പഠനചതുരം 14എ
യഹസ്കേലിന്റെ ദേവാലയ ദർശനത്തിൽനിന്നുള്ള പാഠങ്ങൾ
ശുദ്ധാരാധന ഉന്നതമാക്കപ്പെട്ടിരിക്കുന്നു, സംരക്ഷിക്കപ്പെട്ടിരിക്കുന്നു
ദർശനത്തിലെ ദേവാലയം “വളരെ ഉയരമുള്ള ഒരു മലയിൽ,” (1) അതായത് ഉന്നതമായ ഒരു സ്ഥാനത്ത്, ആയിരുന്നു. ശുദ്ധാരാധനയ്ക്കു ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മൾ അതിന് ഉന്നതമായ ഒരു സ്ഥാനം നൽകുന്നുണ്ടോ?
ചുറ്റുമതിൽ (2), ഒത്ത നടുക്കുള്ള ദേവാലയസമുച്ചയത്തിനും മതിലിനും ഇടയ്ക്കുള്ള വിശാലമായ പ്രദേശം (3) എന്നിവ നമ്മളെ ഓർമിപ്പിക്കുന്നത്, ഒരിക്കലും യഹോവയ്ക്കുള്ള ആരാധനയെ മലിനമാക്കാൻ നമ്മൾ ഒന്നിനെയും അനുവദിക്കരുത് എന്നാണ്. ‘പൊതുവായ ഉപയോഗത്തിനുള്ള’ കാര്യങ്ങൾ വിശുദ്ധമായതിൽനിന്ന് വേർതിരിക്കണം എന്നു പറഞ്ഞിരിക്കുന്നു. ആരാധനയുമായി ബന്ധമില്ലാത്ത അനുദിനകാര്യാദികൾപോലും ശുദ്ധാരാധനയിൽനിന്ന് അകറ്റിനിറുത്തണം എന്നാണ് അതിന്റെ അർഥം. ആ സ്ഥിതിക്ക് യഹോവയുടെ ഒരു ആരാധകൻ തന്റെ ജീവിതത്തിൽനിന്ന് അശുദ്ധമോ അധാർമികമോ ആയ പ്രവൃത്തികൾ ഒഴിവാക്കേണ്ടത് എത്ര പ്രധാനമാണ്!—യഹ. 42:20.
നിത്യമായ അനുഗ്രഹങ്ങൾ
ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കുറേശ്ശെയായി ഒഴുകിവരുന്ന അരുവി ഒരു ജലപ്രവാഹമായി മാറി ദേശത്തിനു ജീവനും ഫലപുഷ്ടിയും നൽകുന്നു. (4) ആ അനുഗ്രഹങ്ങളെക്കുറിച്ച് ഈ പുസ്തകത്തിന്റെ 19-ാം അധ്യായത്തിൽ ചർച്ച ചെയ്യും.
എല്ലാവർക്കും ഒരേ നിലവാരങ്ങൾ
പുറത്തെ കവാടങ്ങളുടെയും (5) അകത്തെ കവാടങ്ങളുടെയും (9) ഉയരം സൂചിപ്പിക്കുന്നത്, ശുദ്ധാരാധന അർപ്പിക്കുന്ന എല്ലാവരും പെരുമാറ്റത്തിന്റെ കാര്യത്തിൽ ഉയർന്ന നിലവാരങ്ങൾ പാലിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു എന്നാണ്. പുറത്തെയും അകത്തെയും കവാടങ്ങളുടെ അളവുകൾ മൊത്തത്തിൽ ഒരുപോലെയാണെന്ന കാര്യവും ശ്രദ്ധിക്കുക. അത് എന്തുകൊണ്ടും ചേരും, കാരണം തന്റെ എല്ലാ ദാസന്മാർക്കും യഹോവ വെച്ചിരിക്കുന്ന നീതിയുള്ള നിലവാരങ്ങൾ ഒന്നുതന്നെയാണ്. അവരുടെ സ്ഥാനമോ ഉത്തരവാദിത്വമോ എന്തുതന്നെയായാലും അവർ ഒരേ നിലവാരങ്ങൾ പാലിക്കണം.
യഹോവയോടൊപ്പം ഭക്ഷണം
പുരാതനകാലത്ത്, തങ്ങൾ ദേവാലയത്തിലേക്കു കൊണ്ടുവന്നിരുന്ന ചില ബലിവസ്തുക്കളുടെ ഒരു ഭാഗം ജനവും കഴിച്ചിരുന്നു എന്ന് ഊണുമുറികൾ (8) നമ്മളെ ഓർമിപ്പിക്കുന്നു. ഒരർഥത്തിൽ അവർ യഹോവയുടെകൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലെയായിരുന്നു അത്. എന്നാൽ ഇന്നു ക്രിസ്ത്യാനികൾ ആരാധന അർപ്പിക്കുന്ന ആത്മീയാലയത്തിന്റെ കാര്യം അങ്ങനെയല്ല. കാരണം അവിടെ “ഒരേ ഒരു ബലി” ഇതിനോടകം അർപ്പിച്ചുകഴിഞ്ഞു. (എബ്രാ. 10:12) എങ്കിലും, സ്തുതികളാകുന്ന ബലികൾ നമ്മൾ ഇപ്പോഴും അവിടെ അർപ്പിക്കുന്നുണ്ട്.—എബ്രാ. 13:15.
ദൈവത്തിൽനിന്നുള്ള ഒരു ഉറപ്പ്
ദർശനത്തിൽ അളവുകളെക്കുറിച്ച് ഇത്രയേറെ വിശദാംശങ്ങൾ കാണുമ്പോൾ നമ്മൾ അമ്പരന്നുപോയേക്കാം. പക്ഷേ അതു വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിക്കുന്നു: ആ അളവുകളെല്ലാം കൃത്യതയുള്ളതും മാറ്റമില്ലാത്തതും ആയിരുന്നതുപോലെതന്നെ, ശുദ്ധാരാധന പുനഃസ്ഥാപിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യത്തിനും ഒരു മാറ്റവും വരില്ല. ദർശനത്തിൽ ഏതെങ്കിലും മനുഷ്യരെ കണ്ടതായി യഹസ്കേൽ പറഞ്ഞിട്ടില്ലെങ്കിലും, പുരോഹിതന്മാർക്കും തലവന്മാർക്കും ജനത്തിനും യഹോവ നൽകുന്ന ശക്തമായ ബുദ്ധിയുപദേശം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദൈവദാസന്മാരും ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾ ഉയർത്തിപ്പിടിക്കണം.