അധ്യായം 9
“ഞാൻ അവർക്ക് ഒരേ മനസ്സു കൊടുക്കും”
മുഖ്യവിഷയം: പുനഃസ്ഥാപനവും അതിലേക്കു വെളിച്ചം വീശുന്ന യഹസ്കേൽപ്രവചനങ്ങളും
1-3. ബാബിലോൺകാർ യഹോവയുടെ ആരാധകരെ പരിഹസിച്ചത് എങ്ങനെ, എന്തുകൊണ്ട്?
നിങ്ങൾ ബാബിലോൺ നഗരത്തിൽ താമസിക്കുന്ന വിശ്വസ്തനായ ഒരു ജൂതനാണെന്നു കരുതുക. നിങ്ങളും മറ്റു ജൂതന്മാരും പ്രവാസജീവിതം തുടങ്ങിയിട്ട് ഏകദേശം അര നൂറ്റാണ്ടായി. ശബത്തിലെ പതിവനുസരിച്ച് യഹോവയെ ആരാധിക്കാൻ സഹവിശ്വാസികളുടെ അടുത്തേക്കു പോകുകയാണു നിങ്ങൾ. പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ക്ഷേത്രങ്ങളും എണ്ണമറ്റ ദേവാലയങ്ങളും പിന്നിട്ട് നിങ്ങൾ തിരക്കുപിടിച്ച തെരുവുകളിലൂടെ നടന്നുനീങ്ങുകയാണ്. മാർഡൂക്കിനെപ്പോലുള്ള ദേവന്മാർക്കു ബലി അർപ്പിക്കാൻ ഒരു ജനസാഗരംതന്നെ അവിടെ എത്തിയിട്ടുണ്ട്. അവരുടെ കണ്ഠങ്ങളിൽനിന്ന് ഉയരുന്ന കീർത്തനങ്ങൾ അന്തരീക്ഷത്തിലെങ്ങും അലയടിക്കുന്നു.
2 ആ തിരക്കുകളിൽനിന്നെല്ലാം അകലെ അതാ, നിങ്ങൾ തേടുന്ന ആ ചെറിയ കൂട്ടം.a ഒന്നിച്ചിരുന്ന് പ്രാർഥിക്കാനും സങ്കീർത്തനങ്ങൾ ആലപിക്കാനും ദൈവവചനം ധ്യാനിക്കാനും പറ്റിയ ശാന്തമായ ഒരിടം നഗരത്തിലെ ഒരു നീർച്ചാലിന്റെ അടുത്തായി നിങ്ങൾ കണ്ടെത്തുന്നു. അതിന്റെ ഓരത്ത് അടുപ്പിച്ചിരിക്കുന്ന തടിവള്ളങ്ങളുടെ പലകകൾ ഞെരിഞ്ഞമരുന്ന നേരിയ ശബ്ദം നിങ്ങൾക്കു കേൾക്കാം. ഒരുമിച്ചിരുന്ന് പ്രാർഥിക്കാൻ സ്വച്ഛമായ ഒരിടം കിട്ടിയതിൽ നിങ്ങൾക്കെല്ലാം സന്തോഷമുണ്ട്, ഒപ്പം ഒരു ആകുലതയും. മുമ്പും പല തവണ സംഭവിച്ചിട്ടുള്ളതുപോലെ പരിസരവാസികൾ അവിടെയെത്തി എല്ലാം അലങ്കോലപ്പെടുത്തിയാലോ? പക്ഷേ അവർ എന്തിന് അങ്ങനെ ചെയ്യണം?
3 അനേകം യുദ്ധങ്ങൾ പോരാടി ജയിച്ചതിന്റെ നീണ്ട ചരിത്രം ബാബിലോണിനുണ്ട്. നഗരത്തിന്റെ ശക്തി തങ്ങളുടെ ദേവന്മാരാണെന്നാണ് അവരുടെ വിശ്വാസം. മാർഡൂക്ക് ദേവൻ യഹോവയെക്കാൾ ശക്തനായതുകൊണ്ടാണ് യരുശലേം തകർന്നടിഞ്ഞതെന്നുപോലും അവർ കരുതുന്നു. അവർ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും കളിയാക്കുന്നതിന്റെ കാരണവും അതുതന്നെ. “ഒരു സീയോൻഗീതം പാടിക്കേൾപ്പിക്ക്” എന്ന് ഒരു പരിഹാസച്ചുവയോടെ അവർ ഇടയ്ക്കൊക്കെ ആവശ്യപ്പെടാറുണ്ട്. (സങ്കീ. 137:3) യഹോവയുടെ ശത്രുക്കളുടെ മേൽ സീയോൻ അഥവാ യരുശലേം നേടിയ ജയത്തെ പ്രകീർത്തിക്കുന്ന സങ്കീർത്തനങ്ങളെയാകാം ഒരുപക്ഷേ ബാബിലോൺകാർ കളിയാക്കിയത്. എന്നാൽ ബാബിലോൺകാരെക്കുറിച്ചുതന്നെ പറയുന്ന ചില സങ്കീർത്തനങ്ങളുമുണ്ടായിരുന്നു. “അവർ യരുശലേമിനെ നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കി. . . . ചുറ്റുമുള്ളവർ ഞങ്ങളെ കളിയാക്കുന്നു, അവഹേളിക്കുന്നു” എന്ന ഭാഗം അതിനൊരു ഉദാഹരണമാണ്.—സങ്കീ. 79:1, 3, 4.
4, 5. യഹസ്കേലിന്റെ പ്രവചനം എന്തു പ്രത്യാശ പകർന്നു, ഈ അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
4 ഇതിനൊക്കെ പുറമേ, വിശ്വാസത്യാഗികളായ ജൂതന്മാരുമുണ്ട്. യഹോവയിലും പ്രവാചകന്മാരിലും നിങ്ങൾക്കുള്ള വിശ്വാസത്തെ നിന്ദിക്കാൻ അവസരം തേടി നടക്കുകയാണ് അവർ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശുദ്ധാരാധന നിങ്ങൾക്കും കുടുംബത്തിനും നൽകുന്ന ആശ്വാസം ഒന്നു വേറെതന്നെ. ദൈവവചനം വായിക്കുന്നതും ഒരുമിച്ച് പ്രാർഥിക്കുന്നതും പാട്ടു പാടുന്നതും വലിയൊരു സന്തോഷമാണ്. (സങ്കീ. 94:19; റോമ. 15:4) ഇന്ന് ആരാധനയ്ക്ക് അവിടെ വന്നിരിക്കുന്ന ഒരാളുടെ കൈയിൽ വളരെ വിശേഷപ്പെട്ട ഒരു സാധനമുണ്ട്. യഹസ്കേലിന്റെ പ്രവചനം അടങ്ങിയ ഒരു ചുരുൾ! യഹോവ തന്റെ ജനത്തെ മാതൃദേശത്തേക്കു തിരികെ കൊണ്ടുപോകുമെന്നുള്ള പ്രവചനം അതിൽനിന്ന് വായിച്ചുകേട്ടപ്പോൾ നിങ്ങളുടെ ഹൃദയത്തിൽ ആവേശത്തിരകളുയർന്നു. ഇതുപോലൊരു വാർത്ത കേൾക്കാൻ എത്ര നാളായി കാത്തിരിക്കുന്നു! ഒരുനാൾ നിങ്ങൾ കുടുംബത്തോടൊപ്പം അവിടെ തിരികെ ചെല്ലുന്നതും ശുദ്ധാരാധന പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതും നിങ്ങൾ ഇപ്പോൾ ഭാവനയിൽ കാണുന്നു. എത്ര ആവേശകരമായ ഒരു സമയമായിരിക്കും അത്!
5 യഹസ്കേൽ എന്ന ബൈബിൾപുസ്തകം പുനഃസ്ഥാപനപ്രവചനങ്ങളാൽ സമ്പന്നമാണ്. പ്രത്യാശ പകരുന്ന ആ വാഗ്ദാനങ്ങളാണു നമ്മൾ ഇപ്പോൾ ചർച്ച ചെയ്യാൻപോകുന്നത്. പ്രവാസികളുടെ ജീവിതത്തിൽ അവ എങ്ങനെ നിറവേറി? അത്തരം പ്രവചനങ്ങളുടെ ആധുനികകാലപ്രസക്തി എന്താണ്? അവയിൽ ചിലതിനു ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന അന്തിമനിവൃത്തിയെക്കുറിച്ചും നമ്മൾ പഠിക്കും.
“അവരെ ബന്ദികളായി, അടിമത്തത്തിലേക്ക്, കൊണ്ടുപോകും”
6. ധിക്കാരികളായ തന്റെ ജനത്തിനു ദൈവം ആവർത്തിച്ച് മുന്നറിയിപ്പു കൊടുത്തത് എങ്ങനെ?
6 ധിക്കാരം തുടർന്നാൽ തന്റെ ജനത്തെ ശിക്ഷിക്കുമെന്ന് യഹോവ യഹസ്കേലിലൂടെ വ്യക്തമാക്കിയിരുന്നു. “അവരെ ബന്ദികളായി, അടിമത്തത്തിലേക്ക്, കൊണ്ടുപോകും” എന്ന് യഹോവ പറഞ്ഞു. (യഹ. 12:11) ഈ പുസ്തകത്തിന്റെ 6-ാം അധ്യായത്തിൽ കണ്ടതുപോലെ യഹസ്കേൽ അത് അഭിനയിച്ചുകാണിക്കുകപോലും ചെയ്തു. പക്ഷേ ഈ മുന്നറിയിപ്പ് ആദ്യത്തേതായിരുന്നില്ല. ധിക്കാരം കാണിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ തന്റെ ജനത്തിനു ബന്ദികളായി പോകേണ്ടിവരുമെന്ന് ഏതാണ്ട് ഒരു സഹസ്രാബ്ദം മുമ്പ്, മോശയുടെ കാലംമുതലേ യഹോവ മുന്നറിയിപ്പു കൊടുത്തിരുന്നതാണ്. (ആവ. 28:36, 37) ഇതിനു പുറമേ, യശയ്യയും യിരെമ്യയും സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു.—യശ. 39:5-7; യിരെ. 20:3-6.
7. യഹോവ തന്റെ ജനത്തെ ശിക്ഷിച്ചത് എങ്ങനെ?
7 സങ്കടകരമെന്നു പറയട്ടെ, മിക്കവരും ആ മുന്നറിയിപ്പുകൾക്കു വില കല്പിച്ചില്ല. അവരുടെ ധിക്കാരം, വിഗ്രഹാരാധന, അവിശ്വസ്തത, അവിടത്തെ ഇടയന്മാരുടെ ദുസ്സ്വാധീനം മൂലമുണ്ടായ ധാർമികാധഃപതനം എന്നിവയൊക്കെ കണ്ട് യഹോവയുടെ ഹൃദയം വേദനിച്ചു. ഒടുവിൽ അവിടെ ക്ഷാമം ഉണ്ടാകാൻ യഹോവ അനുവദിച്ചു. അവിടം “പാലും തേനും ഒഴുകുന്ന” ഒരു ദേശമായിരുന്നതുകൊണ്ട് ആ ക്ഷാമം ഒരു ദുരന്തത്തെക്കാൾ ഉപരി വലിയൊരു അപമാനമായിരുന്നു. (യഹ. 20:6, 7) പിന്നീട്, കാലങ്ങൾക്കു മുമ്പേ പറഞ്ഞിരുന്നതുപോലെതന്നെ അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോകാൻ യഹോവ അനുവദിച്ചു. വഴിതെറ്റിപ്പോയ ആ ജനതയ്ക്കുള്ള ശിക്ഷയായിരുന്നു അത്. ബി.സി. 607-ൽ യരുശലേമും അവിടത്തെ ദേവാലയവും നശിപ്പിച്ചുകൊണ്ട് ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് അവരുടെ മേൽ അന്തിമപ്രഹരമേൽപ്പിച്ചു. അതിനെ അതിജീവിച്ച ആയിരക്കണക്കിനു ജൂതന്മാരെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി. ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ അവർക്ക് അവിടെ പരിഹാസശരങ്ങളും എതിർപ്പുകളും സഹിച്ച് കഴിയേണ്ടിവന്നു.
8, 9. വിശ്വാസത്യാഗത്തിന് എതിരെ ദൈവം ക്രിസ്തീയസഭയ്ക്കു മുന്നറിയിപ്പു കൊടുത്തത് എങ്ങനെ?
8 അങ്ങനെയെങ്കിൽ ക്രിസ്തീയസഭയുടെ കാര്യമോ? ബാബിലോൺപ്രവാസത്തോടു സമാനമായ എന്തെങ്കിലും അതിനു സംഭവിച്ചോ? സംഭവിച്ചു! പുരാതനകാലത്തെ ജൂതന്മാരെപ്പോലെതന്നെ ക്രിസ്തുവിന്റെ അനുഗാമികൾക്കും നേരത്തേതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നതാണ്. തന്റെ ശുശ്രൂഷയുടെ ആരംഭകാലത്ത് യേശു ഇങ്ങനെ പറഞ്ഞിരുന്നു: “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ ചെമ്മരിയാടുകളുടെ വേഷത്തിൽ നിങ്ങളുടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചുകീറുന്ന ചെന്നായ്ക്കളാണ്.” (മത്താ. 7:15) വർഷങ്ങൾക്കു ശേഷം പൗലോസ് അപ്പോസ്തലനും ദൈവപ്രചോദിതനായി സമാനമായ ഒരു മുന്നറിയിപ്പു നൽകി: “ഞാൻ പോയശേഷം, ആട്ടിൻകൂട്ടത്തോട് ആർദ്രത കാണിക്കാത്ത ക്രൂരരായ ചെന്നായ്ക്കൾ നിങ്ങൾക്കിടയിൽ കടക്കുമെന്ന് എനിക്ക് അറിയാം. നിങ്ങൾക്കിടയിൽനിന്നുതന്നെ ചിലർ എഴുന്നേറ്റ്, ശിഷ്യന്മാരെ വശത്താക്കി തങ്ങളുടെ പിന്നാലെ കൊണ്ടുപോകാൻവേണ്ടി ഉപദേശങ്ങളെ വളച്ചൊടിക്കും.”—പ്രവൃ. 20:29, 30.
9 അത്തരം അപകടകാരികളെ എങ്ങനെ തിരിച്ചറിയാം, ഒഴിവാക്കാം എന്നൊക്കെ ക്രിസ്ത്യാനികളെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. വിശ്വാസത്യാഗികളെ സഭയിൽനിന്ന് നീക്കിക്കളയാൻ ക്രിസ്തീയമൂപ്പന്മാർക്കും നിർദേശം ലഭിച്ചിരുന്നു. (1 തിമൊ. 1:19; 2 തിമൊ. 2:16-19; 2 പത്രോ. 2:1-3; 2 യോഹ. 10) എങ്കിലും ഇസ്രായേലും യഹൂദയും പണ്ടു ചെയ്തതുപോലെതന്നെ പല ക്രിസ്ത്യാനികളും സ്നേഹം നിറഞ്ഞ ആ മുന്നറിയിപ്പുകൾക്കു പതിയെപ്പതിയെ വില കല്പിക്കാതായി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും വിശ്വാസത്യാഗം സഭയിൽ വേരുപിടിച്ചിരുന്നു. ക്രിസ്തീയസഭയുടെ ഈ ധാർമികാധഃപതനവും സഭയിൽ വ്യാപകമായിരുന്ന ധിക്കാരവും ഒന്നാം നൂറ്റാണ്ടിന്റെ അവസാനംവരെ ജീവിച്ചിരുന്ന അപ്പോസ്തലനായ യോഹന്നാന്റെ ശ്രദ്ധയിൽപ്പെട്ടു. ആ ദുഷിച്ച പ്രവണതയ്ക്ക് ഒരു തടസ്സമായി അവശേഷിച്ചിരുന്ന ഒരേ ഒരാൾ അവസാനത്തെ ആ അപ്പോസ്തലനായിരുന്നു. (2 തെസ്സ. 2:6-8; 1 യോഹ. 2:18) എന്നാൽ യോഹന്നാന്റെ മരണശേഷം എന്തു സംഭവിച്ചു?
10, 11. ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥ എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ നിറവേറിയത് എങ്ങനെ?
10 യോഹന്നാൻ മരിച്ചതോടെ ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥ നിറവേറാൻതുടങ്ങി. (മത്തായി 13:24-30 വായിക്കുക.) യേശു മുൻകൂട്ടിക്കണ്ടതുപോലെതന്നെ സാത്താൻ ക്രിസ്തീയസഭയിൽ കപടക്രിസ്ത്യാനികളായ “കളകൾ” വിതച്ചു. സഭയുടെ ധാർമികാധഃപതനത്തിന് അത് ആക്കം കൂട്ടി. തന്റെ മകൻ സ്ഥാപിച്ച സഭയെ വിഗ്രഹാരാധനയും വ്യാജമതാചാരങ്ങളും വിശേഷദിവസങ്ങളും മലിനമാക്കുന്നതു കണ്ടപ്പോൾ യഹോവയ്ക്ക് എത്രമാത്രം ഹൃദയവേദന തോന്നിക്കാണും! ദൈവവിശ്വാസമില്ലാത്ത തത്ത്വചിന്തകരിൽനിന്നും സാത്താന്യമതങ്ങളിൽനിന്നും കടംകൊണ്ട വ്യാജോപദേശങ്ങളും അതിനെ കളങ്കപ്പെടുത്തി. അതുകൊണ്ട് യഹോവ എന്തു ചെയ്തു? അവിശ്വസ്തരായ ഇസ്രായേല്യരെപ്പോലെതന്നെ തന്റെ ഈ ജനത്തെയും പ്രവാസികളായി കൊണ്ടുപോകാൻ യഹോവ അനുവദിച്ചു. എപ്പോഴായിരുന്നു അത്? എ.ഡി. രണ്ടാം നൂറ്റാണ്ടിലെ ഏതോ ഒരു ഘട്ടംമുതൽ, അനേകംവരുന്ന കപടക്രിസ്ത്യാനികളുടെ ഇടയിൽനിന്ന് ഗോതമ്പുതുല്യരായ ആളുകളെ കണ്ടെത്തുന്നതു പ്രയാസമായിത്തീർന്നു. അതെ, സത്യക്രിസ്തീയസഭ ആ സമയത്ത് വ്യാജമത ലോകസാമ്രാജ്യമായ ബാബിലോണിൽ പ്രവാസത്തിലായിരുന്നെന്നു പറയാം. കപടക്രിസ്ത്യാനികളാകട്ടെ ആ ദുഷിച്ച സാമ്രാജ്യത്തിന്റെ ഭാഗമാകുകയും ചെയ്തു. കപടക്രിസ്ത്യാനികൾ തഴച്ചുവളർന്നതോടെ ക്രൈസ്തവലോകം ഉദയംകൊണ്ടു.
11 ക്രൈസ്തവലോകം ആധിപത്യം പുലർത്തിയ ഇരുണ്ട നൂറ്റാണ്ടുകളിൽ ഉടനീളം യേശുവിന്റെ ദൃഷ്ടാന്തകഥയിലെ “ഗോതമ്പ്” ചിത്രീകരിച്ച ചില യഥാർഥക്രിസ്ത്യാനികളുണ്ടായിരുന്നു. യഹസ്കേൽ 6:9-ൽ വിവരിച്ചിരിക്കുന്ന ജൂതപ്രവാസികളെപ്പോലെ അവർ സത്യദൈവത്തെ ഓർത്തു. ക്രൈസ്തവലോകത്തിന്റെ വ്യാജോപദേശങ്ങളെ സധൈര്യം എതിർത്തവരായിരുന്നു അവരിൽ ചിലർ. അവർക്കു പരിഹാസവും ക്രൂരപീഡനങ്ങളും സഹിക്കേണ്ടിവന്നു. തന്റെ ജനം എന്നെന്നും ആത്മീയാന്ധകാരം നിറഞ്ഞ ലോകത്ത് കഴിയണമെന്നായിരുന്നോ യഹോവയുടെ ഉദ്ദേശ്യം? അല്ല! ഇസ്രായേലിന്റെ ചരിത്രം വ്യക്തമാക്കുന്നതുപോലെ യഹോവ എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കുന്ന ദൈവമല്ല, അനിയന്ത്രിതമായി കോപിക്കുന്ന ദൈവവുമല്ല. (യിരെ. 46:28) ഇനി, യഹോവ തന്റെ ജനത്തിനു പ്രത്യാശയ്ക്കു വക നൽകി എന്നതും ശ്രദ്ധേയമാണ്. പണ്ട് ബാബിലോണിൽ കഴിഞ്ഞിരുന്ന ജൂതപ്രവാസികൾക്കും അടിമത്തം അവസാനിക്കുമെന്ന പ്രത്യാശ യഹോവ നൽകിയിരുന്നു. അത് എങ്ങനെയായിരുന്നെന്നു നമുക്ക് ഇപ്പോൾ നോക്കാം.
“അപ്പോൾ, എന്റെ കോപം തീരും”
12, 13. യഹസ്കേലിന്റെ നാളിൽ പ്രവാസികളായി കഴിഞ്ഞിരുന്ന തന്റെ ജനത്തോടുള്ള യഹോവയുടെ ക്രോധം എങ്ങനെ ശമിക്കുമായിരുന്നു?
12 തന്റെ ജനത്തോടു തോന്നിയ കോപം യഹോവ തുറന്നുപ്രകടിപ്പിക്കുകതന്നെ ചെയ്തു. പക്ഷേ നീതിനിഷ്ഠമായ ആ ധർമരോഷം എന്നെന്നും നീണ്ടുനിൽക്കില്ലെന്നും യഹോവ അവർക്ക് ഉറപ്പുകൊടുത്തു. അതിന് ഉദാഹരണമാണ് ഈ വാക്കുകൾ: “എന്റെ കോപം തീരും. അവർക്കെതിരെയുള്ള എന്റെ ക്രോധം ശമിക്കും. അതോടെ എനിക്കു തൃപ്തിയാകും. അവർക്കെതിരെ എന്റെ ക്രോധം ചൊരിഞ്ഞുതീരുമ്പോൾ, യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമായതുകൊണ്ട് ആ എരിവിലാണു ഞാൻ സംസാരിച്ചതെന്ന് അവർ മനസ്സിലാക്കേണ്ടിവരും.” (യഹ. 5:13) എന്നാൽ യഹോവയുടെ ക്രോധം എങ്ങനെയാണു ശമിക്കുക?
13 ബന്ദികളായി പിടിച്ചുകൊണ്ടുപോയവരുടെ കൂട്ടത്തിൽ അവിശ്വസ്തരായ ജൂതന്മാരോടൊപ്പം വിശ്വസ്തരായ ജൂതന്മാരും ഉണ്ടായിരുന്നു. ഇനി, പ്രവാസികളായി കഴിയുന്ന സമയത്ത് തന്റെ ജനത്തിൽ ചിലർ പശ്ചാത്തപിക്കുമെന്നും യഹസ്കേലിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞു. പശ്ചാത്താപമുള്ള ആ ജൂതന്മാർ, തങ്ങൾ ദൈവത്തെ ധിക്കരിച്ച് കാട്ടിക്കൂട്ടിയ നാണംകെട്ട കാര്യങ്ങൾ ഓർത്ത് യഹോവയുടെ ക്ഷമയ്ക്കായും പ്രീതിക്കായും യാചിക്കുമായിരുന്നു. (യഹ. 6:8-10; 12:16) ബന്ദികളായി കൊണ്ടുപോയവരിൽപ്പെട്ട വിശ്വസ്തരായ ചില ജൂതന്മാരായിരുന്നു യഹസ്കേലും ദാനിയേൽ പ്രവാചകനും അദ്ദേഹത്തിന്റെ മൂന്നു കൂട്ടാളികളും. ദാനിയേലാകട്ടെ, പ്രവാസജീവിതത്തിന്റെ തുടക്കവും ഒടുക്കവും കണ്ട ആളാണ്. ഇസ്രായേല്യരുടെ പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപം നിഴലിക്കുന്ന ഹൃദയസ്പർശിയായ ഒരു പ്രാർഥന ദാനിയേൽ പുസ്തകത്തിന്റെ 9-ാം അധ്യായത്തിൽ കാണാം. ദാനിയേലിന്റെ ആ പ്രാർഥനയിൽ പ്രതിഫലിച്ചത് യഹോവയുടെ ക്ഷമയ്ക്കായി ദാഹിച്ച ആയിരക്കണക്കിനു പ്രവാസികളുടെ വികാരങ്ങളായിരുന്നു. വീണ്ടും യഹോവയുടെ അനുഗ്രഹങ്ങൾ നേടാൻ അവർ അതിയായി ആഗ്രഹിച്ചു. വിമോചനത്തെയും പുനഃസ്ഥാപനത്തെയും കുറിച്ച് യഹോവ യഹസ്കേലിലൂടെ നൽകിയ വാഗ്ദാനങ്ങൾ അവരെ എത്രമാത്രം ആവേശംകൊള്ളിച്ചിരിക്കണം!
14. യഹോവ തന്റെ ജനത്തെ മാതൃദേശത്ത് തിരികെ കൊണ്ടുവരുന്നതിന്റെ കാരണം എന്താണ്?
14 എന്നാൽ യഹോവയുടെ ജനത്തിന്റെ വിമോചനവും അവരുടെ ഇടയിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുന്നതും അതിലും പ്രധാനപ്പെട്ട മറ്റൊരു ഘടകത്തെ ആശ്രയിച്ചാണിരുന്നത്. അവരുടെ നീണ്ട പ്രവാസം അവസാനിക്കുന്നത് അവർ സ്വാതന്ത്ര്യത്തിന് അർഹരായതുകൊണ്ടല്ല, മറിച്ച് എല്ലാ ജനതകളും കാൺകെ വീണ്ടും തന്റെ നാമം വിശുദ്ധീകരിക്കാനുള്ള യഹോവയുടെ സമയം വന്നിരുന്നതുകൊണ്ടാണ്. (യഹ. 36:22) മാർഡൂക്കിനെപ്പോലുള്ള തങ്ങളുടെ ഭൂതദൈവങ്ങൾ പരമാധികാരിയായ യഹോവയുടെ മുന്നിൽ ഒന്നുമല്ലെന്നു ബാബിലോൺകാർക്കു സംശയലേശമെന്യേ വ്യക്തമാകുമായിരുന്നു. നമുക്ക് ഇപ്പോൾ, യഹോവ യഹസ്കേലിലൂടെ ബാബിലോണിലെ പ്രവാസികളെ അറിയിച്ച അഞ്ചു വാഗ്ദാനങ്ങൾ നോക്കാം. വിശ്വസ്തരായ അവരുടെ ജീവിതത്തിൽ ആ ഓരോ വാഗ്ദാനത്തിനും എന്തു പ്രാധാന്യമുണ്ടായിരുന്നു എന്നാണു നമ്മൾ ആദ്യം കാണാൻപോകുന്നത്. തുടർന്ന് അവയുടെ വലിയ നിവൃത്തിയെക്കുറിച്ചും നമ്മൾ പഠിക്കും.
15. പ്രവാസത്തിൽനിന്ന് തിരിച്ചെത്തുന്നവരുടെ മതാചാരങ്ങൾക്ക് എന്തു മാറ്റം വരുമായിരുന്നു?
15 1-ാം വാഗ്ദാനം. വിഗ്രഹാരാധനയോ വ്യാജമതവുമായി ബന്ധപ്പെട്ട ഹീനമായ മറ്റ് ആചാരങ്ങളോ ഉണ്ടാകില്ല. (യഹസ്കേൽ 11:18; 12:24 വായിക്കുക.) ഈ പുസ്തകത്തിന്റെ 5-ാം അധ്യായത്തിൽ കണ്ടതുപോലെ യരുശലേമും അവിടത്തെ ദേവാലയവും വിഗ്രഹാരാധനപോലുള്ള വ്യാജമതാചാരങ്ങളാൽ മലിനമായിത്തീർന്നിരുന്നു. ആളുകൾ അങ്ങനെ യഹോവയിൽനിന്ന് അകന്ന് ധാർമികമായി അധഃപതിച്ചുപോയി. എന്നാൽ ആ പ്രവാസികൾക്കു ശുദ്ധമായ ആരാധന അർപ്പിക്കാൻ കഴിയുന്ന ഒരു കാലം വീണ്ടും വരുമെന്ന് യഹോവ യഹസ്കേലിലൂടെ അവരോടു മുൻകൂട്ടിപ്പറഞ്ഞു. അതെ, ശുദ്ധാരാധനയ്ക്കായുള്ള ദൈവത്തിന്റെ ക്രമീകരണം പുനഃസ്ഥാപിക്കുന്നതായിരുന്നു ഏറ്റവും പ്രധാനം. പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട മറ്റെല്ലാ അനുഗ്രഹങ്ങളും ഇതിനെ ആശ്രയിച്ചാണിരുന്നത്.
16. തന്റെ ജനത്തിന്റെ മാതൃദേശത്തോടു ബന്ധപ്പെട്ട് യഹോവ എന്തു വാഗ്ദാനമാണു നൽകിയത്?
16 2-ാം വാഗ്ദാനം. മാതൃദേശത്തേക്കു മടങ്ങിവരും. “ഇസ്രായേൽ ദേശം ഞാൻ നിങ്ങൾക്കു തരും” എന്ന് യഹോവ പ്രവാസികളോടു പറഞ്ഞു. (യഹ. 11:17) ഇതൊരു ശ്രദ്ധേയമായ വാഗ്ദാനമായിരുന്നു. കാരണം തങ്ങളെ ബന്ദികളായി കൊണ്ടുപോയ ആ ബാബിലോൺകാരുടെ ഇടയിൽ പരിഹാസമൊക്കെ സഹിച്ച് കഴിഞ്ഞിരുന്നപ്പോൾ, പ്രിയപ്പെട്ട മാതൃദേശത്തേക്കു മടങ്ങാമെന്ന നേരിയ പ്രതീക്ഷപോലും അവർക്കില്ലായിരുന്നു. (യശ. 14:4, 17) ഇനി, അവിടെ തിരികെ ചെല്ലുന്ന അവർ വിശ്വസ്തരായിരിക്കുന്നിടത്തോളം കാലം ആ ദേശം ഫലപുഷ്ടിയുള്ളതായി ധാരാളം വിളവ് നൽകുമെന്നും അവരുടെ അധ്വാനം പാഴാകില്ലെന്നും യഹോവ വാഗ്ദാനം ചെയ്തിരുന്നു. ക്ഷാമം വരുത്തിവെക്കുന്ന അപമാനവും യാതനകളും ഒരു ഓർമ മാത്രമാകുമായിരുന്നു.—യഹസ്കേൽ 36:30 വായിക്കുക.
17. യഹോവയ്ക്കുള്ള ബലികളുടെ കാര്യത്തിൽ എന്തു സംഭവിക്കുമായിരുന്നു?
17 3-ാം വാഗ്ദാനം. യഹോവയുടെ യാഗപീഠത്തിൽ വീണ്ടും കാഴ്ചയാഗങ്ങൾ അർപ്പിച്ചുതുടങ്ങും. ഈ പുസ്തകത്തിന്റെ 2-ാം അധ്യായത്തിൽ കണ്ടതുപോലെ, ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൻകീഴിൽ യാഗങ്ങളും ബലികളും ശുദ്ധാരാധനയുടെ ഒരു അവിഭാജ്യഘടകമായിരുന്നു. മാതൃദേശത്തേക്കു മടങ്ങിയെത്തുന്നവർ അനുസരണത്തോടെ യഹോവയെ മാത്രം ആരാധിക്കുന്ന കാലത്തോളം, അവരുടെ യാഗങ്ങൾ യഹോവ സ്വീകരിക്കുമായിരുന്നു. പാപപരിഹാരം വരുത്തി ദൈവവുമായി ഒരു അടുത്ത ബന്ധം കാത്തുസൂക്ഷിക്കാൻ അവരെ സഹായിക്കുന്ന ഒരു ക്രമീകരണമായിരുന്നു ഇത്. യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തു: ‘ദേശത്ത് . . . ഇസ്രായേൽഗൃഹം മുഴുവൻ ഒന്നൊഴിയാതെ എന്നെ സേവിക്കും. അവരോട് എനിക്കു പ്രീതി തോന്നും. നിങ്ങളുടെ വിശുദ്ധവസ്തുക്കളായ സംഭാവനകളും യാഗങ്ങളുടെ ആദ്യഫലങ്ങളും മുഴുവൻ ഞാൻ പ്രതീക്ഷിക്കും.’ (യഹ. 20:40) അതെ, ദൈവജനത്തിന്റെ മേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ട് ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമായിരുന്നു.
18. തന്റെ ജനത്തെ മേയ്ക്കാൻ യഹോവ എന്തു ചെയ്യുമായിരുന്നു?
18 4-ാം വാഗ്ദാനം. ദുഷിച്ച ഇടയന്മാരെ നീക്കും. നേതൃത്വമെടുത്തിരുന്നവരുടെ ദുഷിച്ച സ്വാധീനമായിരുന്നു ദൈവജനം ഇത്രയധികം വഴിതെറ്റിപ്പോകാനുള്ള പ്രധാനകാരണം. പക്ഷേ അതിന് ഒരു മാറ്റമുണ്ടാകുമെന്നു ദൈവം വാഗ്ദാനം ചെയ്തു. ആ ദുഷിച്ച ഇടയന്മാരെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞു: “എന്റെ ആടുകളെ തീറ്റിപ്പോറ്റുന്ന ജോലിയിൽനിന്ന് ഞാൻ അവരെ നീക്കും. . . . ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്ന് രക്ഷിക്കും.” അതേസമയം യഹോവ തന്റെ വിശ്വസ്തജനത്തിന് ഈ ഉറപ്പു കൊടുത്തു: “ഞാൻ എന്റെ ആടുകളെ പരിപാലിക്കും.” (യഹ. 34:10, 12) യഹോവ എങ്ങനെയായിരിക്കും അതു ചെയ്യുന്നത്? ഇടയന്മാരായി യഹോവ വിശ്വസ്തപുരുഷന്മാരെ നിയമിക്കുമായിരുന്നു.
19. ഐക്യത്തെക്കുറിച്ച് യഹോവ എന്താണു വാഗ്ദാനം ചെയ്തത്?
19 5-ാം വാഗ്ദാനം. യഹോവയെ ആരാധിക്കുന്നവരുടെ ഇടയിൽ ഐക്യമുണ്ടായിരിക്കും. ബന്ദികളായി കൊണ്ടുപോകുന്നതിനു മുമ്പ് ദൈവജനത്തിന്റെ ഇടയിലുണ്ടായിരുന്ന അനൈക്യം വിശ്വസ്താരാധകരെ എത്രമാത്രം വേദനിപ്പിച്ചുകാണും. കള്ളപ്രവാചകന്മാരുടെയും ദുഷിച്ച ഇടയന്മാരുടെയും സ്വാധീനത്തിൽപ്പെട്ട് ജനം യഹോവയുടെ പ്രതിനിധികളായ വിശ്വസ്തപ്രവാചകന്മാരെ ധിക്കരിച്ചു. അവർ ചേരിതിരിഞ്ഞ് തമ്മിലടിക്കുകപോലും ചെയ്തു. അതുകൊണ്ടുതന്നെ പുനഃസ്ഥാപനത്തോടു ബന്ധപ്പെട്ട് യഹസ്കേലിലൂടെ അറിയിച്ച ഈ വാഗ്ദാനം അവർക്കു വളരെ ആകർഷകമായി തോന്നിക്കാണും: “ഞാൻ അവർക്ക് ഒരേ മനസ്സു കൊടുക്കും. പുതിയൊരു ആത്മാവ് അവരുടെ ഉള്ളിൽ വെക്കും.” (യഹ. 11:19) തിരികെ എത്തുന്ന ജൂതന്മാർ യഹോവയോടും സഹജൂതന്മാരോടും ഐക്യത്തിലായിരിക്കുന്നിടത്തോളം കാലം എതിരാളികൾക്കാർക്കും അവരെ തോൽപ്പിക്കാനാകില്ലായിരുന്നു. യഹോവയ്ക്കു നിന്ദയും അപമാനവും വരുത്തിവെക്കുന്നതിനു പകരം ഒരു ജനത എന്ന നിലയിൽ അവർ വീണ്ടും യഹോവയ്ക്കു മഹത്ത്വം കരേറ്റുമായിരുന്നു.
20, 21. പ്രവാസത്തിൽനിന്ന് തിരികെ എത്തിയ ജൂതന്മാരുടെ കാര്യത്തിൽ ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറിയത് എങ്ങനെ?
20 പ്രവാസത്തിൽനിന്ന് തിരികെ എത്തിയ ജൂതന്മാരുടെ കാര്യത്തിൽ ആ അഞ്ചു വാഗ്ദാനവും നിറവേറിയോ? പുരാതനകാലത്തെ വിശ്വസ്തപുരുഷനായ യോശുവയുടെ വാക്കുകൾ ഓർക്കുക: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്ദാനങ്ങളിലെയും ഒറ്റ വാക്കുപോലും നിറവേറാതിരുന്നിട്ടില്ല എന്ന കാര്യം നിങ്ങൾക്കു നന്നായി അറിയാമല്ലോ. അവയെല്ലാം നിങ്ങളുടെ കാര്യത്തിൽ അങ്ങനെതന്നെ സംഭവിച്ചു, ഒന്നും നിറവേറാതിരുന്നിട്ടില്ല.” (യോശു. 23:14) അതെ, യോശുവയുടെ കാലത്ത് യഹോവ തന്റെ വാഗ്ദാനങ്ങൾ പാലിച്ചു. മാതൃദേശത്തേക്കു തിരികെ വന്ന പ്രവാസികളോടുള്ള വാഗ്ദാനങ്ങളും യഹോവ ഒന്നൊഴിയാതെ പാലിക്കുമായിരുന്നു.
21 യഹോവയിൽനിന്ന് തങ്ങളെ അകറ്റിക്കളഞ്ഞ വിഗ്രഹാരാധനയും ഹീനമായ മറ്റു പല വ്യാജമതാചാരങ്ങളും ജൂതന്മാർ ഉപേക്ഷിച്ചു. അസംഭവ്യമെന്ന് ഒരിക്കൽ തോന്നിയിരുന്നെങ്കിലും അവർ വീണ്ടും തങ്ങളുടെ മാതൃദേശത്ത് താമസം തുടങ്ങി. അവർ അവിടെ കൃഷി ചെയ്ത് സംതൃപ്തികരമായ ജീവിതം നയിച്ചു. സ്വദേശത്ത് തിരികെ എത്തിയ അവർ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് യരുശലേമിൽ യഹോവയുടെ യാഗപീഠം വീണ്ടും പണിയുക എന്നതായിരുന്നു. അവർ അവിടെ ദൈവത്തിനു സ്വീകാര്യമായ യാഗങ്ങൾ അർപ്പിച്ചു. (എസ്ര 3:2-6) നല്ല ആത്മീയയിടയന്മാരെ നൽകി യഹോവ അവരെ അനുഗ്രഹിക്കുകയും ചെയ്തു. വിശ്വസ്തപുരോഹിതനും പകർപ്പെഴുത്തുകാരനും ആയ എസ്രയും മഹാപുരോഹിതനായ യോശുവയും ധീരപ്രവാചകന്മാരായ ഹഗ്ഗായിയും സെഖര്യയും മലാഖിയും ഗവർണർമാരായ നെഹമ്യയും സെരുബ്ബാബേലും അവരിൽ ചിലരായിരുന്നു. ആ ജനം എത്ര നാൾ യഹോവയിൽനിന്നുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചോ അത്രയും നാൾ അവരുടെ ഇടയിൽ ഐക്യം നിലനിന്നു. അത്തരം ഒരുമയുടെ മാധുര്യം അവർ രുചിച്ചറിഞ്ഞിട്ട് കാലമേറെയായിരുന്നു.—യശ. 61:1-4; യിരെമ്യ 3:15 വായിക്കുക.
22. പുനഃസ്ഥാപനത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങളുടെ ആദ്യനിവൃത്തി ഭാവിയിലെ വലിയൊരു നിവൃത്തിയുടെ വെറുമൊരു സൂചനയായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
22 പുനഃസ്ഥാപനത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനങ്ങളുടെ ആദ്യനിവൃത്തി ശരിക്കും പ്രോത്സാഹനം പകരുന്നതായിരുന്നു. എങ്കിലും ഭാവിയിലെ വലിയൊരു നിവൃത്തിയുടെ വെറുമൊരു സൂചനയായിരുന്നു അത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ആ വാഗ്ദാനങ്ങൾക്കെല്ലാം ഒരു വ്യവസ്ഥ വെച്ചിരുന്നു എന്നതു ശ്രദ്ധിക്കുക. ജനം അനുസരണമുള്ളവരായിരുന്നാൽ മാത്രമേ യഹോവ വാഗ്ദാനങ്ങൾ പാലിക്കുമായിരുന്നുള്ളൂ. എന്നാൽ കാലക്രമേണ ജൂതന്മാർ വീണ്ടും അനുസരണക്കേടും ധിക്കാരവും കാണിക്കാൻതുടങ്ങി. പക്ഷേ യോശുവ പറഞ്ഞതുപോലെ, യഹോവയുടെ വാക്കുകൾ ഒരിക്കലും നിറവേറാതിരിക്കില്ല. അതുകൊണ്ടുതന്നെ ആ വാഗ്ദാനങ്ങൾക്ക് അതിലും ഏറെ നാൾ നിലനിൽക്കുന്ന വലിയൊരു നിവൃത്തി ഉണ്ടായിരിക്കണം. നമുക്ക് ഇപ്പോൾ അതെക്കുറിച്ച് നോക്കാം.
“എനിക്കു നിങ്ങളോടു പ്രീതി തോന്നും”
23, 24. “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം” എപ്പോൾ തുടങ്ങി, എങ്ങനെ?
23 ഈ ദുഷ്ടവ്യവസ്ഥിതി 1914-ൽ അതിന്റെ അന്ത്യപാദത്തിലേക്കു പ്രവേശിച്ചെന്ന്, അത് ഇപ്പോൾ അതിന്റെ അവസാനനാളുകളിലാണെന്ന്, ബൈബിൾവിദ്യാർഥികളായ നമുക്ക് അറിയാം. എന്നാൽ ദൈവദാസർക്ക് ഇതു ദുഃഖത്തിനുള്ള ഒരു കാരണമല്ല. വാസ്തവത്തിൽ ബൈബിൾ സൂചിപ്പിക്കുന്നതുപോലെ, 1914 മുതലുള്ള വർഷങ്ങൾ, “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന” ആവേശോജ്ജ്വലമായ ഒരു കാലഘട്ടമാണ്. (പ്രവൃ. 3:21) അങ്ങനെ പറയാനുള്ള കാരണം എന്താണ്? 1914-ൽ സ്വർഗത്തിൽ എന്താണു സംഭവിച്ചതെന്നു നോക്കുക. യേശുക്രിസ്തു അന്നു മിശിഹൈകരാജാവായി അവരോധിക്കപ്പെട്ടു! പക്ഷേ ആ സംഭവത്തോടെ എന്തെങ്കിലും പൂർവസ്ഥിതിയിലായോ അഥവാ പുനഃസ്ഥാപിക്കപ്പെട്ടോ? ഉവ്വ്. ദാവീദ് രാജാവിന്റെ വംശപരമ്പരയിൽ രാജാധികാരം എന്നെന്നും നിലനിൽക്കുമെന്ന് യഹോവ അദ്ദേഹത്തോടു വാഗ്ദാനം ചെയ്തിരുന്നെന്ന് ഓർക്കുക. (1 ദിന. 17:11-14) ബി.സി. 607-ൽ ബാബിലോൺകാർ യരുശലേം നശിപ്പിച്ച് ദാവീദിന്റെ വംശപരമ്പരയിൽപ്പെട്ട രാജാക്കന്മാരുടെ വാഴ്ച അവസാനിപ്പിച്ചപ്പോൾ ആ ഭരണത്തിന് ഒരു തടസ്സം നേരിട്ടു.
24 യേശു “മനുഷ്യപുത്രൻ” ആയിരുന്നതുകൊണ്ട് ദാവീദിന്റെ വംശപരമ്പരയിൽപ്പെട്ടവനും ദാവീദിലൂടെയുള്ള രാജത്വത്തിന്റെ നിയമപരമായ അവകാശിയും ആയിരുന്നു. (മത്താ. 1:1; 16:13-16; ലൂക്കോ. 1:32, 33) 1914-ൽ യഹോവ യേശുവിനെ സ്വർഗീയസിംഹാസനത്തിൽ വാഴിച്ചപ്പോൾ “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം” തുടങ്ങി! അതൊരു തുടക്കം മാത്രമായിരുന്നു. യഹോവ പൂർണനായ ആ രാജാവിനെ ഉപയോഗിച്ച് പുനഃസ്ഥാപനത്തോടു ബന്ധപ്പെട്ട പല കാര്യങ്ങളും തുടർന്നും ചെയ്യാനിരിക്കുകയായിരുന്നു.
25, 26. (എ) ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന് ദൈവജനം മോചിതരായത് എപ്പോൾ, നമുക്ക് അത് എങ്ങനെ അറിയാം? (“എന്തുകൊണ്ട് 1919?” എന്ന ചതുരവും കാണുക.) (ബി) 1919 മുതൽ എന്തു നിവൃത്തിയേറാൻ തുടങ്ങി?
25 രാജാവായി അധികാരമേറ്റ യേശു ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന്, തന്റെ പിതാവിനോടൊപ്പം ഭൂമിയിൽ ശുദ്ധാരാധനയ്ക്കായുള്ള ക്രമീകരണത്തെ പരിശോധിക്കുക എന്നതായിരുന്നു. (മലാ. 3:1-5) യേശു തന്റെ ദൃഷ്ടാന്തത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ ഗോതമ്പിനെയും കളകളെയും, അതായത് യഥാർഥ അഭിഷിക്തക്രിസ്ത്യാനികളെയും കപടനാട്യക്കാരെയും, വേർതിരിച്ചറിയുക എന്നത് ഏറെ നാളുകളായി അസാധ്യമായിരുന്നു.b എന്നാൽ ഇപ്പോൾ 1914-ൽ കൊയ്ത്തുകാലം തുടങ്ങിയതോടെ വ്യത്യാസം വളരെ പ്രകടമായിത്തീർന്നു. 1914-നു മുമ്പുള്ള പതിറ്റാണ്ടുകളിൽ വിശ്വസ്തരായ ബൈബിൾവിദ്യാർഥികൾ ക്രൈസ്തവലോകത്തിന്റെ ഗുരുതരമായ ചില പിഴവുകൾ ഒന്നൊന്നായി തുറന്നുകാട്ടുകയും ആ ദുഷിച്ച സംഘടനയിൽനിന്ന് തങ്ങളെത്തന്നെ വേർപെടുത്താൻ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അവരെ പൂർണമായും പുനഃസ്ഥിതീകരിക്കാനുള്ള യഹോവയുടെ സമയം വന്നു. അങ്ങനെ ‘കൊയ്ത്തുകാലം’ തുടങ്ങി ഏതാനും വർഷങ്ങൾക്കു ശേഷം, 1919-ന്റെ ആദ്യഭാഗത്ത് ദൈവജനം ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന് പൂർണമായും സ്വതന്ത്രരായി. (മത്താ. 13:30) അതെ, അവരുടെ പ്രവാസം അവസാനിച്ചു!
26 അങ്ങനെ യഹസ്കേൽ പുസ്തകത്തിലെ പുനഃസ്ഥാപനപ്രവചനങ്ങൾക്കു പുരാതനകാലത്തെക്കാൾ വലിയൊരു നിവൃത്തിയുണ്ടാകാൻതുടങ്ങി. നമ്മൾ മുമ്പ് ചർച്ച ചെയ്ത ആ അഞ്ചു വാഗ്ദാനങ്ങൾക്കു വലിയൊരു നിവൃത്തിയുണ്ടായത് എങ്ങനെയെന്നാണു നമ്മൾ ഇപ്പോൾ കാണാൻപോകുന്നത്.
27. വിഗ്രഹാരാധനയിൽനിന്ന് ദൈവം തന്റെ ജനത്തെ ശുദ്ധീകരിച്ചത് എങ്ങനെ?
27 1-ാം വാഗ്ദാനം. വിഗ്രഹാരാധനയും വ്യാജമതവുമായി ബന്ധപ്പെട്ട ഹീനമായ മറ്റ് ആചാരങ്ങളും അവസാനിക്കും. 19-ാം നൂറ്റാണ്ടിന്റെ അവസാനപാദവും 20-ാം നൂറ്റാണ്ടിന്റെ തുടക്കവും ഒരു പ്രത്യേകകാര്യത്തിനു സാക്ഷ്യം വഹിച്ചു. ആ സമയത്ത് ചില വിശ്വസ്തക്രിസ്ത്യാനികൾ ഒരുമിച്ചുകൂടി ബൈബിൾ പഠിക്കാൻ ആരംഭിച്ചു. അങ്ങനെ അവർ പല വ്യാജമതാചാരങ്ങളും ഉപേക്ഷിച്ചുതുടങ്ങി. ത്രിത്വം, ആത്മാവിന്റെ അമർത്യത, നരകാഗ്നി എന്നിവയെല്ലാം വ്യാജമതവേരുകളുള്ള, തിരുവെഴുത്തുവിരുദ്ധമായ ഉപദേശങ്ങളാണെന്നു മനസ്സിലാക്കി അവർ അവ തള്ളിക്കളഞ്ഞു. രൂപങ്ങൾ വെച്ച് ആരാധിക്കുന്നതു വിഗ്രഹാരാധനയാണെന്ന് അവർ തിരിച്ചറിഞ്ഞു. ആരാധനയിൽ കുരിശ് ഉപയോഗിക്കുന്നതും വിഗ്രഹാരാധനതന്നെയാണെന്നു ദൈവജനം ക്രമേണ മനസ്സിലാക്കി.—യഹ. 14:6.
28. ഏത് അർഥത്തിലാണ് യഹോവയുടെ ജനത്തെ സ്വദേശത്തേക്കു തിരികെ കൊണ്ടുവന്നത്?
28 2-ാം വാഗ്ദാനം. ദൈവജനത്തെ ആത്മീയദേശത്തേക്കു തിരികെ കൊണ്ടുവരും. ബാബിലോണ്യമതത്തെ പിന്നിൽ ഉപേക്ഷിച്ചതിലൂടെ വിശ്വസ്തക്രിസ്ത്യാനികൾ, അവർ യഥാർഥത്തിൽ ആയിരിക്കേണ്ട ആത്മീയദേശത്ത് തിരിച്ചെത്തിയെന്നു പറയാം. ഏതാണ് ആ ദേശം? അത് അവർ ആയിരിക്കുന്ന അനുഗൃഹീതമായ അവസ്ഥയോ സാഹചര്യമോ ആണ്. അവിടെ അവർക്കു പിന്നീടൊരിക്കലും ആത്മീയക്ഷാമം അനുഭവിക്കേണ്ടിവരില്ല. (യഹസ്കേൽ 34:13, 14 വായിക്കുക.) ഈ പുസ്തകത്തിന്റെ 19-ാം അധ്യായത്തിൽ കാണാൻപോകുന്നതുപോലെ, മുമ്പെന്നത്തെക്കാൾ അധികമായി ആത്മീയപോഷണം നൽകിക്കൊണ്ട് യഹോവ ആ ദേശത്തെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.—യഹ. 11:17.
29. 1919-ൽ പ്രസംഗപ്രവർത്തനത്തിന് ഉത്തേജനം ലഭിച്ചത് എങ്ങനെ?
29 3-ാം വാഗ്ദാനം. യഹോവയുടെ യാഗപീഠത്തിൽ വീണ്ടും കാഴ്ചയാഗങ്ങൾ അർപ്പിച്ചുതുടങ്ങും. ക്രിസ്ത്യാനികൾ ദൈവത്തിന് അർപ്പിക്കേണ്ടത് അക്ഷരാർഥത്തിലുള്ള മൃഗബലികളല്ല അവയെക്കാൾ ഏറെ മൂല്യമുള്ള മറ്റൊരു ബലിയാണെന്ന് എ.ഡി. ഒന്നാം നൂറ്റാണ്ടിൽ അവരെ പഠിപ്പിച്ചു. ഏതായിരുന്നു ആ ബലി? യഹോവയെ സ്തുതിക്കാനും യഹോവയെക്കുറിച്ച് മറ്റുള്ളവരോടു പറയാനും അവർ ഉപയോഗിച്ച വാക്കുകളായിരുന്നു അത്. (എബ്രാ. 13:15) എന്നാൽ അവർ അടിമത്തത്തിലായിരുന്ന നൂറ്റാണ്ടുകളിൽ അത്തരം യാഗങ്ങൾ അർപ്പിക്കാൻ സംഘടിതമായ ക്രമീകരണങ്ങളൊന്നുമില്ലായിരുന്നു. എങ്കിലും ആ അടിമത്തം അവസാനിക്കാറായ സമയത്ത് ദൈവജനം സ്തുതികളാകുന്ന അത്തരം ബലികൾ അർപ്പിക്കുന്നുണ്ടായിരുന്നു. അവർ തിരക്കോടെ പ്രസംഗപ്രവർത്തനം നടത്തുകയും യോഗങ്ങളിൽ സന്തോഷത്തോടെ ദൈവത്തെ സ്തുതിക്കുകയും ചെയ്തിരുന്നു. എന്നാൽ 1919 മുതൽ “വിശ്വസ്തനും വിവേകിയും ആയ അടിമ” ആ വേലയ്ക്കു കൂടുതൽ പ്രാധാന്യം നൽകി; അവർ ഏറെ സമഗ്രമായി പ്രസംഗപ്രവർത്തനം സംഘടിപ്പിച്ചു. (മത്താ. 24:45-47) യഹോവയുടെ വിശുദ്ധനാമത്തിനു സ്തുതി അർപ്പിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചതോടെ യഹോവയുടെ യാഗപീഠം അവരുടെ ബലികളാൽ നിറഞ്ഞുകവിയാൻ തുടങ്ങി!
30. തന്റെ ജനത്തിനു നല്ല ഇടയന്മാരുടെ പരിപാലനം ലഭിക്കാൻ യേശു എന്തു ചെയ്തു?
30 4-ാം വാഗ്ദാനം. ദുഷിച്ച ഇടയന്മാരെ നീക്കും. ക്രൈസ്തവലോകത്തിലെ ദുഷിച്ചവരും സ്വാർഥരും ആയ വ്യാജയിടയന്മാരിൽനിന്ന് ക്രിസ്തു ദൈവജനത്തെ സ്വതന്ത്രരാക്കി. ആ വ്യാജയിടയന്മാരെപ്പോലെ പ്രവർത്തിച്ചവർ ക്രിസ്തീയസഭയിലുമുണ്ടായിരുന്നു. അത്തരം ഇടയന്മാരെ ആ സ്ഥാനത്തുനിന്ന് നീക്കിക്കളഞ്ഞു. (യഹ. 20:38) തന്റെ ആടുകൾക്കു വേണ്ട പരിപാലനം കിട്ടുന്നുണ്ടെന്നു നല്ല ഇടയനായ യേശു ഉറപ്പുവരുത്തി. അതിനായി 1919-ൽ തന്റെ വിശ്വസ്തനും വിവേകിയും ആയ അടിമയെ യേശു നിയമിച്ചു. വിശ്വസ്തരായ അഭിഷിക്തക്രിസ്ത്യാനികളുടെ ആ ചെറിയ കൂട്ടം ആത്മീയഭക്ഷണം നൽകുന്നതിൽ നേതൃത്വം വഹിച്ചു. അങ്ങനെ ദൈവജനത്തിനു വളരെ നല്ല പരിപാലനംതന്നെ കിട്ടി. പിൽക്കാലത്ത് മൂപ്പന്മാർക്ക്, “ദൈവത്തിന്റെ ആട്ടിൻപറ്റത്തെ” പരിപാലിക്കുന്നതിൽ അടിമയെ സഹായിക്കുന്നതിനു വേണ്ട പരിശീലനവും നൽകി. (1 പത്രോ. 5:1, 2) ക്രിസ്തീയയിടയന്മാർക്കായി യഹോവയും യേശുവും വെച്ചിരിക്കുന്ന നിലവാരത്തെക്കുറിച്ച് അവരെ ഓർമിപ്പിക്കാൻ യഹസ്കേൽ 34:15, 16-ലെ ദൈവപ്രചോദിതമായ വിവരണം മിക്കപ്പോഴും ഉപയോഗിക്കാറുണ്ട്.
31. യഹസ്കേൽ 11:19-ലെ പ്രവചനം യഹോവ നിറവേറ്റിയത് എങ്ങനെ?
31 5-ാം വാഗ്ദാനം. യഹോവയെ ആരാധിക്കുന്നവരുടെ ഇടയിൽ ഐക്യമുണ്ടായിരിക്കും. ക്രൈസ്തവലോകം നൂറ്റാണ്ടുകൾകൊണ്ട് പതിനായിരക്കണക്കിനു സഭകളായി പിരിഞ്ഞു. അവയ്ക്കാണെങ്കിൽ തമ്മിൽ ഇടഞ്ഞുനിൽക്കുന്ന എണ്ണമറ്റ ഉപവിഭാഗങ്ങളുമുണ്ട്. എന്നാൽ ദൈവജനത്തിന്റെ കാര്യമോ? പുനഃസ്ഥിതീകരിക്കപ്പെട്ട ആ ജനത്തിന്റെ കാര്യത്തിൽ തികച്ചും അത്ഭുതകരമായ ഒരു കാര്യം യഹോവ ചെയ്തു. “ഞാൻ അവർക്ക് ഒരേ മനസ്സു കൊടുക്കും” എന്ന് യഹസ്കേലിലൂടെ യഹോവ നൽകിയ വാഗ്ദാനത്തിന് മഹത്തായ ഒരു നിവൃത്തിയുണ്ടായിരിക്കുന്നു. (യഹ. 11:19) വ്യത്യസ്ത വംശീയ-മത-സാമ്പത്തിക-സാമൂഹിക പശ്ചാത്തലങ്ങളിൽനിന്നുള്ള ദശലക്ഷങ്ങളാണ് ഇന്നു ക്രിസ്തുവിന്റെ അനുഗാമികളായി ലോകമെങ്ങുമുള്ളത്. എന്നിട്ടും അവരെല്ലാം തികഞ്ഞ ഒരുമയോടെ ഒരേ സത്യം പഠിക്കുന്നു, ഒരേ വേല ചെയ്യുന്നു. തന്റെ അനുഗാമികളുടെ ഇടയിൽ ഐക്യമുണ്ടായിരിക്കാൻവേണ്ടി ഭൂമിയിലെ തന്റെ അവസാനരാത്രിയിൽ യേശു ആത്മാർഥമായി പ്രാർഥിച്ചു. (യോഹന്നാൻ 17:11, 20-23 വായിക്കുക.) നമ്മുടെ ഈ നാളുകളിൽ യഹോവ ആ അപേക്ഷയ്ക്ക് അതിമഹനീയമായ രീതിയിൽ ഉത്തരം കൊടുത്തിരിക്കുന്നു.
32. പുനഃസ്ഥാപനപ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? (“അടിമത്തത്തെയും പുനഃസ്ഥാപനത്തെയും കുറിച്ചുള്ള പ്രവചനങ്ങൾ” എന്ന ചതുരവും കാണുക.)
32 ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുന്ന ആവേശോജ്ജ്വലമായ ഈ സമയത്ത് ജീവിച്ചിരിക്കാനായതിൽ നിങ്ങൾക്കു സന്തോഷം തോന്നുന്നില്ലേ? ഇന്നു നമ്മുടെ ആരാധനയുടെ എല്ലാ വശങ്ങളിലും യഹസ്കേലിന്റെ പ്രവചനങ്ങൾ നിറവേറുന്നതു നമുക്കു കാണാനാകുന്നു. “എനിക്കു നിങ്ങളോടു പ്രീതി തോന്നും” എന്ന് യഹസ്കേലിലൂടെ മുൻകൂട്ടിപ്പറഞ്ഞ യഹോവ ഇപ്പോൾ തന്റെ ജനത്തിൽ പ്രസാദിച്ചിരിക്കുന്നെന്നു നമുക്ക് ഉറച്ചുവിശ്വസിക്കാം. (യഹ. 20:41) നൂറ്റാണ്ടുകൾ നീണ്ട ആത്മീയാടിമത്തത്തിൽനിന്ന് മോചിതരായ ദൈവജനം ഇന്നു ലോകമെങ്ങുമായി യഹോവയ്ക്കു സ്തുതി അർപ്പിക്കുന്നു. ആത്മീയമായി നന്നായി പോഷിപ്പിക്കപ്പെടുന്ന, ഐക്യമുള്ള ആ ജനത്തിന്റെ ഭാഗമായിരിക്കാനാകുന്നത് എത്ര വലിയൊരു അനുഗ്രഹമാണ്! എന്നാൽ യഹസ്കേലിന്റെ ചില പുനഃസ്ഥാപനപ്രവചനങ്ങൾക്കു വലിയൊരു നിവൃത്തി ഉണ്ടാകാനിരിക്കുന്നതേ ഉള്ളൂ!
“ഏദെൻ തോട്ടംപോലെ”
33-35. (എ) പ്രവാസികളായി കഴിഞ്ഞിരുന്ന ജൂതന്മാർ യഹസ്കേൽ 36:35-ലെ പ്രവചനം എങ്ങനെ മനസ്സിലാക്കിക്കാണും? (ബി) ആ പ്രവചനത്തിന് ഇന്നു ദൈവജനത്തിന്റെ കാര്യത്തിൽ എന്ത് അർഥമാണുള്ളത്? (“എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം” എന്ന ചതുരവും കാണുക.)
33 1914-ൽ യേശു ഭരണം തുടങ്ങിയപ്പോൾ ദാവീദിലൂടെയുള്ള രാജപരമ്പര പുനഃസ്ഥാപിക്കപ്പെട്ടെന്നും “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം” ആരംഭിച്ചെന്നും നമ്മൾ പഠിച്ചു. (യഹ. 37:24) തുടർന്ന്, തന്റെ ജനത്തിന് ഇടയിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കാൻ യഹോവ ക്രിസ്തുവിനെ അധികാരപ്പെടുത്തി. നൂറ്റാണ്ടുകൾ നീണ്ട ആത്മീയാടിമത്തത്തിനാണ് അതു വിരാമമിട്ടത്. എന്നാൽ പുനഃസ്ഥാപനത്തോടു ബന്ധപ്പെട്ട് ക്രിസ്തു ചെയ്യുന്ന കാര്യങ്ങൾ അവിടംകൊണ്ട് അവസാനിക്കുമോ? ഒരിക്കലുമില്ല! അതിശയകരമായ വിധത്തിൽ അതു ഭാവിയിലും തുടരും. അതിനെക്കുറിച്ചുള്ള ആവേശജനകമായ വിശദാംശങ്ങൾ യഹസ്കേൽപ്രവചനങ്ങളിലുണ്ട്.
34 അതിനൊരു ഉദാഹരണമാണ് ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ ഈ വാക്കുകൾ: “ആളുകൾ പറയും: ‘പാഴായിക്കിടന്ന ദേശം ഏദെൻ തോട്ടംപോലെയായി.’” (യഹ. 36:35) യഹസ്കേലും മറ്റു പ്രവാസികളും ആ വാഗ്ദാനം എങ്ങനെ മനസ്സിലാക്കിക്കാണും? തങ്ങളുടെ ദേശം പുനഃസ്ഥാപിക്കപ്പെട്ടാലും അത് അക്ഷരാർഥത്തിൽ യഹോവ നട്ടുണ്ടാക്കിയ ഏദെൻ തോട്ടംപോലെ ഒരു പറുദീസയായി മാറുമെന്ന് അവർ എന്തായാലും പ്രതീക്ഷിച്ചിരിക്കില്ല. (ഉൽപ. 2:8) പിന്നെയോ ആ ദേശം മനോഹരവും ഫലസമൃദ്ധവും ആയിരിക്കുമെന്നാണ് യഹോവ ഉദ്ദേശിച്ചതെന്ന് അവർക്കു മനസ്സിലായിക്കാണും.
35 അതേ വാഗ്ദാനം നമ്മുടെ കാലത്ത് എങ്ങനെയായിരിക്കും നിറവേറുന്നത്? ഇന്നു പിശാചായ സാത്താൻ ഭരിക്കുന്ന ഈ ദുഷിച്ച ലോകത്തിൽ ആ വാക്കുകൾക്ക് അക്ഷരാർഥത്തിലുള്ള ഒരു നിവൃത്തിയുണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നില്ല. ആ വാഗ്ദാനത്തിന് ഇന്ന് ഒരു ആത്മീയനിവൃത്തിയാണ് ഉള്ളതെന്നു നമുക്ക് അറിയാം. യഹോവയുടെ സേവകരായ നമ്മൾ ഇപ്പോൾ പുനഃസ്ഥാപിക്കപ്പെട്ട ഒരു ആത്മീയദേശത്ത് കഴിയുകയാണ്. ആ ദേശം, (അതായത് യഹോവയുടെ സേവകർ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയോ സാഹചര്യമോ) ഫലകരമായി ദൈവസേവനം ചെയ്യാനും ദൈവത്തിനുള്ള വിശുദ്ധസേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാനും അവസരമൊരുക്കുന്നു. ഈ ആലങ്കാരികദേശത്തെ അവസ്ഥകൾ അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഭാവിയിലെ കാര്യമോ?
36, 37. വരാനിരിക്കുന്ന പറുദീസയിൽ ഏതെല്ലാം വാഗ്ദാനങ്ങൾ നിറവേറും?
36 മഹായുദ്ധമായ അർമഗെദോനെത്തുടർന്ന് യേശു ഈ ഭൂമിയെയും പൂർവസ്ഥിതിയിലാക്കാൻ നടപടികളെടുക്കും. ആയിരംവർഷ വാഴ്ചക്കാലത്ത് യേശുവിന്റെ നേതൃത്വത്തിൽ മനുഷ്യർ ഈ ഭൂഗ്രഹത്തെ ഏദെൻ തോട്ടംപോലുള്ള ഒരു പറുദീസയാക്കും. അങ്ങനെ ഭൂമിയെക്കുറിച്ച് യഹോവയുടെ മനസ്സിലുണ്ടായിരുന്ന ഉദ്ദേശ്യം ഒടുവിൽ നിറവേറും! (ലൂക്കോ. 23:43) അന്ന് ആളുകൾ തമ്മിൽ നല്ല യോജിപ്പിലായിരിക്കും, ഭൂമിയുമായും അവർ ഇണങ്ങിച്ചേർന്ന് ജീവിക്കും. ഭയാശങ്കകൾക്ക് ഇടമില്ലാത്ത, അപകടഭീഷണികളേതുമില്ലാത്ത ഒരു കാലം! ഒടുവിൽ തിരുവെഴുത്തുകളിലെ ഈ വാഗ്ദാനംപോലും നിറവേറും: “ഞാൻ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും. ഞാൻ ദേശത്തുനിന്ന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തിയോടിക്കും. അങ്ങനെ, അവർ വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.”—യഹ. 34:25.
37 നിങ്ങൾക്ക് അതു ഭാവനയിൽ കാണാനാകുന്നുണ്ടോ? പേടിയൊന്നും കൂടാതെ വിശാലമായ ഭൂമിയുടെ ഏതു കോണിലും യഥേഷ്ടം സഞ്ചരിക്കാം. ഒരു മൃഗവും നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങളുടെ സമാധാനം കെടുത്തുന്ന അപകടഭീഷണികളൊന്നുമുണ്ടായിരിക്കില്ല. കാടിന്റെ മാസ്മരികസൗന്ദര്യം നുകർന്ന് വനാന്തരങ്ങളിലൂടെപോലും ഒറ്റയ്ക്കു നടന്നുനീങ്ങാൻ നിങ്ങൾക്കു ഭയം തോന്നില്ല. കൊടുങ്കാട്ടിൽപ്പോലും സ്വസ്ഥമായി ഉറങ്ങി ക്ഷീണമകറ്റാം; ഒരു പോറലുമേൽക്കാതെ ഉണർന്നെണീക്കാം!
38. യഹസ്കേൽ 28:26-ലെ വാഗ്ദാനം നിറവേറിക്കാണുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
38 ഈ വാഗ്ദാനവും നമ്മുടെ കൺമുന്നിൽ നിറവേറും: “അവർ (ദേശത്ത്) സുരക്ഷിതരായി കഴിയും. വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കും. അവരോടു നിന്ദയോടെ പെരുമാറുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരുടെയും മേൽ ഞാൻ വിധി നടപ്പാക്കുമ്പോൾ അവർ സുരക്ഷിതരായി താമസിക്കും. അങ്ങനെ, അവരുടെ ദൈവമായ യഹോവയാണു ഞാൻ എന്ന് അവർ അറിയേണ്ടിവരും.” (യഹ. 28:26) യഹോവയുടെ ശത്രുക്കളെല്ലാം ഇല്ലാതായിക്കഴിയുമ്പോൾ ഭൂമിയിലെങ്ങും സമാധാനവും സുരക്ഷിതത്വവും കളിയാടും. നമ്മൾ ഭൂമിയെ പരിപാലിക്കും, ഒപ്പം മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കുകയും സുഖകരമായി താമസിക്കാൻ പറ്റിയ വീടുകൾ പണിയുകയും ചെയ്തുകൊണ്ട് നമുക്കുവേണ്ടിയും പ്രിയപ്പെട്ടവർക്കുവേണ്ടിയും കരുതും.
39. പറുദീസയെക്കുറിച്ച് യഹസ്കേൽ രേഖപ്പെടുത്തിയ പ്രവചനങ്ങൾ നിറവേറുമെന്ന് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
39 ഈ വാഗ്ദാനങ്ങളെല്ലാം വെറും സ്വപ്നങ്ങളായാണോ നിങ്ങൾക്കു തോന്നുന്നത്? അങ്ങനെയെങ്കിൽ “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന” ഇക്കാലത്ത് എന്തെല്ലാം കാര്യങ്ങൾക്കു നിങ്ങൾ ഇപ്പോൾത്തന്നെ സാക്ഷ്യം വഹിച്ചെന്ന് ഓർക്കുക. ലോകം ഇത്രയേറെ വഷളായ ഈ സമയത്ത് സാത്താന്റെ കടുത്ത എതിർപ്പുകളുണ്ടായിട്ടും ശുദ്ധാരാധന പുനഃസ്ഥാപിക്കാൻ യേശുവിനു കഴിഞ്ഞിരിക്കുന്നു. യഹസ്കേലിലൂടെ ദൈവം നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറുമെന്നതിന്റെ എത്ര ശക്തമായ തെളിവ്!
a ജൂതന്മാരായ പ്രവാസികളിൽ പലരും ബാബിലോൺ നഗരത്തിൽനിന്ന് കുറച്ച് മാറിയുള്ള സ്ഥലങ്ങളിലാണു താമസമാക്കിയിരുന്നത്. അതിന് ഒരു ഉദാഹരണമാണ് യഹസ്കേൽ. കെബാർ നദീതീരത്ത് താമസിച്ചിരുന്ന ജൂതന്മാരുടെ ഇടയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. (യഹ. 3:15) എന്നാൽ ചില ജൂതപ്രവാസികൾ താമസിച്ചിരുന്നത് ബാബിലോൺ നഗരത്തിൽത്തന്നെയാണ്. ‘രാജകുടുംബത്തിലും കുലീനകുടുംബങ്ങളിലും നിന്നുള്ളവർ’ അക്കൂട്ടത്തിലുണ്ടായിരുന്നു.—ദാനി. 1:3, 6; 2 രാജാ. 24:15.
b ഉദാഹരണത്തിന്, 16-ാം നൂറ്റാണ്ടിലെ മതനവീകരണപ്രസ്ഥാനക്കാരിൽ ആരെങ്കിലും അഭിഷിക്തക്രിസ്ത്യാനികളായിരുന്നോ എന്നു നമുക്ക് ഉറപ്പിച്ച് പറയാനാകില്ല.