ദിനവൃത്താന്തം രണ്ടാം ഭാഗം
9 ശലോമോനെക്കുറിച്ച് കേട്ടറിഞ്ഞ ശേബയിലെ രാജ്ഞി,+ ശലോമോനെ പരീക്ഷിക്കാൻ കുഴപ്പിക്കുന്ന കുറെ ചോദ്യങ്ങളുമായി* യരുശലേമിലേക്കു വന്നു. പരിവാരങ്ങളോടൊപ്പം, ഒട്ടകപ്പുറത്ത് ധാരാളം സ്വർണവും+ അമൂല്യരത്നങ്ങളും സുഗന്ധതൈലവും കയറ്റി പ്രൗഢിയോടെയാണു രാജ്ഞി വന്നത്. രാജ്ഞി ശലോമോന്റെ സന്നിധിയിൽ ചെന്ന് ഹൃദയത്തിലുണ്ടായിരുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ശലോമോനോടു സംസാരിച്ചു.+ 2 രാജ്ഞിയുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം കൊടുത്തു. ഉത്തരം കൊടുക്കാൻ ശലോമോന് ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല.*
3 ശലോമോന്റെ ജ്ഞാനം,+ ശലോമോൻ പണിത ഭവനം,+ 4 മേശയിലെ വിഭവങ്ങൾ,+ ഭൃത്യന്മാരുടെ ഇരിപ്പിടക്രമീകരണങ്ങൾ, ഭക്ഷണം വിളമ്പുന്ന പരിചാരകരുടെ ഉപചാരങ്ങൾ, അവരുടെ വേഷഭൂഷാദികൾ, പാനപാത്രവാഹകർ, അവരുടെ വേഷഭൂഷാദികൾ, യഹോവയുടെ ഭവനത്തിൽ ശലോമോൻ പതിവായി അർപ്പിക്കുന്ന ദഹനബലികൾ+ എന്നിങ്ങനെയുള്ളതെല്ലാം നേരിട്ട് കണ്ടപ്പോൾ ശേബാരാജ്ഞി അമ്പരന്നുപോയി!* 5 രാജ്ഞി ശലോമോൻ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെയും* ജ്ഞാനത്തെയും കുറിച്ച് എന്റെ ദേശത്തുവെച്ച് കേട്ടതെല്ലാം സത്യമാണെന്ന് എനിക്കു ബോധ്യമായി. 6 പക്ഷേ ഇവിടെ വന്ന് ഇതെല്ലാം സ്വന്തം കണ്ണുകൊണ്ട് കാണുന്നതുവരെ ഞാൻ അതു വിശ്വസിച്ചില്ല.+ ഇതിന്റെ പാതിപോലും ഞാൻ കേട്ടിരുന്നില്ല എന്നതാണു വാസ്തവം!+ അങ്ങയുടെ ജ്ഞാനം ഞാൻ കേട്ടതിലും എത്രയോ അധികമാണ്!+ 7 അങ്ങയുടെ ജനവും അങ്ങയുടെ ജ്ഞാനം കേട്ടുകൊണ്ട് അങ്ങയുടെ സന്നിധിയിൽ നിത്യം നിൽക്കുന്ന ഭൃത്യന്മാരും എത്ര ഭാഗ്യവാന്മാർ! 8 അങ്ങയിൽ പ്രസാദിച്ച് അങ്ങയെ തനിക്കുവേണ്ടി തന്റെ സിംഹാസനത്തിൽ അവരോധിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിനെ സ്നേഹിക്കുന്നതുകൊണ്ടും+ അവർ എന്നും നിലനിൽക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആണ് നീതിയോടും ന്യായത്തോടും കൂടെ ഭരിക്കാൻ അങ്ങയുടെ ദൈവമായ യഹോവ അങ്ങയെ രാജാവായി നിയമിച്ചിരിക്കുന്നത്.”
9 പിന്നെ രാജ്ഞി ശലോമോൻ രാജാവിന് 120 താലന്തു* സ്വർണവും+ വളരെയധികം സുഗന്ധതൈലവും അമൂല്യരത്നങ്ങളും സമ്മാനിച്ചു. ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ചതുപോലുള്ള സുഗന്ധതൈലം പിന്നീട് ഒരിക്കലും ആരും കൊണ്ടുവന്നിട്ടില്ല.+
10 ഓഫീരിൽനിന്ന് സ്വർണം കൊണ്ടുവന്ന, ഹീരാമിന്റെയും+ ശലോമോന്റെയും ദാസന്മാർ അതോടൊപ്പം രക്തചന്ദനത്തടികളും അമൂല്യരത്നങ്ങളും കൊണ്ടുവന്നു.+ 11 രാജാവ് ആ രക്തചന്ദനത്തടികൊണ്ട് യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും+ ഗോവണിപ്പടികളും+ ഗായകർക്കു വേണ്ട കിന്നരങ്ങളും തന്ത്രിവാദ്യങ്ങളും നിർമിച്ചു.+ മുമ്പൊരിക്കലും അത്രയും നല്ല രക്തചന്ദനത്തടികൾ യഹൂദാദേശത്ത് കണ്ടിട്ടില്ല.
12 ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതും എല്ലാം ശലോമോൻ രാജാവ് കൊടുത്തു. രാജ്ഞി രാജാവിനു കൊടുത്തതിനെക്കാൾ കൂടുതൽ* രാജ്ഞിക്കു ലഭിച്ചു. പിന്നെ രാജ്ഞി ഭൃത്യന്മാരോടൊപ്പം സ്വദേശത്തേക്കു മടങ്ങിപ്പോയി.+
13 ശലോമോന് ഒരു വർഷം ലഭിക്കുന്ന സ്വർണത്തിന്റെ തൂക്കം 666 താലന്തായിരുന്നു.+ 14 കച്ചവടക്കാരും വ്യാപാരികളും കൊണ്ടുവന്നതിനു പുറമേയായിരുന്നു ഇത്. കൂടാതെ ഗവർണർമാരും എല്ലാ അറബിരാജാക്കന്മാരും ശലോമോനു സ്വർണവും വെള്ളിയും കൊണ്ടുവന്ന് കൊടുത്തു.+
15 സങ്കരസ്വർണംകൊണ്ട് ശലോമോൻ രാജാവ് 200 വലിയ പരിചകളും+ (ഓരോന്നിനും 600 ശേക്കെൽ* സങ്കരസ്വർണം വേണ്ടിവന്നു.)+ 16 കൂടാതെ 300 ചെറുപരിചകളും* (ഓരോന്നിനും മൂന്നു മിന* സ്വർണം വേണ്ടിവന്നു.) ഉണ്ടാക്കി. രാജാവ് അവ ലബാനോൻ-വനഗൃഹത്തിൽ സൂക്ഷിച്ചു.+
17 രാജാവ് ആനക്കൊമ്പുകൊണ്ട് ഒരു മഹാസിംഹാസനം പണികഴിപ്പിച്ച് തനിത്തങ്കംകൊണ്ട് അതു പൊതിഞ്ഞു.+ 18 സിംഹാസനത്തിലേക്ക് ആറു പടികളുണ്ടായിരുന്നു. സിംഹാസനത്തോടു ചേർത്ത് സ്വർണംകൊണ്ട് ഒരു പാദപീഠം പണിതിരുന്നു. ഇരിപ്പിടത്തിന്റെ ഇരുവശങ്ങളിലും കൈ വെക്കാനുള്ള താങ്ങുകളും ഉണ്ടായിരുന്നു. ആ താങ്ങുകളുടെ സമീപത്ത് രണ്ടു സിംഹങ്ങളെ ഉണ്ടാക്കിവെച്ചിരുന്നു.+ 19 കൂടാതെ ഓരോ പടിയുടെയും രണ്ട് അറ്റത്തും ഓരോ സിംഹം+ എന്ന കണക്കിൽ ആറു പടികളിലായി 12 സിംഹങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. മറ്റൊരു രാജ്യത്തും ഇതുപോലെ ഒന്നുണ്ടായിരുന്നില്ല. 20 ശലോമോൻ രാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണംകൊണ്ടും ലബാനോൻ-വനഗൃഹത്തിലെ ഉപകരണങ്ങളെല്ലാം തനിത്തങ്കംകൊണ്ടും ഉള്ളതായിരുന്നു. വെള്ളികൊണ്ട് ഉണ്ടാക്കിയ ഒന്നുമുണ്ടായിരുന്നില്ല. കാരണം ശലോമോന്റെ കാലത്ത് വെള്ളിക്കു തീരെ വിലയില്ലായിരുന്നു.+ 21 രാജാവിന്റെ കപ്പലുകൾ ഹീരാമിന്റെ ഭൃത്യന്മാരുമായി+ തർശീശിലേക്കു+ പോകുക പതിവായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവയുമായി മടങ്ങിവന്നിരുന്നു.
22 അങ്ങനെ ശലോമോൻ രാജാവ് ജ്ഞാനംകൊണ്ടും സമ്പത്തുകൊണ്ടും ഭൂമിയിലെ മറ്റെല്ലാ രാജാക്കന്മാരെക്കാളും മികച്ചുനിന്നു.+ 23 സത്യദൈവം ശലോമോനു നൽകിയ ജ്ഞാനം കേൾക്കാനായി ഭൂമിയിലെ എല്ലാ രാജാക്കന്മാരും ശലോമോനെ കാണാൻ ആഗ്രഹിച്ചു.+ 24 രാജാവിന്റെ അടുത്ത് വരുന്നവരെല്ലാം രാജാവിനു സ്വർണത്തിന്റെയും വെള്ളിയുടെയും വസ്തുക്കൾ, വസ്ത്രങ്ങൾ,+ ആയുധങ്ങൾ, സുഗന്ധതൈലം, കുതിരകൾ, കോവർകഴുതകൾ എന്നിങ്ങനെയുള്ള കാഴ്ചകൾ കൊണ്ടുവരുമായിരുന്നു. എല്ലാ വർഷവും ഇതു തുടർന്നു. 25 ശലോമോനു തന്റെ കുതിരകൾക്കും രഥങ്ങൾക്കും വേണ്ടി 4,000* ലായങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് 12,000 കുതിരകളുമുണ്ടായിരുന്നു.*+ രാജാവ് അവയെ രഥനഗരങ്ങളിലും യരുശലേമിൽ തന്റെ അടുത്തും സൂക്ഷിച്ചു.+ 26 യൂഫ്രട്ടീസ് നദിമുതൽ ഫെലിസ്ത്യരുടെ ദേശംവരെയും ഈജിപ്തിന്റെ അതിർത്തിവരെയും ഉള്ള എല്ലാ രാജാക്കന്മാരെയും ശലോമോൻ അടക്കിഭരിച്ചു.+ 27 ശലോമോൻ രാജാവ് വെള്ളിയെ കല്ലുകൾപോലെയും ദേവദാരുത്തടിയെ ഷെഫേലയിലെ അത്തി മരങ്ങൾപോലെയും യരുശലേമിൽ സുലഭമാക്കി.+ 28 അവർ ഈജിപ്തിൽനിന്നും മറ്റെല്ലാ ദേശങ്ങളിൽനിന്നും ശലോമോനുവേണ്ടി കുതിരകളെ കൊണ്ടുവരുമായിരുന്നു.+
29 ശലോമോന്റെ ബാക്കി ചരിത്രം+ ആദിയോടന്തം നാഥാൻ പ്രവാചകന്റെ പുസ്തകത്തിലും+ ശീലോന്യനായ അഹീയയുടെ പ്രവചനങ്ങളിലും+ നെബാത്തിന്റെ മകനായ യൊരോബെയാമിനെക്കുറിച്ച്+ ദിവ്യദർശിയായ ഇദ്ദൊയ്ക്ക്+ ഉണ്ടായ ദർശനങ്ങളുടെ രേഖയിലും വിവരിച്ചിട്ടുണ്ട്. 30 ശലോമോൻ യരുശലേമിലിരുന്ന് 40 വർഷം ഇസ്രായേൽ മുഴുവൻ ഭരിച്ചു. 31 പിന്നെ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. ശലോമോനെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു.+ ശലോമോന്റെ മകൻ രഹബെയാം അടുത്ത രാജാവായി.+