ദൈവത്തിന് ഒരു പേരുണ്ടോ?
ബൈബിളിന്റെ ഉത്തരം
എല്ലാ ആളുകൾക്കും പേരുണ്ട്. അങ്ങനെയെങ്കിൽ, ന്യായമായും ദൈവത്തിന് ഒരു പേരുണ്ടായിരിക്കേണ്ടതല്ലേ? പേര് അറിയുന്നതും ഉപയോഗിക്കുന്നതും സുഹൃദ്ബന്ധങ്ങൾക്ക് അനിവാര്യമാണ്. ദൈവത്തോടുള്ള നമ്മുടെ സൗഹൃദത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ ആയിരിക്കേണ്ടതല്ലേ?
“യഹോവ! അതാണ് എന്റെ പേര്,” എന്നാണ് ബൈബിളിൽ ദൈവം പറഞ്ഞിരിക്കുന്നത്. (യശയ്യ 42:8) ‘സർവശക്തനായ ദൈവം,’ ‘പരമാധികാരിയായ കർത്താവ്’, ‘സ്രഷ്ടാവ്’ എന്നീ സ്ഥാനപ്പേരുകൾ യഹോവയ്ക്ക് ഉണ്ടെങ്കിലും തന്റെ പേര് വിളിച്ചപേക്ഷിക്കുന്ന ആരാധകരെ യഹോവ ബഹുമാനിക്കുന്നു.—ഉൽപത്തി 17:1; പ്രവൃത്തികൾ 4:24; 1 പത്രോസ് 4:19.
പല ബൈബിൾപരിഭാഷകളിലും പുറപ്പാട് 6:3-ൽ ദൈവത്തിന്റെ പേര് കാണാം. അവിടെ പറയുന്നു: “ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വെളിപ്പെടുത്തിയില്ലെങ്കിലും സർവശക്തനായ ദൈവമായി ഞാൻ അവർക്കു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.”
വർഷങ്ങളായി ദൈവത്തിന്റെ പേര് യഹോവ എന്നാണ് മലയാളത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മിക്ക പണ്ഡിതന്മാരും “യാഹ്വേ” എന്ന് ഉച്ചരിക്കണമെന്നു പറയുന്നുണ്ടെങ്കിലും വിപുലമായി ഉപയോഗിക്കുന്നത് യഹോവ എന്ന ഉച്ചാരണമാണ്. ബൈബിളിന്റെ ആദ്യഭാഗം എഴുതപ്പെട്ടത് എബ്രായഭാഷയിലായിരുന്നു. എബ്രായഭാഷ വലത്തുനിന്ന് ഇടത്തോട്ടാണ് വായിക്കുന്നത്. ആ ഭാഷയിൽ ദൈവത്തിന്റെ പേര് നാലു വ്യഞ്ജനാക്ഷരങ്ങൾ ( יהוה) ഉപയോഗിച്ചാണ് എഴുതിയിരുന്നത്. YHWH എന്നു ലിപി മാറ്റി എഴുതിയിരിക്കുന്ന ആ നാലു എബ്രായ അക്ഷരങ്ങൾ, ചതുരക്ഷരി എന്നാണ് അറിയപ്പെടുന്നത്.