എബ്രായർക്ക് എഴുതിയ കത്ത്
8 ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സ്വർഗത്തിൽ അത്യുന്നതന്റെ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന+ ഒരു മഹാപുരോഹിതനാണു നമുക്കുള്ളത്;+ 2 അതായത്, വിശുദ്ധസ്ഥലത്തും+ സത്യകൂടാരത്തിലും ശുശ്രൂഷ* ചെയ്യുന്ന ഒരു മഹാപുരോഹിതൻ. ആ കൂടാരം നിർമിച്ചതു മനുഷ്യനല്ല, യഹോവയാണ്.* 3 മഹാപുരോഹിതന്മാരെയെല്ലാം നിയമിക്കുന്നതു കാഴ്ചകളും ബലികളും അർപ്പിക്കാനാണല്ലോ. അതുകൊണ്ട് ഈ മഹാപുരോഹിതനും എന്തെങ്കിലും അർപ്പിക്കണമായിരുന്നു.+ 4 യേശു ഭൂമിയിലായിരുന്നെങ്കിൽ ഒരു പുരോഹിതനാകുമായിരുന്നില്ല;+ കാരണം നിയമപ്രകാരം കാഴ്ചകൾ അർപ്പിക്കുന്ന വേറെ പുരോഹിതന്മാർ ഇവിടെയുണ്ട്. 5 എന്നാൽ അവർ അനുഷ്ഠിക്കുന്ന വിശുദ്ധസേവനം സ്വർഗീയകാര്യങ്ങളുടെ+ പ്രതീകവും നിഴലും ആണ്.+ മോശ കൂടാരം പണിയാൻതുടങ്ങുന്ന സമയത്ത്, “പർവതത്തിൽവെച്ച് നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ നീ അവയെല്ലാം ഉണ്ടാക്കുന്നെന്ന് ഉറപ്പുവരുത്തുക”+ എന്നാണല്ലോ ദൈവം കല്പിച്ചത്. 6 എന്നാൽ ഇപ്പോൾ യേശുവിനു ലഭിച്ചിരിക്കുന്നതു മറ്റു പുരോഹിതന്മാർ ചെയ്തതിനെക്കാൾ മികച്ച ഒരു ശുശ്രൂഷയാണ്.* കാരണം യേശു കൂടുതൽ ശ്രേഷ്ഠമായ ഒരു ഉടമ്പടിയുടെ+ മധ്യസ്ഥനാണ്.+ ആ ഉടമ്പടി ഏറെ മെച്ചമായ വാഗ്ദാനങ്ങൾകൊണ്ട് നിയമപരമായി ഉറപ്പിച്ചിരിക്കുന്നു.+
7 ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമതൊന്നു വേണ്ടിവരുമായിരുന്നില്ല.+ 8 എന്നാൽ ജനത്തിൽ കുറ്റം കണ്ടതുകൊണ്ട് ദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നു: “‘ഇസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന കാലം ഇതാ വരുന്നു’ എന്ന് യഹോവ* പറയുന്നു; 9 ‘ഈജിപ്ത് ദേശത്തുനിന്ന് അവരുടെ പൂർവികരെ കൈപിടിച്ച് കൊണ്ടുവന്ന നാളിൽ+ ഞാൻ അവരുമായി ചെയ്ത ഉടമ്പടിപോലെയായിരിക്കില്ല ഇത്. കാരണം അവർ എന്റെ ഉടമ്പടിയിൽ നിലനിന്നില്ല. അതുകൊണ്ട് ഞാൻ അവരെ സംരക്ഷിക്കുന്നതു നിറുത്തി’ എന്ന് യഹോവ* പറയുന്നു.”
10 “‘ആ നാളുകൾക്കു ശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും’ എന്ന് യഹോവ* പറയുന്നു. ‘ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സുകളിൽ വെക്കും; അവരുടെ ഹൃദയങ്ങളിൽ ഞാൻ അവ എഴുതും.+ ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആകും.+
11 “‘അവർ ആരും പിന്നെ അവരുടെ സഹപൗരനെയോ സഹോദരനെയോ, “യഹോവയെ* അറിയൂ” എന്ന് ഉപദേശിക്കില്ല; കാരണം ചെറിയവൻമുതൽ വലിയവൻവരെ അവർ എല്ലാവരും എന്നെ അറിയുന്നവരായിരിക്കും. 12 അവർ കാണിച്ച അന്യായങ്ങൾ ഞാൻ ക്ഷമിക്കും. അവരുടെ പാപങ്ങൾ പിന്നെ ഓർക്കുകയുമില്ല.’”+
13 ഇത് “ഒരു പുതിയ ഉടമ്പടി” ആണ് എന്നു പറഞ്ഞുകൊണ്ട് മുമ്പത്തേതിനെ ദൈവം കാലഹരണപ്പെട്ടതാക്കി.+ കാലഹരണപ്പെട്ടതും പഴകുന്നതും ഉടനെ ഇല്ലാതാകും.+