എസ്ഥേർ
7 അങ്ങനെ, രാജാവും ഹാമാനും+ എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു. 2 രണ്ടാം ദിവസത്തെ വീഞ്ഞുസത്കാരവേളയിൽ രാജാവ് വീണ്ടും എസ്ഥേറിനോടു ചോദിച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു നിന്റെ അപേക്ഷ? അതു നിനക്കു കിട്ടിയിരിക്കും! എന്താണു നിന്റെ അഭ്യർഥന? രാജ്യത്തിന്റെ പകുതിയായാലും അതു തന്നിരിക്കും!”+ 3 അപ്പോൾ എസ്ഥേർ രാജ്ഞി പറഞ്ഞു: “രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, അങ്ങയ്ക്കു തിരുവുള്ളമെങ്കിൽ, എന്റെ ജീവൻ രക്ഷിക്കേണമേ എന്നാണ് എന്റെ അപേക്ഷ. എന്റെ ജനത്തെ+ രക്ഷിക്കണമെന്നാണ് എന്റെ അഭ്യർഥന. 4 കാരണം ഞങ്ങളെ, അതായത് എന്നെയും എന്റെ ജനത്തെയും, കൊന്നുമുടിച്ച് നിശ്ശേഷം സംഹരിക്കാൻ+ വിറ്റുകളഞ്ഞിരിക്കുന്നല്ലോ.+ ഞങ്ങളെ വെറും അടിമകളായി വിറ്റിരുന്നെങ്കിൽപ്പോലും ഞാൻ മൗനം പാലിക്കുമായിരുന്നു. പക്ഷേ ഈ വിപത്ത് രാജാവിനു ദോഷം ചെയ്യും. അതുകൊണ്ടുതന്നെ ഇതു സംഭവിച്ചുകൂടാ.”
5 അപ്പോൾ അഹശ്വേരശ് രാജാവ് എസ്ഥേർ രാജ്ഞിയോടു ചോദിച്ചു: “ആരാണ് അയാൾ? ഇങ്ങനെയൊരു കാര്യം ചെയ്യാൻ ധൈര്യപ്പെട്ടവൻ എവിടെ?” 6 അപ്പോൾ എസ്ഥേർ, “ആ എതിരാളിയും ശത്രുവും ദുഷ്ടനായ ഈ ഹാമാനാണ്” എന്നു പറഞ്ഞു.
രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ ഹാമാൻ പേടിച്ചുവിറച്ചു. 7 രാജാവാകട്ടെ ഉഗ്രകോപത്തോടെ എഴുന്നേറ്റ് വീഞ്ഞുസത്കാരശാലയിൽനിന്ന് കൊട്ടാരോദ്യാനത്തിലേക്കു പോയി. പക്ഷേ, രാജാവ് ഉറപ്പായും തന്നെ ശിക്ഷിക്കുമെന്നു മനസ്സിലാക്കിയ ഹാമാൻ ജീവനുവേണ്ടി എസ്ഥേറിനോടു യാചിക്കാൻ അവിടെനിന്ന് എഴുന്നേറ്റു. 8 കൊട്ടാരോദ്യാനത്തിൽനിന്ന് വീഞ്ഞുസത്കാരശാലയിലേക്കു മടങ്ങിവന്ന രാജാവ് കണ്ടതു ഹാമാൻ എസ്ഥേറിനോടു യാചിച്ചുകൊണ്ട് എസ്ഥേർ ഇരിക്കുന്ന മഞ്ചത്തിലേക്കു വീണുകിടക്കുന്നതാണ്. അപ്പോൾ രാജാവ്, “എന്റെ സ്വന്തം ഭവനത്തിൽവെച്ച് ഇവൻ രാജ്ഞിയെ ബലാത്സംഗം ചെയ്യാനും നോക്കുന്നോ” എന്ന് ആക്രോശിച്ചു. രാജാവിന്റെ വായിൽനിന്ന് ഈ വാക്കുകൾ പുറപ്പെട്ട ഉടനെ അവർ ഹാമാന്റെ മുഖം മൂടി. 9 രാജാവിന്റെ കൊട്ടാരോദ്യോഗസ്ഥന്മാരിൽ ഒരാളായ ഹർബോന+ അപ്പോൾ പറഞ്ഞു: “രാജാവിന്റെ ജീവൻ രക്ഷിച്ച+ മൊർദെഖായിയെ+ തൂക്കാൻവേണ്ടി ഹാമാൻ ഉണ്ടാക്കിയ 50 മുഴം* ഉയരമുള്ള ഒരു സ്തംഭം അയാളുടെ വീട്ടിൽ നിൽപ്പുണ്ട്.” അപ്പോൾ രാജാവ്, “അയാളെ അതിൽ തൂക്കൂ” എന്നു പറഞ്ഞു. 10 അങ്ങനെ അവർ ഹാമാനെ, അയാൾ മൊർദെഖായിക്കുവേണ്ടി ഒരുക്കിയ സ്തംഭത്തിൽത്തന്നെ തൂക്കി. അതോടെ രാജാവിന്റെ ഉഗ്രകോപം അടങ്ങി.