മത്തായി എഴുതിയത്
17 ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരനായ യോഹന്നാനെയും കൂട്ടിക്കൊണ്ട് ഉയരമുള്ള ഒരു മലയിലേക്കു പോയി.+ 2 യേശു അവരുടെ മുന്നിൽവെച്ച് രൂപാന്തരപ്പെട്ടു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. വസ്ത്രങ്ങൾ വെളിച്ചംപോലെ പ്രകാശിച്ചു.*+ 3 അപ്പോൾ അതാ, മോശയും ഏലിയയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നു. 4 പത്രോസ് യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്ക് ഇവിടെ വരാൻ കഴിഞ്ഞത് എത്ര നന്നായി! വേണമെങ്കിൽ ഞാൻ ഇവിടെ മൂന്നു കൂടാരം ഉണ്ടാക്കാം; ഒന്ന് അങ്ങയ്ക്കും ഒന്നു മോശയ്ക്കും പിന്നെ ഒന്ന് ഏലിയയ്ക്കും.” 5 പത്രോസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വന്നു. “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.+ ഇവൻ പറയുന്നതു ശ്രദ്ധിക്കണം”+ എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി.+ 6 ഇതു കേട്ട് വല്ലാതെ പേടിച്ചുപോയ ശിഷ്യന്മാർ നിലത്ത് കമിഴ്ന്നുവീണു. 7 അപ്പോൾ യേശു അടുത്ത് ചെന്ന് അവരെ തൊട്ട്, “പേടിക്കേണ്ടാ, എഴുന്നേൽക്കൂ” എന്നു പറഞ്ഞു. 8 അവർ തല പൊക്കി നോക്കിയപ്പോൾ യേശുവിനെയല്ലാതെ ആരെയും കണ്ടില്ല. 9 മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതുവരെ ഈ ദർശനത്തെക്കുറിച്ച് ആരോടും പറയരുത് ” എന്നു കല്പിച്ചു.+
10 അപ്പോൾ ശിഷ്യന്മാർ യേശുവിനോട്, “പിന്നെ എന്താണ് ആദ്യം ഏലിയ വരുമെന്നു ശാസ്ത്രിമാർ പറയുന്നത് ” എന്നു ചോദിച്ചു.+ 11 യേശു അവരോടു പറഞ്ഞു: “ഉറപ്പായും ഏലിയ വരും, വന്ന് എല്ലാം നേരെയാക്കും.+ 12 പക്ഷേ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയ വന്നുകഴിഞ്ഞു. അവരോ ഏലിയയെ തിരിച്ചറിഞ്ഞില്ല. തോന്നിയതുപോലെയെല്ലാം അവർ ഏലിയയോടു ചെയ്തു.+ അങ്ങനെതന്നെ മനുഷ്യപുത്രനും അവരുടെ കൈയാൽ കഷ്ടം സഹിക്കാൻപോകുന്നു.”+ 13 യേശു സ്നാപകയോഹന്നാനെക്കുറിച്ചാണു പറഞ്ഞതെന്ന് അപ്പോൾ ശിഷ്യന്മാർക്കു മനസ്സിലായി.
14 അവർ ജനക്കൂട്ടത്തിന്+ അടുത്തേക്കു ചെന്നപ്പോൾ ഒരാൾ യേശുവിന്റെ അടുത്തു വന്ന് മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: 15 “കർത്താവേ, എന്റെ മകനോടു കരുണ തോന്നണേ. അപസ്മാരം കാരണം അവൻ വല്ലാതെ കഷ്ടപ്പെടുന്നു. കൂടെക്കൂടെ അവൻ തീയിലും വെള്ളത്തിലും വീഴുന്നു.+ 16 ഞാൻ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുത്ത് കൊണ്ടുചെന്നു. പക്ഷേ അവർക്ക് അവനെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല.” 17 അപ്പോൾ യേശു പറഞ്ഞു: “വിശ്വാസമില്ലാതെ വഴിതെറ്റിപ്പോയ* തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” 18 യേശു ഭൂതത്തെ ശകാരിച്ചു; അത് അവനിൽനിന്ന് പുറത്ത് വന്നു. അപ്പോൾത്തന്നെ കുട്ടിക്കു സുഖമായി.+ 19 പിന്നെ മറ്റാരുമില്ലാത്തപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “അതെന്താ ഞങ്ങൾക്ക് അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്?” 20 യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ വിശ്വാസക്കുറവ് കാരണമാണ്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കില്ല.”+ 21 ——
22 അവർ ഗലീലയിൽ ഒരുമിച്ചുകൂടിയിരിക്കുമ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രനെ ഒറ്റിക്കൊടുത്ത് മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കും.+ 23 അവർ അവനെ കൊല്ലും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+ ഇതു കേട്ട് അവർക്കു വലിയ സങ്കടമായി.
24 അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ നികുതിപ്പണമായി രണ്ടു-ദ്രഹ്മ പിരിക്കുന്നവർ പത്രോസിന്റെ അടുത്ത് ചെന്ന്, “നിങ്ങളുടെ ഗുരു രണ്ടു-ദ്രഹ്മ നികുതി കൊടുക്കാറില്ലേ”+ എന്നു ചോദിച്ചു. 25 “ഉണ്ട് ” എന്നു പത്രോസ് പറഞ്ഞു. പക്ഷേ പത്രോസ് വീട്ടിലേക്കു കയറിയ ഉടനെ യേശു ചോദിച്ചു: “ശിമോനേ, നിനക്ക് എന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ തലക്കരമോ* വാങ്ങുന്നത് ആരിൽനിന്നാണ്? മക്കളിൽനിന്നോ അതോ മറ്റുള്ളവരിൽനിന്നോ?” 26 “മറ്റുള്ളവരിൽനിന്ന് ” എന്നു പത്രോസ് പറഞ്ഞപ്പോൾ യേശു പറഞ്ഞു: “അങ്ങനെയെങ്കിൽ മക്കൾ നികുതിയിൽനിന്ന് ഒഴിവുള്ളവരാണല്ലോ. 27 എന്നാൽ നമുക്ക് അവരെ മുഷിപ്പിക്കേണ്ടാ.*+ അതുകൊണ്ട് നീ കടലിൽ ചെന്ന് ചൂണ്ടയിട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്കുക. അതിന്റെ വായ് തുറക്കുമ്പോൾ നീ ഒരു വെള്ളിനാണയം കാണും. അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്കുക.”