രാജാക്കന്മാർ രണ്ടാം ഭാഗം
8 താൻ ജീവനിലേക്കു തിരികെ കൊണ്ടുവന്ന കുട്ടിയുടെ+ അമ്മയോട് എലീശ പറഞ്ഞു: “നീയും നിന്റെ വീട്ടിലുള്ളവരും മറ്റ് എവിടെയെങ്കിലും പോയി പ്രവാസികളായി* താമസിക്കുക. കാരണം ഈ ദേശത്ത് ഒരു ക്ഷാമം ഉണ്ടാകുമെന്ന് യഹോവ പ്രഖ്യാപിച്ചിരിക്കുന്നു.+ അത് ഏഴു വർഷം നീണ്ടുനിൽക്കും.” 2 ആ സ്ത്രീ ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു. സ്ത്രീയും വീട്ടിലുള്ളവരും ഫെലിസ്ത്യരുടെ ദേശത്ത്+ ചെന്ന് ഏഴു വർഷം താമസിച്ചു.
3 ഏഴു വർഷം കഴിഞ്ഞപ്പോൾ സ്ത്രീ ഫെലിസ്ത്യദേശത്തുനിന്ന് മടങ്ങിവന്നു. വീടും സ്ഥലവും തിരികെ ലഭിക്കാൻവേണ്ടി സ്ത്രീ രാജാവിന്റെ അടുത്ത് ചെന്ന് അപേക്ഷിച്ചു. 4 രാജാവ് ആ സമയത്ത് ദൈവപുരുഷന്റെ ദാസനായ ഗേഹസിയുമായി സംസാരിച്ചിരിക്കുകയായിരുന്നു. രാജാവ് അയാളോട്, “എലീശ ചെയ്ത മഹാകാര്യങ്ങളെല്ലാം+ എന്നോടു പറയുക” എന്നു പറഞ്ഞു. 5 മരിച്ച കുട്ടിയെ എലീശ തിരികെ ജീവനിലേക്കു കൊണ്ടുവന്നതിനെക്കുറിച്ച്+ ഗേഹസി രാജാവിനോടു വിവരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ കുട്ടിയുടെ അമ്മ സ്വന്തം വീടും സ്ഥലവും തിരിച്ചുകിട്ടാൻ+ അപേക്ഷയുമായി രാജാവിന്റെ അടുത്ത് എത്തിയത്. അപ്പോൾ ഗേഹസി പറഞ്ഞു: “യജമാനനായ രാജാവേ, ഇതാണ് ആ സ്ത്രീ. ഇതാണ് അവരുടെ മകൻ. ഇവനെയാണ് എലീശ ജീവനിലേക്കു കൊണ്ടുവന്നത്.” 6 രാജാവ് അതെക്കുറിച്ച് ചോദിച്ചപ്പോൾ സ്ത്രീ സംഭവിച്ചതെല്ലാം വിവരിച്ചു. പിന്നെ രാജാവ് ആ സ്ത്രീക്കുവേണ്ടി ഒരു കൊട്ടാരോദ്യോഗസ്ഥനെ നിയമിച്ച് അയാളോടു പറഞ്ഞു: “ഈ സ്ത്രീക്ക് അവകാശപ്പെട്ടതെല്ലാം തിരികെ കൊടുക്കുക. ഇവൾ ഇവിടെനിന്ന് പോയ ദിവസംമുതൽ ഇന്നുവരെ ആ സ്ഥലത്തുനിന്നുള്ള ആദായവും ഇവൾക്കു കൊടുക്കണം.”
7 പിന്നെ എലീശ ദമസ്കൊസിലേക്കു+ പോയി. സിറിയയിലെ രാജാവായ ബൻ-ഹദദ്+ അസുഖം പിടിച്ച് കിടപ്പിലായിരുന്നു. “ദൈവപുരുഷൻ+ ഇവിടെ വന്നിട്ടുണ്ട്” എന്ന് അയാൾക്കു വിവരം കിട്ടി. 8 അപ്പോൾ രാജാവ് ഹസായേലിനോടു+ പറഞ്ഞു: “നീ ഒരു സമ്മാനവുമായി ചെന്ന് ദൈവപുരുഷനെ കാണണം.+ ‘എന്റെ ഈ അസുഖം ഭേദമാകുമോ’ എന്ന് അദ്ദേഹത്തിലൂടെ യഹോവയോടു ചോദിക്കുക.” 9 അങ്ങനെ, സമ്മാനമായി ദമസ്കൊസിലെ എല്ലാ തരം വിശേഷവസ്തുക്കളും 40 ഒട്ടകങ്ങളുടെ പുറത്ത് കയറ്റി ഹസായേൽ എലീശയെ കാണാൻ പുറപ്പെട്ടു. അയാൾ ദൈവപുരുഷന്റെ മുന്നിൽ ചെന്ന് ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ മകനായ സിറിയയിലെ രാജാവ് ബൻ-ഹദദ്, ‘എന്റെ ഈ അസുഖം ഭേദമാകുമോ’ എന്ന് അങ്ങയോടു ചോദിക്കുന്നു.” 10 എലീശ ഹസായേലിനോടു പറഞ്ഞു: “‘തീർച്ചയായും ഭേദമാകും’ എന്ന് അയാളോടു പോയി പറയുക. എന്നാൽ അയാൾ മരിച്ചുപോകുമെന്ന്+ യഹോവ എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.” 11 അയാൾക്ക് അസ്വസ്ഥത തോന്നുവോളം അദ്ദേഹം അയാളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. പിന്നെ ദൈവപുരുഷൻ കരയാൻതുടങ്ങി. 12 “യജമാനൻ കരയുന്നത് എന്തിനാണ്” എന്നു ഹസായേൽ ചോദിച്ചു. അപ്പോൾ ദൈവപുരുഷൻ പറഞ്ഞു: “നീ ഇസ്രായേൽ ജനത്തോടു ചെയ്യാൻപോകുന്ന ദ്രോഹം+ എനിക്ക് അറിയാം. നീ അവരുടെ കോട്ടകൾക്കു തീയിടുകയും അവരുടെ വീരന്മാരെ വാളുകൊണ്ട് കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ച് ചിതറിക്കുകയും അവരുടെ ഗർഭിണികളെ പിളർക്കുകയും ചെയ്യും.”+ 13 അപ്പോൾ ഹസായേൽ പറഞ്ഞു: “ഒരു നായയെപ്പോലെ നിസ്സാരനായ ഈ ദാസൻ അങ്ങനെയൊക്കെ ചെയ്യുമോ?” പക്ഷേ എലീശ പറഞ്ഞു: “നീ സിറിയയുടെ രാജാവാകുമെന്ന്+ യഹോവ എനിക്കു കാണിച്ചുതന്നിരിക്കുന്നു.”
14 പിന്നെ ഹസായേൽ എലീശയുടെ അടുത്തുനിന്ന് യജമാനന്റെ അടുത്തേക്കു പോയി. രാജാവ് അയാളോട്, “എലീശ എന്തു പറഞ്ഞു” എന്നു ചോദിച്ചു. “അങ്ങയുടെ അസുഖം മാറുമെന്നാണ് എലീശ പറഞ്ഞത്”+ എന്ന് അയാൾ മറുപടി പറഞ്ഞു. 15 എന്നാൽ പിറ്റേന്നു ഹസായേൽ ഒരു പുതപ്പ് എടുത്ത് വെള്ളത്തിൽ മുക്കി രാജാവിന്റെ മുഖത്ത് അമർത്തിപ്പിടിച്ചു;* രാജാവ് മരിച്ചു.+ അങ്ങനെ ഹസായേൽ അടുത്ത രാജാവായി.+
16 ഇസ്രായേൽരാജാവായ ആഹാബിന്റെ മകനായ യഹോരാമിന്റെ ഭരണത്തിന്റെ+ അഞ്ചാം വർഷം, യഹോശാഫാത്ത് യഹൂദയുടെ രാജാവായിരിക്കുമ്പോൾ യഹൂദാരാജാവായ യഹോശാഫാത്തിന്റെ മകൻ യഹോരാം രാജാവായി.+ 17 രാജാവാകുമ്പോൾ യഹോരാമിന് 32 വയസ്സായിരുന്നു. യഹോരാം എട്ടു വർഷം യരുശലേമിൽ ഭരിച്ചു. 18 യഹോരാം ആഹാബിന്റെ ഭവനത്തിലുള്ളവരെപ്പോലെ+ ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ കാരണം ആഹാബിന്റെ മകളെയാണ് യഹോരാം വിവാഹം കഴിച്ചിരുന്നത്.+ യഹോരാം യഹോവയുടെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്തു.+ 19 എന്നാൽ തന്റെ ദാസനായ ദാവീദിനെ ഓർത്തപ്പോൾ യഹൂദയെ നശിപ്പിക്കാൻ+ യഹോവയ്ക്കു മനസ്സുവന്നില്ല. ദാവീദിനും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്കു നൽകുമെന്നു+ ദൈവം ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നു.
20 യഹോരാമിന്റെ ഭരണകാലത്ത് ഏദോം യഹൂദയെ എതിർത്ത്+ സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.+ 21 അപ്പോൾ യഹോരാം അയാളുടെ എല്ലാ രഥങ്ങളുമായി സായിരിലേക്കു ചെന്നു. യഹോരാം രാത്രി എഴുന്നേറ്റ് തന്നെയും രഥനായകന്മാരെയും വളഞ്ഞിരുന്ന ഏദോമ്യരെ തോൽപ്പിച്ചു; സൈനികർ അവരുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി. 22 എന്നാൽ ഏദോം തുടർന്നും യഹൂദയെ എതിർത്തു; അത് ഇന്നും തുടരുന്നു. അക്കാലത്ത് ലിബ്നയും+ എതിർത്തു.
23 യഹോരാമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്ത എല്ലാ കാര്യങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 24 പിന്നെ യഹോരാം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്തു.+ അയാളുടെ മകൻ അഹസ്യ അടുത്ത രാജാവായി.+
25 ഇസ്രായേൽരാജാവായ ആഹാബിന്റെ മകനായ യഹോരാമിന്റെ ഭരണത്തിന്റെ 12-ാം വർഷം യഹൂദാരാജാവായ യഹോരാമിന്റെ മകൻ അഹസ്യ രാജാവായി.+ 26 രാജാവാകുമ്പോൾ അഹസ്യക്ക് 22 വയസ്സായിരുന്നു. അഹസ്യ ഒരു വർഷം യരുശലേമിൽ ഭരിച്ചു. ഇസ്രായേൽരാജാവായ ഒമ്രിയുടെ+ കൊച്ചുമകൾ* അഥല്യയായിരുന്നു+ അഹസ്യയുടെ അമ്മ. 27 ആഹാബിന്റെ+ ഭവനവുമായി ബന്ധമുണ്ടായിരുന്നതിനാൽ അഹസ്യ ആഹാബുഗൃഹത്തിന്റെ വഴിയിൽ നടന്ന് അവരെപ്പോലെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തു.+ 28 അങ്ങനെ അഹസ്യ ആഹാബിന്റെ മകൻ യഹോരാമിനോടൊപ്പം സിറിയയിലെ രാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാൻ രാമോത്ത്-ഗിലെയാദിലേക്കു+ പോയി. എന്നാൽ സിറിയക്കാർ യഹോരാമിനെ മുറിവേൽപ്പിച്ചു.+ 29 രാമയിൽവെച്ച് സിറിയൻരാജാവായ ഹസായേലുമായി നടന്ന യുദ്ധത്തിൽ സിറിയക്കാർ ഏൽപ്പിച്ച മുറിവ് ഭേദമാകാൻ യഹോരാം രാജാവ് ജസ്രീലിലേക്കു+ തിരിച്ചുപോയി.+ ആഹാബിന്റെ മകനായ യഹോരാമിനു പരിക്കു പറ്റിയെന്ന്* അറിഞ്ഞ് യഹൂദാരാജാവായ യഹോരാമിന്റെ മകൻ അഹസ്യ അയാളെ കാണാൻ ജസ്രീലിലേക്കു ചെന്നു.