ലൂക്കോസ് എഴുതിയത്
17 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “പാപത്തിലേക്കു വീഴിക്കുന്ന മാർഗതടസ്സങ്ങൾ എന്തായാലും ഉണ്ടാകും. എന്നാൽ തടസ്സങ്ങൾ വെക്കുന്നവന്റെ കാര്യം കഷ്ടം! 2 ഈ ചെറിയവരിൽ ഒരാൾ വീണുപോകാൻ ആരെങ്കിലും ഇടയാക്കുന്നെങ്കിൽ അയാളുടെ കഴുത്തിൽ ഒരു തിരികല്ലു കെട്ടി കടലിൽ എറിയുന്നതാണ് അയാൾക്ക് ഏറെ നല്ലത്.+ 3 അതുകൊണ്ട് സൂക്ഷിച്ചുകൊള്ളുക. നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ അയാളെ ശകാരിക്കുക.+ സഹോദരൻ പശ്ചാത്തപിച്ചാൽ അയാളോടു ക്ഷമിക്കുക.+ 4 സഹോദരൻ ഒരു ദിവസം നിന്നോട് ഏഴു തവണ പാപം ചെയ്താലും ആ ഏഴു തവണയും വന്ന്, ‘ഞാൻ പശ്ചാത്തപിക്കുന്നു’ എന്നു പറഞ്ഞാൽ സഹോദരനോടു ക്ഷമിക്കണം.”+
5 അപ്പോൾ അപ്പോസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”+ എന്നു പറഞ്ഞു. 6 അപ്പോൾ കർത്താവ് പറഞ്ഞു: “നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മൾബറി മരത്തോട്,* ‘ചുവടോടെ പറിഞ്ഞുപോയി കടലിൽ വളരുക!’ എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.+
7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടു മേയ്ക്കുകയോ ചെയ്യുന്ന ഒരു അടിമയുണ്ടെന്നു കരുതുക. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘വേഗം വന്ന് ഇരുന്ന് ഭക്ഷണം കഴിക്ക്’ എന്നു നിങ്ങൾ പറയുമോ? 8 പകരം ഇങ്ങനെയല്ലേ പറയൂ: ‘വസ്ത്രം മാറി വന്ന് എനിക്ക് അത്താഴം ഒരുക്കുക. ഞാൻ തിന്നുകുടിച്ച് തീരുന്നതുവരെ എനിക്കു വേണ്ടതു ചെയ്തുതരുക. അതു കഴിഞ്ഞ് നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം.’ 9 ഏൽപ്പിച്ച പണികൾ ചെയ്തതിന്റെ പേരിൽ നിങ്ങൾക്ക് ആ അടിമയോടു പ്രത്യേകിച്ച് ഒരു നന്ദിയും തോന്നില്ല, ശരിയല്ലേ? 10 അങ്ങനെ നിങ്ങളും, നിങ്ങളെ ഏൽപ്പിച്ച കാര്യങ്ങളെല്ലാം ചെയ്തശേഷം ഇങ്ങനെ പറയുക: ‘ഞങ്ങൾ ഒന്നിനും കൊള്ളാത്ത അടിമകളാണ്. ചെയ്യേണ്ടതു ഞങ്ങൾ ചെയ്തു, അത്രയേ ഉള്ളൂ.’”+
11 യരുശലേമിലേക്കുള്ള യാത്രയ്ക്കിടെ യേശു ശമര്യക്കും ഗലീലയ്ക്കും ഇടയിലൂടെ പോകുകയായിരുന്നു. 12 യേശു ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ യേശുവിനെ കണ്ടു. പക്ഷേ അവർ ദൂരത്തുതന്നെ നിന്നു.+ 13 എന്നിട്ട്, “യേശുവേ, ഗുരുവേ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 14 യേശു അവരെ കണ്ടിട്ട് അവരോട്, “പുരോഹിതന്മാരുടെ അടുത്ത് ചെന്ന് നിങ്ങളെ കാണിക്കൂ”+ എന്നു പറഞ്ഞു. പോകുന്ന വഴിക്കുതന്നെ അവർ ശുദ്ധരായി.+ 15 അവരിൽ ഒരാൾ താൻ ശുദ്ധനായെന്നു കണ്ടപ്പോൾ ഉറക്കെ ദൈവത്തെ സ്തുതിച്ചുകൊണ്ട് മടങ്ങിവന്നു. 16 അയാൾ യേശുവിന്റെ കാൽക്കൽ കമിഴ്ന്നുവീണ് യേശുവിനു നന്ദി പറഞ്ഞു. അയാളാണെങ്കിൽ ഒരു ശമര്യക്കാരനായിരുന്നു.+ 17 അപ്പോൾ യേശു ചോദിച്ചു: “പത്തു പേരല്ലേ ശുദ്ധരായത്? ബാക്കി ഒൻപതു പേർ എവിടെ? 18 തിരിച്ചുവന്ന് ദൈവത്തെ സ്തുതിക്കാൻ മറ്റൊരു ജനതയിൽപ്പെട്ട ഇയാൾക്കല്ലാതെ മറ്റാർക്കും തോന്നിയില്ലേ?” 19 പിന്നെ യേശു അയാളോടു പറഞ്ഞു: “എഴുന്നേറ്റ് പൊയ്ക്കൊള്ളൂ. നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.”+
20 ദൈവരാജ്യം എപ്പോഴാണു വരുന്നതെന്നു പരീശന്മാർ ചോദിച്ചപ്പോൾ+ യേശു പറഞ്ഞു: “വളരെ പ്രകടമായ വിധത്തിലല്ല ദൈവരാജ്യം വരുന്നത്. 21 ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആളുകൾ പറയുകയുമില്ല. ശരിക്കും, ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്.”+
22 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രന്റെ നാളുകളിലൊന്നെങ്കിലും കാണാൻ കൊതിക്കുന്ന കാലം വരും. എന്നാൽ കാണില്ല. 23 മനുഷ്യർ നിങ്ങളോട്, ‘അതാ അവിടെ,’ ‘ഇതാ ഇവിടെ’ എന്നെല്ലാം പറയും. പക്ഷേ നിങ്ങൾ ചാടിപ്പുറപ്പെടരുത്. അവരുടെ പിന്നാലെ പോകുകയുമരുത്.+ 24 കാരണം ആകാശത്തിന്റെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ നാളിൽ മനുഷ്യപുത്രനും.+ 25 എന്നാൽ ആദ്യം മനുഷ്യപുത്രൻ ധാരാളം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരും, ഈ തലമുറ+ മനുഷ്യപുത്രനെ തള്ളിക്കളയും. 26 നോഹയുടെ നാളുകളിൽ+ സംഭവിച്ചതുപോലെതന്നെ മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കും:+ 27 നോഹ പെട്ടകത്തിൽ കയറിയ ദിവസംവരെ+ അന്നത്തെ ആളുകൾ തിന്നും കുടിച്ചും പുരുഷന്മാർ വിവാഹം കഴിച്ചും സ്ത്രീകളെ വിവാഹം കഴിച്ചുകൊടുത്തും പോന്നു. ജലപ്രളയം വന്ന് അവരെ എല്ലാവരെയും കൊന്നുകളഞ്ഞു.+ 28 ലോത്തിന്റെ നാളിലും അങ്ങനെതന്നെ സംഭവിച്ചു:+ അവർ തിന്നും കുടിച്ചും, വാങ്ങിയും വിറ്റും, നട്ടും പണിതും പോന്നു. 29 എന്നാൽ ലോത്ത് സൊദോം വിട്ട ദിവസം ആകാശത്തുനിന്ന് തീയും ഗന്ധകവും* പെയ്ത് എല്ലാവരെയും കൊന്നുകളഞ്ഞു.+ 30 മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിലും അങ്ങനെതന്നെയായിരിക്കും.+
31 “അന്നു പുരമുകളിൽ നിൽക്കുന്നവൻ തന്റെ സാധനങ്ങൾ വീട്ടിനുള്ളിലാണെങ്കിലും എടുക്കാൻ താഴെ ഇറങ്ങരുത്. വയലിലായിരിക്കുന്നവനും സാധനങ്ങൾ എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്. 32 ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക.+ 33 തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവന് അതു നഷ്ടമാകും. അതു നഷ്ടപ്പെടുത്തുന്നവനോ അതു നിലനിറുത്തും.+ 34 ഞാൻ നിങ്ങളോടു പറയുന്നു: ആ രാത്രിയിൽ രണ്ടു പേർ ഒരു കിടക്കയിലായിരിക്കും. ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.+ 35 രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.” 36 *—— 37 അപ്പോൾ അവർ യേശുവിനോട്, “കർത്താവേ, എവിടെ” എന്നു ചോദിച്ചു. യേശു അവരോട്, “ശവമുള്ളിടത്ത് കഴുകന്മാർ കൂടും”+ എന്നു പറഞ്ഞു.