എസ്ഥേർ
4 നടന്നതൊക്കെ അറിഞ്ഞപ്പോൾ+ മൊർദെഖായി+ വസ്ത്രം വലിച്ചുകീറി വിലാപവസ്ത്രം ധരിച്ച്, ദേഹത്തു ചാരം വാരിയിട്ട്, അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് നഗരമധ്യത്തിലേക്കു ചെന്നു. 2 രാജകൊട്ടാരത്തിന്റെ കവാടംവരെയേ മൊർദെഖായി ചെന്നുള്ളൂ; കാരണം വിലാപവസ്ത്രം ധരിച്ച് ആരും രാജാവിന്റെ കവാടത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു. 3 രാജകല്പനയും തീരുമാനവും എത്തിച്ചേർന്ന സംസ്ഥാനങ്ങളിലെല്ലാം+ ജൂതന്മാർ വലിയ സങ്കടത്തിലായി; അവർ ഉപവസിച്ച്+ കരഞ്ഞ് വിലപിച്ചു. പലരും വിലാപവസ്ത്രം വിരിച്ച് അതിൽ ചാരം വാരിയിട്ട് കിടന്നു.+ 4 എസ്ഥേറിന്റെ പരിചാരികമാരും ഷണ്ഡന്മാരും* വന്ന് ഇക്കാര്യം അറിയിച്ചപ്പോൾ രാജ്ഞി ആകെ ദുഃഖത്തിലായി. എസ്ഥേർ മൊർദെഖായിക്ക്, വിലാപവസ്ത്രം മാറ്റി പകരം ധരിക്കാനുള്ള വസ്ത്രങ്ങൾ കൊടുത്തുവിട്ടു. പക്ഷേ മൊർദെഖായി അതു വാങ്ങിയില്ല. 5 അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡന്മാരിൽ ഒരാളും തന്റെ ശുശ്രൂഷയ്ക്കുവേണ്ടി രാജാവ് നിയമിച്ചവനും ആയ ഹഥാക്കിനെ വിളിപ്പിച്ചു. ഇതിന്റെയൊക്കെ അർഥമെന്തെന്നും എന്താണു സംഭവിക്കുന്നതെന്നും മൊർദെഖായിയോടു ചോദിച്ചറിയാൻ എസ്ഥേർ അയാളോടു കല്പിച്ചു.
6 അങ്ങനെ ഹഥാക്ക് രാജകൊട്ടാരത്തിന്റെ കവാടത്തിനു മുന്നിൽ നഗരത്തിലെ പൊതുസ്ഥലത്ത്* മൊർദെഖായിയുടെ അടുത്ത് ചെന്നു. 7 തനിക്കു സംഭവിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും ജൂതന്മാരെ കൊന്നുമുടിക്കുന്നതിനുവേണ്ടി+ രാജാവിന്റെ ഖജനാവിലേക്കു കൊടുക്കാമെന്നു ഹാമാൻ വാഗ്ദാനം ചെയ്ത കൃത്യമായ തുകയെക്കുറിച്ചും+ മൊർദെഖായി അയാളോടു പറഞ്ഞു. 8 ജൂതന്മാരെ ഇല്ലായ്മ ചെയ്യാൻ എഴുതിയുണ്ടാക്കി ശൂശനിൽ* പ്രസിദ്ധപ്പെടുത്തിയ കല്പനയുടെ+ ഒരു പകർപ്പും മൊർദെഖായി അയാൾക്കു കൊടുത്തു. അത് എസ്ഥേറിനെ കാണിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ മൊർദെഖായി ഹഥാക്കിനോട് ആവശ്യപ്പെട്ടു.+ രാജസന്നിധിയിൽ നേരിട്ട് ചെന്ന് പ്രീതിക്കായി യാചിക്കാനും സ്വന്തം ജനത്തിനുവേണ്ടി രാജാവിനോട് അപേക്ഷിക്കാനും എസ്ഥേറിനോടു പറയണമെന്നും മൊർദെഖായി നിർദേശിച്ചു.
9 ഹഥാക്ക് ചെന്ന് മൊർദെഖായി പറഞ്ഞത് എസ്ഥേറിനെ അറിയിച്ചു. 10 അപ്പോൾ, മൊർദെഖായിയോട്+ ഇങ്ങനെ പറയാൻ എസ്ഥേർ ഹഥാക്കിനോടു പറഞ്ഞു: 11 “ക്ഷണിക്കപ്പെടാതെ ഒരു പുരുഷനോ സ്ത്രീയോ രാജസന്നിധിയിലുള്ള അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ,+ നിയമം ഒന്നേ ഉള്ളൂ: അയാളെ വധിക്കണം; രാജാവ് പൊൻചെങ്കോൽ അയാളുടെ നേരെ നീട്ടിയാൽ മാത്രമേ അയാൾ ജീവിച്ചിരിക്കൂ.+ ഇക്കാര്യങ്ങൾ രാജാവിന്റെ എല്ലാ ഭൃത്യന്മാർക്കും രാജാവിന്റെ സംസ്ഥാനങ്ങളിലുള്ള ജനത്തിനും അറിയാവുന്നതാണ്. എന്നെയാണെങ്കിൽ 30 ദിവസത്തേക്കു രാജാവിന്റെ അടുത്ത് ചെല്ലാൻ വിളിച്ചിട്ടുമില്ല.”
12 എസ്ഥേറിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ 13 ഇങ്ങനെ മറുപടി പറയാൻ മൊർദെഖായി പറഞ്ഞു: “നീ രാജകൊട്ടാരത്തിലായതുകൊണ്ട് മറ്റെല്ലാ ജൂതന്മാരെക്കാളും സുരക്ഷിതയാണെന്നു കരുതേണ്ടാ. 14 നീ ഈ സമയത്ത് മൗനം പാലിച്ചാൽ ജൂതന്മാർക്ക് ആശ്വാസവും മോചനവും മറ്റൊരു ഉറവിൽനിന്ന് വരും.+ പക്ഷേ നീയും നിന്റെ പിതൃഭവനവും* നശിക്കും. ആർക്കറിയാം, ഈ രാജ്ഞീപദത്തിലേക്കു നീ വന്നതുതന്നെ ഇങ്ങനെയൊരു സമയത്തിനുവേണ്ടിയാണെങ്കിലോ?”+
15 അപ്പോൾ മൊർദെഖായിയോട് ഇങ്ങനെ മറുപടി പറയാൻ എസ്ഥേർ പറഞ്ഞു: 16 “പോയി ശൂശനിലുള്ള എല്ലാ ജൂതന്മാരെയും കൂട്ടിവരുത്തി എനിക്കുവേണ്ടി ഉപവസിക്കുക.+ മൂന്നു ദിവസം+ രാവും പകലും തിന്നുകയോ കുടിക്കുകയോ അരുത്. ഞാനും എന്റെ പരിചാരികമാരുടെകൂടെ ഉപവസിക്കും. നിയമവിരുദ്ധമാണെങ്കിലും ഞാൻ രാജാവിന്റെ അടുത്ത് ചെല്ലും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.” 17 അങ്ങനെ മൊർദെഖായി പോയി എസ്ഥേർ നിർദേശിച്ചതുപോലെയെല്ലാം ചെയ്തു.