ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2022 Watch Tower Bible and Tract Society of Pennsylvania
മാർച്ച് 6-12
ദൈവവചനത്തിലെ നിധികൾ | 1 ദിനവൃത്താന്തം 23-26
“ശുദ്ധാരാധന കൂടുതൽ സംഘടിതമാകുന്നു”
it-2-E 241
ലേവ്യർ
ദാവീദിന്റെ കാലത്ത് ലേവ്യരുടെ സേവനങ്ങൾ ശരിക്കും സംഘടിപ്പിക്കപ്പെട്ടു. ദാവീദ് ലേവ്യർക്കിടയിൽനിന്ന് മേൽനോട്ടക്കാരെയും അധികാരികളെയും ന്യായാധിപന്മാരെയും കാവൽക്കാരെയും ധനകാര്യവിചാരകന്മാരെയും നിയമിച്ചു. വഴിപാടുകൾ, യാഗങ്ങൾ, ശുദ്ധീകരണവേല, അളവുതൂക്കം, മറ്റു കാവൽജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് ചില ലേവ്യരെ ആലയത്തിന്റെ മുറ്റങ്ങളിലും ഊണുമുറികളിലും നിയമിച്ചു. ചിലരെ പുരോഹിതന്മാരുടെ സഹായികളായും. പുരോഹിതശുശ്രൂഷ ചെയ്യുന്നവരെ തിരിച്ചതുപോലെ ലേവ്യരായ സംഗീതജ്ഞരെയും 24 കൂട്ടങ്ങളായി തിരിച്ചു. അവർ ഊഴമനുസരിച്ച് സേവിച്ചു. ഓരോരുത്തർക്കും നിയമനങ്ങൾ നിശ്ചയിച്ചിരുന്നതു നറുക്കിട്ടാണ്.—1ദിന 23, 25, 26; 2ദിന 35:3-5, 10.
it-2-E 686
പുരോഹിതൻ
പുരോഹിതന്മാരുടെ ജോലികൾക്കു മേൽനോട്ടം വഹിക്കാൻ അവരുടെ ഇടയിൽനിന്ന് ചിലരെ അധികാരികളായി നിയമിച്ചു. ചില പ്രത്യേക നിയമനങ്ങൾ നിശ്ചയിച്ചിരുന്നതു നറുക്കിട്ടാണ്. 24 കൂട്ടങ്ങളായി പുരോഹിതന്മാരെ തിരിച്ചിരുന്നു. വർഷത്തിൽ രണ്ടു പ്രാവശ്യം ഓരോ ആഴ്ച വീതം അവർക്കു നിയമനം ലഭിച്ചിരുന്നു. എങ്കിലും ആയിരക്കണക്കിന് യാഗങ്ങൾ അർപ്പിച്ചിരുന്ന ഉത്സവകാലങ്ങളിൽ എല്ലാ പുരോഹിതന്മാരും സേവിച്ചിരുന്നു. (1ദിന 24:1-18, 31; 2ദിന 5:11; 2ദിന 29:31-35-ഉം 30:23-25-ഉം 35:10-19-ഉം താരതമ്യം ചെയ്യുക.)
w94 5/1 10-11 ¶8
സംഗീതം
വാസ്തവത്തിൽ, ആലയത്തിലെ ആരാധനയുടെ ഒരു പ്രധാന ഭാഗമായിരുന്നു ഗാനാലാപനം, കാരണം സംഗീതസേവനത്തിനുവേണ്ടി 4,000 ലേവ്യരെയായിരുന്നു നിയമിച്ചിരുന്നത്. (1 ദിനവൃത്താന്തം 23:4, 5) ഇവർ ഗായകരെ അനുഗമിച്ചിരുന്നു. സംഗീതത്തിന്, വിശേഷിച്ച് ഗായകർക്ക് ആരാധനയിൽ ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നു. ന്യായപ്രമാണത്തിന്റെ ഘനമേറിയ കാര്യങ്ങൾ ആളുകളുടെ മനസ്സിൽ അവശ്യം പതിപ്പിക്കാനായിരുന്നില്ല, പകരം ആരാധനയ്ക്കുവേണ്ടിയുള്ള ഒരു ശരിയായ ആത്മാവിനെ പ്രദാനം ചെയ്യാനായിരുന്നു. ആവേശത്തോടെ, ഉൻമേഷത്തോടെ യഹോവയെ ആരാധിക്കാൻ ഇത് ഇസ്രായേല്യരെ സഹായിച്ചു. ഈ സ്വഭാവവിശേഷത്തിനു നൽകപ്പെട്ട വിശദമായ തയ്യാറെടുപ്പും അതിനുകൊടുത്ത ശ്രദ്ധയും എന്തുമാത്രമെന്നു നോക്കുക: “യഹോവെക്കു സംഗീതം ചെയ്വാൻ അഭ്യാസം പ്രാപിച്ച നിപുണൻമാരായവരുടെ സകലസഹോദരൻമാരുമായി അവരുടെ സംഖ്യ ഇരുനൂറെറൺപത്തെട്ടു.” (1 ദിനവൃത്താന്തം 25:7) യഹോവക്കു സ്തുതികളാലപിക്കുന്ന കാര്യം അവർ എത്ര ഗൗരവമായി എടുത്തുവെന്നു കുറിക്കൊള്ളുക. സംഗീതത്തിൽ അവർക്കു പരിശീലനം ലഭിച്ചിരുന്നു, അവർ അതിൽ നിപുണരുമായിരുന്നു.
it-1-E 898
കാവൽക്കാർ
ആലയത്തിൽ. ദാവീദിന്റെ കാലത്ത് 4,000 കാവൽക്കാരുണ്ടായിരുന്നു. അവരെ പല കൂട്ടങ്ങളായി തിരിച്ചിരുന്നു. ഓരോ കൂട്ടവും ഏഴു ദിവസത്തേക്കാണു സേവിച്ചിരുന്നത്. യഹോവയുടെ ഭവനത്തിന്റെ സംരക്ഷണച്ചുമതല അവർക്കായിരുന്നു. യഥാസമയങ്ങളിൽ വാതിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടതും അവരായിരുന്നു. (1ദിന 9:23-27; 23:1-6) ഇതിനു പുറമേ ചില കാവൽക്കാർ ജനം ആലയത്തിൽ കൊണ്ടുവന്നിരുന്ന പണം ശേഖരിക്കുകയും ചെയ്തിരുന്നു. (2രാജ 12:9; 22:4) ചില സമയങ്ങളിൽ ഈ കാവൽക്കാർക്ക് ചില പ്രത്യേക നിയമനങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു സന്ദർഭത്തിൽ, ദുഷ്ടരാജ്ഞിയായ അഥല്യയുടെ കൈയിൽനിന്ന് യഹോവാശിനെ സംരക്ഷിക്കാൻ ആലയത്തിന്റെ കവാടങ്ങളിൽ ഇവർ കാവൽ നിന്നു. (2രാജ 11:4-8) പിന്നീട്, യോശിയ രാജാവ് വിഗ്രഹാരാധന തുടച്ചുനീക്കിയപ്പോൾ ബാലാരാധനയോടു ബന്ധപ്പെട്ട് ആലയത്തിലുള്ളതെല്ലാം നീക്കം ചെയ്യാൻ കാവൽക്കാർ സഹായിച്ചു.—2 രാജ 23:4.
ആത്മീയരത്നങ്ങൾ
സത്യാരാധന നമ്മുടെ സന്തോഷം വർധിപ്പിക്കും
10 സഹോദരങ്ങളോടൊപ്പം പാട്ടു പാടുമ്പോൾ നമ്മൾ യഹോവയെ ആരാധിക്കുകയാണ്. (സങ്കീ. 28:7) ഇസ്രായേല്യരുടെ ആരാധനയിൽ പാട്ടിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ദേവാലയത്തിൽ പാട്ടു പാടാൻ ദാവീദ് രാജാവ് 288 ലേവ്യരെയാണു നിയമിച്ചിരുന്നത്. (1 ദിന. 25:1, 6-8) ഇന്നും സ്തുതിഗീതങ്ങൾ പാടിക്കൊണ്ട് ദൈവത്തെ എത്രമാത്രം സ്നേഹിക്കുന്നെന്നു നമുക്കു കാണിക്കാനാകും. അതിനു നമ്മൾ നല്ല പാട്ടുകാരായിരിക്കണം എന്നൊന്നും ഇല്ല. ഇങ്ങനെയൊന്നു ചിന്തിച്ചുനോക്കൂ: സംസാരിക്കുമ്പോൾ നമുക്കെല്ലാം ‘തെറ്റു പറ്റാറുണ്ടല്ലോ.’ (യാക്കോ. 3:2) എന്നു കരുതി സഭയിലായിരിക്കുമ്പോഴോ പ്രസംഗപ്രവർത്തനം ചെയ്യുമ്പോഴോ നമ്മൾ മിണ്ടാതിരിക്കുന്നുണ്ടോ? ഇല്ലല്ലോ. അതുപോലെ, ശബ്ദം കൊള്ളില്ലെന്നോ നന്നായി പാടാൻ അറിയില്ലെന്നോ തോന്നിയാൽപ്പോലും നമുക്ക് യഹോവയ്ക്കുള്ള സ്തുതിഗീതങ്ങൾ പാടാനാകും.
മാർച്ച് 13-19
ദൈവവചനത്തിലെ നിധികൾ | 1 ദിനവൃത്താന്തം 27-29
“ഒരു അപ്പൻ മകനു കൊടുത്ത സ്നേഹത്തോടെയുള്ള ഉപദേശം”
w05 2/15 19 ¶9
ക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടുന്നതിനുള്ള നമ്മുടെ പദവി കാത്തുസൂക്ഷിക്കുക
9 ബൈബിൾ സത്യം സ്വയം ബോധ്യപ്പെടുത്തുക. നാം യഹോവയുടെ ദാസരാണെന്ന ബോധം, തിരുവെഴുത്തു പരിജ്ഞാനത്തിൽ അടിയുറച്ചതല്ലെങ്കിൽ അതു ക്ഷയിച്ചുപോയേക്കാം. (ഫിലിപ്പിയർ 1:9, 10) ചെറുപ്പക്കാരനോ പ്രായംചെന്നയാളോ ആരുമാകട്ടെ, ഓരോ ക്രിസ്ത്യാനിയും താൻ വിശ്വസിക്കുന്നതു ബൈബിളിൽ കാണുന്ന സത്യംതന്നെയാണെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്. പൗലൊസ് സഹവിശ്വാസികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.” (1 തെസ്സലൊനീക്യർ 5:21) ദൈവഭയമുള്ള കുടുംബങ്ങളിൽ വളർന്നുവരുന്ന യുവക്രിസ്ത്യാനികൾ, മാതാപിതാക്കൾ ക്രിസ്ത്യാനികളായതുകൊണ്ടുമാത്രം തങ്ങൾ യഥാർഥ ക്രിസ്ത്യാനികൾ ആകുകയില്ലെന്നു മനസ്സിൽപ്പിടിക്കേണ്ടതുണ്ട്. ദാവീദ് തന്റെ പുത്രനായ ശലോമോന് ഈ ഉദ്ബോധനം നൽകി: “നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കുകയും ചെയ്ക.” (1 ദിനവൃത്താന്തം 28:9) യുവാവായ ശലോമോൻ, തന്റെ പിതാവ് യഹോവയിൽ വിശ്വാസം പടുത്തുയർത്തുന്നത് എങ്ങനെയെന്നു നിരീക്ഷിച്ചാൽമാത്രം പോരായിരുന്നു. അവൻ സ്വയം യഹോവയെ അറിയണമായിരുന്നു, അതുതന്നെയാണ് അവൻ ചെയ്തതും. അവൻ ദൈവത്തോട് ഇങ്ങനെ യാചിച്ചു: “ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ.”—2 ദിനവൃത്താന്തം 1:10.
w12 4/15 16 ¶13
യഹോവയെ സേവിക്കുക, പൂർണഹൃദയത്തോടെ
13 നമുക്കുള്ള പാഠം വ്യക്തമാണ്. ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതും വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതും പോലുള്ള സംതൃപ്തിദായകമായ പ്രവർത്തനങ്ങളിൽ ക്രമമായി ഏർപ്പെടുന്നത് പ്രശംസാർഹമാണെങ്കിലും യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുന്നതിൽ അവ മാത്രമല്ല ഉൾപ്പെടുന്നത്. (2 ദിന. 25:1, 2, 27) ഒരു ക്രിസ്ത്യാനി ‘തിരിഞ്ഞുനോക്കുന്നെങ്കിൽ,’ അതായത് ഉള്ളിന്റെ ഉള്ളിൽ ലോകത്തിന്റേതായ ചില രീതികളെ സ്നേഹിക്കുന്നെങ്കിൽ, ദൈവവുമായുള്ള ആ വ്യക്തിയുടെ ബന്ധം അപകടത്തിലാണ്. (ലൂക്കോ. 17:32) എല്ലാ അർഥത്തിലും ‘ദോഷത്തെ വെറുത്ത് നല്ലതിനോടു പറ്റിനിൽക്കുന്നെങ്കിൽ’ മാത്രമേ നാം “ദൈവരാജ്യത്തിനു കൊള്ളാവുന്ന”വരാകൂ. (റോമ. 12:9; ലൂക്കോ. 9:62) അതുകൊണ്ട്, പൂർണഹൃദയത്തോടെ രാജ്യതാത്പര്യങ്ങൾ അന്വേഷിക്കുന്നതിൽനിന്ന് നമ്മെ തടയാൻ സാത്താന്റെ ലോകത്തിലെ ഒന്നിനെയും—അത് എത്ര ഉപകാരപ്രദമോ സന്തോഷപ്രദമോ ആണെന്നു തോന്നിയാലും—അനുവദിക്കില്ലെന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുണ്ട്.—2 കൊരി. 11:14; ഫിലിപ്പിയർ 3:13, 14 വായിക്കുക.
ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്
20 ദേവാലയത്തിന്റെ നിർമാണത്തിലുടനീളം യഹോവ കൂടെയുണ്ടായിരിക്കുമെന്നു ദാവീദ് രാജാവ് ശലോമോനെ ഓർമിപ്പിച്ചു. (1 ദിന. 28:20) പിതാവിന്റെ ആ വാക്കുകൾ ശലോമോന്റെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിഞ്ഞു. അതുകൊണ്ട് പ്രായക്കുറവോ അനുഭവപരിചയമില്ലായ്മയോ തന്നെ തടയാൻ ശലോമോൻ അനുവദിച്ചില്ല. അദ്ദേഹം നല്ല ധൈര്യത്തോടെ കാര്യങ്ങൾ ചെയ്തു. യഹോവയുടെ സഹായത്തോടെ ഏഴര വർഷംകൊണ്ട് പ്രൗഢഗംഭീരമായ ഒരു ആലയം പണികഴിപ്പിച്ചു.
21 ശലോമോനെ സഹായിച്ചതുപോലെ, ധൈര്യത്തോടെ കുടുംബത്തിലെയും സഭയിലെയും ഉത്തരവാദിത്വങ്ങൾ ചെയ്യാൻ യഹോവ നമ്മളെയും സഹായിക്കും. (യശ. 41:10, 13) ധൈര്യത്തോടെ യഹോവയെ സേവിക്കുമ്പോൾ ഇപ്പോഴും ഭാവിയിലും അനുഗ്രഹങ്ങൾ സുനിശ്ചിതമാണ്. അതുകൊണ്ട് നമ്മളോടുള്ള ആഹ്വാനം ഇതാണ്: ധൈര്യത്തോടെ പ്രവർത്തിക്കുക!
ആത്മീയരത്നങ്ങൾ
ഒരു യഥാർഥ സുഹൃത്തായിരിക്കുക—സൗഹൃദത്തിനു ഭീഷണി നേരിടുമ്പോഴും
ബുദ്ധിമുട്ടേറിയ സമയങ്ങളിൽ വിട്ടുപോകാതെ ഒപ്പം നിന്ന മറ്റു സുഹൃത്തുക്കളും ദാവീദിനുണ്ടായിരുന്നു. അവരിൽ ഒരാളാണു ഹൂശായി. ബൈബിൾ അദ്ദേഹത്തെ “ദാവീദിന്റെ കൂട്ടുകാരൻ” എന്നു വിളിക്കുന്നു. (2 ശമു. 16:16; 1 ദിന. 27:33) ഒരുപക്ഷേ ഹൂശായി കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരിക്കാം. രാജാവിന്റെ ആത്മമിത്രമായിരുന്ന അദ്ദേഹമാണു രഹസ്യസ്വഭാവമുള്ള ചില രാജകല്പനകൾ നടപ്പാക്കിയിരുന്നത്.
ദാവീദിന്റെ മകനായ അബ്ശാലോം സിംഹാസനം തട്ടിയെടുത്തപ്പോൾ പല ഇസ്രായേല്യരും അബ്ശാലോമിന്റെ കൂടെക്കൂടി. പക്ഷേ ഹൂശായി അങ്ങനെ ചെയ്തില്ല. ദാവീദ് പലായനം ചെയ്തപ്പോൾ ഹൂശായി ദാവീദിന്റെ അടുത്ത് ചെന്നു. സ്വന്തം മകനും താൻ വിശ്വസിച്ച കുറെ പേരും ചേർന്ന് തന്നെ ചതിച്ചതു ദാവീദിന്റെ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ചു. എന്നാൽ ഹൂശായി വിശ്വസ്തനായി തുടർന്നു. ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും ഹൂശായി, ശത്രുക്കളുടെ ഗൂഢാലോചന തകർക്കാനുള്ള ഒരു ദൗത്യം ഏറ്റെടുത്തു. ഒരു കൊട്ടാരോദ്യോഗസ്ഥന്റെ കടമയെന്നപോലെയല്ല അദ്ദേഹം അതു ചെയ്തത്. ദാവീദിന്റെ ഒരു വിശ്വസ്തസുഹൃത്താണു താനെന്നു ഹൂശായി തെളിയിച്ചു.—2 ശമു. 15:13-17, 32-37; 16:15–17:16.
മാർച്ച് 20-26
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 1-4
“ശലോമോൻ രാജാവ് തെറ്റായ തീരുമാനമെടുക്കുന്നു”
it-1-E 174 ¶5
സൈന്യം
സൈന്യബലം വർധിപ്പിക്കുന്നതിന് എണ്ണമറ്റ കുതിരകളെയും രഥങ്ങളെയും സമ്പാദിച്ച ആദ്യത്തെ രാജാവായിരുന്നു ശലോമോൻ. ഭൂരിപക്ഷം കുതിരകളെയും ഈജിപ്തിൽനിന്ന് കൊണ്ടുവന്നതായിരുന്നു. ഈ കുതിരകളെയും രഥങ്ങളെയും സൂക്ഷിക്കുന്നതിന് ഇസ്രായേലിൽ കൂടുതൽ നഗരങ്ങൾ പണിയണമായിരുന്നു. (1രാജ 4:26; 9:19; 10:26, 29; 2ദിന 1:14-17) പക്ഷേ യഹോവ ശലോമോന്റെ ഈ പദ്ധതിയെ അനുഗ്രഹിച്ചില്ല.—യശ 31:1.
it-1-E 427
രഥങ്ങൾ
ശലോമോന്റെ ഭരണത്തിനു മുമ്പ് ഇസ്രായേലിൽ യുദ്ധത്തിനുവേണ്ടി അധികം രഥങ്ങളൊന്നുമില്ലായിരുന്നു. രാജാവ് അനവധി കുതിരകളെ സമ്പാദിക്കരുതെന്ന ദൈവത്തിന്റെ മുന്നറിയിപ്പായിരുന്നു അതിന്റെ ഒരു പ്രധാന കാരണം. ഒരു രാജാവ് ഒരുപാട് കുതിരകളെ സമ്പാദിച്ചാൽ അതിന് അർഥം രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി അദ്ദേഹം ആശ്രയിക്കുന്നതു കുതിരകളിലാണെന്നു വരും. കുതിരകൾ കുറവാണെങ്കിൽ സ്വഭാവികമായും രഥങ്ങളും കുറവായിരിക്കും. കാരണം രഥങ്ങൾ വലിച്ചിരുന്നതു കുതിരകളാണല്ലോ. (ആവ 17:16)
സൈന്യബലം വർധിപ്പിച്ചപ്പോൾ, ശലോമോൻ രാജാവ് രഥങ്ങളുടെ എണ്ണം 1,400 വരെ കൂട്ടി. (1രാജ 10:26, 29; 2ദിന 1:14, 17) കുതിരകളെയും രഥങ്ങളെയും സൂക്ഷിച്ചിരുന്ന യരുശലേമും മറ്റു നഗരങ്ങളും രഥനഗരങ്ങളായി അറിയപ്പെട്ടു. അവയെ സൂക്ഷിക്കുന്നതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും അവിടെയുണ്ടായിരുന്നു.—1രാജ 9:19, 22; 2ദിന 8:6, 9; 9:25.
ആത്മീയരത്നങ്ങൾ
w05 12/1 19 ¶6
രണ്ടു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
1:11, 12. തന്റെ ആത്മാർഥ ആഗ്രഹം, വിവേകവും ജ്ഞാനവും സമ്പാദിക്കുക എന്നതാണെന്ന് യഹോവയോടുള്ള ശലോമോന്റെ അപേക്ഷ വെളിപ്പെടുത്തി. ദൈവത്തോടുള്ള നമ്മുടെ പ്രാർഥനകളും, നമ്മുടെ ഹൃദയത്തിലുള്ളത് എന്താണെന്നു വെളിപ്പെടുത്തുന്നു. അതുകൊണ്ട് നമ്മുടെ പ്രാർഥനയുടെ ഉള്ളടക്കം എന്താണെന്നു വിലയിരുത്തുന്നതു ജ്ഞാനമാണ്.
മാർച്ച് 27–ഏപ്രിൽ 2
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 5-7
“എന്റെ ഹൃദയം എപ്പോഴും ഇവിടെയുണ്ടായിരിക്കും”
w02 11/15 5 ¶1
ഒരുമിച്ചു കൂടുന്നതിൽ വീഴ്ച വരുത്തരുത്
പിന്നീട് ദാവീദ് യെരൂശലേമിൽ രാജാവായിരുന്ന കാലത്ത്, യഹോവയുടെ മഹത്ത്വത്തിനായി സ്ഥിരമായ ഒരു ആലയം പണിയാൻ അവൻ അതിയായി ആഗ്രഹിച്ചു. എന്നാൽ, ദാവീദ് ഒരു യോദ്ധാവായതിനാൽ യഹോവ അവനോട് പറഞ്ഞു: “നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു.” പകരം, ആലയം നിർമിക്കാനായി ദാവീദിന്റെ മകനായ ശലോമോനെ യഹോവ തിരഞ്ഞെടുത്തു. (1 ദിനവൃത്താന്തം 22:6-10) ഏഴര വർഷത്തെ നിർമാണത്തിനുശേഷം പൊ.യു.മു 1026-ൽ ശലോമോൻ ആലയത്തിന്റെ സമർപ്പണം നടത്തി. ഇപ്രകാരം പറഞ്ഞുകൊണ്ട് യഹോവ ഈ ആലയത്തിന്മേലുള്ള തന്റെ അംഗീകാരം പ്രകടമാക്കി: “നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.” (1 രാജാക്കന്മാർ 9:3) ഇസ്രായേല്യർ വിശ്വസ്തരായിരിക്കുന്നിടത്തോളം കാലം ആ ആലയത്തിന് യഹോവയുടെ പ്രീതി ഉണ്ടായിരിക്കുമായിരുന്നു. എന്നാൽ, ശരി ചെയ്യുന്നതിൽനിന്ന് അവർ പിന്തിരിഞ്ഞാൽ യഹോവ തന്റെ പ്രീതി പിൻവലിക്കുകയും ആ ‘ആലയം നാശക്കൂമ്പാരമായിത്തീരുകയും’ ചെയ്യുമായിരുന്നു.—1 രാജാക്കന്മാർ 9:4-9, പി.ഒ.സി. ബൈ; 2 ദിനവൃത്താന്തം 7:16, 19, 20.
it-2-E 1077-1078
ആലയം
ചരിത്രം. ഇസ്രായേല്യർ യഹോവയെ ഉപേക്ഷിച്ച ചില സന്ദർഭങ്ങളിൽ, ആലയത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കാൻ യഹോവ മറ്റു രാഷ്ട്രങ്ങളെ അനുവദിച്ചു. ഉദാഹരണത്തിന് ശലോമോന്റെ മകനായ രഹബെയാം രാജാവിന്റെ ഭരണകാലത്ത്, ഈജിപ്തിലെ രാജാവായ ശീശക്ക്, ആലയത്തിലെ വിലയേറിയ വസ്തുക്കളെല്ലാം എടുത്തുകൊണ്ടുപോയി. ബി.സി. 993-ലായിരുന്നു അത്. ആലയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഏകദേശം 33 വർഷമേ ആയിരുന്നുള്ളൂ അപ്പോൾ. (1രാജ 14:25, 26; 2ദിന 12: 9) പിന്നീട് ബി.സി. 607-ൽ, നെബൂഖദ്നേസർ രാജാവിന്റെ കീഴിലെ ബാബിലോൺ സൈന്യം ആലയം പൂർണമായും നശിപ്പിച്ചു. (2രാജ 25:9; 2ദിന 36:19; യിര 52:13)
ആത്മീയരത്നങ്ങൾ
w11 4/1 19 ¶7
“മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്ന”വൻ
ശലോമോൻ നടത്തിയ പ്രാർഥനയിൽനിന്ന് നമുക്കും ആശ്വാസം കൈക്കൊള്ളാനാകും. നമ്മുടെ ഉള്ളിലെ വ്യഥയും വേദനയും സഹമനുഷ്യർക്ക് മുഴുവനായി മനസ്സിലായെന്നുവരില്ല. (സദൃശവാക്യങ്ങൾ 14:10) എന്നാൽ യഹോവ നമ്മുടെ ഹൃദയങ്ങൾ കാണുന്നുണ്ട്; അവൻ നമുക്കായി കരുതുകയും ചെയ്യുന്നു. അവന്റെ സന്നിധിയിൽ ഹൃദയം പകരുന്നത് ദുഃഖഭാരം ലഘൂകരിക്കാൻ നമ്മെ സഹായിക്കും. “അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ” എന്ന് ബൈബിൾ നമ്മോട് ആവശ്യപ്പെടുന്നു.—1 പത്രോസ് 5:7.
ഏപ്രിൽ 10-16
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 8-9
“ആ രാജ്ഞി ജ്ഞാനത്തിനു വലിയ വില കല്പിച്ചു”
w99 11/1 20 ¶4
ദാനശീലം കരകവിഞ്ഞ് ഒഴുകുമ്പോൾ
തീർച്ചയായും, ശലോമോനെ സന്ദർശിക്കാനായി വളരെയേറെ സമയവും ശ്രമവും ചെലവഴിച്ചുകൊണ്ടും ശെബാരാജ്ഞി വലിയൊരു ത്യാഗം ചെയ്തു. ഇന്നത്തെ റിപ്പബ്ലിക് ഓഫ് യമൻ സ്ഥിതി ചെയ്യുന്നിടത്ത് ആയിരുന്നിരിക്കണം ശെബാ രാജ്യം. ആയതിനാൽ യെരൂശലേമിൽ എത്താൻ രാജ്ഞിയും ഒട്ടകക്കൂട്ടവും ഏതാണ്ട് 1,600 കിലോമീറ്റർ യാത്ര ചെയ്തിട്ടുണ്ടാകണം. യേശു പറഞ്ഞതുപോലെ, അവൾ “ഭൂമിയുടെ അറുതികളിൽനിന്നു വന്നു.” ശെബാരാജ്ഞി ഇത്രയേറെ ശ്രമം ചെയ്തത് എന്തിനാണ്? അവൾ വന്നത് മുഖ്യമായും “ശലോമോന്റെ ജ്ഞാനം കേൾപ്പാ”നാണ്.—ലൂക്കൊസ് 11:31.
w99 7/1 30 ¶4-5
പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം
അത് എന്തായിരുന്നാലും, രാജ്ഞി “അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു.” (1 രാജാക്കന്മാർ 10:2എ) “അതിമഹത്തായ പരിവാര”ത്തിൽ സായുധ അകമ്പടി ഉൾപ്പെട്ടിരുന്നു എന്നാണ് ചിലർ പറയുന്നത്. രാജ്ഞി ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന ഒരു പ്രൗഢവനിത ആയിരുന്നു എന്നതും അവർ കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കളുമായി യാത്ര ചെയ്യുകയായിരുന്നു എന്നതും കണക്കിലെടുത്താൽ ഇതു മനസ്സിലാക്കാവുന്നതേ ഉള്ളൂ.
എന്നിരുന്നാലും, “യഹോവയെ സംബന്ധിച്ചു ശലോമോനുള്ള കീർത്തി” രാജ്ഞി കേട്ടു എന്നത് ശ്രദ്ധിക്കുക. അതുകൊണ്ട്, ഇതു വെറുമൊരു വ്യാപാര സംബന്ധമായ യാത്ര അല്ലായിരുന്നു. രാജ്ഞിയുടെ ആഗമനത്തിന്റെ മുഖ്യോദ്ദേശ്യം ശലോമോന്റെ ജ്ഞാനം കേൾക്കുക— ഒരുപക്ഷേ അദ്ദേഹത്തിന്റെ ദൈവമായ യഹോവയെക്കുറിച്ചു പോലും എന്തെങ്കിലും അറിയുക—എന്നതായിരുന്നു എന്നു വ്യക്തമാണ്. യഹോവയെ ആരാധിച്ചിരുന്ന ശേമിന്റെയോ ഹാമിന്റെയോ വംശത്തിൽ പിറന്നവൾ ആയിരുന്നിരിക്കാൻ ഇടയുള്ളതുകൊണ്ട്, തന്റെ പൂർവികരുടെ മതത്തെക്കുറിച്ച് അറിയാൻ അവൾ ജിജ്ഞാസു ആയിരുന്നിരിക്കാം.
w99 7/1 30-31
പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം
ശലോമോന്റെ ജ്ഞാനവും അവന്റെ രാജ്യത്തിന്റെ ഐശ്വര്യവും കണ്ട ശെബയിലെ രാജ്ഞിക്കു വളരെയേറെ മതിപ്പു തോന്നി, വാസ്തവത്തിൽ അവൾ “അമ്പരന്നു” പോകുകതന്നെ ചെയ്തു. (1 രാജാക്കന്മാർ 10:4, 5) ഈ പ്രയോഗത്തെ ചിലർ “ശ്വാസോച്ഛ്വാസം നിലച്ചുപോയി” എന്ന അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. രാജ്ഞിക്കു മോഹാലസ്യമുണ്ടായെന്നു പോലും ഒരു പണ്ഡിതൻ പറയുന്നു! സംഭവിച്ചത് എന്തുതന്നെ ആയിരുന്നാലും രാജ്ഞി കണ്ടതും കേട്ടതുമായ കാര്യങ്ങൾ അവളെ അതിശയിപ്പിച്ചു. രാജാവിന്റെ ജ്ഞാനം കേൾക്കുന്ന അവന്റെ ഭൃത്യന്മാർ സന്തുഷ്ടരാണെന്നു പറഞ്ഞ അവൾ, ശലോമോനെ രാജാവാക്കിയതിനെ പ്രതി യഹോവയെ സ്തുതിച്ചു. പിന്നെ അവൾ രാജാവിന് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. ഇന്നത്തെ വിലയനുസരിച്ച് അവൾ നൽകിയ സ്വർണത്തിനു മാത്രം ഏതാണ്ട് 4,00,00,000 ഡോളർ വില വരും. “അവൾ ആഗ്രഹിച്ചു ചോദിച്ചതെല്ലാം” രാജ്ഞിക്കു നൽകിക്കൊണ്ട് ശലോമോനും സമ്മാനങ്ങൾ കൊടുത്തു.—1 രാജാക്കന്മാർ 10:6-13.
w95 9/1 11 ¶12
ശലോമോൻ
ശലോമോനെ സന്ദർശിച്ച പ്രമുഖരുടെ കൂട്ടത്തിൽ ശേബാരാജ്ഞിയുമുണ്ടായിരുന്നു. ജനതയെയും അതിന്റെ രാജാവിനെയും യഹോവ അനുഗ്രഹിച്ചിരിക്കുന്നതു സ്വയം കണ്ടുമനസ്സിലാക്കിയ അവർ പറഞ്ഞു: “നിന്റെ ദൈവമായ യഹോവെക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.”—2 ദിനവൃത്താന്തം 9:8.
ആത്മീയരത്നങ്ങൾ
it-2-E 1097
സിംഹാസനം
ശലോമോൻ രാജാവിന്റെ സിംഹാസനത്തെക്കുറിച്ച് മാത്രമേ ബൈബിളിൽ വിശദമായി വിവരിച്ചിട്ടുള്ളൂ. (1രാജ 10:18-20; 2ദിന 9:17-19) സിംഹാസനത്തിലേക്കുള്ള ആറു പടികളെക്കുറിച്ച് പറഞ്ഞശേഷം, വിവരണം പറയുന്നു: “ഓരോ പടിയുടെയും രണ്ട് അറ്റത്തും ഓരോ സിംഹം എന്ന കണക്കിൽ ആറു പടികളിലായി 12 സിംഹങ്ങൾ നിൽക്കുന്നുണ്ടായിരുന്നു.” (2ദിന 9:17-19) ഒരു രാജാവ് എന്ന നിലയിൽ ശലോമോനുള്ള അധികാരത്തെയാണ് സിംഹങ്ങൾ പ്രതീകപ്പെടുത്തിയത്. (ഉൽ 49:9, 10; വെളി 5:5) ഇസ്രായേലിന്റെ 12 ഗോത്രങ്ങളെയും ഈ സിംഹാസനത്തിലിരുന്ന് ഭരിക്കുന്ന വ്യക്തിക്ക് അവർ കൊടുക്കുന്ന കീഴ്പെടലിനെയും ആയിരിക്കാം 12 സിംഹങ്ങൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ 17-23
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 10-12
“ജ്ഞാനമുള്ള ഉപദേശത്തിന്റെ പ്രയോജനം”
ദൈവത്തിന്റെ പ്രീതി ലഭിക്കാമായിരുന്നു, പക്ഷേ. . .
ഒരു കെണിയിൽ അകപ്പെട്ടതുപോലെ രഹബെയാമിനു തോന്നിക്കാണും. ജനങ്ങളുടെ ആവശ്യങ്ങൾ അനുവദിച്ചാൽ അവരുടെ ഭാരം കുറച്ചുകൊടുക്കണം. അപ്പോൾ രാജാവും രാജകുടുംബവും കൊട്ടാരത്തിലുള്ളവരും ഇപ്പോൾ അനുഭവിക്കുന്ന കുറെ ആഡംബരങ്ങൾ വേണ്ടെന്നുവെക്കേണ്ടിവരും. അതേസമയം, ആവശ്യങ്ങൾ നിരാകരിച്ചാൽ ജനങ്ങൾ ഭരണത്തിന് എതിരെ തിരിയാനുള്ള സാധ്യതയുണ്ടായിരുന്നു. ഇപ്പോൾ രഹബെയാം എന്തു ചെയ്യും? അദ്ദേഹം ആദ്യം ശലോമോന്റെ ഉപദേഷ്ടാക്കളായിരുന്ന പ്രായമുള്ള ആളുകളോട് അഭിപ്രായം ചോദിക്കുന്നു. എന്നാൽ പിന്നീട് തന്റെ പ്രായക്കാരായ ചെറുപ്പക്കാരുടെ ഉപദേശവും തേടുന്നു. ചെറുപ്പക്കാരുടെ ഉപദേശമനുസരിച്ച് രഹബെയാം ജനത്തോടു കർശനമായി ഇടപെടാൻ തീരുമാനിക്കുന്നു. അദ്ദേഹം ജനത്തിന് ഇങ്ങനെ മറുപടി കൊടുക്കുന്നു: “ഞാൻ നിങ്ങളുടെ നുകം കഠിനമാക്കും. ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട് ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് ശിക്ഷിക്കും.”—2 ദിന. 10:6-14.
w01 9/1 29
നിങ്ങൾക്ക് എങ്ങനെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും?
നമ്മുടെ തീരുമാനങ്ങളെ കുറിച്ച് നമുക്കു ചർച്ച ചെയ്യാൻ കഴിയുന്ന പക്വതയുള്ള വ്യക്തികളെയും യഹോവ നമുക്ക് സഭയിൽ പ്രദാനം ചെയ്തിട്ടുണ്ട്. (എഫെസ്യർ 4:11, 12) എന്നാൽ മാർഗനിർദേശം തേടുമ്പോൾ, ഓരോരുത്തരുടെ അടുക്കൽ മാറിമാറി ചെല്ലുകയും ഒടുവിൽ തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച തരത്തിലുള്ള ഉപദേശം നൽകുന്ന ഒരാളെ കണ്ടെത്തി അയാൾ പറയുന്നത് അനുസരിക്കുകയും ചെയ്യുന്ന ചിലരെ പോലെ ആയിരിക്കരുത് നാം. രെഹബെയാമിന്റെ മുന്നറിയിപ്പിൻ ദൃഷ്ടാന്തവും നാം ഓർമിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഒരു തീരുമാനം എടുക്കേണ്ടിവന്നപ്പോൾ, അവന്റെ പിതാവിനോടൊപ്പം സേവിച്ച പ്രായമേറിയ പുരുഷന്മാർ അവനു വളരെ നല്ല ഉപദേശം നൽകി. എന്നാൽ അതു പിൻപറ്റാതെ അവൻ തന്നോടൊപ്പം വളർന്നുവന്ന ചെറുപ്പക്കാരുടെ ഉപദേശം തേടി. അവരുടെ ഉപദേശം പിൻപറ്റിക്കൊണ്ട് അവൻ ബുദ്ധിശൂന്യമായ തീരുമാനം കൈക്കൊള്ളുകയും തത്ഫലമായി അവനു രാജ്യത്തിന്റെ വലിയൊരു ഭാഗം നഷ്ടമാകുകയും ചെയ്തു.—1 രാജാക്കന്മാർ 12:1-17.
അനുഭവസമ്പന്നരും തിരുവെഴുത്തുകളെ കുറിച്ച് നല്ല പരിജ്ഞാനമുള്ളവരും ശരിയായ തത്ത്വങ്ങളെ അങ്ങേയറ്റം ആദരിക്കുന്നവരും ആയ വ്യക്തികളിൽനിന്ന് ആയിരിക്കണം നാം ഉപദേശം തേടേണ്ടത്. (സദൃശവാക്യങ്ങൾ 1:5; 11:14; NW; 13:20) സാധ്യമാകുമ്പോഴൊക്കെ, ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങളെയും നിങ്ങൾ സമാഹരിച്ചിരിക്കുന്ന സകല വിവരങ്ങളെയും കുറിച്ചു ധ്യാനിക്കുക. യഹോവയുടെ വചനത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ കാര്യങ്ങളെ വീക്ഷിക്കാൻ തുടങ്ങുമ്പോൾ ഉചിതമായ തീരുമാനം ഏതാണെന്നു കൂടുതൽ വ്യക്തമായിത്തീരും—ഫിലിപ്പിയർ 4:6, 7.
it-2-E 768 ¶1
രഹബെയാം
രഹബെയാം ധിക്കാരിയായ ഒരു രാജാവായിരുന്നതുകൊണ്ട് മറ്റുള്ളവരുടെ വികാരങ്ങളെ കണക്കിലെടുത്തില്ല, അതുകൊണ്ട് ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. 12 ഗോത്രങ്ങളിൽ യഹൂദ, ബന്യാമീൻ എന്നീ ഗോത്രങ്ങളുടെ പിന്തുണ മാത്രമേ രഹബെയാമിന് ഉണ്ടായിരുന്നുള്ളൂ. അതുപോലെ, പത്തു ഗോത്ര രാജ്യത്തെയും രണ്ടു ഗോത്ര രാജ്യത്തെയും ലേവ്യരുടെയും പുരോഹിതന്മാരുടെയും പിന്തുണയും. പിന്നെ പത്തു ഗോത്ര രാജ്യത്തെ ഏതാനും ചില വ്യക്തികളുടെയും.—1രാജ 12:16, 17; 2ദിന 10:16, 17; 11:13, 14, 16.
ആത്മീയരത്നങ്ങൾ
it-1-E 966-967
കോലാട്ടുരൂപമുള്ള ഭൂതങ്ങൾ
ഈജിപ്തുകാരുടെ വ്യാജാരാധന ഒരളവ് വരെ ഇസ്രായേല്യരെയും സ്വാധീനിച്ചിരുന്നു എന്നാണ് യോശുവ 24:14 പറയുന്നത്. (യഹ 23:8, 21) ഈജിപ്തുകാർക്ക് കോലാടുകളെ ആരാധിക്കുന്ന രീതിയുണ്ടായിരുന്നു. ഇസ്രായേല്യരും ഈ രീതി പിൻപറ്റിയിരുന്നെന്നും അതിനെയാണ് യൊരോബെയാമിന്റെ കാലത്തുണ്ടായിരുന്ന കോലാട്ടുരൂപമുള്ള ഭൂതങ്ങൾ എന്ന പദം സൂചിപ്പിക്കുന്നതെന്നും ചില പണ്ഡിതർ വിചാരിക്കുന്നു. (2ദിന 11:15)
പക്ഷേ കോലാട്ടുരൂപമുള്ള ഭൂതങ്ങൾ എന്ന പദത്തിന്റെ കൃത്യമായ അർഥം വ്യക്തമല്ല, അതുകൊണ്ട് അതു തീർത്തുപറയാനുമാകില്ല. ചിലപ്പോൾ, വ്യാജദൈവങ്ങളെ ആരാധിക്കുന്നവരുടെ മനസ്സിൽ ആ ദൈവങ്ങൾക്ക് കോലാടുകളുടേതുപോലുള്ള രൂപമായിരിക്കാം ഉണ്ടായിരുന്നത്. അല്ലെങ്കിൽ വിഗ്രഹങ്ങളോട് മൊത്തത്തിൽ ഉള്ള അറപ്പ് കാണിക്കാനായിരിക്കാം ഈ പദം ഉപയോഗിക്കുന്നത്. “വിഗ്രഹങ്ങൾ” എന്ന വാക്കിന്റെ മൂലപദത്തിന്റെ അർഥംതന്നെ നോക്കുക. അത് “ചാണകം” എന്നാണ്. പക്ഷേ അതുകൊണ്ട് ഉദ്ദേശിക്കുന്നത് വിഗ്രഹങ്ങൾ ചാണകംകൊണ്ട് ഉണ്ടാക്കിയതാണ് എന്നല്ലല്ലോ. പകരം, അറപ്പ് കാണിക്കാനായിരിക്കാം ആ വാക്ക് ഉപയോഗിക്കുന്നത്.—ലേവ 26:30; ആവ 29:17.
ഏപ്രിൽ 24-30
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 13-16
“യഹോവയിൽ ആശ്രയിക്കുക—എപ്പോൾ?”
ചെറുപ്പക്കാരേ, നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുടെ വിശ്വാസം നേടാം?
12 ചെറുപ്പക്കാരനായിരുന്ന ആസ രാജാവ് താഴ്മയുള്ളവനും ധൈര്യശാലിയും ആയിരുന്നു. അപ്പനായ അബീയയുടെ മരണത്തിനു ശേഷം രാജാവായ ആസ വിഗ്രഹാരാധന നീക്കംചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിച്ചു. കൂടാതെ, “ആസ യഹൂദയിലെ ആളുകളോട്, അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും ദൈവത്തിന്റെ നിയമവും കല്പനയും ആചരിക്കാനും ആവശ്യപ്പെട്ടു.” (2 ദിന. 14:1-7) എത്യോപ്യക്കാരനായ സേരഹ് പത്തു ലക്ഷം പടയാളികളുമായി യഹൂദയെ ആക്രമിക്കാൻ വന്നപ്പോൾ ആസ ജ്ഞാനപൂർവം യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “യഹോവേ, അങ്ങ് സഹായിക്കുന്നവർ ആൾബലമുള്ളവരാണോ ശക്തിയില്ലാത്തവരാണോ എന്നതൊന്നും അങ്ങയ്ക്കൊരു പ്രശ്നമല്ലല്ലോ. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.” തന്നെയും തന്റെ ജനത്തെയും രക്ഷിക്കാനുള്ള യഹോവയുടെ കഴിവിൽ ആസയ്ക്ക് എത്രമാത്രം വിശ്വാസമുണ്ടായിരുന്നു എന്ന് ഈ മനോഹരമായ വാക്കുകൾ തെളിയിക്കുന്നു. അതെ, ആസ തന്റെ സ്വർഗീയപിതാവിൽ ആശ്രയിച്ചു. യഹോവ എത്യോപ്യരെ തോൽപ്പിച്ച് ഓടിച്ചു.—2 ദിന. 14:8-12.
ചെറുപ്പക്കാരേ, നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുടെ വിശ്വാസം നേടാം?
13 പത്തു ലക്ഷം പടയാളികളുള്ള ഒരു സേനയെ നേരിടുക എന്നത് ആർക്കും പേടി തോന്നുന്ന ഒരു കാര്യംതന്നെയായിരുന്നു. പക്ഷേ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ആസ അതിൽ വിജയിച്ചു. എന്നാൽ ഇസ്രായേലിലെ ദുഷ്ടരാജാവായ ബയെശ ഭീഷണിപ്പെടുത്തിയപ്പോൾ ആസ യഹോവയിൽ ആശ്രയിച്ചില്ല. പകരം, സിറിയയിലെ രാജാവിനോടാണു സഹായം ചോദിച്ചത്. ആ തീരുമാനം ഒരു ദുരന്തത്തിൽ കലാശിക്കുകയും ചെയ്തു. പ്രവാചകനായ ഹനാനിയിലൂടെ യഹോവ ആസയോട് പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ സിറിയയിലെ രാജാവിൽ ആശ്രയിച്ചതുകൊണ്ട് സിറിയയിലെ രാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ടിരിക്കുന്നു.” അന്നുമുതൽ ആസയ്ക്ക് പല യുദ്ധങ്ങളും നേരിടേണ്ടിവന്നു. (2 ദിന. 16:7, 9; 1 രാജാ. 15:32) എന്താണ് നിങ്ങൾക്കുള്ള പാഠം?
ചെറുപ്പക്കാരേ, നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുടെ വിശ്വാസം നേടാം?
14 എപ്പോഴും താഴ്മയുള്ളവരായിരിക്കുക, എപ്പോഴും യഹോവയിൽ ആശ്രയിക്കുക. സ്നാനപ്പെട്ട സമയത്ത് നിങ്ങൾ യഹോവയിൽ വലിയ വിശ്വാസം കാണിച്ചു, യഹോവയിൽ ആശ്രയിക്കുകയും ചെയ്തു. യഹോവ സന്തോഷത്തോടെ തന്റെ കുടുംബത്തിന്റെ ഭാഗമാകാനുള്ള പദവിയും നിങ്ങൾക്ക് നൽകി. യഹോവയിൽ ആശ്രയിക്കുന്നതിൽ തുടരുക, അതാണ് ഇനി നിങ്ങൾ ചെയ്യേണ്ടത്. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയിൽ ആശ്രയിക്കാൻ എളുപ്പമായിരിക്കാം. എന്നാൽ മറ്റ് അവസരങ്ങളിലോ? ജീവിതത്തിലെ ചെറുതോ വലുതോ ആയ ഏത് തീരുമാനമെടുക്കുമ്പോഴും, അത് വിനോദമായാലും ജോലിയായാലും ജീവിതത്തിലെ ലക്ഷ്യങ്ങളായാലും എല്ലായ്പോഴും യഹോവയിൽ ആശ്രയിക്കേണ്ടത് പ്രധാനമല്ലേ? നിങ്ങൾ ഒരിക്കലും സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കരുത്. പകരം ഓരോ സാഹചര്യത്തിലും അതിനോട് ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ കണ്ടെത്തുക, അതിനനുസരിച്ച് പ്രവർത്തിക്കുക. (സുഭാ. 3:5, 6) അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ യഹോവയെ സന്തോഷിപ്പിക്കും, സഭയിലെ മറ്റുള്ളവരുടെ ആദരവ് നേടിയെടുക്കാനും നിങ്ങൾക്ക് കഴിയും.—1 തിമൊഥെയൊസ് 4:12 വായിക്കുക.
ആത്മീയരത്നങ്ങൾ
യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക!
7 ഹൃദയം പൂർണമായി ദൈവത്തിൽ അർപ്പിതമാണോ എന്നു മനസ്സിലാക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും സ്വന്തം ഹൃദയം പരിശോധിക്കണം. നമ്മളോടുതന്നെ ചോദിക്കുക: ‘യഹോവയെ പ്രസാദിപ്പിക്കാനും ഏതു സാഹചര്യത്തിലും സത്യാരാധനയുടെ പക്ഷത്ത് നിൽക്കാനും ഞാൻ തീരുമാനിച്ചുറച്ചിട്ടുണ്ടോ? സഭയെ ശുദ്ധമായിനിറുത്താൻ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ടോ?’ ഓർക്കുക, ദേശത്തെ “അമ്മമഹാറാണി” എന്ന സ്ഥാനത്തുനിന്ന് മാഖയെ നീക്കുന്നതിന് ആസയ്ക്കു നല്ല ധൈര്യം വേണമായിരുന്നു. എന്നാൽ മാഖ ചെയ്ത അളവിൽ മോശം കാര്യങ്ങൾ ചെയ്യുന്ന ആരുമായും നിങ്ങൾക്ക് ഇടപെടേണ്ടിവരുന്നില്ലായിരിക്കും. എങ്കിലും ആസയെപ്പോലെ ധൈര്യം കാണിക്കേണ്ട ചില സാഹചര്യങ്ങൾ നിങ്ങൾക്കുമുണ്ടാകും. ഉദാഹരണത്തിന്, നിങ്ങളുടെ ഒരു കുടുംബാംഗമോ ഉറ്റ സുഹൃത്തോ പാപം ചെയ്യുകയും പശ്ചാത്തപിക്കാതിരിക്കുകയും അങ്ങനെ സഭയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നെന്നു കരുതുക. ആ വ്യക്തിയുമായുള്ള സഹവാസം നിങ്ങൾ പൂർണമായും നിറുത്തുമോ? എന്തു ചെയ്യാനായിരിക്കും നിങ്ങളുടെ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുന്നത്?