രാജാക്കന്മാർ ഒന്നാം ഭാഗം
8 പിന്നെ ശലോമോൻ ഇസ്രായേലിലെ എല്ലാ മൂപ്പന്മാരെയും* എല്ലാ ഗോത്രത്തലവന്മാരെയും ഇസ്രായേലിലെ പിതൃഭവനങ്ങളുടെ തലവന്മാരെയും+ കൂട്ടിവരുത്തി.+ ദാവീദിന്റെ നഗരം എന്ന് അറിയപ്പെടുന്ന സീയോനിൽനിന്ന്+ യഹോവയുടെ ഉടമ്പടിപ്പെട്ടകം+ കൊണ്ടുവരാൻ അവർ യരുശലേമിൽ ശലോമോൻ രാജാവിന്റെ അടുത്ത് വന്നു. 2 ഇസ്രായേലിലെ എല്ലാ പുരുഷന്മാരും ഏഴാം മാസമായ ഏഥാനീം* മാസത്തിലെ ഉത്സവത്തിന്റെ* സമയത്ത്+ ശലോമോൻ രാജാവിന്റെ മുന്നിൽ കൂടിവന്നു. 3 അങ്ങനെ ഇസ്രായേൽമൂപ്പന്മാരെല്ലാം വന്നു; പുരോഹിതന്മാർ പെട്ടകം ചുമന്നു.+ 4 പുരോഹിതന്മാരും ലേവ്യരും ചേർന്ന് യഹോവയുടെ പെട്ടകവും സാന്നിധ്യകൂടാരവും*+ കൂടാരത്തിലുണ്ടായിരുന്ന വിശുദ്ധമായ എല്ലാ ഉപകരണങ്ങളും കൊണ്ടുവന്നു. 5 ശലോമോൻ രാജാവും രാജാവിന്റെ മുമ്പാകെ കൂടിവന്ന ഇസ്രായേൽസമൂഹം മുഴുവനും പെട്ടകത്തിനു മുന്നിൽ നിന്നു. എണ്ണവും കണക്കും ഇല്ലാത്തത്ര ആടുമാടുകളെ അവിടെ ബലി അർപ്പിച്ചു.+
6 തുടർന്ന് പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിപ്പെട്ടകം അതിന്റെ സ്ഥാനത്ത്,+ ഭവനത്തിന്റെ അകത്തെ മുറിയിൽ, അതായത് അതിവിശുദ്ധത്തിൽ, കെരൂബുകളുടെ ചിറകിൻകീഴിൽ+ കൊണ്ടുവന്ന് വെച്ചു.
7 അങ്ങനെ, കെരൂബുകളുടെ ചിറകുകൾ പെട്ടകം വെച്ച സ്ഥലത്തിനു മീതെ വിരിച്ചുപിടിച്ച നിലയിലായി.+ കെരൂബുകളുടെ ചിറകുകൾ പെട്ടകത്തിനും അതിന്റെ തണ്ടുകൾക്കും മീതെ വിടർന്നുനിന്നു. 8 തണ്ടുകൾക്കു+ വളരെ നീളമുണ്ടായിരുന്നതിനാൽ അകത്തെ മുറിയുടെ മുന്നിലുള്ള വിശുദ്ധത്തിൽനിന്ന് നോക്കിയാൽ തണ്ടുകളുടെ അറ്റം കാണാനാകുമായിരുന്നു. എന്നാൽ പുറത്തുനിന്ന് അവ കാണാൻ കഴിയുമായിരുന്നില്ല. അവ ഇന്നും അവിടെയുണ്ട്. 9 ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുവന്ന+ ഇസ്രായേൽ ജനവുമായി യഹോവ ഉടമ്പടി+ ചെയ്തപ്പോൾ, ഹോരേബിൽവെച്ച് മോശ വെച്ച+ രണ്ടു കൽപ്പലകകളല്ലാതെ+ മറ്റൊന്നും പെട്ടകത്തിലുണ്ടായിരുന്നില്ല.
10 പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ മേഘം+ യഹോവയുടെ ഭവനത്തിൽ+ നിറഞ്ഞു. 11 മേഘം കാരണം, അവിടെ നിന്ന് ശുശ്രൂഷ ചെയ്യാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല. യഹോവയുടെ ഭവനം യഹോവയുടെ തേജസ്സുകൊണ്ട്+ നിറഞ്ഞിരുന്നു. 12 അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ+ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. 13 ഞാൻ ഇതാ, അങ്ങയ്ക്കുവേണ്ടി മഹനീയമായ ഒരു ഭവനം, അങ്ങയ്ക്ക് എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം,+ പണിതിരിക്കുന്നു!”
14 പിന്നെ, അവിടെ നിന്നിരുന്ന ഇസ്രായേല്യരുടെ സഭയ്ക്കു നേരെ തിരിഞ്ഞ് രാജാവ് അവരെ അനുഗ്രഹിച്ചു.+ 15 ശലോമോൻ രാജാവ് പറഞ്ഞു: “എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് പറഞ്ഞതു തൃക്കൈയാൽ നിവർത്തിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. 16 ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തിൽനിന്ന് കൊണ്ടുവന്ന നാൾമുതൽ, എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ+ ഇസ്രായേലിലെ ഏതെങ്കിലുമൊരു ഗോത്രത്തിൽനിന്ന് ഞാൻ ഒരു നഗരം തിരഞ്ഞെടുത്തില്ല. എന്നാൽ എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു’ എന്ന് അങ്ങ് പറഞ്ഞല്ലോ. 17 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയണം എന്നത് എന്റെ അപ്പനായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.+ 18 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു പറഞ്ഞു: ‘എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാനുള്ള നിന്റെ തീവ്രമായ ആഗ്രഹം നല്ലതുതന്നെ. 19 പക്ഷേ നീയല്ല, നിനക്കു ജനിക്കാനിരിക്കുന്ന നിന്റെ മകനായിരിക്കും എന്റെ നാമത്തിനുവേണ്ടി ആ ഭവനം പണിയുന്നത്.’+ 20 ആ വാഗ്ദാനം യഹോവ നിവർത്തിച്ചിരിക്കുന്നു. യഹോവ വാഗ്ദാനം ചെയ്തതുപോലെതന്നെ ഞാൻ ഇതാ, എന്റെ അപ്പനായ ദാവീദിന്റെ പിൻഗാമിയായി ഇസ്രായേലിന്റെ സിംഹാസനത്തിൽ അവരോധിതനായിരിക്കുന്നു. ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനായി ഒരു ഭവനവും പണിതു!+ 21 നമ്മുടെ പൂർവികരെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്നപ്പോൾ യഹോവ അവരോടു ചെയ്ത ഉടമ്പടി+ വെച്ചിരിക്കുന്ന പെട്ടകത്തിനായി ഒരു സ്ഥലവും അടിയൻ ഒരുക്കിയിരിക്കുന്നു.”
22 തുടർന്ന് മുഴുവൻ ഇസ്രായേൽസഭയുടെയും മുമ്പാകെ യഹോവയുടെ യാഗപീഠത്തിനു മുന്നിൽ നിന്നുകൊണ്ട് ശലോമോൻ ആകാശത്തേക്കു കൈകൾ ഉയർത്തി+ 23 ഇങ്ങനെ പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും അങ്ങയെപ്പോലെ വേറെ ഒരു ദൈവവുമില്ലല്ലോ!+ മുഴുഹൃദയത്തോടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന ദാസരോട്+ അങ്ങ് ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം+ കാണിക്കുകയും ചെയ്യുന്നു. 24 അങ്ങയുടെ ദാസനായ ദാവീദിനോട്, എന്റെ അപ്പനോട്, ചെയ്ത വാഗ്ദാനം അങ്ങ് പാലിച്ചിരിക്കുന്നു. തിരുവായ്കൊണ്ട് പറഞ്ഞത് അങ്ങ് ഇന്നു തൃക്കൈകൊണ്ട് നിവർത്തിച്ചിരിക്കുന്നു.+ 25 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോട്, ദാവീദിനോട്, ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ മക്കളും ശ്രദ്ധാപൂർവം എന്റെ മുമ്പാകെ നടന്നാൽ ഇസ്രായേലിന്റെ സിംഹാസനത്തിൽ എന്റെ മുമ്പാകെ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’+ എന്ന് അങ്ങ് വാഗ്ദാനം ചെയ്തിരുന്നല്ലോ. ഇപ്പോൾ ആ വാഗ്ദാനം അങ്ങ് നിറവേറ്റേണമേ. 26 ഇസ്രായേലിന്റെ ദൈവമേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോട് അങ്ങ് ചെയ്ത വാഗ്ദാനം സത്യമായിത്തീരാൻ ഇടയാക്കേണമേ.
27 “വാസ്തവത്തിൽ ദൈവം ഭൂമിയിൽ വസിക്കുമോ?+ സ്വർഗത്തിന്, എന്തിനു സ്വർഗാധിസ്വർഗങ്ങൾക്കുപോലും, അങ്ങയെ ഉൾക്കൊള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്ക്, ഞാൻ നിർമിച്ച ഈ ഭവനം അങ്ങയെ എങ്ങനെ ഉൾക്കൊള്ളാനാണ്!+ 28 എന്റെ ദൈവമായ യഹോവേ, അടിയന്റെ പ്രാർഥനയ്ക്കും കരുണയ്ക്കുവേണ്ടിയുള്ള യാചനയ്ക്കും ചെവി ചായിക്കേണമേ. സഹായത്തിനുവേണ്ടിയുള്ള അടിയന്റെ നിലവിളിയും തിരുമുമ്പാകെ അടിയൻ ഇന്നു നടത്തുന്ന പ്രാർഥനയും ശ്രദ്ധിക്കേണമേ. 29 ഈ സ്ഥലത്തിന് അഭിമുഖമായി നിന്ന് അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന+ ശ്രദ്ധിക്കാനായി, ‘എന്റെ പേര് അവിടെയുണ്ടായിരിക്കും’+ എന്ന് അങ്ങ് പറഞ്ഞ ഈ ഭവനത്തിനു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ. 30 കരുണയ്ക്കുവേണ്ടിയുള്ള അടിയന്റെ അപേക്ഷയും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് ഇസ്രായേൽ ജനം നടത്തുന്ന യാചനയും കേൾക്കേണമേ. അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്+ കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ.+
31 “ഒരാൾ സഹമനുഷ്യനോടു പാപം ചെയ്തിട്ട് അയാളോടു സത്യം ചെയ്യേണ്ടിവരുകയും* അതു പാലിക്കാൻ നിർബന്ധിതനായിത്തീരുകയും ആ സത്യത്തിൻകീഴിലായിരിക്കെ* അങ്ങയുടെ ഈ ഭവനത്തിലെ യാഗപീഠത്തിനു മുന്നിൽ വരുകയും ചെയ്താൽ+ 32 അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്പിക്കേണമേ. ദുഷ്ടനെ കുറ്റക്കാരനെന്നു* വിധിച്ച് അവൻ ചെയ്തത് അവന്റെ തലയിൽത്തന്നെ വരുത്തുകയും നീതിമാനെ നിരപരാധിയെന്നു* വിധിച്ച് അയാളുടെ നീതിക്കു തക്ക പ്രതിഫലം+ കൊടുക്കുകയും ചെയ്യേണമേ.
33 “അങ്ങയോട് ആവർത്തിച്ച് പാപം ചെയ്തതു കാരണം അങ്ങയുടെ ജനമായ ഇസ്രായേൽ ശത്രുക്കളുടെ മുന്നിൽ പരാജിതരാകുമ്പോൾ,+ അവർ അങ്ങയിലേക്കു തിരിഞ്ഞ് അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തി+ ഈ ഭവനത്തിൽവെച്ച് കരുണയ്ക്കുവേണ്ടി അപേക്ഷിക്കുകയും യാചിക്കുകയും+ ചെയ്താൽ 34 അങ്ങ് സ്വർഗത്തിൽനിന്ന് കേൾക്കുകയും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പൂർവികർക്കു കൊടുത്ത ദേശത്തേക്ക് അവരെ തിരികെ വരുത്തുകയും ചെയ്യേണമേ.+
35 “അവർ അങ്ങയോട് ആവർത്തിച്ച് പാപം ചെയ്തതു കാരണം+ ആകാശം അടഞ്ഞ് മഴ ഇല്ലാതാകുമ്പോൾ,+ അങ്ങ് അവരെ താഴ്മ പഠിപ്പിച്ചതിനാൽ*+ അവർ ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് പ്രാർഥിക്കുകയും അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തുകയും അവരുടെ പാപത്തിൽനിന്ന് പിന്തിരിയുകയും ചെയ്താൽ 36 അങ്ങ് സ്വർഗത്തിൽനിന്ന് കേൾക്കുകയും അങ്ങയുടെ ദാസരായ ഇസ്രായേൽ ജനത്തിന്റെ പാപം ക്ഷമിച്ച് അവർക്കു നേരായ വഴി ഉപദേശിച്ചുകൊടുക്കുകയും+ അങ്ങയുടെ ജനത്തിന് അവകാശമായി കൊടുത്ത അങ്ങയുടെ ദേശത്ത് മഴ പെയ്യിക്കുകയും+ ചെയ്യേണമേ.
37 “ദേശത്ത് ക്ഷാമമോ+ മാരകമായ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റുകൊണ്ടുള്ള വിളനാശമോ പൂപ്പൽരോഗമോ+ വെട്ടുക്കിളിബാധയോ ആർത്തിപൂണ്ട പ്രാണികളുടെ* ആക്രമണമോ ഉണ്ടായാൽ, അല്ലെങ്കിൽ ദേശത്തെ ഒരു നഗരം ശത്രുക്കൾ ഉപരോധിച്ചാൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ബാധയോ വ്യാധിയോ ഉണ്ടായാൽ,+ 38 ഒരു മനുഷ്യനോ ഇസ്രായേൽ ജനം മുഴുവനുമോ ഈ ഭവനത്തിനു നേരെ കൈകൾ ഉയർത്തി എന്തുതന്നെ പ്രാർഥിച്ചാലും, കരുണയ്ക്കായി എന്ത് അപേക്ഷ+ നടത്തിയാലും (ഓരോരുത്തർക്കും അവരവരുടെ ഹൃദയവേദനകൾ അറിയാമല്ലോ.)+ 39 അങ്ങ് അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്+ കേട്ട് അവരോടു ക്ഷമിക്കുകയും+ അവരെ സഹായിക്കുകയും ചെയ്യേണമേ. ഓരോരുത്തർക്കും അവരവരുടെ വഴികൾക്കു ചേർച്ചയിൽ പ്രതിഫലം കൊടുക്കേണമേ.+ അവരുടെ ഹൃദയം വായിക്കാൻ അങ്ങയ്ക്കു കഴിയുമല്ലോ. (മനുഷ്യരുടെയെല്ലാം ഹൃദയം വായിക്കാൻ കഴിയുന്നത് അങ്ങയ്ക്കു മാത്രമാണ്.)+ 40 അപ്പോൾ, ഞങ്ങളുടെ പൂർവികർക്ക് അങ്ങ് നൽകിയ ദേശത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർ അങ്ങയെ ഭയപ്പെടും.
41 “അങ്ങയുടെ ജനമായ ഇസ്രായേലിന്റെ ഭാഗമല്ലാത്ത ഒരു അന്യദേശക്കാരൻ+ അങ്ങയുടെ പേര്* നിമിത്തം ദൂരദേശത്തുനിന്ന് വരുകയും 42 (കാരണം അവർ അങ്ങയുടെ ശ്രേഷ്ഠനാമത്തെക്കുറിച്ചും+ ബലമുള്ള കൈയെക്കുറിച്ചും നീട്ടിയ കരത്തെക്കുറിച്ചും കേൾക്കുമല്ലോ.) ഈ ഭവനത്തിനു നേരെ നിന്ന് പ്രാർഥിക്കുകയും ചെയ്താൽ 43 അങ്ങ് അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്+ കേട്ട് അയാൾ ചോദിക്കുന്നതെല്ലാം ചെയ്തുകൊടുക്കേണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര് അറിയുകയും അങ്ങയെ ഭയപ്പെടുകയും+ ചെയ്യും. മാത്രമല്ല ഞാൻ പണിത ഈ ഭവനത്തിന്മേൽ അങ്ങയുടെ പേര് വിളിക്കപ്പെട്ടിരിക്കുന്നു എന്നും അവർ മനസ്സിലാക്കും.
44 “യഹോവേ, അങ്ങയുടെ ജനം അങ്ങ് അയയ്ക്കുന്നതനുസരിച്ച് ശത്രുക്കൾക്കെതിരെ യുദ്ധത്തിനു പോകുമ്പോൾ+ അങ്ങ് തിരഞ്ഞെടുത്തിരിക്കുന്ന നഗരത്തിനു+ നേരെയും അങ്ങയുടെ നാമത്തിനുവേണ്ടി ഞാൻ പണിത ഈ ഭവനത്തിനു നേരെയും+ തിരിഞ്ഞ് അങ്ങയോടു പ്രാർഥിച്ചാൽ+ 45 അവരുടെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും സ്വർഗത്തിൽനിന്ന് കേട്ട് അവർക്കുവേണ്ടി ന്യായവിധി നടപ്പാക്കേണമേ.
46 “അവർ അങ്ങയോടു പാപം ചെയ്തിട്ട് (പാപം ചെയ്യാത്ത മനുഷ്യരില്ലല്ലോ.)+ അങ്ങ് അവരോട് ഉഗ്രമായി കോപിച്ച് അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും ശത്രുക്കൾ അവരെ ബന്ദികളാക്കി, അടുത്തോ അകലെയോ ഉള്ള തങ്ങളുടെ ദേശത്തേക്കു കൊണ്ടുപോകുകയും+ 47 ആ ദേശത്തുവെച്ച് അങ്ങയുടെ ജനം സുബോധം വീണ്ടെടുക്കുകയും+ അങ്ങയിലേക്കു തിരിഞ്ഞ്+ അങ്ങയുടെ കരുണയ്ക്കായി യാചിച്ചുകൊണ്ട്,+ ‘ഞങ്ങൾ പാപം ചെയ്ത് കുറ്റക്കാരായിരിക്കുന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു’ എന്ന് ഏറ്റുപറയുകയും+ 48 അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ച് അവർ മുഴുഹൃദയത്തോടും+ മുഴുദേഹിയോടും കൂടെ അങ്ങയിലേക്കു തിരിയുകയും അവരുടെ പൂർവികർക്ക് അങ്ങ് നൽകിയ ദേശത്തിനും അങ്ങ് തിരഞ്ഞെടുത്ത നഗരത്തിനും അങ്ങയുടെ നാമത്തിനുവേണ്ടി ഞാൻ പണിത ഭവനത്തിനും നേരെ തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുകയും ചെയ്താൽ+ 49 അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്+ അവരുടെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും കേട്ട് അവർക്കുവേണ്ടി ന്യായവിധി നടപ്പാക്കേണമേ. 50 അങ്ങയോടു പാപം ചെയ്ത അങ്ങയുടെ ജനത്തോടു ക്ഷമിക്കേണമേ. അവർ ചെയ്ത എല്ലാ ലംഘനങ്ങളും അവരോടു പൊറുക്കേണമേ. അവരെ ബന്ദികളാക്കിയവർക്ക് അവരോട് അലിവ് തോന്നാൻ അങ്ങ് ഇടവരുത്തുകയും+ അങ്ങനെ, അവർ അവരോട് അലിവ് കാട്ടുകയും ചെയ്യും. 51 (കാരണം ഈജിപ്ത്+ എന്ന ഇരുമ്പുചൂളയിൽനിന്ന്+ അങ്ങ് വിടുവിച്ച് കൊണ്ടുവന്ന അങ്ങയുടെ ജനവും അങ്ങയുടെ അവകാശവും ആണല്ലോ അവർ.)+ 52 അങ്ങയുടെ ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോഴെല്ലാം*+ അങ്ങ് ചെവി ചായിക്കേണമേ; കരുണയ്ക്കുവേണ്ടിയുള്ള അവരുടെ അപേക്ഷകൾക്കു നേരെ അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ.+ 53 പരമാധികാരിയായ യഹോവേ, അങ്ങ് ഞങ്ങളുടെ പൂർവികരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ അങ്ങയുടെ ദാസനായ മോശയോടു പറഞ്ഞതുപോലെ, അങ്ങയുടെ അവകാശമായി ഭൂമിയിലെ ജനങ്ങളിൽനിന്ന് അങ്ങ് വേർതിരിച്ച ഒരു ജനമാണല്ലോ അവർ.”+
54 ആകാശത്തേക്കു കൈകൾ ഉയർത്തി മുട്ടുകുത്തിനിന്ന് പ്രാർഥിക്കുകയായിരുന്ന ശലോമോൻ, യഹോവയുടെ മുമ്പാകെ ഈ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും അർപ്പിച്ച ഉടനെ യഹോവയുടെ യാഗപീഠത്തിനു മുന്നിൽനിന്ന് എഴുന്നേറ്റു.+ 55 പിന്നെ ശലോമോൻ അവിടെ നിന്ന് ഇസ്രായേലിന്റെ സഭയെ മുഴുവൻ അനുഗ്രഹിച്ചുകൊണ്ട് ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു: 56 “വാഗ്ദാനം ചെയ്തതുപോലെ സ്വന്തം ജനമായ ഇസ്രായേലിന് ഒരു വിശ്രമസ്ഥലം+ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. തന്റെ ദാസനായ മോശയിലൂടെ ദൈവം നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറാതിരുന്നിട്ടില്ല.+ 57 നമ്മുടെ ദൈവമായ യഹോവ നമ്മുടെ പൂർവികരോടുകൂടെയുണ്ടായിരുന്നതുപോലെ നമ്മുടെകൂടെയുമുണ്ടായിരിക്കട്ടെ,+ നമ്മളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ.+ 58 നമ്മുടെ പൂർവികർക്കു നമ്മുടെ ദൈവം കൊടുത്ത കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും നമ്മൾ പാലിക്കാനും ദൈവത്തിന്റെ എല്ലാ വഴികളിലും നടക്കാനും വേണ്ടി നമ്മുടെ ഹൃദയങ്ങളെ ദൈവം തന്നിലേക്ക് അടുപ്പിക്കട്ടെ.+ 59 ദൈവത്തിന്റെ ഈ ദാസനും ദൈവത്തിന്റെ ജനമായ ഇസ്രായേലിനും അന്നന്നത്തെ ആവശ്യംപോലെ ദൈവം ന്യായം പാലിച്ചുതരേണ്ടതിന് യഹോവയുടെ കരുണയ്ക്കുവേണ്ടിയുള്ള എന്റെ ഈ യാചനകൾ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ രാവും പകലും ഉണ്ടായിരിക്കട്ടെ. 60 അങ്ങനെ യഹോവയാണു സത്യദൈവം,+ മറ്റൊരു ദൈവവുമില്ല+ എന്നു ഭൂമിയിലെ എല്ലാ ജനങ്ങളും അറിയാൻ ഇടവരട്ടെ! 61 അതിനാൽ, ഇന്നു ചെയ്യുന്നതുപോലെ ദൈവത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് നടന്നുകൊണ്ടും ദൈവത്തിന്റെ കല്പനകൾ പാലിച്ചുകൊണ്ടും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിൽ പൂർണമായിരിക്കട്ടെ.”*+
62 അതിനു ശേഷം രാജാവും ഒപ്പമുണ്ടായിരുന്ന എല്ലാ ഇസ്രായേല്യരും യഹോവയുടെ മുമ്പാകെ ഗംഭീരമായ ഒരു ബലി അർപ്പിച്ചു.+ 63 യഹോവയ്ക്കു സഹഭോജനബലിയായി+ ശലോമോൻ 22,000 കന്നുകാലികളെയും 1,20,000 ആടുകളെയും അർപ്പിച്ചു. അങ്ങനെ രാജാവും എല്ലാ ഇസ്രായേല്യരും കൂടി യഹോവയുടെ ഭവനം ഉദ്ഘാടനം+ ചെയ്തു. 64 യഹോവയുടെ സന്നിധിയിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള യാഗപീഠത്തിന്+ എല്ലാ ദഹനബലികളും ധാന്യയാഗങ്ങളും സഹഭോജനബലികളുടെ കൊഴുപ്പും ഉൾക്കൊള്ളാൻമാത്രം വലുപ്പമില്ലായിരുന്നതിനാൽ രാജാവ് അന്ന് യഹോവയുടെ ഭവനത്തിന്റെ മുൻവശത്തുള്ള മുറ്റത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ദഹനബലികളും ധാന്യയാഗങ്ങളും സഹഭോജനബലികളുടെ കൊഴുപ്പും+ അർപ്പിച്ചു. 65 ആ സമയത്ത് ശലോമോൻ എല്ലാ ഇസ്രായേല്യരുടെയുംകൂടെ നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ 7 ദിവസവും പിന്നീടൊരു 7 ദിവസവും, ആകെ 14 ദിവസം, ഉത്സവം+ ആചരിച്ചു. ലബോ-ഹമാത്ത്* മുതൽ താഴെ ഈജിപ്ത് നീർച്ചാൽ*+ വരെയുള്ള ദേശത്തുനിന്ന് വലിയൊരു കൂട്ടം ഇസ്രായേല്യർ കൂടിവന്നു. 66 പിറ്റെ ദിവസം* ശലോമോൻ ജനത്തെ പറഞ്ഞയച്ചു. രാജാവിനെ അനുഗ്രഹിച്ചശേഷം അവർ, യഹോവ തന്റെ ദാസനായ ദാവീദിനോടും സ്വന്തം ജനമായ ഇസ്രായേലിനോടും കാണിച്ച എല്ലാ നന്മയെയുംപ്രതി+ ആഹ്ലാദിച്ചുകൊണ്ട് സന്തോഷം നിറഞ്ഞ ഹൃദയത്തോടെ അവരവരുടെ വീടുകളിലേക്കു തിരിച്ചുപോയി.