രഹസ്യം 2
മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തരുത്
ബൈബിൾ പഠിപ്പിക്കുന്നത് “ഓരോരുത്തനും താന്താന്റെ പ്രവൃത്തി ശോധനചെയ്യട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽത്തന്നെ അഭിമാനിക്കാൻ വകയുണ്ടാകും.”—ഗലാത്യർ 6:4.
വെല്ലുവിളി മറ്റുള്ളവരുമായി നമ്മെ തട്ടിച്ചുനോക്കാനുള്ള ഒരു ചായ്വ് നമുക്കുണ്ട്. ചിലപ്പോൾ നമ്മെക്കാൾ താണ ജീവിതസാഹചര്യങ്ങളിൽ ഉള്ളവരുമായി, മറ്റു ചിലപ്പോൾ നമ്മെക്കാൾ സമ്പന്നരും കഴിവുള്ളവരുമായ ആളുകളുമായി. രണ്ടും ഗുണം ചെയ്യില്ല. കാരണം, ഒരു വ്യക്തിയുടെ യോഗ്യത അളക്കുന്നത് സ്വത്തിന്റെയോ കഴിവുകളുടെയോ അടിസ്ഥാനത്തിലാണെന്ന മിഥ്യാധാരണ അതു നമ്മിൽ വളർത്തും. കൂടാതെ അസൂയയും മത്സരബുദ്ധിയും നമ്മിൽ ഉടലെടുക്കും.—സഭാപ്രസംഗി 4:4.
നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് ദൈവം നിങ്ങളെ കാണുന്നതുപോലെ സ്വയം വീക്ഷിക്കുക. അവന്റെ വീക്ഷണം അനുസരിച്ചാണ് നിങ്ങൾ നിങ്ങളുടെ മൂല്യം അളക്കേണ്ടത്. “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോa ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) മറ്റുള്ളവരുമായി താരതമ്യം ചെയ്തുകൊണ്ടല്ല യഹോവ നിങ്ങളുടെ മൂല്യം അളക്കുന്നത്. പിന്നെയോ നിങ്ങളുടെ ഹൃദയങ്ങളെ വായിക്കുകയും ചിന്തകളെയും വികാരങ്ങളെയും നിരൂപണങ്ങളെയും പരിശോധിക്കുകയും ചെയ്തുകൊണ്ടാണ്. (എബ്രായർ 4:12, 13) യഹോവ നിങ്ങളുടെ പരിമിതികൾ മനസ്സിലാക്കുന്നു; നിങ്ങളും അതു മനസ്സിലാക്കി പ്രവർത്തിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വന്തം മൂല്യം അളക്കാൻ ശ്രമിച്ചാൽ ഒന്നുകിൽ നാം അഹങ്കാരികളാകും അല്ലെങ്കിൽ അസംതൃപ്തരാകും. അതുകൊണ്ട് എല്ലാ ഉദ്യമങ്ങളിലും മികച്ചുനിൽക്കാനാവില്ലെന്ന സത്യം വിനയപൂർവം അംഗീകരിക്കുക.—സദൃശവാക്യങ്ങൾ 11:2.
അങ്ങനെയെങ്കിൽ ദൈവത്തിന്റെ ദൃഷ്ടിയിൽ മൂല്യമുള്ളവരായിരിക്കാൻ നിങ്ങൾ എന്താണു ചെയ്യേണ്ടത്? മീഖാപ്രവാചകനിലൂടെ ദൈവം ഇങ്ങനെ പറഞ്ഞു: “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതൽപ്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?” (മീഖാ 6:8) ആ ഉപദേശം അനുസരിക്കുന്നെങ്കിൽ ദൈവം നിങ്ങൾക്കായി കരുതും. (1 പത്രോസ് 5:6, 7) സംതൃപ്തരായിരിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം?
[അടിക്കുറിപ്പ്]
a “യഹോവ” എന്നത് ബൈബിളിൽ കാണുന്ന ദൈവനാമമാണ്.
[5-ാം പേജിലെ ചിത്രം]
നമ്മുടെ ഹൃദയവിചാരങ്ങൾ നോക്കിയാണ് യഹോവ നമ്മുടെ മൂല്യം കണക്കാക്കുന്നത്