-
മത്തായി 6:25-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും, എന്തു കുടിക്കും എന്നൊക്കെ ഓർത്ത് നിങ്ങളുടെ ജീവനെക്കുറിച്ചും* എന്ത് ഉടുക്കും എന്ന് ഓർത്ത് നിങ്ങളുടെ ശരീരത്തെക്കുറിച്ചും+ ഇനി ഉത്കണ്ഠപ്പെടരുത്.+ ജീവനെന്നാൽ* ആഹാരവും ശരീരമെന്നാൽ വസ്ത്രവും മാത്രമല്ലല്ലോ?*+ 26 ആകാശത്തിലെ പക്ഷികളെ അടുത്ത് നിരീക്ഷിക്കുക.+ അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, സംഭരണശാലകളിൽ കൂട്ടിവെക്കുന്നുമില്ല. എന്നിട്ടും നിങ്ങളുടെ സ്വർഗീയപിതാവ് അവയെ പോറ്റുന്നു. അവയെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ? 27 ഉത്കണ്ഠപ്പെടുന്നതിലൂടെ ആയുസ്സിനോട് ഒരു മുഴമെങ്കിലും* കൂട്ടാൻ ആർക്കെങ്കിലും കഴിയുമോ?+ 28 വസ്ത്രത്തെക്കുറിച്ച് നിങ്ങൾ ഉത്കണ്ഠപ്പെടുന്നത് എന്തിനാണ്? പറമ്പിലെ ലില്ലിച്ചെടികളെ നോക്കി പഠിക്കൂ. അവ എങ്ങനെയാണു വളരുന്നത്? അവ അധ്വാനിക്കുന്നില്ല, നൂൽ നൂൽക്കുന്നുമില്ല. 29 എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ+ പ്രതാപത്തിലിരുന്നപ്പോൾപ്പോലും അവയിലൊന്നിനോളം അണിഞ്ഞൊരുങ്ങിയിട്ടില്ല. 30 ഇന്നു കാണുന്നതും നാളെ തീയിലിടുന്നതും ആയ ഈ ചെടികളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കിൽ അൽപ്പം വിശ്വാസമുള്ളവരേ, നിങ്ങളെ എത്രയധികം!
-