ദൈവത്തിന്റെ ന്യായവിധികൾ ദൈവം എപ്പോഴും മതിയായ മുന്നറിയിപ്പു കൊടുക്കുമോ?
കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഒരാൾ പെട്ടെന്ന് ഒരു വലിയ കൊടുങ്കാറ്റ് അടുത്തടുത്ത് വരുന്നെന്നു മനസ്സിലാക്കുന്നു. ധാരാളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്തേക്കാണ് അതിന്റെ വരവ്. ആളുകളെ രക്ഷിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പ്, ആളുകൾക്കു മുന്നറിയിപ്പു കൊടുക്കാൻ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്യുന്നു.
സമാനമായി, യഹോവ ഇന്നു മനുഷ്യർക്ക് ഒരു ‘കൊടുങ്കാറ്റിനെക്കുറിച്ച്’ മുന്നറിയിപ്പു കൊടുക്കുന്നുണ്ട്. ഇത്ര വിനാശകാരിയായ ഒരു കൊടുങ്കാറ്റിനെക്കുറിച്ച് അവർ ഒരു കാലാവസ്ഥാ റിപ്പോർട്ടിലും കേട്ടിരിക്കാൻ ഇടയില്ല. ദൈവം എങ്ങനെയാണ് അതിനെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കുന്നത്? മുന്നറിയിപ്പു നൽകിയിട്ട് ആളുകൾക്കു പ്രതികരിക്കാൻ ദൈവം മതിയായ സമയം കൊടുക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? ഉത്തരം കണ്ടുപിടിക്കാൻ യഹോവ മുൻകാലത്ത് കൊടുത്ത ചില മുന്നറിയിപ്പുകൾ നമുക്കു ചിന്തിക്കാം.
ദൈവം മുൻകാലത്ത് കൊടുത്ത ചില മുന്നറിയിപ്പുകൾ
ബൈബിൾക്കാലങ്ങളിൽ യഹോവ നിരവധി ‘കൊടുങ്കാറ്റുകളെപ്പറ്റി,’ അഥവാ ന്യായവിധികളെപ്പറ്റി, മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്. തന്റെ കല്പനകൾ മനഃപൂർവം ലംഘിക്കുന്നവർക്ക് എതിരെയായിരുന്നു ആ ന്യായവിധികൾ. (സുഭാ. 10:25; യിരെ. 30:23) ഓരോ സന്ദർഭത്തിലും അനുസരണംകെട്ട ആളുകൾക്കു ദൈവം നേരത്തേതന്നെ മുന്നറിയിപ്പു കൊടുത്തു. തന്റെ ഇഷ്ടത്തിനു ചേർച്ചയിൽ മാറ്റങ്ങൾ വരുത്താൻ നിർദേശങ്ങളും കൊടുത്തു. (2 രാജാ. 17:12-15; നെഹ. 9:29, 30) മാറ്റം വരുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തിരമായി പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനും ദൈവം പലപ്പോഴും ഭൂമിയിലെ തന്റെ വിശ്വസ്തദാസന്മാരെ ഉപയോഗിച്ചിട്ടുണ്ട്.—ആമോ. 3:7.
അങ്ങനെയുള്ള ഒരു വിശ്വസ്തദാസനായിരുന്നു നോഹ. തന്റെ കാലത്തെ അസാന്മാർഗികളായ, അക്രമാസക്തരായ ആളുകൾക്കു നോഹ വരാൻപോകുന്ന ആഗോള ജലപ്രളയത്തെക്കുറിച്ച് ധൈര്യത്തോടെ മുന്നറിയിപ്പു കൊടുത്തു, അതും അനേകവർഷങ്ങൾ. (ഉൽപ. 6:9-13, 17) രക്ഷപ്പെടാൻ എന്തു ചെയ്യണമെന്നും നോഹ അവരോടു പറഞ്ഞു. ഒന്നു ചിന്തിക്കുക: നോഹയെ ‘നീതിയുടെ പ്രഘോഷകൻ’ എന്നു ബൈബിളിൽ വിളിച്ചിരിക്കുന്നു. നോഹ എത്രമാത്രം സമയം അതിനുവേണ്ടി ചെലവഴിച്ചുകാണും!—2 പത്രോ. 2:5, ഓശാന.
നോഹ അത്രയെല്ലാം ശ്രമിച്ചിട്ടും, ദൈവം നോഹയിലൂടെ നൽകിയ സന്ദേശത്തിന് അക്കാലത്തെ ആളുകൾ ഒരു ശ്രദ്ധയും കൊടുത്തില്ല. തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്ന് അവർ തെളിയിച്ചു. അതിന്റെ ഫലമായി, ‘ജലപ്രളയം വന്ന് എല്ലാവരെയും തുടച്ചുനീക്കിയപ്പോൾ’ അവരെല്ലാം നശിച്ചുപോയി. (മത്താ. 24:39; എബ്രാ. 11:7) മരണത്തെ മുഖാമുഖം കണ്ട സമയത്ത്, ദൈവം തങ്ങൾക്കു മതിയായ മുന്നറിയിപ്പു നൽകിയില്ലെന്നു പറയാൻ അവർക്കു കഴിയില്ലായിരുന്നു.
മറ്റു ചില അവസരങ്ങളിൽ, തന്റെ ന്യായവിധിയുടെ ‘കൊടുങ്കാറ്റ്’ ആരംഭിക്കുന്നതിനു കുറച്ച് സമയം മുമ്പ് യഹോവ വ്യക്തികൾക്കു മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്. അപ്പോൾപ്പോലും, ആളുകൾക്കു മാറ്റം വരുത്താൻ ആവശ്യത്തിനു സമയമുണ്ടെന്നു ദൈവം ഉറപ്പുവരുത്തി. ഉദാഹരണത്തിന്, ഈജിപ്തുകാരുടെ മേൽ പത്തു ബാധകൾ വരുത്തിയപ്പോൾ യഹോവ മുന്നറിയിപ്പുകൾ നൽകി. ഏഴാമത്തെ ബാധയെക്കുറിച്ച് ചിന്തിക്കുക. വിനാശകാരിയായ ആലിപ്പഴവർഷമായിരുന്നു ആ ബാധ. അതെപ്പറ്റി ഫറവോനും ദാസർക്കും മുന്നറിയിപ്പു കൊടുക്കാൻ യഹോവ മോശയെയും അഹരോനെയും അയച്ചു. പക്ഷേ തൊട്ടടുത്ത ദിവസം ആലിപ്പഴം പെയ്യാൻ തുടങ്ങുമായിരുന്നു. അതുകൊണ്ട് നമ്മൾ ചിന്തിച്ചേക്കാം: ഒരു അഭയസ്ഥാനം കണ്ടുപിടിക്കാനും കൊടുങ്കാറ്റിൽനിന്ന് രക്ഷപ്പെടാനും ദൈവം മതിയായ സമയം കൊടുത്തോ? ബൈബിൾ പറയുന്നു: “ഫറവോന്റെ ദാസരിൽ യഹോവയുടെ വാക്കുകളെ ഭയപ്പെട്ടവരെല്ലാം അവരുടെ ദാസരെയും മൃഗങ്ങളെയും വേഗം വീടുകളിലെത്തിച്ചു. എന്നാൽ യഹോവയുടെ വാക്കുകൾ കാര്യമായെടുക്കാതിരുന്നവർ അവരുടെ ദാസരെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടു.” (പുറ. 9:18-21) യഹോവ മതിയായ മുന്നറിയിപ്പു കൊടുത്തു എന്നതിൽ സംശയമില്ല. പെട്ടെന്നു പ്രതികരിച്ചവർക്ക് ആ ബാധയുടെ കെടുതികളിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു.
പത്താമത്തെ ബാധയ്ക്കു മുമ്പും ഫറവോനും ദാസർക്കും മുന്നറിയിപ്പു കിട്ടിയിരുന്നു. എന്നാൽ അവർ ബുദ്ധിശൂന്യമായി ആ മുന്നറിയിപ്പു തള്ളിക്കളഞ്ഞു. (പുറ. 4:22, 23) ഫലമോ? തങ്ങളുടെ ആദ്യജാതന്മാർ മരിച്ചുവീഴുന്നത് അവർക്കു കാണേണ്ടിവന്നു. എന്തൊരു ദുരന്തം! (പുറ. 11:4-10; 12:29) മുന്നറിയിപ്പ് അനുസരിച്ച് പ്രവർത്തിക്കാൻ അവർക്ക് ആവശ്യത്തിനു സമയം കിട്ടിയിരുന്നോ? തീർച്ചയായും. വരാൻപോകുന്ന പത്താമത്തെ ബാധയെക്കുറിച്ച് മോശ പെട്ടെന്നുതന്നെ ഇസ്രായേല്യർക്കു മുന്നറിയിപ്പു കൊടുത്തിരുന്നു. കുടുംബങ്ങളുടെ രക്ഷയ്ക്കുവേണ്ടി അവർ ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞുകൊടുത്തു. (പുറ. 12:21-28) എത്ര പേർ ആ മുന്നറിയിപ്പ് ശ്രദ്ധിച്ചു? ചില കണക്കുകൾ അനുസരിച്ച് 30 ലക്ഷത്തിൽ കൂടുതൽ ആളുകൾ ദൈവത്തിന്റെ ന്യായവിധിയിൽനിന്ന് ഒഴിവാകുകയും ഈജിപ്ത് വിട്ടുപോകുകയും ചെയ്തു. അതിൽ ഇസ്രായേല്യർ മാത്രമല്ല, ഇസ്രായേല്യരല്ലാത്തവരും ഈജിപ്തുകാരും അടങ്ങിയ “ഒരു വലിയ സമ്മിശ്രപുരുഷാരവും” ഉണ്ടായിരുന്നു.—പുറ. 12:38, അടിക്കുറിപ്പ്.
ഈ ഉദാഹരണങ്ങൾ കാണിക്കുന്നതുപോലെ, തന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ ആളുകൾക്കു മതിയായ സമയം ലഭിക്കുന്നുണ്ടെന്ന് എല്ലായ്പോഴും യഹോവ ഉറപ്പു വരുത്തിയിരുന്നു. (ആവ. 32:4) എന്തിനാണു ദൈവം ഇങ്ങനെ ചെയ്തത്? “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ” യഹോവ ആഗ്രഹിക്കുന്നെന്നു പത്രോസ് അപ്പോസ്തലൻ വിശദീകരിക്കുന്നു. (2 പത്രോ. 3:9) ദൈവത്തിന് ആളുകളെക്കുറിച്ച് ചിന്തയുണ്ടായിരുന്നു എന്നല്ലേ ഇതു കാണിക്കുന്നത്? തന്റെ ന്യായവിധി വരുന്നതിനു മുമ്പ് ആളുകൾ ആവശ്യമായ മാറ്റങ്ങൾ വരുത്തി മാനസാന്തരപ്പെടാൻ ദൈവം ആഗ്രഹിച്ചു.—യശ. 48:17, 18; റോമ. 2:4.
ദൈവത്തിന്റെ മുന്നറിയിപ്പ് ഇക്കാലത്ത്
ഇന്നും ലോകവ്യാപകമായി ഒരു അടിയന്തിരസന്ദേശം അറിയിക്കുന്നുണ്ട്. ആളുകൾ അതിനു ചെവി കൊടുക്കണം. ഒരു ‘മഹാകഷ്ടതയുടെ’ സമയത്ത് ഇന്നത്തെ വ്യവസ്ഥിതി നശിപ്പിക്കപ്പെടുമെന്നു ഭൂമിയിലായിരുന്നപ്പോൾ യേശു മുന്നറിയിപ്പു നൽകിയിരുന്നു. (മത്താ. 24:21) ഭാവിയിലെ ന്യായവിധിയെക്കുറിച്ച് പറഞ്ഞപ്പോൾ യേശു വിശദമായ ഒരു പ്രവചനംതന്നെ നടത്തി. ആ സമയം അടുത്തടുത്ത് വരുമ്പോൾ തന്റെ അനുഗാമികൾ എന്തെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുമെന്നു യേശു വിശദീകരിച്ചു. ലോകമെങ്ങും നടക്കാൻപോകുന്ന വലിയ സംഭവങ്ങളെക്കുറിച്ച് യേശു എടുത്തുപറഞ്ഞു. അതാണു നമ്മൾ ഇന്നു കണ്ടുകൊണ്ടിരിക്കുന്നതും.—മത്താ. 24:3-12; ലൂക്കോ. 21:10-13.
ആ പ്രവചനത്തിനു ചേർച്ചയിൽ തന്നെ സേവിക്കാനും അനുസരിക്കാനും യഹോവ ഇന്ന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. അനുസരണമുള്ള മനുഷ്യർ ഇപ്പോൾത്തന്നെ മെച്ചപ്പെട്ട ഒരു ജീവിതവും നീതിയുള്ള തന്റെ പുതിയ ലോകത്തിലെ അനുഗ്രഹങ്ങളും ആസ്വദിക്കണമെന്നാണ് യഹോവയുടെ ആഗ്രഹം. (2 പത്രോ. 3:13) തന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമുണ്ടായിരിക്കാൻ ആളുകളെ സഹായിക്കാനും യഹോവ ആഗ്രഹിക്കുന്നു. അതിനായി ജീവരക്ഷാകരമായ ഒരു സന്ദേശവും നൽകിയിട്ടുണ്ട്. “എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും” എന്നു യേശു മുൻകൂട്ടിപ്പറഞ്ഞ ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്തയാണ്’ അത്. (മത്താ. 24:14) ഈ ‘സാക്ഷ്യം,’ അഥവാ ദൈവികസന്ദേശം, അറിയിക്കുന്നതിന് ഏതാണ്ട് 240 ദേശങ്ങളിലായി ദൈവം തന്റെ യഥാർഥ ആരാധകരെ ഉപയോഗിക്കുന്നു. പരമാവധി ആളുകൾ തന്റെ മുന്നറിയിപ്പിനു ശ്രദ്ധ കൊടുക്കാനും നീതിയുള്ള തന്റെ ന്യായവിധിയുടെ ‘കൊടുങ്കാറ്റിൽനിന്ന്’ രക്ഷ നേടാനും യഹോവ ആഗ്രഹിക്കുന്നു.—സെഫ. 1:14, 15; 2:2, 3.
അതുകൊണ്ട്, തന്റെ മുന്നറിയിപ്പുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ യഹോവ ആളുകൾക്ക് ആവശ്യത്തിനു സമയം കൊടുക്കുമോ ഇല്ലയോ എന്നതല്ല ചോദ്യം. ദൈവം എപ്പോഴും അതു ചെയ്യുമെന്നതിനു തെളിവുകളുണ്ട്. എന്നാൽ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ ആളുകൾ ദൈവത്തിന്റെ മുന്നറിയിപ്പു ശ്രദ്ധിക്കുമോ എന്നതാണു ചോദ്യം. ദൈവത്തിന്റെ സന്ദേശവാഹകരെന്ന നിലയിൽ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നതിനു പരമാവധി ആളുകളെ സഹായിക്കാൻ തുടർന്നും നമുക്കു ശ്രമിക്കാം.