ശമുവേൽ ഒന്നാം ഭാഗം
12 ഒടുവിൽ, ശമുവേൽ എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “നിങ്ങൾ എന്നോട് ആവശ്യപ്പെട്ടതെല്ലാം ഇതാ ഞാൻ ചെയ്തിരിക്കുന്നു. നിങ്ങളെ ഭരിക്കാൻ ഞാൻ ഒരു രാജാവിനെ നിയമിച്ചു.+ 2 ഇതാ, നിങ്ങളെ നയിക്കുന്ന* രാജാവ്!+ എനിക്കു പക്ഷേ വയസ്സായി, ജരാനരകൾ ബാധിച്ചിരിക്കുന്നു. എന്റെ പുത്രന്മാർ ഇവിടെ നിങ്ങളുടെകൂടെയുണ്ട്.+ എന്റെ ചെറുപ്പംമുതൽ ഇന്നുവരെ ഞാൻ നിങ്ങളെ നയിച്ചു.+ 3 ഇപ്പോൾ ഇതാ, ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. എനിക്ക് എതിരെ പറയാനുള്ളതെല്ലാം ഇപ്പോൾ യഹോവയുടെയും ദൈവത്തിന്റെ അഭിഷിക്തന്റെയും മുന്നിൽവെച്ച് പറയുക:+ ഞാൻ ആരുടെ കാളയെയും കഴുതയെയും ആണ് എടുത്തിട്ടുള്ളത്?+ ഞാൻ ആരെയാണ് ചതിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടുള്ളത്? ഞാൻ ആരുടെയെങ്കിലും കൈയിൽനിന്ന് കൈക്കൂലി* വാങ്ങി സത്യത്തിനു നേരെ കണ്ണടച്ചുകളഞ്ഞിട്ടുണ്ടോ?*+ അങ്ങനെ ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതു ഞാൻ നിങ്ങൾക്കു മടക്കിത്തരും.”+ 4 അപ്പോൾ, അവർ പറഞ്ഞു: “അങ്ങ് ഞങ്ങളെ ചതിക്കുകയോ ഞെരുക്കുകയോ ആരുടെയെങ്കിലും കൈയിൽനിന്ന് എന്തെങ്കിലും വാങ്ങുകയോ ചെയ്തിട്ടില്ല.” 5 അപ്പോൾ, ശമുവേൽ അവരോടു പറഞ്ഞു: “എനിക്ക് എതിരെ നിങ്ങൾക്ക് ഒരു ആരോപണംപോലും ഉന്നയിക്കാനില്ല* എന്നതിനു നിങ്ങൾക്കെതിരെ യഹോവ ഇന്നു സാക്ഷി; ദൈവത്തിന്റെ അഭിഷിക്തനും സാക്ഷി.” അപ്പോൾ അവർ പറഞ്ഞു: “ദൈവം* സാക്ഷി.”
6 അതുകൊണ്ട്, ശമുവേൽ ജനത്തോടു പറഞ്ഞു: “മോശയെയും അഹരോനെയും നിയമിച്ചവനും നിങ്ങളുടെ പൂർവികരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നവനും+ ആയ യഹോവ ഇന്നു സാക്ഷി. 7 ഇപ്പോൾ, സ്വസ്ഥാനങ്ങളിൽ നിൽക്കുക. നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും വേണ്ടി യഹോവ ചെയ്ത എല്ലാ നീതിപ്രവൃത്തികളുടെയും അടിസ്ഥാനത്തിൽ യഹോവയുടെ മുന്നിൽവെച്ച് ഞാൻ നിങ്ങളെ ന്യായം വിധിക്കും.
8 “യാക്കോബ് ഈജിപ്തിലെത്തുകയും+ നിങ്ങളുടെ പൂർവികർ സഹായത്തിനുവേണ്ടി യഹോവയെ വിളിച്ചപേക്ഷിക്കുകയും+ ചെയ്ത ഉടനെ അവരെ ഈജിപ്തിൽനിന്ന് നയിച്ചുകൊണ്ടുവന്ന് ഈ സ്ഥലത്ത് താമസിപ്പിക്കാൻ+ യഹോവ മോശയെയും അഹരോനെയും അയച്ചു.+ 9 പക്ഷേ, നിങ്ങളുടെ പൂർവികർ അവരുടെ ദൈവമായ യഹോവയെ മറന്നതുകൊണ്ട് ദൈവം അവരെ ഹാസോരിന്റെ സൈന്യാധിപനായ സീസെരയ്ക്കും+ ഫെലിസ്ത്യർക്കും+ മോവാബുരാജാവിനും+ വിറ്റുകളഞ്ഞു.+ അവർ അവരോടു പോരാടി. 10 അവർ സഹായത്തിനുവേണ്ടി യഹോവയെ വിളിച്ച്+ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ പാപം ചെയ്തു.+ ഞങ്ങൾ യഹോവയെ ഉപേക്ഷിച്ച് ബാൽ ദൈവങ്ങളുടെയും+ അസ്തോരെത്തിന്റെയും+ രൂപങ്ങളെ സേവിച്ചു. ഞങ്ങൾക്ക് അങ്ങയെ സേവിക്കാൻ പറ്റേണ്ടതിനു ശത്രുക്കളുടെ കൈയിൽനിന്ന് ഞങ്ങളെ ഇപ്പോൾ രക്ഷിക്കേണമേ.’ 11 അപ്പോൾ, യഹോവ യരുബ്ബാലിനെയും+ ബദാനെയും യിഫ്താഹിനെയും+ ശമുവേലിനെയും+ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കൈയിൽനിന്ന് നിങ്ങളെ രക്ഷിച്ചു. നിങ്ങൾ സുരക്ഷിതരായി കഴിയാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്തത്.+ 12 അമ്മോന്യരുടെ രാജാവായ നാഹാശ്+ നിങ്ങൾക്കെതിരെ വന്നതു കണ്ടപ്പോൾ, ‘എന്തായാലും ഞങ്ങൾക്ക് ഒരു രാജാവിനെ വേണം, അല്ലാതെ പറ്റില്ല’+ എന്നു നിങ്ങൾ എന്നോട് ആവർത്തിച്ച് പറഞ്ഞു. നിങ്ങൾക്കു രാജാവായി നിങ്ങളുടെ ദൈവമായ യഹോവയുണ്ടായിരുന്നിട്ടുപോലും+ നിങ്ങൾ അങ്ങനെ ചെയ്തു. 13 ഇതാ, നിങ്ങൾ തിരഞ്ഞെടുത്ത, നിങ്ങൾ ആവശ്യപ്പെട്ട രാജാവ്. യഹോവ നിങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചിരിക്കുന്നു.+ 14 നിങ്ങൾ യഹോവയെ ഭയപ്പെടുകയും+ സേവിക്കുകയും+ ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കുകയും+ യഹോവയുടെ ആജ്ഞ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുകയും ചെയ്യുന്നെങ്കിൽ നല്ലത്. 15 പക്ഷേ, നിങ്ങൾ യഹോവയുടെ വാക്കു കേട്ടനുസരിക്കാതെ യഹോവയുടെ ആജ്ഞ ധിക്കരിക്കുന്നെങ്കിൽ യഹോവയുടെ കൈ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും വിരോധമായിരിക്കും.+ 16 ഇപ്പോൾ, സ്വസ്ഥാനങ്ങളിൽ നിന്ന് നിങ്ങളുടെ കൺമുന്നിൽ യഹോവ ചെയ്യുന്ന ഈ മഹാകാര്യം കാണുക. 17 ഇപ്പോൾ ഗോതമ്പുകൊയ്ത്തല്ലേ? ഇടിയും മഴയും വരുത്താൻ ഞാൻ യഹോവയോട് അപേക്ഷിക്കും. നിങ്ങൾ ഒരു രാജാവിനെ ചോദിക്കുകവഴി യഹോവയുടെ മുമ്പാകെ എത്ര വലിയ ദോഷമാണു ചെയ്തതെന്ന് അപ്പോൾ നിങ്ങൾ അറിയുകയും നിങ്ങൾക്കു ബോധ്യമാകുകയും ചെയ്യും.”+
18 അപ്പോൾ, ശമുവേൽ യഹോവയെ വിളിച്ചപേക്ഷിച്ചു. യഹോവ അന്ന് ഇടിമുഴക്കവും മഴയും വരുത്തി. അങ്ങനെ, ജനമെല്ലാം യഹോവയെയും ശമുവേലിനെയും അത്യധികം ഭയപ്പെട്ടു. 19 ജനം മുഴുവൻ ശമുവേലിനോടു പറഞ്ഞു: “ഞങ്ങൾ മരിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, അങ്ങയുടെ ഈ ദാസർക്കുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിക്കുക.+ ഒരു രാജാവിനെ ചോദിക്കുകവഴി ഞങ്ങൾ ഞങ്ങളുടെ എല്ലാ പാപങ്ങൾക്കും പുറമേ മറ്റൊരു തെറ്റുകൂടെ ചെയ്തല്ലോ.”
20 അതുകൊണ്ട്, ശമുവേൽ ജനത്തോടു പറഞ്ഞു: “പേടിക്കരുത്. നിങ്ങൾ ഈ ദോഷമെല്ലാം ചെയ്തെങ്കിലും ഒരു കാര്യം ഓർക്കുക: നിങ്ങൾ യഹോവയെ അനുഗമിക്കുന്നതിൽനിന്ന് പിന്മാറാതെ+ മുഴുഹൃദയത്തോടെ യഹോവയെ സേവിക്കണം.+ 21 ഉപകാരമില്ലാത്തതും+ രക്ഷിക്കാൻ കഴിയാത്തതും ആയ വ്യർഥകാര്യങ്ങളെ*+ പിന്തുടർന്ന് നിങ്ങൾ വഴിമാറിപ്പോകരുത്. അവ വ്യർഥമാണല്ലോ. 22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല.+ കാരണം, യഹോവയാണല്ലോ നിങ്ങളെ സ്വന്തം ജനമാക്കാൻ താത്പര്യമെടുത്തത്.+ 23 എന്നെ സംബന്ധിച്ചാണെങ്കിൽ, നിങ്ങൾക്കുവേണ്ടി മേലാൽ പ്രാർഥിക്കാതിരുന്നുകൊണ്ട് യഹോവയ്ക്കെതിരെ പാപം ചെയ്യുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല. നല്ലതും ശരിയും ആയ വഴി ഞാൻ നിങ്ങൾക്കു തുടർന്നും ഉപദേശിച്ചുതരും. 24 പക്ഷേ, നിങ്ങൾ യഹോവയെ ഭയപ്പെട്ട്+ മുഴുഹൃദയത്തോടെ ദൈവത്തെ വിശ്വസ്തമായി* സേവിക്കണം. കാരണം, ദൈവം നിങ്ങൾക്കുവേണ്ടി എന്തെല്ലാം മഹാകാര്യങ്ങളാണു ചെയ്തത്!+ 25 നേരെ മറിച്ച്, നിങ്ങൾ ശാഠ്യപൂർവം തിന്മ ചെയ്യുന്നെങ്കിൽ നിങ്ങളും നിങ്ങളുടെ രാജാവും+ പാടേ നശിക്കും.”+