അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
8 സ്തെഫാനൊസിന്റെ വധത്തെ ശൗൽ അനുകൂലിച്ചിരുന്നു.+
അന്നുമുതൽ യരുശലേമിലെ സഭയ്ക്കു വലിയ ഉപദ്രവം നേരിടേണ്ടിവന്നു. അപ്പോസ്തലന്മാർ ഒഴികെ എല്ലാവരും യഹൂദ്യയിലേക്കും ശമര്യയിലേക്കും ചിതറിപ്പോയി.+ 2 ദൈവഭക്തരായ ചില പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു; സ്തെഫാനൊസിനെ ഓർത്ത് അവർ ഏറെ വിലപിച്ചു. 3 ശൗൽ സഭയെ ക്രൂരമായി ദ്രോഹിക്കാൻതുടങ്ങി. ശൗൽ ഓരോ വീട്ടിലും അതിക്രമിച്ചുകയറി സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചുകൊണ്ടുപോയി ജയിലിലാക്കി.+
4 എന്നാൽ ചിതറിപ്പോയവർ ദൈവവചനത്തിലെ സന്തോഷവാർത്ത അറിയിച്ചുകൊണ്ട് ദേശം മുഴുവൻ സഞ്ചരിച്ചു.+ 5 ഫിലിപ്പോസ് ശമര്യ+ നഗരത്തിൽ* ചെന്ന് ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കാൻതുടങ്ങി. 6 ഫിലിപ്പോസ് ചെയ്ത അടയാളങ്ങൾ കാണുകയും ഫിലിപ്പോസ് പറയുന്നതു കേൾക്കുകയും ചെയ്ത ജനക്കൂട്ടം ഏകമനസ്സോടെ ആ കാര്യങ്ങൾക്കെല്ലാം ശ്രദ്ധ കൊടുത്തു. 7 അശുദ്ധാത്മാക്കൾ* ബാധിച്ച ഒരുപാടു പേർ അക്കൂട്ടത്തിലുണ്ടായിരുന്നു; ഉറക്കെ നിലവിളിച്ചുകൊണ്ട് ആ ആത്മാക്കൾ അവരെ വിട്ട് പോയി.+ ഇതിനു പുറമേ, ശരീരം തളർന്നുപോയവരും മുടന്തരും സുഖം പ്രാപിച്ചു. 8 ആ നഗരത്തിലുള്ളവർക്കു വലിയ സന്തോഷമായി.
9 ശിമോൻ എന്നൊരാൾ അവിടെയുണ്ടായിരുന്നു. അയാൾ മാന്ത്രികവിദ്യകൾ കാണിച്ച് ശമര്യയിലെ ജനങ്ങളെ വിസ്മയിപ്പിച്ചിരുന്നു. താൻ ഒരു മഹാനാണെന്നാണ് അയാൾ അവകാശപ്പെട്ടിരുന്നത്. 10 “മഹാൻ എന്ന് അറിയപ്പെടുന്ന ദൈവശക്തിയാണ് ഇദ്ദേഹം” എന്നു പറഞ്ഞ് ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും അയാൾ പറഞ്ഞതു ശ്രദ്ധിച്ചിരുന്നു. 11 കുറെ കാലമായി മാന്ത്രികവിദ്യകൾ കാണിച്ച് അവരെ വിസ്മയിപ്പിച്ചതുകൊണ്ടാണ് അവർ അയാൾ പറഞ്ഞതു ശ്രദ്ധിച്ചുപോന്നത്. 12 എന്നാൽ ഫിലിപ്പോസ് ദൈവരാജ്യത്തെയും+ യേശുക്രിസ്തുവിന്റെ പേരിനെയും കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും വിശ്വസിച്ച് സ്നാനമേറ്റു.+ 13 ശിമോനും ഒരു വിശ്വാസിയായിത്തീർന്നു. സ്നാനമേറ്റശേഷം ശിമോൻ ഫിലിപ്പോസിനോടൊപ്പം ചേർന്നു.+ അടയാളങ്ങളും വലിയ അത്ഭുതങ്ങളും നടക്കുന്നതു കണ്ട് ശിമോൻ അത്ഭുതപ്പെട്ടു.
14 ശമര്യക്കാർ ദൈവവചനം സ്വീകരിച്ചെന്ന് യരുശലേമിലുള്ള അപ്പോസ്തലന്മാർ കേട്ടപ്പോൾ+ അവർ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുത്തേക്ക് അയച്ചു. 15 അവർ ചെന്ന് ശമര്യക്കാർക്കു പരിശുദ്ധാത്മാവ് ലഭിക്കാൻവേണ്ടി പ്രാർഥിച്ചു.+ 16 അന്നുവരെ അവരിൽ ആർക്കും അതു ലഭിച്ചിരുന്നില്ല. അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ.+ 17 അപ്പോസ്തലന്മാർ അവരുടെ മേൽ കൈകൾ വെച്ചു;+ അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു.
18 അപ്പോസ്തലന്മാർ കൈകൾ വെക്കുമ്പോൾ പരിശുദ്ധാത്മാവ് ലഭിക്കുന്നു എന്നു മനസ്സിലാക്കിയ ശിമോൻ അവർക്കു പണം വാഗ്ദാനം ചെയ്തുകൊണ്ട്, 19 “ഞാൻ ഒരാളുടെ മേൽ കൈകൾ വെച്ചാൽ അയാൾക്കു പരിശുദ്ധാത്മാവ് ലഭിക്കണം, അതിനുള്ള അധികാരം എനിക്കു തരണം” എന്നു പറഞ്ഞു. 20 എന്നാൽ പത്രോസ് ശിമോനോടു പറഞ്ഞു: “ദൈവം സൗജന്യമായി കൊടുക്കുന്ന സമ്മാനം പണം കൊടുത്ത് വാങ്ങാമെന്നു വ്യാമോഹിച്ചതുകൊണ്ട് നിന്റെ വെള്ളിപ്പണം നിന്റെകൂടെ നശിക്കട്ടെ.+ 21 ദൈവമുമ്പാകെ നിന്റെ ഹൃദയം ശരിയല്ലാത്തതുകൊണ്ട് ഈ ശുശ്രൂഷയിൽ നിനക്ക് ഒരു ഓഹരിയുമില്ല. 22 അതുകൊണ്ട് നിന്റെ ഈ തെറ്റിനെക്കുറിച്ച് പശ്ചാത്തപിച്ച് യഹോവയോട്* ഉള്ളുരുകി പ്രാർഥിക്കുക; നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരത്തിന് ഒരുപക്ഷേ, നിനക്കു മാപ്പു ലഭിച്ചേക്കാം. 23 നീ കൊടുംവിഷവും* അനീതിയുടെ അടിമയും ആണെന്ന് എനിക്ക് അറിയാം.” 24 അപ്പോൾ ശിമോൻ അവരോട്, “നിങ്ങൾ പറഞ്ഞതുപോലെ എനിക്കു സംഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി യഹോവയോടു* പ്രാർഥിക്കണേ” എന്നു പറഞ്ഞു.
25 അവിടെ സമഗ്രമായി കാര്യങ്ങൾ വിശദീകരിക്കുകയും യഹോവയുടെ* വചനം പ്രസംഗിക്കുകയും ചെയ്തശേഷം ശമര്യക്കാരുടെ അനേകം ഗ്രാമങ്ങളിൽ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ട് അവർ യരുശലേമിലേക്കു മടങ്ങിപ്പോയി.+
26 പിന്നെ യഹോവയുടെ* ദൂതൻ+ ഫിലിപ്പോസിനോടു പറഞ്ഞു: “എഴുന്നേറ്റ് തെക്കോട്ട്, യരുശലേമിൽനിന്ന് ഗസ്സയിലേക്കുള്ള വഴിയിൽ, ചെല്ലുക.” (മരുഭൂമിയിലൂടെയുള്ള ഒരു വഴിയാണ് ഇത്.) 27 ഫിലിപ്പോസ് അവിടേക്കു യാത്ര തിരിച്ചു. പോകുന്ന വഴിക്കു ഫിലിപ്പോസ് എത്യോപ്യക്കാരുടെ രാജ്ഞിയായ കന്ദക്കയുടെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെ, എത്യോപ്യക്കാരനായ ഒരു ഷണ്ഡനെ,* കണ്ടു. രാജ്ഞിയുടെ ധനകാര്യവിചാരകനായിരുന്നു അദ്ദേഹം. ആരാധനയ്ക്കുവേണ്ടി യരുശലേമിൽ പോയിട്ട്+ 28 മടങ്ങിവരുകയായിരുന്ന ആ ഷണ്ഡൻ രഥത്തിൽ ഇരുന്ന് യശയ്യ പ്രവാചകന്റെ പുസ്തകം ഉറക്കെ വായിക്കുകയായിരുന്നു. 29 അപ്പോൾ ദൈവാത്മാവ് ഫിലിപ്പോസിനോട്, “ആ രഥത്തിന് അടുത്തേക്കു ചെല്ലുക” എന്നു പറഞ്ഞു. 30 ഫിലിപ്പോസ് രഥത്തിന് അടുത്തേക്ക് ഓടിയെത്തിയപ്പോൾ ഷണ്ഡൻ യശയ്യ പ്രവാചകന്റെ പുസ്തകം ഉറക്കെ വായിക്കുന്നതു കേട്ടു. ഫിലിപ്പോസ് ഷണ്ഡനോട്, “വായിക്കുന്നതിന്റെ അർഥം* മനസ്സിലാകുന്നുണ്ടോ” എന്നു ചോദിച്ചു. 31 “ആരെങ്കിലും അർഥം പറഞ്ഞുതരാതെ ഞാൻ എങ്ങനെ മനസ്സിലാക്കാനാണ്” എന്നു ഷണ്ഡൻ ചോദിച്ചു. എന്നിട്ട്, രഥത്തിലേക്കു കയറി തന്റെകൂടെ ഇരിക്കാൻ ഫിലിപ്പോസിനെ ക്ഷണിച്ചു. 32 ഷണ്ഡൻ വായിച്ചുകൊണ്ടിരുന്ന തിരുവെഴുത്തുഭാഗം ഇതായിരുന്നു: “അറുക്കാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുവന്നു. രോമം കത്രിക്കുന്നവന്റെ മുമ്പാകെ ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന കുഞ്ഞാടിനെപ്പോലെയായിരുന്നു അവൻ. അവൻ വായ് തുറന്നില്ല.+ 33 അപമാനിതനായപ്പോൾ അവനു നീതി ലഭിക്കാതെപോയി.+ അവന്റെ ഉത്ഭവത്തെക്കുറിച്ച് ആരു വിവരിക്കും? അവന്റെ ജീവൻ ഭൂമിയിൽനിന്ന് ഇല്ലാതായല്ലോ.”+
34 ഷണ്ഡൻ ഫിലിപ്പോസിനോടു ചോദിച്ചു: “പ്രവാചകൻ ഇത് ആരെക്കുറിച്ചാണു പറയുന്നത്? തന്നെക്കുറിച്ചുതന്നെയാണോ അതോ വേറെ ആരെയെങ്കിലുംകുറിച്ചാണോ? എനിക്കു പറഞ്ഞുതരാമോ?” 35 ആ തിരുവെഴുത്തിൽനിന്ന് സംഭാഷണം തുടങ്ങിയ ഫിലിപ്പോസ് ഷണ്ഡനോടു യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചു. 36 പോകുന്ന വഴിക്ക് അവർ ഒരു ജലാശയത്തിന്റെ അടുത്ത് എത്തി. അപ്പോൾ ഷണ്ഡൻ, “ദാ, വെള്ളം! സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം” എന്നു ചോദിച്ചു. 37 *—— 38 രഥം നിറുത്താൻ ഷണ്ഡൻ കല്പിച്ചു. ഫിലിപ്പോസും ഷണ്ഡനും വെള്ളത്തിൽ ഇറങ്ങി. ഫിലിപ്പോസ് ഷണ്ഡനെ സ്നാനപ്പെടുത്തി. 39 അവർ വെള്ളത്തിൽനിന്ന് കയറിയപ്പോൾ യഹോവയുടെ* ആത്മാവ് പെട്ടെന്നു ഫിലിപ്പോസിനെ അവിടെനിന്ന് കൊണ്ടുപോയി; ഷണ്ഡൻ പിന്നെ ഫിലിപ്പോസിനെ കണ്ടില്ല. എങ്കിലും ഷണ്ഡൻ സന്തോഷത്തോടെ യാത്ര തുടർന്നു. 40 ഫിലിപ്പോസ് അസ്തോദിലേക്കു ചെന്നു. നഗരംതോറും യാത്ര ചെയ്ത് ആ പ്രദേശത്ത് എല്ലായിടത്തും സന്തോഷവാർത്ത അറിയിച്ചു. ഒടുവിൽ കൈസര്യയിൽ എത്തി.+