ദിനവൃത്താന്തം രണ്ടാം ഭാഗം
25 രാജാവാകുമ്പോൾ അമസ്യക്ക് 25 വയസ്സായിരുന്നു. 29 വർഷം അമസ്യ യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഹോവദ്ദാനായിരുന്നു അമസ്യയുടെ അമ്മ.+ 2 അമസ്യ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു. എന്നാൽ അതു പൂർണഹൃദയത്തോടെയായിരുന്നില്ല. 3 രാജ്യം കൈകളിൽ ഭദ്രമായ ഉടനെ അമസ്യ അപ്പനെ കൊന്ന ദാസന്മാരെ കൊന്നുകളഞ്ഞു.+ 4 എന്നാൽ അവരുടെ മക്കളെ കൊന്നില്ല. കാരണം, “മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്. ഒരാൾ മരണശിക്ഷ അനുഭവിക്കുന്നത് അയാൾത്തന്നെ ചെയ്ത പാപത്തിനായിരിക്കണം” എന്നു നിയമത്തിൽ, അതായത് മോശയുടെ പുസ്തകത്തിൽ, യഹോവ കല്പിച്ചിരുന്നു.+
5 അമസ്യ യഹൂദാദേശത്തുള്ളവരെ വിളിച്ചുകൂട്ടി അവരെ പിതൃഭവനമനുസരിച്ച്, സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിൽ യഹൂദയ്ക്കും ബന്യാമീനും വേണ്ടി നിറുത്തി.+ സൈന്യത്തിൽ സേവിക്കാൻ പ്രാപ്തരായ, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള+ 3,00,000 പേരെ അമസ്യ രേഖയിൽ ചേർത്തു. ആ യോദ്ധാക്കൾ കുന്തവും വലിയ പരിചയും ഉപയോഗിക്കാൻ പ്രാപ്തരും പരിശീലനം ലഭിച്ചവരും* ആയിരുന്നു. 6 കൂടാതെ 100 താലന്തു* വെള്ളി കൊടുത്ത് ഇസ്രായേലിൽനിന്ന് 1,00,000 വീരയോദ്ധാക്കളെ കൂലിക്കെടുക്കുകയും ചെയ്തു. 7 പക്ഷേ ഒരു ദൈവപുരുഷൻ വന്ന് അമസ്യയോടു പറഞ്ഞു: “രാജാവേ, അങ്ങ് ഇസ്രായേൽസൈന്യത്തെ അങ്ങയുടെകൂടെ കൊണ്ടുപോകരുത്. കാരണം യഹോവ ഇസ്രായേലിന്റെകൂടെയില്ല;+ എഫ്രയീമ്യരിൽ ആരുടെയുംകൂടെയില്ല. 8 അങ്ങ് തനിയെ ചെന്ന് ധൈര്യത്തോടെ പോരാടുക. അല്ലാത്തപക്ഷം അങ്ങ് ശത്രുവിന്റെ മുന്നിൽ കാലിടറാൻ സത്യദൈവം ഇടയാക്കും. സഹായിക്കാനും വീഴ്ത്താനും ദൈവത്തിനു ശക്തിയുണ്ടല്ലോ.”+ 9 പക്ഷേ അമസ്യ ദൈവപുരുഷനോട്, “ഞാൻ ഇസ്രായേൽസൈന്യത്തിന് 100 താലന്തു കൊടുത്തുപോയല്ലോ” എന്നു പറഞ്ഞു. ദൈവപുരുഷൻ പറഞ്ഞു: “അതിനെക്കാൾ എത്രയോ അധികം സമ്പത്ത് അങ്ങയ്ക്കു തരാൻ യഹോവയ്ക്കു കഴിയും!”+ 10 അങ്ങനെ എഫ്രയീമിൽനിന്ന് വന്ന പടയാളികളെ അമസ്യ തിരികെ അയച്ചു. പക്ഷേ ആ പടയാളികൾ യഹൂദയോടു വല്ലാതെ കോപിച്ചു. ഉഗ്രകോപത്തോടെ അവർ സ്വദേശത്തേക്കു മടങ്ങിപ്പോയി.
11 പിന്നെ അമസ്യ ധൈര്യം സംഭരിച്ച് സ്വന്തം പടയാളികളുമായി ഉപ്പുതാഴ്വരയിലേക്കു ചെന്ന്+ 10,000 സേയീർപുരുഷന്മാരെ സംഹരിച്ചു.+ 12 അവർ 10,000 പേരെ ജീവനോടെയും പിടിച്ചു. യഹൂദാപുരുഷന്മാർ അവരെ ചെങ്കുത്തായ പാറയുടെ മുകളിൽ കൊണ്ടുപോയി അവിടെനിന്ന് താഴേക്ക് എറിഞ്ഞു. അവരുടെ ശരീരം താഴെ വീണ് ചിന്നിച്ചിതറി. 13 ഈ സമയത്ത്, യുദ്ധത്തിനു കൊണ്ടുപോകാതെ അമസ്യ തിരികെ അയച്ച പടയാളികൾ+ ശമര്യ മുതൽ ബേത്ത്-ഹോരോൻ+ വരെയുള്ള യഹൂദാനഗരങ്ങൾ ആക്രമിച്ചു.+ അവർ 3,000 പേരെ കൊല്ലുകയും ധാരാളം സമ്പത്തു കൊള്ളയടിക്കുകയും ചെയ്തു.
14 ഏദോമ്യരെ തോൽപ്പിച്ച് മടങ്ങിയശേഷം അമസ്യ സേയീർപുരുഷന്മാരുടെ ദൈവങ്ങളെ കൊണ്ടുവന്ന് അവയെ സ്വന്തം ദൈവങ്ങളായി പ്രതിഷ്ഠിച്ചു.+ അവയുടെ മുന്നിൽ കുമ്പിടാനും അവയ്ക്കുവേണ്ടി യാഗവസ്തുക്കൾ ദഹിപ്പിക്കാനും* തുടങ്ങി. 15 അപ്പോൾ യഹോവയുടെ കോപം അമസ്യയുടെ നേരെ ആളിക്കത്തി. ഒരു പ്രവാചകനെ അമസ്യയുടെ അടുത്തേക്ക് അയച്ച് ദൈവം ഇങ്ങനെ ചോദിച്ചു: “സ്വന്തം ജനത്തെപ്പോലും നിന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയാതിരുന്ന ആ ദൈവങ്ങളെ നീ എന്തിനാണു സേവിക്കുന്നത്?”+ 16 പ്രവാചകൻ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ രാജാവ് പറഞ്ഞു: “മതി, നിറുത്ത്!+ നിന്നെ ഞങ്ങൾ രാജാവിന്റെ ഉപദേശകനായി നിയമിച്ചിട്ടുണ്ടോ?+ ഇല്ലല്ലോ? എന്തിനാണു വെറുതേ അവരുടെ കൈകൊണ്ട് ചാകുന്നത്?” അപ്പോൾ പ്രവാചകൻ അവിടം വിട്ട് പോയി. പക്ഷേ പോകുന്നതിനു മുമ്പ് പ്രവാചകൻ പറഞ്ഞു: “നീ ഇങ്ങനെ പ്രവർത്തിക്കുകയും എന്റെ ഉപദേശം ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ദൈവം നിന്റെ മേൽ നാശം വരുത്താൻ തീരുമാനിച്ചിരിക്കുന്നെന്നു ഞാൻ അറിയുന്നു.”+
17 പിന്നെ യഹൂദാരാജാവായ അമസ്യ ഉപദേശകരുമായി കൂടിയാലോചിച്ചശേഷം ഇസ്രായേൽരാജാവായ യേഹുവിന്റെ മകനായ യഹോവാഹാസിന്റെ മകൻ യഹോവാശിന് ഇങ്ങനെയൊരു സന്ദേശം അയച്ചു: “വരൂ, നമുക്കു തമ്മിൽ* ഏറ്റുമുട്ടാം.”+ 18 അപ്പോൾ ഇസ്രായേൽരാജാവായ യഹോവാശ് യഹൂദാരാജാവായ അമസ്യക്ക് ഈ സന്ദേശം അയച്ചു: “ലബാനോനിലെ കാട്ടുമുൾച്ചെടി ലബാനോനിലെ ദേവദാരുവിന്, ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരുക’ എന്നൊരു സന്ദേശം അയച്ചു. എന്നാൽ ലബാനോനിലെ ഒരു വന്യമൃഗം അതുവഴി പോയി. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു. 19 ‘കണ്ടോ, ഞാൻ* ഏദോമിനെ തോൽപ്പിച്ചു’+ എന്നു പറഞ്ഞ് നിന്റെ ഹൃദയം അഹങ്കരിച്ചിരിക്കുന്നു. മറ്റുള്ളവർ നിന്നെ പുകഴ്ത്താൻ നീ ആഗ്രഹിക്കുന്നു. എന്നാൽ നീ നിന്റെ ഭവനത്തിൽത്തന്നെ* ഇരുന്നുകൊള്ളുക. വെറുതേ എന്തിനാണു നീ നിനക്കും യഹൂദയ്ക്കും നാശം ക്ഷണിച്ചുവരുത്തുന്നത്!”
20 എന്നാൽ അമസ്യ അതു ശ്രദ്ധിച്ചില്ല.+ കാരണം യഹൂദ ഏദോമ്യരുടെ ദൈവങ്ങളെ ആരാധിച്ചതുകൊണ്ട്+ അവരെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കാൻ ദൈവം തീരുമാനിച്ചിരുന്നു.+ 21 അതുകൊണ്ട് ഇസ്രായേൽരാജാവായ യഹോവാശ് അയാൾക്കു നേരെ വന്നു. യഹോവാശും യഹൂദാരാജാവായ അമസ്യയും യഹൂദയിലെ ബേത്ത്-ശേമെശിൽവെച്ച് ഏറ്റുമുട്ടി.+ 22 ഇസ്രായേൽ യഹൂദയെ തോൽപ്പിച്ചു. അങ്ങനെ അവർ ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക്* ഓടിപ്പോയി. 23 ഇസ്രായേൽരാജാവായ യഹോവാശ് യഹൂദാരാജാവായ യഹോവാഹാസിന്റെ* മകനായ യഹോവാശിന്റെ മകൻ അമസ്യയെ ബേത്ത്-ശേമെശിൽവെച്ച് പിടികൂടി. എന്നിട്ട് അമസ്യയെയുംകൊണ്ട് യരുശലേമിലേക്കു വന്ന് എഫ്രയീംകവാടം+ മുതൽ കോൺകവാടം+ വരെ 400 മുഴം* നീളത്തിൽ നഗരമതിൽ പൊളിച്ചുകളഞ്ഞു. 24 ഓബേദ്-ഏദോമിനെയും സത്യദൈവത്തിന്റെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന* മുഴുവൻ സ്വർണവും വെള്ളിയും ഉപകരണങ്ങളും യഹോവാശ് കൊണ്ടുപോയി.+ ചിലരെ ബന്ദികളായി പിടിക്കുകയും ചെയ്തു. എന്നിട്ട് ശമര്യയിലേക്കു മടങ്ങി.
25 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ+ യഹോവാശ്+ മരിച്ചുകഴിഞ്ഞ് 15 വർഷംകൂടെ യഹൂദാരാജാവായ യഹോവാശിന്റെ മകൻ അമസ്യ+ ജീവിച്ചിരുന്നു. 26 അമസ്യയുടെ ബാക്കി ചരിത്രം ആദിയോടന്തം യഹൂദയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 27 അമസ്യ യഹോവയെ വിട്ടുമാറിയപ്പോൾമുതൽ യരുശലേമിൽ ചിലർ അമസ്യക്കെതിരെ രഹസ്യക്കൂട്ടുകെട്ട് ഉണ്ടാക്കി.+ അമസ്യ അപ്പോൾ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ ലാഖീശിലേക്ക് ആളെ വിട്ട് അമസ്യയെ കൊന്നുകളഞ്ഞു. 28 അവർ അമസ്യയെ കുതിരപ്പുറത്ത് കയറ്റി തിരികെ കൊണ്ടുവന്ന് പൂർവികരോടൊപ്പം യഹൂദാനഗരത്തിൽ അടക്കം ചെയ്തു.