അധ്യായം 14
“ദേവാലയത്തെക്കുറിച്ചുള്ള നിയമം ഇതാണ്”
മുഖ്യവിഷയം: ദേവാലയദർശനം—യഹസ്കേലിന്റെ കാലത്തേക്കുള്ള പ്രായോഗികപാഠങ്ങളും നമ്മുടെ കാലത്ത് അതിനുള്ള പ്രസക്തിയും
1, 2. (എ) യഹസ്കേലിന്റെ ദേവാലയദർശനത്തെക്കുറിച്ച് കഴിഞ്ഞ അധ്യായത്തിൽ നമ്മൾ എന്തു പഠിച്ചു? (ബി) ഈ അധ്യായത്തിൽ നമ്മൾ ഏതു രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
യഹസ്കേൽ ദർശനത്തിൽ കണ്ടത്, നൂറ്റാണ്ടുകൾക്കു ശേഷം അപ്പോസ്തലനായ പൗലോസ് വിശദീകരിച്ച മഹത്തായ ആത്മീയാലയം ആയിരുന്നില്ല. കഴിഞ്ഞ അധ്യായത്തിൽ നമ്മൾ അതെക്കുറിച്ച് പഠിച്ചു. ശുദ്ധാരാധനയ്ക്കായി ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ദൈവജനത്തെ പഠിപ്പിക്കുക എന്നതായിരുന്നു ആ ദർശനത്തിന്റെ ഉദ്ദേശ്യം എന്നും നമ്മൾ കണ്ടു. ആ നിലവാരങ്ങൾ പാലിച്ചാൽ മാത്രമേ ജനത്തിന് യഹോവയുമായുള്ള നല്ല ബന്ധം വീണ്ടെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. “ദേവാലയത്തെക്കുറിച്ചുള്ള നിയമം ഇതാണ്” എന്ന കാര്യം ഒറ്റ വാക്യത്തിൽതന്നെ യഹോവ രണ്ടു തവണ എടുത്തുപറഞ്ഞതിന്റെ കാരണവും അതുതന്നെയാണ്.—യഹസ്കേൽ 43:12 വായിക്കുക.
2 നമ്മൾ ഇപ്പോൾ മറ്റു രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പോകുകയാണ്. ഒന്ന്: ശുദ്ധാരാധനയ്ക്കായുള്ള യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് ദേവാലയദർശനം യഹസ്കേലിന്റെ കാലത്തെ ജൂതന്മാരെ എന്തെല്ലാം പാഠങ്ങൾ പഠിപ്പിച്ചുകാണും? അതിന്റെ ഉത്തരം അടുത്ത ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമ്മളെ സഹായിക്കും. ആ ചോദ്യം ഇതാണ്: പ്രശ്നപൂരിതമായ ഈ അന്ത്യകാലത്ത് ആ ദർശനത്തിന് എന്തു പ്രസക്തിയാണുള്ളത്?
ദേവാലയദർശനത്തിലെ പാഠങ്ങൾ—പുരാതനകാലത്ത്
3. ദേവാലയം വളരെ ഉയരമുള്ള ഒരു പർവതത്തിൽ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോൾ ആളുകൾക്കു ലജ്ജ തോന്നിയത് എന്തുകൊണ്ട്?
3 ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമുക്കു ദേവാലയദർശനത്തിന്റെ ശ്രദ്ധേയമായ ചില സവിശേഷതകൾ ഒന്നു പരിശോധിക്കാം. ഉയരമുള്ള മല. യഹസ്കേൽ കണ്ട ദർശനത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് കേട്ടപ്പോൾ ആളുകളുടെ മനസ്സിലേക്ക്, യശയ്യ പ്രവാചകന്റെ ഹൃദയോഷ്മളമായ പുനഃസ്ഥാപനപ്രവചനം ഓടിയെത്തിക്കാണും. (യശ. 2:2) പക്ഷേ യഹോവയുടെ ആലയം അത്രയും ഉയരമുള്ള ഒരു പർവതത്തിൽ സ്ഥിതി ചെയ്യുന്നതായി കണ്ടത് അവരെ പഠിപ്പിച്ച പാഠം എന്തായിരിക്കാം? ശുദ്ധാരാധന ഉന്നതമായ ഒരു നിലയിലേക്ക് ഉയരണമെന്നും അവർ അതിനു മറ്റ് എന്തിനെക്കാളും പ്രാധാന്യം നൽകണമെന്നും അവർക്കു മനസ്സിലായി. ശുദ്ധാരാധനയ്ക്കായുള്ള ക്രമീകരണം ചെയ്ത യഹോവ ‘മറ്റു ദൈവങ്ങളെക്കാളെല്ലാം ഉന്നതൻ’ ആയതുകൊണ്ട് ശുദ്ധാരാധന യഥാർഥത്തിൽ ഉന്നതംതന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. (സങ്കീ. 97:9) എന്നാൽ വീഴ്ച വന്നതു ജനങ്ങളുടെ ഭാഗത്തുനിന്നാണ്, അവർ ചെയ്യേണ്ടതു ചെയ്യുന്നില്ലായിരുന്നു. ശുദ്ധാരാധനയെ തീർത്തും അവഗണിച്ചുകളഞ്ഞ അവർ അതു മലിനമായിത്തീരാൻ അനുവദിച്ചു. അധഃപതിച്ച ഒരു അവസ്ഥയിലേക്ക് അതു കൂപ്പുകുത്തി. നൂറ്റാണ്ടുകളിലുടനീളം പല തവണ ഇങ്ങനെ സംഭവിച്ചു. എന്നാൽ ശുദ്ധാരാധന ഉന്നതമായ ഒരു നിലയിലേക്ക് ഉയർന്നതായി ദർശനത്തിൽ കണ്ടപ്പോൾ, അതിന് യഥാർഥത്തിൽ ലഭിക്കേണ്ട മഹത്ത്വവും പ്രാധാന്യവും ലഭിക്കുന്നതു കണ്ടപ്പോൾ, ആത്മാർഥഹൃദയരായ ആളുകൾക്കു സ്വാഭാവികമായും തങ്ങളുടെ തെറ്റുകളെക്കുറിച്ച് ലജ്ജ തോന്നി.
4, 5. ദേവാലയത്തിന്റെ ഉയരമുള്ള കവാടങ്ങളിൽനിന്ന് യഹസ്കേലിന്റെ ശ്രോതാക്കൾ എന്തു പഠിച്ചുകാണും?
4 ഉയരമുള്ള കവാടങ്ങൾ. യഹസ്കേലിനെ ദേവാലയം കാണിച്ച ദൂതൻ, കവാടങ്ങൾ അളക്കുന്നതായി ദർശനത്തിന്റെ തുടക്കത്തിൽ യഹസ്കേൽ കണ്ടിരുന്നു. ഏതാണ്ട് 100 അടിയായിരുന്നു അവയുടെ ഉയരം! (യഹ. 40:14) ആ പ്രവേശനമാർഗങ്ങൾക്കുള്ളിൽ കാവൽക്കാർക്കുള്ള മുറികളുമുണ്ടായിരുന്നു. ആളുകൾ ദേവാലയത്തിന്റെ ഈ ഭാഗങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ അവർക്ക് എന്തു സൂചനയായിരിക്കാം ലഭിച്ചത്? യഹോവ യഹസ്കേലിനോട്, ‘ദേവാലയത്തിന്റെ പ്രവേശനമാർഗം നന്നായി ശ്രദ്ധിക്കൂ’ എന്നു പറയുന്നതായി കാണാം. എന്തായിരുന്നു കാരണം? ‘ഹൃദയത്തിലെയും ശരീരത്തിലെയും അഗ്രചർമം പരിച്ഛേദിക്കാത്തവരെ’ ആളുകൾ ദൈവത്തിന്റെ പാവനമായ ആരാധനാലയത്തിലേക്കു കൊണ്ടുവരുന്നുണ്ടായിരുന്നു. ഫലമോ? “അവർ എന്റെ ആലയത്തെ അശുദ്ധമാക്കുന്നു” എന്ന് യഹോവ പറഞ്ഞു.—യഹ. 44:5, 7.
5 ‘ശരീരത്തിലെ അഗ്രചർമം പരിച്ഛേദിക്കാത്തവർ’ അബ്രാഹാമിന്റെ കാലത്ത് യഹോവ നൽകിയ വ്യക്തമായ ഒരു കല്പനയാണു ലംഘിച്ചത്. (ഉൽപ. 17:9, 10; ലേവ്യ 12:1-3) എന്നാൽ ‘ഹൃദയത്തിലെ അഗ്രചർമം പരിച്ഛേദിക്കാത്തവർ’ ചെയ്ത തെറ്റ് അതിലും ഗുരുതരമായിരുന്നു. ഒട്ടും വഴക്കമില്ലാത്ത ധിക്കാരികളായിരുന്നു അവർ, യഹോവയുടെ നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കും ഒരു വിലയും കല്പിക്കാത്തവർ! അത്തരക്കാരെ യഹോവയുടെ പാവനമായ ആരാധനാലയത്തിൽ പ്രവേശിക്കാൻ അനുവദിച്ചുകൂടായിരുന്നു. യഹോവ കാപട്യം വെറുത്തിരുന്നെങ്കിലും ദേവാലയത്തിൽ കാപട്യം തഴച്ചുവളരാൻ ദൈവജനം അനുവദിച്ചു. എന്നാൽ ദർശനത്തിൽ കണ്ട ദേവാലയത്തിലെ കവാടങ്ങളും കാവൽക്കാരുടെ മുറികളും ഒരു കാര്യം വളരെ വ്യക്തമാക്കി: ഇത്തരം കാര്യങ്ങൾ മേലാൽ വെച്ചുപൊറുപ്പിക്കില്ല! യഹോവയുടെ ഭവനത്തിൽ പ്രവേശിക്കണമെങ്കിൽ ഉന്നതമായ ചില നിലവാരങ്ങൾ പാലിക്കണമായിരുന്നു. എങ്കിൽ മാത്രമേ യഹോവ ജനത്തിന്റെ ആരാധന അംഗീകരിക്കുമായിരുന്നുള്ളൂ.
6, 7. (എ) ദേവാലയവളപ്പിനു ചുറ്റുമുള്ള മതിൽ കാണിച്ചുകൊടുത്തതിലൂടെ യഹോവ എന്തു സന്ദേശമാണ് തന്റെ ജനത്തെ അറിയിച്ചത്? (ബി) യഹോവയുടെ ജനം മുൻകാലങ്ങളിൽ ദേവാലയത്തോട് ഇടപെട്ടത് എങ്ങനെയായിരുന്നു? (അടിക്കുറിപ്പു കാണുക.)
6 ചുറ്റുമതിൽ. ദർശനത്തിലെ ദേവാലയത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത ദേവാലയവളപ്പിനു ചുറ്റുമുള്ള മതിലായിരുന്നു. ഓരോ വശത്തും ആ മതിലിന്റെ നീളം 500 മുഴക്കോൽ അഥവാ 5,100 അടി ആയിരുന്നു. അതായത് ഏകദേശം 1.6 കിലോമീറ്റർ! (യഹ. 42:15-20) എന്നാൽ ദേവാലയത്തിന്റെ ഭാഗമായ കെട്ടിടങ്ങളും മുറ്റങ്ങളും സ്ഥിതി ചെയ്തിരുന്ന സമചതുരഭാഗത്തിന്റെ ഒരു വശത്തിനു വെറും 500 മുഴം അഥവാ 850 അടി നീളമേ ഉണ്ടായിരുന്നുള്ളൂ. അതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം: ദേവാലയത്തിനും ചുറ്റുമതിലിനും ഇടയ്ക്കായി, ആലയത്തിനു ചുറ്റോടുചുറ്റും വിശാലമായ ഒരു പ്രദേശമുണ്ടായിരുന്നു.a എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം?
7 യഹോവ പറഞ്ഞു: “അവർ ആദ്യം തങ്ങളുടെ ആത്മീയവേശ്യാവൃത്തിയും തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങളും എന്റെ അടുത്തുനിന്ന് ദൂരെ നീക്കിക്കളയട്ടെ. അങ്ങനെയെങ്കിൽ, ഞാൻ എന്നും അവരോടൊപ്പം കഴിയും.” (യഹ. 43:9) ‘രാജാക്കന്മാരുടെ ശവങ്ങൾ’ എന്ന പദപ്രയോഗം സാധ്യതയനുസരിച്ച് വിഗ്രഹങ്ങളെ ആണ് സൂചിപ്പിച്ചത്. അതുകൊണ്ട് യഹസ്കേലിന്റെ ദർശനത്തിലൂടെ, ദേവാലയത്തിനും ചുറ്റുമതിലിനും ഇടയ്ക്കുള്ള വിശാലമായ പ്രദേശം കാണിച്ചുകൊടുത്തപ്പോൾ ഒരർഥത്തിൽ യഹോവ ഇങ്ങനെ പറയുകയായിരുന്നു: “ഇതുപോലുള്ള വൃത്തികേടുകളെല്ലാം ദൂരെ നീക്കൂ. അത് എന്റെ അടുത്തെങ്ങും കൊണ്ടുവരരുത്.” അവർ അത്തരത്തിൽ തങ്ങളുടെ ആരാധന ശുദ്ധമായി സൂക്ഷിക്കുന്നപക്ഷം യഹോവ തന്റെ സാന്നിധ്യത്താൽ അവരെ അനുഗ്രഹിക്കുമായിരുന്നു.
8, 9. ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള പുരുഷന്മാർക്ക് യഹോവ കൊടുത്ത ശക്തമായ ബുദ്ധിയുപദേശത്തിൽനിന്ന് ജനം എന്തു പഠിച്ചുകാണും?
8 ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള പുരുഷന്മാർക്കു ശക്തമായ ബുദ്ധിയുപദേശം. തന്റെ ജനത്തിന്റെ ഇടയിലെ, ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള പുരുഷന്മാർക്ക് യഹോവ സ്നേഹത്തോടെ, എന്നാൽ ശക്തമായ ഭാഷയിൽ ബുദ്ധിയുപദേശം കൊടുക്കുകയും ചെയ്തു. ഇത്തരത്തിൽ യഹോവയിൽനിന്ന് തിരുത്തൽ ലഭിച്ചവരായിരുന്നു ലേവ്യർ. ഇസ്രായേല്യർ വിഗ്രഹാരാധനയിലേക്കു വീണുപോയ കാലത്ത് ലേവ്യർ യഹോവയിൽനിന്ന് അകന്നുപോയതായിരുന്നു അതിനു കാരണം. എന്നാൽ “ഇസ്രായേല്യർ (ദൈവത്തിൽനിന്ന്) അകന്നുപോയപ്പോൾ . . . വിശുദ്ധമന്ദിരത്തിലെ കാര്യാദികൾ നോക്കിനടത്തിയിരുന്ന” സാദോക്കിന്റെ പുത്രന്മാരെ യഹോവ അഭിനന്ദിച്ചു. അതെ, ഓരോ കൂട്ടരുടെയും പ്രവൃത്തികൾക്കനുസരിച്ച് നീതിയോടെയും കരുണയോടെയും യഹോവ അവരോട് ഇടപെട്ടു. (യഹ. 44:10, 12-16) ഇസ്രായേൽതലവന്മാർക്കും യഹോവയിൽനിന്ന് ശക്തമായ തിരുത്തൽ കിട്ടി.—യഹ. 45:9.
9 ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള മേൽവിചാരകന്മാർ അവരുടെ ചുമതലകൾ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ തന്നോടു കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു വ്യക്തമാക്കുകയായിരുന്നു യഹോവ. ബുദ്ധിയുപദേശവും തിരുത്തലും ശിക്ഷണവും ഒക്കെ അവർക്കും ആവശ്യമായിരുന്നു. വാസ്തവത്തിൽ, യഹോവയിൽനിന്നുള്ള ഏതൊരു ബുദ്ധിയുപദേശവും മനസ്സോടെ സ്വീകരിച്ചുകൊണ്ട് ദൈവികനിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ നേതൃത്വമെടുക്കേണ്ടവരായിരുന്നു അവർ.
10, 11. പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയവരിൽ ചിലർ യഹസ്കേലിന്റെ ദർശനത്തിലെ പാഠങ്ങൾ പഠിച്ചെന്ന് എന്തു സൂചിപ്പിക്കുന്നു?
10 പ്രവാസജീവിതത്തിൽനിന്ന് തിരിച്ചെത്തിയവർ യഹസ്കേലിന്റെ ദർശനത്തിൽനിന്നുള്ള പാഠങ്ങൾ തങ്ങളുടെ ജീവിതത്തിൽ പകർത്തിയോ? ശ്രദ്ധേയമായ ഈ ദർശനത്തെക്കുറിച്ച് അക്കാലത്തെ വിശ്വസ്തരായ സ്ത്രീപുരുഷന്മാർ എന്തൊക്കെ ചിന്തിച്ചുകാണുമെന്നു നമുക്കു കൃത്യമായി പറയാനാകില്ല. എങ്കിലും തിരിച്ചെത്തിയ പ്രവാസികൾ ചെയ്ത കാര്യങ്ങളെക്കുറിച്ചും യഹോവയ്ക്കുള്ള ശുദ്ധാരാധനയെ അവർ എങ്ങനെ കാണാൻതുടങ്ങി എന്നതിനെക്കുറിച്ചും ദൈവവചനം ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. യഹസ്കേലിന്റെ ദർശനം പഠിപ്പിച്ച തത്ത്വങ്ങൾ അവർ ജീവിതത്തിൽ പ്രാവർത്തികമാക്കിയോ? ഒരളവുവരെ അവർ അതിൽ വിജയിച്ചു എന്നു വേണം പറയാൻ. പ്രത്യേകിച്ചും, ബാബിലോണ്യപ്രവാസത്തിലേക്കു പോകുന്നതിനു മുമ്പ് അവരുടെ പൂർവികർ കാണിച്ച ധിക്കാരത്തോടുള്ള താരതമ്യത്തിൽ അവർ ഏറെ മെച്ചമായിരുന്നു.
11 യഹസ്കേലിന്റെ ദേവാലയദർശനം പകർന്നുനൽകിയതുപോലുള്ള തത്ത്വങ്ങൾ ജനത്തെ പഠിപ്പിക്കാൻ പ്രവാചകന്മാരായ ഹഗ്ഗായി, സെഖര്യ എന്നിവരും, പുരോഹിതനും പകർപ്പെഴുത്തുകാരനും ആയ എസ്ര, ഗവർണറായ നെഹമ്യ എന്നിവരും അക്ഷീണം പ്രയത്നിച്ചു. (എസ്ര 5:1, 2) ശുദ്ധാരാധന ഉന്നതമായ ഒരു നിലയിലേക്ക് ഉയരണമെന്നും അതിനു ഭൗതികനേട്ടങ്ങളെക്കാളും സ്വാർഥലക്ഷ്യങ്ങളെക്കാളും പ്രാധാന്യം കൊടുക്കണമെന്നും ആ വിശ്വസ്തപുരുഷന്മാർ ജനത്തെ പഠിപ്പിച്ചു. (ഹഗ്ഗാ. 1:3, 4) ശുദ്ധാരാധന അർപ്പിക്കുന്നവർ പാലിക്കേണ്ട വ്യവസ്ഥകളെല്ലാം ജനം പാലിക്കണമെന്ന് അവർക്കു നിർബന്ധമുണ്ടായിരുന്നു. ഉദാഹരണത്തിന്, അന്യദേശക്കാരായ ഭാര്യമാർ ജനത്തെ ആത്മീയമായി ദുർബലരാക്കിയതുകൊണ്ട് അവരെ ഉപേക്ഷിക്കണമെന്ന് എസ്രയും നെഹമ്യയും ശക്തമായ ഭാഷയിൽത്തന്നെ ജനത്തോടു പറഞ്ഞു. (എസ്ര 10:10, 11 വായിക്കുക; നെഹ. 13:23-27, 30) വിഗ്രഹാരാധനയുടെ കാര്യമോ? ചരിത്രത്തിലുടനീളം, പല തവണ ഇസ്രായേൽ ജനതയെ കെണിയിലാക്കിയ ഒരു പാപമായിരുന്നു അത്. എന്നാൽ ഒടുവിൽ അവർക്ക് അതിനോടു വെറുപ്പായെന്നു വേണം കരുതാൻ. പ്രവാസത്തിനു ശേഷമുള്ള അവരുടെ ജീവിതരേഖ അതാണു സൂചിപ്പിക്കുന്നത്. ഇനി, പുരോഹിതന്മാരുടെയും തലവന്മാരുടെയും (അഥവാ, പ്രഭുക്കന്മാരുടെയും) കാര്യമോ? യഹസ്കേലിന്റെ ദർശനം സൂചിപ്പിച്ചതുപോലെ, യഹോവയിൽനിന്ന് ബുദ്ധിയുപദേശവും തിരുത്തലും കിട്ടിയവരിൽ അവരുമുണ്ടായിരുന്നു. (നെഹ. 13:22, 28) അവരിൽ പലരും താഴ്മയോടെ ആ ബുദ്ധിയുപദേശം സ്വീകരിച്ചു.—എസ്ര 10:7-9, 12-14; നെഹ. 9:1-3, 38.
12. തിരിച്ചെത്തിയ പ്രവാസികളെ യഹോവ ഏതെല്ലാം വിധങ്ങളിൽ അനുഗ്രഹിച്ചു?
12 തന്റെ ജനത്തെ അനുഗ്രഹിച്ചുകൊണ്ടാണ് യഹോവ അതിനു പ്രതിഫലം കൊടുത്തത്. ഏറെ നാളുകളായി അവർക്ക് അന്യമായിരുന്ന ആത്മീയസമൃദ്ധിയും ആരോഗ്യവും ക്രമസമാധാനവും അവർ വീണ്ടും ആസ്വദിക്കാൻതുടങ്ങി. (എസ്ര 6:19-22; നെഹ. 8:9-12; 12:27-30, 43) അതിന്റെ കാരണമോ? ശുദ്ധാരാധനയ്ക്കായി യഹോവ വെച്ചിരിക്കുന്ന നീതിയുള്ള നിലവാരങ്ങൾ ജനം ഇപ്പോൾ പാലിക്കാൻതുടങ്ങിയിരുന്നു. ദേവാലയദർശനത്തിലെ പാഠങ്ങൾ പ്രതികരണശേഷിയുള്ള പല ഹൃദയങ്ങളിലും ചലനം സൃഷ്ടിച്ചു. ചുരുക്കത്തിൽ, യഹസ്കേലിന്റെ ദേവാലയദർശനം സുപ്രധാനമായ രണ്ടു വിധങ്ങളിൽ പ്രവാസികൾക്കു ഗുണം ചെയ്തെന്നു പറയാം. (1) അതു ശുദ്ധാരാധനയുടെ നിലവാരങ്ങളെക്കുറിച്ചും ആ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കേണ്ട വിധത്തെക്കുറിച്ചും അവരെ ധാരാളം പ്രായോഗികപാഠങ്ങൾ പഠിപ്പിച്ചു. (2) അത് അവർക്കു പ്രാവചനികമായ ഒരു ഉറപ്പും നൽകി—ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടും! ശുദ്ധാരാധന അർപ്പിക്കുന്നിടത്തോളം കാലം യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുമെന്നും അതു മുൻകൂട്ടിപ്പറഞ്ഞു. എന്നാൽ ഇന്നു നമ്മളെല്ലാം അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്: ആ ദർശനത്തിന് ഇക്കാലത്ത് ഒരു നിവൃത്തിയുണ്ടോ?
ദേവാലയദർശനത്തിലെ പാഠങ്ങൾ—ഇക്കാലത്ത്
13, 14. (എ) യഹസ്കേലിന്റെ ദേവാലയദർശനത്തിനു നമ്മുടെ കാലത്ത് ഒരു നിവൃത്തിയുണ്ട് എന്ന് എങ്ങനെ അറിയാം? (ബി) ദേവാലയദർശനം ഏതു രണ്ടു വിധങ്ങളിലാണ് ഇന്നു നമുക്കു പ്രയോജനം ചെയ്യുന്നത്? (“വെവ്വേറെ ആലയങ്ങൾ, വെവ്വേറെ പാഠങ്ങൾ” എന്ന ചതുരം 13എ-യും കാണുക.)
13 യഹസ്കേലിന്റെ ദേവാലയദർശനത്തിനു ശരിക്കും നമ്മുടെ നാളിൽ എന്തെങ്കിലും പ്രസക്തിയുണ്ടോ? ഉണ്ട്! ദൈവത്തിന്റെ വിശുദ്ധഭവനം “ഉയരമുള്ള ഒരു മലയിൽ” സ്ഥിതി ചെയ്യുന്നതായി വർണിക്കുന്ന യഹസ്കേലിന്റെ ദർശനവും, ‘യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ മുകളിൽ സുസ്ഥാപിതമായിരിക്കും’ എന്നു പറയുന്ന യശയ്യപ്രവചനവും തമ്മിൽ സമാനതയുണ്ടെന്ന് ഓർക്കുക. യശയ്യയുടെ പ്രവചനം നിറവേറുന്നത് “അവസാനനാളുകളിൽ” അഥവാ “അന്ത്യനാളുകളിൽ” ആയിരിക്കുമെന്ന് യശയ്യ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. (യഹ. 40:2; യശ. 2:2-4, അടിക്കുറിപ്പ്; മീഖ 4:1-4-ഉം കാണുക.) അതെ, ഈ പ്രവചനങ്ങൾക്ക് അന്ത്യനാളുകളിൽ ഒരു നിവൃത്തിയുണ്ട്. 1919 മുതൽ, ശുദ്ധാരാധന വളരെ ഉയരമുള്ള ഒരു മലയുടെ മുകളിൽ സ്ഥാപിച്ചാലെന്നപോലെ ഉന്നതമാക്കപ്പെടാൻതുടങ്ങി അഥവാ പുനഃസ്ഥാപിക്കപ്പെടാൻതുടങ്ങി.b
14 ശുദ്ധാരാധനയോടുള്ള ബന്ധത്തിൽ യഹസ്കേലിന്റെ ദർശനത്തിന് ഇന്നും പ്രസക്തിയുണ്ടെന്നു വളരെ വ്യക്തം. പുരാതനനാളുകളിലെ ജൂതപ്രവാസികളുടെ കാര്യത്തിലെന്നപോലെ അതു നമുക്കും രണ്ടു വിധങ്ങളിൽ പ്രയോജനം ചെയ്യും. (1) ശുദ്ധാരാധനയ്ക്കായുള്ള യഹോവയുടെ നിലവാരങ്ങൾ എങ്ങനെ ഉയർത്തിപ്പിടിക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗികപാഠങ്ങൾ അതു നൽകുന്നു. (2) ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നും നമുക്ക് യഹോവയുടെ അനുഗ്രഹങ്ങൾ ലഭിക്കുമെന്നും ഉള്ള പ്രാവചനികമായ ഉറപ്പും അതിലുണ്ട്.
ശുദ്ധാരാധനയ്ക്കുള്ള നിലവാരങ്ങൾ—ഇന്ന്
15. യഹസ്കേലിന്റെ ദേവാലയദർശനത്തെക്കുറിച്ച് പഠിക്കുമ്പോൾ നമ്മൾ ഏതു കാര്യം ഓർക്കണം?
15 നമുക്ക് ഇപ്പോൾ യഹസ്കേലിന്റെ ദർശനത്തിലെ ചില സവിശേഷതകൾ ഒന്ന് അടുത്ത് പരിശോധിക്കാം. ദർശനത്തിലെ അതിഗംഭീരമായ ആ ആലയം നമ്മൾ ഇപ്പോൾ യഹസ്കേലിനൊപ്പം ചുറ്റിനടന്ന് കാണുകയാണെന്നു വിചാരിക്കുക. നമ്മൾ കാണുന്നതു മഹത്തായ ആത്മീയാലയം അല്ലെന്ന് ഓർക്കണം. ഇക്കാലത്ത് നമ്മുടെ ആരാധനയിൽ ബാധകമാകുന്ന ചില പാഠങ്ങൾ പഠിക്കുക എന്നതു മാത്രമാണു നമ്മുടെ ലക്ഷ്യം. ഏതെല്ലാമാണ് ആ പാഠങ്ങൾ?
16. യഹസ്കേലിന്റെ ദർശനത്തിൽ ധാരാളം അളവുകളെക്കുറിച്ച് പറഞ്ഞിരിക്കുന്നതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
16 അളവുകളെക്കുറിച്ച് ഇത്രയേറെ പറഞ്ഞിരിക്കുന്നത് എന്തിനാണ്? യഹസ്കേൽ നോക്കിനിൽക്കുമ്പോൾ ചെമ്പുകൊണ്ടുള്ളതെന്നു തോന്നിക്കുന്ന ആ ദൈവദൂതൻ ദേവാലയത്തിന്റെ മതിലുകൾ, കവാടങ്ങൾ, കാവൽക്കാരുടെ മുറികൾ, മുറ്റങ്ങൾ, യാഗപീഠം എന്നിവയെല്ലാം വിശദമായി അളക്കുന്നതു കണ്ടു. അളവുകളെക്കുറിച്ച് ഇത്രയധികം വിശദാംശങ്ങൾ കാണുമ്പോൾ ഏതൊരു വായനക്കാരനും അമ്പരന്നുപോയേക്കാം. (യഹ. 40:1–42:20; 43:13, 14) എങ്കിലും ആ വിശദാംശങ്ങളിൽനിന്ന് വളരെ പ്രധാനപ്പെട്ട ചില പാഠങ്ങൾ നമുക്കു പഠിക്കാനാകും. തന്റെ നിലവാരങ്ങൾ എത്ര പ്രാധാന്യമുള്ളതാണെന്ന് ഇതിലൂടെ യഹോവ ഊന്നിപ്പറയുകയായിരുന്നു. ആ നിലവാരങ്ങൾ വെച്ചിരിക്കുന്നതു വെറും മനുഷ്യരല്ല, യഹോവയാണ്. ദൈവത്തെ എങ്ങനെ ആരാധിച്ചാലും കുഴപ്പമില്ല എന്ന് അവകാശപ്പെടുന്നവർക്കു തെറ്റിപ്പോയി! ആലയം ഇത്ര വിശദമായി അളന്നതിലൂടെ യഹോവ മറ്റൊരു കാര്യവുംകൂടെ പഠിപ്പിച്ചു: ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്! അതീവകൃത്യതയുള്ള ആ അളവുകൾപോലെതന്നെ ദൈവത്തിന്റെ വാഗ്ദാനവും അതീവകൃത്യതയോടെ നിറവേറുമായിരുന്നു. അന്ത്യനാളുകളിൽ ശുദ്ധാരാധന നിസ്സംശയമായും പുനഃസ്ഥാപിക്കപ്പെടുമെന്ന് യഹസ്കേൽ ഇതിലൂടെ ഉറപ്പേകി!
17. ദേവാലയത്തിന്റെ ചുറ്റുമതിൽ ഇന്നു നമ്മളെ എന്ത് ഓർമിപ്പിക്കുന്നു?
17 ചുറ്റുമതിൽ. ദർശനത്തിലെ ദേവാലയവളപ്പിനു ചുറ്റും ഒരു മതിലുള്ളതായി യഹസ്കേൽ കണ്ടതിനെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തിരുന്നല്ലോ. ദൈവജനം മതപരമായ എല്ലാ അശുദ്ധിയും ശുദ്ധാരാധനയിൽനിന്ന് അകറ്റിനിറുത്തണം എന്നതിനുള്ള ശക്തമായ ഒരു ഓർമിപ്പിക്കലായിരുന്നു അത്. അവർ ദൈവഭവനത്തെ അശുദ്ധമാക്കാൻ പാടില്ലായിരുന്നു. (യഹസ്കേൽ 43:7-9 വായിക്കുക.) ആ ബുദ്ധിയുപദേശം ഇന്നു നമ്മളും മനസ്സിൽപ്പിടിക്കേണ്ടത് എത്ര പ്രധാനമാണ്! അനേകം നൂറ്റാണ്ടുകൾ ബാബിലോൺ എന്ന മഹതിയുടെ ആത്മീയാടിമത്തത്തിൽ കഴിഞ്ഞ ദൈവജനം 1919-ൽ മോചിപ്പിക്കപ്പെടുകയും ക്രിസ്തു, വിശ്വസ്തനും വിവേകിയും ആയ അടിമയെ നിയമിക്കുകയും ചെയ്തു. പ്രത്യേകിച്ച് അന്നുമുതൽ ദൈവജനം വിഗ്രഹാരാധനയും വ്യാജമതവിശ്വാസങ്ങളും കലർന്ന ഉപദേശങ്ങളും ആചാരങ്ങളും പൂർണമായി ഉപേക്ഷിക്കാൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. ആത്മീയമായ അശുദ്ധി ശുദ്ധാരാധനയുടെ അടുത്തേക്കുപോലും കൊണ്ടുവരാതിരിക്കാൻ ശ്രദ്ധയുള്ളവരാണു നമ്മൾ. ഇനി, രാജ്യഹാളിൽവെച്ച് നമ്മൾ ബിസിനെസ്സ് ഇടപാടുകളും നടത്താറില്ല. ആരാധനയുമായി അത്തരം കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുന്നു.—മർക്കോ. 11:15, 16.
18, 19. (എ) ദേവാലയദർശനത്തിലെ ഉയരമുള്ള കവാടങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) യഹോവയുടെ ഉയർന്ന നിലവാരങ്ങൾ കാറ്റിൽപ്പറത്താൻ ശ്രമിക്കുന്നവരോടു നമ്മൾ എങ്ങനെ പ്രതികരിക്കണം? ഒരു ഉദാഹരണം നൽകുക.
18 ഉയരമുള്ള കവാടങ്ങൾ. യഹസ്കേൽ കണ്ട, അസാമാന്യമായ ഉയരമുള്ള ആ കവാടങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? യഹോവയുടെ ധാർമികനിലവാരങ്ങൾ വളരെ ഉയർന്നതാണെന്നു ദേവാലയദർശനത്തിലെ ഈ ഭാഗം ജൂതപ്രവാസികളെ തീർച്ചയായും പഠിപ്പിച്ചിട്ടുണ്ടാകും. അങ്ങനെയെങ്കിൽ ഇന്നത്തെ കാര്യമോ? നമ്മൾ ഇന്ന് യഹോവയുടെ മഹത്തായ ആത്മീയാലയത്തിലാണ് ആരാധന നടത്തുന്നത്. അതുകൊണ്ടുതന്നെ ധാർമികശുദ്ധിയുടെ കാര്യത്തിൽ കാപട്യം കാണിക്കാതിരിക്കുന്നത് ഇന്ന് ഏറെ പ്രധാനമല്ലേ? (റോമ. 12:9; 1 പത്രോ. 1:14, 15) ധാർമികതയുടെ കാര്യത്തിൽ താൻ വെച്ചിരിക്കുന്ന നിലവാരങ്ങളോടു പറ്റിനിൽക്കാൻ അന്ത്യനാളുകളിൽ യഹോവ തന്റെ ജനത്തെ പടിപടിയായി സഹായിച്ചിരിക്കുന്നു.c തെറ്റു ചെയ്തിട്ട് പശ്ചാത്തപിക്കാത്തവരെ സഭയിൽനിന്ന് പുറത്താക്കുന്നത് അതിന് ഉദാഹരണമാണ്. (1 കൊരി. 5:11-13) ഇനി, ദേവാലയകവാടങ്ങളിലെ കാവൽമുറികളെക്കുറിച്ച് ഓർക്കുന്നില്ലേ? ദൈവാംഗീകാരമില്ലാത്ത ആരെയും ഇന്ന് ആത്മീയാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് അതു പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇരട്ടജീവിതം നയിക്കുന്ന ഒരാൾക്ക് ഒരു രാജ്യഹാളിൽ പ്രവേശിക്കാൻ കഴിഞ്ഞേക്കുമെങ്കിലും യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാതെ അയാൾക്ക് യഹോവയുടെ അംഗീകാരം ലഭിക്കില്ല. അതുകൊണ്ടുതന്നെ അയാൾക്ക് ആത്മീയാലയത്തിൽ ആരാധന അർപ്പിക്കാനുമാകില്ല. (യാക്കോ. 4:8) അധാർമികതയും വഷളത്തവും കൊടികുത്തിവാഴുന്ന ഈ ലോകത്തിൽപ്പോലും ശുദ്ധാരാധനയ്ക്ക് എത്ര വലിയൊരു സംരക്ഷണമാണ് അത്!
19 അന്ത്യം വരുന്നതിനു മുമ്പ് ഈ ലോകം വഷളത്തത്തിലേക്കു കൂപ്പുകുത്തുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. “ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും വഴിതെറ്റിച്ചും വഴിതെറ്റിക്കപ്പെട്ടും കൊണ്ട് അടിക്കടി അധഃപതിക്കും” എന്നു നമ്മൾ വായിക്കുന്നു. (2 തിമൊ. 3:13) യഹോവയുടെ ഉന്നതമായ നിലവാരങ്ങൾ അങ്ങേയറ്റം കർക്കശമാണെന്നോ കാലഹരണപ്പെട്ടതാണെന്നോ തീർത്തും തെറ്റാണെന്നുപോലുമോ ചിന്തിക്കുന്നവരുടെ എണ്ണം ഇന്നു കൂടിക്കൂടിവരുകയാണ്. നിങ്ങളും അങ്ങനെ വഴിതെറ്റിക്കപ്പെടാൻ സാധ്യതയുണ്ടോ? ഉദാഹരണത്തിന്, സ്വവർഗലൈംഗികതയുടെ കാര്യത്തിൽ ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങൾ തെറ്റാണെന്നു ബോധ്യപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ നിങ്ങൾ അതിനോടു യോജിക്കുമോ? അതോ അത്തരം കാര്യങ്ങൾ ചെയ്യുന്നവർ ‘മ്ലേച്ഛമായതു പ്രവർത്തിക്കുകയാണ്’ എന്നു തന്റെ വചനത്തിൽ പറഞ്ഞിരിക്കുന്ന യഹോവയോടു യോജിക്കുമോ? അധാർമികപ്രവൃത്തികളെ അനുകൂലിക്കരുതെന്നു ദൈവം നമുക്കു മുന്നറിയിപ്പു തന്നിട്ടുണ്ട്. (റോമ. 1:24-27, 32) ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നാൽ യഹസ്കേലിന്റെ ദേവാലയദർശനത്തിലെ ഉയരമുള്ള കവാടങ്ങൾ നമ്മുടെ മനസ്സിലേക്കു വരണം. നമ്മൾ ഇങ്ങനെ ഓർക്കണം: ഈ ദുഷ്ടലോകത്തുനിന്ന് എത്രതന്നെ സമ്മർദമുണ്ടായാലും യഹോവ തന്റെ നീതിയുള്ള നിലവാരങ്ങൾ ഒട്ടും താഴ്ത്തില്ല. നമ്മൾ നമ്മുടെ സ്വർഗീയപിതാവിന്റെ പക്ഷത്ത് നിൽക്കുമോ? എപ്പോഴും ധാർമികനിലവാരങ്ങൾ ഉയർത്തിപ്പിടിക്കുമോ?
ശുദ്ധാരാധകരായ നമ്മൾ അർപ്പിക്കുന്നതു ‘സ്തുതികളാകുന്ന ബലികളാണ്’
20. യഹസ്കേലിന്റെ ദർശനം ‘മഹാപുരുഷാരത്തിൽപ്പെട്ടവരെ’ ഏതെല്ലാം വിധങ്ങളിലാണു പ്രോത്സാഹിപ്പിക്കുന്നത്?
20 മുറ്റങ്ങൾ. ദേവാലയത്തിന്റെ വിശാലമായ, പുറത്തെ മുറ്റം കണ്ടപ്പോൾ, എത്രയോ സത്യാരാധകർക്ക് അവിടെ സന്തോഷത്തോടെ കൂടിവരാനാകുമെന്ന് ഓർത്ത് യഹസ്കേലിന് ആവേശം തോന്നിക്കാണും. ഇന്ന് അതിലും ഏറെ മഹനീയമായ ഒരു സ്ഥലത്താണു ക്രിസ്ത്യാനികൾ ആരാധന അർപ്പിക്കുന്നത്. യഹോവയുടെ ആത്മീയാലയത്തിന്റെ പുറത്തെ മുറ്റത്ത് ആരാധന അർപ്പിക്കുന്ന ‘മഹാപുരുഷാരത്തിന്’ യഹസ്കേലിന്റെ ദേവാലയദർശനം പല വിധങ്ങളിലും ഒരു പ്രോത്സാഹനമാണ്. (വെളി. 7:9, 10, 14, 15) ദേവാലയമുറ്റങ്ങളോടു ചേർന്ന് ഊണുമുറികളുള്ളതായി യഹസ്കേൽ കണ്ടിരുന്നു. തങ്ങൾ കൊണ്ടുവന്ന സഹഭോജനബലികളുടെ ഒരു ഭാഗം ആരാധകർക്ക് അവിടെവെച്ച് കഴിക്കാമായിരുന്നു. (യഹ. 40:17) ഒരർഥത്തിൽ ദൈവമായ യഹോവയുടെകൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലെയായിരുന്നു അത്—സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഒരു അടയാളം! മോശയുടെ നിയമത്തിൻകീഴിലായിരുന്ന ജൂതന്മാർ അർപ്പിച്ചതുപോലുള്ള ബലികൾ ഇന്നു നമ്മൾ അർപ്പിക്കാറില്ല. ശുദ്ധാരാധകരായ നമ്മൾ അർപ്പിക്കുന്നതു ‘സ്തുതികളാകുന്ന ബലികളാണ്.’ യോഗങ്ങളിലും വയൽസേവനത്തിലും മറ്റും നമ്മൾ പറയുന്ന, നമ്മുടെ വിശ്വാസത്തിനു തെളിവേകുന്ന വാക്കുകളും അഭിപ്രായങ്ങളും ആണ് ആ ബലികൾ. (എബ്രാ. 13:15) ഇനി, യഹോവ തരുന്ന ആത്മീയഭക്ഷണം നമ്മളെ പോഷിപ്പിക്കുകയും ചെയ്യുന്നു. അതെ, “തിരുമുറ്റത്തെ ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമം” എന്ന് യഹോവയെ സ്തുതിച്ചുപാടിയ കോരഹുപുത്രന്മാരെപ്പോലെ നമുക്കും തോന്നുന്നതിൽ ഒട്ടും അതിശയിക്കാനില്ല!—സങ്കീ. 84:10.
21. യഹസ്കേലിന്റെ ദർശനത്തിലെ പൗരോഹിത്യക്രമീകരണത്തിൽനിന്ന് അഭിഷിക്തക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാനാകും?
21 പൗരോഹിത്യം. പുരോഹിതഗോത്രത്തിൽപ്പെടാത്തവർ പുറത്തെ മുറ്റത്തേക്കു പ്രവേശിച്ചിരുന്നതിനോടു സമാനമായ കവാടങ്ങളിലൂടെതന്നെയാണു പുരോഹിതന്മാരും ലേവ്യരും അകത്തെ മുറ്റത്തേക്കു പ്രവേശിച്ചിരുന്നത്. ഇതു പുരോഹിതഗണത്തിൽപ്പെട്ടവരെ ഒരു പ്രത്യേകകാര്യം ഓർമിപ്പിച്ചു: അവരും ശുദ്ധാരാധനയ്ക്കായുള്ള യഹോവയുടെ നിലവാരങ്ങളിൽ എത്തിച്ചേർന്നേ മതിയാകൂ! ഇന്നത്തെ കാര്യമോ? ഇന്ന് യഹോവയുടെ ദാസർക്കിടയിൽ പാരമ്പര്യമായി കൈമാറിക്കിട്ടുന്ന ഒരു പൗരോഹിത്യക്രമീകരണം ഇല്ല. എന്നാൽ അഭിഷിക്തക്രിസ്ത്യാനികൾ, “തിരഞ്ഞെടുക്കപ്പെട്ട ഒരു വംശവും രാജകീയ പുരോഹിതസംഘവും” ആണെന്നു ബൈബിൾ പറയുന്നുണ്ട്. (1 പത്രോ. 2:9) പുരാതനകാലത്ത് ഇസ്രായേലിലെ പുരോഹിതന്മാർക്ക് ആരാധന അർപ്പിക്കാൻ പ്രത്യേകമായൊരു മുറ്റമുണ്ടായിരുന്നു. ഇന്ന് അഭിഷിക്തക്രിസ്ത്യാനികളും അവരുടെ സഹാരാധകരും വെവ്വേറെ സ്ഥലങ്ങളിലല്ല ദൈവത്തെ ആരാധിക്കുന്നതെങ്കിലും, അഭിഷിക്തരെ യഹോവ തന്റെ മക്കളായി ദത്തെടുത്തിരിക്കുന്നതുകൊണ്ട് അവർക്ക് യഹോവയുമായി ഒരു പ്രത്യേകബന്ധമുണ്ട്. (ഗലാ. 4:4-6) എങ്കിലും അഭിഷിക്തർക്ക് യഹസ്കേലിന്റെ ദർശനത്തിൽനിന്ന് പല കാര്യങ്ങളും പഠിക്കാനാകും. ഉദാഹരണത്തിന്, അന്നത്തെ പുരോഹിതന്മാരെപ്പോലെതന്നെ തങ്ങൾക്കും ബുദ്ധിയുപദേശവും ശിക്ഷണവും ആവശ്യമാണെന്ന് അവർ മനസ്സിലാക്കുന്നു. നമ്മളെല്ലാവരും ‘ഒറ്റ ഇടയന്റെ’ കീഴിലെ ‘ഒറ്റ ആട്ടിൻകൂട്ടമാണെന്ന്’ എല്ലാ ക്രിസ്ത്യാനികളും ഓർക്കേണ്ടതുണ്ട്.—യോഹന്നാൻ 10:16 വായിക്കുക.
22, 23. (എ) യഹസ്കേലിന്റെ ദർശനത്തിലെ തലവനെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് ക്രിസ്തീയമൂപ്പന്മാർക്ക് എന്തു പഠിക്കാനാകും? (ബി) ഭാവിയിൽ ഒരുപക്ഷേ എന്തു സംഭവിച്ചേക്കാം?
22 തലവൻ. യഹസ്കേലിന്റെ ദർശനത്തിൽ തലവനു വളരെ പ്രാമുഖ്യത നൽകിയിരിക്കുന്നതായി കാണാം. പുരോഹിതഗോത്രത്തിൽപ്പെട്ട ആളല്ലായിരുന്ന അദ്ദേഹം ദേവാലയക്രമീകരണത്തിൽ പുരോഹിതന്മാരുടെ നേതൃത്വത്തിനു കീഴ്പെട്ടിരിക്കണമായിരുന്നു. എന്നാൽ അദ്ദേഹം ജനത്തിന്റെ ഒരു മേൽവിചാരകനായി പ്രവർത്തിച്ചിരുന്നെന്നു വ്യക്തമാണ്. ബലികൾ അർപ്പിക്കാൻ ജനത്തെ സഹായിക്കുകയും ചെയ്തിരുന്നു. (യഹ. 44:2, 3; 45:16, 17; 46:2) ഇന്നു ക്രിസ്തീയസഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള പുരുഷന്മാർക്ക് അദ്ദേഹം ഒരു മാതൃകയാണ്. സഞ്ചാരമേൽവിചാരകന്മാർ ഉൾപ്പെടെ എല്ലാ ക്രിസ്തീയമൂപ്പന്മാരും വിശ്വസ്തനായ അഭിഷിക്തയടിമയ്ക്കു കീഴ്പെട്ടിരിക്കണം. (എബ്രാ. 13:17) ക്രിസ്തീയയോഗങ്ങളിലും ശുശ്രൂഷയിലും സ്തുതികളാകുന്ന ബലികൾ അർപ്പിക്കാൻ ദൈവജനത്തെ സഹായിക്കുന്നതിനു കഠിനാധ്വാനം ചെയ്യുന്നവരാണു മൂപ്പന്മാർ. (എഫെ. 4:11, 12) അധികാരദുർവിനിയോഗം നടത്തിയ ഇസ്രായേൽതലവന്മാരെ യഹോവ ശാസിച്ച കാര്യവും മൂപ്പന്മാർ മനസ്സിൽപ്പിടിക്കണം. (യഹ. 45:9) തങ്ങൾക്കു ബുദ്ധിയുപദേശവും തിരുത്തലും ആവശ്യമില്ലെന്നു കരുതുന്നതിനു പകരം, തങ്ങളെ ശുദ്ധീകരിക്കാനായി യഹോവ ചെയ്യുന്ന ഏതൊരു ശ്രമത്തെയും അവർ വളരെയധികം വിലമതിക്കുന്നു. അങ്ങനെ, നല്ല ഇടയന്മാരും മേൽവിചാരകന്മാരും ആയി സേവിക്കാൻ അവർക്കാകുന്നു.—1 പത്രോസ് 5:1-3 വായിക്കുക.
23 വരാനിരിക്കുന്ന പറുദീസാഭൂമിയിലും പ്രാപ്തരായ, സ്നേഹമുള്ള മേൽവിചാരകന്മാരെ യഹോവ നമുക്കു തരും. ഇപ്പോൾത്തന്നെ സഹായമനസ്കരായി, കാര്യപ്രാപ്തിയോടെ ഇടയവേല ചെയ്യാനുള്ള പരിശീലനം മൂപ്പന്മാർക്കു ലഭിക്കുന്നുണ്ട്. അവരിൽ പലരെയും പറുദീസയിലും ഉപയോഗിക്കും. (സങ്കീ. 45:16) പുതിയ ലോകത്തിൽ ഈ പുരുഷന്മാർ നമുക്ക് എത്ര വലിയൊരു അനുഗ്രഹമായിരിക്കുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ! മറ്റു പുനഃസ്ഥാപനപ്രവചനങ്ങളുടെ കാര്യംപോലെതന്നെ യഹസ്കേലിന്റെ ദർശനത്തെക്കുറിച്ചുള്ള നമ്മുടെ അറിവും യഹോവയുടെ സമയമാകുമ്പോൾ കൂടുതൽ വ്യക്തമാകും. ഒരുപക്ഷേ ഈ ദർശനത്തിലെ ചില ഭാഗങ്ങൾക്ക് ഇന്നു നമ്മൾ ഭാവനയിൽപ്പോലും കാണാത്ത, ആവേശകരമായ നിവൃത്തിയുണ്ടായേക്കാം. നമുക്ക് അതു കാത്തിരുന്ന് കാണാം!
യഹോവ ശുദ്ധാരാധനയെ അനുഗ്രഹിക്കുന്നു
24, 25. ശുദ്ധാരാധനയോടു പറ്റിനിൽക്കുന്ന തന്റെ ജനത്തിന് യഹോവ നൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് യഹസ്കേലിന്റെ ദർശനം എന്താണു പറയുന്നത്?
24 അവസാനമായി, യഹസ്കേലിന്റെ ദർശനത്തിൽ വിവരിച്ചിരിക്കുന്ന അതിമഹത്തായ ഒരു സംഭവത്തെക്കുറിച്ച് നമുക്ക് ഒന്നു നോക്കാം. യഹോവ ആലയത്തിലേക്കു പ്രവേശിക്കുന്നു! ശുദ്ധാരാധനയ്ക്കായി താൻ വെച്ചിരിക്കുന്ന നിലവാരങ്ങളോടു ദൈവജനം വിശ്വസ്തമായി പറ്റിനിൽക്കുന്നിടത്തോളം താൻ അവരുടെകൂടെ ഉണ്ടായിരിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. (യഹ. 43:4-9) യഹോവയുടെ സാന്നിധ്യം ദൈവജനത്തിന്മേലും അവരുടെ ദേശത്തിന്മേലും എന്തു ഫലം ഉളവാക്കുമായിരുന്നു?
25 ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങളെക്കുറിച്ച് പറയുന്ന, ബലപ്പെടുത്തുന്ന രണ്ടു പ്രാവചനികചിത്രങ്ങൾ ആ ദർശനത്തിലുണ്ട്: (1) ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്ന ഒരു നദി ദേശത്തിനു ജീവനും ഫലപുഷ്ടിയും നൽകുന്നു. (2) ദേശം ക്രമീകൃതമായി, കൃത്യതയോടെ അളന്നുതിരിച്ചിരിക്കുന്നു; ദേശത്തിന്റെ ഒത്ത നടുക്കായി ദേവാലയവും അതിന്റെ മേച്ചിൽപ്പുറങ്ങളും കാണാം. ഈ ബൈബിൾഭാഗങ്ങൾ ഇന്നു നമ്മൾ എങ്ങനെ മനസ്സിലാക്കണം? ശരിക്കും പറഞ്ഞാൽ, നമ്മൾ ഇന്നു ജീവിക്കുന്നത് അതിലും ഏറെ പാവനമായ ഒരു ആരാധനാക്രമീകരണം നിലവിലിരിക്കുന്ന സമയത്താണ്. മഹത്തായ ആ ആത്മീയാലയത്തിലേക്ക് യഹോവ പ്രവേശിച്ച്, അതിനെ ശുദ്ധീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞെന്ന് ഓർക്കുക. (മലാ. 3:1-4) മേൽപ്പറഞ്ഞ രണ്ടു പ്രാവചനികചിത്രങ്ങളെക്കുറിച്ച് ഈ പ്രസിദ്ധീകരണത്തിന്റെ 19 മുതൽ 21 വരെയുള്ള അധ്യായങ്ങളിൽ നമ്മൾ ചർച്ച ചെയ്യും.
a മുൻകാലങ്ങളിൽ ദൈവജനം ദേവാലയത്തോട് ഇടപെട്ട രീതിക്ക് ഒരു മാറ്റം വരാൻപോകുകയാണെന്നു വ്യക്തമാക്കുകയായിരുന്നു ദൈവം. മുമ്പ് അവർ ചെയ്തിരുന്നതിനെക്കുറിച്ച് യഹോവ പറഞ്ഞത് ഇതാണ്: “അവർ തങ്ങളുടെ (അതായത്, വ്യാജദൈവങ്ങളുടെ) വാതിൽപ്പടി എന്റെ വാതിൽപ്പടിയുടെ അടുത്തും തങ്ങളുടെ (അതായത്, വ്യാജദൈവങ്ങളുടെ) കട്ടിളക്കാൽ എന്റെ കട്ടിളക്കാലിന്റെ അടുത്തും സ്ഥാപിച്ചു. അവർക്കും എനിക്കും ഇടയിൽ ഒരു ഭിത്തിയുടെ അകലമേ ഉള്ളൂ. അങ്ങനെ, അവർ ചെയ്തുകൂട്ടിയ എല്ലാ വൃത്തികേടുകളാലും അവർ എന്റെ വിശുദ്ധനാമം അശുദ്ധമാക്കി.” (യഹ. 43:8) പുരാതനയരുശലേമിൽ യഹോവയുടെ ആലയത്തിനും ആളുകളുടെ വീടുകൾക്കും ഇടയിൽ ഒരു മതിലിന്റെ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യഹോവയുടെ നീതിയുള്ള നിലവാരങ്ങളിൽനിന്ന് അകന്നുപോയ ദൈവജനം വിഗ്രഹാരാധന എന്ന അശുദ്ധി യഹോവയുടെ ഭവനത്തിന്റെ തൊട്ടടുത്തുവരെ കൊണ്ടുവന്നു. അതു ദൈവത്തിനു സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നു!
b യഹസ്കേലിന്റെ ദേവാലയദർശനം, അന്ത്യനാളുകളിൽ നിറവേറിയിരിക്കുന്ന മറ്റു പുനഃസ്ഥാപനപ്രവചനങ്ങളുമായും നന്നായി യോജിക്കുന്നുണ്ട്. യഹസ്കേൽ 43:1-9-ഉം മലാഖി 3:1-5-ഉം തമ്മിലും യഹസ്കേൽ 47:1-12-ഉം യോവേൽ 3:18-ഉം തമ്മിലും ഉള്ള സമാനതകൾ അതിന് ഉദാഹരണമാണ്.
c യേശു സ്നാനമേറ്റ് മഹാപുരോഹിതനായി സേവിച്ചുതുടങ്ങിയ എ.ഡി. 29-ലാണ് ആത്മീയാലയം നിലവിൽ വന്നത്. എന്നാൽ യേശുവിന്റെ അപ്പോസ്തലന്മാരുടെ മരണശേഷം നൂറ്റാണ്ടുകളോളം ഭൂമിയിൽ ശുദ്ധാരാധന വ്യാപകമായി അവഗണിക്കപ്പെട്ടുകിടന്നു. പ്രത്യേകിച്ച് 1919 മുതലാണു സത്യാരാധനയ്ക്ക്, അർഹമായ മഹത്ത്വവും പ്രാധാന്യവും ലഭിച്ചുതുടങ്ങിയത്.