8. യേശു ഒറ്റയ്ക്കല്ല ഭരിക്കുന്നതെന്ന് എങ്ങനെ അറിയാം?
8 സ്വർഗീയഗവൺമെന്റിൽ യേശുവിന്റെകൂടെ ഭരിക്കാൻ ദൈവം ചില മനുഷ്യരെയും നിയമിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിനോടു പറഞ്ഞു: “നമ്മൾ സഹിച്ചുനിൽക്കുന്നെങ്കിൽ രാജാക്കന്മാരായി ഒപ്പം വാഴും.” (2 തിമൊഥെയൊസ് 2:12) എത്ര പേർ യേശുവിന്റെകൂടെ രാജാക്കന്മാരായി ഭരിക്കും?
9. യേശുവിനോടൊപ്പം എത്ര പേർ ഭരിക്കും? എപ്പോൾ മുതലാണ് ദൈവം അവരെ തിരഞ്ഞെടുക്കാൻ തുടങ്ങിയത്?
9 ഏഴാം അധ്യായത്തിൽ നമ്മൾ പഠിച്ചതുപോലെ, സ്വർഗത്തിൽ രാജാവായ യേശുവിനോടൊപ്പം 1,44,000 മറ്റു രാജാക്കന്മാരെയും യോഹന്നാൻ അപ്പോസ്തലൻ ദർശനത്തിൽ കണ്ടു. ആരാണ് ഈ 1,44,000 പേർ? യോഹന്നാൻ പറയുന്നത് അവരുടെ “നെറ്റിയിൽ കുഞ്ഞാടിന്റെ (അതായത്, യേശുവിന്റെ) പേരും പിതാവിന്റെ പേരും എഴുതി”യിരിക്കുന്നു എന്നാണ്. യോഹന്നാൻ ഇങ്ങനെയും പറയുന്നു: “(യേശു) എവിടെ പോയാലും അവർ (യേശുവിനെ) അനുഗമിക്കുന്നു. . . . മനുഷ്യവർഗത്തിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ് അവരെ.” (വെളിപാട് 14:1, 4 വായിക്കുക.) യേശുവിന്റെകൂടെ “രാജാക്കന്മാരായി ഭൂമിയെ ഭരി”ക്കാൻ ദൈവം തിരഞ്ഞെടുത്ത വിശ്വസ്തക്രിസ്ത്യാനികളാണ് ഈ 1,44,000 പേർ. മരിക്കുമ്പോൾ അവർ സ്വർഗത്തിൽ ജീവിക്കാനായി ഉയിർപ്പിക്കപ്പെടുന്നു. (വെളിപാട് 5:10) ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്തലന്മാരുടെ കാലംമുതൽ യഹോവ, രാജാക്കന്മാരായി ഭരിക്കാനുള്ള ഈ വിശ്വസ്ത ക്രിസ്ത്യാനികളെ തിരഞ്ഞെടുത്തുകൊണ്ടാണിരിക്കുന്നത്.
10. മനുഷ്യരെ ഭരിക്കാൻ യേശുവിനെയും 1,44,000 പേരെയും ഉപയോഗിക്കുന്നത് യഹോവയുടെ സ്നേഹത്തിന്റെ തെളിവായിരിക്കുന്നത് എന്തുകൊണ്ട്?
10 യഹോവയ്ക്കു നമ്മുടെ കാര്യത്തിൽ വളരെയധികം ചിന്തയുള്ളതുകൊണ്ടാണു യേശുവിന്റെകൂടെ ഭരിക്കാൻ മനുഷ്യരെയും നിയമിച്ചത്. നമ്മളെ ശരിക്കും മനസ്സിലാക്കാനാകുന്നതുകൊണ്ട് യേശു ഒരു നല്ല ഭരണാധികാരിയായിരിക്കും. ഒരു മനുഷ്യനായിരിക്കുന്നതും കഷ്ടപ്പാടുകൾ സഹിക്കുന്നതും എങ്ങനെയുള്ള ഒന്നാണെന്ന് യേശുവിന് അറിയാം. യേശു നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കുന്ന, “ബലഹീനതകളിൽ സഹതാപം” തോന്നുന്ന, “എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട” ഒരാളാണെന്നു പൗലോസ് പറഞ്ഞു. (എബ്രായർ 4:15; 5:8) മനുഷ്യനായിരിക്കുകയെന്നാൽ എന്താണെന്ന് 1,44,000 പേർക്കും അറിയാം. അവരും അപൂർണതയോടും രോഗത്തോടും ഒക്കെ മല്ലടിച്ചവരാണ്. അതുകൊണ്ട് യേശുവിനും 1,44,000 പേർക്കും, നമ്മുടെ വികാരങ്ങളും പ്രശ്നങ്ങളും മനസ്സിലാകുമെന്ന് ഉറപ്പാണ്.
ദൈവരാജ്യം ചെയ്യാൻപോകുന്നത്
11. സ്വർഗത്തിൽ എല്ലാവരും ദൈവത്തിന്റെ ഇഷ്ടമാണോ എന്നും ചെയ്തിരുന്നത്?
11 ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലേപ്പോലെ ഭൂമിയിലും നടക്കണമെന്നു പ്രാർഥിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. എന്തുകൊണ്ട്? 3-ാം അധ്യായത്തിൽ നമ്മൾ പഠിച്ചതുപോലെ പിശാചായ സാത്താൻ യഹോവയെ ധിക്കരിച്ചു. സാത്താൻ ധിക്കരിച്ചതിനു ശേഷവും യഹോവ അവനെയും ദുഷ്ടദൂതന്മാരെയും അഥവാ ഭൂതങ്ങളെയും കുറച്ച് കാലംകൂടി സ്വർഗത്തിൽ തുടരാൻ അനുവദിച്ചു. അതുകൊണ്ട് സ്വർഗത്തിൽ എല്ലാവരും ദൈവത്തിന്റെ ഇഷ്ടമല്ല എന്നും ചെയ്തിരുന്നത്. സാത്താനെയും ഭൂതങ്ങളെയും കുറിച്ച് 10-ാം അധ്യായത്തിൽ നമ്മൾ കൂടുതൽ പഠിക്കും.
12. വെളിപാട് 12:10-ൽ ഏതു രണ്ട് പ്രധാനപ്പെട്ട സംഭവങ്ങൾ കാണാം?
12 ദൈവരാജ്യത്തിന്റെ രാജാവായാൽ ഉടൻതന്നെ യേശു സാത്താന് എതിരെ യുദ്ധത്തിനു പുറപ്പെടുമെന്നു ബൈബിൾ പറയുന്നു. (വെളിപാട് 12:7-10 വായിക്കുക.) 10-ാം വാക്യത്തിൽ പ്രധാനപ്പെട്ട രണ്ടു സംഭവങ്ങൾ കാണാം: യേശുക്രിസ്തു രാജാവായുള്ള ദൈവരാജ്യം ഭരണം തുടങ്ങുന്നു; സാത്താനെ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്കു വലിച്ചെറിയുന്നു. നമ്മൾ പഠിക്കാൻപോകുന്നതുപോലെ ഈ സംഭവങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു.
13. സാത്താനെ വലിച്ചെറിഞ്ഞശേഷം സ്വർഗത്തിലെ അവസ്ഥ എന്തായിരുന്നു?
13 സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് വലിച്ചെറിഞ്ഞശേഷം വിശ്വസ്തദൂതന്മാർക്കുണ്ടായ സന്തോഷത്തെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു. “സ്വർഗമേ, അവിടെ വസിക്കുന്നവരേ, സന്തോഷിക്കുക!” എന്നു നമ്മൾ വായിക്കുന്നു. (വെളിപാട് 12:12) ഇപ്പോൾ സ്വർഗത്തിൽ സമ്പൂർണ സമാധാനവും ഐക്യവും ഉണ്ട്. കാരണം അവിടെയുള്ള എല്ലാവരും ദൈവത്തിന്റെ ഇഷ്ടമാണു ചെയ്യുന്നത്.
14. സാത്താനെ സ്വർഗത്തിൽനിന്ന് വലിച്ചെറിഞ്ഞതുകൊണ്ട് ഭൂമിയിൽ എന്തു സംഭവിച്ചു?
14 എന്നാൽ ഭൂമിയിലെ ജീവിതം വളരെ വ്യത്യസ്തമാണ്. പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് ആളുകൾക്കു സംഭവിക്കുന്നത്. കാരണം “തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ എന്ന് അറിഞ്ഞ് പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്കു വന്നിരിക്കുന്നു.” (വെളിപാട് 12:12) സാത്താൻ ഉഗ്രകോപത്തിലാണ്. സ്വർഗത്തിൽനിന്ന് വലിച്ചെറിഞ്ഞിരിക്കുന്ന തന്നെ, ഉടനെ നശിപ്പിക്കുമെന്ന് അവന് അറിയാം. അതുകൊണ്ട് ഭൂമി മുഴുവൻ പ്രശ്നങ്ങളും ദുരിതവും വേദനയും കൊണ്ട് നിറയ്ക്കാൻ തന്നെക്കൊണ്ടാകുന്നതെല്ലാം അവൻ ചെയ്യുന്നു.
15. ഭൂമിയെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം എന്താണ്?
15 എന്നാൽ ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തിന് ഒരു മാറ്റവുമില്ല. പൂർണതയുള്ള മനുഷ്യർ പറുദീസാഭൂമിയിൽ എന്നെന്നും ജീവിക്കണം എന്നുതന്നെയാണ് ഇപ്പോഴും ദൈവത്തിന്റെ ആഗ്രഹം. (സങ്കീർത്തനം 37:29) ദൈവരാജ്യം ഇത് എങ്ങനെ സാധ്യമാക്കും?
16, 17. ദൈവരാജ്യത്തെക്കുറിച്ച് ദാനിയേൽ 2:44 എന്തു പറയുന്നു?
16 ദാനിയേൽ 2:44-ലെ പ്രവചനം പറയുന്നു: “ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്കും കൈമാറില്ല. ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട് അതു മാത്രം എന്നും നിലനിൽക്കും.” ഈ പ്രവചനം ദൈവരാജ്യത്തെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
17 ഒന്നാമതായി, ദൈവരാജ്യം “ഈ രാജാക്കന്മാരുടെ കാലത്ത്” ഭരണം തുടങ്ങുമെന്നു പ്രവചനം പറയുന്നു. അതിന്റെ അർഥം ദൈവരാജ്യം ഭരണം തുടങ്ങുന്ന സമയത്ത് മറ്റു ഗവൺമെന്റുകൾ അധികാരത്തിലുണ്ടായിരിക്കും എന്നാണ്. രണ്ടാമതായി, ദൈവരാജ്യം എന്നും നിലനിൽക്കുമെന്നും അതിന്റെ സ്ഥാനത്ത് മറ്റൊരു ഗവൺമെന്റ് ഒരിക്കലും അധികാരത്തിൽ വരില്ലെന്നും പ്രവചനം സൂചിപ്പിക്കുന്നു. മൂന്നാമതായി, ദൈവരാജ്യവും ഈ ലോകത്തിലെ ഗവൺമെന്റുകളും തമ്മിൽ ഒരു യുദ്ധം നടക്കും. ആ യുദ്ധത്തിൽ ദൈവരാജ്യം വിജയിക്കും. പിന്നീട് ഭൂമിയെ ഭരിക്കുന്ന ഒരേ ഒരു ഗവൺമെന്റ് ദൈവരാജ്യമായിരിക്കും. കിട്ടാവുന്നതിലേക്കും വെച്ച് ഏറ്റവും നല്ല ഗവൺമെന്റ് അങ്ങനെ മനുഷ്യർക്കു കിട്ടും!
18. ദൈവരാജ്യവും ഈ ലോകത്തിലെ ഗവൺമെന്റുകളും തമ്മിൽ നടക്കുന്ന അന്തിമയുദ്ധത്തിന്റെ പേര് എന്താണ്?
18 ദൈവരാജ്യവും ഈ ലോകത്തിലെ ഗവൺമെന്റുകളും തമ്മിലുള്ള യുദ്ധത്തിനു തൊട്ടുമുമ്പ് എന്തു സംഭവിക്കും? അർമഗെദോൻ എന്നു വിളിക്കുന്ന ആ അന്തിമയുദ്ധത്തിനു മുമ്പായി ഭൂതങ്ങൾ “ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരെ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേർക്കാനായി” അവരെ വഴിതെറ്റിക്കും. അതെ, മനുഷ്യഗവൺമെന്റുകൾ ദൈവരാജ്യത്തിന് എതിരെ പോരാടും.—വെളിപാട് 16:14, 16; പിൻകുറിപ്പ് 10 കാണുക.
19, 20. ഭൂമിയെ ഭരിക്കാൻ ദൈവരാജ്യം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
19 നമുക്കു ദൈവരാജ്യം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? അതിനു കുറഞ്ഞതു മൂന്നു കാരണങ്ങളുണ്ട്. ഒന്നാമതായി, നമ്മളെല്ലാം പാപികളാണ്; അതുകൊണ്ട് നമുക്കു രോഗം വരുന്നു, നമ്മൾ മരിക്കുന്നു. എന്നാൽ ദൈവരാജ്യത്തിൻകീഴിൽ നമ്മൾ നിത്യം ജീവിക്കുമെന്നാണു ബൈബിൾ പറയുന്നത്. യോഹന്നാൻ 3:16 പറയുന്നു: “തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.”
20 നമുക്കു ദൈവരാജ്യം ആവശ്യമായിരിക്കുന്നതിന്റെ രണ്ടാമത്തെ കാരണം നമുക്കു ചുറ്റും ദുഷ്ടമനുഷ്യർ നിറഞ്ഞിരിക്കുന്നു എന്നതാണ്. പലരും നുണ പറയുന്നു, വഞ്ചന കാണിക്കുന്നു, അസാന്മാർഗികജീവിതം നയിക്കുന്നു. അതൊക്കെ ഇല്ലാതാക്കാൻ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ ദൈവത്തിനു കഴിയും. മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവരെ അർമഗെദോനിൽ നശിപ്പിക്കും. (സങ്കീർത്തനം 37:10 വായിക്കുക.) നമുക്കു ദൈവരാജ്യം ആവശ്യമായിരിക്കുന്നതിന്റെ മൂന്നാമത്തെ കാരണം മനുഷ്യഗവൺമെന്റുകൾ ദുർബലമോ അഴിമതിയും ക്രൂരതയും നിറഞ്ഞവയോ ആണെന്നുള്ളതാണ്. ദൈവത്തെ അനുസരിക്കുന്നതിന് ആളുകളെ സഹായിക്കാൻ ഈ ഗവൺമെന്റുകൾക്ക് ഒരു താത്പര്യവുമില്ല. “മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് . . . അവർക്കു ദോഷം ചെയ്തിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു.—സഭാപ്രസംഗകൻ 8:9.
21. ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമാണു നടക്കുന്നതെന്ന് ദൈവരാജ്യം എങ്ങനെ ഉറപ്പു വരുത്തും?
21 അർമഗെദോനു ശേഷം ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമാണു നടക്കുന്നതെന്ന് ദൈവരാജ്യം ഉറപ്പുവരുത്തും. ഉദാഹരണത്തിന് ദൈവരാജ്യം സാത്താനെയും ഭൂതങ്ങളെയും ഇല്ലാതാക്കും. (വെളിപാട് 20:1-3) പിന്നീട് ആരും രോഗികളാകുകയോ മരിക്കുകയോ ഇല്ല. മോചനവിലയുടെ ക്രമീകരണമുള്ളതുകൊണ്ട് വിശ്വസ്തരായ എല്ലാ മനുഷ്യർക്കും പറുദീസയിൽ എന്നെന്നും ജീവിക്കാനാകും. (വെളിപാട് 22:1-3) ദൈവരാജ്യം ദൈവത്തിന്റെ പേര് പരിശുദ്ധമാക്കും. എന്താണ് അതിന്റെ അർഥം? ദൈവത്തിന്റെ ഗവൺമെന്റ് ഭൂമിയെ ഭരിക്കുമ്പോൾ മനുഷ്യരെല്ലാം ദൈവത്തിന്റെ പേര് മഹത്ത്വപ്പെടുത്തും എന്നാണ് അത് അർഥമാക്കുന്നത്.—പിൻകുറിപ്പ് 21 കാണുക.
യേശു എപ്പോഴാണു രാജാവായത്?
22. യേശു ഭൂമിയിലായിരുന്നപ്പോഴോ പുനരുത്ഥാനപ്പെട്ട ഉടനെയോ രാജാവായില്ലെന്നു നമുക്ക് എങ്ങനെ അറിയാം?
22 ”അങ്ങയുടെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു. അതുകൊണ്ട് ദൈവത്തിന്റെ ഗവൺമെന്റ് ഭാവിയിൽ അധികാരത്തിൽവരുമെന്ന് ഉറപ്പായിരുന്നു. യഹോവ ആ ഗവൺമെന്റ് സ്ഥാപിച്ചിട്ട് യേശുവിനെ അതിന്റെ രാജാവാക്കുമായിരുന്നു. സ്വർഗത്തിലേക്കു തിരികെ ചെന്ന ഉടനെ യേശുവിനെ രാജാവാക്കിയോ? ഇല്ല. യേശുവിന് കുറെ സമയം കാത്തിരിക്കണമായിരുന്നു. യേശു പുനരുത്ഥാനപ്പെട്ട് കുറച്ച് കാലം കഴിഞ്ഞ് പത്രോസും പൗലോസും സങ്കീർത്തനം 110:1-ലെ പ്രവചനം യേശുവിനു ബാധകമാക്കിക്കൊണ്ട് ഇതു വ്യക്തമാക്കി. പ്രവചനത്തിൽ യഹോവ പറയുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക.” (പ്രവൃത്തികൾ 2:32-35; എബ്രായർ 10:12, 13) യഹോവ യേശുവിനെ രാജാവാക്കുന്നതിന് യേശു എത്രകാലം കാത്തിരിക്കണമായിരുന്നു?
ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമാണു നടക്കുന്നതെന്നു ദൈവരാജ്യം ഉറപ്പുവരുത്തും
23. (എ) ദൈവത്തിന്റെ ഗവൺമെന്റിന്റെ രാജാവായി യേശു ഭരണം ആരംഭിച്ചത് എപ്പോൾ? (ബി) അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?
23 ബൈബിൾപ്രവചനത്തിൽ 1914 സുപ്രധാനമായ ഒരു വർഷമായിരിക്കുമെന്ന് 1914-നു വർഷങ്ങൾക്കു മുമ്പുതന്നെ ആത്മാർഥഹൃദയരായ ഒരുകൂട്ടം ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. അതു ശരിയായിരുന്നെന്ന് 1914 മുതലുള്ള ലോകസംഭവങ്ങൾ തെളിയിക്കുന്നു. ആ വർഷം യേശു രാജാവായി ഭരണം ആരംഭിച്ചു. (സങ്കീർത്തനം 110:2) അതിനു ശേഷം പെട്ടെന്നുതന്നെ സാത്താനെ ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. അവന് ഇനി “കുറച്ച് കാലമേ ബാക്കിയുള്ളൂ.” (വെളിപാട് 12:12) നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ആ കാലഘട്ടത്തിലാണ് എന്നതിന്റെ കൂടുതലായ തെളിവുകൾ അടുത്ത അധ്യായത്തിൽ പഠിക്കും. ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നടക്കുന്നെന്നു ദൈവരാജ്യം പെട്ടെന്നുതന്നെ ഉറപ്പു വരുത്തുമെന്നും നമ്മൾ പഠിക്കും.—പിൻകുറിപ്പ് 22 കാണുക.