പിൻകുറിപ്പുകൾ
1. ബാബിലോൺ എന്ന മഹതിയെ തിരിച്ചറിയുക
“ബാബിലോൺ എന്ന മഹതി” ചിത്രീകരിക്കുന്നത് എല്ലാ വ്യാജമതങ്ങളെയും ആണെന്ന് നമുക്ക് എങ്ങനെ അറിയാം? (വെളിപാട് 17:5) ചില കാര്യങ്ങൾ നോക്കാം:
ഈ സ്ത്രീ ലോകം മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ബാബിലോൺ എന്ന മഹതി ‘ജനക്കൂട്ടങ്ങളുടെയും ജനതകളുടെയും’ മേൽ ഇരിക്കുന്നതായി പറയുന്നു. ഈ സ്ത്രീ ‘ഭൂമിയിലെ രാജാക്കന്മാരുടെ മേൽ ഭരണം നടത്തുന്നു.’—വെളിപാട് 17:15, 18.
ഈ സ്ത്രീ ഒരു രാഷ്ട്രീയശക്തിയോ വ്യാപാരശക്തിയോ അല്ല. ‘ഭൂമിയിലെ രാജാക്കന്മാരും’ ‘വ്യാപാരികളും’ ഈ സ്ത്രീയോടൊപ്പം നശിപ്പിക്കപ്പെടുന്നില്ല.—വെളിപാട് 18:9, 15.
ഈ സ്ത്രീ ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. ബൈബിൾ ഈ സ്ത്രീയെ വേശ്യ എന്ന് വിളിക്കുന്നു. കാരണം സമ്പത്തിനും മറ്റു നേട്ടങ്ങൾക്കും ആയി അവൾ രാജാക്കന്മാരുമായി അവിഹിതബന്ധത്തിൽ ഏർപ്പെടുന്നു. (വെളിപാട് 17:1, 2) അവൾ സകല ജനതകളിൽനിന്നുമുള്ള ആളുകളെ വഴിതെറ്റിക്കുന്നു. അനേകരുടെ മരണത്തിന് അവൾ കാരണക്കാരിയാണ്.—വെളിപാട് 18:23, 24.
പാഠം 13-ന്റെ പോയിന്റ് 6-ലേക്കു തിരികെ പോകുക
2. മിശിഹ എപ്പോൾ വരുമായിരുന്നു?
69 ആഴ്ചയുടെ ഒരു കാലഘട്ടം പൂർത്തിയാകുമ്പോൾ മിശിഹ വരുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു.—ദാനിയേൽ 9:25 വായിക്കുക.
69 ആഴ്ചയുടെ കാലഘട്ടം എപ്പോൾ തുടങ്ങി? ബി.സി. 455-ൽ. ആ വർഷമാണ് യരുശലേം നഗരം “പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കാൻ” ഗവർണറായ നെഹമ്യ എത്തിയത്.—ദാനിയേൽ 9:25; നെഹമ്യ 2:1, 5-8.
69 ആഴ്ചയുടെ ദൈർഘ്യം എത്രയായിരിക്കും? ചില ബൈബിൾപ്രവചനങ്ങളിൽ ഒരു ദിവസത്തെ ഒരു വർഷമായി കണക്കാക്കിയിട്ടുണ്ട്. (സംഖ്യ 14:34; യഹസ്കേൽ 4:6) അപ്പോൾ ഒരു ആഴ്ച ഏഴു വർഷമായിരിക്കും. അങ്ങനെയെങ്കിൽ ഈ പ്രവചനത്തിലെ 69 ആഴ്ച (69 x 7) 483 വർഷമായിരിക്കും.
69 ആഴ്ച എപ്പോൾ അവസാനിക്കും? ബി.സി 455 മുതൽ 483 വർഷം എണ്ണിയാൽ അത് എ.ഡി. 29-ൽa എത്തും. ആ വർഷമാണു യേശു സ്നാനമേറ്റ് മിശിഹയായത്.—ലൂക്കോസ് 3:1, 2, 21, 22.
പാഠം 15-ന്റെ പോയിന്റ് 5-ലേക്കു തിരികെ പോകുക
3. രക്തം ഉൾപ്പെടുന്ന ചികിത്സാരീതികൾ
ക്രിസ്ത്യാനികൾ രക്തം സ്വീകരിക്കുകയോ ദാനം ചെയ്യുകയോ ഇല്ല. എന്നാൽ സ്വന്തം രക്തംതന്നെ ഉപയോഗിക്കുന്ന ചില ചികിത്സാരീതികളോ? അവയിൽ ചിലതു ക്രിസ്ത്യാനികൾക്കു സ്വീകാര്യമല്ല. ഉദാഹരണത്തിന്, ഓപ്പറേഷനുവേണ്ടി മുന്നമേ രോഗിയുടെതന്നെ രക്തം സൂക്ഷിച്ചുവെക്കുന്നതുപോലുള്ളവ.—ആവർത്തനം 15:23.
എന്നാൽ സ്വന്തം രക്തം ഉപയോഗിക്കുന്ന കാര്യത്തിൽ ക്രിസ്ത്യാനികൾക്കു സ്വീകാര്യമായേക്കാവുന്ന ചില വൈദ്യനടപടികളുമുണ്ട്. അതിൽപ്പെടുന്നതാണ് രക്തപരിശോധനകൾ, ഹീമോഡയാലിസിസ്, ഹീമോഡൈലൂഷൻ, സെൽ സാൽവേജ്, ഹാർട്ട് ലങ് ബൈപാസ്സ് മെഷീൻ എന്നിവ.b കാരണം, ഇതൊന്നും രോഗിയുടെതന്നെ രക്തം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്ന തരത്തിലുള്ള രീതികളല്ല. ഇത്തരത്തിലുള്ള ഏതൊരു ഓപ്പറേഷനോ വൈദ്യപരിശോധനയോ ചികിത്സാനടപടിയോ നടക്കുന്ന സമയത്ത് സ്വന്തം രക്തം കൈകാര്യം ചെയ്യപ്പെടേണ്ടത് എങ്ങനെയാണെന്ന് ഓരോ ക്രിസ്ത്യാനിയുമാണ് തീരുമാനിക്കേണ്ടത്. ഓരോ ഡോക്ടറും ഈ കാര്യങ്ങൾ ചെയ്യുന്നത് അൽപ്പസ്വൽപ്പം വ്യത്യാസങ്ങളോടെയായിരിക്കാം. അതുകൊണ്ട് ഈ സന്ദർഭങ്ങളിൽ സ്വന്തം രക്തം എങ്ങനെയാണ് ഉപയോഗിക്കാൻ പോകുന്നതെന്ന് ഓരോ ക്രിസ്ത്യാനിയും മുന്നമേ അറിഞ്ഞിരിക്കണം. താഴെ പറയുന്ന ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക:
എന്റെ രക്തത്തിൽ കുറച്ച് ശരീരത്തിന് വെളിയിലുള്ള ഒരു ഉപകരണത്തിലേക്കു തിരിച്ചുവിടേണ്ടിവരുമ്പോൾ കുറച്ച് നേരത്തേക്ക് അതിന്റെ ഒഴുക്കു തടസ്സപ്പെടുന്നെങ്കിലോ? ആ രക്തത്തെ എന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തമായിത്തന്നെ കാണാനും ‘അതു നിലത്ത് ഒഴിച്ചുകളയേണ്ട’ ആവശ്യമില്ലെന്നു കരുതാനും മനസ്സാക്ഷി എന്നെ അനുവദിക്കുമോ?—ആവർത്തനം 12:23, 24.
ചികിത്സയ്ക്കിടെ എന്റെ രക്തത്തിൽ കുറെ പുറത്തെടുത്ത് അതിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ട് ശരീരത്തിലേക്കു തിരികെ കയറ്റുന്നെങ്കിലോ? അത് എന്റെ ബൈബിൾപരിശീലിത മനസ്സാക്ഷിയെ അസ്വസ്ഥമാക്കുമോ? അത്തരം ചികിത്സാരീതി ഞാൻ സ്വീകരിക്കണോ?
പാഠം 39-ന്റെ പോയിന്റ് 3-ലേക്കു തിരികെ പോകുക
4. വേർപിരിയൽ
ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ് താമസിക്കുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഇങ്ങനെ വേർപിരിഞ്ഞ ഇണകൾക്കു പുനർവിവാഹത്തിനുള്ള അവകാശമില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു. (1 കൊരിന്ത്യർ 7:10, 11) എന്നാൽ ചില സാഹചര്യങ്ങളിൽ ക്രിസ്ത്യാനികൾ ഇണയിൽനിന്ന് വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിച്ചേക്കാം.
മനഃപൂർവം കുടുംബം നോക്കാതിരിക്കുന്നത്: ഒരു ഭർത്താവ്, തന്റെ കുടുംബാംഗങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ടിപ്പോലും കരുതാത്തപ്പോൾ.—1 തിമൊഥെയൊസ് 5:8.
കടുത്ത ശാരീരിക ഉപദ്രവം: സ്വന്തം ആരോഗ്യത്തിനോ ജീവനോ ഇണ ഭീഷണിയാകുന്ന സാഹചര്യം.—ഗലാത്യർ 5:19-21.
യഹോവയുമായുള്ള ബന്ധത്തിനു കടുത്ത ഭീഷണിയാകുമ്പോൾ: യഹോവയെ സേവിക്കാൻ ഇണ ഒരു വിധത്തിലും അനുവദിക്കാത്തപ്പോൾ.—പ്രവൃത്തികൾ 5:29.
5. വിശേഷദിവസങ്ങളും ആഘോഷങ്ങളും
യഹോവയ്ക്ക് ഇഷ്ടപ്പെടാത്ത വിശേഷദിവസങ്ങളിലോ ആഘോഷങ്ങളിലോ ക്രിസ്ത്യാനികൾ പങ്കെടുക്കില്ല. എന്നാൽ അത്തരം ആഘോഷവേളകളിൽ ഉണ്ടായേക്കാവുന്ന ചില സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഓരോ ക്രിസ്ത്യാനിയും അവരുടെ ബൈബിൾപരിശീലിത മനസ്സാക്ഷി ഉപയോഗിച്ച് തീരുമാനിക്കണം. ഉദാഹരണങ്ങൾ നോക്കാം:
ആരെങ്കിലും വിശേഷദിവസത്തിന്റെ ആശംസ അറിയിച്ചാൽ. നിങ്ങൾക്ക് അദ്ദേഹത്തോടു ‘നന്ദി’ പറയാം. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ വിശേഷദിവസം ആഘോഷിക്കാത്തതിന്റെ കാരണം വിശദീകരിക്കാം.
ഒരു വിശേഷദിവസത്തിൽ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ യഹോവയുടെ സാക്ഷിയല്ലാത്ത നിങ്ങളുടെ ഇണ ക്ഷണിക്കുന്നു. ക്ഷണം സ്വീകരിച്ച് അവിടെ പോകാൻ നിങ്ങളുടെ മനസ്സാക്ഷി അനുവദിക്കുന്നെങ്കിൽ ഇണയോടു നേരത്തേതന്നെ ചില കാര്യങ്ങൾ പറയാനാകും. ഉദാഹരണത്തിന്, വിശേഷദിവസത്തിന്റെ ഭാഗമായി നടത്തുന്ന ക്രിസ്തീയമല്ലാത്ത ആചാരാനുഷ്ഠാനങ്ങളിൽ നിങ്ങൾ പങ്കെടുക്കില്ലെന്ന കാര്യം.
ഒരു ആഘോഷകാലത്ത് തൊഴിലുടമ നിങ്ങൾക്ക് ബോണസ് തരുന്നു. നിങ്ങൾ അതു വേണ്ടെന്നു പറയണോ? അങ്ങനെ പറയണമെന്നില്ല. എന്നാൽ ചിന്തിക്കുക: ആ ബോണസിനെ ആഘോഷത്തിന്റെ ഭാഗമായാണോ തൊഴിലുടമ കാണുന്നത്? അതോ നിങ്ങൾ ചെയ്യുന്ന നല്ല ജോലിക്ക് നന്ദിസൂചകമായി തരുന്നതാണോ?
ആഘോഷകാലത്ത് ആരെങ്കിലും സമ്മാനം തരുന്നെങ്കിൽ. സമ്മാനം തരുന്നയാൾ ചിലപ്പോൾ ഇങ്ങനെ പറഞ്ഞേക്കാം: “നിങ്ങൾ ഇത് ആഘോഷിക്കില്ലെന്ന് എനിക്കറിയാം. എങ്കിലും ഇരിക്കട്ടെ.” ചിലപ്പോൾ അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ട് തന്നതാകാം. എന്നാൽ ഇതുകൂടെ ചിന്തിക്കുക. അദ്ദേഹം നിങ്ങളുടെ വിശ്വാസം പരിശോധിക്കാനോ നിങ്ങളെ ആഘോഷത്തിൽ പങ്കെടുപ്പിക്കാനോ മനഃപൂർവം ശ്രമിക്കുകയാണോ? ഇതു ചിന്തിച്ചതിനു ശേഷം, ആ സമ്മാനം സ്വീകരിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്കു തീരുമാനിക്കാം. എല്ലാ തീരുമാനങ്ങളിലും നല്ല മനസ്സാക്ഷിയും യഹോവയോടുള്ള വിശ്വസ്തതയും കാത്തുസൂക്ഷിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്.—പ്രവൃത്തികൾ 23:1.
6. പകരുന്ന രോഗങ്ങൾ
നമ്മൾ ആളുകളെ സ്നേഹിക്കുന്നു. അതുകൊണ്ട്, നമുക്കൊരു രോഗമുണ്ടെങ്കിൽ അതു മറ്റുള്ളവരിലേക്കു പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പകരുന്ന ഒരു രോഗമുണ്ടെന്നു സംശയം ഉള്ളപ്പോൾപ്പോലും നമ്മൾ അക്കാര്യം ശ്രദ്ധിക്കും. കാരണം, ‘അയൽക്കാരനെ നമ്മളെപ്പോലെതന്നെ സ്നേഹിക്കാനാണ്’ ബൈബിൾ പറയുന്നത്.—റോമർ 13:8-10.
നമുക്ക് ഏതെല്ലാം വിധങ്ങളിൽ ആ സ്നേഹം കാണിക്കാം? മറ്റുള്ളവർക്കു കൈ കൊടുക്കുന്നതോ അവരെ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ പോലുള്ള സ്നേഹപ്രകടനങ്ങൾ നടത്താൻ നമ്മൾ ശ്രമിക്കരുത്. ആരെങ്കിലും കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ കരുതി നിങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കാതിരുന്നാൽ അതിൽ മുഷിയരുത്. ഇനി, നിങ്ങൾ സ്നാനമേൽക്കാൻ പോകുകയാണെങ്കിൽ രോഗമുണ്ടെന്ന വിവരം സ്നാനത്തിനു മുമ്പേ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനെ അറിയിക്കണം. അപ്പോൾ മറ്റു സ്നാനാർഥികൾക്കു രോഗം പകരാത്ത വിധത്തിൽ കാര്യങ്ങൾ ക്രമീകരിക്കാൻ അദ്ദേഹത്തിനാകും. നിങ്ങൾ വിവാഹത്തെക്കുറിച്ച് ആലോചിക്കുകയാണോ? നിങ്ങൾക്കു പകരുന്ന ഒരു രോഗമുണ്ടെന്നു സംശയമുണ്ടെങ്കിൽ സ്വമേധയാ രക്തപരിശോധനയ്ക്ക് വിധേയനാകുക. അതു മറ്റുള്ളവരോടുള്ള പരിഗണനയാണ്. അപ്പോൾ “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ” നോക്കുകയാണ്.—ഫിലിപ്പിയർ 2:4.
പാഠം 56-ന്റെ പോയിന്റ് 2-ലേക്കു തിരികെ പോകുക
7. ബിസിനെസ്സ് ഇടപാടുകളും നിയമപരമായി കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളും
എല്ലാ സാമ്പത്തിക ഇടപാടുകൾക്കും രേഖയുണ്ടാക്കിയാൽ പല പ്രശ്നങ്ങളും ഒഴിവാക്കാം, അതു ക്രിസ്ത്യാനികൾ തമ്മിലുള്ള ഇടപാടുകളാണെങ്കിൽപ്പോലും. (യിരെമ്യ 32:9-12) എങ്കിലും ക്രിസ്ത്യാനികൾക്കിടയിൽ പണത്തിന്റെ കാര്യത്തിലോ മറ്റു കാര്യങ്ങളിലോ ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. അങ്ങനെ ഉണ്ടായാൽ വളരെ പെട്ടെന്ന്, ഉൾപ്പെട്ടിരിക്കുന്നവർ മാത്രം ചേർന്ന് അതു സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കണം.
പരദൂഷണമോ വഞ്ചനയോ പോലുള്ള ഗുരുതരമായ വിഷയങ്ങളാണെങ്കിലോ? അത് എങ്ങനെ പരിഹരിക്കാം? (മത്തായി 18:15-17 വായിക്കുക.) അതിനുള്ള മൂന്നു പടികളെക്കുറിച്ച് യേശു പറഞ്ഞു:
പ്രശ്നമുണ്ടായവർ തമ്മിൽ അതു പരിഹരിക്കാൻ ശ്രമിക്കുക.—15-ാം വാക്യം കാണുക.
അതു നടക്കുന്നില്ലെങ്കിൽ സഭയിലെ പക്വതയുള്ള ഒന്നോ രണ്ടോ വ്യക്തികളെ കൂട്ടിക്കൊണ്ടുപോകുക.—16-ാം വാക്യം കാണുക.
എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ മാത്രം മൂപ്പന്മാരെ സമീപിക്കുക.—17-ാം വാക്യം കാണുക.
സഹോദരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കോടതിയിൽ പോകാതെതന്നെ പരിഹരിക്കാൻ നമ്മൾ ശ്രമിക്കും. അല്ലെങ്കിൽ യഹോവയെക്കുറിച്ചും സഭയെക്കുറിച്ചും ആളുകൾ മോശമായി ചിന്തിച്ചേക്കാം. (1 കൊരിന്ത്യർ 6:1-8) എന്നാൽ ചില സാഹചര്യങ്ങളിൽ കോടതിയിൽത്തന്നെ പോയി തീർക്കേണ്ട കേസുകളും ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, ജീവനാംശം, ഇൻഷ്വറൻസ് കേസുകൾ, പാപ്പരത്തം, വിൽപ്പത്രം സാധുവാക്കൽ തുടങ്ങിയവ. ഇതുപോലുള്ള കേസുകൾ കോടതിയെ സമീപിച്ച് സമാധാനപരമായി പരിഹരിക്കാൻ ഒരു ക്രിസ്ത്യാനി ശ്രമിക്കുമ്പോൾ അദ്ദേഹം ബൈബിളുപദേശങ്ങൾ ലംഘിക്കുകയല്ല.
ബലാത്സംഗം, കുട്ടികളോടുള്ള ദുഷ്പെരുമാറ്റം, ആക്രമണം, കവർച്ച, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ അധികാരികളെ അറിയിച്ചാലും ഒരു ക്രിസ്ത്യാനി ബൈബിൾ നിയമങ്ങൾ ലംഘിക്കുകയല്ല.
a ബി.സി 455 മുതൽ ബി.സി 1 വരെ, 454 വർഷം. ബി.സി. 1 മുതൽ എ.ഡി. 1 വരെ, ഒരു വർഷം. (അതിനിടയ്ക്ക് 0 എന്ന വർഷം ഇല്ല.) എ.ഡി. 1 മുതൽ എ.ഡി. 29 വരെ, 28 വർഷം. ഇതു മൊത്തം കൂട്ടുമ്പോൾ 483 വർഷം.
b കൂടുതൽ അറിയാൻ 2000 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.