രാജാക്കന്മാർ ഒന്നാം ഭാഗം
9 ശലോമോൻ യഹോവയുടെ ഭവനവും രാജാവിന്റെ ഭവനവും*+ താൻ ആഗ്രഹിച്ചതൊക്കെയും+ പണിതുപൂർത്തിയാക്കി. 2 അപ്പോൾ, ഗിബെയോനിൽവെച്ച് പ്രത്യക്ഷനായതുപോലെ+ യഹോവ രണ്ടാം പ്രാവശ്യവും ശലോമോനു പ്രത്യക്ഷനായി. 3 യഹോവ ശലോമോനോടു പറഞ്ഞു: “നീ എന്റെ മുമ്പാകെ നടത്തിയ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും ഞാൻ കേട്ടിരിക്കുന്നു. നീ നിർമിച്ച ഈ ഭവനത്തിൽ എന്റെ പേര് എന്നേക്കുമായി സ്ഥാപിച്ചുകൊണ്ട്+ ഞാൻ ഇതിനെ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ കണ്ണും ഹൃദയവും എപ്പോഴും ഇവിടെയുണ്ടായിരിക്കും.+ 4 നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ ഞാൻ കല്പിച്ചതെല്ലാം പാലിച്ചുകൊണ്ട്+ എന്റെ മുമ്പാകെ നിഷ്കളങ്കമായ* ഹൃദയത്തോടും+ നേരോടും+ കൂടെ നടക്കുകയും എന്റെ ചട്ടങ്ങളും ന്യായവിധികളും അനുസരിക്കുകയും+ ചെയ്താൽ 5 നിന്റെ രാജ്യത്തിന്റെ സിംഹാസനം ഞാൻ ഇസ്രായേലിൽ എന്നേക്കുമായി ഉറപ്പിക്കും. അങ്ങനെ, ‘ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’ എന്നു നിന്റെ അപ്പനായ ദാവീദിനോടു വാഗ്ദാനം ചെയ്തതു ഞാൻ നിവർത്തിക്കും.+ 6 എന്നാൽ നീയും നിന്റെ മക്കളും എന്നെ അനുഗമിക്കുന്നതു നിറുത്തുകയും ഞാൻ ഇന്നു നിന്റെ മുമ്പാകെ വെച്ചിരിക്കുന്ന എന്റെ കല്പനകളും നിയമങ്ങളും പാലിക്കാതെ അന്യദൈവങ്ങളെ സേവിച്ച് അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്താൽ+ 7 ഇസ്രായേലിനു കൊടുത്ത ദേശത്തുനിന്ന് ഞാൻ അവരെ ഇല്ലാതാക്കും.+ എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ച ഈ ഭവനം എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയുകയും ചെയ്യും.+ അങ്ങനെ എല്ലാ ജനങ്ങൾക്കുമിടയിൽ ഇസ്രായേൽ നിന്ദയ്ക്കും* പരിഹാസത്തിനും പാത്രമാകും.+ 8 ഈ ഭവനം നാശകൂമ്പാരമായിത്തീരും.+ അതിന് അടുത്തുകൂടി പോകുന്നവർ അത്ഭുതസ്തബ്ധരാകുകയും അതിശയത്തോടെ തല കുലുക്കിക്കൊണ്ട്,* ‘യഹോവ എന്തിനാണ് ഈ ദേശത്തോടും ഈ ഭവനത്തോടും ഇങ്ങനെ ചെയ്തത്’ എന്നു ചോദിക്കുകയും ചെയ്യും.+ 9 പിന്നെ അവർ പറയും: ‘അവരുടെ പൂർവികരെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കുകയും അന്യദൈവങ്ങളുടെ പിന്നാലെ പോയി അവയുടെ മുന്നിൽ കുമ്പിട്ട് അവയെ സേവിക്കുകയും ചെയ്തു. അതുകൊണ്ടാണ് യഹോവ ഈ ദുരന്തമെല്ലാം അവരുടെ മേൽ വരുത്തിയത്.’”+
10 ശലോമോൻ 20 വർഷംകൊണ്ട് രണ്ടു ഭവനങ്ങൾ, യഹോവയുടെ ഭവനവും രാജാവിന്റെ ഭവനവും, പണിത് പൂർത്തിയാക്കി.+ 11 സോരിലെ രാജാവായ ഹീരാം+ ശലോമോനു ദേവദാരുത്തടിയും ജൂനിപ്പർത്തടിയും ശലോമോന് ഇഷ്ടമുള്ളത്ര സ്വർണവും കൊടുത്തതിനാൽ+ ശലോമോൻ രാജാവ് ഹീരാമിനു ഗലീലാദേശത്ത് 20 നഗരങ്ങൾ കൊടുത്തു. 12 ശലോമോൻ കൊടുത്ത നഗരങ്ങൾ കാണാൻ ഹീരാം സോരിൽനിന്ന് വന്നു. എന്നാൽ അദ്ദേഹത്തിന് അവ ഇഷ്ടപ്പെട്ടില്ല. 13 ഹീരാം ചോദിച്ചു: “എന്റെ സഹോദരാ, ഈ നഗരങ്ങളാണോ താങ്കൾ എനിക്കു തന്നിരിക്കുന്നത്?” അതുകൊണ്ട് അവ ഇന്നുവരെ കാബൂൽ ദേശം* എന്ന് അറിയപ്പെടുന്നു. 14 ഇതിനിടെ ഹീരാം ശലോമോന് 120 താലന്തു* സ്വർണം+ കൊടുത്തയച്ചു.
15 യഹോവയുടെ ഭവനവും+ സ്വന്തം ഭവനവും മില്ലോയും*+ യരുശലേമിന്റെ മതിലും ഹാസോരും+ മെഗിദ്ദോയും+ ഗേസെരും+ പണിയാൻവേണ്ടി ശലോമോൻ രാജാവ് നിർബന്ധിതസേവനം+ ചെയ്യിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ: 16 (ഈജിപ്തിലെ രാജാവായ ഫറവോൻ ഗേസെരിലേക്കു വന്ന് ആ നഗരം പിടിച്ചെടുത്ത് അതിനു തീയിട്ടു. ആ നഗരത്തിൽ താമസിച്ചിരുന്ന കനാന്യരെ+ കൊന്നുകളയുകയും ചെയ്തു. ഫറവോൻ ആ നഗരം ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു+ സമ്മാനമായി* കൊടുത്തു.) 17 ശലോമോൻ രാജാവ് ഗേസെർ, കീഴേ-ബേത്ത്-ഹോരോൻ,+ 18 ബാലാത്ത്,+ ദേശത്തെ വിജനഭൂമിയിലുള്ള താമാർ, 19 ശലോമോന്റെ സംഭരണനഗരങ്ങൾ, രഥനഗരങ്ങൾ,+ കുതിരപ്പടയാളികൾക്കുവേണ്ടിയുള്ള നഗരങ്ങൾ എന്നിവ പണിതു. യരുശലേമിലും ലബാനോനിലും തന്റെ അധീനതയിലുള്ള എല്ലാ പ്രദേശങ്ങളിലും താൻ ആഗ്രഹിച്ചതെല്ലാം ശലോമോൻ പണിതു.* 20 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരിൽ 21 ഇസ്രായേല്യർക്കു നശിപ്പിക്കാൻ കഴിയാതെ ദേശത്ത് ബാക്കിവന്നവരുടെ വംശജരെ ശലോമോൻ അടിമകളായി നിർബന്ധിതവേലയ്ക്ക് എടുത്തു. അത് ഇന്നും അങ്ങനെതന്നെയാണ്.+ 22 എന്നാൽ ഇസ്രായേല്യരിൽ ആരെയും ശലോമോൻ അടിമയാക്കിയില്ല.+ അവർ ശലോമോന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും ഉപസേനാധിപന്മാരും, തേരാളികളുടെയും കുതിരപ്പടയാളികളുടെയും പ്രമാണിമാരും ആയിരുന്നു. 23 ശലോമോന്റെ ജോലികൾക്കു മേൽനോട്ടം വഹിക്കാൻ കാര്യസ്ഥന്മാരുടെ പ്രമാണിമാരായി+ 550 പേരുണ്ടായിരുന്നു. ജോലിക്കാരുടെ ചുമതല അവർക്കായിരുന്നു.
24 ഫറവോന്റെ മകൾ+ ദാവീദിന്റെ നഗരത്തിൽനിന്ന്+ ശലോമോൻ അവൾക്കുവേണ്ടി പണിത കൊട്ടാരത്തിലേക്കു വന്നു. അതിനു ശേഷം രാജാവ് മില്ലോ*+ പണിതു.
25 ശലോമോൻ വർഷത്തിൽ മൂന്നു പ്രാവശ്യം,+ താൻ യഹോവയ്ക്കു പണിത യാഗപീഠത്തിൽ ദഹനബലികളും+ സഹഭോജനബലികളും അർപ്പിക്കുമായിരുന്നു. യഹോവയുടെ മുമ്പാകെയുള്ള യാഗപീഠത്തിൽ യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്തു. അങ്ങനെ ശലോമോൻ ഭവനത്തിന്റെ നിർമാണം പൂർത്തിയാക്കി.+
26 ശലോമോൻ രാജാവ് ഏദോം ദേശത്തെ ചെങ്കടലിന്റെ തീരത്ത്, ഏലോത്തിന്+ അടുത്ത് എസ്യോൻ-ഗേബരിൽ+ ഒരു കപ്പൽവ്യൂഹം ഉണ്ടാക്കി. 27 ഹീരാം തന്റെ പരിചയസമ്പന്നരായ നാവികരെ ശലോമോന്റെ ദാസന്മാരോടുകൂടെ ആ കപ്പലുകളിൽ അയച്ചു.+ 28 അവർ ഓഫീരിൽ+ പോയി അവിടെനിന്ന് 420 താലന്തു സ്വർണം കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു.