ശമുവേൽ ഒന്നാം ഭാഗം
4 അങ്ങനെ ശമുവേലിന്റെ വാക്കുകൾ ഇസ്രായേലിൽ എല്ലായിടത്തും എത്തി.
ഇസ്രായേൽ ഫെലിസ്ത്യർക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു. അവർ ഏബനേസരിനു സമീപം പാളയമടിച്ചു; ഫെലിസ്ത്യരാകട്ടെ അഫേക്കിലും. 2 ഫെലിസ്ത്യർ ഇസ്രായേലിന് എതിരെ അണിനിരന്നു. കനത്ത പോരാട്ടമുണ്ടായി. പക്ഷേ, ഫെലിസ്ത്യർ ഇസ്രായേലിനെ തോൽപ്പിച്ചു. അവർ 4,000 പുരുഷന്മാരെ യുദ്ധഭൂമിയിൽത്തന്നെ കൊന്നുവീഴ്ത്തി. 3 ജനം പാളയത്തിൽ മടങ്ങിയെത്തിയപ്പോൾ ഇസ്രായേൽമൂപ്പന്മാർ* പറഞ്ഞു: “ഫെലിസ്ത്യർ ഇന്നു നമ്മളെ തോൽപ്പിക്കാൻ യഹോവ അനുവദിച്ചത് എന്താണ്?*+ യഹോവയുടെ ഉടമ്പടിപ്പെട്ടകം നമുക്കു ശീലോയിൽനിന്ന് ഇങ്ങോട്ടു കൊണ്ടുവരാം.+ അങ്ങനെ, അതു നമ്മോടൊപ്പമിരുന്ന് ശത്രുക്കളുടെ കൈയിൽനിന്ന് നമ്മളെ രക്ഷിക്കും.” 4 അതുകൊണ്ട്, ജനം പുരുഷന്മാരെ ശീലോയിലേക്ക് അയച്ചു. കെരൂബുകൾക്കു മീതെ+ സിംഹാസനത്തിൽ* ഇരിക്കുന്ന സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഉടമ്പടിപ്പെട്ടകം അവർ അവിടെനിന്ന് എടുത്തുകൊണ്ടുവന്നു. സത്യദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിന്റെകൂടെ ഏലിയുടെ രണ്ടു പുത്രന്മാർ, ഹൊഫ്നിയും ഫിനെഹാസും,+ ഉണ്ടായിരുന്നു.
5 യഹോവയുടെ ഉടമ്പടിപ്പെട്ടകം പാളയത്തിലെത്തിയ ഉടനെ ഇസ്രായേല്യരെല്ലാം ഭൂമി പ്രകമ്പനംകൊള്ളുന്ന രീതിയിൽ ഉച്ചത്തിൽ ആർപ്പിട്ടു. 6 ഫെലിസ്ത്യർ ഈ ആരവം കേട്ടപ്പോൾ, “എബ്രായരുടെ പാളയത്തിൽ ഇത്ര വലിയ ആരവത്തിനു കാരണം എന്താണ്” എന്നു പരസ്പരം ചോദിച്ചു. യഹോവയുടെ പെട്ടകം പാളയത്തിലെത്തിയെന്ന് അവർക്കു മനസ്സിലായി. 7 പേടിച്ചുപോയ ഫെലിസ്ത്യർ, “ദൈവം പാളയത്തിലെത്തിയിട്ടുണ്ട്!”+ എന്നു പറയുന്നുണ്ടായിരുന്നു. അവർ ഇങ്ങനെയും പറഞ്ഞു: “നമ്മൾ വലിയ കഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലല്ലോ! 8 നമ്മുടെ കാര്യം വലിയ കഷ്ടംതന്നെ! മഹോന്നതനായ ഈ ദൈവത്തിന്റെ കൈയിൽനിന്ന് ആരു നമ്മളെ രക്ഷിക്കും? ഈ ദൈവമാണ് ഈജിപ്തിനെ വിജനഭൂമിയിൽവെച്ച്* പലവിധ പ്രഹരങ്ങളാൽ സംഹരിച്ചത്.+ 9 ഫെലിസ്ത്യരേ, ധീരരായി നിന്ന് പൗരുഷം കാണിക്കൂ. അങ്ങനെയെങ്കിൽ, എബ്രായർ നിങ്ങളെ സേവിച്ചതുപോലെ നിങ്ങൾക്ക് അവരെ സേവിക്കേണ്ടിവരില്ല.+ ആണുങ്ങളെപ്പോലെ പോരാടൂ!” 10 അങ്ങനെ, ഫെലിസ്ത്യർ പോരാടി. ഇസ്രായേല്യരോ പരാജയപ്പെട്ട് അവരവരുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.+ ഒരു മഹാസംഹാരമായിരുന്നു അവിടെ നടന്നത്. ഇസ്രായേലിന്റെ പക്ഷത്തുള്ള 30,000 കാലാൾ വീണു. 11 മാത്രമല്ല, ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം പിടിച്ചെടുക്കുകയും ചെയ്തു. ഏലിയുടെ രണ്ടു പുത്രന്മാർ, ഹൊഫ്നിയും ഫിനെഹാസും, മരിച്ചുപോയി.+
12 യുദ്ധഭൂമിയിൽനിന്ന് ഓടിപ്പോന്ന ബന്യാമീന്യനായ ഒരാൾ അന്നേ ദിവസം ശീലോയിലെത്തി. അയാൾ വസ്ത്രം കീറി തലയിൽ മണ്ണു വാരിയിട്ടിരുന്നു.+ 13 അയാൾ വരുമ്പോൾ ഏലി വഴിയരികെയുള്ള ഇരിപ്പിടത്തിൽ ഉത്കണ്ഠാകുലനായി നോക്കിയിരിക്കുകയായിരുന്നു. കാരണം, സത്യദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് ഓർത്ത് ഏലിക്കു ഹൃദയത്തിൽ പേടിയുണ്ടായിരുന്നു.+ ആ മനുഷ്യൻ വാർത്ത അറിയിക്കാൻ നഗരത്തിൽ ചെന്നു. വിവരം അറിഞ്ഞ ഉടനെ നഗരവാസികളെല്ലാം നിലവിളിച്ചുതുടങ്ങി. 14 ആ ശബ്ദം കേട്ടപ്പോൾ ഏലി ചോദിച്ചു: “വലിയ ബഹളം കേൾക്കുന്നുണ്ടല്ലോ, എന്താ സംഭവിച്ചത്?” അയാൾത്തന്നെ ഓടിച്ചെന്ന് ഏലിയോടും വാർത്ത അറിയിച്ചു. 15 (ഏലിക്ക് 98 വയസ്സുണ്ടായിരുന്നു. ഏലി നേരെ നോക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.)+ 16 അയാൾ ഏലിയോടു പറഞ്ഞു: “ഞാൻ യുദ്ധഭൂമിയിൽനിന്ന് വരുകയാണ്. ഇന്നാണു ഞാൻ അവിടെനിന്ന് ഓടിപ്പോന്നത്.” അപ്പോൾ, ഏലി ചോദിച്ചു: “മകനേ, എന്തു സംഭവിച്ചു?” 17 അപ്പോൾ, അയാൾ പറഞ്ഞു: “ഇസ്രായേൽ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി.+ ജനത്തിൽ അനേകർ കൊല്ലപ്പെട്ടു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫിനെഹാസും അക്കൂട്ടത്തിൽ മരിച്ചു.+ സത്യദൈവത്തിന്റെ പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുത്തു.”+
18 കവാടത്തിന് അടുത്തുള്ള തന്റെ ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്ന ഏലി, സത്യദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് അയാൾ പറഞ്ഞ ഉടനെ ഇരിപ്പിടത്തിൽനിന്ന് പുറകോട്ടു മറിഞ്ഞുവീണ് കഴുത്ത് ഒടിഞ്ഞ് മരിച്ചു. കാരണം, ഏലി വൃദ്ധനും ശരീരഭാരം കൂടുതലുള്ള ആളും ആയിരുന്നു. ഏലി 40 വർഷം ഇസ്രായേലിനു ന്യായപാലനം ചെയ്തു. 19 ഏലിയുടെ മരുമകൾ, ഫിനെഹാസിന്റെ ഭാര്യ, ഗർഭിണിയായിരുന്നു; അവൾക്കു പ്രസവം അടുത്തിരുന്നു. സത്യദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടെന്നും അമ്മായിയപ്പനും ഭർത്താവും മരിച്ചെന്നും ഉള്ള വാർത്ത കേട്ട് കുനിഞ്ഞതും അവൾക്കു പെട്ടെന്നു പ്രസവവേദന ഉണ്ടായി പ്രസവിച്ചു. 20 അവൾ മരണാസന്നയായപ്പോൾ, അടുത്ത് നിന്നിരുന്ന സ്ത്രീകൾ പറഞ്ഞു: “പേടിക്കേണ്ടാ, ഒരു ആൺകുഞ്ഞിനെയാണു നീ പ്രസവിച്ചിരിക്കുന്നത്.” അവൾ അതു ശ്രദ്ധിക്കുകയോ മറുപടി പറയുകയോ ചെയ്തില്ല. 21 പക്ഷേ അവൾ, “മഹത്ത്വം ഇസ്രായേലിൽനിന്ന് പ്രവാസത്തിലേക്കു* പോയല്ലോ”+ എന്നു പറഞ്ഞ് കുഞ്ഞിന് ഈഖാബോദ്*+ എന്നു പേരിട്ടു. ഇതു പറഞ്ഞപ്പോൾ അവളുടെ മനസ്സിലുണ്ടായിരുന്നതു സത്യദൈവത്തിന്റെ പെട്ടകം പിടിച്ചെടുത്തതും അമ്മായിയപ്പനും ഭർത്താവിനും സംഭവിച്ചതും ആയിരുന്നു.+ 22 “സത്യദൈവത്തിന്റെ പെട്ടകം അവർ പിടിച്ചെടുത്തതുകൊണ്ട് മഹത്ത്വം ഇസ്രായേലിൽനിന്ന് പ്രവാസത്തിലേക്കു പോയി” എന്ന് അവൾ പറഞ്ഞു.+