പഠനചതുരം 20എ
ദേശം വിഭാഗിക്കുന്നു
കൃത്യമായി അളന്നുതിരിച്ച അതിർത്തികളെക്കുറിച്ചുള്ള വിവരണം പ്രവാസികൾക്ക് ഒരു ഉറപ്പേകി: എന്തായാലും അവരുടെ പ്രിയപ്പെട്ട മാതൃദേശം അവർക്കു തിരികെ കിട്ടും! ഈ ദിവ്യദർശനത്തിൽനിന്ന് ഇന്നു നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാനാകും? ആ ദർശനത്തിന്റെ ശ്രദ്ധേയമായ രണ്ടു വശങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം:
അമൂല്യമായ ഒരു സ്ഥാനമുണ്ടെന്ന ഉറപ്പ്
സ്വന്തദേശത്ത് തിരികെ എത്തുന്ന എല്ലാ പ്രവാസികൾക്കും ആ വാഗ്ദത്തദേശത്ത് ഒരു ഓഹരി ലഭിക്കുമായിരുന്നു. സമാനമായി ഇന്നും യഹോവയുടെ എല്ലാ ദാസന്മാർക്കും ആത്മീയദേശത്ത് ഒരു ഓഹരി അഥവാ സ്ഥാനം ഉണ്ട്. സംഘടനയിൽ നമുക്കുള്ള ഉത്തരവാദിത്വം എത്ര എളിയതാണെങ്കിലും ഈ ആത്മീയദേശത്ത് നമുക്ക് ഓരോരുത്തർക്കും അമൂല്യമായ ഒരു സ്ഥാനമുണ്ടെന്ന് ഉറപ്പുണ്ടായിരിക്കുക. യഹോവ തന്റെ എല്ലാ ദാസന്മാരെയും ഒരുപോലെയാണു കാണുന്നത്, അവരെല്ലാം യഹോവയുടെ കണ്ണിൽ വിലയുള്ളവരാണ്.
തുല്യമായ ഓഹരി
പുനഃസ്ഥിതീകരിക്കപ്പെട്ട വാഗ്ദത്തദേശത്തെ ഏത് ഓഹരിയിൽ കഴിയുന്നവർക്കും ആ ദേശത്തെ വിളവുകൾ ഒരേപോലെ ലഭിക്കുന്ന ഒരു ക്രമീകരണത്തെക്കുറിച്ചാണ് യഹസ്കേൽ ദർശനത്തിൽ കണ്ടത്. സമാനമായി ഇന്ന്, ആത്മീയപറുദീസയിലെ അനുഗ്രഹങ്ങൾ യഹോവ തന്റെ എല്ലാ ദാസന്മാർക്കും ഒരുപോലെ ലഭ്യമാക്കിയിരിക്കുകയാണ്!