രാജാക്കന്മാർ രണ്ടാം ഭാഗം
7 അപ്പോൾ എലീശ പറഞ്ഞു: “യഹോവയുടെ വാക്കു കേൾക്കുക. യഹോവ പറയുന്നു: ‘നാളെ ഈ സമയത്ത് ശമര്യയുടെ കവാടത്തിൽ* ഒരു ശേക്കെലിന്* ഒരു സെയാ* നേർത്ത ധാന്യപ്പൊടിയും* ഒരു ശേക്കെലിനു രണ്ടു സെയാ ബാർളിയും* കിട്ടും.’”+ 2 അപ്പോൾ രാജാവിന്റെ വിശ്വസ്തനായ ഉപസേനാധിപൻ ദൈവപുരുഷനോട്, “യഹോവ ആകാശത്തിന്റെ വാതിലുകൾ തുറന്നാൽപ്പോലും അതു* സംഭവിക്കുമോ” എന്നു ചോദിച്ചു.+ അപ്പോൾ എലീശ, “നീ അതു സ്വന്തം കണ്ണുകൊണ്ട് കാണും;+ എന്നാൽ നിനക്ക് അതു തിന്നാൻ കഴിയില്ല”+ എന്നു പറഞ്ഞു.
3 ആ നഗരത്തിന്റെ കവാടത്തിൽ നാലു കുഷ്ഠരോഗികളുണ്ടായിരുന്നു.+ അവർ പരസ്പരം പറഞ്ഞു: “ചാകുന്നതുവരെ നമ്മൾ ഇവിടെത്തന്നെ ഇരിക്കുന്നത് എന്തിനാണ്? 4 നഗരത്തിലേക്കു പോയാൽ ക്ഷാമം കാരണം+ നമ്മൾ അവിടെക്കിടന്ന് മരിക്കും. ഇവിടെ ഇരുന്നാലും നമ്മൾ മരിക്കും. അതുകൊണ്ട് നമുക്കു സിറിയക്കാരുടെ പാളയത്തിലേക്കു പോകാം. അവർ നമ്മളെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. അതല്ല, അവർ നമ്മളെ ജീവനോടെ വെച്ചാൽ നമ്മൾ രക്ഷപ്പെട്ടു.” 5 വൈകുന്നേരം ഇരുട്ടു വീണപ്പോൾ അവർ എഴുന്നേറ്റ് സിറിയക്കാരുടെ പാളയത്തിലേക്കു പോയി. പാളയത്തിന്റെ അരികിൽ ചെന്ന് നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല.
6 കാരണം, യുദ്ധരഥങ്ങളും കുതിരകളും അടങ്ങുന്ന വലിയൊരു സൈന്യത്തിന്റെ ശബ്ദം+ സിറിയൻ സൈന്യം കേൾക്കാൻ യഹോവ ഇടയാക്കിയിരുന്നു. അപ്പോൾ അവർ പരസ്പരം പറഞ്ഞു: “ഇതാ, ഇസ്രായേൽരാജാവ് നമുക്കെതിരെ വരാൻ ഹിത്യരാജാക്കന്മാരെയും ഈജിപ്തുരാജാക്കന്മാരെയും കൂലിക്കെടുത്തിരിക്കുന്നു!” 7 അവർ ഉടനെ ആ സന്ധ്യക്കുതന്നെ അവരുടെ കുതിരകളെയും കഴുതകളെയും കൂടാരങ്ങളെയും അവിടെ ഉപേക്ഷിച്ച് ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു. പാളയം അങ്ങനെതന്നെ അവിടെ ശേഷിച്ചു.
8 പാളയത്തിന്റെ അരികിൽ എത്തിയ ആ കുഷ്ഠരോഗികൾ അവിടെയുള്ള ഒരു കൂടാരത്തിൽ കയറി തിന്നുകയും കുടിക്കുകയും ചെയ്തു. അവർ അവിടെനിന്ന് സ്വർണവും വെള്ളിയും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിപ്പിച്ചുവെച്ചു. പിന്നെ അവർ മടങ്ങിവന്ന് മറ്റൊരു കൂടാരത്തിൽ കയറി അവിടെനിന്നും സാധനങ്ങൾ കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചു.
9 ഒടുവിൽ അവർ പരസ്പരം പറഞ്ഞു: “നമ്മൾ ഈ ചെയ്യുന്നതു ശരിയല്ല. ഇന്നൊരു നല്ല ദിവസമാണ്. ഈ നല്ല വാർത്ത നമ്മൾ എല്ലാവരെയും അറിയിക്കണം. പുലരുംവരെ മടിച്ചുനിന്നാൽ നമ്മുടെ മേൽ ശിക്ഷ വരും. വരൂ, നമുക്കു കൊട്ടാരത്തിൽ ചെന്ന് വിവരം അറിയിക്കാം.” 10 അങ്ങനെ അവർ ചെന്ന് നഗരകവാടത്തിലെ കാവൽക്കാരോടു വിളിച്ചുപറഞ്ഞു: “ഞങ്ങൾ സിറിയക്കാരുടെ പാളയത്തിൽ പോയിരുന്നു. പക്ഷേ അവിടെ ആരുമില്ല. ഒരു മനുഷ്യന്റെയും ശബ്ദം അവിടെ ഞങ്ങൾ കേട്ടില്ല. എന്നാൽ കെട്ടിയിട്ട കുതിരകളും കഴുതകളും അങ്ങനെതന്നെ അവിടെയുണ്ട്; കൂടാരങ്ങളും അതേപടിയുണ്ട്.” 11 കാവൽക്കാർ ഉടനെ കൊട്ടാരത്തിലുള്ളവരെ ഇക്കാര്യം അറിയിച്ചു.
12 രാജാവ് ആ രാത്രിതന്നെ എഴുന്നേറ്റ് സേവകരോടു പറഞ്ഞു: “സിറിയക്കാരുടെ പദ്ധതി എന്താണെന്നു ഞാൻ പറഞ്ഞുതരാം. നമ്മൾ വിശന്നിരിക്കുകയാണെന്ന് അവർക്ക് അറിയാം.+ അതുകൊണ്ട് അവർ അവരുടെ പാളയം ഉപേക്ഷിച്ച് വയലിൽ പോയി ഒളിച്ചിരിക്കുകയാണ്. നമ്മൾ നഗരത്തിൽനിന്ന് പുറത്ത് വരുമ്പോൾ നമ്മളെ ജീവനോടെ പിടിച്ച് നഗരത്തിനുള്ളിൽ കടക്കാനാണ് അവരുടെ പരിപാടി.”+ 13 അപ്പോൾ ഒരു സേവകൻ പറഞ്ഞു: “നഗരത്തിൽ ബാക്കിയുള്ളവയിൽ അഞ്ചു കുതിരകളെയുംകൊണ്ട് കുറച്ച് ആളുകൾ പോയി നോക്കട്ടെ. ഒന്നുകിൽ അവർ അവശേഷിക്കുന്ന ഇസ്രായേൽ ജനത്തെപ്പോലെ മരിക്കും. അല്ലെങ്കിൽ ഇതിനോടകം നശിച്ചൊടുങ്ങിയ ഇസ്രായേല്യരെപ്പോലെ നശിക്കും. അതുകൊണ്ട് നമുക്ക് അവരെയൊന്ന് അയച്ചുനോക്കാം.” 14 അങ്ങനെ, “ചെന്ന് നോക്കുക” എന്നു പറഞ്ഞ് രാജാവ് അവരെ സിറിയൻ പാളയത്തിലേക്ക് അയച്ചു. അവർ രണ്ടു രഥങ്ങളും കുതിരകളും ആയി അവിടേക്കു പോയി. 15 അവർ യോർദാൻ വരെ അവരെ പിന്തുടർന്നു. ഭയന്ന് ഓടിയപ്പോൾ സിറിയക്കാർ ഉപേക്ഷിച്ച വസ്ത്രങ്ങളും ഉപകരണങ്ങളും വഴിനീളെ ചിതറിക്കിടന്നിരുന്നു. ദൂതന്മാർ മടങ്ങിവന്ന് രാജാവിനെ വിവരം അറിയിച്ചു.
16 അപ്പോൾ ജനം ചെന്ന് സിറിയക്കാരുടെ പാളയം കൊള്ളയടിച്ചു. അങ്ങനെ യഹോവ പറഞ്ഞതുപോലെ,+ ഒരു ശേക്കെലിന് ഒരു സെയാ നേർത്ത ധാന്യപ്പൊടിയും ഒരു ശേക്കെലിനു രണ്ടു സെയാ ബാർളിയും ലഭിച്ചു. 17 രാജാവിന്റെ വിശ്വസ്തനായ ആ ഉപസേനാധിപനെയാണു രാജാവ് നഗരകവാടത്തിന്റെ ചുമതല ഏൽപ്പിച്ചിരുന്നത്. പക്ഷേ കവാടത്തിൽ നിന്നിരുന്ന അയാളെ ജനം ചവിട്ടിമെതിച്ചു; അയാൾ മരിച്ചുപോയി. രാജാവ് മുമ്പ് ദൈവപുരുഷന്റെ അടുത്ത് ചെന്നപ്പോൾ ദൈവപുരുഷൻ പറഞ്ഞത് ഇതുതന്നെയായിരുന്നു. അങ്ങനെതന്നെ സംഭവിച്ചു. 18 “നാളെ ഈ സമയത്ത് ശമര്യയുടെ കവാടത്തിൽ ഒരു ശേക്കെലിനു രണ്ടു സെയാ ബാർളിയും ഒരു ശേക്കെലിന് ഒരു സെയാ നേർത്ത ധാന്യപ്പൊടിയും കിട്ടും” എന്നു ദൈവപുരുഷൻ+ രാജാവിനോടു പറഞ്ഞിരുന്നു. 19 എന്നാൽ ഉപസേനാധിപൻ ദൈവപുരുഷനോട്, “യഹോവ ആകാശത്തിന്റെ വാതിലുകൾ തുറന്നാൽപ്പോലും ഇങ്ങനെയൊരു കാര്യം സംഭവിക്കുമോ” എന്നു ചോദിച്ചപ്പോൾ എലീശ, “നീ അതു സ്വന്തം കണ്ണുകൊണ്ട് കാണും; എന്നാൽ നിനക്ക് അതു തിന്നാൻ കഴിയില്ല” എന്നു പറഞ്ഞിരുന്നു. 20 അതുപോലെതന്നെ സംഭവിച്ചു. കവാടത്തിൽവെച്ച് ജനം അയാളെ ചവിട്ടിമെതിച്ചു; അയാൾ മരിച്ചുപോയി.