യഹോവയ്ക്ക് നിങ്ങളെ അറിയാമോ?
“യഹോവ തനിക്കുള്ളവരെ അറിയുന്നു.”—2 തിമൊ. 2:19.
1, 2. (എ) യേശു പ്രാധാന്യം കൊടുത്തത് എന്തിനായിരുന്നു? (ബി) നാം പരിചിന്തിക്കേണ്ട ചില ചോദ്യങ്ങൾ ഏതൊക്കെയാണ്?
ഒരിക്കൽ ഒരു പരീശൻ യേശുവിനോട് ഇങ്ങനെ ചോദിക്കുകയുണ്ടായി: “ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ഏതാണ്?” യേശുവിന്റെ മറുപടി എന്തായിരുന്നു? “നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്നേഹിക്കണം.” (മത്താ. 22:35-37) യേശു തന്റെ സ്വർഗീയപിതാവിനെ അതിയായി സ്നേഹിച്ചിരുന്നു. അതിനു തെളിവു നൽകുന്നതായിരുന്നു അവന്റെ ജീവിതം. മാത്രമല്ല, തന്നെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്നതിന് യേശു വലിയ പ്രാധാന്യം കൊടുത്തു. യേശുവിന്റെ വിശ്വസ്ത ജീവിതഗതി നോക്കിയാൽ അതു മനസ്സിലാകും. അതുകൊണ്ട് മരണത്തിനു തൊട്ടുമുമ്പ് യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവന്റെ സ്നേഹത്തിൽ നിലനിൽക്കുന്നു.”—യോഹ. 15:10.
2 നാം ഉൾപ്പെടെയുള്ള അനേകരും ദൈവത്തെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്നു. എന്നിരുന്നാലും നാം പരിചിന്തിക്കേണ്ട ചില പ്രധാനപ്പെട്ട ചോദ്യങ്ങളുണ്ട്: ‘യഹോവയ്ക്ക് എന്നെ അറിയാമോ? യഹോവ എന്നെ എങ്ങനെയാണു വീക്ഷിക്കുന്നത്? ഞാൻ യഹോവയ്ക്കുള്ളവനാണോ?’ (2 തിമൊ. 2:19) അഖിലാണ്ഡ പരമാധികാരിയുമായി ഒരു ഗാഢബന്ധം ഉണ്ടായിരിക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! എത്ര വലിയൊരു പദവിയാണ് അത്!
3. യഹോവയുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കാനാകും എന്നു വിശ്വസിക്കാൻ ചിലർക്ക് ബുദ്ധിമുട്ട് തോന്നുന്നത് എന്തുകൊണ്ട്, ഇത്തരം ചിന്താഗതി ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും?
3 എന്നിരുന്നാലും യഹോവയെ അതിരറ്റു സ്നേഹിക്കുന്ന ചിലർക്കുപോലും യഹോവയ്ക്ക് തങ്ങളെ അറിയാമെന്നും അവൻ തങ്ങളെ അംഗീകരിക്കുന്നുണ്ടെന്നും വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നു. ദൈവത്തിന്റെ പ്രീതിക്കു പാത്രമാകാൻ തങ്ങൾ അയോഗ്യരാണെന്ന ചിന്തയാണ് മറ്റുചിലർക്ക്. അതുകൊണ്ട് യഹോവയുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കാൻ കഴിയില്ലെന്ന് അവർ വിചാരിക്കുന്നു. എന്നാൽ യഹോവ നമ്മെ വീക്ഷിക്കുന്നത് അപ്രകാരമല്ല എന്നറിയുന്നത് എത്ര ആശ്വാസകരമാണ്! (1 ശമൂ. 16:7) അപ്പൊസ്തലനായ പൗലോസ് സഹവിശ്വാസികളോട് ഇങ്ങനെ പറയുകയുണ്ടായി: “ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ ദൈവം അവനെ അറിഞ്ഞിരിക്കുന്നു.” (1 കൊരി. 8:3) യഹോവയോടുള്ള നിങ്ങളുടെ സ്നേഹമാണ് അവൻ നിങ്ങളെ അറിയുന്നതിനുള്ള ആധാരം. ഒന്നു ചിന്തിച്ചുനോക്കൂ: നിങ്ങൾ ഇപ്പോൾ ഈ മാസിക വായിക്കുന്നത് എന്തുകൊണ്ടാണ്? മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടുംകൂടെ യഹോവയെ സേവിക്കാൻ നിങ്ങൾ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? ഇനി, ദൈവത്തിന് സമർപ്പിച്ചു സ്നാനമേറ്റ ഒരാളാണ് നിങ്ങളെങ്കിൽ ആ പടികൾ സ്വീകരിക്കാൻ നിങ്ങളെ പ്രചോദിപ്പിച്ചത് എന്താണ്? ഹൃദയങ്ങളെ ശോധന ചെയ്യുന്ന യഹോവ ജനതകളിൽനിന്നുള്ള മനോഹരവസ്തുക്കളെ തന്നിലേക്കു ആകർഷിക്കുന്നു എന്ന് ബൈബിൾ പറയുന്നു. (ഹഗ്ഗായി 2:7; യോഹന്നാൻ 6:44 വായിക്കുക.) അതുകൊണ്ട് ഒരു കാര്യത്തിൽ സംശയം വേണ്ടാ, നിങ്ങൾ യഹോവയെ സേവിക്കുന്നത് അവൻ നിങ്ങളെ ആകർഷിച്ചതുകൊണ്ടാണ്. താൻ ആകർഷിച്ചവരെ യഹോവ ഒരിക്കലും ഉപേക്ഷിക്കുകയില്ല; അവർ വിശ്വസ്തരായിരിക്കണം എന്നുമാത്രം. അതെ, യഹോവ അവരെ വിലപ്പെട്ടവരായി വീക്ഷിക്കുന്നു, അവൻ അവരെ അങ്ങേയറ്റം സ്നേഹിക്കുന്നു.—സങ്കീ. 94:14.
4. ദൈവവുമായുള്ള നമ്മുടെ ബന്ധം അമൂല്യമാണെന്ന കാര്യം എല്ലായ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
4 ഒരിക്കൽ യഹോവ നമ്മെ ആകർഷിച്ചാൽ യഹോവയുടെ സ്നേഹത്തിൽ നിലനിൽക്കാൻ നാം പരമാവധി ശ്രമിക്കണം. (യൂദാ 20, 21 വായിക്കുക.) കാരണം, ശ്രദ്ധിച്ചില്ലെങ്കിൽ നാം യഹോവയിൽനിന്ന് അകന്നുപോകാനോ അവനെ വിട്ടുപോകാനോ സാധ്യതയുണ്ടെന്ന് ബൈബിൾ പറയുന്നു. (എബ്രാ. 2:1; 3:12, 13) ഉദാഹരണത്തിന്, 2 തിമൊഥെയൊസ് 2:19-ലെ പ്രസ്താവന നടത്തുന്നതിനു തൊട്ടുമുമ്പ് പൗലോസ് ഹുമനയൊസിനെയും ഫിലേത്തൊസിനെയും കുറിച്ച് പറയുകയുണ്ടായി. സാധ്യതയനുസരിച്ച് ഒരിക്കൽ അവർ യഹോവയ്ക്കുള്ളവർ ആയിരുന്നു. പക്ഷേ പിന്നീട് അവർ സത്യം വിട്ടുപോയി. (2 തിമൊ. 2:16-18) ഗലാത്യസഭകളിലെ ചിലരുടെ കാര്യത്തിലും ഇത് സംഭവിച്ചു. ഒരിക്കൽ യഹോവയുടെ പ്രീതിയുണ്ടായിരുന്ന അവർ പിൽക്കാലത്ത് ആത്മീയ വെളിച്ചത്തിൽ നിലനിൽക്കുന്നതിൽ പരാജയപ്പെട്ടു. (ഗലാ. 4:9) അതുകൊണ്ട് യഹോവയുമായുള്ള നമ്മുടെ അമൂല്യബന്ധത്തെ നമുക്ക് ഒരിക്കലും നിസ്സാരമായി കാണാതിരിക്കാം.
5. (എ) ദൈവം വിലമതിക്കുന്ന ചില ഗുണങ്ങൾ ഏവ? (ബി) ഏതെല്ലാം ദൃഷ്ടാന്തങ്ങൾ നാം പരിചിന്തിക്കുന്നതായിരിക്കും?
5 യഹോവ പ്രത്യേകാൽ വിലമതിക്കുന്ന ചില ഗുണങ്ങളുണ്ട്. (സങ്കീ. 15:1-5; 1 പത്രോ. 3:4) യഹോവയ്ക്കുള്ളവരെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തരാക്കിയ രണ്ടുഗുണങ്ങളാണ് വിശ്വാസവും താഴ്മയും. ഇപ്പോൾ നമുക്ക് രണ്ടുപേരുടെ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാം. യഹോവയുമായി ഒരു അമൂല്യബന്ധം ആസ്വദിക്കാൻ ഈ ഗുണങ്ങൾ അവരെ എങ്ങനെ സഹായിച്ചു എന്നും നോക്കാം. ദൈവത്തിന്റെ അംഗീകാരമുണ്ടെന്നു വിശ്വസിച്ചെങ്കിലും അഹങ്കാരംനിമിത്തം യഹോവ തള്ളിക്കളഞ്ഞ ഒരു വ്യക്തിയെയും നാം പരിചയപ്പെടും. ഈ ദൃഷ്ടാന്തങ്ങളിൽനിന്ന് വിലപ്പെട്ട പല പാഠങ്ങളും നമുക്കു പഠിക്കാനുണ്ട്.
വിശ്വാസികളുടെ പിതാവ്
6. (എ) യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമുണ്ടെന്ന് അബ്രാഹാം എങ്ങനെ പ്രകടമാക്കി? (ബി) ഏതർഥത്തിലാണ് യഹോവ അബ്രാഹാമിനെ അറിഞ്ഞത്?
6 “യഹോവയിൽ വിശ്വസിച്ച” ഒരു വ്യക്തിയായിരുന്നു അബ്രാഹാം. ‘വിശ്വാസത്താൽ നീതീകരണം പ്രാപിച്ച സകലരുടെയും പിതാവ്’ എന്നുപോലും ബൈബിൾ അവനെ വിശേഷിപ്പിക്കുന്നു. (ഉല്പ. 15:6; റോമ. 4:11) സ്വന്തഭവനം, സുഹൃത്തുക്കൾ, സമ്പത്ത് എന്നിവയൊക്കെ ഉപേക്ഷിച്ച് ഒരു ദൂരദേശത്തേക്കു പോകാൻ അബ്രാഹാം മനസ്സുകാണിച്ചത് അവന് ശക്തമായ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ്. (ഉല്പ. 12:1-4; എബ്രാ. 11:8-10) കാലം കടന്നുപോയപ്പോൾ അബ്രാഹാമിന്റെ വിശ്വാസം ദുർബലമായോ? ഇല്ല. വർഷങ്ങൾക്കുശേഷം, യഹോവയുടെ കൽപ്പനപ്രകാരം അവൻ യിസ്ഹാക്കിനെ യാഗം കഴിക്കാൻ തയ്യാറായപ്പോൾ അത് വ്യക്തമായി. (എബ്രാ. 11:17-19) യഹോവയുടെ വാഗ്ദാനങ്ങളിൽ അബ്രാഹാമിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. അത് അവനെ യഹോവയ്ക്ക് പ്രിയങ്കരനാക്കി; അതെ, യഹോവയ്ക്ക് അബ്രാഹാമിനെ അറിയാമായിരുന്നു. (ഉല്പത്തി 18:19 വായിക്കുക.) അബ്രാഹാം എന്നൊരാൾ ജീവിച്ചിരിപ്പുണ്ടെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, ഒരു സ്നേഹിതനെപ്പോലെ യഹോവ അവനെ അടുത്തറിഞ്ഞിരുന്നു.—യാക്കോ. 2:22, 23.
7. യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ച് എന്തു പറയാനാകും, അബ്രാഹാമിനെ ഇത് എങ്ങനെ സ്വാധീനിച്ചു?
7 യഹോവ അബ്രാഹാമിനു വാഗ്ദാനം ചെയ്ത ദേശം അവന്റെ ആയുഷ്കാലത്ത് അവന് ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല തന്റെ സന്തതി “കടല്ക്കരയിലെ മണൽപോലെ” വർധിക്കുമെന്ന വാഗ്ദാനം നിവൃത്തിയേറുന്നതു കാണാനും അവനു കഴിഞ്ഞില്ല. (ഉല്പ. 22:17, 18) എന്നിട്ടും യഹോവയിലുള്ള അബ്രാഹാമിന്റെ വിശ്വാസം ശക്തമായിരുന്നു. യഹോവ ഒരു വാഗ്ദാനം നൽകിയാൽ അതു നിവൃത്തിയേറിയതിനു തുല്യമാണെന്ന് അവന് അറിയാമായിരുന്നു. ആ വിശ്വാസം പ്രതിഫലിപ്പിക്കുന്നതായിരുന്നു അവന്റെ ജീവിതം. (എബ്രായർ 11:13 വായിക്കുക.) അബ്രാഹാമിന്റേതിനു സമാനമായ വിശ്വാസമുള്ള വ്യക്തികളായിട്ടാണോ യഹോവ നമ്മെ കാണുന്നത്?
യഹോവയ്ക്കായി കാത്തിരുന്നുകൊണ്ട് വിശ്വാസം തെളിയിക്കുക
8. പലർക്കും ന്യായമായ എന്തെല്ലാം ആഗ്രഹങ്ങളാണുള്ളത്?
8 ജീവിതത്തിൽ സഫലമായി കാണാൻ നാം ആഗ്രഹിക്കുന്ന പലതുമുണ്ട്. വിവാഹം, കുട്ടികൾ, നല്ല ആരോഗ്യം അങ്ങനെ പലതും. ഈ ആഗ്രഹങ്ങളെല്ലാം സ്വാഭാവികമാണ്, ന്യായവുമാണ്. പക്ഷേ, പലരുടെയും കാര്യത്തിൽ ഇതിൽ ഏതെങ്കിലുമൊക്കെ ആഗ്രഹങ്ങൾ സഫലമാകാതെ പോയേക്കാം. സമാനമായൊരു സാഹചര്യത്തിലാണോ നിങ്ങൾ? എങ്കിൽ, ഈ സാഹചര്യത്തെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണെന്നു തെളിയിക്കും.
9, 10. (എ) ആഗ്രഹങ്ങൾ നേടിയെടുക്കാൻ ചിലർ എന്തു ചെയ്തിരിക്കുന്നു? (ബി) യഹോവയുടെ വാഗ്ദാനങ്ങൾ നിവൃത്തിയേറുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
9 യഹോവയുടെ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഈ ആഗ്രഹങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ബുദ്ധിമോശമായിരിക്കും. അത് യഹോവയുമായുള്ള ഒരുവന്റെ ബന്ധം തകർക്കുകയേ ഉള്ളൂ. ഉദാഹരണത്തിന്, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ചിലർ ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമായ ചികിത്സാരീതികൾ സ്വീകരിച്ചിരിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ സഭായോഗങ്ങളിൽ സംബന്ധിക്കാനോ സാധിക്കാത്തവിധത്തിലുള്ള ജോലി തിരഞ്ഞെടുത്തിരിക്കുന്നവരുമുണ്ട്. ഇനിയും വേറെ ചിലർ അവിശ്വാസികളുമായി പ്രണയബന്ധത്തിലായിരിക്കുന്നു. ഒരു ക്രിസ്ത്യാനി ഈ വിധത്തിൽ പ്രവർത്തിച്ചാൽ യഹോവയുമായി ഒരു നല്ല ബന്ധം ആസ്വദിക്കാനാകുമോ? ഒന്നോർത്തുനോക്കൂ, യഹോവ നൽകിയ വാഗ്ദാനങ്ങൾ തന്റെ ജീവിതകാലത്ത് നിവൃത്തിയേറാതെവന്നപ്പോൾ അബ്രാഹാം അക്ഷമനായിത്തീർന്നിരുന്നെങ്കിൽ യഹോവയ്ക്ക് എന്തു തോന്നുമായിരുന്നു? യഹോവയ്ക്കായി കാത്തിരിക്കുന്നതിനു പകരം തനിക്ക് ഒരു നല്ല പേരുണ്ടാക്കാനോ ഒരിടത്തു സ്ഥിരതാമസമാക്കാനോ അബ്രാഹാം ശ്രമിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? (ഉല്പത്തി 11:4 താരതമ്യം ചെയ്യുക.) അവന് യഹോവയുടെ സ്നേഹിതനായി തുടരാനാകുമായിരുന്നോ?
10 സഫലമായി കാണാൻ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? നിങ്ങളുടെ ന്യായമായ എല്ലാ ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തും എന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നസ്ഥിതിക്ക് അവനായി കാത്തിരിക്കാൻവേണ്ടും ശക്തമായ വിശ്വാസം നിങ്ങൾക്കുണ്ടോ? (സങ്കീ. 145:16) അബ്രാഹാമിന്റെ കാര്യത്തിലെന്നപോലെ, ദൈവത്തിന്റെ ചില വാഗ്ദാനങ്ങൾ നാം ആഗ്രഹിക്കുന്നത്ര പെട്ടെന്ന് നിവൃത്തിയേറിയെന്നു വരില്ല. എങ്കിലും അബ്രാഹാമിന്റേതുപോലുള്ള വിശ്വാസം വളർത്തിയെടുക്കുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുമ്പോൾ യഹോവ അത് വിലമതിക്കും. ആത്യന്തികമായി അത് നമുക്കു വലിയ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യും.—എബ്രാ. 11:6.
താഴ്മയും അഹങ്കാരവും
11. കോരഹ് എന്തെല്ലാം പദവികൾ ആസ്വദിച്ചിട്ടുണ്ടാകാം, അത് എന്ത് സൂചിപ്പിക്കുന്നു?
11 യഹോവയുടെ ക്രമീകരണങ്ങളെയും തീരുമാനങ്ങളെയും മാനിച്ച ഒരു വ്യക്തിയെയും അതിൽ പരാജയപ്പെട്ട മറ്റൊരു വ്യക്തിയെയും കുറിച്ചാണ് നാം അടുത്തതായി പരിചിന്തിക്കുന്നത്. മോശയും കോരഹും. യഹോവ നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നത് അവന്റെ ക്രമീകരണങ്ങളെ നാം എത്രത്തോളം ആദരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഈ ദൃഷ്ടാന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കെഹാത്യ ലേവ്യനായിരുന്ന കോരഹ് വളരെയധികം പദവികൾ ആസ്വദിച്ചിരുന്നു. ഒരുപക്ഷേ, ചെങ്കടൽ വിഭജിച്ച് യഹോവ ഇസ്രായേല്യരെ വിടുവിച്ച സംഭവത്തിന് ദൃക്സാക്ഷിയായിരുന്നിരിക്കാം അവൻ. ഇനി, സീനായ് മലയിങ്കൽ അനുസരണംകെട്ട ഇസ്രായേല്യർക്കെതിരെ ന്യായവിധി നടപ്പാക്കാൻ യഹോവ ഉപയോഗിച്ചവരിൽ കോരഹും ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം. നിയമപെട്ടകം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകേണ്ടിവന്നപ്പോൾ അത് ചുമക്കാനുള്ള പദവിയും അവന് ഉണ്ടായിരുന്നിരിക്കാം. (പുറ. 32:26-29; സംഖ്യാ. 3:30, 31) വർഷങ്ങളോളം അവൻ യഹോവയോട് വിശ്വസ്തനായിരുന്നിരിക്കണം എന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇസ്രായേല്യരിൽ പലരും അവനെ ആദരിച്ചിരുന്നു.
12. അഹങ്കാരം യഹോവയുമായുള്ള കോരഹിന്റെ ബന്ധത്തെ ബാധിച്ചതെങ്ങനെ? (28-ാം പേജിലെ ചിത്രം കാണുക.)
12 എന്നാൽ വാഗ്ദത്ത ദേശത്തേക്കുള്ള ഇസ്രായേൽ ജനതയുടെ യാത്രാമധ്യേ, ജനത്തെ നയിക്കാൻ യഹോവ ഏർപ്പെടുത്തിയ ക്രമീകരണത്തിൽ ചില പിശകുകളുണ്ടെന്ന് കോരഹിനു തോന്നി. അതുകൊണ്ട് ചില ഭേദഗതികൾ വരുത്താൻ അവൻ ശ്രമിച്ചു. ജനത്തിൽ പ്രധാനികളായ 250 പുരുഷന്മാരും അവന്റെ പക്ഷം ചേർന്നു. തങ്ങൾക്കു ദൈവത്തിന്റെ അംഗീകാരമുണ്ടെന്ന ഉറപ്പിലായിരിക്കണം അവർ അതു ചെയ്തത്. അവർ മോശയോടു പറഞ്ഞു: “മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്.” (സംഖ്യാ. 16:1-3) അമിതമായ ആത്മവിശ്വാസവും ധിക്കാരവും ആയിരുന്നു ആ വാക്കുകളിൽ പ്രതിഫലിച്ചത്! മറുപടിയായി മോശ അവരോട് ഇങ്ങനെ പറഞ്ഞു: ‘തനിക്കുള്ളവർ ആരെന്ന് യഹോവ കാണിക്കും.’ (സംഖ്യാപുസ്തകം 16:5 വായിക്കുക.) അതുതന്നെ സംഭവിച്ചു. തൊട്ടടുത്ത ദിവസം ഭൂമി വായ് പിളർന്ന് കോരഹിനെയും അവന്റെ കൂട്ടാളികളെയും വിഴുങ്ങിക്കളഞ്ഞു.—സംഖ്യാ. 16:31-35.
13, 14. ഏതെല്ലാം വിധങ്ങളിലാണ് മോശ താഴ്മ പ്രകടിപ്പിച്ചത്?
13 എന്നാൽ മോശയുടെ കാര്യമെടുക്കുക. “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു” എന്ന് ബൈബിൾ പറയുന്നു. (സംഖ്യാ. 12:3) യഹോവയുടെ മാർഗനിർദേശങ്ങൾ അതേപടി പിൻപറ്റിക്കൊണ്ട് താഴ്മയും എളിമയും ഉള്ളവനാണ് താനെന്ന് മോശ പ്രകടമാക്കി. (പുറ. 7:6; 40:16) യഹോവ കാര്യങ്ങൾ നടപ്പാക്കുന്ന വിധത്തെ എല്ലായ്പോഴും ചോദ്യം ചെയ്യുന്ന ഒരു വ്യക്തിയായിട്ടല്ല ബൈബിൾ മോശയെ വരച്ചുകാട്ടുന്നത്. യഹോവയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ അവൻ അസഹ്യത പ്രകടിപ്പിച്ചതായും ബൈബിളിൽ ഒരിടത്തും നാം കാണുന്നില്ല. ഉദാഹരണത്തിന്, സമാഗമനകൂടാരത്തിന്റെ നിർമാണത്തോടു ബന്ധപ്പെട്ട് മോശയ്ക്കു നിർദേശങ്ങൾ നൽകിയപ്പോൾ, മൂടുശീലകൾക്ക് ഏതു നിറത്തിലുള്ള നൂല് ഉപയോഗിക്കണം, അവയിൽ എത്ര കണ്ണികൾ ഉണ്ടായിരിക്കണം എന്നിങ്ങനെ സൂക്ഷ്മമായ വിശദാംശങ്ങൾപോലും യഹോവ അതിൽ ഉൾപ്പെടുത്തിയതായി വിവരണം പറയുന്നു. (പുറ. 26:1-6) യഹോവയുടെ സംഘടനയിൽ നേതൃത്വം വഹിക്കുന്നവർ ഏതെങ്കിലും കാര്യത്തെക്കുറിച്ച് വിശദമായ നിർദേശങ്ങൾ നൽകുമ്പോൾ ചിലപ്പോഴൊക്കെ നിങ്ങൾക്ക് അസ്വസ്ഥത തോന്നിയേക്കാം എന്നതു ശരിതന്നെ. എന്നാൽ ഒന്നോർക്കുക: യഹോവ പൂർണതയുള്ള ഒരു മേൽവിചാരകനാണ്; തന്റെ ദാസന്മാർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കാൻ മടിയില്ലാത്ത, അവരിൽ വിശ്വാസമർപ്പിക്കുന്ന ഒരു മേൽവിചാരകൻ. എന്നിട്ടും ചില സാഹചര്യങ്ങളിൽ യഹോവ സൂക്ഷ്മമായ വിശദാംശങ്ങൾ നൽകുന്നു. അതിന് തക്ക കാരണവും ഉണ്ടായിരിക്കും. ആകട്ടെ, യഹോവ ഇത്തരത്തിൽ വിശദാംശങ്ങൾ നൽകിയപ്പോൾ മോശ അസ്വസ്ഥനായോ? ഒരിക്കലുമില്ല. യഹോവ തന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുകയാണെന്നോ തന്നെ താഴ്ത്തിക്കെട്ടുകയാണെന്നോ മോശ ചിന്തിച്ചില്ല. മറിച്ച്, ജോലിക്കാർ യഹോവയുടെ നിർദേശങ്ങളെല്ലാം “അങ്ങനെ തന്നേ” പാലിക്കുന്നുവെന്ന് മോശ ഉറപ്പുവരുത്തി. (പുറ. 39:32) താഴ്മയുടെ എത്ര നല്ല മാതൃക! ആ വേല യഹോവയുടേതാണെന്നും അതു നിർവഹിക്കാൻ യഹോവ ഉപയോഗിക്കുന്ന വെറുമൊരു ഉപകരണം മാത്രമാണ് താനെന്നും മോശയ്ക്ക് നന്നായി അറിയാമായിരുന്നു.
14 മോശ താഴ്മയുള്ളവനായിരുന്നു എന്നതിന് തെളിവു നൽകുന്ന മറ്റൊരു സംഭവം നോക്കാം. പരാതിക്കാരായ ഇസ്രായേൽ ജനതയോടുള്ള ബന്ധത്തിലാണ് അതു സംഭവിച്ചത്. ഒരിക്കൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ട മോശ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുന്നതിൽ പരാജയപ്പെട്ടു. മോശ വരുത്തിയ ആ പിഴവിനോട് യഹോവ എങ്ങനെയാണ് പ്രതികരിച്ചത്? വാഗ്ദത്ത ദേശത്തു പ്രവേശിക്കാൻ മോശയെ അനുവദിക്കുകയില്ലെന്ന് യഹോവ അവനോടു പറഞ്ഞു. (സംഖ്യാ. 20:2-12) ഇസ്രായേൽജനത്തിന്റെ പരാതിയും മുറുമുറുപ്പും വർഷങ്ങളോളം സഹിച്ചവരാണ് മോശയും അവന്റെ സഹോദരനായ അഹരോനും എന്നോർക്കണം. എന്നിട്ടിപ്പോൾ ഒരൊറ്റ തെറ്റിന്റെ പേരിൽ മോശയ്ക്കു നഷ്ടമായത് വർഷങ്ങളായി അവൻ മനസ്സിലേറ്റി നടന്ന അവന്റെ ജീവിതാഭിലാഷമാണ്. ആകട്ടെ, മോശയുടെ പ്രതികരണം എന്തായിരുന്നു? മോശയ്ക്ക് നിരാശ തോന്നിക്കാണും എന്നതിൽ സംശയമില്ല. എന്നിട്ടും യഹോവയുടെ തീരുമാനം അവൻ താഴ്മയോടെ സ്വീകരിച്ചു. യഹോവ നീതിയുള്ള ദൈവമാണെന്നും അവന്റെ പക്കൽ നീതികേടില്ലെന്നും മോശയ്ക്ക് അറിയാമായിരുന്നു. (ആവ. 3:25-27; 32:4) ഇന്നു മോശയെപ്പറ്റി ചിന്തിക്കുമ്പോൾ, യഹോവ അറിയുകയും അംഗീകരിക്കുകയും ചെയ്ത ഒരാളുടെ ചിത്രമല്ലേ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവരുന്നത്?—പുറപ്പാടു 33:12, 13 വായിക്കുക.
യഹോവയ്ക്കു കീഴ്പെടുന്നതിന് താഴ്മ അനിവാര്യം
15. കോരഹിന്റെ ധിക്കാരപൂർണമായ ഗതിയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
15 യഹോവ നമ്മെ അംഗീകരിക്കുമോ എന്നത് സഭയിൽ വരുത്തുന്ന പൊരുത്തപ്പെടുത്തലുകളോടും നേതൃത്വം എടുക്കുന്നവർ കൈക്കൊള്ളുന്ന തീരുമാനങ്ങളോടും നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കോരഹിന്റെയും കൂട്ടാളികളുടെയും അമിത ആത്മവിശ്വാസവും അഹങ്കാരവും വിശ്വാസമില്ലായ്മയും യഹോവയിൽനിന്ന് അവരെ അകറ്റിക്കളഞ്ഞു. വൃദ്ധനായ മോശയാണ് ജനത്തിനുവേണ്ടി തീരുമാനങ്ങൾ എടുക്കുന്നതെന്ന് കോരഹ് ധരിച്ചു. എന്നാൽ ജനത്തെ നയിക്കാൻ യഹോവ മോശയെ ഉപയോഗിക്കുകയായിരുന്നു എന്ന സത്യം മനസ്സിലാക്കാൻ പരാജയപ്പെട്ട കോരഹ് മോശയ്ക്കു കീഴ്പെടാൻ വിസമ്മതിച്ചു. കാര്യങ്ങളുടെ വ്യക്തമായ രൂപം ലഭിക്കുന്നതുവരെ അവൻ യഹോവയ്ക്കായി കാത്തിരുന്നെങ്കിൽ അതെത്ര ജ്ഞാനമായിരിക്കുമായിരുന്നു! ഇനി, സാഹചര്യത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടായിരുന്നെങ്കിൽത്തന്നെ യഹോവ അതു ചെയ്യുമായിരുന്നു. അതെ, ധിക്കാരപൂർണമായ ഒരു ഗതി സ്വീകരിച്ചുകൊണ്ട് വിശ്വസ്തസേവനത്തിന്റെ നല്ലൊരു രേഖയാണ് കോരഹ് കളഞ്ഞുകുളിച്ചത്!
16. മോശയുടെ താഴ്മ അനുകരിക്കുന്നത് യഹോവയുടെ അംഗീകാരം ഉള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
16 ഈ വിവരണം ഇന്ന് മൂപ്പന്മാർക്കും സഭയിലെ മറ്റുള്ളവർക്കും ശക്തമായ ഒരു മുന്നറിയിപ്പാണ്. യഹോവയ്ക്കായി കാത്തിരിക്കാനും നേതൃത്വം എടുക്കുന്നവർ നൽകുന്ന നിർദേശങ്ങൾ പിൻപറ്റാനും താഴ്മ കൂടിയേതീരൂ. മോശയെപ്പോലെ താഴ്മയും സൗമ്യതയും ഉള്ളവരാണോ നാം? നേതൃത്വം എടുക്കുന്നവരുടെ സ്ഥാനം അംഗീകരിക്കാനും ലഭിക്കുന്ന നിർദേശങ്ങൾക്ക് മനസ്സോടെ കീഴ്പെടാനും നമുക്കാകുന്നുണ്ടോ? നിരാശയുളവാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ നമുക്കു സാധിക്കുമോ? അപ്രകാരം ചെയ്യുന്നെങ്കിൽ, നമുക്കും യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കും. അതെ, താഴ്മയും കീഴ്പെടലും കാണിക്കുമ്പോൾ യഹോവയുടെ ദൃഷ്ടിയിൽ നാം വിലപ്പെട്ടവരായിരിക്കും.
യഹോവ തനിക്കുള്ളവരെ അറിയുന്നു
17, 18. യഹോവയുടെ അംഗീകാരം ഉള്ളവരായി തുടരാൻ നമ്മെ എന്തു സഹായിക്കും?
17 യഹോവ അടുത്തറിയുകയും അംഗീകരിക്കുകയും ചെയ്തവരുടെ ജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നത് നമുക്കു പ്രയോജനം ചെയ്യും. അബ്രാഹാമും മോശയും അപൂർണരായിരുന്നു; നമ്മെപ്പോലെ തെറ്റുകളും കുറവുകളും ഉള്ളവർ. പക്ഷേ, തനിക്കുള്ളവരായി യഹോവ അവരെ അറിഞ്ഞിരുന്നു. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളും യഹോവയെ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ യഹോവയുടെ അംഗീകാരം നഷ്ടപ്പെടാൻ ഇടയുണ്ടെന്നും കോരഹിന്റെ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട് നാം ഓരോരുത്തരും ഇങ്ങനെ ചോദിക്കുന്നത് ഉചിതമായിരിക്കും: ‘യഹോവ എങ്ങനെയാണ് എന്നെ വീക്ഷിക്കുന്നത്? ഈ ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്ന് എനിക്ക് എന്തു പഠിക്കാനാകും?’
18 തന്നോടു വിശ്വസ്തത പാലിക്കുന്നവരെ യഹോവ തനിക്കുള്ളവരായി വീക്ഷിക്കുന്നു എന്നറിയുന്നത് ആശ്വാസകരമല്ലേ? അതുകൊണ്ട് വിശ്വാസവും താഴ്മയും പോലുള്ള ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിൽ തുടരുക. ആ ഗുണങ്ങൾ യഹോവയ്ക്ക് നിങ്ങളെ പ്രിയങ്കരരാക്കും. യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കുക എന്നുള്ളത് മഹത്തായ ഒരു പദവിയാണെന്നതിൽ തർക്കമില്ല. അത് ഇപ്പോൾത്തന്നെ സംതൃപ്തികരമായ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കും; ഭാവിയിൽ അതിമഹത്തായ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.—സങ്കീ. 37:18.
നിങ്ങൾ ഓർമിക്കുന്നുവോ?
• നിങ്ങൾക്ക് യഹോവയുമായി എങ്ങനെയുള്ള ഒരു ബന്ധം ആസ്വദിക്കാനാകും?
• അബ്രാഹാമിന്റെ വിശ്വാസം നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
• കോരഹിൽനിന്നും മോശയിൽനിന്നും നമുക്ക് എന്തു പഠിക്കാനാകും?
[26-ാം പേജിലെ ചിത്രം]
യഹോവ തന്റെ വാഗ്ദാനങ്ങൾ പൂർണമായി നിവർത്തിക്കും എന്ന് അബ്രാഹാമിനെപ്പോലെ നാം വിശ്വസിക്കുന്നുണ്ടോ?
[28-ാം പേജിലെ ചിത്രം]
നിർദേശങ്ങൾക്കു താഴ്മയോടെ കീഴ്പെടാൻ കോരഹ് തയ്യാറായില്ല
[29-ാം പേജിലെ ചിത്രം]
നിർദേശങ്ങൾക്കു താഴ്മയോടെ കീഴ്പെടുന്ന ഒരാളായിട്ടാണോ യഹോവ നിങ്ങളെ കാണുന്നത്?