അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
13 അന്ത്യോക്യസഭയിലെ പ്രവാചകന്മാരും അധ്യാപകരും ഇവരായിരുന്നു:+ ബർന്നബാസ്, നീഗർ എന്ന് അറിയപ്പെടുന്ന ശിമ്യോൻ, കുറേനക്കാരനായ ലൂക്യൊസ്, ജില്ലാഭരണാധികാരിയായ ഹെരോദിന്റെ സഹപാഠി മനായേൻ, ശൗൽ. 2 അവർ ഉപവസിച്ച് യഹോവയ്ക്കു* ശുശ്രൂഷ ചെയ്യുന്ന സമയത്ത് പരിശുദ്ധാത്മാവ് അവരോട്, “ബർന്നബാസിനെയും ശൗലിനെയും+ എനിക്കുവേണ്ടി മാറ്റിനിറുത്തുക. ഞാൻ അവരെ ഒരു പ്രത്യേകപ്രവർത്തനത്തിനുവേണ്ടി വിളിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 3 അങ്ങനെ, ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്തശേഷം അവരുടെ മേൽ കൈകൾ വെച്ച് അവർ അവരെ പറഞ്ഞയച്ചു.
4 പരിശുദ്ധാത്മാവ് അയച്ച ആ പുരുഷന്മാർ സെലൂക്യയിൽ ചെന്നു. അവിടെനിന്ന് കപ്പൽ കയറി അവർ സൈപ്രസിലേക്കു പോയി. 5 അവിടെ സലമീസിൽ എത്തിയ അവർ ജൂതന്മാരുടെ സിനഗോഗുകളിൽ ചെന്ന് ദൈവവചനം പ്രസംഗിച്ചു. ഒരു സഹായിയായി യോഹന്നാൻ അവരുടെകൂടെയുണ്ടായിരുന്നു.+
6 അവർ ദ്വീപു മുഴുവനും സഞ്ചരിച്ച് പാഫൊസ് വരെ എത്തി. അവിടെ അവർ ബർ-യേശു എന്നൊരു ജൂതനെ കണ്ടുമുട്ടി. ഒരു കള്ളപ്രവാചകനും ആഭിചാരകനും* ആയിരുന്ന അയാൾ 7 സെർഗ്യൊസ് പൗലോസ് എന്ന ബുദ്ധിമാനായ നാടുവാഴിയോടൊപ്പമായിരുന്നു.* ദൈവവചനം കേൾക്കാൻ അതിയായി ആഗ്രഹിച്ച സെർഗ്യൊസ് പൗലോസ് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി. 8 എന്നാൽ എലീമാസ് എന്ന ആ ആഭിചാരകൻ (എലീമാസ് എന്ന പേരിന്റെ പരിഭാഷയാണ് ആഭിചാരകൻ.) അവരെ എതിർക്കാൻതുടങ്ങി. കർത്താവിൽ വിശ്വസിക്കുന്നതിൽനിന്ന് നാടുവാഴിയെ പിന്തിരിപ്പിക്കാനായിരുന്നു അയാളുടെ ശ്രമം. 9 എന്നാൽ പൗലോസ് എന്നു പേരുള്ള ശൗൽ പരിശുദ്ധാത്മാവ് നിറഞ്ഞ് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു: 10 “എല്ലാ തരം വഞ്ചനയും ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്റെ സന്തതിയേ,+ നീതിയുടെ ശത്രുവേ, യഹോവയുടെ* നേർവഴികൾ വളച്ചൊടിക്കുന്നതു മതിയാക്ക്! 11 ഇതാ, യഹോവയുടെ* കൈ നിനക്ക് എതിരെ വന്നിരിക്കുന്നു! കുറച്ച് സമയത്തേക്കു നീ അന്ധനായിരിക്കും, നീ സൂര്യപ്രകാശം കാണില്ല.” ഉടനെ അയാൾക്കു കണ്ണിൽ കനത്ത മൂടലും ഇരുട്ടും അനുഭവപ്പെട്ടു. തന്നെ കൈപിടിച്ച് നടത്താൻ ആളുകളെ തിരഞ്ഞ് അയാൾ നടന്നു. 12 ഇതു കണ്ട് യഹോവയുടെ* ഉപദേശത്തിൽ വിസ്മയിച്ച നാടുവാഴി ഒരു വിശ്വാസിയായിത്തീർന്നു.
13 പിന്നെ പൗലോസും കൂട്ടരും പാഫൊസിൽനിന്ന് കപ്പൽ കയറി പംഫുല്യയിലെ പെർഗയിൽ എത്തി. എന്നാൽ യോഹന്നാൻ+ അവരെ വിട്ട് യരുശലേമിലേക്കു തിരിച്ചുപോയി.+ 14 അവർ പെർഗയിൽനിന്ന് പിസിദ്യയിലെ അന്ത്യോക്യയിൽ എത്തി. ശബത്തുദിവസം അവർ സിനഗോഗിൽ+ ചെന്ന് അവിടെ ഇരുന്നു. 15 നിയമത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും ഉള്ള വായനയ്ക്കു ശേഷം+ സിനഗോഗിന്റെ അധ്യക്ഷന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തോട് എന്തെങ്കിലും പ്രോത്സാഹനവാക്കുകൾ പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം” എന്ന് അറിയിച്ചു. 16 അപ്പോൾ പൗലോസ് എഴുന്നേറ്റ്, നിശ്ശബ്ദരാകാൻ ആംഗ്യം കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു:
“ഇസ്രായേൽപുരുഷന്മാരേ, ദൈവത്തെ ഭയപ്പെടുന്ന മറ്റുള്ളവരേ, കേൾക്കുക. 17 ഇസ്രായേൽ എന്ന ഈ ജനത്തിന്റെ ദൈവം നമ്മുടെ പൂർവികരെ തിരഞ്ഞെടുത്തു. ജനം ഈജിപ്ത് ദേശത്ത് പരദേശികളായി താമസിച്ചിരുന്ന കാലത്ത് ദൈവം അവരെ ഉയർത്തി, ബലമുള്ള* കൈയാൽ അവരെ അവിടെനിന്ന് കൊണ്ടുവന്നു.+ 18 വിജനഭൂമിയിൽ 40 വർഷത്തോളം ദൈവം അവരെ സഹിച്ചു.+ 19 കനാൻ ദേശത്തെ ഏഴു ജനതകളെ നശിപ്പിച്ചശേഷം ദൈവം ആ ദേശം അവർക്ക് ഒരു അവകാശമായി നിയമിച്ചുകൊടുത്തു.+ 20 ഏകദേശം 450 വർഷംകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
“അതിനു ശേഷം ശമുവേൽ പ്രവാചകന്റെ കാലംവരെ ദൈവം അവർക്കു ന്യായാധിപന്മാരെ നൽകി.+ 21 എന്നാൽ അവർ ഒരു രാജാവിനെ ആവശ്യപ്പെട്ടു.+ അങ്ങനെ, കീശിന്റെ മകനും ബന്യാമീൻ ഗോത്രക്കാരനും ആയ ശൗലിനെ ദൈവം അവർക്കു രാജാവായി നൽകി.+ ശൗൽ 40 വർഷം ഭരിച്ചു. 22 ശൗലിനെ നീക്കിയശേഷം ദൈവം ദാവീദിനെ അവരുടെ രാജാവാക്കി.+ ദൈവം ദാവീദിനെക്കുറിച്ച് ഇങ്ങനെ സാക്ഷ്യപ്പെടുത്തി: ‘ഞാൻ കണ്ടെത്തിയ, യിശ്ശായിയുടെ+ മകനായ ദാവീദ് എന്റെ മനസ്സിന്* ഇണങ്ങിയ ഒരാളാണ്.+ ഞാൻ ആഗ്രഹിക്കുന്നതൊക്കെ അവൻ ചെയ്യും.’ 23 വാഗ്ദാനം ചെയ്തതുപോലെതന്നെ ദൈവം ദാവീദിന്റെ സന്തതിയിൽനിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി.+ 24 ആ രക്ഷകന്റെ വരവിനു മുമ്പുതന്നെ, യോഹന്നാൻ ഇസ്രായേലിൽ എല്ലാവരോടും മാനസാന്തരത്തിന്റെ പ്രതീകമായ സ്നാനത്തെക്കുറിച്ച്+ പ്രസംഗിച്ചിരുന്നു. 25 നിയമനം പൂർത്തിയാകാറായ സമയത്ത് യോഹന്നാൻ പറയുമായിരുന്നു: ‘ഞാൻ ആരാണെന്നാണു നിങ്ങൾ കരുതുന്നത്? നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ. എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ട്. അദ്ദേഹത്തിന്റെ കാലിലെ ചെരിപ്പ് അഴിക്കാൻപോലും എനിക്കു യോഗ്യതയില്ല.’+
26 “സഹോദരന്മാരേ, അബ്രാഹാമിന്റെ വംശജരേ, ദൈവത്തെ ഭയപ്പെടുന്ന മറ്റുള്ളവരേ, ദൈവം രക്ഷയുടെ ഈ സന്ദേശം നമ്മുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.+ 27 യരുശലേംനിവാസികളും അവരുടെ പ്രമാണിമാരും* ആ രക്ഷകനെ തിരിച്ചറിഞ്ഞില്ല. വാസ്തവത്തിൽ അദ്ദേഹത്തെ ന്യായം വിധിച്ചപ്പോൾ, ശബത്തുതോറും ഉച്ചത്തിൽ വായിച്ചുപോരുന്ന പ്രവാചകവചനങ്ങൾ അവർ നിവർത്തിക്കുകയായിരുന്നു.+ 28 മരണശിക്ഷ അർഹിക്കുന്നതൊന്നും യേശുവിൽ കാണാതിരുന്നിട്ടും+ യേശുവിനെ വധിക്കണമെന്ന് അവർ പീലാത്തൊസിനോട് ആവശ്യപ്പെട്ടു.+ 29 യേശുവിനെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം നിവർത്തിച്ചശേഷം അവർ യേശുവിനെ സ്തംഭത്തിൽനിന്ന്* ഇറക്കി കല്ലറയിൽ വെച്ചു.+ 30 എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു.+ 31 യേശുവിന്റെകൂടെ ഗലീലയിൽനിന്ന് യരുശലേമിലേക്കു വന്നവർക്കു പല ദിവസം യേശു പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനത്തിനു മുമ്പാകെ യേശുവിനുവേണ്ടി സാക്ഷി പറയുന്നു.+
32 “അതുകൊണ്ടാണ് പൂർവികർക്കു ലഭിച്ച വാഗ്ദാനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഞങ്ങൾ നിങ്ങളെ അറിയിക്കുന്നത്. 33 യേശുവിനെ ഉയിർപ്പിച്ചുകൊണ്ട്,+ അവരുടെ മക്കളായ നമുക്കു ദൈവം ആ വാഗ്ദാനം പൂർണമായി നിറവേറ്റിത്തന്നിരിക്കുന്നു. ‘നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു’+ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിട്ടുണ്ടല്ലോ. 34 ഇനി ഒരിക്കലും ജീർണിക്കാത്ത വിധം ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ആ വസ്തുതയെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ദാവീദിനോടു കാണിക്കുമെന്നു വാഗ്ദാനം ചെയ്ത വിശ്വസ്തമായ* അചഞ്ചലസ്നേഹം ഞാൻ നിങ്ങളോടു കാണിക്കും.’+ 35 മറ്റൊരു സങ്കീർത്തനത്തിൽ ഇങ്ങനെയും പറയുന്നു: ‘അങ്ങയുടെ വിശ്വസ്തൻ ജീർണിച്ചുപോകാൻ അങ്ങ് അനുവദിക്കില്ല.’+ 36 ദാവീദ് ജീവിതകാലം മുഴുവൻ ദൈവത്തെ സേവിച്ച്* ഒടുവിൽ മരിച്ചു.* പൂർവികരോടൊപ്പം അടക്കം ചെയ്ത ദാവീദിന്റെ ശരീരം ജീർണിച്ചുപോയി.+ 37 എന്നാൽ ദൈവം ഉയിർപ്പിച്ചവന്റെ ശരീരം ജീർണിച്ചില്ല.+
38 “അതുകൊണ്ട് സഹോദരന്മാരേ, ഇത് അറിഞ്ഞുകൊള്ളൂ. യേശുവിലൂടെ ലഭിക്കുന്ന പാപമോചനത്തെക്കുറിച്ചാണു ഞങ്ങൾ നിങ്ങളോടു പ്രഖ്യാപിക്കുന്നത്.+ 39 മോശയുടെ നിയമത്തിനു നിങ്ങളെ എല്ലാ കാര്യങ്ങളിലും കുറ്റവിമുക്തരാക്കാൻ സാധിക്കില്ല.+ എന്നാൽ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം യേശുവിലൂടെ കുറ്റവിമുക്തരാക്കും.+ 40 അതുകൊണ്ട് പ്രവാചകപുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന ഇക്കാര്യം നിങ്ങൾക്കു സംഭവിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക: 41 ‘നിന്ദിക്കുന്നവരേ, ഇതു കണ്ട് ആശ്ചര്യപ്പെടുക, നശിച്ചുപോകുക. നിങ്ങളുടെ കാലത്ത് ഞാൻ ഒരു കാര്യം ചെയ്യും. നിങ്ങൾക്കു വിവരിച്ചുതന്നാലും നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ലാത്ത ഒരു കാര്യംതന്നെ.’”+
42 അവർ പുറത്തേക്ക് ഇറങ്ങാൻതുടങ്ങിയപ്പോൾ, ഈ കാര്യങ്ങളെക്കുറിച്ച് അടുത്ത ശബത്തിലും സംസാരിക്കണം എന്ന് ആളുകൾ അവരോട് അപേക്ഷിച്ചു. 43 സിനഗോഗിലെ കൂട്ടം പിരിഞ്ഞപ്പോൾ, ധാരാളം ജൂതന്മാരും ജൂതമതം സ്വീകരിച്ച് സത്യദൈവത്തെ ആരാധിച്ചിരുന്നവരും പൗലോസിനെയും ബർന്നബാസിനെയും അനുഗമിച്ചു. ദൈവത്തിന്റെ അനർഹദയയിൽ തുടരാൻ അവർ അവരെ പ്രോത്സാഹിപ്പിച്ചു.+
44 അടുത്ത ശബത്തിൽ നഗരത്തിലെ എല്ലാവരുംതന്നെ യഹോവയുടെ* വചനം കേൾക്കാൻ വന്നുകൂടി. 45 ജനക്കൂട്ടത്തെ കണ്ട് അസൂയ മൂത്ത ജൂതന്മാർ പൗലോസ് പറയുന്ന കാര്യങ്ങളെ എതിർത്തുകൊണ്ട് ദൈവത്തെ നിന്ദിക്കാൻതുടങ്ങി.+ 46 അപ്പോൾ പൗലോസും ബർന്നബാസും ധൈര്യത്തോടെ അവരോട് ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കേണ്ടത് ആവശ്യമായിരുന്നു.+ എന്നാൽ നിങ്ങൾ ഇതാ, അതു തള്ളിക്കളഞ്ഞ് നിത്യജീവനു യോഗ്യരല്ലെന്നു തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ജനതകളിലേക്കു തിരിയുകയാണ്.+ 47 യഹോവ* ഇങ്ങനെയൊരു കല്പന ഞങ്ങൾക്കു തന്നിരിക്കുന്നു: ‘ഭൂമിയുടെ അറ്റംവരെ നീ ഒരു രക്ഷയായിരിക്കേണ്ടതിനു ഞാൻ നിന്നെ ജനതകൾക്ക് ഒരു വെളിച്ചമായി നിയോഗിച്ചിരിക്കുന്നു.’”+
48 ഇതു കേട്ടപ്പോൾ ജനതകളിൽപ്പെട്ടവർ വളരെയധികം സന്തോഷിച്ച് യഹോവയുടെ* വചനത്തെ മഹത്ത്വപ്പെടുത്തി. നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുണ്ടായിരുന്നവരെല്ലാം വിശ്വാസികളായിത്തീർന്നു. 49 യഹോവയുടെ* വചനം രാജ്യത്ത് എല്ലായിടത്തും വ്യാപിച്ചുകൊണ്ടിരുന്നു. 50 എന്നാൽ ജൂതന്മാർ ദൈവഭക്തരായ ചില പ്രമുഖസ്ത്രീകളെയും നഗരത്തിലെ പ്രമാണിമാരെയും പൗലോസിനും ബർന്നബാസിനും നേരെ ഇളക്കിവിട്ടു. അങ്ങനെ അവർ അവരെ ഉപദ്രവിച്ച് അവരുടെ നാട്ടിൽനിന്ന് പുറത്താക്കിക്കളഞ്ഞു.+ 51 അതുകൊണ്ട് അവർ കാലിലെ പൊടി അവർക്കു നേരെ തട്ടിക്കളഞ്ഞിട്ട് ഇക്കോന്യയിലേക്കു പോയി.+ 52 എന്നാൽ ശിഷ്യന്മാർ സന്തോഷത്തോടെ+ പരിശുദ്ധാത്മാവ് നിറഞ്ഞവരായി അവിടെ തുടർന്നു.