ന്യായാധിപന്മാർ
11 ഗിലെയാദ്യനായ യിഫ്താഹ്+ ഒരു വീരയോദ്ധാവായിരുന്നു. ഒരു വേശ്യയുടെ മകനായിരുന്നു അദ്ദേഹം; ഗിലെയാദാണ് അദ്ദേഹത്തിന്റെ അപ്പൻ. 2 ഗിലെയാദിനു സ്വന്തം ഭാര്യയിലും മക്കൾ ഉണ്ടായി. അവർ മുതിർന്നപ്പോൾ, “നീ മറ്റൊരു സ്ത്രീയുടെ മകനാണ്, ഞങ്ങളുടെ അപ്പന്റെ വീട്ടിൽ നിനക്ക് ഒരു അവകാശവുമില്ല” എന്നു പറഞ്ഞ് യിഫ്താഹിനെ ആട്ടിയോടിച്ചു. 3 അങ്ങനെ യിഫ്താഹ് സഹോദരന്മാരുടെ അടുത്തുനിന്ന് ഓടിപ്പോയി തോബ് ദേശത്ത് ചെന്ന് താമസിച്ചു. ജോലിയില്ലാതിരുന്ന ചിലർ യിഫ്താഹിന്റെകൂടെ കൂടി, അവർ യിഫ്താഹിനെ അനുഗമിച്ചു.
4 കുറച്ച് കാലത്തിനു ശേഷം അമ്മോന്യർ ഇസ്രായേലിനോടു യുദ്ധം ചെയ്തു.+ 5 അമ്മോന്യർ ഇസ്രായേലിനു നേരെ യുദ്ധത്തിനു വന്നപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ ഉടനെ യിഫ്താഹിനെ തിരികെ വിളിക്കാൻ തോബ് ദേശത്തേക്കു ചെന്നു. 6 അവർ യിഫ്താഹിനോടു പറഞ്ഞു: “അങ്ങ് വന്ന് ഞങ്ങളുടെ സൈന്യാധിപനായി അമ്മോന്യരോടു യുദ്ധം ചെയ്യണം.” 7 എന്നാൽ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടു പറഞ്ഞു: “നിങ്ങളല്ലേ എന്നെ വെറുത്ത് എന്റെ അപ്പന്റെ വീട്ടിൽനിന്ന് എന്നെ പുറത്താക്കിയത്?+ ഇപ്പോൾ കഷ്ടത്തിലായപ്പോൾ നിങ്ങൾ എന്തിനാണ് എന്റെ അടുത്ത് വന്നിരിക്കുന്നത്?” 8 അപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു പറഞ്ഞു: “അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ അങ്ങയുടെ അടുത്ത് വന്നിരിക്കുന്നത്. ഞങ്ങളോടൊപ്പം വന്ന് അമ്മോന്യരോടു യുദ്ധം ചെയ്യുകയാണെങ്കിൽ അങ്ങ് ഗിലെയാദിൽ താമസിക്കുന്ന എല്ലാവരുടെയും തലവനായിരിക്കും.”+ 9 യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടു പറഞ്ഞു: “അമ്മോന്യരോടു യുദ്ധം ചെയ്യാൻ നിങ്ങൾ എന്നെ തിരികെ കൊണ്ടുപോകുകയും അവരുടെ മേൽ യഹോവ എനിക്കു വിജയം നൽകുകയും ചെയ്താൽ ഞാൻ ഉറപ്പായും നിങ്ങളുടെ തലവനാകാം!” 10 ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു പറഞ്ഞു: “അങ്ങ് പറയുന്നതുപോലെ ഞങ്ങൾ ചെയ്യുന്നില്ലെങ്കിൽ യഹോവ നമുക്കിടയിൽ സാക്ഷിയായിരിക്കട്ടെ.”* 11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടൊപ്പം പോയി. ജനം യിഫ്താഹിനെ അവരുടെ തലവനും സൈന്യാധിപനും ആക്കി. മിസ്പയിൽ+ യഹോവയുടെ മുന്നിൽവെച്ച് യിഫ്താഹ് തന്റെ വാക്കുകൾ ആവർത്തിച്ചു.
12 പിന്നെ യിഫ്താഹ് അമ്മോന്യരുടെ+ രാജാവിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ ചോദിച്ചു: “അങ്ങ് വന്ന് എന്റെ ദേശം ആക്രമിക്കാൻ അങ്ങയ്ക്ക് എന്നോട് എന്തു വിരോധമാണുള്ളത്?”* 13 അപ്പോൾ അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോടു പറഞ്ഞു: “ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വന്നപ്പോൾ അർന്നോൻ+ മുതൽ യബ്ബോക്കും യോർദാനും വരെയുള്ള എന്റെ ദേശം+ കൈവശപ്പെടുത്തിയതുകൊണ്ടാണു+ ഞാൻ നിങ്ങളോടു യുദ്ധം ചെയ്യുന്നത്. ഇപ്പോൾ സമാധാനപരമായി അതു തിരിച്ച് തരുക.” 14 എന്നാൽ യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുത്തേക്കു വീണ്ടും ദൂതന്മാരെ അയച്ച് 15 ഇങ്ങനെ പറഞ്ഞു:
“യിഫ്താഹ് ഇങ്ങനെ പറയുന്നു: ‘ഇസ്രായേൽ മോവാബ്യരുടെയോ+ അമ്മോന്യരുടെയോ ദേശം കൈവശപ്പെടുത്തിയിട്ടില്ല.+ 16 കാരണം ഇതാണ്: ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വന്നപ്പോൾ വിജനഭൂമിയിലൂടെ നടന്ന് ചെങ്കടൽ വരെ വന്നു;+ പിന്നെ അവർ കാദേശിൽ എത്തി.+ 17 ഇസ്രായേൽ ഏദോം+ രാജാവിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ച്, “ദയവായി അങ്ങയുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കണം” എന്നു പറഞ്ഞു. എന്നാൽ ഏദോം രാജാവ് അതു സമ്മതിച്ചില്ല. മോവാബിലെ+ രാജാവിന്റെ അടുത്തേക്കും അവർ ദൂതന്മാരെ അയച്ചു. പക്ഷേ ആ രാജാവും അതിനു വിസമ്മതിച്ചു. അതുകൊണ്ട് ഇസ്രായേൽ കാദേശിൽത്തന്നെ താമസിച്ചു.+ 18 അവർ വിജനഭൂമിയിലൂടെ യാത്ര ചെയ്ത സമയത്ത്, ഏദോം ദേശത്തോ മോവാബ് ദേശത്തോ കടക്കാതെ അവയെ ചുറ്റി+ മോവാബ് ദേശത്തിന്റെ കിഴക്കുകൂടി സഞ്ചരിച്ച്+ അർന്നോൻ പ്രദേശത്ത് കൂടാരം അടിച്ചു. അർന്നോനായിരുന്നു മോവാബിന്റെ അതിർത്തി.+ അവർ അതിർത്തി കടന്ന് മോവാബ് ദേശത്തേക്കു പ്രവേശിച്ചില്ല.
19 “‘പിന്നെ ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുത്തേക്ക്, ഹെശ്ബോനിലെ രാജാവിന്റെ അടുത്തേക്ക്, ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ദയവായി അങ്ങയുടെ ദേശത്തുകൂടി ഞങ്ങളുടെ സ്വന്തം ദേശത്തേക്കു പോകാൻ ഞങ്ങളെ അനുവദിക്കണം.”+ 20 എന്നാൽ തന്റെ പ്രദേശത്തുകൂടി കടന്നുപോകാൻ സീഹോൻ ഇസ്രായേലിനെ അനുവദിച്ചില്ല; സീഹോന് അവരെ വിശ്വാസമില്ലായിരുന്നു. സീഹോൻ ജനത്തെ വിളിച്ചുകൂട്ടി യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോടു യുദ്ധം ചെയ്തു.+ 21 അപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും ജനത്തെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പിച്ച് തദ്ദേശവാസികളായ അമോര്യരുടെ ദേശം മുഴുവനും പിടിച്ചെടുത്തു.+ 22 അങ്ങനെ അവർ അർന്നോൻ മുതൽ യബ്ബോക്ക് വരെയും വിജനഭൂമി മുതൽ യോർദാൻ വരെയും ഉള്ള അമോര്യരുടെ പ്രദേശം മുഴുവൻ അവകാശമാക്കി.+
23 “‘ഇസ്രായേലിന്റെ ദൈവമായ യഹോവയാണ് അമോര്യരെ തന്റെ ജനത്തിന്റെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞത്.+ എന്നാൽ അങ്ങ് ഇപ്പോൾ ഈ ജനത്തെ ഓടിച്ചുകളയാൻ നോക്കുന്നോ? 24 അങ്ങയുടെ ദൈവമായ കെമോശ്+ അങ്ങയ്ക്കു തരുന്നതെല്ലാം അങ്ങ് കൈവശമാക്കാറില്ലേ? അതുപോലെ, ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നവരുടെ+ ദേശം ഞങ്ങളും സ്വന്തമാക്കും. 25 അങ്ങ് മോവാബുരാജാവായ, സിപ്പോരിന്റെ മകൻ ബാലാക്കിനെക്കാൾ+ മഹാനാണോ? ബാലാക്ക് എപ്പോഴെങ്കിലും ഇസ്രായേലിനെ എതിർത്തിട്ടുണ്ടോ? എന്നെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ? 26 ഇസ്രായേൽ ഹെശ്ബോനിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും*+ അരോവേരിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ നഗരങ്ങളിലും ഇക്കഴിഞ്ഞ 300 വർഷം താമസിച്ചു. എന്തുകൊണ്ട് അപ്പോഴൊന്നും അങ്ങ് അതു തിരിച്ചുപിടിക്കാൻ ശ്രമിച്ചില്ല?+ 27 ഞാൻ അങ്ങയോടു പാപമൊന്നും ചെയ്തിട്ടില്ല; എന്നെ ആക്രമിച്ചുകൊണ്ട് അങ്ങാണു തെറ്റു ചെയ്യുന്നത്. ന്യായാധിപനായ യഹോവ+ ഇന്ന് അമ്മോന്യർക്കും ഇസ്രായേല്യർക്കും ഇടയിൽ വിധി കല്പിക്കട്ടെ.’”
28 എന്നാൽ യിഫ്താഹിന്റെ സന്ദേശം അമ്മോന്യരുടെ രാജാവ് വകവെച്ചില്ല.
29 യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു.+ ഗിലെയാദിലൂടെയും മനശ്ശെയിലൂടെയും സഞ്ചരിച്ച് യിഫ്താഹ് ഗിലെയാദിലെ മിസ്പെയിൽ+ എത്തി. പിന്നെ ഗിലെയാദിലെ മിസ്പെയിൽനിന്ന് അമ്മോന്യരുടെ നേരെ ചെന്നു.
30 അപ്പോൾ യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു:+ “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുകയാണെങ്കിൽ 31 ഞാൻ അമ്മോന്യരുടെ അടുത്തുനിന്ന് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്നെ വരവേൽക്കാൻ എന്റെ വീട്ടുവാതിൽക്കൽനിന്ന് വരുന്നത് ആരാണോ ആ വ്യക്തി യഹോവയ്ക്കുള്ളതായിരിക്കും.+ ഞാൻ ആ വ്യക്തിയെ ദഹനയാഗമായി അർപ്പിക്കും.”+
32 അങ്ങനെ യിഫ്താഹ് അമ്മോന്യരുടെ നേരെ ചെന്ന് അവരോടു യുദ്ധം ചെയ്തു. യഹോവ അവരെ യിഫ്താഹിന്റെ കൈയിൽ ഏൽപ്പിച്ചു. 33 യിഫ്താഹ് അരോവേർ മുതൽ മിന്നീത് വരെയും (20 നഗരങ്ങൾ) ആബേൽ-കെരാമീം വരെയും അവരെ തോൽപ്പിച്ച് ഒരു വലിയ സംഹാരം നടത്തി. അങ്ങനെ ഇസ്രായേല്യർ അമ്മോന്യരെ കീഴടക്കി.
34 ഒടുവിൽ യിഫ്താഹ് മിസ്പയിലുള്ള+ സ്വന്തം വീട്ടിലേക്കു മടങ്ങിവന്നു. അപ്പോൾ അതാ, യിഫ്താഹിന്റെ മകൾ തപ്പു കൊട്ടി നൃത്തം ചെയ്ത് യിഫ്താഹിനെ വരവേൽക്കാൻ വരുന്നു! അതു യിഫ്താഹിന്റെ ഒരേ ഒരു മകളായിരുന്നു; ആ മകളല്ലാതെ യിഫ്താഹിനു വേറെ ആൺമക്കളോ പെൺമക്കളോ ഉണ്ടായിരുന്നില്ല. 35 മകളെ കണ്ടപ്പോൾ തന്റെ വസ്ത്രം കീറി യിഫ്താഹ് ഇങ്ങനെ പറഞ്ഞു: “അയ്യോ, എന്റെ മകളേ! നീ എന്റെ ഹൃദയം തകർത്തുകളഞ്ഞു!* ഞാൻ ഇറക്കിവിട്ടതു നിന്നെയായിപ്പോയല്ലോ. യഹോവയുടെ മുമ്പാകെ ഞാൻ വാക്കു കൊടുത്തുപോയി, ഇനി എനിക്ക് അതു പിൻവലിക്കാനാകില്ല.”+
36 പക്ഷേ മകൾ പറഞ്ഞു: “അപ്പാ, യഹോവ അപ്പനുവേണ്ടി അപ്പന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം ചെയ്തല്ലോ. അതുകൊണ്ട്, അപ്പൻ യഹോവയുടെ മുമ്പാകെ സത്യം ചെയ്തിട്ടുണ്ടെങ്കിൽ അതുപോലെതന്നെ എന്നോടു ചെയ്തുകൊള്ളൂ.”+ 37 തുടർന്ന് അപ്പനോടു പറഞ്ഞു: “ഒരു കാര്യം അപ്പൻ എനിക്കു ചെയ്തുതരണം: എന്നെ രണ്ടു മാസം തനിച്ച് വിടണം. മലകളിൽ പോയി കൂട്ടുകാരികളോടൊപ്പം എന്റെ കന്യകാത്വത്തെക്കുറിച്ച് വിലപിക്കാൻ* എന്നെ അനുവദിക്കണം.”
38 “പൊയ്ക്കൊള്ളുക!” എന്നു യിഫ്താഹ് പറഞ്ഞു. അങ്ങനെ രണ്ടു മാസത്തേക്കു യിഫ്താഹ് മകളെ അയച്ചു. മകൾ മലകളിൽ ചെന്ന് കൂട്ടുകാരികളോടൊപ്പം തന്റെ കന്യകാത്വത്തെക്കുറിച്ച് ദുഃഖിച്ചുകരഞ്ഞു. 39 രണ്ടു മാസം കഴിഞ്ഞപ്പോൾ അപ്പന്റെ അടുത്ത് മടങ്ങിയെത്തി. അതിനു ശേഷം മകളെക്കുറിച്ച് നേർന്ന നേർച്ച യിഫ്താഹ് നിറവേറ്റി.+ യിഫ്താഹിന്റെ മകൾ ഒരിക്കലും ഒരു പുരുഷനോടൊപ്പം കിടന്നില്ല. തുടർന്ന്, ഇസ്രായേലിൽ ഇങ്ങനെയൊരു പതിവ്* നിലവിൽ വന്നു: 40 ഓരോ വർഷവും നാലു ദിവസം ഇസ്രായേലിലെ യുവതികൾ ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ അഭിനന്ദിക്കാൻ പോകുമായിരുന്നു.