എസ്ഥേർ
2 ഈ സംഭവങ്ങൾക്കു ശേഷം അഹശ്വേരശ് രാജാവിന്റെ+ ഉഗ്രകോപം അടങ്ങിയപ്പോൾ രാജാവ് വസ്ഥി ചെയ്തതിനെയും+ വസ്ഥിക്കെതിരെ എടുത്ത തീരുമാനത്തെയും കുറിച്ച് ഓർത്തു.+ 2 അപ്പോൾ രാജാവിന്റെ അടുത്ത പരിചാരകർ പറഞ്ഞു: “രാജാവിനുവേണ്ടി സുന്ദരികളായ യുവകന്യകമാരെ അന്വേഷിക്കണം. 3 ശൂശൻ* കോട്ടയിലെ* അന്തഃപുരത്തിലേക്കു* സുന്ദരികളായ എല്ലാ യുവകന്യകമാരെയും കൊണ്ടുവരുന്നതിനു രാജാവിന്റെ സാമ്രാജ്യത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം രാജാവ് ഉദ്യോഗസ്ഥരെ നിയമിച്ചാലും.+ രാജാവിന്റെ ഷണ്ഡനും* സ്ത്രീകളുടെ രക്ഷാധികാരിയും ആയ ഹേഗായിയുടെ+ ചുമതലയിൽ അവരെ ഏൽപ്പിച്ച് അവർക്കു സൗന്ദര്യപരിചരണം കൊടുക്കണം.* 4 രാജാവിന് ഏറ്റവും ഇഷ്ടമാകുന്ന പെൺകുട്ടി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ.”+ ഈ നിർദേശം രാജാവിനു ബോധിച്ചു; രാജാവ് അങ്ങനെതന്നെ ചെയ്തു.
5 ശൂശൻ+ കോട്ടയിൽ മൊർദെഖായി എന്നു പേരുള്ള ഒരു ജൂതനുണ്ടായിരുന്നു; മൊർദെഖായി+ ബന്യാമീൻഗോത്രക്കാരനായ+ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു. 6 ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് യഹൂദാരാജാവായ യഖൊന്യയുടെകൂടെ*+ യരുശലേമിൽനിന്ന് ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജനത്തോടൊപ്പം മൊർദെഖായിയുമുണ്ടായിരുന്നു. 7 അദ്ദേഹം പിതൃസഹോദരന്റെ മകളായ ഹദസ്സ* എന്ന എസ്ഥേറിന്റെ+ രക്ഷാകർത്താവായിരുന്നു. കാരണം എസ്ഥേറിന് അപ്പനും അമ്മയും ഉണ്ടായിരുന്നില്ല. അതിസുന്ദരിയും ആകാരഭംഗിയുള്ളവളും ആയിരുന്നു അവൾ; എസ്ഥേറിന്റെ അമ്മയപ്പന്മാർ മരിച്ചതോടെ മൊർദെഖായി അവളെ മകളായി സ്വീകരിച്ചതാണ്. 8 രാജാവിന്റെ വാക്കും രാജാവിന്റെ നിയമവും പ്രസിദ്ധമാക്കി ധാരാളം യുവതികളെ ശൂശൻ കോട്ടയിൽ ഹേഗായിയുടെ ചുമതലയിൽ ഏൽപ്പിക്കാൻ കൊണ്ടുവന്നു.+ അക്കൂട്ടത്തിൽ എസ്ഥേറിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുചെന്ന് സ്ത്രീകളുടെ രക്ഷാധികാരിയായ ഹേഗായിയുടെ ചുമതലയിൽ ഏൽപ്പിച്ചു.
9 ഹേഗായിക്ക് ഈ പെൺകുട്ടിയെ ഇഷ്ടമായി. അവൾ ഹേഗായിയുടെ പ്രീതി* നേടുകയും ചെയ്തു. അതുകൊണ്ട് പെട്ടെന്നുതന്നെ ഹേഗായി അവളുടെ സൗന്ദര്യപരിചരണത്തിനും*+ പ്രത്യേകഭക്ഷണത്തിനും വേണ്ട ഏർപ്പാടുകൾ ചെയ്തു. കൂടാതെ, രാജഗൃഹത്തിൽനിന്ന് പ്രത്യേകം തിരഞ്ഞെടുത്ത ഏഴു യുവതികളെ തോഴിമാരായി നിയമിച്ചു. എന്നിട്ട്, എസ്ഥേറിനെയും ആ യുവപരിചാരികമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥലത്തേക്കു മാറ്റി. 10 എസ്ഥേർ സ്വന്തം ജനത്തെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ ഒന്നും വെളിപ്പെടുത്തിയില്ല;+ ഇക്കാര്യം ആരോടും പറയരുതെന്നു മൊർദെഖായി+ നിർദേശിച്ചിരുന്നു.+ 11 എസ്ഥേറിന്റെ ക്ഷേമം അറിയാനും എസ്ഥേറിന് എന്തു സംഭവിക്കുന്നെന്നു മനസ്സിലാക്കാനും വേണ്ടി മൊർദെഖായി ദിവസവും അന്തഃപുരത്തിന്റെ അങ്കണത്തിനു മുന്നിലൂടെ നടക്കുമായിരുന്നു.
12 സ്ത്രീകൾക്കുവേണ്ടി നിർദേശിച്ചിരുന്ന 12 മാസത്തെ പരിചരണം പൂർത്തിയായതിനു ശേഷമാണ് ഓരോ പെൺകുട്ടിക്കും അഹശ്വേരശ് രാജാവിന്റെ അടുത്ത് ചെല്ലാൻ ഊഴം വന്നിരുന്നത്; കാരണം, ആറു മാസം മീറയെണ്ണയും+ ആറു മാസം സുഗന്ധതൈലവും*+ വ്യത്യസ്തതരം സൗന്ദര്യപരിചരണലേപനികളും ഉപയോഗിച്ച്* അവർ സൗന്ദര്യപരിചരണം നടത്തണമായിരുന്നു. 13 അതിനു ശേഷം, ഓരോരുത്തർക്കും രാജാവിന്റെ അടുത്ത് ചെല്ലാനാകുമായിരുന്നു. അന്തഃപുരത്തിൽനിന്ന് രാജഗൃഹത്തിലേക്കു പോകുന്ന സമയത്ത് ഓരോ പെൺകുട്ടിയും ചോദിക്കുന്നതെന്തും അവൾക്കു കൊടുക്കുകയും ചെയ്തിരുന്നു. 14 വൈകുന്നേരം അവൾ അകത്തേക്കു പോകും; രാവിലെ രാജാവിന്റെ ഷണ്ഡനും ഉപപത്നിമാരുടെ* രക്ഷാധികാരിയും ആയ ശയസ്ഗസിന്റെ+ ചുമതലയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിന് ഏതെങ്കിലും പെൺകുട്ടിയോടു പ്രത്യേകമായ ഒരു ഇഷ്ടം തോന്നിയിട്ട് അവളെ പേരെടുത്തുപറഞ്ഞ് വിളിപ്പിച്ചാലല്ലാതെ അവൾ വീണ്ടും രാജാവിന്റെ അടുത്ത് പോകില്ലായിരുന്നു.+
15 മൊർദെഖായിയുടെ വളർത്തുമകളായ എസ്ഥേറിന്,+ അതായത് അദ്ദേഹത്തിന്റെ പിതൃസഹോദരനായ അബീഹയിലിന്റെ മകൾക്ക്, രാജാവിന്റെ അടുത്ത് പോകാൻ ഊഴം വന്നു. രാജാവിന്റെ ഷണ്ഡനും സ്ത്രീകളുടെ രക്ഷാധികാരിയും ആയ ഹേഗായി ശുപാർശ ചെയ്തതല്ലാതെ മറ്റൊന്നും എസ്ഥേർ ആവശ്യപ്പെട്ടില്ല. (തന്നെ കാണുന്നവരുടെയെല്ലാം പ്രീതി എസ്ഥേർ നേടിക്കൊണ്ടിരുന്നു.) 16 അഹശ്വേരശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം+ പത്താം മാസം, അതായത് തേബത്ത്* മാസം, എസ്ഥേറിനെ രാജകൊട്ടാരത്തിൽ രാജാവിന്റെ അടുത്ത് കൊണ്ടുപോയി. 17 രാജാവിനു മറ്റെല്ലാ സ്ത്രീകളെക്കാളും എസ്ഥേറിനോടു സ്നേഹം തോന്നി. എസ്ഥേർ മറ്റ് ഏതൊരു കന്യകയെക്കാളും രാജാവിന്റെ പ്രീതിയും അംഗീകാരവും* നേടി. അതുകൊണ്ട് രാജാവ് എസ്ഥേറിനെ രാജകീയശിരോവസ്ത്രം* അണിയിച്ച് വസ്ഥിക്കു പകരം രാജ്ഞിയാക്കി.+ 18 എസ്ഥേറിന്റെ ബഹുമാനാർഥം രാജാവ് സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും വേണ്ടി അതിഗംഭീരമായ ഒരു വിരുന്നു നടത്തി. പിന്നെ, രാജാവ് സംസ്ഥാനങ്ങൾക്ക് ഒരു പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജാവിന്റെ നിലയ്ക്കു ചേർന്ന വിധം ഉദാരമായി സമ്മാനങ്ങളും കൊടുത്തു.
19 രണ്ടാം തവണ കന്യകമാരെ*+ കൊണ്ടുവന്നപ്പോൾ മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുകയായിരുന്നു. 20 മൊർദെഖായി നിർദേശിച്ചതുപോലെതന്നെ എസ്ഥേർ സ്വന്തം ബന്ധുക്കളെയോ ജനത്തെയോ കുറിച്ച് ഒന്നും വെളിപ്പെടുത്തിയില്ല;+ മൊർദെഖായിയുടെ സംരക്ഷണത്തിലായിരുന്ന കാലത്തെന്നപോലെ എസ്ഥേർ തുടർന്നും മൊർദെഖായി പറയുന്നതെല്ലാം ചെയ്തുപോന്നു.+
21 അക്കാലത്ത് മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരും വാതിൽക്കാവൽക്കാരും ആയ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരശ് രാജാവിനെ വകവരുത്താൻ* ഗൂഢാലോചന നടത്തി. 22 ഇക്കാര്യം അറിഞ്ഞ മൊർദെഖായി പെട്ടെന്നുതന്നെ വിവരം എസ്ഥേർ രാജ്ഞിയോടു പറഞ്ഞു. എസ്ഥേറാകട്ടെ അക്കാര്യം മൊർദെഖായിയുടെ പേരിൽ* രാജാവിനെ അറിയിച്ചു. 23 അന്വേഷണം നടത്തിയപ്പോൾ കാര്യം സത്യമാണെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും സ്തംഭത്തിൽ തൂക്കി; ഇതെല്ലാം രാജസന്നിധിയിൽവെച്ച് അക്കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്തു.+