യഹോവയിൽആശ്രയം വളർത്തുക—അവന്റെ വചനം ഉത്സാഹപൂർവം പഠിച്ചുകൊണ്ട്
“ഞാൻ ഇന്ന് നിങ്ങളോട് മുന്നറിയിപ്പായി പറയുന്ന സകല വചനങ്ങളിലും നിങ്ങളുടെ ഹൃദയം പതിപ്പിക്കുക. . . . എന്തുകൊണ്ടെന്നാൽ അവ നിങ്ങൾക്ക് വിലയില്ലാത്ത വാക്കല്ല, എന്നാൽ അതു നിങ്ങളുടെ ജീവനെ അർത്ഥമാക്കുന്നു.”—ആവർത്തനം 32:46, 47.
1, 2. (എ) ഇസ്രായേൽ മോവാബ്സമഭൂമിയിൽ പാളയമടിച്ചിരുന്നപ്പോൾ എന്തു പ്രതീക്ഷ അവരെ അഭിമുഖീകരിച്ചിരുന്നു? (ബി) മോശ ജനതക്ക് എന്തു ഉദ്ബോധനം കൊടുത്തു?
അവരുടെ ദീർഘമായ മരുഭൂമിയാത്ര അവസാനിക്കാറായിരുന്നു. ദീർഘമായി കാത്തിരുന്ന വാഗ്ദത്തദേശത്തെ അവരിൽനിന്ന് ഇപ്പോൾ വേർതിരിച്ചിരുന്നത് വളഞ്ഞുപുളഞ്ഞൊഴുകുന്ന യോർദ്ദാൻ മാത്രമായിരുന്നു. എന്നിരുന്നാലും, ജനതയുടെ നേതാവായിരുന്ന മോശയെ ആ ദേശത്തു പ്രവേശിക്കാനുള്ള ഇസ്രായേലിന്റെ പ്രതീക്ഷ സഗൗരവമായ വിചിന്തനത്തിന് പ്രേരിപ്പിച്ചു. മുമ്പൊരിക്കൽ യഹോവയിലുള്ള ആശ്രയമില്ലായ്മ നിമിത്തം ആ ജനത തെററിപ്പോയതും കനാനിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതും അവന് ഓർക്കാൻ കഴിഞ്ഞു.—സംഖ്യാപുസ്തകം 13:25-14:30.
2 അങ്ങനെ മോശ മോവാബ് സമഭൂമിയിലെ വിശാല പരപ്പിൽ ജനതയെ ഒരുമിച്ചുകൂട്ടി. അവരുടെ ദേശീയ ചരിത്രം പുനരവലോകനം ചെയ്യുകയും ദൈവത്തിന്റെ ന്യായപ്രമാണം ആവർത്തിച്ചു പ്രസ്താവിക്കുകയും ചെയ്തശേഷം മോശ തന്റെ അതിശ്രേഷ്ഠ രചനയെന്നു വിളിക്കപ്പെട്ടത് അവതരിപ്പിച്ചു. യഹോവയെ ആശ്രയിക്കാനും അനുസരിക്കാനും അവൻ സമുന്നത കാവ്യഭാഷയിൽ ഇസ്രായേല്യരെ പ്രോൽസാഹിപ്പിച്ചു, അവൻ “അനീതിയില്ലാത്ത വിശ്വസ്തതയുള്ള ഒരു ദൈവം; അവൻ നീതിമാനും നേരുള്ളവനുമാകുന്നു.” ഉപസംഹാരമായി, മോശ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിങ്ങൾ നിങ്ങളുടെ പുത്രൻമാരോട് ഈ നിയമത്തിലെ സകല വചനങ്ങളും അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കാൻ കൽപ്പിക്കേണ്ടതിന് ഞാൻ ഇന്ന് നിങ്ങളോട് മുന്നറിയിപ്പായി പറയുന്ന സകല വചനങ്ങളിലും നിങ്ങളുടെ ഹൃദയം പതിപ്പിക്കുക. എന്തുകൊണ്ടെന്നാൽ അവ നിങ്ങൾക്ക് വിലയില്ലാത്ത വാക്കല്ല, എന്നാൽ അതു നിങ്ങളുടെ ജീവനെ അർത്ഥമാക്കുന്നു.”—ആവർത്തനം 32:4, 46, 47.
ദൈവവചനത്തിൽ ‘അവരുടെ ഹൃദയം പതിപ്പിക്കുന്നു’
3, 4. (എ) ഇസ്രായേല്യർ എന്തിൽ ‘തങ്ങളുടെ ഹൃദയം പതിപ്പിക്കണമായിരുന്നു,’ ഇതിൽ എന്ത് ഉൾപ്പെട്ടിരുന്നു? (ബി) പിൻ തലമുറകൾ മോശയുടെ ബുദ്ധിയുപദേശം ബാധകമാക്കിയതെങ്ങനെ?
3 മോശ ഈ ഉത്തേജകമായ ഗീതത്തിൽ മാത്രമല്ല, പിന്നെയോ സകല തിരുവെഴുത്തുകളിലും തങ്ങളുടെ ഹൃദയം പതിപ്പിക്കാൻ ഇസ്രായേല്യരെ ബുദ്ധിയുപദേശിച്ചു. അവർ ദൈവത്തിന്റെ ന്യായപ്രമാണത്തിന് “നല്ല ശ്രദ്ധ കൊടുക്കണ”മായിരുന്നു (നോക്സ്), “തീർച്ചയായും അനുസരിക്കണമായിരുന്നു” (ററഡേയ്സ് ഇംഗ്ലീഷ് വേർഷൻ), അല്ലെങ്കിൽ “ധ്യാനിക്കണ”മായിരുന്നു. (ദി ലിവിംഗ് ബൈബിൾ) പൂർണ്ണമായും സുപരിചിതമാക്കുന്നതിനാൽ മാത്രമേ അവർക്ക് ‘ഈ നിയമത്തിലെ സകല വചനങ്ങളും അനുഷ്ഠിക്കാൻ ശ്രദ്ധിക്കുന്നതിന് തങ്ങളുടെ പുത്രൻമാരോട് കല്പിക്കാൻ’ കഴിയുമായിരുന്നുള്ളു. ആവർത്തനം 6:6-8-ൽ മോശ ഇങ്ങനെ എഴുതി: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിലുണ്ടെന്നു തെളിയണം; നീ അത് നിന്റെ പുത്രനെ ഉദ്ബോധിപ്പിക്കണം . . . അത് നീ നിന്റെ കൈമേൽ ഒരു അടയാളമായി കെട്ടണം, അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ ഒരു പട്ടമായി ഉതകണം.”
4 പിൽക്കാലങ്ങളിൽ, ഈ വാക്കുകൾ “യഹൂദൻമാരാൽ അക്ഷരീയമായി വ്യാഖ്യാനിക്കപ്പെട്ടതും അവയിലടങ്ങിയിരിക്കുന്ന മാർഗ്ഗനിർദ്ദേശം അന്ധവിശ്വാസപരമായ ഉപയോഗങ്ങളിലേക്കു തിരിച്ചുവിടപ്പെട്ടതും” എങ്ങനെയെന്ന് ബൈബിൾ ഭാഷ്യകാരനായ ഡബ്ലിയൂ. എച്ച്. ഡേവി പറയുന്നു. “ചില വാക്യങ്ങൾ . . . ചർമ്മപത്രത്തിൽ എഴുതുകയും പ്രാർത്ഥനാസമയത്ത് ഭുജത്തിലും നെററിയിലും ധരിക്കുകയും ചെയ്തിരുന്നു.” യേശുവിന്റെ കാലത്ത് തിരുവെഴുത്തടങ്ങിയ വിപുലമായ ഉറകൾ ധരിക്കപ്പെട്ടിരുന്നു. ചില യഹൂദ വിഭാഗങ്ങൾ ഇന്നും അവ ഉപയോഗിക്കുന്നുണ്ട്. (മത്തായി 23:5) എന്നാൽ, ഡേവി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മനുഷ്യർ നിയമത്തിലെ കല്പനയുടെ അനുഷ്ഠാനം തങ്ങളുടെ ജീവിതത്തിൽ തെളിച്ചുകാട്ടുന്നതിനു പകരം തങ്ങളുടെ മൂഢതയിൽ നിയമത്തിലെ വെറും വാക്കുകളുടെ ഒരു പ്രതി തങ്ങളുടെ ദേഹത്ത് വഹിച്ചുകൊണ്ടുനടക്കുന്നതിൽ തങ്ങളേത്തന്നെ തൃപ്തിപ്പെടുത്തി.”
5. ആവർത്തനം 6:6-8-ലെ മോശയുടെ വാക്കുകളുടെ ഉചിതമായ പ്രയുക്തത എന്തായിരുന്നു?
5 അല്ല, ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ അക്ഷരീയ കൈകളിലോ നെററികളിലോ അല്ല, പിന്നെയോ “ഹൃദയങ്ങളി”ലായിരുന്നു വസിക്കേണ്ടിയിരുന്നത്. അതിന്റെ അറിവു മാത്രമല്ല, അതിനോടുള്ള ആഴമായ വിലമതിപ്പും നേടുന്നതിനാൽ ആ ന്യായപ്രമാണം അവരുടെ കൺമുമ്പാകെ എഴുതപ്പെട്ടിരിക്കുന്നതുപോലെയോ അവരുടെ കൈകളിൽ കെട്ടിയിരിക്കുന്നതുപോലെയോ എല്ലായ്പ്പോഴും കാഴ്ചയിൽ സൂക്ഷിക്കപ്പെടുമായിരുന്നു.
ദൈവത്തിന്റെ ന്യായപ്രമാണം പഠിക്കുന്നതിനുള്ള കരുതലുകൾ
6, 7. (എ) ഇസ്രായേല്യർക്ക് മോശൈകന്യായപ്രമാണം പരിചയപ്പെടുത്തിക്കൊടുക്കുന്നതിന് യഹോവ എന്തു കരുതലുകൾ ചെയ്തു? (ബി) പുരാതന കാലങ്ങളിൽ ദൈവജനത്തിന് എങ്ങനെകൂടെ ദൈവവചനം പഠിക്കാൻ സാധ്യതയുണ്ടായിരുന്നിരിക്കണം?
6 എന്നാൽ, ഇസ്രായേല്യർക്ക് ന്യായപ്രമാണത്തിലെ ഏതാണ്ട് 600 നിയമങ്ങൾ എങ്ങനെ പഠിക്കാൻ കഴിയുമായിരുന്നു? ആദ്യം അവയുടെ പകർപ്പുകൾ അപൂർവമായിരുന്നുവെന്നതിന് സംശയമില്ല. ഇസ്രായേലിലെ ഭാവിരാജാവ് “തനിക്കുവേണ്ടി ഈ നിയമത്തിന്റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം . . . , അവൻ ഈ നിയമത്തിലെ സകല വചനങ്ങളും അനുസരിക്കത്തക്കവണ്ണം തന്റെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കേണ്ടതിന് തന്റെ ആയുസ്സിന്റെ നാളുകളിലെല്ലാം അതിൽനിന്ന് വായിക്കേണ്ടതാണ്.” (ആവർത്തനം 17:18, 19) ഓരോ ഏഴാം വർഷത്തിലും കൂടാരപ്പെരുന്നാളിന്റെ സമയത്ത് ന്യായപ്രമാണം വായിക്കപ്പെടാൻ ദൈവം ഏർപ്പാടുചെയ്തു. (ആവർത്തനം 31:10-13) അങ്ങനെയുള്ള ഒരു സന്ദർഭം ഉന്നമിപ്പിക്കുന്നതായിരുന്നുവെന്നതിന് സംശയമില്ലെങ്കിലും അഗാധമായ അറിവു പ്രദാനംചെയ്യുന്നതിന് അത് വേണ്ടത്ര കൂടെക്കൂടെയില്ലായിരുന്നു.
7 ‘യാക്കോബിനെ ദൈവത്തിന്റെ ന്യായത്തീർപ്പുകളും ഇസ്രായേലിനെ ദൈവനിയമവും പഠിപ്പിക്കുന്നതിന്’ യഹോവ ലേവിഗോത്രത്തെ ഏർപ്പാടുചെയ്യുകയും ചെയ്തു. (ആവർത്തനം 33:8, 10; മലാഖി 2:7 താരതമ്യപ്പെടുത്തുക.) ചില അവസരങ്ങളിൽ, ലേവ്യർ മുഴുജനതക്കും പ്രയോജനപ്പെട്ട പഠിപ്പിക്കൽ യജ്ഞങ്ങൾ നടത്തി. (2 ദിനവൃത്താന്തം 17:7-9; നെഹെമ്യാവ് 8:7-9) കാലക്രമത്തിൽ, ദൈവവചനത്തിന്റെ ഭാഗങ്ങളെങ്കിലും പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നുവെന്ന് കാണപ്പെടുന്നു.a അതുകൊണ്ട് സങ്കീർത്തനക്കാരന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “യഹോവയുടെ നിയമത്തിൽ പ്രമോദമുള്ള . . . മനുഷ്യൻ സന്തുഷ്ടനാകുന്നു, അവന്റെ നിയമത്തിൽ അവൻ പകലും രാവും ഒരു മന്ദസ്വരത്തിൽ വായിക്കുന്നു.” (സങ്കീർത്തനം 1:1, 2) ‘തങ്ങളുടെ ഹൃദയങ്ങളെ ദൈവവചനത്തിൽ പതിപ്പിക്കാൻ’ മോശ കൊടുത്ത ഉദ്ബോധനം അങ്ങനെ ബൈബിൾ ഉൽസുകമായി പഠിക്കാനുള്ള ഒരു കല്പനയായിത്തീർന്നു.
ഇന്ന് ‘ദൈവവചനത്തൽ നമ്മുടെ ഹൃദയം പതിപ്പിക്കുക’
8. ഇസ്രായേല്യർ മോശയുടെ പ്രബോധനത്തെ എത്രത്തോളം അനുസരിച്ചു, എന്തു ഫലങ്ങളോടെ?
8 ഇസ്രായേൽ മോശയുടെ ഉദ്ബോധനം അനുസരിക്കുന്നതിൽ പരാജയപ്പെട്ടു. ഒടുവിൽ ജനത രാജവാഴ്ച സ്ഥാപിച്ചപ്പോൾ പ്രത്യക്ഷത്തിൽ അതിന്റെ മിക്ക രാജാക്കൻമാരും ‘നിയമത്തിന്റെ ഒരു പ്രതി എഴുതിയെടുക്കുന്നതിനും അവരുടെ ആയുസ്സിന്റെ നാളുകളിലെല്ലാം അതിൽനിന്ന് വായിക്കുന്നതിനും’ പരാജയപ്പെട്ടു. ക്രി.മു. ഏഴാം നൂററാണ്ടായതോടെ, യോശീയാവിന്റെ നാളുകളിൽ “നിയമപുസ്തകംതന്നെ” നഷ്ടപ്പെട്ടുപോയില്ലെന്നുമാത്രം. (2 രാജാക്കൻമാർ 22:8-13) ജനതയുടെ നേതാക്കൻമാരുടെ ഭാഗത്തെ മോശമായ ദൃഷ്ടാന്തം നിസ്സംശയമായി വിശ്വാസത്യാഗത്തിലേക്കുള്ള ജനതയുടെ പതനത്തെ ത്വരിതപ്പെടുത്തി. മോശയുടെ മുന്നറിയിപ്പുപോലെതന്നെ ക്രി.മു. 607-ൽ ദേശീയവിപത്തു നേരിട്ടു.—ആവർത്തനം 28:15-37; 32:23-35.
9. ഇന്നത്തെ ക്രിസ്ത്യാനികളുടെ അവസ്ഥ പുരാതന ഇസ്രായേല്യരുടേതിനോടു സമാനമായിരിക്കുന്നതെങ്ങനെ?
9 പുരാതന ഇസ്രായേല്യരെപ്പോലെ, ഇന്ന് ക്രിസ്ത്യാനികൾ ഒരു വാഗ്ദത്തദേശത്തിന്റെ കവാടത്തിങ്കലാണ് വന്നെത്തിനിൽക്കുന്നത്—ദൈവത്തിന്റെ നീതിയുള്ള പുതിയലോകത്തിന്റെതന്നെ. (2 പത്രോസ് 3:13) ഞെട്ടിക്കുന്ന സംഭവങ്ങൾ ചക്രവാളത്തിൽ രൂപംകൊണ്ടുവരുന്നുണ്ട്: “സമാധാനവും സുരക്ഷിതത്വവും” എന്ന പ്രഖ്യാപനം, “മഹാബാബിലോന്റെ” വീഴ്ച, ‘മാഗോഗിലെ ഗോഗിന്റെ’ ആക്രമണം എന്നിവ. ഈ സംഭവങ്ങൾ യഹോവയിലുള്ള നമ്മുടെ ആശ്രയത്തെ പരീക്ഷിക്കും. അപ്പോൾ, നാം ഇപ്പോൾത്തന്നെ ‘ദൈവവചനത്തിൽ നമ്മുടെ ഹൃദയങ്ങൾ പതിപ്പിക്കുന്നത്’ അടിയന്തിരമാണ്!—1 തെസ്സലോനീക്യർ 5:3; വെളിപ്പാട്, അദ്ധ്യായം 18; യെഹെസ്ക്കേൽ അദ്ധ്യായം 38.
10. ചിലർ വ്യക്തിപരമായ പഠനത്തിൽ മന്ദീഭവിച്ചേക്കാവുന്നതെന്തുകൊണ്ട്?
10 എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നത് ഈ “ഇടപെടാൻ പ്രയാസമായ വിഷമകാലങ്ങളിൽ” ഒരു യഥാർത്ഥ വെല്ലുവിളിയായിരിക്കാൻ കഴിയും. (2 തിമൊഥെയോസ് 3:1) ലൗകികത്തൊഴിൽ, കുട്ടികളെ വളർത്തൽ, സ്ക്കൂൾ, സഭാപരമായ ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം നമ്മുടെ സമയം വളരെയധികം ആവശ്യപ്പെട്ടേക്കാം. തൽഫലമായി, നാം ഒഴികഴിവുപറയാനും നമ്മുടെ ബൈബിൾപഠനത്തിൽ അലസരാകാനും ‘രക്ഷപെടാനുംമാത്രം ഞാൻ ചെയ്യുന്നുണ്ട്’ എന്നു ന്യായവാദംചെയ്യാനും പ്രവണത കാട്ടിയേക്കാം. എന്നിരുന്നാലും, ബൈബിൾ ക്രിസ്ത്യാനികളെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: “ഇവയെക്കുറിച്ചു വിചിന്തനംചെയ്യുക; അവയിൽ മുഴുകുക.” (1 തിമൊഥെയോസ് 4:15, 16) ഇപ്പോൾ അങ്ങനെ ചെയ്യേണ്ടതിന്റെ ചില ശക്തമായ കാരണങ്ങൾ നമുക്ക് പരിചിന്തിക്കാം.
ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തമാക്കുക
11, 12. (എ) ദൈവത്തെക്കുറിച്ച് കൂടുതൽ അടുത്ത അറിവു നേടിയത് ഇയ്യോബിനെ ബാധിച്ചതെങ്ങനെ? (ബി) നമ്മുടെ ദൈവത്തെക്കുറിച്ചുള്ള ദർശനം ഇയ്യോബിന്റെ നാളിലേതിനെക്കാൾ വ്യക്തമായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
11 ഇയ്യോബ് “ദൈവത്തെ ഭയപ്പെടുന്നവനും ദോഷം വിട്ടകലുന്നവനും” ആയിരുന്നു. എന്നാൽ ഒരു ചുഴലിക്കാററിൽ യഹോവ തന്നേത്തന്നെ കൂടുതലായി വെളിപ്പെടുത്തിയശേഷം ഇയ്യോബിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “നിന്നെക്കുറിച്ച് എനിക്ക് കേട്ടുകേൾവിയാണുണ്ടായിരുന്നത്, എന്നാൽ എന്റെ സ്വന്തം കണ്ണുകൾ നിന്നെ കാണുകതന്നെ ചെയ്യുന്നു.” (ഇയ്യോബ് 1:1; 42:5) നമുക്കിന്ന് ദൈവത്തെ “കാണാൻ” കഴിയുമോ, അതായത് വെറും പരിചയത്തിനതീതമായി പോയി അവന്റെ വ്യക്തിത്വത്തിന്റെ അനേകം വശങ്ങൾ അടുത്തറിയാൻ കഴിയുമോ? തീർച്ചയായും കഴിയും! ബൈബിളിന്റെ പേജുകളിലൂടെ, ഇയ്യോബിനുപോലും അറിയാവുന്നതിനേക്കാളധികം യഹോവ തന്നേക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
12 ദൈവം “തന്റെ ഏകജാതനായ പുത്രനെ നൽകുവാന്തക്കവണ്ണം ലോകത്തെ സ്നേഹിച്ച”തായി നാമറിയുന്നതുകൊണ്ട് നമുക്ക് അവന്റെ സ്നേഹത്തെക്കുറിച്ച് ഏറെ വ്യക്തമായ ഒരു വീക്ഷണമുണ്ട്. (യോഹന്നാൻ 3:16) ബൈബിൾ പ്രവചനങ്ങളിലൂടെ നമുക്ക് ദൈവത്തിന്റെ പ്രവർത്തനങ്ങളുടെ ഒരു ബാഹ്യരേഖ ലഭിച്ചിട്ടുണ്ട്—സഹസ്രാബ്ദത്തിന്റെ അന്ത്യംവരെയുള്ളതിന്റെ തന്നെ! (വെളിപ്പാട്, അദ്ധ്യായങ്ങൾ 18-22) ക്രിസ്തീയസഭയുമായുള്ള ദൈവത്തിന്റെ ഇടപെടലുകളുടെ രേഖ നമുക്കുണ്ട്: അവൻ വിജാതീയരെ ചേർക്കുന്നതിന്റെയും അവൻ തന്റെ ജനത്തെ പോഷിപ്പിക്കുന്നതിന് “വിശ്വസ്തനും വിവേകിയുമായ അടിമ”യെ നിയമിക്കുന്നതിന്റെയും പരദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള പ്രത്യാശയോടെ “ഒരു മഹാപുരുഷാര”ത്തെ അവൻ വിളിച്ചുവരുത്തുന്നതിന്റെയും ചരിത്രംതന്നെ. (മത്തായി 24:45; വെളിപ്പാട് 7:9, 14-17; എഫേസ്യർ 3:3-6) ദൈവത്തിന്റെ ആഴങ്ങളിലേക്ക് ഉററുനോക്കുകയും നമുക്കുവേണ്ടിയുള്ള അവന്റെ അത്ഭുതപ്രവൃത്തികളെ വിചിന്തനംചെയ്യുകയും ചെയ്തശേഷം നമുക്ക് “ഹാ ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴം!” എന്ന് ഉദ്ഘോഷിക്കാതിരിക്കാൻ കഴികയില്ല.—റോമർ 11:33.
13. നമുക്ക് എങ്ങനെ ‘ദൈവത്തെ അന്വേഷിക്കാൻ’ കഴിയും, അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
13 സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ മുഴു ഹൃദയത്തോടെ നിന്നെ അന്വേഷിച്ചിരിക്കുന്നു.” തിരുവെഴുത്തുവിവരങ്ങളുടെ ഒരു ദൈനംദിന പരിചിന്തനം നടത്തിക്കൊണ്ട് നമുക്ക് അതുതന്നെ ചെയ്യാൻ കഴിയും; അത് യഹോവയോടുള്ള നമ്മുടെ ബന്ധത്തെ ശക്തീകരിക്കാൻ വളരെയധികം പ്രയോജനകരമാണ്. ആത്മാർത്ഥമായ പഠനം യഹോവയുടെ നിയമങ്ങൾ അനുസരിക്കാൻ നമ്മുടെ ‘വഴിയെ സ്ഥിരമാക്കാനും’ അത് സഹായിക്കുന്നു.—സങ്കീർത്തനം 119:5, 10.
പഠനം നമ്മുടെ വിശ്വാസത്തിനുവേണ്ടി വാദിക്കാൻ നമ്മെ സഹായിക്കുന്നു
14. നമ്മുടെ ക്രിസ്തീയ പ്രത്യാശയെക്കുറിച്ച് ‘പ്രതിവാദം നടത്താൻ ഒരുങ്ങിയിരിക്കുന്നതിന്റെ’ മൂല്യം ചിത്രീകരിക്കുക.
14 ഒരു ഘാനാക്കാരൻ അയാളുടെ വീടു സന്ദർശിച്ച രണ്ടു പേരോട് “സാക്ഷികളായ നിങ്ങളെ എന്റെ വീട്ടിൽ ആവശ്യമില്ല” എന്നു പറഞ്ഞു. “രക്തപ്പകർച്ചകൾ സ്വീകരിക്കാത്തതുകൊണ്ടും ദേശീയപതാകയെ വന്ദിക്കാത്തതുകൊണ്ടും” അയാൾ കൂടുതലായി സാക്ഷികളെ ആക്ഷേപിച്ചു. സാധാരണയായി വയൽശുശ്രൂഷയിൽ അങ്ങനെയുള്ള തടസ്സവാദങ്ങളെ അഭിമുഖീകരിക്കുന്നു. “നിങ്ങളിലുള്ള പ്രത്യാശയുടെ ഒരു കാരണം ചോദിക്കുന്ന ഏവരുടെയും മുമ്പാകെ ഒരു പ്രതിവാദം നടത്താൻ” നാം അപ്രാപ്തരാണെങ്കിൽ അത് എന്തോരു നിന്ദയും അവമാനവുമായിരിക്കും! (1 പത്രോസ് 3:15) സന്തോഷകരമെന്നു പറയട്ടെ, ഈ സാക്ഷികൾ രക്തത്തെക്കുറിച്ചുള്ള ഉചിതമായ വീക്ഷണം വിശദീകരിക്കുന്നതിനും ഒരു ക്രിസ്ത്യാനി ദേശീയ പ്രതീകങ്ങളോടുള്ള ആദരവും വിഗ്രഹാരാധനയുടെ ഒഴിവാക്കലും തമ്മിൽ സമനില പാലിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുന്നതിനും ഫലപ്രദമായി ബൈബിളുപയോഗിക്കാൻ പ്രാപ്തരായിരുന്നു. ഫലമോ? ആ മനുഷ്യന് അവരുടെ വളച്ചുകെട്ടില്ലാഞ്ഞ ഉത്തരങ്ങളിൽ മതിപ്പുളവായി. ഇന്ന് അയാളും അയാളുടെ ഭാര്യയും സ്നാപനമേററ സാക്ഷികളാണ്.
15. വ്യക്തിപരമായ പഠനം നമ്മുടെ ശുശ്രൂഷക്ക് നമ്മെ സജ്ജരാക്കുന്നതെങ്ങനെ?
15 പൗലോസ് ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: “സത്യവചനത്തെ ശരിയായി കൈകാര്യംചെയ്തുകൊണ്ട് യതൊന്നും ലജ്ജിക്കാനില്ലാത്ത ഒരു വേലക്കാരനായി, ദൈവത്തിന് അംഗീകാരമുള്ളവനായി നിന്നേതന്നെ കാഴ്ചവെക്കേണ്ടതിന് നിന്റെ പരമാവധി പ്രവർത്തിക്കുക.” ജീവന്റെ പാതയിൽ നമുക്കുതന്നെ നിലനിൽക്കുന്നതിനുമാത്രമല്ല, അങ്ങനെ ചെയ്യാൻ മററുള്ളവരെ സഹായിക്കാൻ “പൂർണ്ണസജ്ജനായി തികച്ചും യോഗ്യ”നാകാനും വ്യക്തിപരമായ പഠനം നമ്മെ സഹായിക്കും.—2 തിമൊഥെയോസ് 2:15; 3:17.
സാത്താന്റെ കെണികളെ ചെറുത്തുനിൽക്കൽ
16. യഹോവയുടെ ജനത്തെ അഭിമുഖീകരിക്കുന്ന സാത്താന്റെ ചില കെണികളേവ?
16 ഇന്ന്, “ജഡമോഹത്തിനും കൺമോഹത്തിനും ഒരുവന്റെ ഉപജീവനമാർഗ്ഗത്തിന്റെ പ്രതാപപ്രകടന”ത്തിനുമുള്ള ആകർഷണങ്ങളോടെ പരസ്യം നമ്മെ ആക്രമിക്കുകയാണ്. (1 യോഹന്നാൻ 2:16) ലൈംഗികദുർമ്മാർഗ്ഗം മാദ്ധ്യമത്താൽ മഹത്വീകരിക്കപ്പെടുകയാണ്, മിക്കപ്പോഴും കൂട്ടുജോലിക്കാരാലും സഹപാഠികളാലും സജീവമായി പ്രോൽസാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആവശ്യപ്പെടാതെതന്നെ വിശ്വാസത്യാഗികളുടെ ഉദ്വേഗജനകമായ സാഹിത്യം നമ്മുടെ വീടുകളിലേക്ക് അയക്കപ്പെട്ടേക്കാം. ജിജ്ഞാസ ഉണർത്തപ്പെട്ടതുകൊണ്ട് ചില സഹോദരൻമാർ അത്തരം മലിനപ്പെടുത്തുന്ന വിവരങ്ങൾ വായിക്കുകയും തങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. “അനുസരണക്കേടിന്റെ പുത്രൻമാരിൽ ഇപ്പോൾ പ്രവർത്തിക്കുന്ന” സ്വാർത്ഥപരവും ജഡികവുമായ “ആത്മാവു”മുണ്ട്. അതു ബാധിക്കുന്നതും നിഷേധാത്മകവും വിമർശനാത്മകവുമായ ഒരു ആത്മാവ് വളർത്തിയെടുക്കുന്നതും എത്ര എളുപ്പമാണ്!—എഫേസ്യർ 2:2.
17, 18. വ്യക്തിപരമായ പഠനത്തിന് ‘ഒഴുകിമാറുന്നതിൽ’നിന്ന് നമ്മെ തടയാൻ കഴിയുന്നതെങ്ങനെ?
17 തീർച്ചയായും സാത്താന്റെ കെണിയിൽ വീഴാൻ ആരും ഇറങ്ങിത്തിരിക്കുന്നില്ല. പകരം, വ്യക്തിപരമായ പഠനം അവഗണിക്കുന്നതിനാൽ കെട്ടഴിഞ്ഞ ഒരു വള്ളത്തെപ്പോലെ അവർ സാവധാനത്തിൽ “ഒഴുകിമാറുകയും” സാത്താന്റെ ആക്രമണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളായിത്തീരുകയും ചെയ്യുന്നു. (എബ്രായർ 2:1) ദൃഷ്ടാന്തമായി, ഒരു യുവ സഹോദരൻ സ്ക്കൂളിലെ ഒരു പെൺകുട്ടിയുമായി അസാൻമാർഗ്ഗികമായി ഉൾപ്പെട്ടു. “ഇതിന്റെ മുഖ്യകാരണം ഞാൻ ആത്മീയമായി പട്ടിണിയായിരുന്നുവെന്നതാണ് എന്ന് ഞാൻ കണ്ടുപിടിച്ചു,” അവൻ വിവരിക്കുന്നു. “ഞാൻ വ്യക്തിപരമായ പഠനം നടത്തിയിരുന്നില്ല. അതുകൊണ്ടാണ് എനിക്ക് പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ കഴിയാഞ്ഞത്.” ഏതായാലും, വ്യക്തിപരമായ ഒരു പഠനപരിപാടി ആത്മീയമായി ബലിഷ്ഠനാകാൻ ഈ സഹോദരനെ സഹായിച്ചു.
18 തനിക്കു കഴിയുന്നിടത്തോളം ദൈവജനത്തെ നശിപ്പിക്കാൻ സാത്താൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ദൈവവചനത്തിൽനിന്നും അവന്റെ വിശ്വസ്ത ഗൃഹവിചാരകനിൽനിന്നും വരുന്ന നല്ല കാര്യങ്ങളെക്കൊണ്ട് നമ്മുടെ മനസ്സിനെ നിരന്തരം പോഷിപ്പിക്കുന്നതിനാൽ നമുക്ക് കെണിയിൽ വീഴുന്നതൊഴിവാക്കാൻ കഴിയും. (ഫിലിപ്യർ 4:8) ഭൗതികത്വവും ലൈംഗികദുർമ്മാർഗ്ഗവും വിശ്വാസത്യാഗപരമായ ചിന്തയും ഒരു നിഷേധാത്മക ആത്മാവും ഒഴിവാക്കാനുള്ള ഓർമ്മിപ്പിക്കലുകൾ ബൈബിളിലും വാച്ച് ററവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിലും ധാരാളമുണ്ട്. നാം തീർച്ചയായും സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കുന്നുവെങ്കിൽ നാം ഒരിക്കലും ഒഴുകിമാറുകയില്ല.
നമ്മെ സഹായിക്കാൻ യഹോവയുടെ സ്ഥാപനത്തിൽനിന്നുള്ള കരുതലുകൾ
19. എത്തിയോപ്യൻ ഷണ്ഡൻ ആത്മീയ മാർഗ്ഗദർശനത്തിനുള്ള നമ്മുടെ ആവശ്യത്തെ സംബന്ധിച്ച് എന്ത് ചിത്രീകരിക്കുന്നു?
19 പഠനം കഠിനവേലയാണ്. അതുകൊണ്ട് യഹോവയുടെ സ്ഥാപനം വളരെയധികം സഹായം നൽകുന്നതുകൊണ്ട് നമുക്ക് നന്ദിയുള്ളവരായിരിക്കാൻ കഴിയും. സമീപവർഷങ്ങളിൽ, സ്വയം ബൈബിൾ വ്യാഖ്യാനിക്കാൻ വ്യക്തികൾ അനുവദിക്കപ്പെടണമെന്ന് ചിലർ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ആത്മീയ മാർഗ്ഗദർശനം സംബന്ധിച്ച തന്റെ ആവശ്യം എത്തിയോപ്യൻ ഷണ്ഡൻ പരസ്യമായി സമ്മതിച്ചുപറഞ്ഞു. പരിച്ഛേദനയേററ ഒരു മതാനുസാരിയെന്ന നിലയിൽ അയാൾക്ക് അപ്പോൾത്തന്നെ ബൈബിളിന്റെ ഗണ്യമായ അറിവുണ്ടായിരുന്നുവെന്നതിനു സംശയമില്ല. യെശയ്യാവ് 53ലെ പ്രവചനം പോലെ ആഴമായ ചിലത് പഠിക്കാൻ അയാൾ ശ്രമിച്ചുവെന്ന വസ്തുതതന്നെ ഇതു സൂചിപ്പിക്കുന്നു. എന്നിരുന്നാലും, താൻ വായിച്ചുകൊണ്ടിരുന്നതു മനസ്സിലാകുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ “യഥാർത്ഥത്തിൽ ആരെങ്കിലും എന്നെ നയിക്കുന്നില്ലെങ്കിൽ എനിക്ക് എങ്ങനെ അതു ചെയ്യാൻ സാധിക്കും?” എന്ന് അയാൾ സമ്മതിച്ചു പറഞ്ഞു.—പ്രവൃത്തികൾ 8:26-33.
20. (എ) വ്യക്തിപരമായ നമ്മുടെ ബൈബിൾ പഠനത്തിൽ നമ്മെ സഹായിക്കാൻ യഹോവയുടെ സ്ഥാപനം ചെയ്തിരിക്കുന്ന ചില കരുതലുകളേവ? (ബി) നിങ്ങൾ അങ്ങനെയുള്ള കരുതലുകളെക്കുറിച്ച് എങ്ങനെ വിചാരിക്കുന്നു?
20 സമാനമായി ഇന്ന് യഹോവയുടെ ജനത്തിന് ആത്മീയ മാർഗ്ഗദർശനം ആവശ്യമാണ്. ആത്മീയ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം “യോജിപ്പിൽ സംസാരിക്കാൻ” ആഗ്രഹിച്ചുകൊണ്ട് അവർ യഹോവയുടെ സ്ഥാപനം നൽകുന്ന സഹായത്തെ സ്വാഗതംചെയ്യുന്നു—അത് എത്ര മഹത്തായ സഹായമാണ്! (1 കൊരിന്ത്യർ 1:10) വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളിലൂടെ നമുക്ക് വിവരങ്ങളുടെ ഒരു നിരന്തര പ്രവാഹം ലഭിക്കുന്നുണ്ട്. നമുക്ക് ഒട്ടേറെ ബൈബിൾവിഷയങ്ങളടങ്ങുന്ന നിരവധി പുസ്തകങ്ങളും ലഘുപത്രികകളുമുണ്ട്. വിശേഷാൽ ഇംഗ്ലീഷ് സംസാരിക്കുന്ന വായനക്കാർ വാച്ച്ററവർ പബ്ലിക്കേഷൻസ് ഇൻഡക്സ് 1930-1985 ലഭിച്ചിട്ടുള്ളതിൽ അനുഗൃഹീതരാണ്, അത് ‘വെള്ളിക്കുവേണ്ടിയും മറഞ്ഞിരിക്കുന്ന നിക്ഷേപത്തിനുവേണ്ടിയും എന്നപോലെ ജ്ഞാനം തേടിക്കൊണ്ടിരിക്കാൻ’ ഒരു വ്യക്തിയെ സഹായിക്കാൻ കഴിയുന്ന ഒരു പണിയായുധമാണ്.—സദൃശവാക്യങ്ങൾ 2:2-4.
21. (എ) അപ്പോസ്തലനായ പൗലോസ് വ്യക്തിപരമായ പഠനത്തിൽ ഒരു താത്പര്യം പ്രകടമാക്കിയതെങ്ങനെ? (ബി) വ്യക്തിപരമായ പഠനം സുകരമാക്കുന്നതിനുള്ള ചില നിർദ്ദേശങ്ങളേവ?
21 നിങ്ങൾ പഠനത്തിനും ഗവേഷണത്തിനുംവേണ്ടി സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് അവയെ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നുണ്ടോ? അല്ലെങ്കിൽ, അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ ഷെൽഫിന്റെ അലങ്കാരമെന്നതിൽ കവിഞ്ഞ് പ്രയോജനപ്പെടുന്നില്ലേ? രസാവഹമായി, അപ്പോസ്തലനായ പൗലോസ് ഒരിക്കൽ റോമിൽ തന്റെ അടുക്കലേക്ക് “ചുരുളുകൾ, വിശേഷാൽ ചർമ്മപത്രങ്ങൾ . . . കൊണ്ടുവരാൻ” തിമൊഥെയോസിനെ ഉപദേശിച്ചു; പൗലോസ് എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങളെ പരാമർശിക്കുകയായിരുന്നുവെന്ന് സ്പഷ്ടമാണ്. (2 തിമൊഥെയോസ് 4:13) പഠനവും ഗവേഷണവും സുകരമാക്കുന്നതിന് അവ കൈവശമുണ്ടായിരിക്കാൻ അവൻ ആഗ്രഹിച്ചുവെന്നതിന് സംശയമില്ല. നിങ്ങൾ ഇതുവരെയും അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്കും ഗവേഷണം നടത്താൻ കഴിയത്തക്കവണ്ണം ദിവ്യാധിപത്യപ്രസിദ്ധീകരണങ്ങളുടെ ലൈബ്രറി സമാഹരിച്ചുതുടങ്ങാൻ പാടില്ലേ? അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ എത്തുപാടിൽ വൃത്തിയായും ക്രമത്തിലും ഭംഗിയായും സൂക്ഷിക്കുക. വെളിച്ചമുള്ള ഒരു പ്രശാന്തസ്ഥലം പഠനത്തിന് വേർതിരിക്കുക. വ്യക്തിപരമായ പഠനത്തിന് ക്രമമായ സമയങ്ങൾ പട്ടികപ്പെടുത്തുക.
22. ‘നമ്മുടെ ഹൃദയങ്ങൾ ദൈവവചനത്തിൽ പതിപ്പിക്കുന്നത്’ ഇന്ന് എന്നെത്തേതിലും പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
22 ഫലഭൂയിഷ്ഠമായിരുന്ന മോവാബ് സമഭൂമിയിൽ പാളയമടിച്ചിരുന്ന ഇസ്രായേല്യരെപ്പോലെ നാം പുതിയ ലോകത്തിന്റെ കവാടത്തിങ്കലാണ് നിലകൊള്ളുന്നത്. മുമ്പെന്നെത്തേതിലുമധികമായി, നാം ഉത്സാഹപൂർവം ദൈവവചനം പഠിക്കുകയും ഒരുപക്ഷേ റെറലിവിഷൻ കാണുന്നതുപോലെയുള്ള മററു താല്പര്യങ്ങൾ ബലിചെയ്തുകൊണ്ട് പഠനത്തിനുവേണ്ടി ‘അവസരോചിതമായ സമയം വിലക്കുവാങ്ങുക’യും ചെയ്യേണ്ടതുണ്ട്. (എഫേസ്യർ 5:16) പക്വതയിലേക്കു മാത്രമല്ല, പിന്നെയോ “നിങ്ങൾ രക്ഷക്കുവേണ്ടി വളരാൻ വചനത്തിന്റേതായ മായമില്ലാത്ത പാൽ കുടിക്കാൻ ഒരു വാഞ്ഛ ഉളവാക്കുക” എന്ന് പത്രോസ് പ്രബോധിപ്പിക്കുന്നു. (1 പത്രോസ് 2:2; എബ്രായർ 5:12-14 താരതമ്യപ്പെടുത്തുക.) നമ്മുടെ ജീവൻതന്നെ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വ്യക്തിപരമായ പഠനത്തിൽ മന്ദീഭവിക്കാനുള്ള ഏതു പ്രവണതയെയും ചെറുത്തുനിൽക്കുക. ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തെയും അവനിലുള്ള നിങ്ങളുടെ ആശ്രയത്തെയും ആഴമുള്ളതാക്കാനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ അതുപയോഗിക്കുക. അത് നമ്മെ സഹായിക്കാൻ യഹോവ ഉപയോഗിക്കുന്ന സ്ഥാപനത്തോടുള്ള നിങ്ങളുടെ വിലമതിപ്പു വർദ്ധിപ്പിക്കാനുള്ള ഒരു മാർഗ്ഗവുംകൂടെയാണ്. അതെ, ഉത്സാഹപൂർവം, നിരന്തരം, ദൈവവചനത്തിൽ ‘നിങ്ങളുടെ ഹൃദയം പതിപ്പിക്കുക.’ “അത് നിങ്ങൾക്ക് വിലയില്ലാത്ത വാക്കല്ല, എന്നാൽ അത് നിങ്ങളുടെ ജീവനെ അർത്ഥമാക്കുന്നു.” (w88 8/15)
[അടിക്കുറിപ്പുകൾ]
a ബൈബിൾ കാലങ്ങളിൽ ചെലവുകുറഞ്ഞ ഒരു ലേഖനപ്രതലമെന്ന നിലയിൽ സാധാരണയായി പൊട്ടിയ കളിമൺപാത്രശകലങ്ങൾ അഥവാ ഒസ്ട്രക്കാ ഉപയോഗിച്ചിരുന്നു. ദി ഇൻറർനാഷനൽ സ്ററൻഡേർഡ് ബൈബിൾ എൻസൈക്ലോപ്പീഡിയാ (1986) ഇങ്ങനെ പറയുന്നു: “എഴുതാൻ മറെറാന്നും ഉപയോഗിക്കാൻ നിർവാഹമില്ലാഞ്ഞ ഏററവും ദരിദ്രവർഗ്ഗങ്ങൾക്കുപോലും ഒസ്ട്രക്കാ ഉപയോഗിക്കാൻ കഴിയുമായിരുന്നു.” ബൈബിൾ വാക്യങ്ങൾ കുറിച്ചിടാൻ പുരാതന ഇസ്രായേല്യർ ഒസ്ട്രക്കാ എത്രത്തോളം ഉപയോഗിച്ചിരുന്നുവെന്ന് അറിയപ്പെടുന്നില്ല. എന്നിരുന്നാലും, ബൈബിൾവാക്യങ്ങൾ വഹിച്ചിരുന്ന ക്രി.വ. ഏഴാം നൂററാണ്ടിലെ ഓസ്ട്രക്കാ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് കൗതുകകരമാണ്, ഇത് സാധാരണക്കാർക്ക് ബൈബിളിന്റെ ഭാഗങ്ങൾ ലഭ്യമായിരുന്ന ഒരു ഉപാധിയെ സൂചിപ്പിക്കുന്നു.
പുനരവലോകനത്തിനുള്ള പോയിൻറുകൾ
◻ ‘ദൈവവചനത്തിൽ തങ്ങളുടെ ഹൃദയങ്ങൾ പതിപ്പിക്കാൻ’ മോശ ഇസ്രായേല്യരെ പ്രബോധിപ്പിച്ചതെന്തുകൊണ്ട്, അവർ അത് എങ്ങനെ ചെയ്യേണ്ടിയിരുന്നു?
◻ വ്യക്തിപരമായ പഠനം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തീകരിക്കുന്നതും നമ്മുടെ വിശ്വാസത്തിനുവേണ്ടി പ്രതിവാദംചെയ്യാൻ സഹായിക്കുന്നതുമെങ്ങനെ?
◻ നാം സാത്താന്റെ കെണികളെ ചെറുത്തുനിൽക്കുന്നതിൽ വ്യക്തിപരമായ പഠനം എന്തു പങ്കു വഹിക്കുന്നു?
◻ നമ്മുടെ ദൈവവചനത്തിന്റെ പഠനത്തെ സുകരമാക്കുന്നതിന് യഹോവയുടെ സ്ഥാപനം ഏതു കരുതലുകൾ ചെയ്തിരിക്കുന്നു?
[11-ാം പേജിലെ ചിത്രം]
യഹൂദൻമാർ തങ്ങളുടെ ഹൃദയങ്ങളിൽ ദൈവനിയമം എഴുതുന്നതിനുപകരം അവർ തിരുവെഴുത്തടങ്ങിയ ഉറകൾ ശരീരത്തിൽ കെട്ടിവെച്ചു