രൂത്ത്
2 നൊവൊമിക്കു ഭർത്താവായ എലീമെലെക്കിന്റെ കുടുംബത്തിൽ വളരെ ധനികനായ ഒരു ബന്ധുവുണ്ടായിരുന്നു. ബോവസ്+ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
2 മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്, “ഞാൻ വയലിൽ ചെന്ന് എന്നോടു ദയ കാണിക്കുന്ന ആരുടെയെങ്കിലും പിന്നാലെ നടന്ന് കതിർ പെറുക്കട്ടേ”+ എന്നു ചോദിച്ചു. അപ്പോൾ നൊവൊമി, “ശരി മോളേ, പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. 3 അപ്പോൾ രൂത്ത് വയലിൽ പോയി കൊയ്ത്തുകാർ കൊയ്ത് പോകുന്നതിന്റെ പിന്നാലെ നടന്ന് കാലാ പെറുക്കിത്തുടങ്ങി.* അങ്ങനെ, രൂത്ത് എലീമെലെക്കിന്റെ+ കുടുംബക്കാരനായ ബോവസിന്റെ+ ഉടമസ്ഥതയിലുള്ള വയലിൽ യാദൃച്ഛികമായി ചെന്നെത്തി. 4 ആ സമയത്താണ് ബോവസ് ബേത്ത്ലെഹെമിൽനിന്ന് അവിടെ എത്തുന്നത്. ബോവസ് കൊയ്ത്തുകാരോട്, “യഹോവ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾ അവർ, “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ” എന്നു മറുപടി പറഞ്ഞു.
5 തുടർന്ന് ബോവസ് കൊയ്ത്തുകാർക്കു മേൽനോട്ടം വഹിക്കുന്ന യുവാവിനോട്, “ഈ പെൺകുട്ടി ഏതാണ്” എന്നു ചോദിച്ചു. 6 അയാൾ പറഞ്ഞു: “മോവാബ് ദേശത്തുനിന്ന് നൊവൊമിയുടെകൂടെ വന്ന+ മോവാബുകാരിയാണ്+ ഈ പെൺകുട്ടി. 7 ‘കൊയ്ത്തുകാർ കൊയ്ത് പോകുമ്പോൾ താഴെ വീഴുന്ന കതിരുകൾ* പെറുക്കിക്കൊള്ളട്ടേ’*+ എന്ന് അവൾ ചോദിച്ചു. രാവിലെമുതൽ ഈ നേരംവരെ അവൾ ഇരിക്കാതെ ജോലി ചെയ്യുകയായിരുന്നു. ഇപ്പോഴാണ് അൽപ്പമൊന്നു വിശ്രമിക്കാൻ പന്തലിൽ പോയി ഇരുന്നത്.”
8 അപ്പോൾ ബോവസ് രൂത്തിനോടു പറഞ്ഞു: “മോളേ, കാലാ പെറുക്കാൻ നീ ഈ വയൽ വിട്ട് വേറെ എങ്ങോട്ടും പോകേണ്ടാ. എന്റെ ജോലിക്കാരികളുടെകൂടെ നിന്നുകൊള്ളൂ.+ 9 അവർ കൊയ്യുന്നത് എവിടെയെന്നു നോക്കി അവരുടെകൂടെ പൊയ്ക്കൊള്ളൂ. നിന്നെ തൊടരുതെന്നു* ഞാൻ എന്റെ ദാസന്മാരോടു പ്രത്യേകം പറഞ്ഞിട്ടുണ്ട്. ദാഹിക്കുമ്പോൾ, ജോലിക്കാർ ഭരണിയിൽ കോരിവെച്ചിട്ടുള്ള വെള്ളം എടുത്ത് കുടിച്ചുകൊള്ളൂ.”
10 അപ്പോൾ രൂത്ത് മുട്ടുകുത്തി നിലംവരെ കുമ്പിട്ട് ബോവസിനോടു പറഞ്ഞു: “ഞാൻ ഒരു അന്യനാട്ടുകാരിയായിട്ടും അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നി അങ്ങ് എന്നെ ശ്രദ്ധിച്ചല്ലോ.”+ 11 അപ്പോൾ ബോവസ് പറഞ്ഞു: “നിന്റെ ഭർത്താവിന്റെ മരണശേഷം നീ അമ്മായിയമ്മയ്ക്കു ചെയ്തുകൊടുത്ത കാര്യങ്ങളെക്കുറിച്ചെല്ലാം ഞാൻ കേട്ടിട്ടുണ്ട്. സ്വന്തം അപ്പനെയും അമ്മയെയും വിട്ട് ബന്ധുജനങ്ങളുടെ നാടും ഉപേക്ഷിച്ച് ഒരു പരിചയവുമില്ലാത്ത ഒരു ജനത്തിന്റെ അടുത്തേക്കു നീ വന്നതിനെക്കുറിച്ചെല്ലാം ഞാൻ അറിഞ്ഞു.+ 12 ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് യഹോവ നിന്നെ അനുഗ്രഹിക്കട്ടെ;+ ഇസ്രായേലിന്റെ ദൈവമായ യഹോവ നിനക്കു പൂർണപ്രതിഫലം തരട്ടെ. ആ ദൈവത്തിന്റെ ചിറകിൻകീഴിലാണല്ലോ നീ അഭയം+ തേടിയിരിക്കുന്നത്.” 13 അപ്പോൾ രൂത്ത് പറഞ്ഞു: “യജമാനനേ, അങ്ങയുടെ പ്രീതി എപ്പോഴും എന്റെ മേലുണ്ടായിരിക്കട്ടെ. ഞാൻ അങ്ങയുടെ ഒരു ജോലിക്കാരി അല്ലാഞ്ഞിട്ടുപോലും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും എന്നോടു സംസാരിച്ച് എന്നെ ധൈര്യപ്പെടുത്തുകയും* ചെയ്തല്ലോ.”
14 ഭക്ഷണസമയത്ത് ബോവസ് രൂത്തിനോട്, “വന്ന് അപ്പം കഴിക്കൂ, അപ്പക്കഷണം വിനാഗിരിയിൽ മുക്കിക്കൊള്ളൂ” എന്നു പറഞ്ഞു. അങ്ങനെ കൊയ്ത്തുകാരുടെ അരികെ രൂത്തും ഇരുന്നു. ബോവസ് രൂത്തിനു കഴിക്കാൻ മലർ കൊടുത്തു. രൂത്ത് മതിയാകുവോളം കഴിച്ചു, കുറച്ച് മിച്ചംവരുകയും ചെയ്തു. 15 രൂത്ത് കാലാ പെറുക്കാൻ+ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ജോലിക്കാരോടു പറഞ്ഞു: “കൊയ്ത കതിരുകൾക്കിടയിൽനിന്നുപോലും* അവൾ കാലാ പെറുക്കട്ടെ. അവളെ ശല്യം ചെയ്യരുത്.+ 16 കാലാ പെറുക്കാൻവേണ്ടി കറ്റകളിൽനിന്ന് കുറച്ച് കതിരുകൾ വലിച്ചിട്ടേക്കണം. അവളോട് എതിരൊന്നും പറയരുത്.”
17 അങ്ങനെ രൂത്ത് വൈകുന്നേരംവരെ+ വയലിൽ കാലാ പെറുക്കി. കാലാ പെറുക്കിയതെല്ലാം തല്ലിയെടുത്തപ്പോൾ അത് ഏകദേശം ഒരു ഏഫാ* ബാർളിയുണ്ടായിരുന്നു. 18 അതുമായി നഗരത്തിലേക്കു പോയ രൂത്ത് താൻ കാലാ പെറുക്കിക്കൊണ്ടുവന്നത് അമ്മായിയമ്മയെ കാണിച്ചു. ഒപ്പം, താൻ മതിയാകുവോളം കഴിച്ചിട്ട് മിച്ചം വന്ന ആ ഭക്ഷണവും+ പുറത്തെടുത്ത് നൊവൊമിക്കു കൊടുത്തു.
19 അപ്പോൾ അമ്മായിയമ്മ, “എവിടെയാണു നീ ഇന്നു കാലാ പെറുക്കിയത്, എവിടെയാണു നീ ജോലി ചെയ്തത്” എന്നു ചോദിച്ചു. “നിന്നോടു ദയ കാണിച്ച മനുഷ്യൻ അനുഗ്രഹിക്കപ്പെടട്ടെ”+ എന്നും പറഞ്ഞു. താൻ ആരുടെ അടുത്താണു ജോലി ചെയ്തതെന്നു രൂത്ത് അമ്മായിയമ്മയോടു വിശദീകരിച്ചു. രൂത്ത് പറഞ്ഞു: “ബോവസ് എന്നു പേരുള്ള ഒരു മനുഷ്യന്റെ അടുത്താണ് ഞാൻ ഇന്നു ജോലി ചെയ്തത്.” 20 അപ്പോൾ നൊവൊമി മരുമകളോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും അചഞ്ചലസ്നേഹം+ കാണിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടില്ലാത്ത യഹോവ ബോവസിനെ അനുഗ്രഹിക്കട്ടെ.” നൊവൊമി ഇങ്ങനെയും പറഞ്ഞു: “ആ മനുഷ്യൻ നമ്മുടെ ബന്ധുവാണ്;+ നമ്മുടെ വീണ്ടെടുപ്പുകാരിൽ+ ഒരാൾ.”* 21 അപ്പോൾ മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു: “‘കൊയ്ത്തു തീരുന്നതുവരെ എന്റെ ജോലിക്കാരുടെകൂടെത്തന്നെ നിന്നുകൊള്ളൂ’+ എന്നും അദ്ദേഹം എന്നോടു പറഞ്ഞു.” 22 അപ്പോൾ നൊവൊമി മരുമകളായ രൂത്തിനോടു പറഞ്ഞു: “അത് ഏതായാലും നന്നായി മോളേ. മറ്റൊരു വയലിൽച്ചെന്ന് ഉപദ്രവമേൽക്കുന്നതിനെക്കാൾ നല്ലത് ബോവസിന്റെ ജോലിക്കാരികളുടെകൂടെ നിൽക്കുന്നതാണ്.”
23 അങ്ങനെ രൂത്ത് ബോവസിന്റെ ജോലിക്കാരികളുടെകൂടെ നിന്ന് ബാർളിക്കൊയ്ത്തും+ ഗോതമ്പുകൊയ്ത്തും കഴിയുന്നതുവരെ കാലാ പെറുക്കി. അമ്മായിയമ്മയുടെകൂടെയായിരുന്നു രൂത്തിന്റെ താമസം.+