ഗർഭച്ഛിദ്രത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ബൈബിളിന്റെ ഉത്തരം
ഒരു ഗർഭസ്ഥശിശുവിനെ നശിപ്പിക്കുക എന്ന അർഥത്തിൽ “ഗർഭച്ഛിദ്രം” എന്ന പദം ബൈബിളിൽ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഗർഭസ്ഥശിശു ഉൾപ്പെടെയുള്ള മനുഷ്യജീവനെ ദൈവം എങ്ങനെ കാണുന്നെന്നു ബൈബിളിൽനിന്ന് മനസ്സിലാക്കാം.
ജീവൻ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. (ഉൽപത്തി 9:6; സങ്കീർത്തനം 36:9) ഗർഭസ്ഥശിശു ഉൾപ്പെടെയുള്ള എല്ലാ മനുഷ്യജീവനെയും ദൈവം വളരെ അമൂല്യമായി കാണുന്നു. അതുകൊണ്ട് മനഃപൂർവ്വം ഒരു വ്യക്തി ഗർഭസ്ഥശിശുവിനെ കൊന്നാൽ ദൈവം അതിനെ കൊലപാതകമായാണു കാണുന്നത്.
ഇസ്രായേല്യർക്കു ദൈവം കൊടുത്ത നിയമത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നതു കാണാം. “മനുഷ്യർ തമ്മിലുണ്ടായ മല്പിടിത്തത്തിനിടെ, ഗർഭിണിയായ ഒരു സ്ത്രീക്കു ക്ഷതമേറ്റിട്ട് അവൾ മാസം തികയാതെ പ്രസവിച്ചതല്ലാതെ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെങ്കിൽ സ്ത്രീയുടെ ഭർത്താവ് ചുമത്തുന്ന നഷ്ടപരിഹാരം കുറ്റക്കാരൻ കൊടുക്കണം. ന്യായാധിപന്മാർ മുഖേന വേണം അയാൾ അതു കൊടുക്കാൻ. എന്നാൽ ജീവഹാനി സംഭവിച്ചെങ്കിൽ നീ ജീവനു പകരം ജീവൻ കൊടുക്കണം.”—പുറപ്പാട് 21:22, 23.a
ജീവൻ നാമ്പിടുന്നത് എപ്പോൾ?
എപ്പോഴാണ് ഒരു സ്ത്രീയുടെ വയറ്റിൽ ജീവൻ നാമ്പിടുന്നത്? അവൾ ഗർഭിണിയാകുന്ന സമയത്ത്. ഗർഭാവസ്ഥയിലുള്ള ഒരു കുഞ്ഞിനെ ഒരു വ്യക്തിയായിട്ടാണു ദൈവം കാണുന്നതെന്നു ബൈബിൾ പറയുന്നു. ഗർഭസ്ഥശിശുവിന്റെ ജീവനെയും പിറന്നുവീണ ഒരു കുഞ്ഞിന്റെ ജീവനെയും ദൈവം വേർതിരിച്ച് കാണുന്നില്ല എന്നതിനുള്ള ചില ഉദാഹരണങ്ങൾ നോക്കാം.
ദൈവത്താൽ പ്രചോദിതനായി ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: “ഞാൻ വെറുമൊരു ഭ്രൂണമായിരുന്നപ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു.” (സങ്കീർത്തനം 139:16) ഒരു ശിശുവായി ജനിക്കുന്നതിനു മുമ്പേ ദൈവം ദാവീദിനെ ഒരു വ്യക്തിയായി കണ്ടു.
പ്രവാചകനായ യിരെമ്യ ജനിക്കുന്നതിനു മുമ്പേ അദ്ദേഹത്തിനുവേണ്ടി ഒരു പ്രത്യേകദൗത്യം ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നു. ദൈവം യിരെമ്യയോടു പറഞ്ഞു: “ഗർഭപാത്രത്തിൽ നിന്നെ രൂപപ്പെടുത്തുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു. നീ ജനിക്കുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ഞാൻ നിന്നെ ജനതകൾക്കു പ്രവാചകനാക്കി.”—യിരെമ്യ 1:5.
അജാതശിശുവിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന അതെ ഗ്രീക്കുപദം തന്നെയാണു ജനിച്ച കുഞ്ഞിനെ കുറിക്കാനും ബൈബിളെഴുത്തുകാരനും വൈദ്യനും ആയ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നത്. —ലൂക്കോസ് 1:41; 2:12, 16.
ഗർഭച്ഛിദ്രം നടത്തിയവരോടു ദൈവം ക്ഷമിക്കുമോ?
ഗർഭച്ഛിദ്രം നടത്തിയവർക്കും ദൈവത്തിന്റെ ക്ഷമ നേടാൻ കഴിയും. ജീവൻ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം അംഗീകരിക്കുന്നവർക്കു കുറ്റബോധംകൊണ്ട് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. “യഹോവb കരുണാമയനും അനുകമ്പയുള്ളവനും. . . . സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.” (സങ്കീർത്തനം 103:8-12) ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള എല്ലാ പാപങ്ങളെക്കുറിച്ചും ആത്മാർഥമായി പശ്ചാത്തപിക്കുന്നവരോടു യഹോവ ക്ഷമിക്കും.—സങ്കീർത്തനം 86:5.
അമ്മയുടെയോ കുഞ്ഞിന്റെയോ ജീവൻ അപകടത്തിലാണെങ്കിൽ ഗർഭച്ഛിദ്രം നടത്താമോ?
അജാതശിശുവിന്റെ ജീവനെ ദൈവം എങ്ങനെ കാണുന്നെന്നു ബൈബിളിൽനിന്ന് മനസ്സിലാക്കാം. എന്നാൽ അമ്മയുടെയോ കുഞ്ഞിന്റെയോ ജീവൻ അപകടത്തിലാണ് എന്ന വാദം ഗർഭച്ഛിദ്രത്തിന് ഒരു ന്യായീകരണമല്ല.
ഒരു കുഞ്ഞിന്റെ ജനനസമയത്ത് അമ്മയുടെ ജീവനാണോ കുഞ്ഞിന്റെ ജീവനാണോ വേണ്ടത് എന്നു തീരുമാനിക്കേണ്ട വളരെ വിരളമായ ഒരു സാഹചര്യം വരുന്നെങ്കിലോ? അത്തരം സന്ദർഭങ്ങളിൽ, അതിൽ ഉൾപ്പെട്ടിരിക്കുന്നവരാണു ആരുടെ ജീവൻ രക്ഷിക്കണമെന്നു തീരുമാനിക്കേണ്ടത്.
a കുഞ്ഞിന്റെ ജീവനെക്കാൾ അമ്മയുടെ ജീവനു പ്രാധാന്യമുണ്ട് എന്നു വരുന്ന വിധത്തിലാണു ചിലർ ഇസ്രായേല്യർക്കുള്ള ഈ നിയമം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എബ്രായപാഠത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാകുന്ന സംഭവത്തെക്കുറിച്ചാണു പറയുന്നത്.
b ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.