ദിനവൃത്താന്തം രണ്ടാം ഭാഗം
26 അപ്പോൾ യഹൂദയിലെ ജനം അമസ്യയുടെ മകൻ ഉസ്സീയയെ+ അടുത്ത രാജാവാക്കി.+ രാജാവാകുമ്പോൾ ഉസ്സീയയ്ക്ക് 16 വയസ്സായിരുന്നു. 2 രാജാവ്* പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടശേഷം ഉസ്സീയ ഏലോത്ത്+ പുതുക്കിപ്പണിത് അതു വീണ്ടും യഹൂദയുടെ ഭാഗമാക്കി.+ 3 16-ാം വയസ്സിൽ രാജാവായ ഉസ്സീയ+ 52 വർഷം യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഖൊല്യയായിരുന്നു ഉസ്സീയയുടെ അമ്മ.+ 4 അപ്പനായ അമസ്യയെപ്പോലെ ഉസ്സീയയും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.+ 5 സത്യദൈവത്തെ ഭയപ്പെടാൻ ഉസ്സീയയെ പഠിപ്പിച്ച സെഖര്യയുടെ കാലത്ത് ഉടനീളം ഉസ്സീയ യഹോവയെ അന്വേഷിച്ചു. ദൈവത്തെ അന്വേഷിച്ച കാലമത്രയും സത്യദൈവം ഉസ്സീയയ്ക്ക് അഭിവൃദ്ധി നൽകി.+
6 ഉസ്സീയ ചെന്ന് ഫെലിസ്ത്യരോടു പോരാടി+ ഗത്തിന്റെയും+ യബ്നെയുടെയും+ അസ്തോദിന്റെയും+ നഗരമതിലുകൾ തകർത്ത് അവ പിടിച്ചെടുത്തു. എന്നിട്ട് അസ്തോദിന്റെ പ്രദേശങ്ങളിലും ഫെലിസ്ത്യരുടെ ഇടയിലും നഗരങ്ങൾ പണിതു. 7 ഫെലിസ്ത്യർക്കും ഗൂർബാലിൽ താമസിച്ചിരുന്ന അറേബ്യക്കാർക്കും+ മെയൂനിമിനും എതിരെയുള്ള യുദ്ധങ്ങളിൽ സത്യദൈവം ഉസ്സീയയെ സഹായിച്ചു. 8 അമ്മോന്യർ+ ഉസ്സീയയ്ക്കു കപ്പം* കൊടുക്കാൻതുടങ്ങി. അതിശക്തനായിത്തീർന്നതുകൊണ്ട് ഉസ്സീയയുടെ കീർത്തി അങ്ങ് ഈജിപ്ത് വരെ വ്യാപിച്ചു. 9 ഉസ്സീയ യരുശലേമിലെ കോൺകവാടം,+ താഴ്വരക്കവാടം,+ താങ്ങുതൂൺ എന്നിവയ്ക്കരികെ ഗോപുരങ്ങൾ പണിത് അവ ബലപ്പെടുത്തി.+ 10 ഉസ്സീയ വിജനഭൂമിയിലും ഗോപുരങ്ങൾ പണിതു;+ ധാരാളം കിണറുകളും* കുഴിച്ചു.* (കാരണം ഉസ്സീയയ്ക്ക് ഒരുപാട് ആടുമാടുകളുണ്ടായിരുന്നു.) അതുപോലെ ഷെഫേലയിലും സമതലത്തിലും* ഉസ്സീയ ഗോപുരങ്ങളും കിണറുകളും ഉണ്ടാക്കി. കൃഷി ഇഷ്ടമായിരുന്നതുകൊണ്ട് മലകളിലും കർമേലിലും ഉസ്സീയ കൃഷിപ്പണിക്കാരെയും മുന്തിരിത്തോട്ടക്കാരെയും നിയമിച്ചു.
11 ഗണംഗണമായി യുദ്ധത്തിനു പോയിരുന്ന, സുസംഘടിതമായ ഒരു സൈന്യവും ഉസ്സീയയ്ക്കുണ്ടായിരുന്നു. രാജാവിന്റെ ഒരു പ്രഭുവായ ഹനന്യയുടെ നേതൃത്വത്തിൽ സെക്രട്ടറിയായ യയീയേലും+ ഉദ്യോഗസ്ഥനായ മയസേയയും ചേർന്നാണ് അവരുടെ എണ്ണമെടുത്ത് രേഖയിൽ പേര് ചേർത്തത്.+ 12 ഈ വീരയോദ്ധാക്കളുടെ ചുമതല 2,600 പിതൃഭവനത്തലവന്മാർക്കായിരുന്നു. 13 അവരുടെ കീഴിൽ യുദ്ധസജ്ജരായ 3,07,500 പടയാളികളുണ്ടായിരുന്നു. സുശക്തമായ ഈ സൈന്യം രാജാവിനുവേണ്ടി ശത്രുക്കൾക്കെതിരെ പോരാടി.+ 14 സൈന്യത്തിലുള്ള എല്ലാവർക്കും ഉസ്സീയ പരിചകളും കുന്തങ്ങളും+ പടത്തൊപ്പികളും പടച്ചട്ടകളും+ വില്ലുകളും കവണക്കല്ലുകളും+ കൊടുത്തു. 15 അമ്പ് എയ്യാനും വലിയ കല്ലുകൾ തൊടുത്തുവിടാനും ശേഷിയുള്ള യുദ്ധയന്ത്രങ്ങൾ ഉസ്സീയ വിദഗ്ധരായ ആളുകളെക്കൊണ്ട് ഉണ്ടാക്കിച്ചു. എന്നിട്ട് അവ യരുശലേമിലെ ഗോപുരങ്ങളുടെ മുകളിലും+ മതിലുകളുടെ കോണുകളിലും സ്ഥാപിച്ചു. ഒരുപാടു സഹായം ലഭിച്ചതുകൊണ്ടും ശക്തനായിത്തീർന്നതുകൊണ്ടും ഉസ്സീയയുടെ കീർത്തി എല്ലായിടത്തും വ്യാപിച്ചു.
16 എന്നാൽ ശക്തനായിത്തീർന്നപ്പോൾ സ്വന്തം നാശത്തിനായി ഉസ്സീയയുടെ ഹൃദയം അഹങ്കരിച്ചു. യാഗപീഠത്തിൽ സുഗന്ധക്കൂട്ട് അർപ്പിക്കാനായി യഹോവയുടെ ആലയത്തിനുള്ളിലേക്കു കയറിച്ചെന്നുകൊണ്ട് ഉസ്സീയ തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തത കാണിച്ചു.+ 17 ഉടനെ അസര്യ പുരോഹിതനും യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന 80 പുരോഹിതന്മാരും ധൈര്യത്തോടെ ഉസ്സീയയുടെ പിന്നാലെ ചെന്നു. 18 ഉസ്സീയയെ തടഞ്ഞുകൊണ്ട് അവർ പറഞ്ഞു: “ഉസ്സീയ രാജാവേ, അങ്ങ് യഹോവയ്ക്കു സുഗന്ധക്കൂട്ട് അർപ്പിക്കരുത്,+ അതു ശരിയല്ല. പുരോഹിതന്മാർ മാത്രമേ അതു ചെയ്യാവൂ. കാരണം അവരാണ് അഹരോന്റെ വംശജർ;+ അവരെയാണ് അതിനായി വിശുദ്ധീകരിച്ചിരിക്കുന്നത്. വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്ത് പോകൂ! അങ്ങ് ഇക്കാര്യത്തിൽ അവിശ്വസ്തത കാണിച്ചിരിക്കുന്നതുകൊണ്ട് യഹോവയിൽനിന്ന് അങ്ങയ്ക്കു മഹത്ത്വം ലഭിക്കില്ല.”
19 ഉസ്സീയ അപ്പോൾ സുഗന്ധക്കൂട്ടു കത്തിക്കാനുള്ള പാത്രവുമായി യഹോവയുടെ ഭവനത്തിനുള്ളിലെ യാഗപീഠത്തിന് അരികെ നിൽക്കുകയായിരുന്നു.+ പുരോഹിതന്മാർ പറയുന്നതു കേട്ടപ്പോൾ ഉസ്സീയ കോപംകൊണ്ട് വിറച്ചു. അവരോടു ദേഷ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ, അവർ കാൺകെ, ഉസ്സീയയുടെ നെറ്റിയിൽ കുഷ്ഠം ബാധിച്ചു!+ 20 മുഖ്യപുരോഹിതനായ അസര്യയും മറ്റു പുരോഹിതന്മാരും നോക്കിയപ്പോൾ അതാ, ഉസ്സീയയുടെ നെറ്റിയിൽ കുഷ്ഠം ബാധിച്ചിരിക്കുന്നു! അവർ ധൃതിയിൽ ഉസ്സീയയെ അവിടെനിന്ന് പുറത്താക്കി. തന്നെ യഹോവ ശിക്ഷിച്ചെന്നു മനസ്സിലാക്കിയ ഉസ്സീയയും പുറത്ത് കടക്കാൻ തിടുക്കംകൂട്ടി.
21 യഹോവയുടെ ഭവനത്തിലേക്കു ചെല്ലാൻ അനുവാദമില്ലാതിരുന്നതുകൊണ്ട്, കുഷ്ഠരോഗിയായ ഉസ്സീയയ്ക്കു+ മരണംവരെ മറ്റൊരു ഭവനത്തിൽ കഴിയേണ്ടിവന്നു. ഉസ്സീയയുടെ മകൻ യോഥാമിനായിരുന്നു അപ്പോൾ രാജകൊട്ടാരത്തിന്റെ ചുമതല. യോഥാമാണു ദേശത്തെ ജനങ്ങൾക്കു ന്യായപാലനം നടത്തിയിരുന്നത്.+
22 ഉസ്സീയയുടെ ബാക്കി ചരിത്രം ആദിയോടന്തം ആമൊസിന്റെ മകനായ യശയ്യ പ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്.+ 23 പിന്നെ ഉസ്സീയ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ ഉസ്സീയയെ പൂർവികരോടൊപ്പം അടക്കം ചെയ്തു. എന്നാൽ, “ഉസ്സീയ ഒരു കുഷ്ഠരോഗിയാണ്” എന്നു പറഞ്ഞ് രാജാക്കന്മാരുടെ ശ്മശാനഭൂമിയിലാണ് അവർ ഉസ്സീയയെ അടക്കിയത്. ഉസ്സീയയുടെ മകൻ യോഥാം അടുത്ത രാജാവായി.+